2010 ഒക്‌ടോബർ 31, ഞായറാഴ്‌ച
ഡീന്‍ ഡുപ്ലെസിക്ക് കണ്ണെന്തിന്
പന്ത് ബാറ്റില്‍നിന്ന് പായുമ്പോള്‍ തന്നെ സിംബാബ്‌വെക്കാരനായ ഡീന്‍ ഡുപ്ലെസി പറയും അതിന്റെ പോക്ക് എങ്ങോട്ടെന്ന്. ഡുപ്ലെസിയുടെ വിവരണം കേള്‍ക്കുന്നവര്‍ക്കറിയില്ലല്ലോ ഈ റേഡിയൊ കമന്ററി പറയുന്നത് അന്ധനാണെന്ന്. കണ്ണില്ലെങ്കിലെന്ത്, എല്ലാം പിടിച്ചെടുക്കുന്ന ചെവിയുണ്ട്. പിന്നെ കംപ്യൂട്ടറിനെ വെല്ലുന്ന ഓര്‍മശക്തിയും. ബാറ്റില്‍ പന്ത് തട്ടുന്നതിന്റെ ശബ്‌ദം കേട്ടാല്‍ ഡുപ്ലെസിക്കറിയാം അതെങ്ങോട്ടേക്കാണ് കുതിക്കുകയെന്ന്. പന്തിന്റെ സ്‌പീഡും സ്‌പിന്നും അയാളുടെ ചെവി പിടിച്ചെടുക്കും. ഒപ്പം കളിക്കാരുടെ ആഹ്ലാദത്തിന്റെയും നിരാശയുടെയും നിശ്വാസങ്ങളും. സ്‌കോര്‍ ബോര്‍ഡിനെ തോല്‍പിക്കും ഡുപ്ലെസിയുടെ കംപ്യൂട്ടര്‍ മനസ്സ്. ഹരാരെ കണ്‍ട്രി ക്ലബ്ബില്‍ മറ്റു ജേണലിസ്റ്റുകള്‍ പന്ത് മാനത്തേക്കുയരുന്നതു വീക്ഷിക്കുമ്പോള്‍തന്നെ മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞുതുടങ്ങും, `ദാറ്റ്‌സ് ബിഗ് വണ്‍, ഇറ്റീസ് ഗോണ്‍ ഫോര്‍ സിക്‌സ്'. ക്രിക്കറ്റിന്റെ അലസ താളം ഡുപ്ലെസിക്ക് ഏറെ ഇണങ്ങും. ബാസ്‌കറ്റ്‌ബോളിലോ ഫുട്‌ബോളിലോ ഡുപ്ലെസി തിളങ്ങണമെന്നില്ല. ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും കമന്റേറ്ററായി പോയിട്ടുണ്ട് ഡുപ്ലെസി. ഷെയ്‌ന്‍ വോണിന്റെ ശരീരചലനങ്ങളും വാചകമടികളും പോലും തനിക്ക് മനസ്സിലാക്കാനാവുമെന്ന് ഡുപ്ലെസി പറയുന്നു. കണ്ണില്‍ മുഴകളുമായി ജനിച്ച ഡുപ്ലെസി കുട്ടിക്കാലം കടക്കില്ലെന്നാണ് ഡോക്‌ടര്‍മാര്‍ പ്രവചിച്ചത്. ആറാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ അന്ധവിദ്യാലയത്തില്‍ ചേര്‍ന്നപ്പോഴാണ് സ്‌പോര്‍ട്‌സിനോട് കമ്പം തുടങ്ങിയത്. സ്റ്റേഡിയത്തിലെ എല്ലാ ബഹളത്തിനും മുകളിലൂടെ ഡുപ്ലെസി ഇന്ത്യയുമായുള്ള പരമ്പര `ആസ്വദിച്ചു'. ഇപ്പോള്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് മീഡിയ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
ലക്ഷ്‌മണക്ക് ഇവിടെ സുഖം
നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി ലക്ഷ്‌മണക്ക് ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കുന്നു. ഒരുകാലത്ത് പോലീസിനെയും ജനങ്ങളെയും വിറപ്പിച്ച ലക്ഷ്‌മണക്ക് ഇപ്പോഴും സഹായങ്ങള്‍ ചെയ്യാന്‍ പോലീസ് റെഡി. ജയിലിനുള്ളില്‍ പ്രത്യേകമുറി നല്‍കിയാണ് ലക്ഷ്‌മണയെ സ്വീകരിച്ചത്. പക്ഷേ സൗകര്യങ്ങള്‍ കുറവായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോലീസ് സെല്ലിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയതത്രെ. എന്നാല്‍ ജയില്‍ ആശുപത്രിക്ക് സമീപം അനുവദിച്ച പ്രത്യേക മുറിയില്‍ യൂറോപ്യന്‍ ക്ലോസറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ആശുപത്രി മുറിയിലേക്ക് താല്‍ക്കാലികമായി മാറ്റിയതെന്ന് അരമന രഹസ്യം. കിടക്കാന്‍ കട്ടിലും മറ്റും നല്‍കിയിരുന്നു.വര്‍ഗീസ് വധക്കേസില്‍ രണ്ടാം പ്രതിയായ ലക്ഷ്‌മണ വ്യാഴാഴ്‌ച രാത്രിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ലക്ഷ്‌മണയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്.
