വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

അത്ഭുത നീരാളിക്ക്‌ വിട


ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ഫലങ്ങള്‍ പ്രവചിച്ച്‌ ലോകപ്രശസ്‌തനായ പോള്‍ എന്ന നീരാളി തീപ്പെട്ടു. നീരാളി കഴിഞ്ഞ ദിവസം രാത്രി ഉറക്കത്തില്‍ സ്വാഭാവിക മരണത്തിന്‌ ഇരയായതായി പോളിനെ സൂക്ഷിച്ചിരുന്ന ഒബര്‍ഹോസന്‍ പട്ടണത്തിലെ സീ ലൈഫ്‌ സെന്റര്‍ അക്വേറിയത്തിലെ മാനേജര്‍ സ്റ്റെഫാന്‍ പോര്‍വോള്‍ അറിയിച്ചു. മത്സര വിജയികളെ പ്രവചിച്ച്‌ ലോകകപ്പിനെക്കാള്‍ വലിയ പ്രശസ്‌തി കൈവരിച്ച പോളിന്റെ മരണം തങ്ങള്‍ക്ക്‌ താങ്ങാനാവാത്തതാണെന്ന്‌ അക്വേറിയം മാനേജുമെന്റ്‌ അറിയിച്ചു. ഫൈനലില്‍ സ്‌പെയിനിന്റെ വിജയമടക്കം എട്ടു മത്സരങ്ങളാണ്‌ പോള്‍ കൃത്യമായി പ്രവചിച്ചത്‌. മത്സരിക്കുന്ന രാജ്യങ്ങളുടെ ദേശീയ പതാകകള്‍ സ്ഥാപിച്ച പെട്ടികളില്‍നിന്നും വിജയികളുടെ പെട്ടി തെരഞ്ഞെടുത്താണ്‌ പോള്‍ ശ്രദ്ധ നേടിയത്‌. ആദ്യ മത്സരങ്ങളിലെ പോളിന്റെ പ്രവചനങ്ങള്‍ ശരിയായതോടെ അവസാന പ്രവചനങ്ങള്‍ ജര്‍മന്‍ ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്‌തു. മരണ വിവരമറിഞ്ഞ്‌ ഒരു മണിക്കൂറിനകം 150-ഓളം സന്ദേശങ്ങളാണ്‌ പോളിനുവേണ്ടി തുറന്നിട്ടുള്ള ഫേസ്‌ ബുക്ക്‌ പേജില്‍ ആരാധകര്‍ പോസ്റ്റു ചെയ്‌തത്‌. തങ്ങളുടെ ഇഷ്‌ട ടീമിന്റെ പരാജയം പ്രവചിച്ചതിനാല്‍ പോളിന്‌ ഒട്ടേറെ ശത്രുക്കളെയും ലഭിച്ചിരുന്നു. ജര്‍മനിയോട്‌ ബ്രിട്ടന്‍ തോല്‍ക്കുമെന്ന പ്രവചനം ഇംഗ്ലീഷ്‌ ആരാധകരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്‌. പോളിനെ കൊന്നു തിന്നുമെന്ന്‌ ഭീഷണി മുഴക്കിയ നിരവധി ഇ-മെയിലുകളും അക്വേറിയത്തില്‍ ലഭിച്ചിരുന്നു. പോളിന്റെ സുരക്ഷ ഉറപ്പുവരുത്താനായി അവനെ തങ്ങള്‍ക്കു വിട്ടുതരണമെന്ന്‌ സ്‌പെയിന്‍ പ്രധാനമന്ത്രി ജോസ്‌ ലൂയിസ്‌ റോഡ്രിഗ്വസ്‌ തന്നെ ആവശ്യപ്പെടുക പോലുമുണ്ടായി. പോളിന്‌ ഉചിതമായ ഒരു സ്‌മാരകം പണിയാനും അക്വേറിയം അധികൃതര്‍ക്ക്‌ പരിപാടിയുണ്ട്‌.

1 അഭിപ്രായം: