വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

ഡീന്‍ ഡുപ്ലെസിക്ക്‌ കണ്ണെന്തിന്‌

പന്ത്‌ ബാറ്റില്‍നിന്ന്‌ പായുമ്പോള്‍ തന്നെ സിംബാബ്‌വെക്കാരനായ ഡീന്‍ ഡുപ്ലെസി പറയും അതിന്റെ പോക്ക്‌ എങ്ങോട്ടെന്ന്‌. ഡുപ്ലെസിയുടെ വിവരണം കേള്‍ക്കുന്നവര്‍ക്കറിയില്ലല്ലോ ഈ റേഡിയൊ കമന്ററി പറയുന്നത്‌ അന്ധനാണെന്ന്‌. കണ്ണില്ലെങ്കിലെന്ത്‌, എല്ലാം പിടിച്ചെടുക്കുന്ന ചെവിയുണ്ട്‌. പിന്നെ കംപ്യൂട്ടറിനെ വെല്ലുന്ന ഓര്‍മശക്തിയും. ബാറ്റില്‍ പന്ത്‌ തട്ടുന്നതിന്റെ ശബ്‌ദം കേട്ടാല്‍ ഡുപ്ലെസിക്കറിയാം അതെങ്ങോട്ടേക്കാണ്‌ കുതിക്കുകയെന്ന്‌. പന്തിന്റെ സ്‌പീഡും സ്‌പിന്നും അയാളുടെ ചെവി പിടിച്ചെടുക്കും. ഒപ്പം കളിക്കാരുടെ ആഹ്ലാദത്തിന്റെയും നിരാശയുടെയും നിശ്വാസങ്ങളും. സ്‌കോര്‍ ബോര്‍ഡിനെ തോല്‍പിക്കും ഡുപ്ലെസിയുടെ കംപ്യൂട്ടര്‍ മനസ്സ്‌. ഹരാരെ കണ്‍ട്രി ക്ലബ്ബില്‍ മറ്റു ജേണലിസ്റ്റുകള്‍ പന്ത്‌ മാനത്തേക്കുയരുന്നതു വീക്ഷിക്കുമ്പോള്‍തന്നെ മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞുതുടങ്ങും, `ദാറ്റ്‌സ്‌ ബിഗ്‌ വണ്‍, ഇറ്റീസ്‌ ഗോണ്‍ ഫോര്‍ സിക്‌സ്‌'. ക്രിക്കറ്റിന്റെ അലസ താളം ഡുപ്ലെസിക്ക്‌ ഏറെ ഇണങ്ങും. ബാസ്‌കറ്റ്‌ബോളിലോ ഫുട്‌ബോളിലോ ഡുപ്ലെസി തിളങ്ങണമെന്നില്ല. ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും കമന്റേറ്ററായി പോയിട്ടുണ്ട്‌ ഡുപ്ലെസി. ഷെയ്‌ന്‍ വോണിന്റെ ശരീരചലനങ്ങളും വാചകമടികളും പോലും തനിക്ക്‌ മനസ്സിലാക്കാനാവുമെന്ന്‌ ഡുപ്ലെസി പറയുന്നു. കണ്ണില്‍ മുഴകളുമായി ജനിച്ച ഡുപ്ലെസി കുട്ടിക്കാലം കടക്കില്ലെന്നാണ്‌ ഡോക്‌ടര്‍മാര്‍ പ്രവചിച്ചത്‌. ആറാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ അന്ധവിദ്യാലയത്തില്‍ ചേര്‍ന്നപ്പോഴാണ്‌ സ്‌പോര്‍ട്‌സിനോട്‌ കമ്പം തുടങ്ങിയത്‌. സ്റ്റേഡിയത്തിലെ എല്ലാ ബഹളത്തിനും മുകളിലൂടെ ഡുപ്ലെസി ഇന്ത്യയുമായുള്ള പരമ്പര `ആസ്വദിച്ചു'. ഇപ്പോള്‍ സിംബാബ്‌വെ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആസ്ഥാനത്ത്‌ മീഡിയ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.

ലക്ഷ്‌മണക്ക്‌ ഇവിടെ സുഖം

നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐ.ജി ലക്ഷ്‌മണക്ക്‌ ജയിലില്‍ സുഖസൗകര്യങ്ങള്‍ ഒരുക്കുന്നു. ഒരുകാലത്ത്‌ പോലീസിനെയും ജനങ്ങളെയും വിറപ്പിച്ച ലക്ഷ്‌മണക്ക്‌ ഇപ്പോഴും സഹായങ്ങള്‍ ചെയ്യാന്‍ പോലീസ്‌ റെഡി. ജയിലിനുള്ളില്‍ പ്രത്യേകമുറി നല്‍കിയാണ്‌ ലക്ഷ്‌മണയെ സ്വീകരിച്ചത്‌. പക്ഷേ സൗകര്യങ്ങള്‍ കുറവായതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ പോലീസ്‌ സെല്ലിലേക്ക്‌ മാറ്റി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ ആശുപത്രിയിലേക്ക്‌ മാറ്റിയതത്രെ. എന്നാല്‍ ജയില്‍ ആശുപത്രിക്ക്‌ സമീപം അനുവദിച്ച പ്രത്യേക മുറിയില്‍ യൂറോപ്യന്‍ ക്ലോസറ്റ്‌ അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ്‌ ആശുപത്രി മുറിയിലേക്ക്‌ താല്‍ക്കാലികമായി മാറ്റിയതെന്ന്‌ അരമന രഹസ്യം. കിടക്കാന്‍ കട്ടിലും മറ്റും നല്‍കിയിരുന്നു.വര്‍ഗീസ്‌ വധക്കേസില്‍ രണ്ടാം പ്രതിയായ ലക്ഷ്‌മണ വ്യാഴാഴ്‌ച രാത്രിയാണ്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയത്‌. ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ട ലക്ഷ്‌മണയെ അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ്‌ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്‌ കൊണ്ടുവന്നത്‌.

2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

രാജുവിന്‌ രക്ഷകരായത്‌ പട്ടികള്‍

പീച്ചിയിലെ ഒളകര വനമേഖലയില്‍ മരുന്നു ശേഖരിക്കാന്‍ പോയ ആദിവാസിക്ക്‌ കരടിയുടെ ആക്രമണത്തില്‍ പരിേക്കറ്റു. ഒളകര ആദിവാസി കോളനിയിലെ വേലായുധന്റെ മകന്‍ രാജുവിനാണ്‌ (41) ശരീരത്തിലും മുഖത്തും മാരകമായി പരിക്കേറ്റത്‌. രാജുവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടു പട്ടികള്‍ കുരച്ച്‌ ബഹളം വെച്ചതിനെ തുടര്‍ന്നാണ്‌ കരടി ഇയാളെ ഉപേക്ഷിച്ചു കാട്ടിലേക്ക്‌ ഓടിമറഞ്ഞത്‌. രാജുവിനെ മുളംകുന്നത്തുകാവ്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വനത്തില്‍ മരുന്നുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജുവിന്റെ നേരെ കരടി ചാടിവീഴുകയായിരുന്നു. മുഖം കരടി കടിച്ചു മുറിച്ചിട്ടുണ്ട്‌. ശരീരത്തില്‍ പലയിടത്തും മാന്തി മുറിവേല്‍പിച്ചിട്ടുമുണ്ട്‌. രാജുവിനെ കരടി ആക്രമിക്കുന്നത്‌ കണ്ട്‌ വളര്‍ത്തുപട്ടികള്‍ കരടിക്കുമേല്‍ ചാടിവീണ്‌ കരടിയെ നേരിടുകയായിരുന്നു. പട്ടികളുടെ ആക്രമണം നേരിടാന്‍ കഴിയാതെ കരടി വനത്തിനുളളിലേക്ക്‌ തിരികെ ഓടിയതിനാലാണ്‌ രാജന്‍ രക്ഷപ്പെട്ടത്‌. രാജന്‍ പരിക്കേറ്റ്‌ കിടക്കുന്ന വിവരം പട്ടികള്‍ കുരച്ച്‌ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായി കുരച്ച്‌ ആദിവാസി കോളനിയില്‍ എത്തിയ പട്ടികളെ കണ്ട്‌ പന്തികേട്‌ തോന്നിയ കോളനിയിലെ മറ്റ്‌ ആദിവാസികള്‍ പട്ടികളെ പിന്തുടര്‍ന്ന്‌ വനത്തിനുള്ളില്‍ എത്തിയപ്പോഴാണ്‌ പരിക്കേറ്റ്‌ കിടക്കുന്ന രാജനെ കണ്ടത്‌.

തൂങ്ങി മരിച്ചത്‌ കാണിച്ചുകൊടുത്തത്‌ വളര്‍ത്തുനായ

ആദിവാസി യുവതി പുരയിടത്തില്‍ തൂങ്ങിമരിച്ചത്‌ അമ്മക്ക്‌ കാട്ടിക്കൊടുത്തത്‌ വളര്‍ത്തു നായകള്‍. മറയൂര്‍ മുരുകന്‍മല അടിവാരത്ത്‌ 51 ാം ബ്ലോക്കില്‍ താമസിക്കുന്ന ദാസിന്റെ ഭാര്യ ജയ (30) ആണു മരിച്ചത്‌. കല്ലുപണിക്കാരനായ ദാസ്‌ വെണ്ണക്കുടിയിലാണ്‌ താമസം. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ്‌ ജയ ഒന്നര ഏക്കര്‍ പുരയിടത്തിന്റെ ഒരു വശത്ത്‌ തൂങ്ങിയത്‌. ജയയുടെ അമ്മ ഇവര്‍ താമസിക്കുന്ന വീട്ടില്‍ എത്തിയപ്പോള്‍ ആരെയും കണ്ടില്ല. ജയയുടെ വളര്‍ത്തു നായകള്‍ ദയനീയമായി ഓരിയിട്ട്‌ അമ്മയെ വട്ടം ചുറ്റിയശേഷം പുരയിടത്തിന്റെ ഒരു വശത്തേക്ക്‌ ഓടി. സംശയം തോന്നിയ അമ്മ നായകള്‍ ബഹളം വെച്ചോടുന്ന സ്ഥലത്തേക്കു നടന്നു. കുറേ ദൂരെയെത്തിയപ്പോഴാണ്‌ ജയ മരത്തില്‍ തൂങ്ങിനില്‍ക്കുന്നതു കണ്ടത്‌. തൂങ്ങി നില്‍ക്കുന്ന ജയയുടെ ചുറ്റിനും ഓടി കരഞ്ഞ്‌ നായകള്‍ ബഹളമുണ്ടാക്കുകയും ചെയ്‌തു.

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

`ലവ്‌ ലിപ്‌ ആന്റ്‌ ലിപ്‌സ്റ്റിക്‌'

ഉത്തരഖണ്ഡിലെ റൂര്‍ക്കി ഐ.ഐ.ടിയില്‍ കഴിഞ്ഞ ദിവസം ഒരപൂര്‍വ മത്സരം നടന്നു. `ലവ്‌ ലിപ്‌ ആന്റ്‌ ലിപ്‌സ്റ്റിക്‌'. മനസ്സിലായില്ലേ?.ആണ്‍കുട്ടികള്‍ കൂട്ടുകാരികള്‍ക്ക്‌ സ്വന്തം ചുണ്ട്‌ ഉപയോഗിച്ച്‌ ലിപ്‌സ്റ്റിക്‌ ഇട്ടുകൊടുക്കുന്നതായിരുന്നു മത്സര ഇനം. ഏറ്റവും ഭംഗിയായി ചുണ്ടില്‍ ലിപ്‌സ്റ്റിക്‌ ഇടുന്നവര്‍ക്കായിരുന്നു സമ്മാനം.മത്സരത്തില്‍ ഐ.ഐ.ടിയിലെ നിരവധി കുട്ടികള്‍ പങ്കെടുത്തു. വാര്‍ഷിക ടെക്‌നിക്കല്‍ ഫെസ്റ്റിനോട്‌ അനുബന്ധിച്ചായിരുന്നു അപൂര്‍വ മത്സരം. മത്സരത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്‌. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത്തരം മത്സരം ഒരിക്കലും അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്ന്‌ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഡ്രൈവറില്ലാത്ത വാനുകള്‍ ചൈനയിലെത്തി


ഡ്രൈവറില്ലാത്ത നാലു വാനുകള്‍ വിവിധ രാജ്യങ്ങള്‍ പിന്നിട്ട്‌ ചൈനയിലെത്തി. യൂറോപ്യന്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ പരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത വാനുകളാണ്‌ 13000 കിലോമീറ്റര്‍ പിന്നിട്ട്‌ ചൈനയിലെ ഓട്ടോമൊബൈല്‍ എക്‌സിബിഷന്‍ സെന്ററില്‍ എത്തിയത്‌. ഇറ്റലിയില്‍നിന്ന്‌ യാത്ര ആരംഭിച്ച്‌ കിഴക്കന്‍ യൂറോപ്പ്‌, റഷ്യ, ഖസാക്കിസ്ഥാന്‍, ഗോബി മരുഭൂമി എന്നീ പ്രദേശങ്ങള്‍ പിന്നിട്ടാണ്‌ നാലു വാഹനങ്ങള്‍ വിജയകരമായി ലക്ഷ്യത്തിലെത്തിയത്‌.ഓട്ടോമാറ്റിക്‌ സാങ്കേതിക വിദ്യ കൂടുതല്‍ മേഖലകളിലേക്ക്‌ വ്യാപിക്കുന്നതിന്റെ ഭാഗമായാണ്‌ പരീക്ഷണം. നേരത്തെ ചെറിയ ദൂരത്ത്‌ വിജയകരമായി പരീക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ദീര്‍ഘദൂര സഞ്ചാരത്തിന്‌ എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ്‌ ഈ യാത്രയില്‍ പരീക്ഷിച്ചത്‌. വിവിധ രാജ്യങ്ങളിലെ റോഡുകള്‍, കാലാവസ്ഥ എന്നിവിടങ്ങളില്‍ ഈ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളാണ്‌ പഠിക്കുന്നത്‌. പരീക്ഷണ യാത്രയില്‍ വാനുകളില്‍ എഞ്ചിനീയര്‍മാര്‍ ഉണ്ടായിരുന്നു. യാത്രക്കിടെ എന്തെങ്കിലും തടസ്സങ്ങള്‍ നേരിട്ടാല്‍ ഇടപെടുന്നതിന്‌ വേണ്ടിയാണിത്‌. ചില ചെറിയ സാങ്കേതിക തകരാര്‍ മൂലം ചിലയിടങ്ങളില്‍ യാത്ര മുടങ്ങിയതൊഴിച്ചാല്‍ ദൗത്യം വിജയകരമായിരുന്നു.ഏഴു ക്യാമറകളും സെന്‍സറുകളും കമ്പ്യൂട്ടറുകളും ഘടിപ്പിച്ചതാണ്‌ വാഹനം. വാഹനത്തിന്റെ എല്ലാ ഭാഗങ്ങളും കാമറ നിരീക്ഷിക്കും. മുന്നിലോ പിന്നിലോ മറ്റ്‌ വാഹനങ്ങള്‍ വരുമ്പോള്‍ സെന്‍സറുകള്‍ മുന്നറിയിപ്പ്‌ നല്‍കും. കമ്പ്യൂട്ടറുകള്‍ സ്റ്റിയറിംഗും ബ്രേക്കും ആക്‌സിലേറ്ററും നിയന്ത്രിക്കും. നഗരങ്ങളിലെ ട്രാഫിക്‌ സംവിധാനങ്ങളില്‍ എത്തുമ്പോള്‍ നിര്‍ത്തുന്നതിനും വളവുകള്‍ കൃത്യമായി തിരിക്കുന്നതിനും സംവിധാനങ്ങളുണ്ട്‌. മണിക്കൂറില്‍ 60 കിലോ മീറ്ററാണ്‌ വേഗം. സോളാര്‍ സംവിധാനത്തിലാണ്‌ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നത്‌. വാഹനത്തിന്റെ പ്രധാന ബാറ്ററികള്‍ മൂന്നു മണിക്കൂര്‍ യാത്രക്കുശേഷം എട്ടു മണിക്കൂര്‍ ചാര്‍ജ്‌ ചെയ്യേണ്ടതുണ്ട്‌. ഒന്നിലേറെ ബാറ്ററികള്‍ സ്റ്റേക്ക്‌ ചെയ്‌താണ്‌ യാത്ര.

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

അത്ഭുത നീരാളിക്ക്‌ വിട


ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫലങ്ങള്‍ പ്രവചിച്ച്‌ ലോകപ്രശസ്‌തനായ പോള്‍ എന്ന നീരാളി തീപ്പെട്ടു. നീരാളി കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തില്‍ സ്വാഭാവിക മരണത്തിന്‌ ഇരയായതായി പോളിനെ സൂക്ഷിച്ചിരുന്ന ഒബര്‍ഹോസന്‍ പട്ടണത്തിലെ സീ ലൈഫ്‌ സെന്റര്‍ അക്വേറിയത്തിലെ മാനേജര്‍ സ്റ്റെഫാന്‍ പോര്‍വോള്‍ അറിയിച്ചു. മത്സര വിജയികളെ പ്രവചിച്ച്‌ ലോകകപ്പിനെക്കാള്‍ വലിയ പ്രശസ്‌തി കൈവരിച്ച പോളിന്റെ മരണം തങ്ങള്‍ക്ക്‌ താങ്ങാനാവാത്തതാണെന്ന്‌ അക്വേറിയം മാനേജുമെന്റ്‌ അറിയിച്ചു. ഫൈനലില്‍ സ്‌പെയിനിന്റെ വിജയമടക്കം എട്ടു മത്സരങ്ങളാണ്‌ പോള്‍ കൃത്യമായി പ്രവചിച്ചത്‌. മത്സരിക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്ഥാപിച്ച പെട്ടികളില്‍നിന്നും വിജയികളുടെ പെട്ടി തെരഞ്ഞെടുത്താണ്‌ പോള്‍ ശ്രദ്ധ നേടിയത്‌. ആദ്യ മത്സരങ്ങളിലെ പോളിന്റെ പ്രവചനങ്ങള്‍ ശരിയായതോടെ അവസാന പ്രവചനങ്ങള്‍ ജര്‍മന്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്‌തു. മരണ വിവരമറിഞ്ഞ്‌ ഒരു മണിക്കൂറിനകം 150-ഓളം സന്ദേശങ്ങളാണ്‌ പോളിനുവേണ്ടി തുറന്നിട്ടുള്ള ഫേസ്‌ ബുക്ക്‌ പേജില്‍ ആരാധകര്‍ പോസ്റ്റു ചെയ്‌തത്‌. തങ്ങളുടെ ഇഷ്‌ട ടീമിന്റെ പരാജയം പ്രവചിച്ചതിനാല്‍ പോളിന്‌ ഒട്ടേറെ ശത്രുക്കളെയും ലഭിച്ചിരുന്നു. ജര്‍മനിയോട്‌ ബ്രിട്ടന്‍ തോല്‍ക്കുമെന്ന പ്രവചനം ഇംഗ്ലീഷ്‌ ആരാധകരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്‌. പോളിനെ കൊന്നു തിന്നുമെന്ന്‌ ഭീഷണി മുഴക്കിയ നിരവധി ഇ-മെയിലുകളും അക്വേറിയത്തില്‍ ലഭിച്ചിരുന്നു. പോളിന്റെ സുരക്ഷ ഉറപ്പുവരുത്താനായി അവനെ തങ്ങള്‍ക്കു വിട്ടുതരണമെന്ന്‌ സ്‌പെയിന്‍ പ്രധാനമന്ത്രി ജോസ്‌ ലൂയിസ്‌ റോഡ്രിഗ്വസ്‌ തന്നെ ആവശ്യപ്പെടുക പോലുമുണ്ടായി. പോളിന്‌ ഉചിതമായ ഒരു സ്‌മാരകം പണിയാനും അക്വേറിയം അധികൃതര്‍ക്ക്‌ പരിപാടിയുണ്ട്‌.

ആകാശത്തൊരു സുഖപ്രസവം

മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക്‌ ആകാശത്തൊരു സുഖ പ്രസവം. സുഖ പ്രസവം. തിരുവനന്തപുരത്തുനിന്നും അബുദാബിയിലേക്ക്‌ യാത്ര ചെയ്യുകയായിരുന്ന ആമിന റൗഷന്‍ ഖലീലിന്‌ ഇത്തിഹാദ്‌ വിമാനത്തിലെ യാത്രാവേളയില്‍ പെട്ടെന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ വിമാനം മസ്‌കത്ത്‌ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക്‌ തിരിക്കുകയായിരുന്നു. കൂടെ ഭര്‍ത്താവുമുണ്ടായിരുന്നു. ആംബുലന്‍സ്‌ സജ്ജമാക്കി നിര്‍ത്താനും മസ്‌കത്ത്‌ അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ക്ക്‌ പൈലറ്റ്‌ നിര്‍ദേശം നല്‍കി. എന്നാല്‍ വിമാനം ലാന്റു ചെയ്യുന്നതിന്‌ 20 മിനിട്ടു മുമ്പ്‌ ആമിന പൂര്‍ണ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിന്‌ ജന്‍മം നല്‍കി. യാത്രക്കാരില്‍ ഒരു നഴ്‌സുണ്ടായിരുന്നത്‌ ആമിനയുടെ സുഖ പ്രസവത്തിന്‌ സഹായകവുമായി. ആശുപത്രിയില്‍ തങ്ങളുടെ പൊന്നോമനക്കൊപ്പം കഴിയുകയാണ്‌ ഈ മാലദ്വീപ്‌ സ്വദേശികള്‍. പ്രസവം നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യവാരത്തിലോ ആകുമെന്നായിരുന്നു പ്രതീക്ഷ.

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

വി.ഐ.പി ആത്മഹത്യ

വിമാന ടോയ്‌ലറ്റില്‍ തൂങ്ങിമരണം. ഗള്‍ഫ്‌ എയറിലാണ്‌ സ്വന്തം കുപ്പായം ഉപയോഗിച്ച്‌ 36 കാരനായ ഫിലിപ്പിനോ യുവാവ്‌ ജീവനൊടുക്കിയത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചതായി മനില എയര്‍പോര്‍ട്ട്‌ അധികൃതര്‍ പറഞ്ഞു. മനാമ-മനില വിമാനം മനിലയില്‍ ഇറങ്ങാന്‍ നേരം വിമാന ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ ടോയ്‌ലറ്റ്‌ അകത്തുനിന്ന്‌ പൂട്ടിയതായി കണ്ടെത്തി. പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന്‌ ബലം പ്രയോഗിച്ച്‌ വാതില്‍ തുറന്നപ്പോഴാണ്‌ തൂങ്ങി മരിച്ചത്‌ കണ്ടെത്തിയത്‌. യുവാവ്‌ ദുബായില്‍ ടെക്‌നീഷ്യനായി ജോലി ചെയ്‌തുവരികയായിരുന്നത്രേ. സെപ്‌റ്റംബറില്‍ ഇതേ എയര്‍പോര്‍ട്ടില്‍ ഗള്‍ഫ്‌ എയര്‍ വിമാനത്തിന്റെ ടോയ്‌ലറ്റിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയിരുന്നു.

2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

ഇതും ഒരു ഡോക്‌ടര്‍

അര്‍ധ ബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെ ഡോക്‌ടര്‍ ബലാല്‍സംഗം ചെയ്‌തു. ഉല്‍സവ സ്ഥലത്ത്‌ കുഴഞ്ഞു വീണതിനെ തുടര്‍ന്ന്‌ അര്‍ധ ബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച യുവതിയെയാണ്‌ ഡോക്‌ടര്‍ മാനഭംഗപ്പെടുത്തിയത്‌. ശനിയാഴ്‌ച രാത്രി ദുര്‍ഗാപൂജയോടനുബന്ധിച്ചുള്ള ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ നവി മുംബൈയില്‍ എത്തിയ സ്‌ത്രീയാണ്‌ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന്‌ കുഴഞ്ഞുവീണത്‌. തുടര്‍ന്ന്‌ ലോട്ടസ്‌ ആശുപത്രിയില്‍ എത്തിച്ചു. മുപ്പതുകാരിയായ ബംഗാളി യുവതി വിവാഹിതയാണ്‌. ആശുപത്രിയിലെ ഐ.സി.യുവിലാണ്‌ മാനഭംഗം നടന്നത്‌. സംഭവത്തെ തുടര്‍ന്ന്‌ 26 കാരനായ ഡോക്‌ടറെ വാശി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. രാത്രി ആശുപത്രിയില്‍ എത്തിച്ച യുവതിയെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ്‌ ഡോക്‌ടര്‍ ബലാല്‍സംഗം ചെയ്‌തത്‌. താന്‍ ഉപദ്രവിക്കപ്പെടുന്നുണ്ടെന്ന്‌ യുവതിക്ക്‌ മനസ്സിലായെങ്കിലും തളര്‍ച്ച മൂലം എതിര്‍ക്കാനോ നിലവിളിക്കാനോ കഴിഞ്ഞിരുന്നില്ല. കൃത്യം നടത്തിയതായി ഡോക്‌ടര്‍ പോലീസിനോട്‌ സമ്മതിച്ചു. ആശുപത്രിയില്‍ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച്‌ പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ബോലാറാം പഠിക്കുകയാണ്‌

ഇത്‌ ബോലാറാം. വയസ്സ്‌ 100. നൂറാം പിറന്നാള്‍ ആഘോഷിച്ച ബോലാറാം ദാസിന്‌ പുതിയൊരു മോഹം. ഒരു പി.എച്ച്‌.ഡി വേണം. പ്രായത്തിന്റെ അസ്‌കിതയില്ലാതെ ഗുവാഹതി സര്‍വകലാശാലയില്‍നിന്ന്‌ വൈഷ്‌ണവിസത്തില്‍ ഗവേഷണ ബിരുദം നേടാനൊരുങ്ങുകയാണ്‌ ഈ സ്വാതന്ത്ര്യ സമര സേനാനി. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥിയാകും ബോലാറാം. സര്‍വകലാശാലയിലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. നൂറു വര്‍ഷത്തിനിടെ താന്‍ നാടിനു വേണ്ടി ഒരുപാട്‌ കാര്യങ്ങള്‍ ചെയ്‌തെന്നും പഠനത്തോട്‌ തനിക്കുള്ള അടക്കാനാവാത്ത ആവേശത്തിന്റെ പൂര്‍ത്തികരണമായി ഒരു പി.എച്ച്‌.ഡി എടുക്കണമെന്നും അദ്ദേഹം പറയുന്നു. മുമ്പ്‌ അധ്യാപകനായും അഭിഭാഷകനായും ജില്ലാ കോടതി ജഡ്‌ജിയായും ജോലി ചെയ്‌തിട്ടുണ്ട്‌ ബോലാറാം. 1930 ല്‍ കൗമാരപ്രായത്തിലാണ്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ സമരം നടത്തിയതിന്‌ ബോലാറാം ദാസിനെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചത്‌. രണ്ടു മാസം തടവ്‌. പിന്നീട്‌ കോമേഴ്‌സും നിയമവും പഠിച്ചു. 1945 ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. 1971 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നും വിരമിച്ചു. നൂറു വയസ്സുള്ളയാളെ വിദ്യാര്‍ഥിയായി ലഭിച്ചതില്‍ സര്‍വകലാശാലക്കും അഭിമാനം -വൈസ്‌ ചാന്‍സലര്‍ ഒ.കെ. മേധി പറയുന്നു. ഈ പ്രായത്തിലുള്ള ഒരു വിദ്യാര്‍ഥിയുണ്ടാകുക വിരളമാണ്‌. യുവതലമുറക്ക്‌ പഠിക്കാന്‍ പ്രചോദനമാകുമിത്‌. പത്തു പേരമക്കളുള്ള അദ്ദേഹത്തെ ഇപ്പോള്‍ പഠിപ്പിക്കുന്നത്‌ സര്‍വകലാശാല പ്രൊഫസറായ ഒരു പേരമകനാണ്‌.ബോലാറാമിന്റെ ഭാര്യ മന്ദാകിനി 1988 ല്‍ മരിച്ചു. ആറുമക്കള്‍.

2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

ഇത്തിരിക്കൊച്ചന്‍


ഏറ്റവും ചെറിയ മനുഷ്യനെന്ന ലോക റെക്കോര്‍ഡ്‌ ഇനി നേപ്പാളി ഖഗേന്ദ്രഥാപ മഗറിന്‌ സ്വന്തം. ഖഗേന്ദ്രയുടെ 18ാം പിറന്നാള്‍ ദിനമായ വ്യാഴാഴ്‌ച ഗിന്നസ്‌ബുക്ക്‌ മേധാവി മാര്‍കോ ഫ്രിഗാറ്റി ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വീട്ടിലെത്തി ഉയരം രേഖപ്പെടുത്തിയ ശേഷമാണ്‌ ലോകത്തെ കുറിയ മനുഷ്യനെന്ന സ്ഥാനം ഗിന്നസ്‌ബുക്ക്‌ അധികൃതര്‍ ഖഗേന്ദ്രയ്‌ക്ക്‌ നല്‍കിയത്‌. 67 സെന്‍റിമീറ്റര്‍ ഉയരമേയുള്ളൂ ഖഗേന്ദ്രയ്‌ക്ക്‌, ആറര കിലോഗ്രാം ഭാരവും. കൊളംബിയക്കാരന്‍ എഡ്വേഡ്‌ നിനോ ഹെര്‍ണാണ്ടസിനെയാണ്‌ (24) ഖഗേന്ദ്ര പിന്നിലാക്കിയത്‌. എഡ്വേഡിനേക്കാള്‍ ഒരു സെന്‍റിമീറ്റര്‍ കുറവ്‌. 18 വയസ്സ്‌ തികയണമെന്ന കാരണത്താല്‍ റെക്കോര്‍ഡിനായി ഖഗേന്ദ്രയുടെ കുടുംബം നേരത്തേ ഉന്നയിച്ച അവകാശവാദം തള്ളുകയായിരുന്നു.`പ്രൈമോര്‍ഡിയല്‍ ഡ്വാര്‍ഫിസം' എന്ന രോഗാവസ്ഥയാണിതെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സെന്‍ട്രല്‍ നേപ്പാളിലെ പഴക്കച്ചവടക്കാരനാണ്‌ ഖഗേന്ദ്രയുടെ പിതാവ്‌.

അടിവസ്‌ത്ര പുരാണം

അടിവസ്‌ത്രങ്ങളുടെ നിറവും അത്‌ ധരിക്കുന്നയാളുടെ സ്വഭാവവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ്‌ മുംബൈ നഗരത്തില്‍ നടന്ന ഒരു പഠനം തെളിയിക്കുന്നത്‌. വ്യക്തിയുടെ സ്വഭാവവും അഭിരുചികളും അയാള്‍/ അവള്‍ ധരിക്കുന്ന വസ്‌ത്രത്തിന്റെ നിറത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്ന്‌ പഠന വിവരങ്ങള്‍ അടിസ്ഥാനമാക്കി മനഃശാസ്‌ത്രജ്ഞര്‍ പറയുന്നു. ചുവന്ന നിറത്തിലുള്ള അടിവസ്‌ത്രം ധരിക്കുന്നവര്‍ വൈകാരികമായി അടുപ്പം കാക്കുന്നവരും ഊര്‍ജസ്വലരും ചെയ്യുന്ന കാര്യങ്ങളില്‍ നാടകീയത പുലര്‍ത്തുന്നവരുമായിരിക്കും. പിങ്ക്‌ നിറം ഇഷ്‌ടപ്പെടുന്നവര്‍ പ്രണയാര്‍ദ്രരും സ്‌നേഹം കൊതിക്കുന്നവരുമാണ്‌. അവര്‍ക്ക്‌ സ്‌ത്രൈണത കൂടുതലുണ്ടാകും. വൈകാരികമായി ദുര്‍ബലരുമായിക്കും. വെള്ള നിറത്തിലുള്ള അടിവസ്‌ത്രം ധരിക്കുന്നവര്‍ സത്യസന്ധരും മറ്റുള്ളവരുടെ നിര്‍ദേശങ്ങളെ മാനിക്കുന്നവരുമായിരിക്കുമത്രെ. കറുത്ത നിറം ഇഷ്‌ടപ്പെടുന്നവര്‍ വ്യക്തിത്വം മുറുകെ പിടിക്കുന്നവരും മാനസികമായി ശക്തരും ആഴത്തിലുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുമായിരിക്കും.സര്‍വേയില്‍ പങ്കെടുത്തവരിലേറെയും സ്‌ത്രീകളായതു കൊണ്ടുതന്നെ ഈ നിരീക്ഷണങ്ങള്‍ സ്‌ത്രീകളുടെ സ്വഭാവവുമായാണ്‌ കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നത്‌. അടിവസ്‌ത്രങ്ങളുടെ വിപണിയില്‍ പുതിയ പ്രവണതകള്‍ വര്‍ധിക്കുന്നുണ്ട്‌. പരമ്പരാഗതമായ വെളുപ്പ്‌, കറുപ്പ്‌ നിറങ്ങള്‍ക്ക്‌ പകരം പല വര്‍ണങ്ങള്‍ ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്നുണ്ട്‌. തൊലിയുടെ നിറത്തിലുള്ള അടിവസ്‌ത്രങ്ങള്‍ക്കാണ്‌ ഇപ്പോള്‍ ഡിമാന്റ്‌ കൂടുതല്‍.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

പ്രതിമാ പ്രണാമം

അഭിനയരംഗത്തെ കുലപതിക്ക്‌ ജന്‍മനാളില്‍ പ്രതിമകള്‍ കൊണ്ട്‌ ആരാധകന്റെ പ്രണാമം. അമിതാഭ്‌ ബച്ചന്റെ 68-ാം ജന്‍മ ദിനത്തിലാണ്‌ അലഹാബാദില്‍ ആരാധകന്‍ മണല്‍ ശില്‍പങ്ങളൊരുക്കിയത്‌. ഒരു കൂറ്റന്‍ പ്രതിമക്ക്‌ ചുറ്റും 68 കൊച്ചുപ്രതിമകള്‍ നിര്‍മിച്ചാണ്‌ യുവശില്‍പി ആര്‍.കെ. ചിത്തേര ബച്ചനോടുള്ള ആരാധന പ്രകടിപ്പിച്ചത്‌. ഗംഗാ നദിയുടെ തീരത്ത്‌ നിര്‍മിച്ച പ്രതിമകള്‍ക്ക്‌ ചുറ്റുംകൂടി ഇന്നലെ അലഹാബാദിലെ ആരാധകര്‍ ബച്ചന്റെ ജന്‍മദിനം ആഘോഷിക്കുകയും ചെയ്‌തു. 11 അടി ഉയരമുള്ള കൂറ്റന്‍ പ്രതിമക്ക്‌ ചുറ്റം രണ്ട്‌ അടി ഉയരമുള്ള 68 പ്രതിമകള്‍ നിര്‍മിച്ചാണ്‌ ചിത്തേര സമ്മാനമൊരുക്കിയത്‌. ആറ്‌ മണിക്കൂറു കൊണ്ടാണ്‌ 69 പ്രതിമകള്‍ സ്ഥാപിച്ചത്‌.

അമേരിക്കന്‍ പൗരത്വ ലഭ്യതക്ക്‌ 101 വര്‍ഷം

മെക്‌സിക്കോയില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ യുലാലിയ ഗാര്‍ഷ്യക്ക്‌ ഒടുവില്‍ അമേരിക്കന്‍ പൗരത്വം കിട്ടി. അതിനവര്‍ക്ക്‌ കുറച്ചു കാത്തിരിന്നുവെന്ന്‌ മാത്രം, വെറും ഒരു നൂറ്റാണ്ടു കാലം! 1909 ഒക്‌ടോബര്‍ 12 ന്‌ അമേരിക്കയിലെത്തിയ ഇവര്‍ക്ക്‌ കൃത്യം 101 വര്‍ഷത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ പൗരത്വം ലഭിച്ചത്‌. 101 വയസ്സുകാരിയായ ഇവര്‍ പക്ഷെ വൈകിയെത്തിയ അംഗീകാരത്തെ ആഹ്ലാദത്തോടെ വരവേറ്റു. നൂറു വയസ്സിനു മേല്‍ പ്രായമുള്ള 15 അപേക്ഷകരെ തെരഞ്ഞെടുത്ത്‌ പൗരത്വം നല്‍കാനുള്ള അമേരിക്കയിലെ ബ്യൂറോ ഓഫ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്റ്‌ ഇമിഗ്രേഷന്‍ വകുപ്പിന്റെ തീരുമാനമാണ്‌ ഇവര്‍ക്ക്‌ തുണയായത്‌. ആറു മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കേയാണ്‌ യുലാലിയയുടെ മാതാവ്‌ അവരെയും കൂട്ടി അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. അന്ന്‌ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക്‌ രേഖകളില്ലാതെ അതിര്‍ത്തി കടന്ന്‌ യാത്ര ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതിനകം രണ്ടു തവണ വിവാഹിതയായ ഇവര്‍ക്ക്‌ രണ്ട്‌ മക്കളുമുണ്ട്‌. പൗരത്വം ലഭിക്കുന്നതിന്‌ വേണ്ടി നടത്തിയ വാചാ പരീക്ഷയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കിയതായി വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

മലിനജല തടാകം ഓര്‍മയാകുന്നു

സൗദിയിലെ ജിദ്ദയില്‍ മലിനജല തടാകം വറ്റിക്കുന്ന പ്രക്രിയ പൂര്‍ത്തിയാവുന്നു. കഴിഞ്ഞ നവംബറിലെ പ്രളയവേളയില്‍ തടാകം നിറഞ്ഞുകവിയുകയും പൊട്ടുമെന്ന ആശങ്ക പരക്കുകയും ചെയ്‌തിരുന്നു. തടാകത്തിലെ ജലവിതാനം 10.5 മീറ്ററിലെത്തി ഏത്‌ നിമിഷവും പൊട്ടുമെന്ന കിംവദന്തി പരന്നത്‌ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സാമിര്‍ ഡിസ്‌ട്രിക്‌ടിലെ തടാകത്തിന്റെ സമീപവാസികളെ ഒഴിപ്പിക്കുകയുമുണ്ടായി. മസ്‌ക്‌ എന്ന പേരിലറിയപ്പെടുന്ന 18 മീറ്റര്‍ ഉയരവും നാലു കിലോമീറ്റര്‍ നീളവുമുള്ള തടാകത്തില്‍നിന്ന്‌ 10 ദശലക്ഷത്തിലേറെ ഘനമീറ്റര്‍ മലിനജലം ഇതിനകം പമ്പ്‌ ചെയ്‌ത്‌ കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ്‌ വറ്റിക്കുന്നത്‌ തുടങ്ങിയത്‌. മൂന്നിടങ്ങളിലേക്കാണ്‌ തടാകത്തില്‍നിന്ന്‌ അഴുക്കുജലം പമ്പ്‌ ചെയ്യാന്‍ തുടങ്ങിയത്‌. കിംഗ്‌ അബ്‌ദുല്‍ അസീസ്‌ വിമാനത്താവളത്തിന്‌ സമീപത്തെയും ബുറൈമാനിലെയും ശുദ്ധീകരണശാലകളിലേക്കും മലിനജലം ബാഷ്‌പീകരിച്ചുകളയുന്ന ഒമ്പത്‌ പ്ലാന്റുകളിലേക്കുമാണ്‌ പമ്പ്‌ ചെയ്‌ത്‌ ഒഴിവാക്കിയത്‌. ഖരമാലിന്യം മറ്റൊരിടത്തേക്കാണ്‌ മാറ്റിക്കൊണ്ടിരിക്കുന്നത്‌. തടാകത്തിന്റെ ചെറിയൊരു ഭാഗത്ത്‌ മാത്രമേ മലിനജലം ശേഷിക്കുന്നുള്ളൂ. ഖരമാലിന്യം നീക്കുന്ന ജോലിയും പൂര്‍ത്തിയായിവരുന്നു. വറ്റിക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മണ്ണിട്ട്‌ തടാകം തൂര്‍ക്കുന്ന പണിയാരംഭിക്കും. ഇവിടെ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനും നഗരസഭക്ക്‌ പരിപാടിയുണ്ട്‌.

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

ചണ്ഡീഗഢിലെ കല്യാണ ദിനം

നവരാത്രി ആഘോഷം തീയതി 10-10-10 എന്ന നിലയില്‍ ഒത്തുവന്നതും മൂലമുള്ള ഭാഗ്യനേട്ടത്തിന്‌ ചണ്ഡീഗഢില്‍ നടന്നത്‌ അഞ്ഞൂറോളം വിവാഹങ്ങള്‍. എല്ലാത്തിനും കൂയി ചെലവായതോ 100 കോടിയിലേറെ രൂപ. നവരാത്രി ആഘോഷങ്ങളുടെ ആദ്യ ദിനമായിരുന്നു ഇത്‌. നവരാത്രിയില്‍ വിവാഹം കഴിക്കുന്നത്‌ ശുഭകരമാണെന്നാണ്‌ ഉത്തരേന്ത്യയിലെ ഹൈന്ദവ സങ്കല്‍പം. അതോടൊപ്പം തീയതിയിലെ സംഖ്യകള്‍ ഒത്തുവന്നത്‌ ഭാഗ്യം ഇരട്ടിപ്പിക്കുന്നു. ചണ്ഡീഗഢിലെ ഹിന്ദു പണ്ഡിറ്റുമാര്‍ അഞ്ചും ആറും കല്യാണങ്ങള്‍ക്കാണ്‌ കാര്‍മികത്വം വഹിച്ചത്‌. നഗരത്തിലെയും പരിസരങ്ങളിലെയും കല്യാണ ഓഡിറ്റോറിയങ്ങളെല്ലാം വളരെ നേരത്തെ തന്നെ ബുക്ക്‌ ചെയ്‌തിരുന്നു. കല്യാണ സീസണ്‍ കഴിയുന്നതുവരെ ഇനി ബുക്കിംഗ്‌ എടുക്കുന്നുമില്ല. കാറ്ററിംഗ്‌ കമ്പനികള്‍ക്കും ഒഴിവില്ല. 400 പേര്‍ പങ്കെടുക്കുന്ന മധ്യവര്‍ഗ കല്യാണങ്ങളില്‍ ഭക്ഷണ ചെലവ്‌ മാത്രം 5-6 ലക്ഷം രൂപയാണ്‌ ഇവിടെ.

2010, ഒക്‌ടോബർ 10, ഞായറാഴ്‌ച

വമ്പന്‍ ചായക്കോപ്പ


ലോകത്ത്‌ ഏറ്റവും കൂടുതല്‍ തേയില ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായ ശ്രീലങ്കയില്‍നിന്ന്‌ മറ്റൊരു റെക്കോര്‍ഡ്‌. ഏറ്റവും വലിയ ചായക്കോപ്പ നിര്‍മിച്ചുകൊണ്ടാണ്‌ ശ്രീലങ്ക റെക്കോര്‍ഡ്‌ സ്ഥാപിച്ചത്‌. ആയിരം ഗാലന്‍ വെള്ളവും 64 കിലോ തേയിലയും 875 കിലോ പാല്‍പൊടിയും 160 കിലോ പഞ്ചസാരയും ചേര്‍ത്തുള്ള ചായ കൊള്ളുന്നതാണ്‌ കൂറ്റന്‍ കോപ്പ. കഴിഞ്ഞ വര്‍ഷം നിര്‍മിച്ച കോപ്പയുടെ മൂന്നിരട്ടി വലിപ്പമുള്ളതാണിത്‌. കോപ്പയില്‍ നിറച്ച ചായ പിന്നീട്‌ കൊളംബോ വാസികള്‍ക്ക്‌ ചെറിയ പ്ലാസ്റ്റിക്‌ കപ്പുകളില്‍ വിതരണം ചെയ്‌തു. 32,000 സാധാരണ കപ്പ്‌ ചായ ഉള്‍ക്കൊള്ളുന്നതാണ്‌ കോപ്പയെന്ന്‌ ഗിന്നസ്‌ ബുക്ക്‌ പ്രതിനിധി സ്ഥിരീകരിച്ചു.

കത്തുകളുടെ തോഴരായി പന്താവൂര്‍ ദമ്പതികള്‍

`ആകാശവാണി കഴിഞ്ഞ ആഴ്‌ച പ്രക്ഷേപണം ചെയ്‌ത വയലും വീടും പരിപാടി ഉന്നത നിലവാരം പുലര്‍ത്തി. ആകാശവാണിക്ക്‌ ആശംസകള്‍ നേരുന്നു'- കത്തയച്ചിരിക്കുന്നത്‌ നഫീസ-കുഞ്ഞിപ്പ പന്താവൂര്‍.കഴിഞ്ഞ 31 കൊല്ലങ്ങളായി ഞായറാഴ്‌ചകളിലെ `നിങ്ങളുടെ കത്തുകളും ശ്രോതാക്കള്‍ക്കുള്ള മറുപടിയും' പരിപാടിയില്‍ ഒരിക്കല്‍ പോലും നഫീസ-കുഞ്ഞിപ്പ പന്താവൂര്‍ എന്ന പേര്‌ വായിക്കാതിരുന്നിട്ടില്ലത്രേ. ആകാശവാണിയിലെ മുഴുവന്‍ പരിപാടികളും റേഡിയോയിലൂടെ കേട്ട്‌ അഭിനന്ദിച്ച്‌ കത്തെഴുതുന്നവരാണ്‌ എടപ്പാള്‍ പന്താവൂരിലെ ഈ ദമ്പതികള്‍. ഇവരുടെ പേര്‌ സുപരിചിതമായപ്പോള്‍ റേഡിയോ ശ്രോതാക്കള്‍ ദമ്പതികളെ അഭിനന്ദിച്ച്‌ കത്തുകളയച്ചു തുടങ്ങി. കുഞ്ഞിപ്പയുടെ വീട്ടില്‍ പോസ്റ്റ്‌മാന്‍ കയറിവരാത്ത ദിവസങ്ങളില്ല. അവര്‍ക്ക്‌ ഇതിനകം വന്ന കത്തുകളുടെ എണ്ണം കേട്ടാല്‍ അത്ഭുതപ്പെട്ടുപോകും. ഒരുലക്ഷത്തിലധികം. വത്തിക്കാന്‍ റേഡിയോയില്‍നിന്ന്‌ മാര്‍പാപ്പയുടെ ഫോട്ടോ ആലേഖനം ചെയ്‌ത അഭിനന്ദന കത്ത്‌ വന്നത്‌ നിധി പോലെ കാത്തുസൂക്ഷിച്ചിരിക്കുകയാണ്‌ ദമ്പതികള്‍.റേഡിയോയിലൂടെ സുപരിചിതരായ ദമ്പതികളെ അഭിനന്ദിക്കാന്‍ എം.ടി. വാസുദേവന്‍ നായരും എഴുതി കത്ത്‌. ഇരുവര്‍ക്കും വിദ്യാഭ്യാസം കുറവാണെങ്കിലും തപാല്‍ മാര്‍ഗമുണ്ടായ വ്യക്തിബന്ധം വാനോളം.ഇപ്പോള്‍ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന്റെ തിരക്കിലാണിവര്‍. ആലംകോട്‌ പഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡില്‍ മത്സരിക്കുന്ന നഫീസക്കൊപ്പം കുഞ്ഞിപ്പയും വോട്ട്‌ അഭ്യര്‍ഥിക്കുന്നു.

2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച

പൊക്കം കൂടിയ ഇജാസിന്‌ സൗദി ഭാര്യാ മോഹം


ലോകത്തെ ഏറ്റവും പൊക്കം കൂടിയ വ്യക്തിയെന്ന നിലയില്‍ ഗിന്നസ്‌ ബുക്കില്‍ ഇടം നേടിയത്‌ തുര്‍ക്കിക്കാരനായ സുല്‍ത്താന്‍ കോസെനാണ്‌. എട്ടടി ഒരിഞ്ചാണ്‌ ഈ 27 കാരന്റെ പൊക്കം. എന്നാല്‍ കോസെനെക്കാളും മൂന്ന്‌ ഇഞ്ച്‌ കൂടുതല്‍ പൊക്കമുള്ള താനാണ്‌ ഏറ്റവും പൊക്കം കൂടിയ ആളെന്ന്‌ പാക്കിസ്ഥാനിയായ ഇജാസ്‌ മുഹമ്മദ്‌ അഹ്‌മദിന്റെ അവകാശവാദം. ഗിന്നസില്‍ സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ്‌ ഇജാസ്‌. ഉംറ നിര്‍വഹിച്ച ഇജാസ്‌ ഇപ്പോള്‍ സൗദിയിലുണ്ട്‌. സൗദിയില്‍നിന്ന്‌ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടത്രേ. 143.5 കിലോ തൂക്കമുള്ള ഇജാസ്‌ പൊക്കം കാരണമായുള്ള ശാരീരിക വിഷമതകള്‍ അനുഭവിക്കുന്നുണ്ട്‌. ഏതാനും വര്‍ഷം മുമ്പ്‌ വാഹനാപകടത്തില്‍ വലത്തെ കാല്‍പാദത്തിന്‌ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷം ഇപ്പോഴും ഊന്നുവടിയുടെ സഹായത്തോടെയാണ്‌ ഇജാസിന്റെ നടത്തം.

2010, ഒക്‌ടോബർ 6, ബുധനാഴ്‌ച

അശ്ലീല എസ്‌.എം.എസ്‌ അയച്ചാല്‍....

പരിചയക്കാരിയായ നവവധുവിന്‌ പേര്‌ വെക്കാതെ അശ്ലീല എസ്‌.എം.എസ്‌ അയച്ച മൂന്ന്‌ യുവാക്കളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ഗിരീഷ്‌ ദിഗംബര്‍ ചന്ദ്‌ (23), വിജയ്‌ ജാവല്‍ക്കര്‍ (18), പ്രശാന്ത്‌ അരുണ്‍ ഗൈക്ക്‌ വാദ്‌ (20) എന്നിവരാണിവര്‍. ഗൈക്ക്‌ വാദിന്റെ സിമ്മില്‍ നിന്ന്‌ ചന്ദ്‌ ആണ്‌ അശ്ലീല സന്ദേശം അയച്ചത്‌. കംപോസര്‍-ജാവല്‍ക്കര്‍. നേരമ്പോക്കിനാണ്‌ തങ്ങള്‍ സന്ദേശം അയച്ചതെന്ന്‌ അവര്‍ പോലീസിനോട്‌ പറഞ്ഞു. നവവധുവിന്‌ പ്രതികളെയും അറിയാം. മൂന്ന്‌ യുവാക്കളുടേയും പേരില്‍ കേസെടുത്ത്‌ കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു. ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ വിവാഹിതയായ യുവതി കല്യാണത്തിന്‌ ശേഷം മുംബൈയിലായിരുന്നു താമസം. ഇക്കഴിഞ്ഞ സെപ്‌തംബര്‍ 24ന്‌ പൂനെയില്‍ തിരിച്ചെത്തിയപ്പോഴാണ്‌ അശ്ലീല എസ്‌.എം.എസ്‌ ലഭിച്ചത്‌. വൃത്തികെട്ട സന്ദേശം യുവതിക്ക്‌ കനത്ത ആഘാതമായി. അച്ഛനോട്‌ കാര്യം പറയുകയും ചെയ്‌തു. മൊബൈല്‍ സര്‍വീസ്‌ പ്രൊവൈഡറുടെ സഹായത്തോടെയാണ്‌ കുറ്റവാളികളെ കണ്ടെത്തിയത്‌.

