വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

അമേരിക്കന്‍ പൗരത്വ ലഭ്യതക്ക്‌ 101 വര്‍ഷം

മെക്‌സിക്കോയില്‍നിന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറിയ യുലാലിയ ഗാര്‍ഷ്യക്ക്‌ ഒടുവില്‍ അമേരിക്കന്‍ പൗരത്വം കിട്ടി. അതിനവര്‍ക്ക്‌ കുറച്ചു കാത്തിരിന്നുവെന്ന്‌ മാത്രം, വെറും ഒരു നൂറ്റാണ്ടു കാലം! 1909 ഒക്‌ടോബര്‍ 12 ന്‌ അമേരിക്കയിലെത്തിയ ഇവര്‍ക്ക്‌ കൃത്യം 101 വര്‍ഷത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്‌ചയാണ്‌ പൗരത്വം ലഭിച്ചത്‌. 101 വയസ്സുകാരിയായ ഇവര്‍ പക്ഷെ വൈകിയെത്തിയ അംഗീകാരത്തെ ആഹ്ലാദത്തോടെ വരവേറ്റു. നൂറു വയസ്സിനു മേല്‍ പ്രായമുള്ള 15 അപേക്ഷകരെ തെരഞ്ഞെടുത്ത്‌ പൗരത്വം നല്‍കാനുള്ള അമേരിക്കയിലെ ബ്യൂറോ ഓഫ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്റ്‌ ഇമിഗ്രേഷന്‍ വകുപ്പിന്റെ തീരുമാനമാണ്‌ ഇവര്‍ക്ക്‌ തുണയായത്‌. ആറു മാസം പ്രായമുള്ള കൈക്കുഞ്ഞായിരിക്കേയാണ്‌ യുലാലിയയുടെ മാതാവ്‌ അവരെയും കൂട്ടി അമേരിക്കയിലേക്ക്‌ കുടിയേറിയത്‌. അന്ന്‌ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക്‌ രേഖകളില്ലാതെ അതിര്‍ത്തി കടന്ന്‌ യാത്ര ചെയ്യാന്‍ അവസരമുണ്ടായിരുന്നു. ഇതിനകം രണ്ടു തവണ വിവാഹിതയായ ഇവര്‍ക്ക്‌ രണ്ട്‌ മക്കളുമുണ്ട്‌. പൗരത്വം ലഭിക്കുന്നതിന്‌ വേണ്ടി നടത്തിയ വാചാ പരീക്ഷയില്‍ എല്ലാ ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കിയതായി വകുപ്പ്‌ അധികൃതര്‍ അറിയിച്ചു.

1 അഭിപ്രായം: