വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2012 ജൂൺ 18, തിങ്കളാഴ്‌ച

നായിഫിനു വിട

ഇന്നലെ നിര്യാതനായ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ നായിഫ്‌ രാജകുമാരന്റെ മയ്യിത്ത്‌ ഖബറടക്കി. മക്ക അല്‍അദ്‌ല്‍ ഖബര്‍സ്ഥാനില്‍ സഹോദരന്മാരായ മന്‍സൂര്‍ രാജകുമാരന്‍, ഫവാസ്‌ രാജകുമാരന്‍, മാജിദ്‌ രാജകുമാരന്‍, മുശാരി രാജകുമാരന്‍ എന്നിവരുടെ ഖബറുകള്‍ക്ക്‌ സമീപമാണ്‌ ഖബറടക്കിയത്‌. ഇവിടെത്തന്നെയാണ്‌ അബ്‌ദുല്ല അല്‍ഫൈസല്‍ രാജകുമാരന്‍, മുഹമ്മദ്‌ അല്‍അബ്‌ദുല്ല അല്‍ഫൈസല്‍ രാജകുമാരന്‍, മുന്‍ ഗ്രാന്റ്‌ മുഫ്‌തി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ ബിന്‍ ബാസ്‌ എന്നിവരെയും ഏതാനും പ്രമുഖ പണ്ഡിതരെയും ഹറം ഇമാമുമാരെയും മറവു ചെയ്‌തിരിക്കുന്നത്‌.


നായിഫ്‌ രാജകുമാരനെ മറവു ചെയ്യുന്നതിന്‌ രണ്ടു മീറ്റര്‍ നീളവും 80 സെന്റീമീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ താഴ്‌ചയുമുള്ള ഖബറാണ്‌ കുഴിച്ചത്‌. വിശുദ്ധ ഹറമില്‍നിന്ന്‌ 15 കിലോമീറ്റര്‍ ദൂരെയാണ്‌ അല്‍അദ്‌ല്‍ ഖബര്‍സ്ഥാന്‍. ഇതിന്റെ ആകെ വിസ്‌തീര്‍ണം അര ലക്ഷം ചതുരശ്ര മീറ്ററാണ്‌. പ്രമുഖ വ്യക്തികള്‍ക്കു പുറമെ ആയിരക്കണക്കിന്‌ സാധാരണക്കാരുടെ മയ്യിത്തുകളും അല്‍അദ്‌ല്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്‌തിട്ടുണ്ട്‌.

പ്രതിരോധ മന്ത്രി സല്‍മാന്‍ രാജകുമാരന്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അഹ്‌മദ്‌ രാജകുമാരന്‍, മക്ക ഗവര്‍ണര്‍ ഖാലിദ്‌ അല്‍ഫൈസല്‍ രാജകുമാരന്‍, അബ്‌ദുറഹ്‌മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍, തുര്‍ക്കി ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍, മംദൂഹ്‌ ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍ എന്നിവരും നായിഫ്‌ രാജകുമാരന്റെ പുത്രന്മാരും അടക്കം നിരവധി രാജകുമാരന്മാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു. അനന്തര ചടങ്ങുകള്‍ വീക്ഷിക്കുന്നതിന്‌ വിദേശികള്‍ അടക്കം ആയിരക്കണക്കിനാളുകള്‍ അല്‍അദ്‌ല്‍ ഖബര്‍സ്ഥാനിനു മുന്നില്‍ തടിച്ചുകൂടി.

തീര്‍ത്തും ലളിതമായിരുന്നു നായിഫ്‌ രാജകുമാരന്റെ അനന്തര ചടങ്ങുകള്‍. അല്‍അദ്‌ല്‍ ഖബര്‍സ്ഥാനിലെ പതിനായിരക്കണക്കിന്‌ ഖബറുകളില്‍നിന്ന്‌ വിഭിന്നമായ യാതൊരു മോടിയും ആഡംബരവും കിരീടാവകാശിയുടെ ഖബറിനില്ല. ഇസ്‌ലാമിന്റെ മഹോന്നത മൂല്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാല്‍, മറ്റു രാഷ്‌ട്ര നേതാക്കളുടെ അനന്തര കര്‍മങ്ങളില്‍ പതിവു കാഴ്‌ചയായ ഔദ്യോഗിക ആചാര ബഹുമതികള്‍ ഖബറടക്ക ചടങ്ങിലുണ്ടായിരുന്നില്ല.

2010 ഡിസംബർ 20, തിങ്കളാഴ്‌ച

ദളിത്‌ സഹോദരിമാരെ ചുട്ടുകൊന്നു

ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ രണ്ട്‌ ദളിത്‌ സഹോദരിമാരെ ജനക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു. കൊതിവാള്‍ നഗറിലാണ്‌ സംഭവം. ഒളിവില്‍ കഴിയുന്ന ഇയാളെ അന്വേഷിച്ചുചെന്നവര്‍ വീടിന്‌ തീക്കൊളുത്തുകയായിരുന്നു. മാതാവ്‌ രജോ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ മക്കളായ ഗീതയും മോനുവും വെന്ത്‌ മരിച്ചു. സ്വീപ്പറായി ജോലി ചെയ്യുന്ന യുവതികളുടെ സഹോദരന്‍ രാകേഷ്‌, കവര്‍ച്ചക്കിടെ സ്‌ത്രീയെയും പത്ത്‌ വയസ്സുള്ള മകളെയും കൊല ചെയ്‌ത കേസിലെ പ്രതിയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ ജനക്കൂട്ടം എത്തി വീടിന്‌ തീവെക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ പോലീസ്‌ സംരക്ഷണം തേടിയെങ്കിലും ലഭിച്ചില്ലെന്ന്‌ രജോ പറഞ്ഞു.

2010 ഡിസംബർ 19, ഞായറാഴ്‌ച

കുട്ടികള്‍ മാറിപ്പോയതിന്‌ 17 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം

35 വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച്‌ നഴ്‌സിന്‌ പറ്റിയ അമളിക്ക്‌ ആരോഗ്യ മന്ത്രാലയം നഷ്‌ടപരിഹാരം നല്‍കേണ്ടത്‌ 17 ലക്ഷം റിയാല്‍. ഒഹൂദിന്റെ പരാതിയിലാണ്‌ ജിദ്ദ പബ്ലിക്‌ കോടതിയുടെ വിധി. യുവതിക്ക്‌ കൗണ്‍സലിംഗ്‌ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അപ്പീല്‍ നല്‍കുന്നതിന്‌ മന്ത്രാലയത്തിന്‌ 30 ദിവസം അനുവദിച്ചിട്ടുണ്ട്‌. മക്ക ജര്‍വലിലെ പ്രസവാശുപത്രിയില്‍ 1975 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജനിച്ച ഒഹൂദിനെയും സയ്‌നിനെയുമാണ്‌ പരസ്‌പരം മാറി നല്‍കിയത്‌. ഇരുവരും പിറന്നുവീണയുടന്‍ നഴ്‌സ്‌ കുഞ്ഞുങ്ങളുടെ കണങ്കൈയില്‍ ബാന്‍ഡ്‌ ബന്ധിച്ചത്‌ പരസ്‌പരം മാറിയതാണ്‌ പൊല്ലാപ്പായത്‌. തങ്ങള്‍ താമസിക്കുന്നത്‌ യഥാര്‍ഥ മാതാപിതാക്കളുടെ കൂടെയല്ലെന്ന്‌ തിരിച്ചറിഞ്ഞ യുവതികള്‍ മന്ത്രാലയത്തിനെതിരെ നിയമയുദ്ധത്തിന്‌ ഇറങ്ങുകയായിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ അബദ്ധം സംഭവിച്ചെന്ന്‌ സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തു. ഇത്‌്‌ തനിക്ക്‌ പല രീതിയിലുള്ള കഷ്‌ടനഷ്‌ടങ്ങളുമുണ്ടാക്കിയതായി ഒഹൂദ്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മരിച്ചുപോയ തന്റെ പിതാവ്‌ മുഹമ്മദ്‌ അല്‍ഹര്‍ബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സൗദി യുവതി പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞശേഷം സ്വന്തം കുടുംബാംഗങ്ങളോടൊത്ത്‌ ജീവിതം നയിക്കാന്‍ തുടങ്ങിയത്‌ തനിക്ക്‌ പ്രയാസകരമായിത്തീര്‍ന്നതായും ഒഹൂദ്‌ ചൂണ്ടിക്കാട്ടി. സമാന പ്രശ്‌നം തന്നെ സയ്‌നും നേരിട്ടു. മസ്‌ലഹ്‌ അല്‍ജാബിരി എന്ന സ്വദേശിയുടെ കുടുംബവുമായി സയ്‌ന്‍ പരിചയപ്പെടുന്നത്‌ തീര്‍ത്തും ആകസ്‌മികമായിരുന്നു. നിറത്തിലും ശരീരപ്രകൃതിയിലും മസ്‌ലഹിന്റെ കുടുംബവുമായി സയ്‌ന്‌ ഏറെ സാദൃശ്യം കാണപ്പെട്ടു. അതേസമയം, തങ്ങളുമായി രൂപസാദൃശ്യമില്ലാത്ത ഒരാള്‍ തങ്ങളുടെ കുടുംബത്തിലുമുണ്ടെന്ന്‌ മസ്‌ലഹിന്റെ കുടുംബവും വ്യക്തമാക്കി. ഇതേതുടര്‍ന്ന്‌ സയ്‌ന്‍ മക്ക കോടതിയെ സമീപിച്ചു. കോടതി മസ്‌ലഹിനെ വിളിപ്പിച്ച്‌ വിസ്‌തരിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ 75 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജര്‍വല്‍ ആശുപത്രിയില്‍ പ്രസവിച്ച സഈദ എന്ന സ്‌ത്രീയെ കോടതി വിസ്‌തരിച്ചു. താന്‍ പ്രസവിച്ച സമയം മറ്റൊരു സ്‌ത്രീ കൂടി പെണ്‍കുട്ടിക്ക്‌ ജ�ം നല്‍കിയിരുന്നുവെന്ന്‌ അവര്‍ കോടതിയെ അറിയിച്ചു. ഒരേ കട്ടിലില്‍തന്നെ ഒന്നിലധികം കുട്ടികളെ കിടത്തിയിരുന്നു. ആശുപത്രി വിടുമ്പോള്‍ നഴ്‌സ്‌ ഇതാണ്‌ എന്റെ കുട്ടിയെന്ന്‌ പറഞ്ഞ്‌ കുഞ്ഞിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന്‌ സഈദ പറഞ്ഞു. വീട്ടിലേക്ക്‌ കൊണ്ടുപോയി കുഞ്ഞ്‌ വളരാന്‍ തുടങ്ങിയപ്പോള്‍തന്നെ നിറത്തിലും ശരീരപ്രകൃതിയിലും മറ്റ്‌ മക്കളില്‍നിന്നും വ്യത്യസ്‌തമായിരുന്നുവെന്ന്‌ സഈദ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ സയ്‌നിന്റെ പിതാവ്‌ മസ്‌ലഹും മാതാവ്‌ ഫാത്തിമയുമാണെന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. മുഹമ്മദ്‌ അല്‍ഹര്‍ബി എന്നൊരാളും സഈദയുമാണ്‌ ഒഹൂദിന്റെ യഥാര്‍ഥ മാതാപിതാക്കളെന്നും സ്ഥിരീകരിക്കപ്പെട്ടു. സയ്‌ന്‍ ഫയല്‍ ചെയ്‌ത ഹരജിയില്‍ മക്ക കോടതിയാണ്‌ ഡി.എന്‍.എ ടെസ്റ്റിന്‌ ഉത്തരവിട്ടത്‌.

2010 ഡിസംബർ 18, ശനിയാഴ്‌ച

ധീര

ബൈക്കിലെത്തി മാല മോഷ്‌ടിക്കാന്‍ ശ്രമിച്ചവരെ വിദ്യാര്‍ഥിനി അടിച്ചോടിച്ചു. തൃശൂര്‍ അന്തിക്കാട്‌ മാങ്ങാട്ടുകര റോഡിലാണ്‌ അസാമാന്യ ധൈര്യത്തോടെ ചുള്ളിപ്പറമ്പില്‍ രമാനന്ദന്റെ മകള്‍ അപര്‍ണ മോഷ്‌ടാക്കളെ എതിരിട്ടത്‌. മാല മോഷ്‌ടിക്കാന്‍ ബൈക്കിലെത്തിയവരെ തന്റെ കുട കൊണ്ടാണ്‌ അടിച്ചൊതുക്കിയത്‌. മോഷണശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ മോഷ്‌ടാക്കളിലൊരാള്‍ അപര്‍ണയുടെ മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ചു കടന്നുകളഞ്ഞു. നാട്ടിക എസ്‌.എന്‍.കോളേജിലെ ഫൈനല്‍ ഇയര്‍ ബി.എ വിദ്യാര്‍ഥിനിയാണ്‌ അപര്‍ണ. പരിക്കേറ്റ അപര്‍ണയെ അന്തിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്‌ച മുമ്പ്‌ അന്തിക്കാട്‌ റിട്ടയേര്‍ഡ്‌ അധ്യാപികയുടെ മാല മോഷ്‌ടിക്കാനുളള ശ്രമം ടീച്ചര്‍ പ്രതിരോധിച്ചതിനാല്‍ പരാജയപ്പെട്ടിരുന്നു.

2010 ഡിസംബർ 17, വെള്ളിയാഴ്‌ച

ഭര്‍ത്താവ്‌ സ്‌ത്രീയെന്നറിഞ്ഞത്‌ ആറു മാസത്തിനു ശേഷം

ഭര്‍ത്താവ്‌ പുരുഷനല്ല, സ്‌ത്രീയാണെന്ന്‌ തിരിച്ചറിയാന്‍ ഭാര്യ എടുത്തത്‌ ആറ്‌ മാസം. അപ്പോഴേക്കും ഒപ്പിക്കാവുന്നത്ര സമ്പാദ്യവുമായി `ഭര്‍ത്താവ്‌' മുങ്ങി. ഒറീസയിലെ റൂര്‍ക്കലയിലാണ്‌ സംഭവം.27 കാരിയായ മിനാതി ഖട്ടുവയാണ്‌ ചതിക്കപ്പെട്ടത്‌. തന്റെ സഹോദരിയുടെ വീട്ടില്‍ ഇടക്കിടെ സന്ദര്‍ശകനായെത്തിയ സീതാകാന്ത്‌ റൗട്രേയുമായി പരിചയത്തിലായ മിനാതി ഒടുവില്‍ അയാളെ വിവാഹം കഴിക്കുകയായിരുന്നു. അമ്പലത്തില്‍ വെച്ച്‌ മാലയിട്ട ദമ്പതികള്‍ നോട്ടറി മുമ്പാകെ വിവാഹം രജിസ്റ്ററും ചെയ്‌തു.ഇരുവരും ഒന്നിച്ചാണ്‌ താമസമെങ്കിലും, ആറു മാസത്തേക്ക്‌ താന്‍ പ്രത്യേക വ്രതം അനുഷ്‌ഠിക്കുകയാണെന്നു പറഞ്ഞ്‌ ശാരീരിക ബന്ധത്തില്‍നിന്ന്‌ ഭര്‍ത്താവ്‌ വിദഗ്‌ധമായി ഒഴിഞ്ഞുമാറി. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നടത്തുന്ന പൂജയോടെ മാത്രമേ വ്രതത്തില്‍നിന്ന്‌ ഒഴിവാകൂ എന്നും ഇയാള്‍ ഭാര്യയെ അറിയിച്ചു.ഈയിടെ കട്ടക്കിലെ ബന്ധുവീട്ടിലെത്തിയ `ഭര്‍ത്താവി'ന്റെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്‌ സംശയം തോന്നിയതോടെയാണ്‌ കള്ളി പുറത്തായത്‌. മിനാതിയുടെ പേരില്‍ ബാങ്കില്‍നിന്നെടുത്ത വായ്‌പ ഉപയോഗിച്ച്‌ വാങ്ങിയ കാറും ജീപ്പുമായാണ്‌ ഭര്‍ത്താവ്‌ കടന്നത്‌.

2010 നവംബർ 20, ശനിയാഴ്‌ച

വേലക്കാരിയെ കൊന്ന ദമ്പതികള്‍ അറസ്റ്റില്‍

ഇന്തോനേഷ്യന്‍ വേലക്കാരിയെ കൊലപ്പെടുത്തിയ സ്‌പോണ്‍സറേയും ഭാര്യയേയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്‌ ചെയ്‌തു. 2009 ജൂണ്‍ മുതല്‍ അബഹയില്‍ ജോലി ചെയ്‌തുവന്ന കികിം കൊമലാസരി(36)യാണ്‌ കൊല്ലപ്പെട്ടത്‌. യുവതിയെ സ്‌പോണ്‍സര്‍ ഇരുമ്പുദണ്ഡുകൊണ്ട്‌ അടിച്ചുകൊല്ലുകയായിരുന്നെന്നാണ്‌ വിവരം. യുവതിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡ്‌ സൈഡിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന്‌ റിയാദിലെ ഇന്തോനേഷ്യന്‍ അംബാസഡര്‍ അബ്‌ദുല്ല മന്‍സൂര്‍ പറഞ്ഞു. നവംബര്‍ 11 നാണ്‌ മൃതദേഹം കുപ്പത്തൊട്ടിയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌.

2010 നവംബർ 19, വെള്ളിയാഴ്‌ച

കള്ളന്‌ പറ്റിയ അക്കിടി

സൗദി പൗരന്റെ വീട്ടില്‍നിന്ന്‌ പണവും ആഭരണങ്ങളും കവര്‍ച്ച നടത്തിയ പാക്‌ യുവാവ്‌ പോലീസ്‌ പിടിയില്‍. എയര്‍ കണ്ടീഷനര്‍ മെയിന്റനന്‍സ്‌ കടയിലെ ജീവനക്കാരനാണ്‌ പിടിയിലായത്‌. സൗദി അറേബ്യയിലെ ജിദ്ദയിലാണ്‌ സംഭവം. കേടുവന്ന എയര്‍ കണ്ടീഷനര്‍ നന്നാക്കുന്നതിന്‌ സൗദി പൗരന്‍ പാക്കിസ്ഥാനിയെ വീട്ടിലേക്ക്‌ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. എയര്‍ കണ്ടീഷനര്‍ അഴിച്ച്‌ കടയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ മേശപ്പുറത്ത്‌ അശ്രദ്ധമായി വെച്ച പണവും ആഭരണങ്ങളും പ്രതി കൈക്കലാക്കി. ഇയാള്‍ സ്ഥലം വിട്ടശേഷമാണ്‌ പണവും ആഭരണങ്ങളും നഷ്‌ടപ്പെട്ടത്‌ വീട്ടുടമ അറിഞ്ഞത്‌. ഉടന്‍തന്നെ ഇവര്‍ അല്‍സലാമ പോലീസില്‍ പരാതിപ്പെട്ടു.പാക്കിസ്ഥാനിയെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിച്ചില്ല. എയര്‍ കണ്ടീഷനര്‍ നന്നാക്കിയതിന്റെ കൂലി നല്‍കാതിരിക്കുന്നതിന്‌ സൗദി പൗരന്‍ തനിക്കെതിരെ കള്ള പരാതി ഉന്നയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ്‌ വളരെ വിലപിടിച്ച ആഭരണങ്ങളാണ്‌ നഷ്‌ടപ്പെട്ടതെന്ന്‌ സൗദി പൗരന്‍ അന്വേഷണോദ്യോഗസ്ഥനോട്‌ പറഞ്ഞതു കേട്ടപ്പോള്‍ അതത്ര വിലപിടിച്ച ആഭരണമൊന്നുമല്ലെന്ന്‌ പാക്കിസ്ഥാനി അറിയാതെ പറഞ്ഞുപോയതാണ്‌ കുറ്റം തെളിയാന്‍ സഹായകമായത്‌. കുറ്റം സമ്മതിക്കേണ്ടി വന്ന പ്രതി പിന്നീട്‌ മോഷണ മുതലുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക്‌ കാണിച്ചുകൊടുത്തു.

വേലക്കാരിയെ പീഡിപ്പിച്ച വീട്ടമ്മ കസ്റ്റഡിയില്‍











ഇന്തോനേഷ്യന്‍ വേലക്കാരി സുമൈത്തി മുസ്‌തഫ(23)യെ മൃഗീയമായി പീഡിപ്പിച്ച കേസില്‍ വീട്ടമ്മയായ സൗദി വനിതയെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ശരീരമാസകലം മാരകമായി പരിക്കേറ്റ യുവതി മദീന കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കേസില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്‌ പബ്ലിക്‌ പ്രോസിക്യൂഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മദീനയിലായിരുന്നു സംഭവം.ഇന്തോനേഷ്യന്‍ വിദേശ മന്ത്രാലയത്തിലെ ഒരു പ്രതിനിധിക്കും യുവതിയുടെ ബന്ധുക്കളിലൊരാള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. സുമൈത്തി മുസ്‌തഫ പീഡനത്തിനിരയായ വാര്‍ത്ത ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സൗദി അറേബ്യ സന്ദര്‍ശിച്ച്‌ ബന്ധപ്പെട്ടവരുമായി ഇന്തോനേഷ്യന്‍ വേലക്കാരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ വനിതാ ക്ഷേമകാര്യ മന്ത്രിയും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സൗദി എംബസിക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. സ്‌പോണ്‍സറുടെ ഭാര്യയും മകനും ചേര്‍ന്നാണ്‌ വേലക്കാരിയെ പീഡിപ്പിച്ചത്‌. വേലക്കാരിയെ പീഡിപ്പിച്ചതില്‍ സൗദി കുടുംബത്തിലെ മൂന്നു പേര്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന്‌ മദീന പോലീസ്‌ മേധാവി മേജര്‍ ജനറല്‍ അവദ്‌ അല്‍സര്‍ഹാനി പറഞ്ഞു. പരാതി ലഭിച്ചയുടന്‍ തന്നെ മുഖ്യ പ്രതിയായ 54 കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവരുടെ മകനേയും ചോദ്യം ചെയ്യുന്നുണ്ട്‌. സംഭവത്തെ കുറിച്ച്‌ കിംഗ്‌ ഫഹദ്‌ ആശുപത്രിയധികൃതരാണ്‌ പോലീസില്‍ അറിയിച്ചത്‌- അല്‍സര്‍ഹാനി പറഞ്ഞു. വേലക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ്‌ ജക്കാര്‍ത്തയിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. മദീനയിലെ സൗദി കുടുംബം മൂന്നുമാസം മുമ്പാണ്‌ 800 റിയാല്‍ ശമ്പളത്തിന്‌ സുമൈത്തി മുസ്‌തഫ(23)യെ റിക്രൂട്ട്‌ ചെയ്‌തത്‌. യുവതിയുടെ ശരീരമാസകലം പൊള്ളലേല്‍പ്പിച്ചതിന്റേയും പരിക്കേറ്റതിന്റേയും പാടുകളുണ്ടണ്‍്‌. ഈ മാസം എട്ടിനാണ്‌ സുമൈത്തിയെ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വേലക്കാരിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചൂടാക്കിയ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും കത്രിക ഉപയോഗിച്ച്‌ മുറിവേല്‍പിക്കുകയുമായിരുന്നു. സുമൈത്തി മുസ്‌തഫയുടെ സൗന്ദര്യത്തില്‍ അസൂയ മൂത്താണ്‌ വീട്ടമ്മ യുവതിയെ പീഡിപ്പിച്ചതെന്നാണ്‌ കരുതുന്നതെന്ന്‌ ജിദ്ദയിലെ ഇന്തോനേഷ്യന്‍ കോണ്‍സല്‍ ദീദി വഹ്‌യുദി പറഞ്ഞു. ക്രൂരമായ പീഡനത്തില്‍ അവശയായ വേലക്കാരിയെ വീട്ടുകാര്‍ മദീനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കുകള്‍ മാരകമായതിനാല്‍ യുവതിയെ കിംഗ്‌ ഫഹദ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടണ്‍ുപോകാന്‍ സ്വകാര്യ ആശുപത്രിയധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

2010 നവംബർ 18, വ്യാഴാഴ്‌ച

പണത്തിനായി മകളെ `കൊന്ന' അമ്മ

മകളുടെ വ്യാജ സംസ്‌കാര ചടങ്ങ്‌ സംഘടിപ്പിച്ച്‌ പണം തട്ടാന്‍ മുതിര്‍ന്ന്‌ ഒരമ്മ മാതൃത്വത്തിന്‌ അപമാനമായി മാറി. ഇന്ത്യാനയില്‍ റിച്ച്‌മണ്ട്‌ സ്വദേശിനിയായ അഞ്ചല ബോയ്‌ഡ്‌ എന്ന 38കാരിയാണ്‌ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാന്‍ പുതിയ തന്ത്രം മെനഞ്ഞത്‌. 15 വയസ്സുകാരിയായ തന്റെ മകളെ സ്വന്തം പിതാവ്‌ ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതായാണ്‌ അഞ്ചല കഥ മെനഞ്ഞത്‌. റിച്ച്‌മണ്ടിലെ ഒരു ചര്‍ച്ചില്‍ പാതിരിയെ തെറ്റിദ്ധരിപ്പിച്ച്‌ സംസ്‌കാര ചടങ്ങും ഇവര്‍ ഒരുക്കി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തിയ യുവതി മകളെ കുറിച്ച്‌ വികാരാധീനയായി ഒരു പ്രഭാഷണവും കാച്ചി. മകള്‍ മറ്റൊരിടത്ത്‌ ജീവനോടെയിരിക്കുന്നതറിയാതെ ചടങ്ങിനെത്തിയ ബന്ധുക്കള്‍ അഞ്ചലയുടെ ദുഃഖത്തില്‍ പങ്കാളിയായി. ചടങ്ങിനെത്തിയവരില്‍നിന്നും പണം പിരിക്കുന്നതിനായി ഒരു സംഘടനയുടെ പേരില്‍ പള്ളിയില്‍ പ്രത്യേക പെട്ടിയും സ്ഥാപിച്ചിരുന്നു. ചടങ്ങിനിടെ അപ്രതീക്ഷിതമായി കടന്നുവന്ന യുവതിയുടെ സഹോദരനാണ്‌ കപടനാടകം പൊളിച്ചത്‌. സഹോദരീ പുത്രി ജീവനോടെയിരിക്കുന്ന കാര്യം ഇയാള്‍ ചടങ്ങിനെത്തിയവരോട്‌ വിളിച്ചു പറഞ്ഞതോടെ പണപ്പെട്ടി പോലും എടുക്കാതെ യുവതി ഓടി രക്ഷപ്പെട്ടു. റിച്ച്‌മണ്ട്‌ പോലീസ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്‌.