2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

യുവതിയുടെ വയറ്റില്‍ ഗ്ലൗസ്‌

കോഴിക്കോട്‌ മെഡിക്കല്‍ കോേളജില്‍ പ്രസവിച്ച യുവതിയുടെ വയറ്റില്‍നിന്ന്‌ ശസ്‌ത്രക്രിയക്ക്‌ ഉപയോഗിച്ച ഗ്ലൗസിന്റെ ഭാഗം കണ്ടെത്തി. കലശലായ വയറുവേദനയെ തുടര്‍ന്ന്‌ സ്വകാര്യ ക്ലിനിക്കില്‍ യുവതിയെ സ്‌കാന്‍ ചെയ്‌തപ്പോഴാണ്‌ ഗ്ലൗസിന്റെ ഭാഗം കണ്ടത്‌. തുടര്‍ന്ന്‌ വീണ്ടും മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെത്തിച്ച്‌ ശസ്‌ത്രക്രിയയിലൂടെ ഇത്‌ പുറത്തെടുക്കുകയായിരുന്നു.പന്തീരാങ്കാവ്‌ പുളങ്കര സ്വദേശി കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ സിസേറിയന്‍ ശസ്‌ത്രക്രിയയിലൂടെ പ്രസവിച്ചത്‌. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ യുവതിക്ക്‌ കലശലായ വയറുവേദന. വേദന സഹിക്കവയ്യാതെ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ബഹളമുണ്ടാക്കിയ സോഫിയയുടെ ബന്ധുക്കളെ പോലീസെത്തിയാണ്‌ അനുനയിപ്പിച്ചു. അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്‌.

2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

ബന്ധുക്കളുടെ ലോകം-2

സഹോദര ഭാര്യ‍കൊല്ലം: ജില്ലയിലെ തെന്‍മല പഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡായ ഇടമണ്ണില്‍ സഹോദര ഭാര്യമാര്‍ ഏറ്റുമുട്ടുന്നു. ഇടമണ്‍ പൊടിമണ്ണില്‍ തെക്കേക്കര കുടുംബത്തിലെ ഇസ്‌മായില്‍ ഷായുടെയും ശരീഫിന്റെയും ഭാര്യമാരായ പ്യാരി മെഹറും താഹിറയും തമ്മിലാണ്‌ മത്സരം. പ്യാരി മെഹര്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥിയും താഹിറ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ഥിയുമാണ്‌. സഹോദര ഭാര്യമാര്‍തളിപ്പറമ്പ്‌: ഒരു പഞ്ചായത്തിലെ അടുത്തടുത്ത വാര്‍ഡില്‍ ഒരേ മുന്നണിക്കു വേണ്‍ണ്ടി ജനവിധി തേടുന്നത്‌ സഹോദര ഭാര്യമാര്‍. പരിയാരം പഞ്ചായത്തിലെ 15, 16 വാര്‍ഡുകളിലാണ്‌ മത്സരം. പതിനാറാം വാര്‍ഡില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്‌ പരേതനായ കെ.എം. ദാമോദരന്റെ ഭാര്യ കെ. സാവിത്രി. തൊട്ടടുത്ത വാര്‍ഡിലാവട്ടെ ദാമോദരന്റെ സഹോദര ഭാര്യ പി. സുജന. ദമ്പതിമാര്‍കോട്ടയം: ജില്ലയിലെ അയര്‍ക്കുന്നം പഞ്ചായത്തില്‍ ഭാര്യയും ഭര്‍ത്താവും മത്സര രംഗത്ത്‌. അയര്‍ക്കുന്നം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ബി.എസ്‌.പി സ്ഥാനാര്‍ഥിയായി പുന്നത്തുറ വള്ളോംകുന്നേല്‍ ഇ.ജെ. ദേവസ്യയും പള്ളം ബ്ലോക്ക്‌ പഞ്ചായത്തിലെ നീറിക്കാട്‌ ഡിവിഷനില്‍ ദേവസ്യയുടെ ഭാര്യ മറിയാമ്മയുമാണ്‌ മത്സരിക്കുന്നത്‌. മറിയാമ്മയും ബി.എസ്‌.പി സ്ഥാനാര്‍ഥിയാണ്‌.
ചെറുകാവ്‌, പുളിക്കല്‍ പഞ്ചായത്തുകളില്‍ ദമ്പതിമാര്‍ മത്സരരംഗത്ത്‌. ചെറുകാവ്‌ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളായി കുണ്ടലക്കാടന്‍ റഷീദും ഭാര്യ ത്വാഹിറയും മത്സരിക്കുമ്പോള്‍ പുളിക്കല്‍ പഞ്ചായത്തില്‍ സി.പി.എമ്മിലെ മോഹന്‍ദാസും ഭാര്യ പ്രമീളയുമാണ്‌ സ്ഥാനാര്‍ഥികളായുള്ളത്‌. ചെറുകാവില്‍ സിയാംകണ്ടത്ത്‌നിന്നാണ്‌ റഷീദ്‌ ജനവിധി തേടുന്നത്‌. നേരത്തെ ഭാര്യ ത്വാഹിറ മത്സരിച്ച്‌ വിജയിച്ച വാര്‍ഡ്‌ കൂടിയാണിത്‌. ത്വാഹിറ ഇത്തവണ ചാമപ്പറമ്പ്‌ വാര്‍ഡില്‍നിന്നാണ്‌ രണ്ടാമൂഴത്തിനിറങ്ങിയിരിക്കുന്നത്‌. പുളിക്കല്‍ പഞ്ചായത്തില്‍ കഴിഞ്ഞ തവണ മെമ്പറായ സി.പി.എമ്മിലെ പി.കെ മോഹന്‍ദാസ്‌ രണ്ടാം വാര്‍ഡില്‍നിന്നാണ്‌ രണ്ടാംതവണ മത്സരിക്കാനെത്തുന്നത്‌. കഴിഞ്ഞ തവണ മോഹന്‍ദാസ്‌ മത്സരിച്ച ഒന്നാം വാര്‍ഡില്‍ ഭാര്യ പ്രമീള കന്നിയങ്കത്തിനുമിറങ്ങുന്നു.

15 കാരന്‌ ആദ്യത്തെ കൃത്രിമ ഹൃദയം

ഇതാദ്യമായി കൃത്രിമ ഹൃദയം 15 വയസ്സുകാരനില്‍ വെച്ചുപിടിപ്പിച്ചു. പത്ത്‌ മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ്‌ പേര്‌ വെളിപ്പെടുത്താത്ത ഇറ്റാലിയന്‍ കുട്ടിയുടെ ശരീരത്തില്‍ `റോബോട്ട്‌ ഹൃദയം' വെച്ചത്‌. കഴിഞ്ഞയാഴ്‌ച നടന്ന ശസ്‌ത്രക്രിയക്കുശേഷം നില മെച്ചപ്പെട്ടെങ്കിലും കുട്ടി ഇപ്പോഴും റോമിലെ ബാംബിനോ ജെസു ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്‌. ഡുഷേന്‍സ്‌ സിന്‍ഡ്രോം എന്ന രോഗമായിരുന്നു കുട്ടിക്ക്‌. രോഗം ഇതായതിനാല്‍ കൃത്രിമ ഹൃദയമാറ്റ ശസ്‌ത്രക്രിയ നടത്തുക അസാധ്യവും. രോഗി ഏതാണ്ട്‌ മരണത്തോടടുത്ത സമയത്താണ്‌ കൃത്രിമ ഹൃദയം വെച്ചുപിടിപ്പിക്കാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്‌. കൃത്രിമ ഹൃദയവുമായി 20?-25 വര്‍ഷം വരെ കുട്ടിക്ക്‌ സാധാരണ ജീവിതം നയിക്കാനാവുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു.രണ്ടര ഇഞ്ച്‌ നീളം വരുന്ന കൃത്രിമ ഹൃദയം ബാറ്ററി കൊണ്ട്‌ പ്രവര്‍ത്തിക്കുന്ന ഹൈഡ്രോളിക്‌ പമ്പാണ്‌. കുട്ടിയുടെ നെഞ്ചിനുള്ളില്‍ ഇടതുഭാഗത്തായി ഹൃദയത്തിന്റെ സ്ഥാനത്താണിത്‌. രക്തക്കുഴലുകളെ ഹൃദയവുമായി ബന്ധിപ്പിക്കുകയും ചെയ്‌തു.ഇടതു ചെവിക്ക്‌ പുറത്തുള്ള പ്ലഗ്‌ വഴിയാണ്‌ ഹൃദയത്തില്‍ വൈദ്യുതി എത്തുക. ശരീരത്തില്‍ കെട്ടിയിട്ടുള്ള ബെല്‍റ്റിലാണ്‌ ഇതിന്റെ ബാറ്ററി. മൊബൈല്‍ ഫോണ്‍ പോലെ ബാറ്ററി റീചാര്‍ജ്‌ ചെയ്യാമെന്നും നേതൃത്വം നല്‍കിയ ഡോക്‌ടര്‍ അമോഡിയോ പറഞ്ഞു.

