2010 സെപ്റ്റംബർ 30, വ്യാഴാഴ്‌ച
ദല്‍ഹിയിലും വൂവുസേല
ലോകകപ്പ് ഫുട്‌ബോളിനിടെ വന്‍ ശ്രദ്ധ നേടിയ ദക്ഷിണാഫ്രിക്കന്‍ വാദ്യോപകരണം വൂവുസേല കോമണ്‍വെല്‍ത്ത് ഗെയിംസിലും ഹിറോയാവുന്നു. വൂവുസേല യൂറോപ്പിലെ പല മേളകളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഗെയിംസില്‍ അത് അനുവദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. 12000 ത്തിലേറെ വൂവുസേലകള്‍ തങ്ങള്‍ മാത്രം വിറ്റതായി പ്രധാന ബ്രാന്റിന്റെ ചെയര്‍മാന്‍ സുരേഷ് കുമാര്‍ പറയുന്നു. 250 രൂപയാണ് വില. വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലുമെല്ലാം വൂവുസേല ലഭ്യമാണ്. ദക്ഷിണാഫ്രിക്കയിലെ ഗാലറികള്‍ക്ക് വൂവുസേല വന്‍ ഹരമായെങ്കിലും കളിക്കാര്‍ക്കും കമന്ററി കേള്‍ക്കുന്നവര്‍ക്കും അത് വലിയ ശല്യമായിരുന്നു.
2010 സെപ്റ്റംബർ 29, ബുധനാഴ്‌ച
പന്ത്രണ്ടുകാരിയും മെഡലിനായ്
എട്ടാം ക്ലാസിലെ പാഠങ്ങള്‍ നഷ്‌ടപ്പെടുന്നതിന്റെയും അമ്മയെ വിട്ടുവന്നതിന്റെയും ആശങ്കയിലും പ്രയാസത്തിലുമാണ് ഖാലിഖ നിംജി. കെനിയയില്‍നിന്നുള്ള ഈ പന്ത്രണ്ടുകാരിക്ക് പക്ഷെ ചിക്കന്‍ ടിക്കയും നാനും ശ്ശി പിടിച്ചു. ഇനിയൊരു മോഹമേയുള്ളൂ, ദല്‍ഹി വിടുമ്പോള്‍ സ്‌ക്വാഷില്‍ ഒരു കോമണ്‍വെല്‍ത്ത് മെഡല്‍. ഖാലിഖക്ക് ഇന്ത്യയെക്കുറിച്ച് അധികമൊന്നുമറിയില്ല. പക്ഷെ ദല്‍ഹിയില്‍ വന്നശേഷം ചിക്കന്‍ ടിക്കയുമായി വല്ലാത്ത പ്രണയത്തിലാണ്. എത്രത്തോളമെന്നാല്‍, ആഫ്രിക്കന്‍ ഭക്ഷണം പിന്നീട് കൈകൊണ്ട് തൊട്ടിട്ടില്ല. കെനിയയിലെ രണ്ടാം നമ്പര്‍ സ്‌ക്വാഷ് താരമായ ഖാലിഖ ഒന്നാം നമ്പറുകാരിയായ സഫീന മദനിയെ പലതവണ തോല്‍പിച്ചിട്ടുണ്ട്. ഖാലിഖയുടെ പിതാവ് സദ്‌രി നിംജി തൊണ്ണൂറുകളില്‍ കെനിയക്കു കളിച്ചിട്ടുണ്ട്. ഖാലിഖ ടെന്നിസും കളിക്കും. ഗെയിംസ് ഗ്രാമത്തിലെ പോലീസ് കൂട്ടത്തെ കണ്ട് ഖാലിഖ ആദ്യം ഭയന്നതാണ്. പിതാവിനെ എപ്പോഴും കാണാനാവില്ലെന്നതും പേടിപ്പിക്കുന്നു. എന്നാല്‍ ഗെയിംസ് ഗ്രാമത്തില്‍ എല്ലാവരും സൗഹൃദത്തിലാണെന്നത് ഖാലിഖക്ക് ആശ്വാസം പകരുന്നു.
2010 സെപ്റ്റംബർ 26, ഞായറാഴ്‌ച
ഗെയിംസില്‍ മാറ്റുരയ്‌ക്കാന്‍ പാമ്പും
അത്‌ലറ്റുകളുടെ ഗ്രാമത്തില്‍ താരങ്ങള്‍ താമസിക്കേണ്ട സ്ഥലത്ത് പാമ്പിനെ കണ്ടെത്തിയത് കോമണ്‍വെല്‍ത്ത് ഗെയിംസിന് പുതിയ നാണക്കേടായി. ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റുകള്‍ക്ക് താമസിക്കേണ്ട സ്ഥലത്ത് അവരുടെ ഹൈക്കമ്മീഷണറാണ് പാമ്പിനെ കണ്ടത്. അവരുടെ അത്‌ലറ്റുകള്‍ ഇതുവരെ എത്തിയിട്ടില്ല. എന്നാല്‍ ഗെയിംസിനെപ്പറ്റി തങ്ങള്‍ പരാതി പറയില്ലെന്നും വേണ്ടിവന്നാല്‍ കക്കൂസ് സ്വയം കഴുകാന്‍ തയാറാണെന്നും ദക്ഷിണാഫ്രിക്കന്‍ ഒളിംപിക് കമ്മിറ്റി മേധാവി ഗിഡിയോണ്‍ സാം പറഞ്ഞു. ഇന്ത്യന്‍ ബോക്‌സര്‍മാര്‍ക്ക് നല്‍കിയ കട്ടിലുകളിലൊന്ന് തകര്‍ന്നുവീണതിനു പിന്നാലെ ഇന്നലെ ഇന്ത്യന്‍ ഷൂട്ടര്‍മാരെയും സംഘാടകര്‍ വട്ടംകറക്കി. 18 ടീമുകള്‍ ഇതുവരെ ദല്‍ഹിയിലെത്തി. മൊത്തം 71 രാജ്യങ്ങളാണ് ഗെയിംസില്‍ പങ്കെടുക്കുക. നാലു താരങ്ങള്‍ കൂടി ഇന്നലെ പിന്‍മാറി.
2010 സെപ്റ്റംബർ 24, വെള്ളിയാഴ്‌ച
14,400 വര്‍ഷം തടവു ശിക്ഷ
കൗമാരക്കാരിയായ മകളെ ഒരു വര്‍ഷത്തോളം നിരന്തരം ബലാത്സംഗത്തിന് വിധേയനാക്കിയ പിതാവിനെ ഫിലിപ്പൈന്‍സ് കോടതി 14,400 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. വിചാരണ കോടതി ഇയാളെ നേരത്തെ വധശിക്ഷക്ക് വിധിച്ചിരുന്നു. റിക്ഷാ ഡ്രൈവറായ പ്രതി ഭാര്യ ജോലിക്കായി ഹോങ്കോംഗിലായിരുന്ന ഒരു വര്‍ഷം ദിവസേന മകളെ പീഡിപ്പിച്ചതായാണ് കേസ്. 360 തവണ ബലാത്സംഗം ചെയ്‌തതായി കുറ്റം ചുമത്തി വിചാരണ കോടതി 2006 മാര്‍ച്ചില്‍ ഇയാളെ വധശിക്ഷക്ക് വിധിച്ചു. എന്നാല്‍ അപ്പീല്‍ കോടതി ഓരോ ബലാത്സംഗത്തിനും 40 വര്‍ഷം എന്ന തോതില്‍ 14,400 വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ പ്രതിക്ക് അപ്പീല്‍ നല്‍കാമെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. -nerkaycha.blogspot.com
കോമണ്‍വെല്‍ത്ത്: സരസ സന്ദേശങ്ങളും
