വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2012, ജൂൺ 18, തിങ്കളാഴ്‌ച

നായിഫിനു വിട

ഇന്നലെ നിര്യാതനായ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ നായിഫ്‌ രാജകുമാരന്റെ മയ്യിത്ത്‌ ഖബറടക്കി. മക്ക അല്‍അദ്‌ല്‍ ഖബര്‍സ്ഥാനില്‍ സഹോദരന്മാരായ മന്‍സൂര്‍ രാജകുമാരന്‍, ഫവാസ്‌ രാജകുമാരന്‍, മാജിദ്‌ രാജകുമാരന്‍, മുശാരി രാജകുമാരന്‍ എന്നിവരുടെ ഖബറുകള്‍ക്ക്‌ സമീപമാണ്‌ ഖബറടക്കിയത്‌. ഇവിടെത്തന്നെയാണ്‌ അബ്‌ദുല്ല അല്‍ഫൈസല്‍ രാജകുമാരന്‍, മുഹമ്മദ്‌ അല്‍അബ്‌ദുല്ല അല്‍ഫൈസല്‍ രാജകുമാരന്‍, മുന്‍ ഗ്രാന്റ്‌ മുഫ്‌തി ശൈഖ്‌ അബ്‌ദുല്‍ അസീസ്‌ ബിന്‍ ബാസ്‌ എന്നിവരെയും ഏതാനും പ്രമുഖ പണ്ഡിതരെയും ഹറം ഇമാമുമാരെയും മറവു ചെയ്‌തിരിക്കുന്നത്‌.


നായിഫ്‌ രാജകുമാരനെ മറവു ചെയ്യുന്നതിന്‌ രണ്ടു മീറ്റര്‍ നീളവും 80 സെന്റീമീറ്റര്‍ വീതിയും ഒന്നര മീറ്റര്‍ താഴ്‌ചയുമുള്ള ഖബറാണ്‌ കുഴിച്ചത്‌. വിശുദ്ധ ഹറമില്‍നിന്ന്‌ 15 കിലോമീറ്റര്‍ ദൂരെയാണ്‌ അല്‍അദ്‌ല്‍ ഖബര്‍സ്ഥാന്‍. ഇതിന്റെ ആകെ വിസ്‌തീര്‍ണം അര ലക്ഷം ചതുരശ്ര മീറ്ററാണ്‌. പ്രമുഖ വ്യക്തികള്‍ക്കു പുറമെ ആയിരക്കണക്കിന്‌ സാധാരണക്കാരുടെ മയ്യിത്തുകളും അല്‍അദ്‌ല്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്‌തിട്ടുണ്ട്‌.

പ്രതിരോധ മന്ത്രി സല്‍മാന്‍ രാജകുമാരന്‍, ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി അഹ്‌മദ്‌ രാജകുമാരന്‍, മക്ക ഗവര്‍ണര്‍ ഖാലിദ്‌ അല്‍ഫൈസല്‍ രാജകുമാരന്‍, അബ്‌ദുറഹ്‌മാന്‍ ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍, തുര്‍ക്കി ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍, മംദൂഹ്‌ ബിന്‍ അബ്‌ദുല്‍ അസീസ്‌ രാജകുമാരന്‍ എന്നിവരും നായിഫ്‌ രാജകുമാരന്റെ പുത്രന്മാരും അടക്കം നിരവധി രാജകുമാരന്മാരും മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തു. അനന്തര ചടങ്ങുകള്‍ വീക്ഷിക്കുന്നതിന്‌ വിദേശികള്‍ അടക്കം ആയിരക്കണക്കിനാളുകള്‍ അല്‍അദ്‌ല്‍ ഖബര്‍സ്ഥാനിനു മുന്നില്‍ തടിച്ചുകൂടി.

