വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 4, വ്യാഴാഴ്‌ച

ഒരു തട്ടിക്കൊണ്ടുപോകലിന്റെ അന്ത്യം

സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 98.73 ലക്ഷം രൂപ മോചനദ്രവ്യം ഈടാക്കിയ ശേഷം വിട്ടയച്ച സംഘത്തിലെ രണ്ടു പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചെന്നൈ അണ്ണാ നഗറിലെ 13 വയസ്സുകാരനായ ആര്‍. കീര്‍ത്തി വാസനെയാണ്‌ സ്‌കൂളില്‍നിന്ന്‌ വരുമ്പോള്‍ തിങ്കളാഴ്‌ച തട്ടിക്കൊണ്ടുപോയത്‌. പണം തട്ടുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന്‌ പോലീസ്‌ പറയുന്നു. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത്‌ തുക നല്‍കി മോചിപ്പിക്കുന്നതിന്‌ പോലീസ്‌ അനുവദിക്കുകയായിരുന്നുവത്രേ. അവരെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ്‌ രക്ഷപ്പെടാന്‍ അനുവദിച്ചതെന്ന്‌ പോലീസ്‌ കമ്മീഷണര്‍ ടി. രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ സര്‍വകലാശാലയില്‍നിന്ന്‌ എം.ബി.എ ബിരുദമെടുത്ത എന്‍ജിനീയറിംഗ്‌ ബിരുദധാരിയായ ആര്‍. വിജയ്‌ കുമാര്‍ (26), മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയുള്ള കെ.പ്രഭു (29) എന്നിവരാണ്‌ പിടിയിലായത്‌. ഇവരെ നിരീക്ഷിക്കുന്നതിനു നിയോഗിക്കപ്പെട്ട പോലീസ്‌ സംഘം അണ്ണാ നഗറിലെ വീട്ടില്‍ വെച്ചാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തത്‌. പ്രഭു ഏതാനും മാസം സിംഗപ്പൂരില്‍ ജോലി ചെയ്‌തയാളുമാണ്‌. അപഹര്‍ത്താക്കള്‍ ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം നല്‍കാനായിരുന്നു പോലീസ്‌ ആദ്യം കുട്ടിയുടെ കുടുംബത്തോട്‌ പറഞ്ഞതെന്ന്‌ പോലീസ്‌ കമ്മീഷണര്‍ വെളിപ്പെടുത്തി. 20 ലക്ഷം കൊടുത്താല്‍ മതിയെന്ന്‌ പറഞ്ഞെങ്കിലും കുടുംബം ഒരു കോടിയോളം കൊടുത്തു. പണം നല്‍കി കുട്ടിയെ സ്വീകരിക്കുമ്പോള്‍ തന്നെ പ്രതികളെ അറസ്റ്റ്‌ ചെയ്യാമായിരുന്നുവെങ്കിലും പോലീസ്‌ ഒഴിവാക്കുകയായിരുന്നു. പണം നല്‍കിയത്‌ തന്ത്രത്തിന്റെ ഭാഗമായിരുന്നു. പ്രദേശം മുഴുവന്‍ പോലീസ്‌ വളഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും പ്രതികള്‍ പണം സ്വീകരിക്കാനെത്തിയ മോട്ടോര്‍ സൈക്കിളിന്റെ നമ്പറാണ്‌ പ്രധാനമായും സഹായകമായത്‌. കുട്ടിയുടെ പിതാവ്‌ കീര്‍ത്തിവാസന്‍ പങ്കാളിയായ ബിസിനസിലെ മാനേജരുടെ ബന്ധുക്കളാണ്‌ അറസ്റ്റിലായ പ്രതികള്‍. ഏതാനും മാസം മുമ്പ്‌ വ്യാജ സിം കാര്‍ഡില്‍നിന്ന്‌ കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്ന്‌ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കീര്‍ത്തിവാസനെ റാഞ്ചാന്‍ മാസങ്ങള്‍ക്കു മുമ്പ്‌ തന്നെ പ്രഭുവും വിജയ്‌ കുമാറും പദ്ധതിയിട്ടിരുന്നുവത്രേ. ഇതിനായി ഒരു കാര്‍ മോഷ്‌ടിച്ചു. എന്നാല്‍ നമ്പര്‍ പ്ലേറ്റ്‌ മാറ്റിയിരുന്നില്ല. തട്ടിക്കൊണ്ടുപോയ കുട്ടിയെ കാറിന്റെ സീറ്റിനു താഴെ കിടത്തി. കുട്ടിയുടെ വീട്ടില്‍നിന്ന്‌ അല്‍പം അകലെ നിര്‍ത്തിയിട്ട കാറില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ സ്‌പീക്കറുകള്‍ ഊരി മാറ്റി. പണം നല്‍കാമെന്ന്‌ കുടുംബാംഗങ്ങള്‍ ഉറപ്പു നല്‍കിയപ്പോള്‍ ഈ കാറിനു സമീപം എത്താനായിരുന്നു ആവശ്യപ്പെട്ടത്‌. ഹെല്‍മറ്റ്‌ ധരിച്ച്‌ മോട്ടോര്‍ ബൈക്കിലെത്തിയ പ്രതികള്‍ പണമടങ്ങിയ ബാഗ്‌ വാങ്ങിയശേഷം കാറിന്റെ താക്കോല്‍ നല്‍കി രക്ഷപ്പെട്ടു. മോട്ടോര്‍ സൈക്കിള്‍ ഉടമയായ വിജയിനെ ഉടന്‍ തന്നെ അണ്ണാ നഗറിലെ വീട്ടില്‍നിന്ന്‌ അറസ്റ്റ്‌ ചെയ്‌തു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച്‌ പിടിയിലായ പ്രഭു കുറ്റം സമ്മതിക്കുകയും പോലീസ്‌ പണം കണ്ടെത്തുകയും ചെയ്‌തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