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പിടിപ്പുകേട് സരസഹൃദയക്കും പൂക്കാലം. പരിഹാസ എസ്.എം.എസ് കൂരമ്പുകള്‍ രാജ്യമെങ്ങും പറന്നുനടക്കുകയാണ്. പ്രസിദ്ധീകരണയോഗ്യമായ ചില സന്ദേശങ്ങള്‍:`ഗെയിംസിന് എത്തണമെന്ന് ബ്രിട്ടീഷ് രാജ്ഞിയെ ചാള്‍സ് രാജകുമാരന്‍ നിര്‍ബന്ധിക്കുകയാണ്. രാജാവാകാന്‍ അദ്ദേഹത്തിന് കിട്ടുന്ന ഏക അവസരമാണ് ഇത്'.`ദല്‍ഹിയിലെ മഴയുടെ ഉത്തരവാദിത്തം ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തിരിക്കുന്നു. ആത്മഹത്യാ മേഘങ്ങളെ അവര്‍ ദല്‍ഹിക്കു മുകളില്‍ വിന്യസിക്കുകയാണ്'.`കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ പിന്‍മാറട്ടെ, മെഡല്‍ പട്ടികയില്‍ ഇന്ത്യ ഒന്നാമതാവും'.`ഗെയിംസ് ഗ്രാമത്തില്‍നിന്ന് പട്ടി കാഷ്‌ഠവുമായി മൂന്ന് തീവ്രവാദികളെ പിടിച്ചു'.`ജഴ്‌സിയും ഗ്വേണ്‍സിയും പിന്‍മാറല്‍ ഭീഷണി മുഴക്കിയത് നന്നായി. ഇങ്ങനെയും രാജ്യങ്ങളുണ്ടെന്ന് അറിഞ്ഞല്ലോ?.nerkaycha.blogspot.com
അഴീക്കോടന്‍ കണ്ടെത്തലുകള്‍
കേരളത്തിലെ പലര്‍ക്കും ദേശീയ ഗാനമായ ജനഗണമന എന്തെന്ന് അറിയില്ലത്രെ. പറയുന്നത് ഡോ.സുകുമാര്‍ അഴീക്കോട്. ജനഗണമനയെന്നാല്‍ തെക്കേ മലബാറിലെ ഏതോ നമ്പൂതിരി ഇല്ലമോ മനയോ ആണെന്നാണ് പലരുടേയും ധാരണ- അഴീക്കോട് തൃശൂരില്‍ പറഞ്ഞു. ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ടാഗോര്‍ ഒരോര്‍മ-വാക്കും കാഴ്‌ചയും എന്ന പരിപാടിയുടെ ഭാഗമായി സ്‌മരണാഞ്‌ജലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അഴീക്കോട്. സ്വാതന്ത്രലബ്‌ധിക്ക് മുമ്പ് പഠിപ്പിച്ചതാണ് ജനഗണമനയെന്നും അഴീക്കോട് ഓര്‍മിപ്പിച്ചു. മതമേലധ്യക്ഷന്‍മാര്‍ എന്നത് ഇപ്പോള്‍ വളരെ പ്രചാരത്തിലുള്ള പ്രയോഗമാണെന്നും എന്നാല്‍ മതത്തിന് എവിടെയാണ് അധ്യക്ഷനെന്നും അഴീക്കോട് ചോദിച്ചു. സഭാ അധ്യക്ഷന്‍മാര്‍ മതവിശ്വാസത്തേയും ഇല്ലായ്‌മയേയും വേര്‍തിരിച്ച് ദിവസേന പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ടാഗോര്‍ കേരളത്തിലേക്ക് കടന്നുവന്നത് നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെയാണെന്നും ടാഗോറിന്റെ ഹൃദയത്തെ കേരളത്തില്‍ അവതരിപ്പിച്ചത് മഹാകവി കുമാരനാശാനാണെന്നും അഴീക്കോട് കൂട്ടിച്ചേര്‍ത്തു.
