2010 നവംബർ 17, ബുധനാഴ്‌ച
സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ് തയാറാക്കി ഒരാള്‍
മൈസൂരിലെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌ത എ.എസ്.ഐ പനയാല്‍ സ്വദേശി തമ്പാന്‍ (48) വിഷം കഴിക്കുന്നതിന് മുമ്പ് സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് എഴുതി തയാറാക്കി. ഏഴ് പേജ് വരുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥന്റെ പീഡനം അടക്കമുള്ള നിരവധി കാര്യങ്ങള്‍ തമ്പാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ മരിച്ചവരുടെ ജഡം പരിശോധിച്ച് എസ്.ഐമാര്‍ ഇന്‍ക്വസ്റ്റ് തയാറാക്കുന്നത് പോലെയാണ് സ്വന്തം മൃതദേഹത്തിന്റെ വിവരണവും എ.എസ്.ഐ തമ്പാന്‍ നടത്തിയിട്ടുള്ളത്. ആത്മഹത്യ ചെയ്‌ത മുറിയുടെ നീളവും വീതിയും മുറിയില്‍ കാണപ്പെടുന്ന ഫാന്‍, മേശ, കസേര, കുടിവെള്ളം സൂക്ഷിച്ച കൂജ, ജഡം കിടന്ന കട്ടിലിലെ തുണിവിരി, ജഡത്തിന്റെ കാല്‍ കിഴക്കോട്ടും തല പടിഞ്ഞാറ് ഭാഗത്തും തുടങ്ങി പോലീസ് രീതിയിലുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വള്ളി പുള്ളി വിടാതെ എഴുതിവെച്ച ശേഷമാണ് തമ്പാന്‍ വിഷം കഴിച്ചത്. പോലീസില്‍ ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയും ഇല്ലെന്നും മേലുദ്യോഗസ്ഥരെ പല കാര്യങ്ങളിലും പ്രീതിപ്പെടുത്തുന്നവര്‍ക്ക് അവാര്‍ഡും ഗുഡ് സര്‍വീസ് എന്‍ട്രിയും അടക്കം കിട്ടുമെന്നും തമ്പാന്‍ കുറിപ്പില്‍ പറയുന്നു. കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത ഒരു പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ അവാര്‍ഡ് കിട്ടിയ കാര്യവും ഇത്തരക്കാര്‍ക്ക് മെഡല്‍ നല്‍കുമ്പോള്‍ മുഖ്യമന്ത്രി പുനരാലോചന നടത്തണമെന്നും തമ്പാന്റെ കുറിപ്പിലുണ്ട്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. മൂത്ത മകന് സ്വത്തില്‍ നല്ലൊരു ഭാഗം നല്‍കണമെന്നും കുറിപ്പിലുണ്ട്. കുറിപ്പ് ഇപ്പോള്‍ മൈസൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
2010 നവംബർ 15, തിങ്കളാഴ്‌ച
പൂര്‍ണ ഗര്‍ഭിണിക്ക് ഇരട്ട സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ എട്ടു മാസം ഗര്‍ഭിണിയായ ഗിം യുന്‍ മി തെക്കന്‍ കൊറിയക്ക് നേടിക്കൊടുത്തത് ഇരട്ട സ്വര്‍ണം. 10 മീ. എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഗിം ഒന്നാമതെത്തി. യോഗ്യതാ റൗണ്ടില്‍ രണ്ടു പോയന്റിന് പിന്നിലായിട്ടും ഒരു പിരിമുറുക്കവുമില്ലാതെ ഇരുപത്തെട്ടുകാരി ഷൂട്ട് ചെയ്‌ത് മുന്നേറി. ഗര്‍ഭസ്ഥ ശിശുവാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് ഗിം പറഞ്ഞു. ഇന്നലെ ഷൂട്ടിംഗിലെ നാലു സ്വര്‍ണവും കൊറിയയാണ് പിടിച്ചെടുത്തത്. ഷൂട്ടിംഗില്‍ പത്തിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ചൈനക്കും കൊറിയക്കും അഞ്ചു വീതം സ്വര്‍ണമായി. കൊറിയയുടെ ഇരുപത്തിരണ്ടുകാരി ലീ ദേം യംഗിന് മൂന്നു സ്വര്‍ണം ലഭിച്ചു. ഷൂട്ടിംഗില്‍ 34 സ്വര്‍ണം കൂടി നിശ്ചയിക്കാനുണ്ട്. കഴിഞ്ഞ തവണ ചൈന ഷൂട്ടിംഗില്‍ 27 സ്വര്‍ണം നേടിയിരുന്നു. ഇന്ത്യക്ക് മൂന്നു സ്വര്‍ണമാണ് ലഭിച്ചത്.