തീര്‍ത്തും ലളിതമായിരുന്നു നായിഫ്‌ രാജകുമാരന്റെ അനന്തര ചടങ്ങുകള്‍. അല്‍അദ്‌ല്‍ ഖബര്‍സ്ഥാനിലെ പതിനായിരക്കണക്കിന്‌ ഖബറുകളില്‍നിന്ന്‌ വിഭിന്നമായ യാതൊരു മോടിയും ആഡംബരവും കിരീടാവകാശിയുടെ ഖബറിനില്ല. ഇസ്‌ലാമിന്റെ മഹോന്നത മൂല്യങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനാല്‍, മറ്റു രാഷ്‌ട്ര നേതാക്കളുടെ അനന്തര കര്‍മങ്ങളില്‍ പതിവു കാഴ്‌ചയായ ഔദ്യോഗിക ആചാര ബഹുമതികള്‍ ഖബറടക്ക ചടങ്ങിലുണ്ടായിരുന്നില്ല.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ദളിത്‌ സഹോദരിമാരെ ചുട്ടുകൊന്നു

ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ രണ്ട്‌ ദളിത്‌ സഹോദരിമാരെ ജനക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു. കൊതിവാള്‍ നഗറിലാണ്‌ സംഭവം. ഒളിവില്‍ കഴിയുന്ന ഇയാളെ അന്വേഷിച്ചുചെന്നവര്‍ വീടിന്‌ തീക്കൊളുത്തുകയായിരുന്നു. മാതാവ്‌ രജോ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ മക്കളായ ഗീതയും മോനുവും വെന്ത്‌ മരിച്ചു. സ്വീപ്പറായി ജോലി ചെയ്യുന്ന യുവതികളുടെ സഹോദരന്‍ രാകേഷ്‌, കവര്‍ച്ചക്കിടെ സ്‌ത്രീയെയും പത്ത്‌ വയസ്സുള്ള മകളെയും കൊല ചെയ്‌ത കേസിലെ പ്രതിയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ ജനക്കൂട്ടം എത്തി വീടിന്‌ തീവെക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ പോലീസ്‌ സംരക്ഷണം തേടിയെങ്കിലും ലഭിച്ചില്ലെന്ന്‌ രജോ പറഞ്ഞു.

2010, ഡിസംബർ 19, ഞായറാഴ്‌ച

കുട്ടികള്‍ മാറിപ്പോയതിന്‌ 17 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം

35 വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച്‌ നഴ്‌സിന്‌ പറ്റിയ അമളിക്ക്‌ ആരോഗ്യ മന്ത്രാലയം നഷ്‌ടപരിഹാരം നല്‍കേണ്ടത്‌ 17 ലക്ഷം റിയാല്‍. ഒഹൂദിന്റെ പരാതിയിലാണ്‌ ജിദ്ദ പബ്ലിക്‌ കോടതിയുടെ വിധി. യുവതിക്ക്‌ കൗണ്‍സലിംഗ്‌ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അപ്പീല്‍ നല്‍കുന്നതിന്‌ മന്ത്രാലയത്തിന്‌ 30 ദിവസം അനുവദിച്ചിട്ടുണ്ട്‌. മക്ക ജര്‍വലിലെ പ്രസവാശുപത്രിയില്‍ 1975 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജനിച്ച ഒഹൂദിനെയും സയ്‌നിനെയുമാണ്‌ പരസ്‌പരം മാറി നല്‍കിയത്‌. ഇരുവരും പിറന്നുവീണയുടന്‍ നഴ്‌സ്‌ കുഞ്ഞുങ്ങളുടെ കണങ്കൈയില്‍ ബാന്‍ഡ്‌ ബന്ധിച്ചത്‌ പരസ്‌പരം മാറിയതാണ്‌ പൊല്ലാപ്പായത്‌. തങ്ങള്‍ താമസിക്കുന്നത്‌ യഥാര്‍ഥ മാതാപിതാക്കളുടെ കൂടെയല്ലെന്ന്‌ തിരിച്ചറിഞ്ഞ യുവതികള്‍ മന്ത്രാലയത്തിനെതിരെ നിയമയുദ്ധത്തിന്‌ ഇറങ്ങുകയായിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ അബദ്ധം സംഭവിച്ചെന്ന്‌ സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തു. ഇത്‌്‌ തനിക്ക്‌ പല രീതിയിലുള്ള കഷ്‌ടനഷ്‌ടങ്ങളുമുണ്ടാക്കിയതായി ഒഹൂദ്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മരിച്ചുപോയ തന്റെ പിതാവ്‌ മുഹമ്മദ്‌ അല്‍ഹര്‍ബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സൗദി യുവതി പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞശേഷം സ്വന്തം കുടുംബാംഗങ്ങളോടൊത്ത്‌ ജീവിതം നയിക്കാന്‍ തുടങ്ങിയത്‌ തനിക്ക്‌ പ്രയാസകരമായിത്തീര്‍ന്നതായും ഒഹൂദ്‌ ചൂണ്ടിക്കാട്ടി. സമാന പ്രശ്‌നം തന്നെ സയ്‌നും നേരിട്ടു. മസ്‌ലഹ്‌ അല്‍ജാബിരി എന്ന സ്വദേശിയുടെ കുടുംബവുമായി സയ്‌ന്‍ പരിചയപ്പെടുന്നത്‌ തീര്‍ത്തും ആകസ്‌മികമായിരുന്നു. നിറത്തിലും ശരീരപ്രകൃതിയിലും മസ്‌ലഹിന്റെ കുടുംബവുമായി സയ്‌ന്‌ ഏറെ സാദൃശ്യം കാണപ്പെട്ടു. അതേസമയം, തങ്ങളുമായി രൂപസാദൃശ്യമില്ലാത്ത ഒരാള്‍ തങ്ങളുടെ കുടുംബത്തിലുമുണ്ടെന്ന്‌ മസ്‌ലഹിന്റെ കുടുംബവും വ്യക്തമാക്കി. ഇതേതുടര്‍ന്ന്‌ സയ്‌ന്‍ മക്ക കോടതിയെ സമീപിച്ചു. കോടതി മസ്‌ലഹിനെ വിളിപ്പിച്ച്‌ വിസ്‌തരിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ 75 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജര്‍വല്‍ ആശുപത്രിയില്‍ പ്രസവിച്ച സഈദ എന്ന സ്‌ത്രീയെ കോടതി വിസ്‌തരിച്ചു. താന്‍ പ്രസവിച്ച സമയം മറ്റൊരു സ്‌ത്രീ കൂടി പെണ്‍കുട്ടിക്ക്‌ ജ�ം നല്‍കിയിരുന്നുവെന്ന്‌ അവര്‍ കോടതിയെ അറിയിച്ചു. ഒരേ കട്ടിലില്‍തന്നെ ഒന്നിലധികം കുട്ടികളെ കിടത്തിയിരുന്നു. ആശുപത്രി വിടുമ്പോള്‍ നഴ്‌സ്‌ ഇതാണ്‌ എന്റെ കുട്ടിയെന്ന്‌ പറഞ്ഞ്‌ കുഞ്ഞിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന്‌ സഈദ പറഞ്ഞു. വീട്ടിലേക്ക്‌ കൊണ്ടുപോയി കുഞ്ഞ്‌ വളരാന്‍ തുടങ്ങിയപ്പോള്‍തന്നെ നിറത്തിലും ശരീരപ്രകൃതിയിലും മറ്റ്‌ മക്കളില്‍നിന്നും വ്യത്യസ്‌തമായിരുന്നുവെന്ന്‌ സഈദ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ സയ്‌നിന്റെ പിതാവ്‌ മസ്‌ലഹും മാതാവ്‌ ഫാത്തിമയുമാണെന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. മുഹമ്മദ്‌ അല്‍ഹര്‍ബി എന്നൊരാളും സഈദയുമാണ്‌ ഒഹൂദിന്റെ യഥാര്‍ഥ മാതാപിതാക്കളെന്നും സ്ഥിരീകരിക്കപ്പെട്ടു. സയ്‌ന്‍ ഫയല്‍ ചെയ്‌ത ഹരജിയില്‍ മക്ക കോടതിയാണ്‌ ഡി.എന്‍.എ ടെസ്റ്റിന്‌ ഉത്തരവിട്ടത്‌.

2010, ഡിസംബർ 18, ശനിയാഴ്‌ച

ധീര

ബൈക്കിലെത്തി മാല മോഷ്‌ടിക്കാന്‍ ശ്രമിച്ചവരെ വിദ്യാര്‍ഥിനി അടിച്ചോടിച്ചു. തൃശൂര്‍ അന്തിക്കാട്‌ മാങ്ങാട്ടുകര റോഡിലാണ്‌ അസാമാന്യ ധൈര്യത്തോടെ ചുള്ളിപ്പറമ്പില്‍ രമാനന്ദന്റെ മകള്‍ അപര്‍ണ മോഷ്‌ടാക്കളെ എതിരിട്ടത്‌. മാല മോഷ്‌ടിക്കാന്‍ ബൈക്കിലെത്തിയവരെ തന്റെ കുട കൊണ്ടാണ്‌ അടിച്ചൊതുക്കിയത്‌. മോഷണശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ മോഷ്‌ടാക്കളിലൊരാള്‍ അപര്‍ണയുടെ മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ചു കടന്നുകളഞ്ഞു. നാട്ടിക എസ്‌.എന്‍.കോളേജിലെ ഫൈനല്‍ ഇയര്‍ ബി.എ വിദ്യാര്‍ഥിനിയാണ്‌ അപര്‍ണ. പരിക്കേറ്റ അപര്‍ണയെ അന്തിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്‌ച മുമ്പ്‌ അന്തിക്കാട്‌ റിട്ടയേര്‍ഡ്‌ അധ്യാപികയുടെ മാല മോഷ്‌ടിക്കാനുളള ശ്രമം ടീച്ചര്‍ പ്രതിരോധിച്ചതിനാല്‍ പരാജയപ്പെട്ടിരുന്നു.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഭര്‍ത്താവ്‌ സ്‌ത്രീയെന്നറിഞ്ഞത്‌ ആറു മാസത്തിനു ശേഷം

ഭര്‍ത്താവ്‌ പുരുഷനല്ല, സ്‌ത്രീയാണെന്ന്‌ തിരിച്ചറിയാന്‍ ഭാര്യ എടുത്തത്‌ ആറ്‌ മാസം. അപ്പോഴേക്കും ഒപ്പിക്കാവുന്നത്ര സമ്പാദ്യവുമായി `ഭര്‍ത്താവ്‌' മുങ്ങി. ഒറീസയിലെ റൂര്‍ക്കലയിലാണ്‌ സംഭവം.27 കാരിയായ മിനാതി ഖട്ടുവയാണ്‌ ചതിക്കപ്പെട്ടത്‌. തന്റെ സഹോദരിയുടെ വീട്ടില്‍ ഇടക്കിടെ സന്ദര്‍ശകനായെത്തിയ സീതാകാന്ത്‌ റൗട്രേയുമായി പരിചയത്തിലായ മിനാതി ഒടുവില്‍ അയാളെ വിവാഹം കഴിക്കുകയായിരുന്നു. അമ്പലത്തില്‍ വെച്ച്‌ മാലയിട്ട ദമ്പതികള്‍ നോട്ടറി മുമ്പാകെ വിവാഹം രജിസ്റ്ററും ചെയ്‌തു.ഇരുവരും ഒന്നിച്ചാണ്‌ താമസമെങ്കിലും, ആറു മാസത്തേക്ക്‌ താന്‍ പ്രത്യേക വ്രതം അനുഷ്‌ഠിക്കുകയാണെന്നു പറഞ്ഞ്‌ ശാരീരിക ബന്ധത്തില്‍നിന്ന്‌ ഭര്‍ത്താവ്‌ വിദഗ്‌ധമായി ഒഴിഞ്ഞുമാറി. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നടത്തുന്ന പൂജയോടെ മാത്രമേ വ്രതത്തില്‍നിന്ന്‌ ഒഴിവാകൂ എന്നും ഇയാള്‍ ഭാര്യയെ അറിയിച്ചു.ഈയിടെ കട്ടക്കിലെ ബന്ധുവീട്ടിലെത്തിയ `ഭര്‍ത്താവി'ന്റെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്‌ സംശയം തോന്നിയതോടെയാണ്‌ കള്ളി പുറത്തായത്‌. മിനാതിയുടെ പേരില്‍ ബാങ്കില്‍നിന്നെടുത്ത വായ്‌പ ഉപയോഗിച്ച്‌ വാങ്ങിയ കാറും ജീപ്പുമായാണ്‌ ഭര്‍ത്താവ്‌ കടന്നത്‌.

2010, നവംബർ 20, ശനിയാഴ്‌ച

വേലക്കാരിയെ കൊന്ന ദമ്പതികള്‍ അറസ്റ്റില്‍

ഇന്തോനേഷ്യന്‍ വേലക്കാരിയെ കൊലപ്പെടുത്തിയ സ്‌പോണ്‍സറേയും ഭാര്യയേയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ്‌ ചെയ്‌തു. 2009 ജൂണ്‍ മുതല്‍ അബഹയില്‍ ജോലി ചെയ്‌തുവന്ന കികിം കൊമലാസരി(36)യാണ്‌ കൊല്ലപ്പെട്ടത്‌. യുവതിയെ സ്‌പോണ്‍സര്‍ ഇരുമ്പുദണ്ഡുകൊണ്ട്‌ അടിച്ചുകൊല്ലുകയായിരുന്നെന്നാണ്‌ വിവരം. യുവതിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡ്‌ സൈഡിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന്‌ റിയാദിലെ ഇന്തോനേഷ്യന്‍ അംബാസഡര്‍ അബ്‌ദുല്ല മന്‍സൂര്‍ പറഞ്ഞു. നവംബര്‍ 11 നാണ്‌ മൃതദേഹം കുപ്പത്തൊട്ടിയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്‌ സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹം തിരിച്ചറിഞ്ഞത്‌.

2010, നവംബർ 19, വെള്ളിയാഴ്‌ച

കള്ളന്‌ പറ്റിയ അക്കിടി

സൗദി പൗരന്റെ വീട്ടില്‍നിന്ന്‌ പണവും ആഭരണങ്ങളും കവര്‍ച്ച നടത്തിയ പാക്‌ യുവാവ്‌ പോലീസ്‌ പിടിയില്‍. എയര്‍ കണ്ടീഷനര്‍ മെയിന്റനന്‍സ്‌ കടയിലെ ജീവനക്കാരനാണ്‌ പിടിയിലായത്‌. സൗദി അറേബ്യയിലെ ജിദ്ദയിലാണ്‌ സംഭവം. കേടുവന്ന എയര്‍ കണ്ടീഷനര്‍ നന്നാക്കുന്നതിന്‌ സൗദി പൗരന്‍ പാക്കിസ്ഥാനിയെ വീട്ടിലേക്ക്‌ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. എയര്‍ കണ്ടീഷനര്‍ അഴിച്ച്‌ കടയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ മേശപ്പുറത്ത്‌ അശ്രദ്ധമായി വെച്ച പണവും ആഭരണങ്ങളും പ്രതി കൈക്കലാക്കി. ഇയാള്‍ സ്ഥലം വിട്ടശേഷമാണ്‌ പണവും ആഭരണങ്ങളും നഷ്‌ടപ്പെട്ടത്‌ വീട്ടുടമ അറിഞ്ഞത്‌. ഉടന്‍തന്നെ ഇവര്‍ അല്‍സലാമ പോലീസില്‍ പരാതിപ്പെട്ടു.പാക്കിസ്ഥാനിയെ പോലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിച്ചില്ല. എയര്‍ കണ്ടീഷനര്‍ നന്നാക്കിയതിന്റെ കൂലി നല്‍കാതിരിക്കുന്നതിന്‌ സൗദി പൗരന്‍ തനിക്കെതിരെ കള്ള പരാതി ഉന്നയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ്‌ വളരെ വിലപിടിച്ച ആഭരണങ്ങളാണ്‌ നഷ്‌ടപ്പെട്ടതെന്ന്‌ സൗദി പൗരന്‍ അന്വേഷണോദ്യോഗസ്ഥനോട്‌ പറഞ്ഞതു കേട്ടപ്പോള്‍ അതത്ര വിലപിടിച്ച ആഭരണമൊന്നുമല്ലെന്ന്‌ പാക്കിസ്ഥാനി അറിയാതെ പറഞ്ഞുപോയതാണ്‌ കുറ്റം തെളിയാന്‍ സഹായകമായത്‌. കുറ്റം സമ്മതിക്കേണ്ടി വന്ന പ്രതി പിന്നീട്‌ മോഷണ മുതലുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക്‌ കാണിച്ചുകൊടുത്തു.

