വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

മലിനജല തടാകം ഓര്‍മയാകുന്നു

സൗദിയിലെ ജിദ്ദയില്‍ മലിനജല തടാകം വറ്റിക്കുന്ന പ്രക്രിയ പൂര്‍ത്തിയാവുന്നു. കഴിഞ്ഞ നവംബറിലെ പ്രളയവേളയില്‍ തടാകം നിറഞ്ഞുകവിയുകയും പൊട്ടുമെന്ന ആശങ്ക പരക്കുകയും ചെയ്‌തിരുന്നു. തടാകത്തിലെ ജലവിതാനം 10.5 മീറ്ററിലെത്തി ഏത്‌ നിമിഷവും പൊട്ടുമെന്ന കിംവദന്തി പരന്നത്‌ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു. ഇതേതുടര്‍ന്ന്‌ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സാമിര്‍ ഡിസ്‌ട്രിക്‌ടിലെ തടാകത്തിന്റെ സമീപവാസികളെ ഒഴിപ്പിക്കുകയുമുണ്ടായി. മസ്‌ക്‌ എന്ന പേരിലറിയപ്പെടുന്ന 18 മീറ്റര്‍ ഉയരവും നാലു കിലോമീറ്റര്‍ നീളവുമുള്ള തടാകത്തില്‍നിന്ന്‌ 10 ദശലക്ഷത്തിലേറെ ഘനമീറ്റര്‍ മലിനജലം ഇതിനകം പമ്പ്‌ ചെയ്‌ത്‌ കഴിഞ്ഞു. ഇക്കഴിഞ്ഞ ജൂലൈയിലാണ്‌ വറ്റിക്കുന്നത്‌ തുടങ്ങിയത്‌. മൂന്നിടങ്ങളിലേക്കാണ്‌ തടാകത്തില്‍നിന്ന്‌ അഴുക്കുജലം പമ്പ്‌ ചെയ്യാന്‍ തുടങ്ങിയത്‌. കിംഗ്‌ അബ്‌ദുല്‍ അസീസ്‌ വിമാനത്താവളത്തിന്‌ സമീപത്തെയും ബുറൈമാനിലെയും ശുദ്ധീകരണശാലകളിലേക്കും മലിനജലം ബാഷ്‌പീകരിച്ചുകളയുന്ന ഒമ്പത്‌ പ്ലാന്റുകളിലേക്കുമാണ്‌ പമ്പ്‌ ചെയ്‌ത്‌ ഒഴിവാക്കിയത്‌. ഖരമാലിന്യം മറ്റൊരിടത്തേക്കാണ്‌ മാറ്റിക്കൊണ്ടിരിക്കുന്നത്‌. തടാകത്തിന്റെ ചെറിയൊരു ഭാഗത്ത്‌ മാത്രമേ മലിനജലം ശേഷിക്കുന്നുള്ളൂ. ഖരമാലിന്യം നീക്കുന്ന ജോലിയും പൂര്‍ത്തിയായിവരുന്നു. വറ്റിക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ മണ്ണിട്ട്‌ തടാകം തൂര്‍ക്കുന്ന പണിയാരംഭിക്കും. ഇവിടെ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്നതിനും നഗരസഭക്ക്‌ പരിപാടിയുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