2010 ഓഗസ്റ്റ് 30, തിങ്കളാഴ്‌ച
അവസാനം പൊട്ടി
ഇന്തോനേഷ്യയിലെ സുമാത്രയില്‍ നാല് നൂറ്റാണ്ടുകാലം ഉറങ്ങിക്കിടന്ന സിനാബുംഗ് അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടമുന്നറിയിപ്പ് നല്‍കിയ ഭരണകൂടം 12,000 പേരെ ആശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. കൂടുതല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.ഉത്തര സുമാത്ര പ്രവിശ്യയില്‍ കാരോ ജില്ലയിലെ സിനാബുംഗ് ഇതിനുമുമ്പ് പൊട്ടിത്തെറിച്ചത് 1600ലാണ്. ഏതാനും ദിവസം മുമ്പാണ് ഇത് വീണ്ടും പുക തുപ്പാന്‍ തുടങ്ങിയത്. ശനിയാഴ്‌ച രാത്രി ചെറിയൊരു ഭൂമികുലുക്കത്തിന്റെ ശക്തിയില്‍ അത് പൊട്ടിത്തെറിച്ചു. ലാവയും ചാരവും പാറത്തരികളും പ്രവഹിക്കാന്‍ തുടങ്ങി. 2,451 മീറ്റര്‍ ഉയരമുള്ള അഗ്‌നിപര്‍വതത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ ഉയരത്തില്‍ ചാരപ്പുക ഉയര്‍ന്നെങ്കിലും മേഖലയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ചാരപ്പുക ശ്വാസകോശത്തില്‍ കയറുന്നത് തടയാന്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്.
2010 ഓഗസ്റ്റ് 29, ഞായറാഴ്‌ച
ഡോക്‌ടറുടെ അനാസ്ഥയും അമ്മയുടെ ചൂടും
മരിച്ചതായി വിധിയെഴുതിയ കുഞ്ഞ് അമ്മയുടെ ചൂടേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് 'ദിവ്യാത്ഭുതം' നടന്നത്.കുഞ്ഞ് പ്രസവ സമയം തന്നെ മരിച്ചെന്ന് വിധിയെഴുതിയാണ് 27 ആഴ്‌ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മക്ക് കെയ്‌റ്റ് ഡോക്ടര്‍ കൈമാറിയത്. പൊന്നോമനയ്‌ക്ക് യാത്രാമൊഴിയെന്നോണം മാറോട് ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട് പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ് പതുക്കെ കണ്ണു തുറന്നു. ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്‌കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വസവും സാധാരണനിലയിലായി.എന്നാല്‍ കുഞ്ഞ് ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ വിശ്വസിച്ചില്ല. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്‌കാന്‍ തയ്യാറാവുകയും ചെയ്‌തു.അഞ്ചു മാസം മുമ്പ് നടന്ന സംഭവം ശനിയാഴ്‌ചയാണ് കെയ്‌റ്റും ഭര്‍ത്താവ് ഡേവിഡ് ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്. ജാമി ഓഗ് എന്ന് പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് കെയ്‌റ്റും ഭര്‍ത്താവും.
2010 ഓഗസ്റ്റ് 26, വ്യാഴാഴ്‌ച
ഓപ്പറേഷന്‍ സമൂസ
സമൂസ എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നോ. എന്നാല്‍ കൊതിയൂറാന്‍ വരട്ടെ. ഇതത്ര പന്തിയുള്ള കാര്യമല്ല. ഓപ്പറേഷന്‍ സമൂസ എന്നാല്‍ സമൂസ കീറി മുറിച്ച് തിന്നുക എന്നര്‍ഥമാക്കല്ലേ, എന്താണന്നല്ലേ?. കാനഡയില്‍ ഭീകരാക്രമണം നടത്താനുള്ള അല്‍ ഖാഇദ പദ്ധതിയുടെ പേരാണ് ഓപ്പറേഷന്‍ സമൂസ. പദ്ധതി കാനഡയിലെ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഇന്ത്യക്കാരനാണ്. മിസ്‌ബാഹുദ്ദീന്‍ അഹമദ് എന്നയാളാണ് പിടിയിലായ ഇന്ത്യക്കാരന്‍. അഹമദ് ഇഹ്‌സാന്‍ എന്നതാണ് രണ്ടാമന്റെ പേര്. മിസ്‌ബാഹുദ്ദീന്‍ ജനിച്ചത് ഇന്ത്യയിലാണെങ്കിലും ഏറെക്കാലം സൗദി അറേബ്യയിലായിരുന്നുവെന്ന് മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