വേലക്കാരിയെ പീഡിപ്പിച്ച വീട്ടമ്മ കസ്റ്റഡിയില്‍











ഇന്തോനേഷ്യന്‍ വേലക്കാരി സുമൈത്തി മുസ്‌തഫ(23)യെ മൃഗീയമായി പീഡിപ്പിച്ച കേസില്‍ വീട്ടമ്മയായ സൗദി വനിതയെ പോലീസ്‌ കസ്റ്റഡിയിലെടുത്തു. ശരീരമാസകലം മാരകമായി പരിക്കേറ്റ യുവതി മദീന കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കേസില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ്‌ പബ്ലിക്‌ പ്രോസിക്യൂഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. മദീനയിലായിരുന്നു സംഭവം.ഇന്തോനേഷ്യന്‍ വിദേശ മന്ത്രാലയത്തിലെ ഒരു പ്രതിനിധിക്കും യുവതിയുടെ ബന്ധുക്കളിലൊരാള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌. സുമൈത്തി മുസ്‌തഫ പീഡനത്തിനിരയായ വാര്‍ത്ത ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തതിനെ തുടര്‍ന്ന്‌ സൗദി അറേബ്യ സന്ദര്‍ശിച്ച്‌ ബന്ധപ്പെട്ടവരുമായി ഇന്തോനേഷ്യന്‍ വേലക്കാരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്‌ വനിതാ ക്ഷേമകാര്യ മന്ത്രിയും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സൗദി എംബസിക്ക്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. സ്‌പോണ്‍സറുടെ ഭാര്യയും മകനും ചേര്‍ന്നാണ്‌ വേലക്കാരിയെ പീഡിപ്പിച്ചത്‌. വേലക്കാരിയെ പീഡിപ്പിച്ചതില്‍ സൗദി കുടുംബത്തിലെ മൂന്നു പേര്‍ക്ക്‌ പങ്കുണ്ടെന്നാണ്‌ പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന്‌ മദീന പോലീസ്‌ മേധാവി മേജര്‍ ജനറല്‍ അവദ്‌ അല്‍സര്‍ഹാനി പറഞ്ഞു. പരാതി ലഭിച്ചയുടന്‍ തന്നെ മുഖ്യ പ്രതിയായ 54 കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവരുടെ മകനേയും ചോദ്യം ചെയ്യുന്നുണ്ട്‌. സംഭവത്തെ കുറിച്ച്‌ കിംഗ്‌ ഫഹദ്‌ ആശുപത്രിയധികൃതരാണ്‌ പോലീസില്‍ അറിയിച്ചത്‌- അല്‍സര്‍ഹാനി പറഞ്ഞു. വേലക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ്‌ ജക്കാര്‍ത്തയിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. മദീനയിലെ സൗദി കുടുംബം മൂന്നുമാസം മുമ്പാണ്‌ 800 റിയാല്‍ ശമ്പളത്തിന്‌ സുമൈത്തി മുസ്‌തഫ(23)യെ റിക്രൂട്ട്‌ ചെയ്‌തത്‌. യുവതിയുടെ ശരീരമാസകലം പൊള്ളലേല്‍പ്പിച്ചതിന്റേയും പരിക്കേറ്റതിന്റേയും പാടുകളുണ്ടണ്‍്‌. ഈ മാസം എട്ടിനാണ്‌ സുമൈത്തിയെ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. വേലക്കാരിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചൂടാക്കിയ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിക്കുകയും കത്രിക ഉപയോഗിച്ച്‌ മുറിവേല്‍പിക്കുകയുമായിരുന്നു. സുമൈത്തി മുസ്‌തഫയുടെ സൗന്ദര്യത്തില്‍ അസൂയ മൂത്താണ്‌ വീട്ടമ്മ യുവതിയെ പീഡിപ്പിച്ചതെന്നാണ്‌ കരുതുന്നതെന്ന്‌ ജിദ്ദയിലെ ഇന്തോനേഷ്യന്‍ കോണ്‍സല്‍ ദീദി വഹ്‌യുദി പറഞ്ഞു. ക്രൂരമായ പീഡനത്തില്‍ അവശയായ വേലക്കാരിയെ വീട്ടുകാര്‍ മദീനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കുകള്‍ മാരകമായതിനാല്‍ യുവതിയെ കിംഗ്‌ ഫഹദ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടണ്‍ുപോകാന്‍ സ്വകാര്യ ആശുപത്രിയധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

2010, നവംബർ 18, വ്യാഴാഴ്‌ച

പണത്തിനായി മകളെ `കൊന്ന' അമ്മ

മകളുടെ വ്യാജ സംസ്‌കാര ചടങ്ങ്‌ സംഘടിപ്പിച്ച്‌ പണം തട്ടാന്‍ മുതിര്‍ന്ന്‌ ഒരമ്മ മാതൃത്വത്തിന്‌ അപമാനമായി മാറി. ഇന്ത്യാനയില്‍ റിച്ച്‌മണ്ട്‌ സ്വദേശിനിയായ അഞ്ചല ബോയ്‌ഡ്‌ എന്ന 38കാരിയാണ്‌ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാന്‍ പുതിയ തന്ത്രം മെനഞ്ഞത്‌. 15 വയസ്സുകാരിയായ തന്റെ മകളെ സ്വന്തം പിതാവ്‌ ബലാല്‍സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയതായാണ്‌ അഞ്ചല കഥ മെനഞ്ഞത്‌. റിച്ച്‌മണ്ടിലെ ഒരു ചര്‍ച്ചില്‍ പാതിരിയെ തെറ്റിദ്ധരിപ്പിച്ച്‌ സംസ്‌കാര ചടങ്ങും ഇവര്‍ ഒരുക്കി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തിയ യുവതി മകളെ കുറിച്ച്‌ വികാരാധീനയായി ഒരു പ്രഭാഷണവും കാച്ചി. മകള്‍ മറ്റൊരിടത്ത്‌ ജീവനോടെയിരിക്കുന്നതറിയാതെ ചടങ്ങിനെത്തിയ ബന്ധുക്കള്‍ അഞ്ചലയുടെ ദുഃഖത്തില്‍ പങ്കാളിയായി. ചടങ്ങിനെത്തിയവരില്‍നിന്നും പണം പിരിക്കുന്നതിനായി ഒരു സംഘടനയുടെ പേരില്‍ പള്ളിയില്‍ പ്രത്യേക പെട്ടിയും സ്ഥാപിച്ചിരുന്നു. ചടങ്ങിനിടെ അപ്രതീക്ഷിതമായി കടന്നുവന്ന യുവതിയുടെ സഹോദരനാണ്‌ കപടനാടകം പൊളിച്ചത്‌. സഹോദരീ പുത്രി ജീവനോടെയിരിക്കുന്ന കാര്യം ഇയാള്‍ ചടങ്ങിനെത്തിയവരോട്‌ വിളിച്ചു പറഞ്ഞതോടെ പണപ്പെട്ടി പോലും എടുക്കാതെ യുവതി ഓടി രക്ഷപ്പെട്ടു. റിച്ച്‌മണ്ട്‌ പോലീസ്‌ സംഭവത്തെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്‌.

മനുഷ്യന്റെ വില

പഴയ കാറിന്‌ പകരമായി മാതാപിതാക്കള്‍ വിറ്റ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 14 പേരെ ലണ്ടന്‍ പോലീസ്‌ പിടികൂടി. യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കു പുറമെ `ലൈംഗിക അടിമ'യായും മറ്റുള്ളവര്‍ക്ക്‌ `വാടക'ക്ക്‌ നല്‍കിയിരുന്നതായും പോലീസ്‌ കണ്ടെത്തി. ഫ്രഞ്ച്‌ ദമ്പതികളാണ്‌ പഴയ കാറിന്‌ പകരമായി ഏഴു വര്‍ഷം മുമ്പ്‌ മകള്‍ സബ്രീനയെ പാരീസിന്‌ സമീപം താമസിച്ചിരുന്ന ദമ്പതികള്‍ക്ക്‌ കൈമാറിയത്‌. പെണ്‍കുട്ടിയെ വാങ്ങിയ ഫ്രാങ്ക്‌ ഫനോക്‌സ്‌ (58), പങ്കാളി ഫ്‌ളോറന്‍സ്‌ എന്നിവര്‍ 600 പൗണ്ടാണ്‌ അന്ന്‌ 16 വയസ്സുണ്ടായിരുന്ന സബ്രീനക്ക്‌ വിലയിട്ടത്‌. തുടര്‍ന്ന്‌ വിവരണാതീതമായ പീഡനങ്ങള്‍ക്ക്‌ സബ്രീന ഇരയായതായി ഡെയ്‌ലി മെയില്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക്‌ പണത്തിന്‌ പകരമായി ഫ്രാങ്ക്‌ കാഴ്‌ചവെക്കുകയും ചെയ്‌തിരുന്നത്രെ. വൃത്തികെട്ട ഒരു ഷെഡില്‍ മൃഗങ്ങളെക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ ചങ്ങലക്കിട്ടാണ്‌ സെബ്രീനയെ പാര്‍പ്പിച്ചിരുന്നത്‌. നാമമാത്രമായ ഭക്ഷണമേ നല്‍കിയിരുന്നുള്ളൂ. അതുതന്നെ നിലത്തേക്ക്‌ വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു പതിവ്‌. ഇരുമ്പ്‌ പഴുപ്പിച്ച്‌ വെച്ചും സിഗററ്റ്‌ കൊണ്ട്‌ പൊള്ളലേല്‍പിച്ചും പീഡിപ്പിച്ചിരുന്നു. ഇരുമ്പ്‌ ദണ്ഡ്‌ ഉപയോഗിച്ച്‌ അടിക്കലും പതിവായിരുന്നു. ദമ്പതികളുടെ ഏഴ്‌ മക്കളെയും പരിപാലിക്കാനുള്ള ചുമതലയും സബ്രീനക്കായിരുന്നു. ഒടുവില്‍ എഴുന്നേറ്റു നില്‍ക്കാനാവാത്തവിധം അവശയും രോഗബാധിതയുമായ പെണ്‍കുട്ടിയെ ഉടമസ്ഥര്‍ പാരീസിലെ ഒരു ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ചു കടന്നതോടെയാണ്‌ കൊടിയ പീഡനത്തിന്റെ കഥ പുറത്തുവന്നത്‌. അധികൃതര്‍ കണ്ടെത്തുമ്പോള്‍ യുവതിയുടെ വായില്‍ ഒരു പല്ലുപോലും അവശേഷിച്ചിരുന്നില്ല. 40 കിലോ മാത്രമായിരുന്നു തൂക്കം. പീഡനങ്ങളിലാണ്‌ പല്ലുകള്‍ നഷ്‌ടമായത്‌. ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പീഡനങ്ങളേല്‍പിച്ച മാനസികാഘാതത്തില്‍നിന്ന്‌ ജീവിതത്തിലൊരിക്കലും മുക്തയാവാന്‍ സബ്രീനക്ക്‌ സാധിച്ചേക്കില്ലെന്നും ഡോക്‌ടര്‍മാര്‍ കരുതുന്നു. സബ്രീനയുടെ മാതാപിതാക്കളും വിലയ്‌ക്കു വാങ്ങിയ ദമ്പതികളുമടക്കം ആറു സ്‌ത്രീകളെയും എട്ടു പുരുഷന്‍മാരെയുമാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തിരിക്കുന്നത്‌. ലൈംഗികാവശ്യത്തിന്‌ സെബ്രീനയെ വാടക്കെടുത്തവരാണ്‌ പിടിയിലായ മറ്റുള്ളവര്‍. ഇവരെ മിലന്‍ കോടതിയില്‍ ഹാജരാക്കി. മനുഷ്യ കച്ചവടം, ബലാല്‍സംഗം, മൃഗീയമായ ക്രൂരത, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇവര്‍ക്കെതിരെ കേസെടുത്തു.