2010 ഒക്‌ടോബർ 30, ശനിയാഴ്‌ച
രാജുവിന് രക്ഷകരായത് പട്ടികള്‍
പീച്ചിയിലെ ഒളകര വനമേഖലയില്‍ മരുന്നു ശേഖരിക്കാന്‍ പോയ ആദിവാസിക്ക് കരടിയുടെ ആക്രമണത്തില്‍ പരിേക്കറ്റു. ഒളകര ആദിവാസി കോളനിയിലെ വേലായുധന്റെ മകന്‍ രാജുവിനാണ് (41) ശരീരത്തിലും മുഖത്തും മാരകമായി പരിക്കേറ്റത്. രാജുവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പട്ടികള്‍ കുരച്ച് ബഹളം വെച്ചതിനെ തുടര്‍ന്നാണ് കരടി ഇയാളെ ഉപേക്ഷിച്ചു കാട്ടിലേക്ക് ഓടിമറഞ്ഞത്. രാജുവിനെ മുളംകുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വനത്തില്‍ മരുന്നുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജുവിന്റെ നേരെ കരടി ചാടിവീഴുകയായിരുന്നു. മുഖം കരടി കടിച്ചു മുറിച്ചിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും മാന്തി മുറിവേല്‍പിച്ചിട്ടുമുണ്ട്. രാജുവിനെ കരടി ആക്രമിക്കുന്നത് കണ്ട് വളര്‍ത്തുപട്ടികള്‍ കരടിക്കുമേല്‍ ചാടിവീണ് കരടിയെ നേരിടുകയായിരുന്നു. പട്ടികളുടെ ആക്രമണം നേരിടാന്‍ കഴിയാതെ കരടി വനത്തിനുളളിലേക്ക് തിരികെ ഓടിയതിനാലാണ് രാജന്‍ രക്ഷപ്പെട്ടത്. രാജന്‍ പരിക്കേറ്റ് കിടക്കുന്ന വിവരം പട്ടികള്‍ കുരച്ച് മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായി കുരച്ച് ആദിവാസി കോളനിയില്‍ എത്തിയ പട്ടികളെ കണ്ട് പന്തികേട് തോന്നിയ കോളനിയിലെ മറ്റ് ആദിവാസികള്‍ പട്ടികളെ പിന്തുടര്‍ന്ന് വനത്തിനുള്ളില്‍ എത്തിയപ്പോഴാണ് പരിക്കേറ്റ് കിടക്കുന്ന രാജനെ കണ്ടത്.
തൂങ്ങി മരിച്ചത് കാണിച്ചുകൊടുത്തത് വളര്‍ത്തുനായ
ആദിവാസി യുവതി പുരയിടത്തില്‍ തൂങ്ങിമരിച്ചത് അമ്മക്ക് കാട്ടിക്കൊടുത്തത് വളര്‍ത്തു നായകള്‍. മറയൂര്‍ മുരുകന്‍മല അടിവാരത്ത് 51 ാം ബ്ലോക്കില്‍ താമസിക്കുന്ന ദാസിന്റെ ഭാര്യ ജയ (30) ആണു മരിച്ചത്. കല്ലുപണിക്കാരനായ ദാസ് വെണ്ണക്കുടിയിലാണ് താമസം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ജയ ഒന്നര ഏക്കര്‍ പുരയിടത്തിന്റെ ഒരു വശത്ത് തൂങ്ങിയത്. ജയയുടെ അമ്മ ഇവര്‍ താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ആരെയും കണ്ടില്ല. ജയയുടെ വളര്‍ത്തു നായകള്‍ ദയനീയമായി ഓരിയിട്ട് അമ്മയെ വട്ടം ചുറ്റിയശേഷം പുരയിടത്തിന്റെ ഒരു വശത്തേക്ക് ഓടി. സംശയം തോന്നിയ അമ്മ നായകള്‍ ബഹളം വെച്ചോടുന്ന സ്ഥലത്തേക്കു നടന്നു. കുറേ ദൂരെയെത്തിയപ്പോഴാണ് ജയ മരത്തില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്. തൂങ്ങി നില്‍ക്കുന്ന ജയയുടെ ചുറ്റിനും ഓടി കരഞ്ഞ് നായകള്‍ ബഹളമുണ്ടാക്കുകയും ചെയ്‌തു.
2010 ഒക്‌ടോബർ 29, വെള്ളിയാഴ്‌ച
`ലവ് ലിപ് ആന്റ് ലിപ്‌സ്റ്റിക്'
ഉത്തരഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ കഴിഞ്ഞ ദിവസം ഒരപൂര്‍വ മത്സരം നടന്നു. `ലവ് ലിപ് ആന്റ് ലിപ്‌സ്റ്റിക്'. മനസ്സിലായില്ലേ?.ആണ്‍കുട്ടികള്‍ കൂട്ടുകാരികള്‍ക്ക് സ്വന്തം ചുണ്ട് ഉപയോഗിച്ച് ലിപ്‌സ്റ്റിക് ഇട്ടുകൊടുക്കുന്നതായിരുന്നു മത്സര ഇനം. ഏറ്റവും ഭംഗിയായി ചുണ്ടില്‍ ലിപ്‌സ്റ്റിക് ഇടുന്നവര്‍ക്കായിരുന്നു സമ്മാനം.മത്സരത്തില്‍ ഐ.ഐ.ടിയിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു. വാര്‍ഷിക ടെക്‌നിക്കല്‍ ഫെസ്റ്റിനോട് അനുബന്ധിച്ചായിരുന്നു അപൂര്‍വ മത്സരം. മത്സരത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം മത്സരം ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
ഡ്രൈവറില്ലാത്ത വാനുകള്‍ ചൈനയിലെത്തി

ഡ്രൈവറില്ലാത്ത നാലു വാനുകള്‍ വിവിധ രാജ്യങ്ങള്‍ പിന്നിട്ട് ചൈനയിലെത്തി. യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സില്‍ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വാനുകളാണ് 13000 കിലോമീറ്റര്‍ പിന്നിട്ട് ചൈനയിലെ ഓട്ടോമൊബൈല്‍ എക്‌സിബിഷന്‍ സെന്ററില്‍ എത്തിയത്. ഇറ്റലിയില്‍നിന്ന് യാത്ര ആരംഭിച്ച് കിഴക്കന്‍ യൂറോപ്പ്, റഷ്യ, ഖസാക്കിസ്ഥാന്‍, ഗോബി മരുഭൂമി എന്നീ പ്രദേശങ്ങള്‍ പിന്നിട്ടാണ് നാലു വാഹനങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിയത്.ഓട്ടോമാറ്റിക് സാങ്കേതിക വിദ്യ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് പരീക്ഷണം. നേരത്തെ ചെറിയ ദൂരത്ത് വിജയകരമായി പരീക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ദീര്‍ഘദൂര സഞ്ചാരത്തിന് എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ഈ യാത്രയില്‍ പരീക്ഷിച്ചത്. വിവിധ രാജ്യങ്ങളിലെ റോഡുകള്‍, കാലാവസ്ഥ എന്നിവിടങ്ങളില്‍ ഈ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളാണ് പഠിക്കുന്നത്. പരീക്ഷണ യാത്രയില്‍ വാനുകളില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നു. യാത്രക്കിടെ എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ ഇടപെടുന്നതിന് വേണ്ടിയാണിത്. ചില ചെറിയ സാങ്കേതിക തകരാര്‍ മൂലം ചിലയിടങ്ങളില്‍ യാത്ര മുടങ്ങിയതൊഴിച്ചാല്‍ ദൗത്യം വിജയകരമായിരുന്നു.ഏഴു ക്യാമറകളും സെന്‍സറുകളും കമ്പ്യൂട്ടറുകളും ഘടിപ്പിച്ചതാണ് വാഹനം. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും കാമറ നിരീക്ഷിക്കും. മുന്നിലോ പിന്നിലോ മറ്റ് വാഹനങ്ങള്‍ വരുമ്പോള്‍ സെന്‍സറുകള്‍ മുന്നറിയിപ്പ് നല്‍കും. കമ്പ്യൂട്ടറുകള്‍ സ്റ്റിയറിംഗും ബ്രേക്കും ആക്‌സിലേറ്ററും നിയന്ത്രിക്കും. നഗരങ്ങളിലെ ട്രാഫിക് സംവിധാനങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തുന്നതിനും വളവുകള്‍ കൃത്യമായി തിരിക്കുന്നതിനും സംവിധാനങ്ങളുണ്ട്. മണിക്കൂറില്‍ 60 കിലോ മീറ്ററാണ് വേഗം. സോളാര്‍ സംവിധാനത്തിലാണ് സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്. വാഹനത്തിന്റെ പ്രധാന ബാറ്ററികള്‍ മൂന്നു മണിക്കൂര്‍ യാത്രക്കുശേഷം എട്ടു മണിക്കൂര്‍ ചാര്‍ജ് ചെയ്യേണ്ടതുണ്ട്. ഒന്നിലേറെ ബാറ്ററികള്‍ സ്റ്റേക്ക് ചെയ്‌താണ് യാത്ര.