2010 നവംബർ 14, ഞായറാഴ്‌ച
കുഞ്ഞ് വേണ്ട, കാര്‍ മതി
കാറിനായി കുഞ്ഞിനെ വില്‍ക്കാനും തയാര്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് മാതൃത്വത്തിന്റെ പുതിയ മുഖം. സ്‌ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഫ്‌േളാറിഡ സംസ്ഥാനത്തെ ബ്രാഡന്‍ടണ്‍ സ്വദേശിനി സ്‌റ്റെഫാനി ബിഗ്‌ബി ഫെ്‌ളമിങ് (22) ആണ് പ്രതി. എട്ടാഴ്‌ചയായിരുന്നു ആണ്‍കുഞ്ഞിന്റെ പ്രായം. വില്‌പനയിലെ ഇടനിലക്കാരി സ്‌റ്റെഫാനിയുടെ അമ്മ പാറ്റി ബിഗ്‌ബി (45) തന്നെ. പാറ്റിയുടെ കാമുകന്‍ ലോറന്‍സ് വര്‍ക്‌സ് (42) സഹായിയായി. ഇവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.പുതിയ കാര്‍ വാങ്ങാനും നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിച്ചെലവ് നടത്താനുമുള്ള പണം കണ്ടെത്തുന്നതിനാണ് സ്‌റ്റെഫാനിയും സംഘവും കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായത്. 75,000 ഡോളറാണ് കുഞ്ഞിന്റെ വിലയായി ആവശ്യപ്പെട്ടിരുന്നതെങ്കിലും വാങ്ങാനെത്തിയയാള്‍ക്ക് ബാങ്ക് വായ്‌പ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് തുക 30,000 ഡോളറാക്കി കുറച്ചു. ഇതില്‍ 9000 ഡോളര്‍ സ്‌റ്റെഫാനിക്കും ബാക്കി പാറ്റിക്കും ലോറന്‍സിനുമെന്നായിരുന്നത്രെ ധാരണ.കുഞ്ഞിനെ നല്‍കാമെന്ന് ബന്ധുവായ മറ്റൊരു സ്‌ത്രീക്ക് ബിഗ്‌ബി വാക്കുനല്‍കിയിരുന്നതായി അറസ്റ്റ് രേഖയില്‍ പറയുന്നു. ഈ സ്‌ത്രീ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഏജന്‍റില്‍നിന്ന് 30,000 ഡോളറിന്റെ ചെക്ക് വാങ്ങി കുഞ്ഞിനെ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. കുഞ്ഞ് പോലീസിന്റെ സംരക്ഷണത്തിലാണ്.
