വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 18, വ്യാഴാഴ്‌ച

മനുഷ്യന്റെ വില

പഴയ കാറിന്‌ പകരമായി മാതാപിതാക്കള്‍ വിറ്റ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 14 പേരെ ലണ്ടന്‍ പോലീസ്‌ പിടികൂടി. യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കു പുറമെ `ലൈംഗിക അടിമ'യായും മറ്റുള്ളവര്‍ക്ക്‌ `വാടക'ക്ക്‌ നല്‍കിയിരുന്നതായും പോലീസ്‌ കണ്ടെത്തി. ഫ്രഞ്ച്‌ ദമ്പതികളാണ്‌ പഴയ കാറിന്‌ പകരമായി ഏഴു വര്‍ഷം മുമ്പ്‌ മകള്‍ സബ്രീനയെ പാരീസിന്‌ സമീപം താമസിച്ചിരുന്ന ദമ്പതികള്‍ക്ക്‌ കൈമാറിയത്‌. പെണ്‍കുട്ടിയെ വാങ്ങിയ ഫ്രാങ്ക്‌ ഫനോക്‌സ്‌ (58), പങ്കാളി ഫ്‌ളോറന്‍സ്‌ എന്നിവര്‍ 600 പൗണ്ടാണ്‌ അന്ന്‌ 16 വയസ്സുണ്ടായിരുന്ന സബ്രീനക്ക്‌ വിലയിട്ടത്‌. തുടര്‍ന്ന്‌ വിവരണാതീതമായ പീഡനങ്ങള്‍ക്ക്‌ സബ്രീന ഇരയായതായി ഡെയ്‌ലി മെയില്‍ ദിനപത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക്‌ പണത്തിന്‌ പകരമായി ഫ്രാങ്ക്‌ കാഴ്‌ചവെക്കുകയും ചെയ്‌തിരുന്നത്രെ. വൃത്തികെട്ട ഒരു ഷെഡില്‍ മൃഗങ്ങളെക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ ചങ്ങലക്കിട്ടാണ്‌ സെബ്രീനയെ പാര്‍പ്പിച്ചിരുന്നത്‌. നാമമാത്രമായ ഭക്ഷണമേ നല്‍കിയിരുന്നുള്ളൂ. അതുതന്നെ നിലത്തേക്ക്‌ വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു പതിവ്‌. ഇരുമ്പ്‌ പഴുപ്പിച്ച്‌ വെച്ചും സിഗററ്റ്‌ കൊണ്ട്‌ പൊള്ളലേല്‍പിച്ചും പീഡിപ്പിച്ചിരുന്നു. ഇരുമ്പ്‌ ദണ്ഡ്‌ ഉപയോഗിച്ച്‌ അടിക്കലും പതിവായിരുന്നു. ദമ്പതികളുടെ ഏഴ്‌ മക്കളെയും പരിപാലിക്കാനുള്ള ചുമതലയും സബ്രീനക്കായിരുന്നു. ഒടുവില്‍ എഴുന്നേറ്റു നില്‍ക്കാനാവാത്തവിധം അവശയും രോഗബാധിതയുമായ പെണ്‍കുട്ടിയെ ഉടമസ്ഥര്‍ പാരീസിലെ ഒരു ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ചു കടന്നതോടെയാണ്‌ കൊടിയ പീഡനത്തിന്റെ കഥ പുറത്തുവന്നത്‌. അധികൃതര്‍ കണ്ടെത്തുമ്പോള്‍ യുവതിയുടെ വായില്‍ ഒരു പല്ലുപോലും അവശേഷിച്ചിരുന്നില്ല. 40 കിലോ മാത്രമായിരുന്നു തൂക്കം. പീഡനങ്ങളിലാണ്‌ പല്ലുകള്‍ നഷ്‌ടമായത്‌. ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പീഡനങ്ങളേല്‍പിച്ച മാനസികാഘാതത്തില്‍നിന്ന്‌ ജീവിതത്തിലൊരിക്കലും മുക്തയാവാന്‍ സബ്രീനക്ക്‌ സാധിച്ചേക്കില്ലെന്നും ഡോക്‌ടര്‍മാര്‍ കരുതുന്നു. സബ്രീനയുടെ മാതാപിതാക്കളും വിലയ്‌ക്കു വാങ്ങിയ ദമ്പതികളുമടക്കം ആറു സ്‌ത്രീകളെയും എട്ടു പുരുഷന്‍മാരെയുമാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തിരിക്കുന്നത്‌. ലൈംഗികാവശ്യത്തിന്‌ സെബ്രീനയെ വാടക്കെടുത്തവരാണ്‌ പിടിയിലായ മറ്റുള്ളവര്‍. ഇവരെ മിലന്‍ കോടതിയില്‍ ഹാജരാക്കി. മനുഷ്യ കച്ചവടം, ബലാല്‍സംഗം, മൃഗീയമായ ക്രൂരത, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക്‌ ഇവര്‍ക്കെതിരെ കേസെടുത്തു.

3 അഭിപ്രായങ്ങൾ:

  1. സബ്രീനയ്ക്ക് പ്രാര്‍ഥനയോടെ...
    ജീവിതത്തിന്റെ കാണാകാഴ്ച്ചകള്
    അമര്‍ഷം തോന്നും
    മനുഷ്യനിലെ
    മൃഗത്തെ
    കാണുമ്പോള്‍...‍ .

    മറുപടിഇല്ലാതാക്കൂ
  2. പാശ്ചാത്യന്‍ സംസ്കാരത്തിന്റെ കളി
    തൊട്ടിലില്‍ തന്നെ ഈ സംഭവം..മനുഷ്യന്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു..നാല്‍ക്കാലികളെ പോലെ ഉണ്ണുക, ഉറങ്ങുക, ലൈങ്കിക സംതൃപ്തി നേടുക മാത്രമാണ് ഇരു കാലികള്‍ക്കും ഇന്ന് ആവശ്യം...

    മറുപടിഇല്ലാതാക്കൂ
  3. ഇത് അഫ്ഗാനിൽ അയിരുന്നങ്കില്‍?

    മറുപടിഇല്ലാതാക്കൂ