2010 ഒക്‌ടോബർ 26, ചൊവ്വാഴ്ച
അത്ഭുത നീരാളിക്ക് വിട

ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫലങ്ങള്‍ പ്രവചിച്ച് ലോകപ്രശസ്‌തനായ പോള്‍ എന്ന നീരാളി തീപ്പെട്ടു. നീരാളി കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തില്‍ സ്വാഭാവിക മരണത്തിന് ഇരയായതായി പോളിനെ സൂക്ഷിച്ചിരുന്ന ഒബര്‍ഹോസന്‍ പട്ടണത്തിലെ സീ ലൈഫ് സെന്റര്‍ അക്വേറിയത്തിലെ മാനേജര്‍ സ്റ്റെഫാന്‍ പോര്‍വോള്‍ അറിയിച്ചു. മത്സര വിജയികളെ പ്രവചിച്ച് ലോകകപ്പിനെക്കാള്‍ വലിയ പ്രശസ്‌തി കൈവരിച്ച പോളിന്റെ മരണം തങ്ങള്‍ക്ക് താങ്ങാനാവാത്തതാണെന്ന് അക്വേറിയം മാനേജുമെന്റ് അറിയിച്ചു. ഫൈനലില്‍ സ്‌പെയിനിന്റെ വിജയമടക്കം എട്ടു മത്സരങ്ങളാണ് പോള്‍ കൃത്യമായി പ്രവചിച്ചത്. മത്സരിക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്ഥാപിച്ച പെട്ടികളില്‍നിന്നും വിജയികളുടെ പെട്ടി തെരഞ്ഞെടുത്താണ് പോള്‍ ശ്രദ്ധ നേടിയത്. ആദ്യ മത്സരങ്ങളിലെ പോളിന്റെ പ്രവചനങ്ങള്‍ ശരിയായതോടെ അവസാന പ്രവചനങ്ങള്‍ ജര്‍മന്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്‌തു. മരണ വിവരമറിഞ്ഞ് ഒരു മണിക്കൂറിനകം 150-ഓളം സന്ദേശങ്ങളാണ് പോളിനുവേണ്ടി തുറന്നിട്ടുള്ള ഫേസ് ബുക്ക് പേജില്‍ ആരാധകര്‍ പോസ്റ്റു ചെയ്‌തത്. തങ്ങളുടെ ഇഷ്‌ട ടീമിന്റെ പരാജയം പ്രവചിച്ചതിനാല്‍ പോളിന് ഒട്ടേറെ ശത്രുക്കളെയും ലഭിച്ചിരുന്നു. ജര്‍മനിയോട് ബ്രിട്ടന്‍ തോല്‍ക്കുമെന്ന പ്രവചനം ഇംഗ്ലീഷ് ആരാധകരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. പോളിനെ കൊന്നു തിന്നുമെന്ന് ഭീഷണി മുഴക്കിയ നിരവധി ഇ-മെയിലുകളും അക്വേറിയത്തില്‍ ലഭിച്ചിരുന്നു. പോളിന്റെ സുരക്ഷ ഉറപ്പുവരുത്താനായി അവനെ തങ്ങള്‍ക്കു വിട്ടുതരണമെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി ജോസ് ലൂയിസ് റോഡ്രിഗ്വസ് തന്നെ ആവശ്യപ്പെടുക പോലുമുണ്ടായി. പോളിന് ഉചിതമായ ഒരു സ്‌മാരകം പണിയാനും അക്വേറിയം അധികൃതര്‍ക്ക് പരിപാടിയുണ്ട്.