2010 നവംബർ 11, വ്യാഴാഴ്‌ച
അര്‍ധ സൈന്യത്തിലെ ആത്മഹത്യ
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സി.ആര്‍.പി.എഫ്, ബി.എസ്.എഫ് വിഭാഗങ്ങളില്‍ പെട്ട് ഇരുനൂറിലേറെ ജവാന്‍മാര്‍ ആത്മഹത്യ ചെയ്‌തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക വിഷമതകള്‍ എന്നീ കാരണങ്ങളാണ് ഇത്രയേറെ പേര്‍ ആത്മഹത്യ ചെയ്‌തത്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് അര്‍ധ സൈനിക വിഭാഗങ്ങളാണ് സി.ആര്‍.പി.എഫും ബി.എസ്.എഫും. ആത്മഹത്യ നിരക്കില്‍ മുമ്പില്‍ സി.ആര്‍.പി.എഫാണ്. ഇവരില്‍ 143 പേര്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ ബി.എസ്.എഫിലേത് 75 ആണ്. മാവോവാദി വേട്ട, അതിര്‍ത്തി സംരക്ഷണം, ക്രമസമാധാന പാലനം എന്നിവയിലും മറ്റു ജോലികളിലുമാണ് ഇരു സേനയേയും ഉപയോഗിക്കുന്നത്. ചില ജവാന്‍മാര്‍ സ്വന്തം ആയുധമുപയോഗിച്ചാണ് ജീവനൊടുക്കിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് മിക്ക ആത്മഹത്യകള്‍ക്കും കാരണമെന്നും രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹ മന്ത്രി അജയ് മാക്കന്‍ വ്യക്തമാക്കി. ആവശ്യത്തിന് അവധി അനുവദിക്കുക, ജവാന്‍മാരുടെ കുടുംബത്തിന് ബറ്റാലിയനടുത്ത് താമസ സൗകര്യമൊരുക്കല്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കല്‍, അതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്ക് കുടുംബവുമായി ആശയവിനിമയത്തിന് സൗകര്യമുണ്ടാക്കല്‍ എന്നിവയാണ് ആത്മഹത്യാ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. ഇതിന് പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥാരുമായി അനൗപചാരിക കൂടിക്കാഴ്‌ചക്ക് സംവിധാനമുണ്ടാക്കും. സി.ആര്‍.പി.എഫ്, ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് എയര്‍ കുറിയര്‍ സര്‍വീസുമേര്‍പ്പെടുത്തും. സി.ആര്‍.പി.എഫില്‍ മൂന്ന് ലക്ഷത്തിലേറെ ജവാന്‍മാരാണുള്ളത്. ബി.എസ്.എഫില്‍ 2.3 ലക്ഷം പേരും.
2010 നവംബർ 10, ബുധനാഴ്‌ച
`ലാളിത്യമില്ലാത്ത കൂട്ടം'
വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് ലാളിത്യവും വിനയവുമില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ കോച്ച് മിക്കി ആര്‍തര്‍. ടേക്കിംഗ് ദ മിക്കി എന്ന തന്റെ പുസ്‌തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.2008ലെ പരമ്പര സമനിലയിലാക്കി കാണ്‍പൂരില്‍ ഇന്ത്യ വിജയിച്ചപ്പോഴുള്ള യുവ കളിക്കാരുടെ ആഹ്ലാദ പ്രകടനമാണ് മിക്കി പരാമര്‍ശിക്കുന്നത്. അവരുടെ വിജയാഹ്ലാദം തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. നിലവിളിക്കുകയും അട്ടഹസിക്കുകയും ചെയ്‌തുകൊണ്ട് ഓടുകയായിരുന്നു അവര്‍. അവരുടെ ആഹ്ലാദ പ്രകടനം കണ്ടാല്‍ തോന്നുക ലോകകപ്പ് ജയിച്ചെന്നാണ് ?-ആര്‍തര്‍ എഴുതുന്നു.
2010 നവംബർ 8, തിങ്കളാഴ്‌ച
കുടിവെള്ളത്തില്‍ വീണ ആനക്കുട്ടി

കുടിവെള്ള ടാങ്കില്‍ വീണ ആനക്കുട്ടിയെ ് രക്ഷപ്പെടുത്തി. റാക്ക്‌വുഡ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട് ചേര്‍ന്ന സിമന്റ് ടാങ്കിലാണ് ആനക്കുട്ടി വീണത്. പുലര്‍ച്ചെയാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളുടെ കുടിവെള്ളാവശ്യത്തിനായി നിര്‍മിച്ച പത്ത് അടിയോളം താഴ്‌ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇതില്‍ മൂന്ന് അടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞ് ബിദര്‍ക്കാട് റേഞ്ച് ഫോറസ്റ്റര്‍മാരായ ശെല്‍വരാജ്, പത്മനാഭന്‍, ഗാര്‍ഡുമാരായ പരമേശ്വരന്‍, ശശി എന്നിവര്‍ സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം ശ്രമിച്ച് കയറിട്ട് കുട്ടിയാനയെ കരകയറ്റി. രക്ഷപ്പെടുത്തിയ ആനക്കുട്ടി കുറച്ചകലെ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിലേക്ക് ഓടിപ്പോയി.