2010 ഓഗസ്റ്റ് 24, ചൊവ്വാഴ്ച
അഴിയാക്കുരുക്ക്

ചൈനയിലെ ഗതാഗതക്കുരുക്കിനു മുമ്പില്‍ നമിക്കാം. ഇതിനു മുമ്പില്‍ മറ്റു സ്ഥലങ്ങളിലെ ഗതാഗതക്കുരുകള്‍ ശിരസ്സു താഴ്‌ത്തട്ടെ. ചൈനീസ് തലസ്ഥാനമായ ബീജിംഗില്‍നിന്ന് ഴാങ്‌ജിക്കോവിലേക്കുള്ള ഹൈവേയിലാണ് ഗതാഗതക്കുരുക്ക് ചരിത്രം സൃഷ്‌ടിച്ചത്. കുരുക്ക് ഇന്നലെ പത്ത് ദിവസം പിന്നിട്ടു. ഹൈവേയുടെ ചില ഭാഗത്ത് കല്‍ക്കരിപ്പാടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റോഡ് നിര്‍മാണം മുടങ്ങിയതാണ് ഗതാഗത സ്‌തംഭനത്തിനു ഇടയാക്കിയത്. ട്രാഫിക് ജാം ഇപ്പോള്‍ 60 മൈല്‍ നീണ്ടു. റോഡില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ ഉറങ്ങിയും ചുറ്റിക്കറങ്ങിയും കാര്‍ഡ്‌സും ചെസ്സും കളിച്ചുമാണ് സമയം നീക്കുന്നത്.
ഇന്ത്യക്കാരന്‍ തന്നെ, മാപ്പ്
പൗരത്വ വിവാദത്തില്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനോട് കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ മാപ്പു പറഞ്ഞു. ആനന്ദ് ഇന്ത്യന്‍ പൗരന്‍ തന്നെയാണ്. അദ്ദേഹത്തിന്റെ പൗരത്വത്തില്‍ തന്റെ മന്ത്രാലയം ഒരിക്കലും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും ഡോക്‌ടറേറ്റ് സ്വീകരിക്കാന്‍ ആനന്ദ് സമ്മതിച്ചിട്ടുള്ളതായും ആനന്ദിനെ ടെലിഫോണ്‍ ചെയ്‌ത് താന്‍ ഖേദം പ്രകടപ്പിച്ചതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ആനന്ദിന് ഡോക്‌ടറേറ്റ് നല്‍കാനുള്ള ഹൈദരാബാദ് സര്‍വകലാശാലയുടെ തീരുമാനമാണ് വിവാദമായത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും വര്‍ഷങ്ങളായി സ്‌പെയിനില്‍ സ്ഥിരതാമസക്കാരനായ ആനന്ദിന്റെ പൗരത്വത്തില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം സംശയം പ്രകടിപ്പിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡോക്‌ടറേറ്റ് സ്വീകരിക്കുന്നതില്‍നിന്ന് പിന്‍മാറിയ ആനന്ദ് താന്‍ ഇന്ത്യന്‍ പൗരനാണെന്നും ഇന്ത്യന്‍ പതാകയുടെ കീഴിലാണ് താന്‍ മത്സരത്തിനിറങ്ങുന്നതെന്നും പ്രതികരിച്ചിരുന്നു. ആനന്ദിന് ഉചിതമായ സമയത്ത് ഡോക്‌ടറേറ്റ് സ്വീകരിക്കാവുന്നതാണ്. വിവാദമുണ്ടായ ഉടന്‍ തന്നെ താന്‍ നേരിട്ട് അതില്‍ ഇടപെടുകയും മാപ്പു ചോദിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തിട്ടുണ്ട്- കപില്‍ സിബല്‍ പറഞ്ഞു. ആനന്ദ് രാജ്യത്തിന് വേണ്ടി ചെയ്‌ത സേവനങ്ങള്‍ മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ താരമാണ് ആനന്ദ്. ആഗോള അംഗീകാരം നേടിയ എല്ലാ താരങ്ങളും നമ്മുടെ അഭിമാനപാത്രങ്ങളാണ്- അദ്ദേഹം പറഞ്ഞു.