2010 സെപ്റ്റംബർ 23, വ്യാഴാഴ്‌ച
ആനദുരന്തം
പശ്ചിമ ബംഗാളില്‍ റെയില്‍പാളം മുറിച്ച് കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ട്രെയിനിടിച്ച് ഏഴ് ആനകള്‍ ചരിഞ്ഞു. ട്രാക്കില്‍ കുടുങ്ങിപ്പോയ രണ്ട് കുട്ടിയാനകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ് മറ്റ് ആനകളും ദാരുണ ദുരന്തത്തില്‍ പെട്ടത്.ജല്‍പായിഗുരി ജില്ലയിലെ വനമേഖലയില്‍ ബുധനാഴ്‌ച രാത്രിയായിരുന്നു ദുരന്തം. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുട്ടിയാനകള്‍ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇവയ്‌ക്ക് സംരക്ഷണമായി വലിയ ആനകള്‍ ചുറ്റും കൂടി നില്‍ക്കുമ്പോഴായിരുന്നു അതിവേഗത്തില്‍ ട്രെയിനിന്റെ വരവ്. ഇടിയേറ്റ് അഞ്ച് ആനകള്‍ തല്‍ക്ഷണം ചരിഞ്ഞു. പരിക്കേറ്റ രണ്ടെണ്ണം ഇന്നലെ രാവിലെയും. ചരിഞ്ഞവയില്‍ രണ്ട് കുട്ടിയാനകളുമുണ്ടെന്ന് സംസ്ഥാന ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അതനു രാഹ പറഞ്ഞു.ദുരന്തത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള റെയില്‍ഗതാഗതം നിര്‍ത്തിവെച്ചു. രക്ഷപ്പെട്ട ആനകള്‍ ഇന്നലെ രാവിലെയും ദുരന്തസ്ഥലത്തിന് സമീപം ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. വന്യമൃഗങ്ങളുടെ സഞ്ചാരപഥമായ ഈ പ്രദേശത്ത് ട്രെയിനുകള്‍ പരമാവധി മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലേ പോകാവൂവെന്ന് നിര്‍ദേശമുണ്ട്. എന്നാല്‍ അപകടത്തില്‍പെട്ട ട്രെയിനിന്റെ വേഗം 70 കിലോമീറ്ററായിരുന്നുവെന്ന് അതനു രാഹ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. സമീപ ഗ്രാമങ്ങളിലെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഭാഗത്ത് 20 ആനകളാണ് ട്രെയിനിടിച്ച് ചെരിഞ്ഞത്.
2010 സെപ്റ്റംബർ 22, ബുധനാഴ്‌ച
കോമണ്‍വെല്‍ത്ത്: പിന്‍മാറിയ പ്രധാനികള്‍
ഉസൈന്‍ ബോള്‍ട്ട് (ജമൈക്ക)-100 മീ. ലോക റെക്കോര്‍ഡ്‌അസാഫ പവല്‍ (ജമൈക്ക)-കോമണ്‍വെല്‍ത്ത് 100 മീ. ചാമ്പ്യന്‍ക്രിസ്റ്റീന്‍ ഒഹുരൂഗു (ഇംഗ്ലണ്ട്)-ലോക ട്രിപ്പിള്‍ജമ്പ് ചാമ്പ്യന്‍ഡാനി സാമുവേല്‍സ് (ഇംഗ്ലണ്ട്)-ലോക ഡിസ്‌കസ് ചാമ്പ്യന്‍ഡേവിഡ് രുദിഷ (കെനിയ)-800 മീ. ലോക റെക്കോര്‍ഡ്‌ആസ്‌ബെല്‍ കിപ്രോപ് (കെനിയ)-ഒളിംപിക് 1500 മീ. ചാമ്പ്യന്‍ലിനറ്റ് മസായി (കെനിയ)- ലോക 10,000 മീ. ചാമ്പ്യന്‍ഷെല്ലി ആന്‍ ഫ്രെയ്‌സര്‍ (ജമൈക്ക)-ഒളിംപിക് 100 മീ. ചാമ്പ്യന്‍ക്രിസ് ഹോയ് (സ്‌കോട്‌ലന്റ്)-ലോക, ഒളിംപിക് സൈക്ലിംഗ് ചാമ്പ്യന്‍വിക്‌ടോറിയ പെന്‍ഡെല്‍ടണ്‍ (ഇംഗ്ലണ്ട്)-ലോക, ഒളിംപിക് സൈക്ലിംഗ് ചാമ്പ്യന്‍സ്റ്റെഫാനി റൈസ് (ഓസ്‌ട്രേലിയ)- ട്രിപ്പിള്‍ ഒളിംപിക് നീന്തല്‍ ചാമ്പ്യന്‍ആന്‍ജി മറെ (സ്‌കോട്‌ലന്റ്)-ലോക നാലാം നമ്പര്‍ ടെന്നിസ് താരംലെയ്‌റ്റന്‍ ഹ്യൂവിറ്റ് (ഓസ്‌ട്രേലിയ)- മുന്‍ ഒന്നാം നമ്പര്‍ ടെന്നിസ് താരംസാമന്ത സ്‌ട്രോസുര്‍ (ഓസ്‌ട്രേലിയ)-ഫ്രഞ്ച് ഓപണ്‍ ടെന്നിസ് റണ്ണര്‍അപ് ബെത് ട്വെഡ്‌ല്‍ (ഇംഗ്ലണ്ട്) - ജിംനാസ്റ്റിക്‌സ് ലോക ചാമ്പ്യന്‍
കോമണ്‍വെല്‍ത്ത്: നമുക്ക് തലതാഴ്‌ത്താം
കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങാന്‍ 10 ദിവസം മാത്രം. 35,000 കോടി രൂപ ചെലവിട്ട് ഇന്ത്യ ഒരുക്കിയ കായിക മാമാങ്കത്തില്‍നിന്ന് താരങ്ങളും ടീമുകളും കൂട്ടത്തോടെ പിന്‍മാറിയേക്കുമെന്ന് സൂചന. അഴിമതി, കെടുകാര്യസ്ഥത, പിന്നാലെ നിര്‍മാണത്തിലെ പിശകുകളും ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി. ആശങ്ക പുറത്തുകാണിക്കാതിരിക്കാനായി നടത്തുന്ന പ്രസ്‌താവനകള്‍പോലും പരിഹാസ്യമാവുകയാണ്. മേല്‍പാത പൊളിഞ്ഞുവീണതില്‍ അത്‌ലറ്റുകള്‍ ഭയക്കേണ്ടതില്ലെന്നും അത് സാധാരണക്കാര്‍ക്ക് പോകാനുള്ളതാണെന്നും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് വേദിയിലെ മേല്‍ക്കൂര വീണശേഷം നഗരവികസന മന്ത്രി ജയ്‌പാല്‍ റെഡ്‌ഢി പ്രസ്‌താവിച്ചത് നിസ്സാര കാര്യങ്ങളെച്ചൊല്ലി ആശങ്ക വേണ്ടെന്നാണ്. ഗെയിംസില്‍ ആധിപത്യം പുലര്‍ത്താറുള്ള ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കാനഡയും കനത്ത ആശങ്കയാണ് ഉയര്‍ത്തിയത്. ഇംഗ്ലണ്ട് സംഘത്തലവന്‍ ക്രയ്‌ഗ് ഹണ്ടറും, ഇംഗ്ലണ്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് മേധാവി ആന്‍ഡ്രൂ ഫോസ്റ്ററും ഭീഷണി മുഴക്കിക്കഴിഞ്ഞു. സമയം അതിക്രമിക്കുകയാണെന്നും പങ്കെടുക്കണമോയെന്ന് അത്‌ലറ്റുകള്‍ക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി നിക് ക്ലെഗ് പ്രസ്‌താവിച്ചു. ഗെയിംസ് ഗ്രാമം മതിയായ നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ ഗെയിംസ് റദ്ദാക്കേണ്ടി വരുമെന്ന് ന്യൂസിലാന്റ് സംഘത്തലവന്‍ ഡേവ് കറി ഓര്‍മിപ്പിച്ചു. അത്‌ലറ്റുകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താന്‍ ഒരുക്കമല്ലെന്ന് ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറണമോയെന്ന് ന്യൂസിലാന്റ് ഒളിംപിക് കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌കോട്‌ലന്റും ഇംഗ്ലണ്ടും വെയ്‌ല്‍സും സംഘാടക സമിതിക്ക് അന്ത്യശാസനം നല്‍കി. ദല്‍ഹിയിലേക്കുള്ള യാത്ര സ്‌കോട്‌ലന്റ് ടീം നീട്ടിവെച്ചു. രണ്ടു ദിവസത്തിനകം കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറുമെന്ന് കൊച്ചു രാജ്യങ്ങളായ ഗ്വേണ്‍സിയും ജഴ്‌സിയും മുന്നറിയിപ്പ് നല്‍കി. ഗ്വേണ്‍സി 43 പേരെയാണ് അയക്കേണ്ടത്. അത്‌ലറ്റുകളുടെ ഗ്രാമം സന്ദര്‍ശിച്ച സ്‌കോട്‌ലന്റ് പ്രതിനിധി ഒരു കട്ടിലില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രമെടുത്തതായി റിപ്പോര്‍ട്ടുണ്ട്. അത്‌ലറ്റുകളുടെ ഗ്രാമം താരങ്ങള്‍ക്ക് ഔദ്യോഗികമായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് മേധാവി മൈക് ഫെന്നല്‍ ഇന്ന് ന്യൂദല്‍ഹിയിലെത്തും. താമസയോഗ്യമല്ലാത്ത ഗ്രാമത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം ഗെയിംസിന്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയ കത്ത് കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ടിരുന്നു. പരിശോധനക്കെത്തിയ ന്യൂസിലാന്റ്, കാനഡ, സ്‌കോട്‌ലന്റ്, അയര്‍ലന്റ് പ്രതിനിധികളെ ഞെട്ടിച്ച ഗെയിംസ് ഗ്രാമത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്നു വരെയാണ് ഫെന്നല്‍ സംഘാടക സമിതിക്ക് സമയം നല്‍കിയിട്ടുള്ളത്. ഗെയിംസിനെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് അഭ്യര്‍ഥിച്ചേക്കും. ഇന്നലെ അഞ്ച് പ്രമുഖ അത്‌ലറ്റുകള്‍ ഗെയിംസില്‍നിന്ന് പി�ാറി. പൂര്‍ണ കരുത്തുള്ള ടീമിനെ അയക്കാനാവില്ലെന്ന് ആഫ്രിക്കയിലെ 19 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗെയിംസില്‍നിന്ന് പിന്‍മാറിയേക്കുമെന്ന് സ്‌പോര്‍ട്‌സ് മന്ത്രി മാര്‍ക്ക് അര്‍ബീബ് പ്രഖ്യാപിച്ചു. വൃത്തിഹീനമായ അത്‌ലറ്റുകളുടെ ഗ്രാമത്തെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 71 രാജ്യങ്ങളിലെ ഏഴായിരത്തോളം അത്‌ലറ്റുകളാണ് ഗെയിംസില്‍ പങ്കെടുക്കേണ്ടത്.