2010 നവംബർ 7, ഞായറാഴ്‌ച
കൊമ്പനാനക്കു സൗന്ദര്യ ചികിത്സ
ഇന്ത്യയിലാദ്യമായി, കൊമ്പനാനക്കു സൗന്ദര്യ ദന്തചികിത്സ നടത്തി ഡോ. പ്രദീപ് ശ്രദ്ധേയനായി. തൃശൂര്‍ ജില്ലയിലെ 27 വയസ്സുള്ള ആനക്കാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൊമ്പനാനയുടെ ഒരു കൊമ്പ് അഞ്ചു വര്‍ഷമായി വിണ്ടുകീറിയ നിലയിലായിരുന്നു. ഈ വിള്ളലില്‍ ചെളിയും വെള്ളവും കയറി കൊമ്പിന്റെ സൗന്ദര്യം നഷ്‌ടപ്പെടുകയും രോഗബാധയുണ്ടാകാനുള്ള സാഹചര്യം വര്‍ധിക്കുകയും ചെയ്‌തു. മനുഷ്യ ദന്ത ചികിത്സയില്‍ രണ്ടു പതിറ്റാണ്ടു കാലത്തെ വൈദഗ്‌ധ്യമുള്ള ഡോക്‌ടര്‍ പ്രദീപ് ഈ ദൗത്യം ഏറ്റെടുത്തു. മനുഷ്യരുടെയും ആനയുടെയും പല്ലുകളിലെ രാസ-ജൈവ വ്യത്യാസത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കി. ലോകത്തൊരിടത്തും ഇത്തരത്തിലൊരു ചികിത്സ ആരും നടത്തിയിട്ടില്ലെന്നു കൂടി അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഡോക്‌ടര്‍ക്ക് ആവേശമായി. ആനയുടെ കൊമ്പില്‍ മനുഷ്യന്റെ പല്ലിനേക്കാള്‍ പള്‍പ്പിന്റെ ശതമാനവും രക്തയോട്ടവും കൂടുതലാണെന്നും കണ്ടെത്തി. കൊമ്പിലെ മുറിവിനു 50 സെമി നീളവും നാലു സെ.മി ആഴവുമുണ്ടായിരുന്നു. നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള `മൈക്രോ ആന്റ് മാക്രോ ബോണ്ടിംഗ്' രീതിയാണ് ചികിത്സയില്‍ അവലംബിച്ചത്. `ലൈറ്റ് ക്യൂര്‍ കോംപോസിറ്റ് റസിന്‍ ' എന്ന പദാര്‍ഥം ഉപയോഗിച്ചാണ് വിള്ളല്‍ അടച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ. മയക്കാതെയുള്ള ചികിത്സക്കിടയില്‍ ഒരു തവണ ആന എഴുന്നേറ്റെങ്കിലും, പിന്നീട് അനുസരണയോടെ ചികിത്സയുമായി സഹകരിച്ചു.ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ഡോ. പ്രദീപ് തന്നെയാണ് രൂപകല്‌പന ചെയ്‌തത്. മനുഷ്യരുടെ പല്ലിന്റെ വിള്ളല്‍ ചികിത്സിക്കാനുപയോഗിക്കുന്ന അതേ രാസപദാര്‍ഥം തന്നെയാണ് ആനക്കും ഉപയോഗിച്ചത്. ആന കൊമ്പിന്റെ വിള്ളലിന്റെ കാരണം വ്യക്തമല്ല. കാത്സ്യ കുറവോ, മറ്റു വൈകല്യം മൂലമോ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. ഈ കൊമ്പനു രണ്ടു ചെറിയ സൂപ്പര്‍ ന്യൂമറി ഉളിപ്പല്ലുകള്‍ കൂടിയുണ്ട്. ആനകളില്‍ ഇതും അപൂര്‍വമാണ്. സാധാരണ നിലയില്‍ ഉളിപ്പല്ലുകളാണ് കൊമ്പുകളായി രൂപാന്തരം പ്രാപിക്കുന്നത്. ആനയുടെ ദന്ത ചികിത്സക്കുള്ള രാസപദാര്‍ഥങ്ങള്‍ക്കു മാത്രം 50000 ലധികം രൂപയായി. ഡോ. ജയപ്രസാദ് കോടോത്ത് (കാഞ്ഞങ്ങാട്), ഡോ. ജോര്‍ജ് ജേക്കബ് (എറണാകുളം) എന്നിവരും ചികിത്സയില്‍ പ്രദീപിനെ സഹായിക്കാനുണ്ടായിരുന്നു.
