വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 30, ബുധനാഴ്‌ച

ബാറില്‍ തട്ടിയ ഗോള്‍ ജര്‍മന്‍ പാര്‍ലമെന്റിലും

ഇംഗ്ലണ്ട്‌-ജര്‍മനി പ്രീ ക്വാര്‍ട്ടറിലെ ലമ്പാര്‍ടിന്റെ ക്രോസ്‌ ബാറില്‍ തട്ടി ഗോള്‍ വരക്കുള്ളില്‍ പതിച്ച വിവാദ ഗോള്‍ ഇംഗ്ലണ്ടിന്‌ അംഗീകരിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട്‌ ജര്‍മന്‍ പാര്‍ലമെന്റില്‍ പരാതിയെത്തി. നീതി പാലിക്കണമെന്നും മത്സരത്തിന്റെ 38-ാം മിനിറ്റില്‍ ലമ്പാര്‍ട്‌ തൊടുത്ത ഷോട്ട്‌ ഗോളായി അംഗീകരിക്കണമെന്നും പരാതി നല്‍കിയ ആള്‍ ആവശ്യപ്പെട്ടതായി ജര്‍മന്‍ പാര്‍ലമെന്റിലെ പെറ്റീഷന്‍സ്‌ കമ്മിറ്റി തലവന്‍ കെര്‍സ്റ്റന്‍ സ്റ്റീന്‍കെ അറിയിച്ചു. എന്നാല്‍ ആരാണ്‌ പരാതി നല്‍കിയതെന്ന്‌ വെളിപ്പെടുത്തിയില്ല. ഒരു ജര്‍മന്‍ ഫസ്റ്റ്‌ ഡിവിഷന്‍ ക്ലബിന്റെ ഹോം ടൗണില്‍ നിന്നുള്ള ആളാണ്‌ പരാതിക്കാരന്‍ എന്നു മാത്രമാണ്‌ അറിയിച്ചത്‌. എന്നാല്‍ ഫിഫക്കു മാത്രേമ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ. ലമ്പാര്‍ടിന്റെ ഷോട്ട്‌ ക്രോസ്‌ ബാറില്‍ തട്ടി ഗോള്‍ വരക്കുള്ളില്‍ പതിച്ച ശേഷമാണ്‌ ഗോളി പിടിച്ചത്‌. റഫറി ഇത്‌ കാണാതെ കളി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഗോള്‍ അംഗീകരിച്ചിരുന്നെങ്കില്‍ സ്‌കോര്‍ 2-2 എന്ന നിലയില്‍ തുല്യമാവുകയും ഇംഗ്ലണ്ടിന്‌ കൂടുതല്‍ ആത്മവിശ്വാസം ലഭിക്കുകയും ചെയ്‌തേനെ.

ഭര്‍ത്താവിന്‌ കളിഭ്രാന്ത്‌ വന്നാല്‍

ഭര്‍ത്താവിന്‌ ലോക കപ്പ്‌ ജ്വരം തലയില്‍ കയറിയാല്‍ എങ്ങനെയുണ്ടാകും. ഇതാ കുവൈത്ത്‌ സിറ്റിയില്‍നിന്ന്‌ മറ്റൊരു സംഭവം. ടിവിയില്‍ ദീര്‍ഘ സമയം മത്സരങ്ങള്‍ കണ്ടിരിക്കുന്നതിനെ കുറ്റപ്പെടുത്തിയ‍ കുവൈത്തി വനിതക്ക്‌ ഭര്‍ത്താവിന്റെ വക ക്രൂരമര്‍ദനം. തലങ്ങും വിലങ്ങും അടിയേറ്റ യുവതിയുടെ മൂക്ക്‌ തകര്‍ന്നു. രോഷാകുലനായ ഭര്‍ത്താവ്‌ യുവതിയെ തെറിയഭിഷേകം നടത്തിയാണ്‌ മര്‍ദിക്കാന്‍ തുടങ്ങിയത്‌. ബോധംകെടുന്നതുവരെ ഭര്‍ത്താവ്‌ മര്‍ദനം തുടര്‍ന്നതായി യുവതി പറയുന്നു. ബോധം വീണ്ടുകിട്ടിയ ശേഷം സഹോദരനെ വിളിച്ചുവരുത്തി ആശുപത്രിയിലേക്ക്‌ പോയി. മൂക്കിന്റെ അസ്ഥി പൊട്ടിയതായി ഡോക്‌ടര്‍മാര്‍ സ്ഥിരീകരിച്ചു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനോട്‌ സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

പുലിയോ പൂച്ചയോ?

കളമശേരി എടയാറില്‍ ചൊവ്വാഴ്‌ചയും `പുലി'യെ കണ്ടത്രേ. തുടര്‍ന്ന്‌ വനംവകുപ്പ്‌ എടയാറിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്തിന്റെ കാടുപിടച്ച സ്ഥലത്ത്‌ കൂടും ഒരുക്കി. മതിലുചാടി മിന്നായം പോലെ പോയ ജീവി പുലിയോ, കാട്ടുപൂച്ചയോ എന്നാര്‍ക്കും അറിയില്ല. പുലിപ്പേടിയില്‍ എടയാര്‍ സന്ധ്യക്കു മുമ്പേ വിജനമായിത്തുടങ്ങി. പുലിയെ കണ്ട ഹൗസ്‌ ഓഫ്‌ കാര്‍ട്ടണ്‍സിലെ അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥലം കാലിയാക്കി. കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ബിനാനിപുരത്തുനിന്ന്‌ രണ്ടു കിലോമീറ്റര്‍ അകലെ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സിന്റെ കോമ്പൗണ്ടാണത്രെ ഈ ജീവിയുടെ വിഹാരരംഗം. കഴിഞ്ഞയാഴ്‌ച പകല്‍ ആര്‍സിഎം റെഡിമിക്‌സ്‌ ജീവനക്കാരാണ്‌ മതിലുചാടിപ്പോകുന്ന `പുലി'യെ ആദ്യം കണ്ടത്‌. പിന്നാലെ ഹൗസ്‌ കാര്‍ട്ടണ്‍സിലെ തൊഴിലാളികളും കണ്ടു. അന്ന്‌ പോലീസും വനം വകുപ്പ്‌ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു. പുലിയെ കണ്ടെത്തിയില്ല. പേടിയൊന്ന്‌ മാറിവരുമ്പോഴാണ്‌ ചിലര്‍ പുലിയെ കണ്ടതായി വീണ്ടും വാര്‍ത്ത പരന്നത്‌. പക്ഷേ ഇവര്‍ കണ്ട ജീവിക്ക്‌ രണ്ടര അടി മാത്രമെ ഉയരുമുള്ളൂവത്രേ, കാപ്പി നിറവും. ഉയരം രണ്ടര അടി മാത്രമേ ഉള്ളൂവെങ്കില്‍ അത്‌ കാട്ടുപൂച്ചയാകാനോ ചെറിയ പുലിയാകാനോ സാധ്യതയുണ്ടെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ടാനഛന്‌ കളിഭ്രാന്ത്‌ വന്നാല്‍...

രണ്ടാനഛന്‌ ലോകകപ്പ്‌ ജ്വരം തലയില്‍ കയറിയാല്‍ എങ്ങനെയുണ്ടാകും. ഇതാ ചിക്കാഗോയില്‍നിന്നൊരു അനുഭവസാക്ഷ്യം. കളി കാണുന്നതിനിടെ ശല്യം ചെയ്‌ത രണ്ട്‌ വയസ്സുള്ള വളര്‍ത്തുമകളെ രണ്ടാനഛന്‍ ശ്വാസം മുട്ടിച്ചുകൊന്നു. കൊല്ലുന്നതിനുമുമ്പ്‌ പിഞ്ചുകുഞ്ഞിനെ അയാള്‍ അടിച്ച്‌ വാരിയെല്ലൊടിക്കുകയും ചെയ്‌തു. ചിക്കാഗോയിലാണ്‌ ഹെക്‌ടര്‍ കാസ്‌ട്രോ എന്ന 28 കാരന്‍ അമേരിക്ക?-ഘാന മത്സരത്തിനിടെ ഈ കൊടും ക്രൂരത കാട്ടിയത്‌. സംഭവത്തെത്തുടര്‍ന്ന്‌ ഇയാളെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
മത്സരം നടക്കുമ്പോള്‍ കുഞ്ഞ്‌ നിര്‍ത്താതെ കരഞ്ഞതാണ്‌ അയാളെ പ്രകോപിപ്പിച്ചത്‌. ആദ്യം മൃഗീയമായി കുട്ടിയെ അടിച്ച ഇയാള്‍ പിന്നീട്‌ വാ പൊത്തിപ്പിടിച്ചു. ശ്വാസം മുട്ടി കുഞ്ഞ്‌ മരിച്ചുവെന്നറിഞ്ഞതോടെ ഇയാള്‍ കുറ്റത്തില്‍നിന്ന്‌ രക്ഷപ്പെടാനായി കുട്ടിയുടെ തൊണ്ടയില്‍ ഒരു സ്‌ക്രൂ തള്ളിവെച്ച്‌ ആംബുലന്‍സ്‌ വിളിച്ചു. എന്നാല്‍ പരിശോധനയില്‍ മരണകാരണം സ്‌ക്രൂ അല്ലെന്ന്‌ തിരിച്ചറിഞ്ഞതോടെ ഇയാളുടെ വീട്ടില്‍ പോലീസ്‌ കുതിച്ചെത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്‌തു. അനധികൃത കുടിയേറ്റക്കാരനായ ഹെക്‌ടറിനെതിരെ ക്രിമിനല്‍ നടപടി ഉണ്ടാകുമെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി.

2010, ജൂൺ 29, ചൊവ്വാഴ്ച

`മാതൃകാ ലോകകപ്പ്‌' മോഷണം പോയി

ലോകകപ്പ്‌ വേദിയിലെ ഫിഫ ഓഫീസില്‍ കവര്‍ച്ച. കനത്ത സുരക്ഷാ സന്നാഹങ്ങളെ മറികടന്ന്‌ ലോകകപ്പിന്റെ ഏഴ്‌ മാതൃകകളും ഏതാനും യൂനിഫോമുകളും മോഷ്‌ടിക്കപ്പെട്ടു. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനിടയില്‍ മാഫിയ സംഘങ്ങളും മോഷ്‌ടാക്കളും വിലസുമെന്ന്‌ ആശങ്കയുണ്ടായിരുന്നു. ഇത്‌ കണക്കിലെടുത്ത്‌ ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു. മാതൃകകള്‍ മോഷണം പോയത്‌ ഗൗരവമായി കാണുമെന്നും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ്‌ മേധാവി ബെക്കി സെലെ പറഞ്ഞു. മോഷ്‌ടാക്കള്‍ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസ്ഥലങ്ങള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കര്‍ശന സുരക്ഷാ കാരണത്താല്‍ ഉപേക്ഷിച്ചു -പോലീസ്‌ അറിയിച്ചു. ടൂര്‍ണമെന്റിന്റെ സുരക്ഷാ സന്നാഹങ്ങളില്‍ പൂര്‍ണ തൃപ്‌തിയുണ്ടെന്ന്‌ ലോകകപ്പിന്റെ ഔദ്യോഗിക വക്താവ്‌ പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിചാരണക്കായി 56 പ്രത്യേക കോടതികളാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌. ഇംഗ്ലീഷ്‌ ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍നിന്ന്‌ സ്വര്‍ണ മെഡലും പണവും കളിക്കാരുടെ വസ്‌ത്രങ്ങളും മോഷ്‌ടിച്ച അഞ്ച്‌ ഹോട്ടല്‍ ജീവനക്കാരെ തിങ്കളാഴ്‌ച അതിവേഗ കോടതി ശിക്ഷിച്ചിരുന്നു.