2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച
കുടിയന്‍മാര്‍ ഗിന്നസിലേക്ക്
ഇങ്ങനെ പോയാല്‍ കേരളാ കുടിയന്‍മാര്‍ ഗിന്നസിന്റെ തലപ്പത്തിരിക്കും. ഓണം നാളുകളില്‍(6 ദിവസം കൊണ്ട്) സംസ്ഥാനത്തെ മദ്യപര്‍ കുടിച്ചു വറ്റിച്ചത് 155.69 കോടി രൂപയുടെ മദ്യം. ഓണത്തിന് 200 കോടി രൂപയുടെ മദ്യമാണ് വിപണിയിലെത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് ബിവറേജസ് കോര്‍പറേഷന്റെ ആറ് ദിവസത്തെ വിറ്റുവരവ് 132 കോടി രൂപയായിരുന്നു.തിരുവോണ ദിനത്തില്‍ മാത്രം വിറ്റത് 30 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ 18 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത് തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലെറ്റിലാണ്. ഉത്രാടത്തലേന്നു മാത്രം 29.44 ലക്ഷം രൂപയുടെ വില്‍പന ഇവിടെ നടന്നു. രണ്ട് ദിവസത്തെ വില്‍പന 40 ലക്ഷം രൂപ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് റമ്മിനാണ്. തൊട്ടു പിന്നിലുള്ളത് ബ്രാന്‍ഡി. തിരുവനന്തപുരം ബാലരാമപുരത്തെ ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റാണ് വില്‍പനയില്‍ രണ്ടാം സ്ഥാനത്ത്. 22 ലക്ഷം രൂപയുടെ വില്‍പന ഇവിടെ നടന്നു. മൂന്നാം സ്ഥാനത്ത് കരുനാഗപ്പള്ളി, 21 ലക്ഷം രൂപ. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പനയിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് 4259.80 കോടി രൂപ. ഈ വര്‍ഷം ഇതില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നു.
ജനസേവനത്തിന്റെ കൂലി നമ്പര്‍ 3
എം.പി മാരുടെ ആനുകൂല്യങ്ങളിലും വര്‍ധന. കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. മണ്ഡല അലവന്‍സ്, ഓഫീസ് അലവന്‍സ് എന്നിവ 5,000 രൂപ വീതം വര്‍ധിക്കും. പ്രതിമാസ ശമ്പളം നേരത്തെതന്നെ 50,000 രൂപ ആയി വര്‍ധിപ്പിച്ചിരുന്നു. എം.പിമാരുടെ ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കാനാണ് നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തത്. പ്രതിമാസ ശമ്പളം ഇതോടെ 16,000 രൂപല്‍നിന്ന് 50,000 രൂപ ആയി. എന്നാല്‍ ഇതില്‍ തൃപ്‌തരാകാതെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ് സ്‌തംഭിപ്പിച്ചു. ഇതാണ് ആനുകൂല്യങ്ങളില്‍ള്‍ 10,000 രൂപ കൂടി വര്‍ധനക്ക് കാരണം.പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്‌ത 80,001 രൂപ ശമ്പളമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയ എം.പിമാര്‍ സഭയില്‍ ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് ഇവര്‍ അടക്കമുള്ള നേതാക്കളുമായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചര്‍ച്ച നടത്തി. 16,000 രൂപ ശമ്പളവും പാര്‍ലമെന്റ് ചേരുന്ന ഓരോ ദിവസത്തിനും 1,000 രൂപഅലവന്‍സുമാണ് നിലവില്‍ എം.പിമാര്‍ക്ക് ലഭിക്കുന്നത്. പ്രതിമാസം 20,000 രൂപ മണ്ഡല അലവന്‍സ്, 20,000 രൂപ ഓഫീസ് അലവന്‍സ് എന്നിവക്ക് പുറമെയാണിത്.
2010 ഓഗസ്റ്റ് 22, ഞായറാഴ്‌ച
55 കാരിക്ക് സ്വയംവരം
അഹമ്മദാബാദിലെ ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സ ഗ്രാമത്തില്‍ നിന്നൊരു സ്വയംവര വാര്‍ത്ത. സ്വയംവരത്തെക്കുറിച്ച് പുരാണകഥകളില്‍ വായിച്ചറിഞ്ഞവര്‍ക്ക് ഒരു നേര്‍ക്കാഴ്‌ച. ഭാനുമതി റാവല്‍ എന്ന 55-കാരി വിധവയാണ് തന്റെ ഗ്രാമത്തിലെ സമപ്രായക്കാരായ 36 പേരില്‍നിന്ന് തന്റെ ഇണയെ കണ്ടെത്തിയത്. രാജേന്ദ്ര റാവല്‍ ആണ് ഭാനുമതിയുടെ വരന്‍. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊരു രീതി സ്വീകരിച്ചതെന്നും പങ്കാളിയെ തിരഞ്ഞെടുത്ത രീതിയില്‍ സന്തോഷമുണ്ടെന്നും ഭാനുമതി റാവല്‍ പറയുന്നു. രാജേന്ദ്ര റാവലിനും ഏതാണ്ട് ഇതേ അഭിപ്രായം. ജീവിതാന്ത്യം വരെ സന്തോഷം പകരാന്‍ ഭാനുമതിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി രാജേന്ദ്ര റാവല്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതൃത്വത്തിലാണ് സ്വയംവരം നടന്നത്. 36 പേര്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍നിന്ന് 10 പേര്‍ ഫൈനലിലെത്തി. പിന്നീട് എലിമിനേഷന്‍ പ്രകാരം മൂന്ന് പേര്‍ മാത്രമായി. ഇതില്‍നിന്നാണ് രാജേന്ദ്രയെ തെരഞ്ഞെടുത്തത്.