ആകാശത്തൊരു സുഖപ്രസവം
മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ആകാശത്തൊരു സുഖ പ്രസവം. സുഖ പ്രസവം. തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ആമിന റൗഷന്‍ ഖലീലിന് ഇത്തിഹാദ് വിമാനത്തിലെ യാത്രാവേളയില്‍ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിമാനം മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കുകയായിരുന്നു. കൂടെ ഭര്‍ത്താവുമുണ്ടായിരുന്നു. ആംബുലന്‍സ് സജ്ജമാക്കി നിര്‍ത്താനും മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ക്ക് പൈലറ്റ് നിര്‍ദേശം നല്‍കി. എന്നാല്‍ വിമാനം ലാന്റു ചെയ്യുന്നതിന് 20 മിനിട്ടു മുമ്പ് ആമിന പൂര്‍ണ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. യാത്രക്കാരില്‍ ഒരു നഴ്‌സുണ്ടായിരുന്നത് ആമിനയുടെ സുഖ പ്രസവത്തിന് സഹായകവുമായി. ആശുപത്രിയില്‍ തങ്ങളുടെ പൊന്നോമനക്കൊപ്പം കഴിയുകയാണ് ഈ മാലദ്വീപ് സ്വദേശികള്‍. പ്രസവം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരത്തിലോ ആകുമെന്നായിരുന്നു പ്രതീക്ഷ.
2010 ഒക്‌ടോബർ 20, ബുധനാഴ്‌ച
വി.ഐ.പി ആത്മഹത്യ
വിമാന ടോയ്‌ലറ്റില്‍ തൂങ്ങിമരണം. ഗള്‍ഫ് എയറിലാണ് സ്വന്തം കുപ്പായം ഉപയോഗിച്ച് 36 കാരനായ ഫിലിപ്പിനോ യുവാവ് ജീവനൊടുക്കിയത്. പോലീസ് അന്വേഷണം ആരംഭിച്ചതായി മനില എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. മനാമ-മനില വിമാനം മനിലയില്‍ ഇറങ്ങാന്‍ നേരം വിമാന ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ടോയ്‌ലറ്റ് അകത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് തൂങ്ങി മരിച്ചത് കണ്ടെത്തിയത്. യുവാവ് ദുബായില്‍ ടെക്‌നീഷ്യനായി ജോലി ചെയ്‌തുവരികയായിരുന്നത്രേ. സെപ്‌റ്റംബറില്‍ ഇതേ എയര്‍പോര്‍ട്ടില്‍ ഗള്‍ഫ് എയര്‍ വിമാനത്തിന്റെ ടോയ്‌ലറ്റിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയിരുന്നു.
2010 ഒക്‌ടോബർ 19, ചൊവ്വാഴ്ച
ഇതും ഒരു ഡോക്‌ടര്‍
അര്‍ധ ബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെ ഡോക്‌ടര്‍ ബലാല്‍സംഗം ചെയ്‌തു. ഉല്‍സവ സ്ഥലത്ത് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അര്‍ധ ബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെയാണ് ഡോക്‌ടര്‍ മാനഭംഗപ്പെടുത്തിയത്. ശനിയാഴ്‌ച രാത്രി ദുര്‍ഗാപൂജയോടനുബന്ധിച്ചുള്ള ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ നവി മുംബൈയില്‍ എത്തിയ സ്‌ത്രീയാണ് രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞുവീണത്. തുടര്‍ന്ന് ലോട്ടസ് ആശുപത്രിയില്‍ എത്തിച്ചു. മുപ്പതുകാരിയായ ബംഗാളി യുവതി വിവാഹിതയാണ്. ആശുപത്രിയിലെ ഐ.സി.യുവിലാണ് മാനഭംഗം നടന്നത്. സംഭവത്തെ തുടര്‍ന്ന് 26 കാരനായ ഡോക്‌ടറെ വാശി പോലീസ് അറസ്റ്റ് ചെയ്‌തു. രാത്രി ആശുപത്രിയില്‍ എത്തിച്ച യുവതിയെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഡോക്‌ടര്‍ ബലാല്‍സംഗം ചെയ്‌തത്. താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന് യുവതിക്ക് മനസ്സിലായെങ്കിലും തളര്‍ച്ച മൂലം എതിര്‍ക്കാനോ നിലവിളിക്കാനോ കഴിഞ്ഞിരുന്നില്ല. കൃത്യം നടത്തിയതായി ഡോക്‌ടര്‍ പോലീസിനോട് സമ്മതിച്ചു. ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)