2010, ഒക്‌ടോബർ 31, ഞായറാഴ്‌ച
ഡീന്‍ ഡുപ്ലെസിക്ക് കണ്ണെന്തിന്
പന്ത് ബാറ്റില്‍നിന്ന് പായുമ്പോള്‍ തന്നെ സിംബാബ്‌വെക്കാരനായ ഡീന്‍ ഡുപ്ലെസി പറയും അതിന്റെ പോക്ക് എങ്ങോട്ടെന്ന്. ഡുപ്ലെസിയുടെ വിവരണം കേള്‍ക്കുന്നവര്‍ക്കറിയില്ലല്ലോ ഈ റേഡിയൊ കമന്ററി പറയുന്നത് അന്ധനാണെന്ന്. കണ്ണില്ലെങ്കിലെന്ത്, എല്ലാം പിടിച്ചെടുക്കുന്ന ചെവിയുണ്ട്. പിന്നെ കംപ്യൂട്ടറിനെ വെല്ലുന്ന ഓര്‍മശക്തിയും. ബാറ്റില്‍ പന്ത് തട്ടുന്നതിന്റെ ശബ്‌ദം കേട്ടാല്‍ ഡുപ്ലെസിക്കറിയാം അതെങ്ങോട്ടേക്കാണ് കുതിക്കുകയെന്ന്. പന്തിന്റെ സ്‌പീഡും സ്‌പിന്നും അയാളുടെ ചെവി പിടിച്ചെടുക്കും. ഒപ്പം കളിക്കാരുടെ ആഹ്ലാദത്തിന്റെയും നിരാശയുടെയും നിശ്വാസങ്ങളും. സ്‌കോര്‍ ബോര്‍ഡിനെ തോല്‍പിക്കും ഡുപ്ലെസിയുടെ കംപ്യൂട്ടര്‍ മനസ്സ്. ഹരാരെ കണ്‍ട്രി ക്ലബ്ബില്‍ മറ്റു ജേണലിസ്റ്റുകള്‍ പന്ത് മാനത്തേക്കുയരുന്നതു വീക്ഷിക്കുമ്പോള്‍തന്നെ മുപ്പത്തിമൂന്നുകാരന്‍ പറഞ്ഞുതുടങ്ങും, `ദാറ്റ്‌സ് ബിഗ് വണ്‍, ഇറ്റീസ് ഗോണ്‍ ഫോര്‍ സിക്‌സ്'. ക്രിക്കറ്റിന്റെ അലസ താളം ഡുപ്ലെസിക്ക് ഏറെ ഇണങ്ങും. ബാസ്‌കറ്റ്‌ബോളിലോ ഫുട്‌ബോളിലോ ഡുപ്ലെസി തിളങ്ങണമെന്നില്ല. ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും കമന്റേറ്ററായി പോയിട്ടുണ്ട് ഡുപ്ലെസി. ഷെയ്‌ന്‍ വോണിന്റെ ശരീരചലനങ്ങളും വാചകമടികളും പോലും തനിക്ക് മനസ്സിലാക്കാനാവുമെന്ന് ഡുപ്ലെസി പറയുന്നു. കണ്ണില്‍ മുഴകളുമായി ജനിച്ച ഡുപ്ലെസി കുട്ടിക്കാലം കടക്കില്ലെന്നാണ് ഡോക്‌ടര്‍മാര്‍ പ്രവചിച്ചത്. ആറാം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലെ അന്ധവിദ്യാലയത്തില്‍ ചേര്‍ന്നപ്പോഴാണ് സ്‌പോര്‍ട്‌സിനോട് കമ്പം തുടങ്ങിയത്. സ്റ്റേഡിയത്തിലെ എല്ലാ ബഹളത്തിനും മുകളിലൂടെ ഡുപ്ലെസി ഇന്ത്യയുമായുള്ള പരമ്പര `ആസ്വദിച്ചു'. ഇപ്പോള്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് ആസ്ഥാനത്ത് മീഡിയ എഡിറ്ററായി പ്രവര്‍ത്തിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