അംബാനി ഔട്ട്?
അടുത്തു തന്നെ ഇന്ത്യയിലെ ഏറ്റവും ധനികനെന്ന പദവിയില്‍നിന്ന് മുകേഷ് അംബാനി പുറത്താവുമെന്ന് റിപ്പോര്‍ട്ടുകള്‍. ആ സ്ഥാനത്തേക്ക് പ്രവാസി ഇന്ത്യക്കാരനായ അനില്‍ അഗര്‍വാളിനാണ് സാധ്യത.കെയറിന്‍ എനര്‍ജിയുടെ ഇന്ത്യയിലെ ബിസിനസ് ഏറ്റെടുക്കുന്നതിലൂടെയാണ് ഈ പ്രവാസി ഇന്ത്യയില്‍ ഒന്നാമതെത്താന്‍ പോകുന്നത്. മുകേഷ് അംബാനിയാണ് കാലങ്ങളായി ഈ പദവിയിലുള്ളത്. കെയറിന്‍ ഇന്ത്യക്കൊപ്പം സ്റ്റെര്‍ലൈറ്റ് എനര്‍ജിയുടെ ഐ.പി.ഒ പുറത്തിറക്കുന്നതിലൂടെ അനില്‍ അഗര്‍വാളിന്റെ മൊത്തം ആസ്‌തി 1,67,000 കോടി രൂപയാകും. മുകേഷ് അംബാനിയുടെ നിലവിലെ ആസ്‌തി 1,45,275 കോടി. മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് (ആര്‍.ഐ.എല്‍) തന്നെയാണ് അനില്‍ അഗര്‍വാളിന്റെ വേദാന്തയേക്കാള്‍ സമ്പന്ന ഗ്രൂപ്പ്. അഗര്‍വാള്‍ മെറ്റല്‍, മൈനിംഗ് രംഗത്തും മുകേഷ് പെട്രോകെമിക്കല്‍സ് രംഗത്തുമാണ് തിളങ്ങുന്നത്. കെയറിന്‍ ഇന്ത്യ വാങ്ങുന്നതിലൂടെ അഗര്‍വാള്‍ എണ്ണ വ്യാപാരത്തിലേക്കും കടക്കുകയാണ്.
2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച
ക്രൂരതക്കൊരു പുതു രൂപം
രണ്ടു വയസ്സുകാരിയെ നാലംഗ സംഘം ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കെറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ ലളിത്‌പൂര്‍ ജില്ലയിലാണ് സംഭവം. ഝാന്‍സി-ബിന ട്രെയിനില്‍നിന്നാണ് രാം കിഷോര്‍-ഫൂല്‍ കുമാരി ദമ്പതികളുടെ മകള്‍ നിഷയെ പുറത്തേക്കെറിഞ്ഞത്. പ്രശ്‌നം സീറ്റുതര്‍ക്കം.ദമ്പതികള്‍ ഇരുന്ന സീറ്റിലായിരുന്നു നാലു പേര്‍ അടങ്ങുന്ന സംഘം ആദ്യം ഇരുന്നത്. ഇവര്‍ കറങ്ങിയടിച്ചപ്പോള്‍ കാലിയായിക്കിടന്ന സീറ്റില്‍ ദമ്പതികളിരുന്നു. പിന്നീട് തിരിച്ചെത്തിയ ഇവര്‍ ദമ്പതികളോട് സീറ്റ് മാറാന്‍ ആവശ്യപ്പെട്ടു. തയ്യാറല്ലെന്ന് ദമ്പതികള്‍ അറിയിച്ചതോടെ വാക്‌തര്‍ക്കമായി. ദമ്പതികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അതിനിടെ കുട്ടിയെ പുറത്തേക്ക് വലിച്ചെറിഞ്ഞു. കുട്ടി തല്‍ക്ഷണം മരിച്ചു. ഇതോടെ നാലംഗ സംഘം രക്ഷപ്പെടുകയും ചെയ്‌തു. ലളിത്‌പൂരില്‍നിന്ന് ബിനായിലേക്ക് പോകുയായിരുന്നു ദമ്പതികള്‍. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)