മനുഷ്യന്റെ വില

പഴയ കാറിന്‌ പകരമായി മാതാപിതാക്കള്‍ വിറ്റ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 14 പേരെ ലണ്ടന്‍ പോലീസ്‌ പിടികൂടി. യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കു പുറമെ `ലൈംഗിക അടിമ'യായും മറ്റുള്ളവര്‍ക്ക്‌ `വാടക'ക്ക്‌ നല്‍കിയിരുന്നതായും പോലീസ്‌ കണ്ടെത്തി. ഫ്രഞ്ച്‌ ദമ്പതികളാണ്‌ പഴയ കാറിന്‌ പകരമായി ഏഴു വര്‍ഷം മുമ്പ്‌ മകള്‍ സബ്രീനയെ പാരീസിന്‌ സമീപം താമസിച്ചിരുന്ന ദമ്പതികള്‍ക്ക്‌ കൈമാറിയത്‌. പെണ്‍കുട്ടിയെ വാങ്ങിയ ഫ്രാങ്ക്‌ ഫനോക്‌സ്‌ (58), പങ്കാളി ഫ്‌ളോറന്‍സ്‌ എന്നിവര്‍ 600 പൗണ്ടാണ്‌ അന്ന്‌ 16 വയസ്സുണ്ടായിരുന്ന സബ്രീനക്ക്‌ വിലയിട്ടത്‌. തുടര്‍ന്ന്‌ വിവരണാതീതമായ പീഡനങ്ങള്‍ക്ക്‌ സബ്രീന ഇരയായതായി ഡെയ്‌ലി മെയില്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക്‌ പണത്തിന്‌ പകരമായി ഫ്രാങ്ക്‌ കാഴ്‌ചവെക്കുകയും ചെയ്‌തിരുന്നത്രെ. വൃത്തികെട്ട ഒരു ഷെഡില്‍ മൃഗങ്ങളെക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ ചങ്ങലക്കിട്ടാണ്‌ സെബ്രീനയെ പാര്‍പ്പിച്ചിരുന്നത്‌. നാമമാത്രമായ ഭക്ഷണമേ നല്‍കിയിരുന്നുള്ളൂ. അതുതന്നെ നിലത്തേക്ക്‌ വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു പതിവ്‌. ഇരുമ്പ്‌ പഴുപ്പിച്ച്‌ വെച്ചും സിഗററ്റ്‌ കൊണ്ട്‌ പൊള്ളലേല്‍പിച്ചും പീഡിപ്പിച്ചിരുന്നു. ഇരുമ്പ്‌ ദണ്ഡ്‌ ഉപയോഗിച്ച്‌ അടിക്കലും പതിവായിരുന്നു. ദമ്പതികളുടെ ഏഴ്‌ മക്കളെയും പരിപാലിക്കാനുള്ള ചുമതലയും സബ്രീനക്കായിരുന്നു. ഒടുവില്‍ എഴുന്നേറ്റു നില്‍ക്കാനാവാത്തവിധം അവശയും രോഗബാധിതയുമായ പെണ്‍കുട്ടിയെ ഉടമസ്ഥര്‍ പാരീസിലെ ഒരു ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ചു കടന്നതോടെയാണ്‌ കൊടിയ പീഡനത്തിന്റെ കഥ പുറത്തുവന്നത്‌. അധികൃതര്‍ കണ്ടെത്തുമ്പോള്‍ യുവതിയുടെ വായില്‍ ഒരു പല്ലുപോലും അവശേഷിച്ചിരുന്നില്ല. 40 കിലോ മാത്രമായിരുന്നു തൂക്കം. പീഡനങ്ങളിലാണ്‌ പല്ലുകള്‍ നഷ്‌ടമായത്‌. ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പീഡനങ്ങളേല്‍പിച്ച മാനസികാഘാതത്തില്‍നിന്ന്‌ ജീവിതത്തിലൊരിക്കലും മുക്തയാവാന്‍ സബ്രീനക്ക്‌ സാധിച്ചേക്കില്ലെന്നും ഡോക്‌ടര്‍മാര്‍ കരുതുന്നു. സബ്രീനയുടെ മാതാപിതാക്കളും വിലയ്‌ക്കു വാങ്ങിയ ദമ്പതികളുമടക്കം ആറു സ്‌ത്രീകളെയും എട്ടു പുരുഷന്‍മാരെയുമാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തിരിക്കുന്നത്‌. ലൈംഗികാവശ്യത്തിന്‌ സെബ്രീനയെ വാടക്കെടുത്തവരാണ്‌ പിടിയിലായ മറ്റുള്ളവര്‍. ഇവരെ മിലന്‍ കോടതിയില്‍ ഹാജരാക്കി. മനുഷ്യ കച്ചവടം, ബലാല്‍സംഗം, മൃഗീയമായ ക്രൂരത, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇവര്‍ക്കെതിരെ കേസെടുത്തു.

2010 നവംബർ 17, ബുധനാഴ്‌ച

സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ്‌ തയാറാക്കി ഒരാള്‍

മൈസൂരിലെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌ത എ.എസ്‌.ഐ പനയാല്‍ സ്വദേശി തമ്പാന്‍ (48) വിഷം കഴിക്കുന്നതിന്‌ മുമ്പ്‌ സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ എഴുതി തയാറാക്കി. ഏഴ്‌ പേജ്‌ വരുന്ന ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥന്റെ പീഡനം അടക്കമുള്ള നിരവധി കാര്യങ്ങള്‍ തമ്പാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സാധാരണ ഗതിയില്‍ മരിച്ചവരുടെ ജഡം പരിശോധിച്ച്‌ എസ്‌.ഐമാര്‍ ഇന്‍ക്വസ്റ്റ്‌ തയാറാക്കുന്നത്‌ പോലെയാണ്‌ സ്വന്തം മൃതദേഹത്തിന്റെ വിവരണവും എ.എസ്‌.ഐ തമ്പാന്‍ നടത്തിയിട്ടുള്ളത്‌. ആത്മഹത്യ ചെയ്‌ത മുറിയുടെ നീളവും വീതിയും മുറിയില്‍ കാണപ്പെടുന്ന ഫാന്‍, മേശ, കസേര, കുടിവെള്ളം സൂക്ഷിച്ച കൂജ, ജഡം കിടന്ന കട്ടിലിലെ തുണിവിരി, ജഡത്തിന്റെ കാല്‍ കിഴക്കോട്ടും തല പടിഞ്ഞാറ്‌ ഭാഗത്തും തുടങ്ങി പോലീസ്‌ രീതിയിലുള്ള ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ വള്ളി പുള്ളി വിടാതെ എഴുതിവെച്ച ശേഷമാണ്‌ തമ്പാന്‍ വിഷം കഴിച്ചത്‌. പോലീസില്‍ ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക്‌ ഒരു വിലയും ഇല്ലെന്നും മേലുദ്യോഗസ്ഥരെ പല കാര്യങ്ങളിലും പ്രീതിപ്പെടുത്തുന്നവര്‍ക്ക്‌ അവാര്‍ഡും ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിയും അടക്കം കിട്ടുമെന്നും തമ്പാന്‍ കുറിപ്പില്‍ പറയുന്നു. കാസര്‍കോട്‌ ഡിവൈ.എസ്‌.പി ഓഫീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‌ മുഖ്യമന്ത്രിയുടെ അവാര്‍ഡ്‌ കിട്ടിയ കാര്യവും ഇത്തരക്കാര്‍ക്ക്‌ മെഡല്‍ നല്‍കുമ്പോള്‍ മുഖ്യമന്ത്രി പുനരാലോചന നടത്തണമെന്നും തമ്പാന്റെ കുറിപ്പിലുണ്ട്‌. തന്റെ പേരിലുള്ള സ്വത്തുക്കള്‍ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. മൂത്ത മകന്‌ സ്വത്തില്‍ നല്ലൊരു ഭാഗം നല്‍കണമെന്നും കുറിപ്പിലുണ്ട്‌. കുറിപ്പ്‌ ഇപ്പോള്‍ മൈസൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്‌.

2010 നവംബർ 15, തിങ്കളാഴ്‌ച

പൂര്‍ണ ഗര്‍ഭിണിക്ക്‌ ഇരട്ട സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ എട്ടു മാസം ഗര്‍ഭിണിയായ ഗിം യുന്‍ മി തെക്കന്‍ കൊറിയക്ക്‌ നേടിക്കൊടുത്തത്‌ ഇരട്ട സ്വര്‍ണം. 10 മീ. എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഗിം ഒന്നാമതെത്തി. യോഗ്യതാ റൗണ്ടില്‍ രണ്ടു പോയന്റിന്‌ പിന്നിലായിട്ടും ഒരു പിരിമുറുക്കവുമില്ലാതെ ഇരുപത്തെട്ടുകാരി ഷൂട്ട്‌ ചെയ്‌ത്‌ മുന്നേറി. ഗര്‍ഭസ്ഥ ശിശുവാണ്‌ തനിക്ക്‌ ഭാഗ്യം കൊണ്ടുവന്നതെന്ന്‌ ഗിം പറഞ്ഞു. ഇന്നലെ ഷൂട്ടിംഗിലെ നാലു സ്വര്‍ണവും കൊറിയയാണ്‌ പിടിച്ചെടുത്തത്‌. ഷൂട്ടിംഗില്‍ പത്തിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ചൈനക്കും കൊറിയക്കും അഞ്ചു വീതം സ്വര്‍ണമായി. കൊറിയയുടെ ഇരുപത്തിരണ്ടുകാരി ലീ ദേം യംഗിന്‌ മൂന്നു സ്വര്‍ണം ലഭിച്ചു. ഷൂട്ടിംഗില്‍ 34 സ്വര്‍ണം കൂടി നിശ്ചയിക്കാനുണ്ട്‌. കഴിഞ്ഞ തവണ ചൈന ഷൂട്ടിംഗില്‍ 27 സ്വര്‍ണം നേടിയിരുന്നു. ഇന്ത്യക്ക്‌ മൂന്നു സ്വര്‍ണമാണ്‌ ലഭിച്ചത്‌.

2010 നവംബർ 14, ഞായറാഴ്‌ച

കുഞ്ഞ്‌ വേണ്ട, കാര്‍ മതി

കാറിനായി കുഞ്ഞിനെ വില്‍ക്കാനും തയാര്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ്‌ മാതൃത്വത്തിന്റെ പുതിയ മുഖം. സ്‌ത്രീയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഫ്‌േളാറിഡ സംസ്ഥാനത്തെ ബ്രാഡന്‍ടണ്‍ സ്വദേശിനി സ്‌റ്റെഫാനി ബിഗ്‌ബി ഫെ്‌ളമിങ്‌ (22) ആണ്‌ പ്രതി. എട്ടാഴ്‌ചയായിരുന്നു ആണ്‍കുഞ്ഞിന്റെ പ്രായം. വില്‌പനയിലെ ഇടനിലക്കാരി സ്‌റ്റെഫാനിയുടെ അമ്മ പാറ്റി ബിഗ്‌ബി (45) തന്നെ. പാറ്റിയുടെ കാമുകന്‍ ലോറന്‍സ്‌ വര്‍ക്‌സ്‌ (42) സഹായിയായി. ഇവരെയും അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.പുതിയ കാര്‍ വാങ്ങാനും നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിച്ചെലവ്‌ നടത്താനുമുള്ള പണം കണ്ടെത്തുന്നതിനാണ്‌ സ്‌റ്റെഫാനിയും സംഘവും കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായത്‌. 75,000 ഡോളറാണ്‌ കുഞ്ഞിന്റെ വിലയായി ആവശ്യപ്പെട്ടിരുന്നതെങ്കിലും വാങ്ങാനെത്തിയയാള്‍ക്ക്‌ ബാങ്ക്‌ വായ്‌പ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന്‌ തുക 30,000 ഡോളറാക്കി കുറച്ചു. ഇതില്‍ 9000 ഡോളര്‍ സ്‌റ്റെഫാനിക്കും ബാക്കി പാറ്റിക്കും ലോറന്‍സിനുമെന്നായിരുന്നത്രെ ധാരണ.കുഞ്ഞിനെ നല്‍കാമെന്ന്‌ ബന്ധുവായ മറ്റൊരു സ്‌ത്രീക്ക്‌ ബിഗ്‌ബി വാക്കുനല്‍കിയിരുന്നതായി അറസ്റ്റ്‌ രേഖയില്‍ പറയുന്നു. ഈ സ്‌ത്രീ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ്‌ പോലീസ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. ഏജന്‍റില്‍നിന്ന്‌ 30,000 ഡോളറിന്റെ ചെക്ക്‌ വാങ്ങി കുഞ്ഞിനെ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്‌. കുഞ്ഞ്‌ പോലീസിന്റെ സംരക്ഷണത്തിലാണ്‌.

2010 നവംബർ 11, വ്യാഴാഴ്‌ച

അര്‍ധ സൈന്യത്തിലെ ആത്മഹത്യ

കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌ വിഭാഗങ്ങളില്‍ പെട്ട്‌ ഇരുനൂറിലേറെ ജവാന്‍മാര്‍ ആത്മഹത്യ ചെയ്‌തുവെന്ന്‌ കേന്ദ്ര സര്‍ക്കാര്‍. വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക വിഷമതകള്‍ എന്നീ കാരണങ്ങളാണ്‌ ഇത്രയേറെ പേര്‍ ആത്മഹത്യ ചെയ്‌തത്‌. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട്‌ അര്‍ധ സൈനിക വിഭാഗങ്ങളാണ്‌ സി.ആര്‍.പി.എഫും ബി.എസ്‌.എഫും. ആത്മഹത്യ നിരക്കില്‍ മുമ്പില്‍ സി.ആര്‍.പി.എഫാണ്‌. ഇവരില്‍ 143 പേര്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ ബി.എസ്‌.എഫിലേത്‌ 75 ആണ്‌. മാവോവാദി വേട്ട, അതിര്‍ത്തി സംരക്ഷണം, ക്രമസമാധാന പാലനം എന്നിവയിലും മറ്റു ജോലികളിലുമാണ്‌ ഇരു സേനയേയും ഉപയോഗിക്കുന്നത്‌. ചില ജവാന്‍മാര്‍ സ്വന്തം ആയുധമുപയോഗിച്ചാണ്‌ ജീവനൊടുക്കിയത്‌. വ്യക്തിപരമായ പ്രശ്‌നങ്ങളാണ്‌ മിക്ക ആത്മഹത്യകള്‍ക്കും കാരണമെന്നും രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹ മന്ത്രി അജയ്‌ മാക്കന്‍ വ്യക്തമാക്കി. ആവശ്യത്തിന്‌ അവധി അനുവദിക്കുക, ജവാന്‍മാരുടെ കുടുംബത്തിന്‌ ബറ്റാലിയനടുത്ത്‌ താമസ സൗകര്യമൊരുക്കല്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കല്‍, അതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്ക്‌ കുടുംബവുമായി ആശയവിനിമയത്തിന്‌ സൗകര്യമുണ്ടാക്കല്‍ എന്നിവയാണ്‌ ആത്മഹത്യാ നിരക്ക്‌ കുറക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. ഇതിന്‌ പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥാരുമായി അനൗപചാരിക കൂടിക്കാഴ്‌ചക്ക്‌ സംവിധാനമുണ്ടാക്കും. സി.ആര്‍.പി.എഫ്‌, ബി.എസ്‌.എഫ്‌ ജവാന്‍മാര്‍ക്ക്‌ എയര്‍ കുറിയര്‍ സര്‍വീസുമേര്‍പ്പെടുത്തും. സി.ആര്‍.പി.എഫില്‍ മൂന്ന്‌ ലക്ഷത്തിലേറെ ജവാന്‍മാരാണുള്ളത്‌. ബി.എസ്‌.എഫില്‍ 2.3 ലക്ഷം പേരും.

2010 നവംബർ 10, ബുധനാഴ്‌ച

`ലാളിത്യമില്ലാത്ത കൂട്ടം'

വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാര്‍ക്ക്‌ ലാളിത്യവും വിനയവുമില്ലെന്ന്‌ ദക്ഷിണാഫ്രിക്കയുടെ മുന്‍ കോച്ച്‌ മിക്കി ആര്‍തര്‍. ടേക്കിംഗ്‌ ദ മിക്കി എന്ന തന്റെ പുസ്‌തകത്തിലാണ്‌ അദ്ദേഹം ഇക്കാര്യം പറയുന്നത്‌.2008ലെ പരമ്പര സമനിലയിലാക്കി കാണ്‍പൂരില്‍ ഇന്ത്യ വിജയിച്ചപ്പോഴുള്ള യുവ കളിക്കാരുടെ ആഹ്ലാദ പ്രകടനമാണ്‌ മിക്കി പരാമര്‍ശിക്കുന്നത്‌. അവരുടെ വിജയാഹ്ലാദം തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. നിലവിളിക്കുകയും അട്ടഹസിക്കുകയും ചെയ്‌തുകൊണ്ട്‌ ഓടുകയായിരുന്നു അവര്‍. അവരുടെ ആഹ്ലാദ പ്രകടനം കണ്ടാല്‍ തോന്നുക ലോകകപ്പ്‌ ജയിച്ചെന്നാണ്‌ ?-ആര്‍തര്‍ എഴുതുന്നു.

2010 നവംബർ 8, തിങ്കളാഴ്‌ച

കുടിവെള്ളത്തില്‍ വീണ ആനക്കുട്ടി


കുടിവെള്ള ടാങ്കില്‍ വീണ ആനക്കുട്ടിയെ ്‌ രക്ഷപ്പെടുത്തി. റാക്ക്‌വുഡ്‌ എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട്‌ ചേര്‍ന്ന സിമന്റ്‌ ടാങ്കിലാണ്‌ ആനക്കുട്ടി വീണത്‌. പുലര്‍ച്ചെയാണ്‌ സംഭവം. എസ്റ്റേറ്റ്‌ തൊഴിലാളികളുടെ കുടിവെള്ളാവശ്യത്തിനായി നിര്‍മിച്ച പത്ത്‌ അടിയോളം താഴ്‌ചയുള്ള ടാങ്കിലാണ്‌ ആനക്കുട്ടി വീണത്‌. ഇതില്‍ മൂന്ന്‌ അടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞ്‌ ബിദര്‍ക്കാട്‌ റേഞ്ച്‌ ഫോറസ്റ്റര്‍മാരായ ശെല്‍വരാജ്‌, പത്മനാഭന്‍, ഗാര്‍ഡുമാരായ പരമേശ്വരന്‍, ശശി എന്നിവര്‍ സ്ഥലത്തെത്തി രണ്ട്‌ മണിക്കൂറോളം ശ്രമിച്ച്‌ കയറിട്ട്‌ കുട്ടിയാനയെ കരകയറ്റി. രക്ഷപ്പെടുത്തിയ ആനക്കുട്ടി കുറച്ചകലെ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിലേക്ക്‌ ഓടിപ്പോയി.

2010 നവംബർ 7, ഞായറാഴ്‌ച

കൊമ്പനാനക്കു സൗന്ദര്യ ചികിത്സ


ഇന്ത്യയിലാദ്യമായി, കൊമ്പനാനക്കു സൗന്ദര്യ ദന്തചികിത്സ നടത്തി ഡോ. പ്രദീപ്‌ ശ്രദ്ധേയനായി. തൃശൂര്‍ ജില്ലയിലെ 27 വയസ്സുള്ള ആനക്കാണ്‌ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്‌. കൊമ്പനാനയുടെ ഒരു കൊമ്പ്‌ അഞ്ചു വര്‍ഷമായി വിണ്ടുകീറിയ നിലയിലായിരുന്നു. ഈ വിള്ളലില്‍ ചെളിയും വെള്ളവും കയറി കൊമ്പിന്റെ സൗന്ദര്യം നഷ്‌ടപ്പെടുകയും രോഗബാധയുണ്ടാകാനുള്ള സാഹചര്യം വര്‍ധിക്കുകയും ചെയ്‌തു. മനുഷ്യ ദന്ത ചികിത്സയില്‍ രണ്ടു പതിറ്റാണ്ടു കാലത്തെ വൈദഗ്‌ധ്യമുള്ള ഡോക്‌ടര്‍ പ്രദീപ്‌ ഈ ദൗത്യം ഏറ്റെടുത്തു. മനുഷ്യരുടെയും ആനയുടെയും പല്ലുകളിലെ രാസ-ജൈവ വ്യത്യാസത്തെക്കുറിച്ച്‌ കൂടുതല്‍ മനസിലാക്കി. ലോകത്തൊരിടത്തും ഇത്തരത്തിലൊരു ചികിത്സ ആരും നടത്തിയിട്ടില്ലെന്നു കൂടി അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഡോക്‌ടര്‍ക്ക്‌ ആവേശമായി. ആനയുടെ കൊമ്പില്‍ മനുഷ്യന്റെ പല്ലിനേക്കാള്‍ പള്‍പ്പിന്റെ ശതമാനവും രക്തയോട്ടവും കൂടുതലാണെന്നും കണ്ടെത്തി. കൊമ്പിലെ മുറിവിനു 50 സെമി നീളവും നാലു സെ.മി ആഴവുമുണ്ടായിരുന്നു. നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള `മൈക്രോ ആന്റ്‌ മാക്രോ ബോണ്ടിംഗ്‌' രീതിയാണ്‌ ചികിത്സയില്‍ അവലംബിച്ചത്‌. `ലൈറ്റ്‌ ക്യൂര്‍ കോംപോസിറ്റ്‌ റസിന്‍ ' എന്ന പദാര്‍ഥം ഉപയോഗിച്ചാണ്‌ വിള്ളല്‍ അടച്ചത്‌. രണ്ടര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ. മയക്കാതെയുള്ള ചികിത്സക്കിടയില്‍ ഒരു തവണ ആന എഴുന്നേറ്റെങ്കിലും, പിന്നീട്‌ അനുസരണയോടെ ചികിത്സയുമായി സഹകരിച്ചു.ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ഡോ. പ്രദീപ്‌ തന്നെയാണ്‌ രൂപകല്‌പന ചെയ്‌തത്‌. മനുഷ്യരുടെ പല്ലിന്റെ വിള്ളല്‍ ചികിത്സിക്കാനുപയോഗിക്കുന്ന അതേ രാസപദാര്‍ഥം തന്നെയാണ്‌ ആനക്കും ഉപയോഗിച്ചത്‌. ആന കൊമ്പിന്റെ വിള്ളലിന്റെ കാരണം വ്യക്തമല്ല. കാത്സ്യ കുറവോ, മറ്റു വൈകല്യം മൂലമോ സംഭവിച്ചതാകാമെന്നാണ്‌ കരുതുന്നത്‌. ഈ കൊമ്പനു രണ്ടു ചെറിയ സൂപ്പര്‍ ന്യൂമറി ഉളിപ്പല്ലുകള്‍ കൂടിയുണ്ട്‌. ആനകളില്‍ ഇതും അപൂര്‍വമാണ്‌. സാധാരണ നിലയില്‍ ഉളിപ്പല്ലുകളാണ്‌ കൊമ്പുകളായി രൂപാന്തരം പ്രാപിക്കുന്നത്‌. ആനയുടെ ദന്ത ചികിത്സക്കുള്ള രാസപദാര്‍ഥങ്ങള്‍ക്കു മാത്രം 50000 ലധികം രൂപയായി. ഡോ. ജയപ്രസാദ്‌ കോടോത്ത്‌ (കാഞ്ഞങ്ങാട്‌), ഡോ. ജോര്‍ജ്‌ ജേക്കബ്‌ (എറണാകുളം) എന്നിവരും ചികിത്സയില്‍ പ്രദീപിനെ സഹായിക്കാനുണ്ടായിരുന്നു.