ജിദ്ദയിലെ കരുതല്‍ അണക്കെട്ട്‌ വറ്റിച്ചു

കിഴക്കന്‍ ജിദ്ദയിലെ കരുതല്‍ അണക്കെട്ടിലെ വെള്ളം പൂര്‍ണമായും വറ്റിച്ചതായി മേയര്‍ എന്‍ജിനീയര്‍ ആദില്‍ ഫഖീഹ്‌. മഴയെ തുടര്‍ന്ന്‌ 2.1 കോടി ക്യുബിക്‌ മീറ്റര്‍ വെള്ളമാണ്‌ കരുതല്‍ അണക്കെട്ടില്‍ ഒഴുകിയെത്തിയിരുന്നത്‌. അണക്കെട്ട്‌ പ്രദേശം മേയര്‍ ഇന്നലെ സന്ദര്‍ശിച്ചു. മലിനജല തടാകത്തിലെ വെള്ളമല്ല കരുതല്‍ അണക്കെട്ടില്‍ നിറഞ്ഞിരുന്നതെന്ന്‌ മേയര്‍ പറഞ്ഞു. മലവെള്ളം തടഞ്ഞുനിര്‍ത്തുന്നതില്‍ വന്‍ വിജയമാണെന്ന്‌ കരുതല്‍ അണക്കെട്ട്‌ തെളിയിച്ചു. ഈ വെള്ളം ജനവാസ കേന്ദ്രങ്ങളിലേക്ക്‌ ഒഴുകിയെത്തിയിരുന്നെങ്കില്‍ വന്‍ നാശനഷ്‌ടം സംഭവിക്കുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങള്‍ക്ക്‌ പിറകേ ഒരാള്‍

ലോകകപ്പില്‍ ഫ്രാങ്ക്‌ ലംപാഡിന്റെ ഷോട്ട്‌ ജര്‍മന്‍ ഗോള്‍വര കടന്നിട്ടും ഇംഗ്ലണ്ടിന്‌ ഗോള്‍ അനുവദിക്കാതിരുന്ന ഉറുഗ്വായ്‌ റഫറി ഗോര്‍ഗെ ലാരിയോണ്ട വിവാദങ്ങള്‍ക്ക്‌ പുതുമുഖമൊന്നുമല്ല. കൃത്രിമം കാണിച്ചതിന്റെ പേരില്‍ 2002 ല്‍ ഉറുഗ്വായ്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ ആറ്‌ മാസത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു ഇയാള്‍ക്ക്‌. അന്നു മുതല്‍ റെഡ്‌ കാര്‍ഡ്‌ ലാരിയോണ്ട എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്‌ സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്നതിനാല്‍ 2002 ലെ ലോകകപ്പില്‍ കളി നിയന്ത്രിക്കാന്‍ അവസരം ലഭിച്ചില്ല.ലംപാഡിന്റെ ഷോട്ട്‌ ഗോളാണെന്ന്‌ വിധിച്ചിരുന്നെങ്കില്‍ മത്സരം 2?-2 ആവുകയും ഇംഗ്ലണ്ടിന്റെ പ്രകടനം മെച്ചപ്പെടുകയും ചെയ്‌തേനേ. ഇത്ര കനത്ത തോല്‍വി അവര്‍ക്ക്‌ നേരിടേണ്ടിവരുമായിരുന്നില്ലെന്ന്‌ തീര്‍ച്ച.ഈ ലോകകപ്പില്‍ ഇതിനു മുമ്പും ലാരിയോണ്ടയുടെ അശ്രദ്ധ വിവാദമായിട്ടുണ്ട്‌. ഓസ്‌ട്രേലിയയുടെ ടിം കഹീലിന്റെ കയ്യില്‍ പന്ത്‌ തട്ടിയിട്ടും സെര്‍ബിയന്‍ കളിക്കാരുടെ പെനാല്‍റ്റി അപ്പീല്‍ റഫറി തള്ളി. ആ പെനാല്‍റ്റി സെര്‍ബിയ ഗോളാക്കിയിരുന്നെങ്കില്‍ ഘാനക്കു പകരം രണ്ടാം റൗണ്ടിലേക്ക്‌ യോഗ്യത നേടാന്‍ അവര്‍ക്ക്‌ കഴിഞ്ഞേനേ. റഫറിയില്‍നിന്ന്‌ നീതി ലഭിച്ചില്ലെന്ന്‌ സെര്‍ബിയന്‍ കോച്ച്‌ റദോമിര്‍ ആന്റിക്‌ ആരോപിക്കുന്നു.2006ലെ ലോകകപ്പിലും വിവാദമുണ്ടാക്കി ലാരിയോണ്ട. അന്ന്‌ ഇറ്റലിയും അമേരിക്കയും തമ്മില്‍ നടന്ന ആദ്യ റൗണ്ട്‌ മത്സരത്തില്‍ മൂന്ന്‌ തവണയാണ്‌ അദ്ദേഹം ചുവപ്പു കാര്‍ഡ്‌ പുറത്തെടുത്തത്‌. രണ്ട്‌ തവണ യു.എസ്‌ ടീമിനു നേരെയും ഒരു തവണ ഇറ്റലിക്കു നേരെയും.2004 ല്‍ നടന്ന ബ്രസീല്‍?-കൊളംബിയ ലോകകപ്പ്‌ യോഗ്യതാ മത്സരത്തിലും ലാരിയോണ്ട മണ്ടത്തരം കാട്ടി -ബ്രസീല്‍ സ്‌ട്രൈക്കര്‍ അഡ്രിയാനോയുടെ ഷോട്ട്‌ ബാറില്‍ തട്ടി ഗോള്‍ വരക്ക്‌ ഉള്ളില്‍ വീണെങ്കിലും റഫറി ഗോളല്ലെന്ന്‌ വിധിച്ചു. ഏതാണ്ട്‌ അതേ വിഡ്‌ഢിത്തമാണ്‌ ഇംഗ്ലണ്ട്‌-ജര്‍മനി മത്സരത്തിലും അദ്ദേഹം കാട്ടിയത്‌.

അനാഥരായി വൂവുസേലകള്‍

ലോകകപ്പില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയുള്‍പ്പെടെ അഞ്ച്‌ ആഫ്രിക്കന്‍ ടീമുകള്‍ പുറത്തായതോടെ വൂവുസേലകളുടെ ശക്തി ചോരുന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ചൂടപ്പം പോലെ വിറ്റഴിച്ച ഈ സംഗീതോപകരണം ഇപ്പോള്‍ കടകളില്‍ കെട്ടിക്കിടക്കുകയാണ്‌. വില 60-70 റാന്റില്‍നിന്ന്‌ -400 രൂപയോളം- 30 റാന്റായി ഇടിയുകയും ചെയ്‌തു. കെട്ടുകണക്കിന്‌ വൂവുസേല സ്റ്റോക്ക്‌ ചെയ്‌തവര്‍ ഇതോടെ ആധിയിലായി. ദക്ഷിണാഫ്രിക്കയില്‍നിന്ന്‌ മടങ്ങുന്നവര്‍ ഓര്‍മക്കായി ഈ ലോകകപ്പിന്റെ ഓര്‍മക്കായി നാട്ടിലേക്ക്‌ തിരിക്കുമ്പോള്‍ വൂവുസേലകള്‍ വാങ്ങിക്കൂട്ടുമെന്ന പ്രതീക്ഷയിലാണ്‌ കച്ചവടക്കാര്‍.

2010, ജൂൺ 28, തിങ്കളാഴ്‌ച

കള്ളനെന്ത്‌ രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി എം.പിയുടെ മൊബൈല്‍ ഫോണ്‍ ന്യൂദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ മോഷ്‌ടിക്കപ്പെട്ടു. കഴിഞ്ഞ ദിവസം ലണ്ടനില്‍നിന്ന്‌ തിരിച്ചെത്തിയ രാഹുല്‍ വിമാനത്താവളത്തില്‍നിന്ന്‌ വീട്ടിലെത്തിയപ്പോഴാണ്‌ ബാഗേജില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന്‌ കണ്ടെത്തിയത്‌. സുരക്ഷാ ഉദ്യോഗസ്ഥര്‍ രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയും ചെയ്‌തു. വിമാനത്താവളത്തില്‍ ലഗേജ്‌ കൈകാര്യം ചെയ്യുന്ന തൊഴിലാളിയെയാണ്‌ രാഹുലിന്റെ മൊബൈലുമായി പിടികൂടിയത്‌.മോഷണവിവരം രാഹുല്‍ സ്വന്തം സുരക്ഷാ ചുമതലയുള്ള സ്‌പെഷല്‍ പ്രൊട്ടക്‌ഷന്‍ ഗ്രൂപ്പിനെയാണ്‌ അറിയിച്ചത്‌. അവര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്‌.എഫ്‌ അധികൃതര്‍ക്ക്‌ വിവരം കൈമാറി. തുടര്‍ന്നയിരുന്നു രഹസ്യാന്വേഷണം. സി.ഐ.എസ്‌.എഫ്‌ അധികൃതര്‍ അതീവ രഹസ്യമായി വിമാനത്താവളത്തിലെ വീഡിയോ ദൃശ്യങ്ങള്‍ മുഴുവന്‍ പരിശോധിച്ചാണ്‌ മോഷ്‌ടാവിനെ കണ്ടെത്തിയത്‌. സംശയം തോന്നിയ രണ്ടുപേരെ ചോദ്യം ചെയ്‌തപ്പോള്‍ അതിലൊരാള്‍ കുറ്റം സമ്മതിക്കുകയും മൊബൈല്‍ തിരികെ നല്‍കുകയും ചെയ്‌തു. ഇതുസംബന്ധിച്ച്‌ കേസൊന്നും എടുത്തിട്ടില്ല. മൊബൈല്‍ എടുത്തയാളുടെ പേരും അധികൃതര്‍ രഹസ്യമാക്കിവെച്ചു.

ജിദ്ദയില്‍ സമൂഹ വിവാഹം

ജിദ്ദയിലെ പതിനൊന്നാമത്‌ സമൂഹ വിവാഹം നാളെ രാത്രി നടക്കും. ആയിരം യുവതീ യുവാക്കള്‍ സമൂഹ വിവാഹത്തിലൂടെ ദാമ്പത്യ ജീവിതത്തിലേക്ക്‌ പ്രവേശിക്കും. ജിദ്ദാ ചേംബറിന്‌ കീഴിലെ ജിദ്ദ ഇവന്റ്‌സ്‌ സെന്ററില്‍ നടക്കുന്ന സമൂഹ വിവാഹത്തില്‍ പ്രമുഖര്‍ പങ്കെടുക്കും. ജിദ്ദയിലെ യുവാക്കളെ വിവാഹത്തിന്‌ സഹായിക്കുന്ന സന്നദ്ധ സംഘടനയാണ്‌ സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്‌. മിശ്‌അല്‍ രാജകുമാരനാണ്‌ സംഘടനയുടെ ഓണററി ചെയര്‍മാന്‍. സംഘടന ഇതുവരെ 48,600 യുവതീയുവാക്കളുടെ വിവാഹം നടത്തിയതായി സംഘടനാ ചെയര്‍മാന്‍ ശൈഖ്‌ അബ്‌ദുല്‍ മുഹ്‌സിന്‍ അല്‍ഖയ്യാല്‍ പറഞ്ഞു.

മസ്‌ക്‌ തടാകം വറ്റിക്കുന്നു

സൗദിയിലെ ജിദ്ദക്ക്‌ മുകളില്‍ ഭീതിയുടെ കാര്‍മേഘങ്ങളുതിര്‍ത്ത `മസ്‌ക്‌' മലിനജല തടാകം വറ്റിക്കുന്നു. ജിദ്ദയിലേയും പ്രാന്തങ്ങളിലേയും മലിനജലം ഒഴുക്കിക്കളയുന്ന തടാകമാണിത്‌. പ്രതിദിനം 1400ഓളം ടാങ്കറുകള്‍ മലിനജലം ഇവിടെ ഒഴുക്കി കളയുന്നെന്നാണ്‌ കണക്ക്‌. നീളം നാല്‌ കി.മീറ്ററോളവും വീതി പല ഭാഗങ്ങളിലും 1.5 കീ.മീറ്ററിലധികവും. സംഭരണിയില്‍ മൂന്നു കോടി ക്യുബിക്‌ മീറ്ററിനടുത്ത്‌ ജലവുമുള്ള തടാകമാണിത്‌. 2009 നവംബര്‍ 25ന്‌ ജിദ്ദയില്‍ പ്രളയമുണ്ടായപ്പോള്‍ മസ്‌ക്‌ തകര്‍ന്നു എന്ന തെറ്റായ വാര്‍ത്ത പ്രചരിച്ചിരുന്നു. ചില വെബ്‌സൈറ്റുകളും തെറ്റായ ഈ വാര്‍ത്തക്ക്‌ ഊന്നല്‍ നല്‍കിയപ്പോള്‍ ജിദ്ദാ നിവാസികള്‍ ഞെട്ടിത്തെറിച്ചു.
കിഴക്കന്‍ ജിദ്ദയിലെ ഈ തടാകം വറ്റിക്കുന്നതിന്‌ കരാര്‍ നല്‍കിയതായി ദേശീയ ജല കമ്പനിയുടെ എക്‌സിക്യൂട്ടീവ്‌ പ്രസിഡന്റ്‌ ലുഅ അല്‍മുസല്ലമി അറിയിച്ചു. ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക്‌ 9.5 കോടി റിയാലിന്റെ കരാറാണ്‌ ദേശിയ ജല കമ്പനി നല്‍കിയിരിക്കുന്നത്‌. അടുത്ത ഏപ്രിലിനു മുമ്പായി തടാകം പൂര്‍ണമായും വറ്റിക്കുന്നതിനാണ്‌ കരാര്‍ നല്‍കിയിരിക്കുന്നതെന്ന്‌ മുസല്ലമി പറഞ്ഞു. മലിനജലം പമ്പ്‌ ചെയ്‌തശേഷം ശുദ്ധീകരിക്കുന്നതിനും തടാകത്തിന്റെ അടിഭാഗം അണുമുക്തമാക്കുന്നതിനുമുള്ള കരാര്‍ ഹൂത്താ ഹെഗര്‍ഫ്‌ളെഡ്‌ എന്ന കമ്പനിക്കാണ്‌ നല്‍കിയിട്ടുള്ളത്‌.