അവ്വ കാടിറങ്ങുകയാണ്
കാളിന്ദിയുടെ കരയില്‍ നാലു പതിറ്റാണ്ടായി തുടരുന്ന വനവാസം ലക്ഷ്‌മി അവ്വ അവസാനിപ്പിക്കുന്നു. വനം വകുപ്പ് കാട്ടിക്കുളത്തിനടുത്ത് പനവല്ലിയില്‍ നിര്‍മിച്ച വീട്ടിലേക്ക് ലക്ഷ്‌മി അവ്വ നാളെ താമസം മാറ്റും. ആനത്താര പദ്ധതിയില്‍ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് വനംവകുപ്പ് ഇവരെ പുനരധിവസിപ്പിക്കുന്നത്. 40 വര്‍ഷം മുന്‍പ് തുടങ്ങിയതാണ് അവ്വയുടെ കാട്ടു ജീവിതം. വയനാട് തോല്‍പ്പെട്ടി-അപ്പപ്പാറ റോഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ മാറി കാടിനുനടുവില്‍ ഭര്‍ത്താവ് ദാസന്‍ ചെട്ടിയോടൊപ്പം. കാട്ടില്‍ വിത്തെറിഞ്ഞും വിളവെടുത്തും ജീവിച്ചു. ദാസന്‍ ചെട്ടി മരിച്ചപ്പോള്‍ സന്താനഭാഗ്യം ഇല്ലാതിരുന്ന അവ്വ ഒറ്റയ്‌ക്കുമായി. ഇതിനുശേഷം `നാട്ടിലേക്ക്' താമസം മാറ്റാന്‍ പലരും ഉപദേശിച്ചെങ്കിലും അവ്വ വഴങ്ങിയില്ല. ഭര്‍ത്താവ് അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ജീവിക്കാനായിരുന്നു അവരുടെ തീരുമാനം. അവ്വക്ക് വന്യജീവികള്‍ കൂട്ടുകാര്‍. ആരും അവരെ ഭയപ്പെടുത്തുകപോലും ചെയ്‌തിട്ടില്ല. തൊടിയിലും വീട്ടുമുറ്റത്തുമെത്തുന്ന ആനയും മാനും ഉള്‍പ്പെടെ വന്യജീവികള്‍ ശല്യക്കാരായിരുന്നില്ല. കാട്ടാനകളെല്ലാം അവ്വയ്‌ക്ക് `ഗണേശ�ാ' രായിരുന്നു. ആനകള്‍ തന്നെ ഉപദ്രവിക്കില്ലെന്നു മാത്രമല്ല, സംരക്ഷിക്കുകയും ചെയ്യുമെന്ന് അവ്വ വിശ്വസിച്ചിരുന്നു. ഇതിനു ഇന്നോളം പോറല്‍ ഏറ്റിട്ടുമില്ല. കാട്ടില്‍ പുലിയും കടുവയുമൊക്കെ ഉണ്ടെങ്കിലും അവയും അവ്വയെ വിരട്ടിയ കഥകള്‍ ഇല്ല. തൊടിയിലെ സ്ഥിരം സന്ദര്‍ശകരായ എല്ലാ വന്യജീവികളെയും അവ്വ സ്വന്തം കുട്ടികളെപ്പോലെയാണ് കണക്കാക്കിയിരുന്നത്. പ്രായത്തിന്റെ അരിഷ്‌ടതകള്‍ പിടികൂടിയ അവ്വയ്‌ക്ക് പലപ്പോഴും വനംവകുപ്പു ജീവനക്കാരായിരുന്നു തുണ. അവ്വയുടെ റേഷനും അത്യാവശ്യം പലവ്യഞ്‌ജനങ്ങളും വാങ്ങി വീട്ടിലെത്തിക്കുന്നതും വനം വകുപ്പ് ജീവനക്കാരാണ്. വനം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും `ജപ്യൂട്ടി ശാറു'മാരാണ് അവ്വക്ക്. അവ്വ കാടൊഴിയാന്‍ തയാറായില്ലെങ്കിലും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറെ പണിപ്പെട്ടാണ് അവ്വയെക്കൊണ്ട് സമ്മതം മൂളിച്ചത്. പനവല്ലിയില്‍ 25 സെന്റ് സ്ഥലവും നാലുമുറി വീടുമാണ് അവ്വയ്‌ക്കായി വനം വകുപ്പ് ഒരുക്കിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)