2010 നവംബർ 6, ശനിയാഴ്‌ച

ലോക മുത്തശ്ശിക്ക്‌ വിട

ഗിന്നസ്‌ ബുക്കില്‍ ഇടംപിടിച്ച ഫ്രഞ്ച്‌ കന്യാസ്‌ത്രീ അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിലാണ്‌ ഇവര്‍ പ്രസിദ്ധയായത്‌. 114ാം വയസ്സിലായിരുന്നു യൂജീന്‍ ബ്ലാന്‍കാര്‍ഡിന്റെ അന്ത്യം. കരീബിയന്‍ ദ്വീപായ സെയിന്‍റ്‌ ബാര്‍തെലെമിയില്‍ 1896 ഫെബ്രുവരി 16നാണ്‌ യൂജീന്റെ ജനനം. അടുത്തുള്ള ആന്‍റിലസ്‌ ദ്വീപായിരുന്നു അവരുടെ വാസ കേന്ദ്രം. സെയിന്‍റ്‌ ബാര്‍തെലെമി ആശുപത്രിയിലായിരുന്നു കഴിഞ്ഞ മുപ്പതു വര്‍ഷം, ഇവര്‍. ജപ്പാനിലെ കാമാ ചിനന്റെ മരണത്തെത്തുടര്‍ന്ന്‌ ഈ വര്‍ഷം മെയ്‌ രണ്ടിനാണ്‌ യൂജീന്‍ ഗിന്നസ്‌ ബുക്കില്‍ കയറിയത്‌. 114 വയസ്സായ ശേഷമാണ്‌ കാമായും മരിച്ചത്‌. അമേരിക്കയിലെ യൂനിസ്‌ സാന്‍ബോണാണ്‌ ഇനി ലോക മുത്തശ്ശി. 1896 ജൂലൈ 20ന്‌ ആയിരുന്നു അവരുടെ ജനനം.

2010 നവംബർ 5, വെള്ളിയാഴ്‌ച

ഒബാമയുടെ സുരക്ഷ

34 യു.എസ്‌ പടക്കപ്പലുകളാണ്‌ ഒബാമയുടെ സുരക്ഷക്കായി എത്തിയിരിക്കുന്നത്‌. ഇതില്‍ ഒരു വിമാനവാഹിനിയുമുണ്ട്‌. പ്രസിഡന്റ്‌ മുംബൈയില്‍ കഴിയുന്ന രണ്ട്‌ ദിവസം തീരക്കടലില്‍ യു.എസ്‌ പടക്കപ്പലുകള്‍ പട്രോളിംഗ്‌ നടത്തും. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്ര കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ഒബാമയുടെ വിമാനത്തിന്‌ സുരക്ഷയൊരുക്കുന്ന രണ്ട്‌ യു.എസ്‌ ബോംബര്‍ ജംബോ വിമാനങ്ങളും നാല്‌ ഹെലിക്കോപ്‌റ്ററും നേരത്തെതന്നെ മുംബൈയിലെത്തിക്കഴിഞ്ഞു. ബോംബിംഗ്‌ നടത്താന്‍ വേണ്ട സജ്ജീകരണങ്ങളോടെയാണ്‌ ഇവ എത്തിയിരിക്കുന്നത്‌വിമാനത്താവളത്തില്‍നിന്ന്‌ മറീന്‍ വണ്‍ ഹെലിക്കോപ്‌റ്ററില്‍ കയറുന്ന ഒബാമ നേരെ ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ.എന്‍.എസ്‌ ശിക്രയിലേക്കാവും പോവുക. അവിടെനിന്ന്‌ പ്രസിഡന്റിന്റെ ഔദ്യോഗിക കാറായ ലിങ്കണ്‍ കോണ്ടിനെന്റല്‍ ലെമൂസിനില്‍ താജ്‌ ഹോട്ടലിലേക്ക്‌. കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും പുറമെ 40 കാറുകളും ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ അമേരിക്കയില്‍നിന്ന്‌ എത്തിയിട്ടുണ്ട്‌. ഒബാമയുടെ വാഹനവ്യൂഹം മുഴുവന്‍ അമേരിക്കന്‍ കാറുകളാവും. ഒബാമയുടെ വിമാനം ഇറങ്ങുന്നതിന്‌ ആറ്‌ മിനിറ്റ്‌ മുമ്പു മുതല്‍ ആറ്‌ മിനിറ്റ്‌ ശേഷം വരെ വിമാനത്താവളത്തില്‍ മറ്റ്‌ വിമാനങ്ങള്‍ക്ക്‌ ഇറങ്ങാനോ പറന്നുയരാനോ അനുവാദമുണ്ടാവില്ല. പ്രസിഡന്റിന്റെ വിമാനത്തിനുള്ളില്‍നിന്ന്‌ എല്ലാവരും പുറത്തുപോകുംവരെ മറ്റ്‌ വിമാനങ്ങളുടെ ടാക്‌സിയിംഗ്‌ പോലും നിര്‍ത്തിവെക്കും.ഒബാമക്കും പരിവാരത്തിനുമായി 800 ഹോട്ടല്‍ മുറികളാണ്‌ മുംബൈയില്‍ ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌. താജിനുപുറമെ, ഹോട്ടല്‍ ഹയാത്തിലും മുറികള്‍ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. ഒബാമ മുംബൈയില്‍ താമസിക്കുന്ന താജ്‌ ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്‌. ഹോട്ടലിനകത്തും പുറത്തും യു.എസ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. പുറമെ നൂറുകണക്കിന്‌ ഇന്ത്യന്‍ പോലീസുകാരെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്‌.
അതേ സമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളൂവെന്ന്‌ പെന്റഗണ്‍ വക്താവ്‌ ജിയോഫ്‌ മോറല്‍ പറഞ്ഞു. യുഎസ്‌ നേവിയുടെ പത്ത്‌ ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി പശ്ചാത്തല സൗകര്യം ഒരുക്കുകമാത്രമാണ്‌ പെന്റഗണ്‍ ചെയ്‌തത്‌.

2010 നവംബർ 4, വ്യാഴാഴ്‌ച

ഒബാമയും തേങ്ങാക്കുലയും

ഒബാമയുടെ തലയില്‍ തേങ്ങാ വീണാലോ. കാര്യം അബദ്ധമായതു തന്നെ. അതല്ല, കേരളത്തില്‍ തീവ്രവാദം വളരുന്നുണ്ടെന്നും അത്‌ കേരളീയ കാര്‍ഷികോല്‍പന്നങ്ങളിലേക്കും പടരുമെന്ന ഭയമോ?. ഏതായാലും അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ സന്ദര്‍ശനത്തിന്‌ മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്ന അധികൃതര്‍ മുംബൈ മണിഭവനിലെ തെങ്ങുകളില്‍നിന്ന്‌ തേങ്ങകള്‍ പറിച്ചുമാറ്റി. തെങ്ങോലകളും മുറിച്ചുമാറ്റിയിട്ടുണ്ട്‌. ഉണങ്ങിയതും വിളഞ്ഞതുമായ തേങ്ങകള്‍ എല്ലാം ഇവിടെനിന്നു മാറ്റിയിട്ടുണ്ട്‌. തേങ്ങകളും ഓലകളും വെട്ടിമാറ്റണമെന്ന്‌ ബി.എം.സിയുടെ വാര്‍ഡ്‌ ഓഫീസില്‍ മണിഭവന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.