2010 നവംബർ 6, ശനിയാഴ്‌ച
ലോക മുത്തശ്ശിക്ക് വിട
ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഫ്രഞ്ച് കന്യാസ്‌ത്രീ അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിലാണ് ഇവര്‍ പ്രസിദ്ധയായത്. 114ാം വയസ്സിലായിരുന്നു യൂജീന്‍ ബ്ലാന്‍കാര്‍ഡിന്റെ അന്ത്യം. കരീബിയന്‍ ദ്വീപായ സെയിന്‍റ് ബാര്‍തെലെമിയില്‍ 1896 ഫെബ്രുവരി 16നാണ് യൂജീന്റെ ജനനം. അടുത്തുള്ള ആന്‍റിലസ് ദ്വീപായിരുന്നു അവരുടെ വാസ കേന്ദ്രം. സെയിന്‍റ് ബാര്‍തെലെമി ആശുപത്രിയിലായിരുന്നു കഴിഞ്ഞ മുപ്പതു വര്‍ഷം, ഇവര്‍. ജപ്പാനിലെ കാമാ ചിനന്റെ മരണത്തെത്തുടര്‍ന്ന് ഈ വര്‍ഷം മെയ് രണ്ടിനാണ് യൂജീന്‍ ഗിന്നസ് ബുക്കില്‍ കയറിയത്. 114 വയസ്സായ ശേഷമാണ് കാമായും മരിച്ചത്. അമേരിക്കയിലെ യൂനിസ് സാന്‍ബോണാണ് ഇനി ലോക മുത്തശ്ശി. 1896 ജൂലൈ 20ന് ആയിരുന്നു അവരുടെ ജനനം.
2010 നവംബർ 5, വെള്ളിയാഴ്‌ച
ഒബാമയുടെ സുരക്ഷ
34 യു.എസ് പടക്കപ്പലുകളാണ് ഒബാമയുടെ സുരക്ഷക്കായി എത്തിയിരിക്കുന്നത്. ഇതില്‍ ഒരു വിമാനവാഹിനിയുമുണ്ട്. പ്രസിഡന്റ് മുംബൈയില്‍ കഴിയുന്ന രണ്ട് ദിവസം തീരക്കടലില്‍ യു.എസ് പടക്കപ്പലുകള്‍ പട്രോളിംഗ് നടത്തും. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്ര കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ഒബാമയുടെ വിമാനത്തിന് സുരക്ഷയൊരുക്കുന്ന രണ്ട് യു.എസ് ബോംബര്‍ ജംബോ വിമാനങ്ങളും നാല് ഹെലിക്കോപ്‌റ്ററും നേരത്തെതന്നെ മുംബൈയിലെത്തിക്കഴിഞ്ഞു. ബോംബിംഗ് നടത്താന്‍ വേണ്ട സജ്ജീകരണങ്ങളോടെയാണ് ഇവ എത്തിയിരിക്കുന്നത്‌വിമാനത്താവളത്തില്‍നിന്ന് മറീന്‍ വണ്‍ ഹെലിക്കോപ്‌റ്ററില്‍ കയറുന്ന ഒബാമ നേരെ ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് ശിക്രയിലേക്കാവും പോവുക. അവിടെനിന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക കാറായ ലിങ്കണ്‍ കോണ്ടിനെന്റല്‍ ലെമൂസിനില്‍ താജ് ഹോട്ടലിലേക്ക്. കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും പുറമെ 40 കാറുകളും ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍നിന്ന് എത്തിയിട്ടുണ്ട്. ഒബാമയുടെ വാഹനവ്യൂഹം മുഴുവന്‍ അമേരിക്കന്‍ കാറുകളാവും. ഒബാമയുടെ വിമാനം ഇറങ്ങുന്നതിന് ആറ് മിനിറ്റ് മുമ്പു മുതല്‍ ആറ് മിനിറ്റ് ശേഷം വരെ വിമാനത്താവളത്തില്‍ മറ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ അനുവാദമുണ്ടാവില്ല. പ്രസിഡന്റിന്റെ വിമാനത്തിനുള്ളില്‍നിന്ന് എല്ലാവരും പുറത്തുപോകുംവരെ മറ്റ് വിമാനങ്ങളുടെ ടാക്‌സിയിംഗ് പോലും നിര്‍ത്തിവെക്കും.ഒബാമക്കും പരിവാരത്തിനുമായി 800 ഹോട്ടല്‍ മുറികളാണ് മുംബൈയില്‍ ബുക്ക് ചെയ്‌തിരിക്കുന്നത്. താജിനുപുറമെ, ഹോട്ടല്‍ ഹയാത്തിലും മുറികള്‍ ബുക്ക് ചെയ്‌തിട്ടുണ്ട്. ഒബാമ മുംബൈയില്‍ താമസിക്കുന്ന താജ് ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ഹോട്ടലിനകത്തും പുറത്തും യു.എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പുറമെ നൂറുകണക്കിന് ഇന്ത്യന്‍ പോലീസുകാരെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
അതേ സമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളൂവെന്ന് പെന്റഗണ്‍ വക്താവ് ജിയോഫ് മോറല്‍ പറഞ്ഞു. യുഎസ് നേവിയുടെ പത്ത് ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി പശ്ചാത്തല സൗകര്യം ഒരുക്കുകമാത്രമാണ് പെന്റഗണ്‍ ചെയ്‌തത്.
അതേ സമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളൂവെന്ന് പെന്റഗണ്‍ വക്താവ് ജിയോഫ് മോറല്‍ പറഞ്ഞു. യുഎസ് നേവിയുടെ പത്ത് ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി പശ്ചാത്തല സൗകര്യം ഒരുക്കുകമാത്രമാണ് പെന്റഗണ്‍ ചെയ്‌തത്.
2010 നവംബർ 4, വ്യാഴാഴ്‌ച
ഒബാമയും തേങ്ങാക്കുലയും
ഒബാമയുടെ തലയില്‍ തേങ്ങാ വീണാലോ. കാര്യം അബദ്ധമായതു തന്നെ. അതല്ല, കേരളത്തില്‍ തീവ്രവാദം വളരുന്നുണ്ടെന്നും അത് കേരളീയ കാര്‍ഷികോല്‍പന്നങ്ങളിലേക്കും പടരുമെന്ന ഭയമോ?. ഏതായാലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്ന അധികൃതര്‍ മുംബൈ മണിഭവനിലെ തെങ്ങുകളില്‍നിന്ന് തേങ്ങകള്‍ പറിച്ചുമാറ്റി. തെങ്ങോലകളും മുറിച്ചുമാറ്റിയിട്ടുണ്ട്. ഉണങ്ങിയതും വിളഞ്ഞതുമായ തേങ്ങകള്‍ എല്ലാം ഇവിടെനിന്നു മാറ്റിയിട്ടുണ്ട്. തേങ്ങകളും ഓലകളും വെട്ടിമാറ്റണമെന്ന് ബി.എം.സിയുടെ വാര്‍ഡ് ഓഫീസില്‍ മണിഭവന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)