വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2012, ജൂൺ 18, തിങ്കളാഴ്‌ച

നായിഫിനു വിട

ഇന്നലെ നിര്യാതനായ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ നായിഫ്‌ രാജകുമാരന്റെ മയ്യിത്ത്‌ ഖബറടക്കി. മക്ക അല്‍അദ്‌ല്‍ ഖബര്‍സ്ഥാനില്‍ സഹോദരന്മാരായ മന്‍സൂര്‍ രാജകുമാരന്‍, ഫവാസ്‌ രാജകുമാരന്‍, മാജിദ്‌ രാജകുമാരന്‍, മുശാരി രാജകുമാരന്‍ എന്നിവരുടെ ഖബറുകള്‍ക്ക്‌ സമീപമാണ്‌ ഖബറടക്കിയത്‌. ഇവിടെത്തന്നെയാണ്‌ അബ്‌ദുല്ല അല്‍ഫൈസല്‍ രാജകുമാരന്‍, മുഹമ്മദ്‌ അല്‍അബ്‌ദുല്ല അല്‍ഫൈസല്‍ രാജകുമാരന്‍, മുന്‍ ഗ്രാന്റ്‌ മുഫ്‌തി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ ബിന്‍ ബാസ്‌ എന്നിവരെയും ഏതാനും പ്രമുഖ പണ്ഡിതരെയും ഹറം ഇമാമുമാരെയും മറവു ചെയ്‌തിരിക്കുന്നത്‌.


നായിഫ്‌ രാജകുമാരനെ മറവു ചെയ്യുന്നതിന്‌ രണ്ടു മീറ്റര്‍ നീളവും 80 സെന്റീമീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ താഴ്‌ചയുമുള്ള ഖബറാണ്‌ കുഴിച്ചത്‌. വിശുദ്ധ ഹറമില്‍നിന്ന്‌ 15 കിലോമീറ്റര്‍ ദൂരെയാണ്‌ അല്‍അദ്‌ല്‍ ഖബര്‍സ്ഥാന്‍. ഇതിന്റെ ആകെ വിസ്‌തീര്‍ണം അര ലക്ഷം ചതുരശ്ര മീറ്ററാണ്‌. പ്രമുഖ വ്യക്തികള്‍ക്കു പുറമെ ആയിരക്കണക്കിന്‌ സാധാരണക്കാരുടെ മയ്യിത്തുകളും അല്‍അദ്‌ല്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്‌തിട്ടുണ്ട്‌.

പ്രതിരോധ മന്ത്രി സല്‍മാന്‍ രാജകുമാരന്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അഹ്‌മദ്‌ രാജകുമാരന്‍, മക്ക ഗവര്‍ണര്‍ ഖാലിദ്‌ അല്‍ഫൈസല്‍ രാജകുമാരന്‍, അബ്‌ദുറഹ്‌മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍, തുര്‍ക്കി ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍, മംദൂഹ്‌ ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍ എന്നിവരും നായിഫ്‌ രാജകുമാരന്റെ പുത്രന്മാരും അടക്കം നിരവധി രാജകുമാരന്മാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു. അനന്തര ചടങ്ങുകള്‍ വീക്ഷിക്കുന്നതിന്‌ വിദേശികള്‍ അടക്കം ആയിരക്കണക്കിനാളുകള്‍ അല്‍അദ്‌ല്‍ ഖബര്‍സ്ഥാനിനു മുന്നില്‍ തടിച്ചുകൂടി.

തീര്‍ത്തും ലളിതമായിരുന്നു നായിഫ്‌ രാജകുമാരന്റെ അനന്തര ചടങ്ങുകള്‍. അല്‍അദ്‌ല്‍ ഖബര്‍സ്ഥാനിലെ പതിനായിരക്കണക്കിന്‌ ഖബറുകളില്‍നിന്ന്‌ വിഭിന്നമായ യാതൊരു മോടിയും ആഡംബരവും കിരീടാവകാശിയുടെ ഖബറിനില്ല. ഇസ്‌ലാമിന്റെ മഹോന്നത മൂല്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാല്‍, മറ്റു രാഷ്‌ട്ര നേതാക്കളുടെ അനന്തര കര്‍മങ്ങളില്‍ പതിവു കാഴ്‌ചയായ ഔദ്യോഗിക ആചാര ബഹുമതികള്‍ ഖബറടക്ക ചടങ്ങിലുണ്ടായിരുന്നില്ല.