2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

ബന്ധുക്കളുടെ ലോകം

റിബലും ഔദ്യോഗികവും കൊട്ടാരക്കര: സഹോദരന്‍ റിബല്‍. സഹോദരി ഔദ്യോഗിക സ്ഥാനാര്‍ഥി. കൊട്ടാരക്കര ടൗണ്‍ വാര്‍ഡില്‍ കേ. കോണ്‍.-ബി സ്ഥാനാര്‍ഥി കണ്ണാട്ട്‌ രവിക്കെതിരേ റിബല്‍ ഉണ്ണിക്കൃഷ്‌ണന്‍ നായര്‍. ഇദ്ദേഹത്തിന്റെ സഹോദരി മിനികുമാരി ഔദ്യോഗിക സ്ഥാനാര്‍ഥിയായി കാടാകുളം വാര്‍ഡില്‍.ജ്യേഷ്‌ഠാനുജ ‍പുനലൂര്‍: നഗരസഭയില്‍ ജ്യേഷ്‌ഠാനുജ�ാര്‍ പോരിനിറങ്ങി. സി.പി.എം നേതാവും മുന്‍ നഗരസഭാ ചെയര്‍മാനുമായ എം.എ. രാജഗോപാലും സഹോദരന്‍ കേരളാ കോണ്‍ഗ്രസ്‌-ജേക്കബ്‌ നേതാവ്‌ എം.എ. വേണുവും തമ്മിലാണ്‌ കോളേജ്‌ വാര്‍ഡില്‍ അങ്കം. അമ്മായിയപ്പനും മരുമകനുംപുനലൂര്‍: നഗരസഭയില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ഥികളായി അമ്മായിയപ്പനും മരുമകനും. കോണ്‍ഗ്രസ്‌ നേതാവ്‌ ഓമനക്കുട്ടന്‍ ഉണ്ണിത്താന്‍ ആരംപുന്ന വാര്‍ഡില്‍ മത്സരിക്കുമ്പോള്‍ മകളുടെ ഭര്‍ത്താവായ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ജി. ജയപ്രകാശ്‌ കലുങ്കിന്‍മുകള്‍ വാര്‍ഡില്‍ ജനവിധി തേടുന്നു. ജ്യേഷ്‌ഠന്‌ വിമതശല്യംഅമ്പൂരി: തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്ത്‌ തേക്കുപാറ വാര്‍ഡില്‍ എല്‍.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ അനുജന്‍ വിമതനായി മത്സരിക്കുന്നു. സി.പി.ഐ സ്ഥാനാര്‍ഥി തങ്കരാജിനെ എല്‍.ഡി.എഫ്‌ കമ്മിറ്റി ഔദ്യോഗികമായി സ്ഥാനാര്‍ഥിയാക്കിയിരുന്നു. എന്നാല്‍, ഡി.വൈ.എഫ്‌.ഐയുടെ അമ്പൂരി ഏരിയാ കമ്മിറ്റി അംഗമായ അനുജന്‍ ഷാജി ഇവിടെ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു. അമ്മായിയമ്മയും മരുമകനും ചാഴൂര്‍: അമ്മായിയമ്മയും മരുമകനും കന്നിയങ്കത്തിന്‌ രണ്ടുവാര്‍ഡുകളിലായി തെരഞ്ഞെടുപ്പ്‌ ഗോദയില്‍. തൃശൂര്‍ ജില്ലയിലെ ചാഴൂര്‍ പഞ്ചായത്തിലാണ്‌ ഈ കൗതുകം. സി.പി.ഐ സിറ്റിംഗ്‌ വാര്‍ഡായ ചിറയ്‌ക്കല്‍ മേഖലയിലെ പത്താം വാര്‍ഡിലാണ്‌ സി.പി.ഐ സ്ഥാനാര്‍ഥിയായി തണ്ടാശേരി രവീന്ദ്രന്റെ ഭാര്യ മല്ലിക അങ്കം കുറിക്കുന്നത്‌. ഇവരുടെ മൂത്തമകളെ വിവാഹം ചെയ്‌ത, നാട്ടുകാര്‍ സലൂ എന്ന്‌ വിളിക്കുന്ന കാരോട്ട്‌ പറമ്പില്‍ കെ.വി. സല്‍ജിത്ത്‌ (35) ആണ്‌ സി.പി.എം സ്ഥാനാര്‍ഥിയായി ഏഴാം വാര്‍ഡില്‍ മത്സരിക്കുന്നത്‌. കൊച്ചച്ഛനും മകനും കണ്ണൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ അന്നൂര്‍ വാര്‍ഡില്‍ ഏറ്റുമുട്ടുന്നത്‌ അടുത്ത ബന്ധുക്കള്‍. പ്രമുഖ തെയ്യം കലാകാരന്‍, അന്നൂര്‍ മഹാദേവ ക്ഷേത്രത്തിനടുത്ത എം. ചന്തുപ്പണിക്കരുടെ മകന്‍ കൃഷ്‌ണകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എത്തുമ്പോള്‍ എതിരാളി, ചന്തുപ്പണിക്കരുടെ സഹോദരനും കോണ്‍ഗ്രസ്‌ നേതാവുമായ എം. ശശിധരനാണ്‌. സംവരണ വാര്‍ഡായ ഇവിടെ രണ്ടുപേരും പത്രിക സമര്‍പ്പിച്ചു.

2010, ഒക്‌ടോബർ 1, വെള്ളിയാഴ്‌ച

വളണ്ടിയര്‍ കിറ്റുമായി മുങ്ങി

ഗെയിംസുകളുടെ വികാരം സദാ സേവനസന്നദ്ധരായ വളണ്ടിയര്‍മാരാണെങ്കില്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ആ മേളയെക്കുറിച്ച ഇന്ത്യയുടെ വികാരം പ്രതിഫലിപ്പിക്കും. ഗെയിംസിനായി രജിസ്റ്റര്‍ ചെയ്‌ത പതിനായിരത്തോളം വളണ്ടിയര്‍മാര്‍ അവര്‍ക്കു കിട്ടിയ 12,000 രൂപ വിലമതിക്കുന്ന കിറ്റുമായി അപ്രത്യക്ഷരായി. ഇതോടെ സ്വകാര്യ ഗ്രൂപ്പുകളെ സംഘാടകര്‍ക്ക്‌ വാടകക്ക്‌ നിയോഗിക്കേണ്ടിവന്നു. സഹാറ ഗ്രൂപ്പിന്റെ വളണ്ടിയര്‍മാരാണ്‌ ഇപ്പോള്‍ വിമാനത്താവളത്തിലും ഗെയിംസ്‌ ഗ്രാമത്തിലും സേവനമനുഷ്‌ഠിക്കുന്നത്‌.രണ്ട്‌ ജോടി യൂനിഫോം, വീട്ടില്‍നിന്ന്‌ വേദിയിലേക്ക്‌ സൗജന്യ മെട്രൊ പാസ്‌ എന്നിവയായിരുന്നു കിറ്റില്‍. വളണ്ടിയര്‍മാര്‍ക്കായി ഭക്ഷണത്തിന്‌ ചുമതലപ്പെടുത്തിയ കാറ്ററിംഗ്‌ ഏജന്‍സി ഇനി ഭക്ഷണം എന്തു ചെയ്യുമെന്ന തലവേദനയിലാണ്‌. ചുമതല നല്‍കുന്നതിലെ വീഴ്‌ച, ശ്രദ്ധ കിട്ടാത്ത വിധത്തിലുള്ള ജോലികള്‍, പരിശീലനക്കുറവ്‌, പ്രചോദനമില്ലായ്‌മ തുടങ്ങിയവയാണ്‌ വളണ്ടിയര്‍മാരില്‍ പകുതിയും മുങ്ങിയതിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. വളണ്ടിയര്‍മാര്‍ക്ക്‌ വേതനമുണ്ടായിരുന്നില്ല. ഭക്ഷണവും സര്‍ട്ടിഫിക്കറ്റുമാണ്‌ നല്‍കുക. പ്രമുഖ അത്‌ലറ്റുകളെ നേരിട്ട്‌ കാണുകയും അവര്‍ക്ക്‌ സേവനം ചെയ്യുകയും ചെയ്യുകയെന്നതായിരുന്നു ജോലിയുടെ പ്രധാന പ്രചോദനം. കടുത്ത ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടവര്‍ക്കെങ്കിലും അലവന്‍സ്‌ നല്‍കണമായിരുന്നുവെന്ന്‌ പലരും അഭിപ്രായപ്പെട്ടു.