വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ബോലാറാം പഠിക്കുകയാണ്‌

ഇത്‌ ബോലാറാം. വയസ്സ്‌ 100. നൂറാം പിറന്നാള്‍ ആഘോഷിച്ച ബോലാറാം ദാസിന്‌ പുതിയൊരു മോഹം. ഒരു പി.എച്ച്‌.ഡി വേണം. പ്രായത്തിന്റെ അസ്‌കിതയില്ലാതെ ഗുവാഹതി സര്‍വകലാശാലയില്‍നിന്ന്‌ വൈഷ്‌ണവിസത്തില്‍ ഗവേഷണ ബിരുദം നേടാനൊരുങ്ങുകയാണ്‌ ഈ സ്വാതന്ത്ര്യ സമര സേനാനി. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ വിദ്യാര്‍ഥിയാകും ബോലാറാം. സര്‍വകലാശാലയിലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. നൂറു വര്‍ഷത്തിനിടെ താന്‍ നാടിനു വേണ്ടി ഒരുപാട്‌ കാര്യങ്ങള്‍ ചെയ്‌തെന്നും പഠനത്തോട്‌ തനിക്കുള്ള അടക്കാനാവാത്ത ആവേശത്തിന്റെ പൂര്‍ത്തികരണമായി ഒരു പി.എച്ച്‌.ഡി എടുക്കണമെന്നും അദ്ദേഹം പറയുന്നു. മുമ്പ്‌ അധ്യാപകനായും അഭിഭാഷകനായും ജില്ലാ കോടതി ജഡ്‌ജിയായും ജോലി ചെയ്‌തിട്ടുണ്ട്‌ ബോലാറാം. 1930 ല്‍ കൗമാരപ്രായത്തിലാണ്‌ ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ സമരം നടത്തിയതിന്‌ ബോലാറാം ദാസിനെ അറസ്റ്റ്‌ ചെയ്‌ത്‌ ജയിലിലടച്ചത്‌. രണ്ടു മാസം തടവ്‌. പിന്നീട്‌ കോമേഴ്‌സും നിയമവും പഠിച്ചു. 1945 ല്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേര്‍ന്ന്‌ സ്വാതന്ത്ര്യ സമരത്തില്‍ സജീവമായി. 1971 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്നും വിരമിച്ചു. നൂറു വയസ്സുള്ളയാളെ വിദ്യാര്‍ഥിയായി ലഭിച്ചതില്‍ സര്‍വകലാശാലക്കും അഭിമാനം -വൈസ്‌ ചാന്‍സലര്‍ ഒ.കെ. മേധി പറയുന്നു. ഈ പ്രായത്തിലുള്ള ഒരു വിദ്യാര്‍ഥിയുണ്ടാകുക വിരളമാണ്‌. യുവതലമുറക്ക്‌ പഠിക്കാന്‍ പ്രചോദനമാകുമിത്‌. പത്തു പേരമക്കളുള്ള അദ്ദേഹത്തെ ഇപ്പോള്‍ പഠിപ്പിക്കുന്നത്‌ സര്‍വകലാശാല പ്രൊഫസറായ ഒരു പേരമകനാണ്‌.ബോലാറാമിന്റെ ഭാര്യ മന്ദാകിനി 1988 ല്‍ മരിച്ചു. ആറുമക്കള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