തീവ്രവാദികള്‍ ഉണ്ടാവുന്നതെങ്ങിനെ?

തീവ്രവാദത്തിനു വയസ്സുണ്ടോ? ഇല്ലെന്നാണ്‌ അമേരിക്ക പറയുന്നത്‌. ആര്‌ തീവ്രവാദി, ആര്‌ മിതവാദി എന്നു തീരുമാനിക്കാനുള്ള അവകാശം ലോക പോലീസ്‌ തീറെഴുതി വാങ്ങിയതാണല്ലോ. ഇതാ അമേരിക്കയില്‍നിന്നൊരു വാര്‍ത്ത. ഇന്ത്യക്കാരനായ ഡോക്‌ടറുടെ ആറു വയസ്സുകാരി മകളെ തീവ്രവാദി ബന്ധമുണ്ടെന്നു സംശയിച്ച്‌ അമേരിക്ക കരിമ്പട്ടികയില്‍പെടുത്തിയിരിക്കുന്നു. ഒഹായോ വെസ്റ്റ്‌ലേക്കിലെ ഡോ. സന്തോഷ്‌ തോമസിന്റെ മകള്‍ അലീസ തോമസിനെയാണ്‌‌ അമേരിക്കയില്‍ വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത്‌ നോ ഫ്‌ളൈ ലിസ്‌റ്റില്‍പെടുത്തി വിലക്കിയിരിക്കുന്നത്‌. അമേരിക്കയിലെ ആഭ്യന്തര സുരക്ഷാ വകുപ്പ്‌ ഏര്‍പ്പെടുത്തിയ വിലക്ക്‌ വ്യാപകമായ പ്രതിഷേധത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌.
രണ്ടു വയസുമുതല്‍ അലീസ വിമാനയാത്ര ചെയ്യാറുണ്ടെന്നും ഇതുവരെ ഇത്തരം പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും ചേച്ചിയോട്‌ അല്‍പ്പം വഴക്കുണ്ടാക്കുമെങ്കിലും അലീസ നല്ല കുട്ടിയാണെന്നും പിതാവ്‌ പറയുന്നു. പക്ഷേ എന്തുകാര്യം. അമേരിക്കന്‍ തീട്ടൂരമല്ലേ ലോക നീതി.

ലോകകപ്പിലെ താരനിഴലുകള്‍

ലോകകപ്പിലെ കൊട്ടിഘോഷിച്ച സൂപ്പര്‍ താരങ്ങളെവിടെ? പകുതിയിലേറെ മത്സരങ്ങള്‍ കഴിഞ്ഞിട്ടും കളത്തില്‍ സാന്നിധ്യം തെളിയിക്കാന്‍ പേരും പെരുമയുമായെത്തിയ വമ്പന്‍ താരങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. ദശലക്ഷക്കണക്കിന്‌ ആരാധകരുടെ പ്രതീക്ഷയായി വാഴ്‌ത്തപ്പെട്ടവര്‍ കടലാസു പുലികളായി മാറി. അര്‍ജന്റീനയുടെ അത്ഭുത കുട്ടി ലയണല്‍ മെസ്സി, ഇംഗ്ലീഷ്‌ പടയുടെ കുന്തമുന വേയ്‌ന്‍ റൂണി, സ്‌പെയിന്റെ വജ്രായുധം ഫെര്‍ണാണ്ടോ ടോറസ്‌, പോര്‍ച്ചുഗീസ്‌ പടക്കുതിര ക്രിസ്‌ത്യാനോ റോണാള്‍ഡോ, ഐവറികോസ്റ്റിന്റെ തളരാത്ത പോരാളി ദ്രോഗ്‌ബ... ദക്ഷിണാഫ്രിക്കയിലെ താരങ്ങളായി പുകഴ്‌ത്തിയവരില്‍ മുന്‍നിരക്കാര്‍. പിഴക്കാത്ത സുവര്‍ണപാദങ്ങളുള്ള രാജകുമാരനെന്ന്‌ വിശേഷിപ്പിച്ച മെസ്സിക്ക്‌ ലോകകപ്പില്‍ ഒരു ഗോള്‍ ഇപ്പോഴും കിട്ടാക്കനി തന്നെ. ടീമിന്റെ പല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചുവെന്ന്‌ മെസ്സി‌ ആശ്വസിക്കട്ടെ. എന്നാല്‍ യൂറോപ്പ്‌ ഗ്രൗണ്ടുകളില്‍ എതിരാളികളുടെ പേടിസ്വപ്‌നമായ റൂണിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാണ്‌. നല്ല നീക്കങ്ങള്‍ പോലുമില്ല. അള്‍ജീരയക്കെതിരെ പരമ ദയനീയ പ്രകടനവും. ടോറസിന്റെ ഗതിയും വ്യത്യസ്‌തമല്ല. ഇനിയും ഗോള്‍ സ്‌കോര്‍ ചെയ്യാത്ത ടോറസിന്‌ ചിലിയുടെ പ്രതിരോധക്കാരന്‍ മാക്രോ എസ്‌ട്രാഡയുടെ ഫൗളിന്‌ ഇരയായത്‌ മാത്രമാണ്‌ ഓര്‍ക്കാനുള്ളത്‌. ഫൗള്‍ വഴി എസ്‌ട്രാഡ ചുവപ്പു കാര്‍ഡു കണ്ട്‌ പുറത്തായതാണ്‌ സ്‌പെയിന്‍ കഷ്‌ടിച്ച്‌ പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ കാരണം. കായിക ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ക്രിസ്‌ത്യാനോയുടെ ലോകകപ്പിലെ പ്രകടനം വീക്ഷിച്ചാല്‍ സ്വന്തം ക്ലബായ റയല്‍ താരത്തിന്റെ പ്രതിഫല തുക കുറേച്ചക്കാം. റോണാള്‍ഡോയുടെ ഏക ഗോള്‍ പിറന്നത്‌ ഏകപക്ഷീയമായ ഏഴ്‌ ഗോളിന്‌ ദുര്‍ബലരായ വടക്കന്‍ കൊറിയയെ പരാജയപ്പെടുത്തിയപ്പോഴാണ്‌. ആ ഗോള്‍ ലോകകപ്പിലെ `കോമഡി' ഗോളുകളിലൊന്നായി മാറി.ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന ദ്രോഗ്‌ബ മറ്റൊരു വമ്പന്‍ പരാജയമായപ്പോള്‍ ഐവറികോസ്റ്റ്‌ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജപ്പാനുമായുള്ള പ്രദര്‍ശന മത്സരത്തില്‍ പരിക്കേറ്റ ദ്രോഗ്‌ബക്ക്‌ ലോകകപ്പില്‍ കളിക്കാനാവുമോ എന്നു തന്നെ സംശയമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ പതനത്തിന്‌ കാരണം ജബുലാനി പന്താണെന്ന്‌ പറഞ്ഞാണ്‌ ആരാധകരില്‍ ചിലര്‍ ആശ്വാസം കൊള്ളുന്നു. തിരക്കേറിയ സീസണാണ്‌ താരങ്ങളെ കുഴച്ചതെന്നാണ്‌ മറ്റു ചിലരും പറയുന്നു. നാമെന്തു പറയണം.

2010, ജൂൺ 27, ഞായറാഴ്‌ച

വെട്ടോറിക്കും മക്കല്ലത്തിനും പ്രസവാവധി

ന്യൂസിലന്റ്‌ ക്രിക്കറ്റ്‌ പ്ലെയര്‍ മക്കല്ലം അടുത്തമാസം പിതാവാകാനിരിക്കുകയാണ്‌. വെട്ടോറി രണ്ടാമത്തെ കുഞ്ഞിന്റെ പിതാവാകുകയും ചെയ്‌തു.അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ഏകദിന പരമ്പരക്കുള്ള ടീമില്‍ വെട്ടോറിയും മക്കല്ലവും ഇല്ല. അതുകൊണ്ടെന്താ എന്നാവും. ത്രിരാഷ്‌ട്ര പരമ്പരക്ക്‌ അവരില്ല, അത്ര തന്നെ. വെട്ടോറിക്കും മക്കല്ലത്തിനും അവധി നല്‍കിയിരിക്കുകയാണ്‌. ഗര്‍ഭിണിയായ ഭാര്യയുടെയും പ്രസവിച്ച ഭാര്യയുടെയും പരിചരണത്തിനായാണ്‌ രണ്ടുപേരേയും ഒഴിവാക്കിയിരിക്കുന്നത്‌. റോസ്‌ ടെയ്‌ലറായിരിക്കും ടീമിനെ നയിക്കുക. ഇന്ത്യയാണ്‌ പരമ്പരയിലെ മറ്റൊരു ടീം.

സൗദി എയര്‍പോര്‍ട്ടുകളില്‍ ഇ-ഗേറ്റ്‌ വരുന്നു

സൗദി അറേബ്യന്‍ വിമാനത്താവളങ്ങളിലെയും രാജ്യത്തേക്കുള്ള മറ്റു പ്രവേശനകവാടങ്ങളിലെയും എമിഗ്രേഷന്‍ കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരുന്ന അവസ്ഥക്ക്‌ അന്ത്യം കുറിച്ച്‌ ഇലക്‌ട്രോണിക്‌ ഗേറ്റ്‌ സംവിധാനം സൗദി ജവാസാത്ത്‌ നടപ്പിലാക്കുന്നു. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‌ ക്യൂവില്‍ നില്‍ക്കാതെ പ്രത്യേക കാര്‍ഡ്‌ ഉപയോഗിച്ച്‌ ഇലക്‌ട്രോണിക്‌ കവാടത്തിലൂടെ എയര്‍പോര്‍ട്ടില്‍നിന്ന്‌ വിമാനത്തില്‍ കയറുന്നതിന്‌ അകത്തേക്കും വിമാനമിറങ്ങി പുറത്തേക്കും കുറഞ്ഞ നേരത്തിനകം കടക്കുന്നതിന്‌ ഈ സംവിധാനം ഉപകരിക്കും. എയര്‍പോര്‍ട്ട്‌, തുറമുഖം, രാജ്യാതിര്‍ത്തിയിലെ ചെക്ക്‌പോയന്റുകള്‍ തുടങ്ങിയവയിലൂടെ യാത്ര ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്‌, ഉംറ തീര്‍ഥാടകര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിന്‌ എയര്‍പോര്‍ട്ട്‌ അടക്കമുള്ള പ്രവേശനകവാടങ്ങളിലെ രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍നിന്ന്‌ ഇഷ്യൂ ചെയ്യുന്ന സ്‌മാര്‍ട്ട്‌ കാര്‍ഡാണ്‌ ഉപയോഗിക്കേണ്ടത്‌. ബോര്‍ഡിംഗ്‌ പാസെടുത്തശേഷം ഇത്‌ ഉപയോഗിച്ച്‌ ഇലക്‌ട്രോണിക്‌ കവാടത്തിലൂടെ വിമാനത്തില്‍ കയറാന്‍ അകത്ത്‌ പ്രവേശിക്കുകയും, വിമാനത്തില്‍നിന്ന്‌ ഇറങ്ങി ഗെയ്‌റ്റിലൂടെ പുറത്തു കടക്കുകയും ചെയ്യാം. എമിഗ്രേഷന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ട്‌ നല്‍കുകയോ സീല്‍ പതിപ്പിക്കുകയോ ചെയ്യാതെത്തന്നെ എക്‌സിറ്റും എന്‍ട്രിയും സിസ്റ്റത്തില്‍ വരും. റിയാദിലെ കിംഗ്‌ ഖാലിദ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ദമാമിലെ കിംഗ്‌ ഫഹദ്‌ അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഇലക്‌ട്രോണിക്‌ കവാടം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളായതായി ജവാസാത്ത്‌ അറിയിച്ചു.

കല്യാണപ്പന്തലില്‍ `സോക്കര്‍ വിരുന്ന്‌'


മുന്‍ ഇന്ത്യന്‍ പി ആന്റ്‌ടി താരം മച്ചിങ്ങല്‍ അഹമ്മദ്‌ കുട്ടിയെന്ന മലപ്പുറത്തുകാരന്‍ തന്റെ മകളുടെ വിവാഹപ്പന്തലില്‍ സോക്കര്‍ വിരുന്നൊരുക്കി വിസ്‌മയത്തിന്റെ ഗോളടിച്ചു. മകള്‍ ഡോ. മഹ്‌ജൂബിന്റേയും കൊടുങ്ങല്ലൂര്‍ സ്വദേശി മഖ്‌ബൂലിന്റേയും കല്യാണത്തോടനുബന്ധിച്ചാണ്‌ മലബാറിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും കളിക്കാരും സംഘാടകരുമായ നൂറോളം പേര്‍ക്കു വേണ്ടി വിവാഹ വേദിയായ മലപ്പുറം മച്ചിങ്ങല്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി `പ്ലെയേഴ്‌സ്‌ കോര്‍ണര്‍' ഒരുക്കിയത്‌.കല്യാണപ്പന്തലില്‍ കാല്‍പന്ത്‌ കളി വിരുന്ന്‌ വന്നപ്പോള്‍ ചര്‍ച്ചകള്‍ക്ക്‌ ബിരിയാണിച്ചൂട്‌. വിവാഹ സല്‍ക്കാരത്തിനെത്തിയവര്‍ ലോകകപ്പ്‌ എന്ന ചൂടന്‍ വിഭവത്തിനു മുമ്പില്‍ ഒരുമിച്ചപ്പോള്‍ അതൊരു അപൂര്‍വ കളിക്കൂട്ടായ്‌മയായി. കഴിഞ്ഞ ദിവസം കല്യാണത്തിനെത്തിയവര്‍ പന്തലിലെ ബോര്‍ഡ്‌ കണ്ടപ്പോള്‍ അമ്പരന്നു- പ്ലെയേഴ്‌സ്‌ കോര്‍ണര്‍. ഉച്ചയായതോടെ കോര്‍ണര്‍ നിറഞ്ഞു. കളിക്കാര്‍ നിരന്നതോടെ അതിഥികളില്‍ ആകാംക്ഷ. ഫുട്‌ബോള്‍ ചര്‍ച്ചക്ക്‌ കിക്കോഫ്‌. കൊല്‍ക്കത്ത മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനും സര്‍വീസസിനും വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുള്ള മലപ്പുറം അസീസ്‌, പക്ഷാഘാതം തളര്‍ത്തിയ ശരീരത്തെ വെല്ലുവിളിച്ച്‌ കല്യാണത്തിനെത്തിയ എം.ആര്‍.സി യുടെ പഴയ താരം മലപ്പുറം കൊറ്റന്‍, സന്തോഷ്‌ ട്രോഫി കിരീടം നേടിയ കേരളതാരം കെ.പി. സേതുമാധവന്‍, മുന്‍ സംസ്ഥാന താരം പ്രേംനാഥ്‌ ഫിലിപ്പ്‌, മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിലും ഡെംപോ ഗോവയിലും കളിച്ചിട്ടുള്ള കെ.വി. ഉസ്‌മാന്‍ കോയ, ചാലഞ്ചേഴ്‌സിന്റെ ബിച്ചാലി, സി. ഉമ്മര്‍, മുന്‍ ഇന്ത്യന്‍ താരം യു. ഷറഫലി, കെ.ടി. ചാക്കോ, കേരള സ്റ്റേറ്റ്‌ താരം ദിവാകരന്‍, മലപ്പുറത്തെ പല കളിക്കാരേയും പരിശീലിപ്പിച്ചെടുത്ത ആദ്യകാല ക്ലബ്ബായ എം.ആര്‍.ഇ നായകനായിരുന്ന സി.എച്ച്‌. അബൂബക്കര്‍, ഡി.എഫ്‌.എ സെക്രട്ടറിയായിരുന്ന അബ്‌ദുല്‍ അലി, സംസ്ഥാന താരം പെരിന്തല്‍മണ്ണ കുഞ്ഞാപ്പ, യൂനിവേഴ്‌സിറ്റി താരങ്ങളായിരുന്ന രാമചന്ദ്രന്‍, അശോകന്‍, സബ്‌ജൂനിയര്‍ താരം ഉബൈദുല്ല അരീക്കോട്‌, ഗോപാലകൃഷ്‌ണന്‍ മങ്കട, റഷീദ്‌ അരീക്കോട്‌, മുന്‍ ഏജീസ്‌ ഓഫീസ്‌ താരം മലപ്പുറം അഹമ്മദ്‌ കുട്ടി എന്നിവരൊക്കെ പ്ലെയേഴ്‌സ്‌ കോര്‍ണറില്‍ അണി നിരന്നു ലോകകപ്പ്‌ വിശേഷങ്ങള്‍ക്ക്‌ മേമ്പൊടിയായി സ്വന്തം കളികളിലെ പ്രകടനങ്ങളെക്കുറിച്ചുള്ള രോമാഞ്ചജനകമായ അനുഭവങ്ങള്‍ അയവിറക്കി. `ഫിഫ' അംഗീകാരമുള്ള റഫറി മലപ്പുറം അബ്‌ദുല്‍ ഹക്കീം ചര്‍ച്ചകള്‍ നിയന്ത്രിച്ചു. കളിയെഴുത്തിന്‌ പുതുമാനം ചമച്ച മലയാള മനോരമ കോഴിക്കോട്‌ റസിഡന്റ്‌ എഡിറ്റര്‍ അബു (കെ. അബൂബക്കര്‍) കാല്‍പന്തിന്റെ പെരുമയുമായി കല്യാണപ്പന്തലിലെ വെടിവട്ടത്തിന്‌ സ്വതഃസിദ്ധമായ നര്‍മം വിളമ്പി.

2010, ജൂൺ 26, ശനിയാഴ്‌ച

ദുബായിലെ കുട്ടിക്കള്ളന്‍മാര്‍ ജാഗ്രതൈ

നഗരത്തിലെ കുട്ടിക്കള്ളന്‍മാരെ പിടിക്കാന്‍ ദുബായില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. സ്‌കൂള്‍ വേനലവധിയോടെ വ്യാപകമാവുന്ന കുട്ടിക്കുറ്റവാളികളെ പിടികൂടാനാണിത്‌. അവധിക്കാലത്ത്‌ ഇത്തരക്കാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ വര്‍ധിക്കും. ഇത്‌ നേരിടാന്‍ കൂടുതല്‍ പോലീസുകാരെ നിയോഗിക്കുന്നുണ്ട്‌- ദുബായ്‌ പോലീസിലെ കുറ്റാന്വേഷണ വിഭാഗം മേധാവി പറഞ്ഞു.ഈ വര്‍ഷം ആദ്യ അഞ്ചുമാസം മാത്രം കുട്ടികളായ ക്രിമിനലുകള്‍ 110 കുറ്റകൃത്യങ്ങള്‍ നടത്തിയത്രേ. ഈ കേസുകളില്‍ 161 പേരാണ്‌ ഉള്‍പ്പെട്ടത്‌. ഇതിലേറെയും പതിനഞ്ചിനും ഇരുപതിനും ഇടയില്‍ പ്രായമുള്ളവര്‍. കഴിഞ്ഞ വര്‍ഷം ഈ പ്രായത്തിലുള്ള 188 പേരെ വിവിധ കുറ്റങ്ങളുടെ പേരില്‍ പോലീസ്‌ പിടികൂടിയിരുന്നു,. 138 കേസുകളിലായി. സംഘം ചേര്‍ന്നുള്ള അടിപിടി, കവര്‍ച്ച, ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങിയ കേസുകളിലാണ്‌ ഇവര്‍ ഉള്‍പ്പെടുന്നത്‌. കഴിഞ്ഞ ദിവസം ഒരു പതിമൂന്നുകാരന്‍ കവര്‍ച്ചക്കിടെ പോലീസിന്റെ പിടിയിലായി. ഫ്‌ളാറ്റിന്റെ ജനല്‍ വഴി അകത്തു കടന്ന കുട്ടിമോഷ്‌ടാവ്‌ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്‌ടിച്ച്‌ പുറത്തുകടക്കുന്നതിനിടെയാണ്‌ പോലീസ്‌ പിടിയിലായത്‌. അറബ്‌ വംശജരാണ്‌ ഇത്തരം കുറ്റകൃത്യങ്ങള്‍ ഏറെയും ചെയ്യുന്നത്‌. മാരകായുധങ്ങളുമായി നടക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ പലയിടത്തുമുണ്ട്‌. അടുത്തിടെ ഇത്തരമൊരു സംഘത്തിന്റെ ആക്രമണത്തില്‍ ഒരു 13 കാരന്‍ കൊല്ലപ്പെട്ടിരുന്നു. അതിന്‌ ശേഷം പോലീസ്‌ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയിരുന്നു. ബൈക്കുകളില്‍ അമിതവേഗത്തിലെത്തി പരിഭ്രാന്തി പരത്തുന്ന സംഘങ്ങളെയും പോലീസ്‌ നിരീക്ഷിക്കുന്നുണ്ട്‌.

മോഡല്‍ രംഗത്ത്‌ ആത്മഹത്യ തുടരുന്നു


പ്രശസ്‌ത മോഡലായിരുന്ന നഫീസ ജോസഫിന്റെയും അവരുടെ സുഹൃത്തായിരുന്ന കുല്‍ജിത്ത റാന്‍ഥേയുടെയും പാത പിന്തുടര്‍ന്ന്‌ ഇന്ത്യന്‍ മോഡല്‍ വിവേക ബബാജിയും ആത്മഹത്യ ചെയ്‌തു. മുംബൈയിലെ ഫ്‌ളാറ്റിലാണ്‌ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്‌. ലോകശ്രദ്ധ നേടിയ ബബാജിക്ക്‌ ഒപ്പമുണ്ടായിരുന്ന ഗൗതം എന്ന സുഹൃത്തിനെഴുതിയ കത്തുകള്‍ മൃതദേഹത്തിന്‌ സമീപത്തുനിന്നും പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. കാമസൂത്ര ഗര്‍ഭനിരോധ ഉറകളുടെ പരസ്യത്തിലൂടെ ശ്രദ്ധേയമായ വിവേകയുടെ മരണം മുംബൈ ഫാഷന്‍ ലോകത്ത്‌ ഞെട്ടലുണ്ടാക്കി. നഫീസ ജോസഫിന്റെയും അവരുടെ സുഹൃത്തായിരുന്ന കുല്‍ജിത്ത റാന്‍ഥേയുടെയും ആത്മഹത്യകള്‍ക്ക്‌ സമാനമാണ്‌ വിവേകയുടെ അന്ത്യവും. മൗറീഷ്യസില്‍ ജനിച്ചു വളര്‍ന്ന വിവേക 1993ല്‍ മിസ്‌ മൗറീഷ്യസായി തെരഞ്ഞെടുക്കപ്പെട്ടു. അതിനു ശേഷമാണ്‌ മുംബൈ മോഡല്‍ ലോകത്തേക്ക്‌ കടന്നുവന്നത്‌. ചില ബോളിവുഡ്‌ ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്‌. എന്നാല്‍ സിനിമയില്‍ വേണ്ടത്ര ശോഭിക്കാന്‍ സാധിച്ചില്ല. വിബ്‌ജിയോര്‍ എന്‍ര്‍ടൈന്‍മെന്റ്‌ എന്ന ഇവന്റ്‌മാനേജ്‌മെന്റ്‌ കമ്പനിയുടെ ഉടമ കൂടിയാണ്‌.

വിഗ്രഹഭഞ്‌ജകരേ അരുതേ....


ജോര്‍ജിയയിലെ ഗോറിയില്‍ കേന്ദ്ര ചത്വരത്തില്‍ സ്ഥാപിച്ച സ്റ്റാലിന്റെ പൂര്‍ണകായ പ്രതിമ വ്യാഴാഴ്‌ച രാത്രി അധികൃതര്‍ എടുത്തുമാറ്റി. സോവിയറ്റ്‌്‌ നേതാവായിരുന്ന ജോസഫ്‌ സ്റ്റാലിന്റെ ജന്‍മനാടാണ്‌ ഗോറി. 1879ലാണ്‌ ജോസഫ്‌ സ്റ്റാലിന്‍ ജനിച്ചത്‌. സ്റ്റാലിന്റെ പ്രതിമ നിന്ന സ്ഥലത്ത്‌ 2008ലെ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോര്‍ജിയക്കാരുടെ ഓര്‍മക്കായി സ്‌മാരകം പണിയുമെന്ന്‌ അധികൃതര്‍ പറഞ്ഞു.സ്റ്റാലിന്റെ പൂര്‍ണകായ വെങ്കലപ്രതിമയാണ്‌ അറിയിപ്പൊന്നുമില്ലാതെ വ്യാഴാഴ്‌ച രാത്രി അധികൃതര്‍ നീക്കിയത്‌. പ്രതിമ ഗോറിയിലെ സ്റ്റാലിന്‍ മ്യൂസിയത്തിലേക്ക്‌ മാറ്റുമെന്ന്‌ മേയര്‍ അറിയിച്ചു. 2008ലെ റഷ്യ-ജോര്‍ജിയ യുദ്ധത്തിനിടെ റഷ്യന്‍ സൈന്യം ബോംബിട്ട പ്രദേശം കൂടിയാണ്‌ ഗോറി. സോവിയറ്റ്‌ യൂനിയന്റെ പതനത്തെ തുടര്‍ന്ന്‌ 1991-ല്‍ ജോര്‍ജിയ സ്വതന്ത്രരാജ്യമായി. തുടര്‍ന്ന്‌ സ്റ്റാലിന്റേയും ലെനിന്റേയും പ്രതിമകള്‍ നീക്കാന്‍ ശ്രമം നടന്നു. എന്നാല്‍ സ്റ്റാലിന്‍ പ്രതിമ നീക്കുന്നതിനെതിരെ ഗോറിയിലെ ജനങ്ങള്‍ സംഘടിച്ചു. 2004ല്‍ അമേരിക്കന്‍ പക്ഷപാതിയായ പ്രസിഡന്റ്‌ മിഖായേല്‍ സഖാഷ്‌വിലി അധികാരത്തിലേറിയതോടെ വീണ്ടും പ്രതിമ നീക്കാനുള്ള ശ്രമം പുനരാരംഭിച്ചു.

2010, ജൂൺ 25, വെള്ളിയാഴ്‌ച

റെക്കോര്‍ഡിസ്റ്റ്‌ 74 മിനിറ്റില്‍ ഔട്ട്‌

11 മണിക്കൂറിലേറെ നീണ്ട്‌ റെക്കോര്‍ഡ്‌ സൃഷ്‌ടിച്ച ആദ്യ റൗണ്ട്‌ മത്സരം ജയിച്ച ജോണ്‍ ഇസ്‌നര്‍ വിംബിള്‍ഡണ്‍ രണ്ടാം റൗണ്ടില്‍ വെറും 74 മിനിറ്റില്‍ കീഴടങ്ങി. 6?-0, 6?-3, 6-2ന്‌ ഹോളണ്ടിന്റെ തീമോ ഡി ബാക്കറാണ്‌ അമേരിക്കക്കാരനെ തോല്‍പിച്ചത്‌. ആദ്യ റൗണ്ടിലെ അവസാന സെറ്റില്‍ തുടര്‍ച്ചയായി 69 സെര്‍വുകള്‍ നടത്തിയ ഇസ്‌നര്‍ക്ക്‌ അതിന്റെ ക്ഷീണം തൊട്ടടുത്ത ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ബാധിച്ചു. കഴുത്തിലെ വേദനയെത്തുടര്‍ന്ന്‌ ഇസ്‌നര്‍ ചികിത്സ തേടിയിരുന്നു.

പെട്രോള്‍ വില ഇനി നിശ്ചയിക്കുക മുന്‍നിര കമ്പനികള്‍

ഇന്ധനവില വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. പെട്രോളിന്‌ ലിറ്ററിന്‌ 3.73 രൂപയും ഡീസലിന്‌ രണ്ടു രൂപയും കൂടും. മണ്ണെണ്ണ വില മൂന്നു രൂപയും പാചക വാതകത്തിന്‌ സിലിണ്ടറിന്‌ 35 രൂപയും കൂട്ടാനും തീരുമാനം. കിരീത്‌ പരീഖ്‌ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചാണ്‌ കേന്ദ്ര മന്ത്രിസഭയുടെ ഉന്നതാധികാര സമിതി യോഗം ചേര്‍ന്ന്‌ വില വര്‍ധിപ്പിച്ചത്‌. സബ്‌സിഡി നല്‍കി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രിക്കുന്ന സംവിധാനവും സര്‍ക്കാര്‍ അവസാനിപ്പിച്ചു. ആഗോള വിപണിയിലെ ഇന്ധ വില അനുസരിച്ച്‌ ആഭ്യന്തര വിപണിയിലെ വില ഇനി മുതല്‍ നിശ്‌ചയിക്കുക രാജ്യത്തെ മൂന്ന്‌ മുന്‍നിര പെട്രോള്‍ കമ്പനികളായ ഐ.ഒ.സി, എച്ച്‌.പി.സി, ബി.പി.സി എന്നീ കമ്പനികളായിരിക്കും. മണ്ണെണ്ണക്കു മാത്രം വില നിയന്ത്രണം ഏര്‍പ്പെടുത്തി സബ്‌ഡിഡി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിനുള്ള സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കിയപ്പോള്‍ ഡീസല്‍, പാചക വാതകം എന്നിവയുടെ സബ്‌സിഡി ഘട്ടം ഘട്ടമായാണ്‌ പിന്‍വലിക്കുക. മമതാ ബാനര്‍ജി ഉന്നതാധികാര സമിതി യോഗത്തില്‍ നിന്നു വിട്ടുനിന്നു. വില വര്‍ധനയില്‍ എതിര്‍പ്പുള്ളതായി ഡി.എം.കെയും വ്യക്തമാക്കി. ഇടതു പക്ഷവും ബി.ജെ.പിയും വില വര്‍ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തും.

2010, ജൂൺ 24, വ്യാഴാഴ്‌ച

പ്രി ക്വാര്‍ട്ടറില്‍ ആര്‌?

മൂന്നു ടീമുകള്‍ക്ക്‌ ആറു പോയന്റ്‌ ലഭിക്കാന്‍ സാധ്യതയുള്ള ഗ്രൂപ്പ്‌ എച്ചില്‍ നാലു ടീമുകള്‍ക്കും പ്രി ക്വാര്‍ട്ടര്‍ സാധ്യത അവശേഷിക്കുന്നു. മൂന്നു ടീമുകള്‍ക്ക്‌ ഗ്രൂപ്പില്‍ ആറ്‌ പോയന്റ്‌ ലഭിക്കാന്‍ സാധ്യതയുണ്ട്‌. ഇപ്പോള്‍തന്നെ ആറു പോയന്റുള്ള ചിലിക്ക്‌ സ്‌പെയിനുമായി സമനില നേടിയാല്‍ പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കാം. മറ്റു ടീമുകളുടെ സഹായമില്ലാതെ മുന്നേറണമെങ്കില്‍ സ്‌പെയിനിന്‌ ചിലിയെ തോല്‍പിക്കണം. എന്നാല്‍ ഹോണ്ടുറാസ്‌-സ്വിറ്റ്‌സര്‍ലന്റ്‌ മത്സരം സമനിലയാവുകയാണെങ്കില്‍, സമനില കൊണ്ടും അവര്‍ക്ക്‌ രക്ഷപ്പെടാം.ഹോണ്ടുറാസിനെ രണ്ടു ഗോളിന്‌ തോല്‍പിച്ചാലേ സ്വിറ്റ്‌സര്‍ലന്റിന്‌ രണ്ടാം റൗണ്ട്‌ ഉറപ്പാക്കാനാവൂ. സ്‌പെയിന്‍ തോല്‍ക്കുകയാണെങ്കില്‍ സമനില കൊണ്ടും സ്വിറ്റ്‌സര്‍ലന്റിന്‌ രണ്ടാം റൗണ്ടിലെത്താം. രണ്ടു കളികളും സമനിലയായാല്‍ ചിലിയും സ്‌പെയിനും രണ്ടാം റൗണ്ടിലെത്തും. ഹോണ്ടുറാസിനും നേരിയ സാധ്യത അവശേഷിക്കുന്നു. അതിന്‌ ആദ്യം അവര്‍ സ്വിറ്റ്‌സര്‍ലന്റിനെ വന്‍ മാര്‍ജിനില്‍ തോല്‍പിക്കണം. ചിലിയോട്‌ സ്‌പെയിന്‍ തോല്‍ക്കുകയും വേണം.

ടെന്നിസില്‍ പുതിയ ലോകറെക്കോര്‍ഡ്‌

വിംബിള്‍ഡണ്‍ ടെന്നിസില്‍ പുതിയ ലോകറെക്കോര്‍ഡ്‌. ടെന്നിസ്‌ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തവിധം ദൈര്‍ഘ്യമേറിയ മത്സരത്തിന്‌ ഇത്തവണ വിംബിള്‍ഡണ്‍ സാക്ഷ്യം വഹിച്ചു. അമേരിക്കയുടെ ജോണ്‍ ഇസ്‌നറും ഫ്രാന്‍സിന്റെ നിക്കോളാസ്‌ മാഹുട്ടും നമ്മില്‍ നടന്ന ഒന്നാം റൗണ്ട്‌ മത്സരം 11 മണിക്കൂറും അഞ്ച്‌ മിനിറ്റുമാണ്‌ നീണ്ടത്‌. രണ്ട്‌ ദിവസമായി നടന്ന മത്സരം 23ം സീഡായ ഇസ്‌നര്‍ ജയിച്ചു. ആറ്‌ മണിക്കൂറിലേറെ നീണ്ട അവസാന സെറ്റ്‌ മാത്രം അതിനുമുമ്പ്‌ കളിച്ച നാല്‌ സെറ്റുകളുടെ മൊത്തം സമയത്തേക്കാള്‍ ദൈര്‍ഘ്യമേറിയതായിരുന്നു.ബുധനാഴ്‌ച ആരംഭിച്ച മത്സരം പത്ത്‌ മണിക്കൂറിലേറെ നീണ്ടിട്ടും അവസാനിക്കാത്തതിനെത്തുടര്‍ന്ന്‌ വെളിച്ചക്കുറവ്‌ കാരണം ഇന്നലത്തേക്ക്‌ നീട്ടിവെക്കുകയായിരുന്നു. അപ്പോള്‍ അവസാന സെറ്റില്‍ ഇരുവരും 59?-59 എന്ന നിലയിലായിരുന്നു. പതിനെട്ടാം കോര്‍ട്ടില്‍ നടന്ന കളിയുടെ റെക്കാര്‍ഡ്‌ ദൈര്‍ഘ്യമറിഞ്ഞ്‌ കാണികള്‍ തിക്കിത്തിരക്കിയെത്തി.

കോടീശ്വരന്‍മാരുടെ നാട്‌

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയും കഴിഞ്ഞ വര്‍ഷം സൗദിയില്‍ കോടീശ്വരന്‍മാരുടെ എണ്ണം വര്‍ധിച്ചുവെന്ന്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ വര്‍ഷാവസാന കണക്കനുസരിച്ച്‌ സൗദി കോടീശ്വരന്‍മാരുടെ എണ്ണം 1,04,700. 2008 നെ അപേക്ഷിച്ച്‌ സൗദിയില്‍ ധനാഢ്യരുടെ എണ്ണത്തില്‍ 14.3 ശതമാനം വര്‍ധന. ബഹ്‌റൈനിലും അതിസമ്പന്നരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്‌. ബഹ്‌റൈനില്‍ 5400 കോടീശ്വരന്‍മാരാണുള്ളത്‌. 2008 നെ അപേക്ഷിച്ച്‌ 7.2 ശതമാനം അധികം. പക്ഷേ യു.എ.ഇയില്‍ പണക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 18.8 ശതമാനം കുറഞ്ഞു. 2008 വര്‍ഷാവസാനത്തെ കണക്കനുസരിച്ച്‌ യു.എ.ഇയില്‍ 54,500 അതിസമ്പന്നരുണ്ട്‌. ആഗോള തലത്തില്‍ ധനാഢ്യരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 17.1 ശതമാനം വര്‍ധിച്ച്‌ ഒരു കോടിയായി ഉയര്‍ന്നു. ഇവരുടെ ആകെ സമ്പത്ത്‌ 18.9 ശതമാനം വര്‍ധിച്ച്‌ 39 ട്രില്യണ്‍ (ഒരു ട്രില്യണ്‍=ഒരു ലക്ഷം കോടി ഡോളര്‍) ആയി ഉയര്‍ന്നു.

2010, ജൂൺ 23, ബുധനാഴ്‌ച

25 വര്‍ഷങ്ങള്‍ക്കുശേഷം മാപ്പ്‌

25 വര്‍ഷങ്ങള്‍ക്കുശേഷം മാപ്പു പറഞ്ഞു, അതും മാപ്പു പറയാന്‍ ഇതുവരെ കാനഡ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന്‌ അന്വേഷണ കമ്മീഷന്‍ കുറ്റപ്പെടുത്തിയപ്പോള്‍. ലോകമനസ്സാക്ഷിയെ നടുക്കിയ ഭീകരസംഭവമാണ്‌ കനിഷ്‌ക ദുരന്തം. കനിഷ്‌ക വിമാന ദുരന്തത്തിനു കാല്‍ നൂറ്റാണ്ടു തികഞ്ഞ ഇന്നലെയാണ്‌ കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ദുരന്തത്തിന്‌ ഇരയായവരുടെ കുടുംബാംഗങ്ങളോടു മാപ്പു പറഞ്ഞത്‌. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ സ്‌മരണാര്‍ഥം കാനഡയിലെ ഹംബര്‍ ബേ പാര്‍ക്കില്‍ നിര്‍മിച്ച എയര്‍ ഇന്ത്യ സ്‌മാരകത്തില്‍ ആദരാഞ്‌ജലി അര്‍പ്പിക്കുന്ന ചടങ്ങിലാണ്‌ കാനഡ പ്രധാനമന്ത്രി മാപ്പ്‌ പറഞ്ഞത്‌. കനിഷ്‌ക ദുരന്തത്തില്‍ കാനഡ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു പിന്നാലെയാണ്‌ ഇത്‌. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടു മാപ്പു പറയാന്‍ ഇതുവരെ കാനഡ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. കാനഡയിലെ മോണ്‍ട്രിയോളില്‍നിന്നു 329 പേരുമായി ലണ്ടന്‍ വഴി ന്യൂദല്‍ഹിക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ കനിഷ്‌ക ജംബോ ജെറ്റ്‌ വിമാനം ബോംബ്‌ സ്‌ഫോടനത്തെത്തുടര്‍ന്ന്‌ 1985 ജൂണ്‍ 23നാണ്‌ അയര്‍ലണ്ട്‌ തീരത്തിനടുത്ത്‌ അറ്റ്‌ലാന്റിക്കില്‍ തകര്‍ന്നുവീണത്‌. ആരും രക്ഷപ്പെട്ടില്ല. കനേഡിയന്‍ സിക്കുകാരായ ഇന്ദര്‍ജിത്‌ സിംഗ്‌ റയാത്ത്‌, അജയ്‌ബ്‌ സിംഗ്‌ ബഗ്രി, രിപുദമന്‍ സിംഗ്‌ മാലിക്‌ എന്നിവരായിരുന്നു മുഖ്യപ്രതികള്‍. എന്നാല്‍, പിന്നീട്‌ 2005 ല്‍ ഇവരില്‍ ഇന്ദര്‍ജിത്‌ സിംഗ്‌ റയാത്ത്‌ ഒഴികെയുള്ളവരെ കോടതി കുറ്റവിമുക്‌തരാക്കി. കേസില്‍ ശിക്ഷിക്കപ്പെട്ട ഏക വ്യക്തി റയാത്ത്‌ ആണ്‌. ഗൂഢാലോചനക്കു നേതൃത്വം നല്‍കിയയാള്‍ എന്നു പോലീസ്‌ പറയുന്ന തല്‍വീന്ദര്‍ സിംഗ്‌ പാര്‍മര്‍ 1992 ല്‍ ദല്‍ഹിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു. ഇന്ത്യന്‍ വംശജരായ കാനഡ പൗരന്‍മാരായിരുന്നു മരിച്ച 270 പേര്‍. മലയാളികള്‍ 30 പേര്‍. കടലില്‍നിന്ന്‌ വീണ്ടെടുക്കാന്‍ കഴിഞ്ഞതു 131 ജഡങ്ങള്‍ മാത്രം. കാര്‍ഗോ ഹോള്‍ഡിലുണ്ടായിരുന്ന പെട്ടിയിലെ ബോംബാണ്‌ അപകടകാരണമെന്നു കാനഡ സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്‌ 1986 ല്‍ ആണ്‌.

ഗോള്‍ മഴ വ.കൊറിയന്‍ മാധ്യമങ്ങള്‍ അറിഞ്ഞില്ല

വന്‍ വാര്‍ത്തകളും എങ്ങനെ തമസ്‌ക്കരിക്കാം? ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുകയും ഉള്ളവയെ ഇല്ലാതാക്കുകയും ചെയ്യുന്ന കേരള മോഡല്‍ മാധ്യമങ്ങള്‍ക്ക്‌ വടക്കന്‍ കൊറിയന്‍ മാതൃക. പോര്‍ച്ചുഗലിനോട്‌ ഏഴ്‌ ഗോളിനുണ്ടായ തോല്‍വി വടക്കന്‍ കൊറിയന്‍ മാധ്യമങ്ങള്‍ അറിഞ്ഞതേയില്ല. ലോകകപ്പിലെ വന്‍ പരാജയം ലോകം മുഴുവന്‍ തത്സമയം കണ്ടപ്പോഴാണ്‌ ആ വാര്‍ത്ത തമസ്‌കരിച്ചുകൊണ്ടുള്ള കൊറിയന്‍ പരീക്ഷണം. ബ്രസീലിനോട്‌ കളിച്ചു തോറ്റപ്പോള്‍ (2-1) അത്‌ വടക്കന്‍ കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയും കൊറിയന്‍ ടെലിവിഷനുകളും കൊണ്ടാടി, തോറ്റെങ്കിലും അതൊരു തോല്‍വിയായിരുന്നില്ലെന്ന്‌. എന്നാല്‍ പോര്‍ച്ചുഗലിന്‌ ഗോളൊന്നും തിരിച്ചുനല്‍കാതെ ഏഴ്‌ ഗോളുകള്‍ വാങ്ങിയ പരാജയത്തിന്‌ മാധ്യമങ്ങളില്‍ കേവല പരമാര്‍ശം പോലുമില്ല. തങ്ങളുടെ പ്രിയ ടീം കണ്‍മുന്നില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ലോകകപ്പ്‌ കണ്ടുകൊണ്ടിരുന്ന കൊറിയക്കാര്‍ക്ക്‌ വാക്കുകള്‍ നഷ്‌ടപ്പെട്ടുവെന്ന്‌ ജപ്പാന്‍ ആസ്ഥാനമായുള്ള പ്രസിദ്ധീകരണമായ ചോസുണ്‍ സിന്‍ബോ റിപ്പോര്‍ട്ട്‌ ചെയ്‌തു. പ്രതീക്ഷയും ആവേശവും നിരാശക്കും ഇഛാഭംഗത്തിനും വഴി മാറിയെന്ന്‌ റിപ്പോര്‍ട്ട്‌ തുടര്‍ന്നു. ഏതായാലും പരാജയം രാജ്യത്തെ ഫുട്‌ബോള്‍ രംഗത്തു ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. കനത്ത തിരിച്ചടിയായാണ്‌ ഭരണകൂടം ഇതിനെ വിലയിരുത്തുക.

ഷ്വോ ഷ്വോ ലൂ സാ....

തൃശൂര്‍ക്കാരായ ഒരു കൂട്ടം യുവാക്കളുടെ ലോകകപ്പ്‌ ഫുട്‌ബോള്‍ ഉത്സവത്തിനുള്ള സമ്മാനം, ഷ്വോ ഷ്വോ ലൂ സാ... ഫുട്‌ബോള്‍ ആരാധകര്‍ക്ക്‌ ആവേശം പകരുകയാണ്‌ ഷ്വോ ഷ്വോ ലൂ സാ... എന്ന സോക്കര്‍ ഗാനം. കാല്‍പന്തിന്റെ ഈ ഉണര്‍ത്തുപാട്ട്‌ തൃശൂരില്‍ മാത്രമല്ല, ലോകമെങ്ങും മുഴങ്ങുകയാണ്‌. പരസ്യമാധ്യമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരാണ്‌ മൂന്ന്‌ മിനിറ്റ്‌ മാത്രം ദൈര്‍ഘ്യമുള്ള ഈ സോക്കര്‍ ഗാനത്തിന്‌ ദൃശ്യഭാഷ ചമച്ചിരിക്കുന്നത്‌. അന്നത്തിന്‌ വേണ്‍ണ്ടി തെരുവോരങ്ങളില്‍ കഷ്‌ടപ്പെടുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്കാണ്‌ ഈ ഗാനം സമര്‍പ്പിച്ചിരിക്കുന്നത്‌. വഴിയോര കച്ചവടക്കാരും മാര്‍ക്കറ്റില്‍ ചുമടെടുക്കുന്നവരും മറ്റുള്ളവരും തങ്ങളുടെ തൊഴിലുകള്‍ക്കൊപ്പം കാല്‍പന്തിന്റെ താളം നെഞ്ചേറ്റുന്നവരാണെന്ന്‌ ഈ സോക്കര്‍ ഗാനം ബോധ്യപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കയിലെ ആദിവാസി ഭാഷയില്‍ മുന്നോട്ട്‌ എന്നര്‍ഥം വരുന്ന ഷ്വോ ഷ്വോ ലൂ സാ എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ ഹിറ്റായിക്കഴിഞ്ഞു.ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കും സംഗീത പ്രേമികള്‍ക്കും ആസ്വദിക്കാനായി ഈ സോക്കര്‍ ഗാനത്തെ യൂ ട്യൂബിലേക്ക്‌ അപ്‌ലോഡ്‌ ചെയ്‌തിട്ടുണ്‍ണ്ട്‌. ഫിഫ സോംഗ്‌ ബൈ ആഫ്‌ടര്‍ സിക്‌സ്‌ കേരള എന്ന്‌ സെര്‍ച്ച്‌ ചെയ്‌താല്‍ യു ട്യൂബില്‍ ഈ ഗാനം ആസ്വദിക്കാം. അഭിനേതാക്കളില്ലാതെ ലൈവ്‌ കാരക്‌ടറൈസേഷനാണ്‌ ഈ ആല്‍ബത്തിന്റെ പ്രത്യേകത. ഇംഗ്ലീഷ്‌ പോപ്പും മലയാളം റാപ്പും ചേര്‍ന്ന ഗാനം അഞ്ച്‌ ദിവസം കൊണ്‍ണ്ടാണ്‌ ദൃശ്യ-ശ്രാവ്യ ഭാഷയിലാക്കിയതെന്ന്‌ അണിയറ ശില്‍പികള്‍ പറയുന്നു. ധീരജ്‌ മംഗലശ്ശേരി, സരിത്‌ പൂത്തോള്‍, പ്രദീപ്‌ മേനോന്‍, രാജേഷ്‌ പാറേക്കാട്ട്‌, അനിമേഷ്‌, സുരേഷ്‌, സാബു, പ്രഭീഷ്‌, അനീഷ്‌, മധു, ശ്രീജിത്‌ എന്നിവരാണ്‌ അണിയറ ശില്‍പികള്‍.

2010, ജൂൺ 22, ചൊവ്വാഴ്ച

അത്‌ `ദൈവത്തിന്റെ കൈ' അല്ല

ഫാബിയാനോയുടെ രണ്ടാം ഗോള്‍ `ദൈവത്തിന്റെ കൈ' അല്ലെന്ന്‌ അര്‍ജന്റീന കോച്ച്‌ ഡീഗോ മറഡോണ. അത്‌ അയാളുടെ കൈ തന്നെയാണ്‌. അയാള്‍ പന്ത്‌ കൈകൊണ്ട്‌ തട്ടിയിട്ടത്‌ വ്യക്തമാണ്‌. ഇരട്ട ഹാന്റ്‌ബോളാണത്‌ ?-മറഡോണ പറയുന്നു.1986ലെ ലോകകപ്പ്‌ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോളിനെക്കുറിച്ച്‌ അദ്ദേഹം തന്നെയാണ്‌ വിവാദ പ്രയോഗം ആദ്യം നടത്തുന്നത്‌. അന്ന്‌ റഫറിക്ക്‌ സംശയമുണ്ടായിരുന്നു. ഇവിടെ റഫറി ചിരിച്ചുകൊണ്ട്‌ ഗോള്‍ അനുവദിച്ചത്‌ ദുരന്ത തമാശയാണ്‌ -മറഡോണ പറഞ്ഞു.എന്റെ ഗോള്‍ കണ്ട്‌ റഫറി ചിരിച്ചില്ല. അയാള്‍ ലൈന്‍സ്‌മാനെ നോക്കി. ആരെങ്കിലും കൈ കാണിക്കുന്നുണ്ടോ എന്നറിയാന്‍ ജനക്കൂട്ടത്തിലേക്കും നോക്കി. എന്നാല്‍ ഇവിടെ, ഗോള്‍ വീണതിനുപിന്നാലെ റഫറി ചിരിച്ചുകൊണ്ട്‌ മൈതാന മധ്യത്തേക്ക്‌ ഓടി. ഇതൊക്കെയാണെങ്കിലും ബ്രസീല്‍ ചാമ്പ്യന്‍മാരാവാനുള്ള സാധ്യത തള്ളിക്കളയാന്‍ മറഡോണ തയാറായില്ല.

വൂവുസേലയും ചൈനക്കാരന്‍

ഈ ലോകകപ്പിന്റെ ചിഹ്നമായി മാറിയ വൂവുസേല ദക്ഷിണാഫ്രിക്കന്‍ സംഗീതോപകരണമാണെങ്കിലും അവയിലേറെയും നിര്‍മിക്കുന്നത്‌ ചൈനീസ്‌ ഫാക്‌ടറികളില്‍. 90 ശതമാനത്തോളം വൂവുസേലകളും ചൈനീസ്‌ നിര്‍മിതമാണെന്ന്‌ വ്യവസായവൃത്തങ്ങള്‍ സമ്മതിക്കുന്നു. ഏപ്രിലിനുശേഷം 10 ലക്ഷത്തോളം വൂവുസേലകള്‍ നിര്‍മിച്ചതായി ഷെജിയാംഗിലെ ഒരു ഫാക്‌ടറി വെളിപ്പെടുത്തി. ഗ്വാംഗ്‌ദോംഗ്‌, ഷെജിയാംഗ്‌ പ്രവിശ്യകളിലെ അഞ്ച്‌ ഫാക്‌ടറികളില്‍നിന്നാണ്‌ ഏതാണ്ടെല്ലാ വൂവുസേലകളും ദക്ഷിണാഫ്രിക്കയിലെത്തുന്നത്‌. 0.6 യുവാന്‍ മുതല്‍ 2.5 യുവാന്‍ വരെ വിലയ്‌ക്ക്‌ ചൈനയില്‍നിന്ന്‌ കയറ്റുമതി ചെയ്യുന്ന വൂവുസേലകള്‍ ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ 18 മുതല്‍ 53 വരെ യുവാനായി മാറുന്നു. ദക്ഷിണാഫ്രിക്കക്ക്‌ പുറമേ ബ്രിട്ടനില്‍ രണ്ട്‌ സെക്കന്റില്‍ ഒരു വൂവുസേല വില്‍പനയാവുന്നുണ്ടത്രേ. വൂവുസേല മാത്രമല്ല ലോകകപ്പില്‍ ഉപയോഗിക്കുന്ന ജാബുലാനി പന്തിന്റെ പേരിലും ലാഭമുണ്ടാക്കുന്നത്‌ ചൈനീസ്‌ കമ്പനികള്‍ തന്നെ. 99 ശതമാനം ജാബുലാനി ഓര്‍ഡറുകളും ചൈനയിലെ ജിയാംക്‌സി മയ്‌സിബൊ സ്‌പോര്‍ട്‌സ്‌ എക്വിപ്‌മെന്റ്‌ കമ്പനിക്കാണ്‌. 1.2 കോടി പന്തുകളാണ്‌ കമ്പനി നിര്‍മിച്ചത്‌.

രണ്ട്‌ തവണ പന്ത്‌ കൈകൊണ്ടു തട്ടി

ഒരിക്കലല്ല, രണ്ട്‌ തവണ താന്‍ പന്ത്‌ കൈകൊണ്ട്‌ തട്ടിയെന്ന്‌ ലൂയി ഫാബിയാനോ സമ്മതിക്കുന്നു. ഐവറി കോസ്റ്റിനെതിരായ വിവാദമായ രണ്ടാം ഗോളിനെക്കുറിച്ചാണ്‌ മത്സരത്തിനുശേഷം ബ്രസീല്‍ സ്‌ട്രൈക്കര്‍ വിശദീകരിച്ചത്‌. ആദ്യ തവണ കയ്യിലും രണ്ടാം തവണ തോളിലുമാണ്‌ പന്ത്‌ തട്ടിയത്‌. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമുണ്ടായത്‌ തന്റെ ഗോളിന്‌ കൂടുതല്‍ മനോഹാരിത നല്‍കിയതേ ഉള്ളൂ -സെവിയ താരം പറഞ്ഞു.മൂന്ന്‌ ഡിഫന്റര്‍മാരെ വെട്ടിച്ച്‌ നേടിയ ഗോളിനുമുമ്പ്‌ പന്ത്‌ നിയന്ത്രണത്തിലാക്കാന്‍ ഫാബിയാനോ മൂന്ന്‌ തവണ തട്ടിയിരുന്നു. ഇതില്‍ രണ്ട്‌ തട്ടും കൈകൊണ്ടായിരുന്നെങ്കിലും റഫറി അതുകണ്ടില്ല. ഫാബിയാനോ മാന്‍ ഓഫ്‌ ദ മാച്ചുമായി.

2010, ജൂൺ 21, തിങ്കളാഴ്‌ച

കൈക്കൂലിയായി മീനും

കാസര്‍കോട്‌ വനിതാ സെല്‍ ആന്‍ഡ്‌ ഹെല്‍പ്പ്‌ ലൈന്‍ എസ്‌.ഐ കൈക്കൂലിയായി പണവും മീനും വാങ്ങി. വിജിലന്‍സ്‌ പിടിയിലുമായി. പി.എസ്‌. ലീലാമ്മയാണ്‌ ആയിരം രൂപയും ഒരു കിലോ മത്തിയും വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായത്‌. അഞ്ചുമാസം മുമ്പ്‌ കമിതാക്കള്‍ ഒളിച്ചോടിയ കേസുമായി ബന്ധപ്പെട്ട്‌ കാമുകന്റെ അമ്മയെ ഭീഷണിപ്പെടുത്തി ലീലാമ്മ അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കിയില്ലെങ്കില്‍ സ്‌ത്രീപീഡനക്കേസില്‍ കുടുക്കുമെന്നായിരുന്നു ഭീഷണി. കൈക്കൂലിയുടെ ആദ്യഗഢുവായ ആയിരം രൂപ വാങ്ങവേയാണ്‌ വിജിലന്‍സ്‌ ഇവരെ കുടുക്കിയത്‌. വിജിലന്‍സില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ ഒരാഴ്‌ചയായി ലീലാമ്മ നിരീക്ഷണത്തിലായിരുന്നു. ഇവരുടെ ഫോണും തെളിവിനായി പോലീസ്‌ ചോര്‍ത്തിയിരുന്നു. ലീലാമ്മ നേരത്തെ തന്നെ അഴിമതിയോരോപണങ്ങള്‍ക്ക്‌ വിധേയയാണ്‌.

യു.എസ്‌ സേനക്കുവേണ്ടി പ്രവര്‍ത്തിച്ചാല്‍

ഇറാഖില്‍ യു.എസ്‌ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത്‌ ഒഴിവാക്കണമെന്ന മകന്റെ ആവശ്യം തട്ടിക്കളഞ്ഞ പിതാവിനെ വെടിവെച്ചു കൊന്നു. സമാറയിലാണ്‌ സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ഹമീദ്‌ അല്‍ ദറാജിയെ മകന്‍ നെഞ്ചില്‍ നിറയൊഴിച്ചാണ്‌ കൊന്നത്‌. സംഭവത്തില്‍ മകന്‍ അബ്‌ദുല്‍ ഹാലിം ഹമീദിനെ (30) പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.ഏഴ്‌ വര്‍ഷമായി യു.എസ്‌ സൈന്യത്തില്‍ പരിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു അമ്പതുകാരനായ ഹമീദ്‌. ആ ജോലി കളയണമെന്ന്‌ അല്‍ഖാഇദ അനുഭാവിയായ മകന്‍ ആവശ്യപ്പെട്ടെങ്കിലും ഹമീദ്‌ വഴങ്ങിയില്ലത്രേ.ഹമീദിനെ വധിച്ച കേസില്‍ അബ്‌ദുല്‍ ഹാലിമിനു പുറമെ ബന്ധുവായ മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്‌. എന്നാല്‍ സംഭവത്തില്‍ പങ്കാളിയായ മറ്റൊരു മകന്‍ ഒളിവിലാണ്‌. ഹമീദിനെ കൊന്ന്‌ അല്‍ഖാഇദയോടുള്ള കൂറ്‌ പ്രഖ്യാപിക്കുകയായിരുന്നു യുവാക്കളെന്ന്‌ പോലീസ്‌ പറഞ്ഞു.

ചുവപ്പ്‌ കണ്ട സാനി കയ്‌തക്ക്‌ വധഭീഷണി

വധഭീഷണിയും വധവും കായികലോകത്ത്‌ പുത്തരിയല്ല. അതുകൊണ്ടുതന്നെയാണ്‌ നൈജീരിയയുടെ സാനി കയ്‌ത അവ ഭയക്കുന്നതും. ഗ്രീസിനെതിരായ കളിയില്‍ എതിരാളിയെ അനാവശ്യമായി ചവിട്ടി ചുവപ്പ്‌ കാര്‍ഡ്‌ വാങ്ങി ടീമിന്റെ തോല്‍വിക്ക്‌ വഴിയൊരുക്കിയ സാനി കയ്‌തക്ക്‌ വധ ഭീഷണികളുകളുടെ പ്രവാഹമാണ്‌. വധ ഭീഷണി മുഴക്കി ആയിരത്തിലേറെ ഇ-മെയില്‍ സന്ദേശങ്ങളാണ്‌ ഇതുവരെ ലഭിച്ചതെന്നും അവ ഗൗരവത്തോടെയാണ്‌ എടുക്കുന്നതെന്നും ടീം വക്താവ്‌ പീറ്റര്‍സൈഡ്‌ ഈദ അറിയിച്ചു. ഭീഷണികളെക്കുറിച്ച്‌ നൈജീരിയന്‍ സര്‍ക്കാരിനെയും ഫിഫയെയും അറിയിച്ചിട്ടുണ്ട്‌. ഇരുപത്തിനാലുകാരന്‍ അതീവ ഭയത്തിലാണ്‌. ടീമിന്റെ പിന്തുണയാണ്‌ അയാള്‍ക്ക്‌ സാന്ത്വനം -ഈദ പറഞ്ഞു. പന്ത്‌ കൈവിട്ട ശേഷം യാതൊരു പ്രകോപനവുമില്ലാതെ എതിരാളിയെ കയ്‌ത ചവിട്ടുമ്പോള്‍ നൈജീരിയ 1-0 ന്‌ മുന്നിലായിരുന്നു. എന്നാല്‍ കയ്‌തക്ക്‌ ചുവപ്പ്‌ കാര്‍ഡ്‌ കിട്ടിയ ശേഷം ഗ്രീസ്‌ മടക്കിയത്‌ രണ്ടു ഗോള്‍.

2010, ജൂൺ 20, ഞായറാഴ്‌ച

ഗുരുദക്ഷിണ ഉടുമ്പ്‌

സൗദി അറേബ്യയിലെ റഫ്‌ഹയിലാണ്‌ സംഭവം. പ്രൈമറി സ്‌കൂളില്‍നിന്ന്‌ പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ഥി മേധാവിക്ക്‌ പ്രത്യേക സമ്മാനം നല്‍കി. യാത്രയയപ്പ്‌ ചടങ്ങില്‍വെച്ച്‌ ഉടുമ്പിനെയാണ്‌ സമ്മാനമായി നല്‍കിയത്‌. തന്റെ പൊന്നോമനയായ ജീവിയെത്തന്നെ ഗുരുദക്ഷിണ വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന്‌ വിദ്യാര്‍ഥി പറയുന്നു. സമാപന ദിവസത്തെ പാര്‍ട്ടിക്ക്‌ മറ്റ്‌ വിദ്യാര്‍ഥികളെല്ലാം വീട്ടില്‍നിന്ന്‌ ഭക്ഷണ പദാര്‍ഥങ്ങള്‍ കൊണ്ടുവന്നപ്പോള്‍ വിശിഷ്‌ട സമ്മാനവുമായി ഒരു വിദ്യാര്‍ഥി മാത്രം എത്തുകയായിരുന്നു.

ജര്‍മനിക്കും അടി തെറ്റി

സെര്‍ബിയക്കെതിരെ കിട്ടിയ പെനാല്‍ട്ടി ലുക്കാസ്‌ പൊഡോള്‍സ്‌കി പാഴാക്കിയപ്പോള്‍ ജര്‍മനിയുടെ അപൂര്‍വ റെക്കോര്‍ഡാണ്‌ തകര്‍ന്നത്‌. ആദ്യമായും അവസാനമായും ഷൂട്ടൗട്ടിലല്ലാതെ ഒരു ജര്‍മന്‍കാരന്‍ ലോകകപ്പില്‍ പെനാല്‍ട്ടി പാഴാക്കുമ്പോള്‍ പൊഡോള്‍സ്‌കി ജനിച്ചിട്ടു പോലുമുണ്ടായിരുന്നില്ല. 1974 ല്‍ യൂളി ഹോനസാണ്‌ ഇതിനു മുമ്പ്‌ ലോകകപ്പില്‍ പെനാല്‍ട്ടി തുലച്ച ഒരേയൊരു ജര്‍മന്‍കാരന്‍. ഷൂട്ടൗട്ടുകളിലും ഒരു ജര്‍മന്‍കാരനേ പിഴച്ചിട്ടുള്ളൂ, 1982 ലെ സെമിയില്‍ ഫ്രാന്‍സിനെതിരെ യൂളി സ്റ്റീലികെക്ക്‌. എന്നിട്ടും ഗോളി ഹരോള്‍ഡ്‌ ഷുമാക്കറുടെ മികവില്‍ ജര്‍മനി ഫൈനലിലെത്തി.ബാസ്റ്റ്യന്‍ ഷ്വയ്‌ന്‍സ്റ്റെയ്‌ഗര്‍ കിക്കെടുക്കേണ്ടതായിരുന്നുവെന്ന്‌ ജര്‍മനിയുടെ ഇതിഹാസ താരം ഫ്രാന്‍സ്‌ ബെക്കന്‍ബവര്‍ അഭിപ്രായപ്പെട്ടു.

ചീഞ്ഞ മാംസം കൊണ്ടൊരു ബിരിയാണി

മുഖ്യമന്ത്രി പങ്കെടുത്ത കുറ്റിയാടി ജലവൈദ്യുത വിപുലീകരണ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങില്‍ പഴകിയ മാംസം ഉപയോഗിച്ച്‌ ഭക്ഷണം പാകം ചെയ്യാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. നൂറ്‌ കിലോഗ്രാം പഴകിയ കോഴിയിറച്ചി നാട്ടുകാര്‍ പിടിച്ചെടുത്ത്‌ നശിപ്പിച്ചു.ഉദ്‌ഘാടന ചടങ്ങിന്‌ ശേഷമാണ്‌ പരിപാടിക്കെത്തിയ നാട്ടുകാരുള്‍പ്പെടെ എല്ലാവര്‍ക്കും ബിരിയാണി വിളമ്പിയത്‌. വളരെ പെട്ടെന്ന്‌ ഭക്ഷണം തീരുകയും കുറെ പേര്‍ക്ക്‌ കിട്ടാതെ വരികയും ചെയ്‌തു. തുടര്‍ന്ന്‌ വീണ്ടും ഭക്ഷണം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടയില്‍ കലവറയിലെത്തിയ നാട്ടുകാരില്‍ ചിലരാണ്‌ കോഴിയിറച്ചി ചീഞ്ഞതായി കണ്ടെത്തിയത്‌. തുടര്‍ന്ന്‌ മറ്റുള്ളവരെ അറിയിച്ചു. നാട്ടുകാര്‍ കൂട്ടമായെത്തി മുദ്രാവാക്യം വിളിച്ച്‌ നൂറ്‌ കിലോ കോഴിയിറച്ചി പിടിച്ചെടുക്കുകയും ചെയ്‌തു. ആദ്യം വിളമ്പിയ ബിരിയാണിക്കും ചീഞ്ഞ മാംസമാണ്‌ ഉപയോഗിച്ചതെന്നും ആരോപണമുണ്ട്‌. ബിരിയാണി കഴിച്ച ചിലര്‍ ആശുപത്രിയില്‍ ചികിത്സക്കുമെത്തി.

2010, ജൂൺ 19, ശനിയാഴ്‌ച

പ്രതിക്കായി ഉടുമുണ്ടഴിച്ച്‌ പരിശോധന

ബലാത്സംഗക്കേസിലെ പ്രതിയെ പിടികൂടാനായി പോലീസിന്റെ ഉടുതുണിയഴിച്ച്‌ പരിശോധന. മഹാരാഷ്‌ട്ര പോലീസാണ്‌ 200 വീടുകളിലെത്തി പുരുഷന്‍മാരെയെല്ലാം തുണിയഴിച്ചു പരിശോധിച്ചത്‌. സംഭവം വിവാദമായി മാറുകയാണ്‌. പരിശോധന നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും അഭിഭാഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. മഹാരാഷ്‌ട്ര ഭയിന്തറില്‍ ജൂണ്‍ 13ന്‌ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്ന കേസാണ്‌ സംഭവത്തിന്‌ ആധാരം. ബലാത്സംഗ സമയം പ്രതിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിട്ടുണ്ടാവാമെന്ന സംശയത്തിലായിരുന്നു പോലീസിന്റെ പരിശോധന.നഗ്നരാക്കി പരിശോധന നടത്താന്‍ പോലീസിന്‌ അവകാശമില്ലെന്ന്‌ പ്രശസ്‌ത മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറയുന്നു. ഇതിന്‌ ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു.പക്ഷേ തിരച്ചിലിനിടയില്‍ സംശയാസ്‌പദമായി ഒരാളെ കണ്ടെത്തി. പ്രകാശ്‌ കെവത്‌ എന്നയാളിന്റെ വീട്ടില്‍നിന്ന്‌ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ രക്തംപുരണ്ട അടിവസ്‌ത്രങ്ങള്‍ കണ്ടെത്തി. ഇയാളെ പോലീസ്‌ അറസ്റ്റുചെയ്‌തു.പൂട്ടിക്കിടന്ന ഒരു വീട്‌ കണ്ടതായും സംശയിച്ച്‌ തുറന്നപ്പോഴാണ്‌ പെണ്‍കുട്ടിയുടെ അടിവസ്‌ത്രം കണ്ടെത്തിയതെന്നും പോലീസ്‌ പറഞ്ഞു. കെവാതിന്റെ വീടായിരുന്നു ഇത്‌. ജോലിക്കു പോയ ഇയാള്‍ തിരിച്ചെത്ത പോലീസ്‌ അറസ്റ്റു ചെയ്യുകയായിരുന്നു.

കൊച്ചു തസ്‌കരവീരന്‍മാര്‍

ബൈക്കുകളും കംപ്യൂട്ടറുകളും കവര്‍ച്ച നടത്തി വിറ്റ 15സ്‌കൂള്‍ കുട്ടികള്‍ പോലീസ്‌ പിടിയില്‍. കോഴിക്കോട്‌ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാലയങ്ങളില്‍ പഠിക്കുന്ന 14 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. പിടിക്കപ്പെടുമ്പോള്‍ 12ബൈക്കുകളും 7 കംപ്യൂട്ടറും ഇവരുടെ കൈവശമുണ്ടായിരുന്നു. രണ്ടാഴ്‌ചത്തെ ശ്രമഫലമായാണ്‌ കുട്ടിമോഷ്‌ടാക്കള്‍ മെഡിക്കല്‍ കോളേജ്‌ പോലീസിന്റെ വലയില്‍ കയറിയത്‌. നടക്കാവ്‌ ഗവ. യു.പി സ്‌കൂളില്‍നിന്നും 4 കംപ്യൂട്ടറുകള്‍, കോഴിക്കോട്‌ സാമൂതിരി ഹയര്‍ സെക്കണ്ടറിയില്‍നിന്നു 3 എണ്ണം അടിച്ചുമാറ്റിയവയാണ്‌. കുറ്റിക്കാട്ടൂര്‍, കുണ്ടായിത്തോട്‌, പുതിയങ്ങാടി, എരഞ്ഞിപ്പാലം കളിപ്പൊയ്‌ക എന്നിവിടങ്ങളില്‍നിന്നു മോഷ്‌ടിച്ചതാണ്‌ ബൈക്കുകള്‍. കള്ളത്താക്കോല്‍ ഉപയോഗിച്ച്‌ കവരുന്ന ബൈക്കുകള്‍ സഹപാഠികള്‍ക്കു ചെറിയ തുകക്ക്‌ വില്‍പന നടത്തുന്നതാണ്‌ ഇവരുടെ രീതി. 40 കുട്ടിമോഷ്‌ടാക്കളാണ്‌ സംഘത്തിലുള്ളത്‌. 10 ലക്ഷം രൂപയുടെ വസ്‌തുക്കള്‍ ഇവരില്‍നിന്നും പോലീസ്‌ കണ്ടെടുത്തു. നഗരത്തിലെ ഉന്നതരുടെ മക്കളടക്കം പിടിയിലായവരില്‍പെടും.

സമരത്തിനായ്‌ ജീവിക്കുന്നവര്‍

കേരളത്തില്‍ ഏറ്റവുമധികം സമരം ചെയ്യുന്ന വിഭാഗമേത്‌? ചോദ്യം പണ്ടായിരുന്നെങ്കില്‍ ഉത്തരമൊന്നെ ഉണ്ടായിരുന്നുള്ളൂ. അടിസ്ഥാന വര്‍ഗ തൊഴിലാളി സംഘടനകള്‍. ഒന്നുകൂടി വ്യക്തമാക്കിയാല്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എ.ഐ.ടി.യു.സി ഇത്യാദി. കാലം മാറി. ഇന്ന്‌ സമരത്തിനായ്‌ ജീവിക്കുന്ന വിഭാഗം ഡോക്‌ടര്‍മാരാണ്‌. അവരുടെ പുതിയ സമരം അണിയറയില്‍ രൂപപ്പെടുന്നുണ്ട്‌. ആശുപത്രികള്‍ക്കും രോഗികള്‍ക്കും ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ജീവനക്കാര്‍ക്കും അക്രമികളില്‍നിന്ന്‌ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ശാഖയുടെ നേതൃത്വത്തില്‍ സമരം. സമരത്തിന്‌ 24 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസത്യഗ്രഹം. 30-ന്‌ പണിമുടക്ക്‌. ആശുപത്രിയും പരിസരവും സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും ഇവിടം ആക്രമിക്കുന്നത്‌ ജാമ്യമില്ലാത്ത കുറ്റമായി പ്രഖ്യാപിക്കുകയും ചെയ്യണമെന്നതാണ്‌ ആവശ്യം. പശ്ചിമബംഗാളടക്കം ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ ഈ നിയമം നിലവിലുണ്‍ണ്ടത്രേ. എപ്പഴാ സമരം ഇവരിനി ആത്മാര്‍ഥതയോടെ രോഗികളെ പരിചരിക്കുക.

2010, ജൂൺ 18, വെള്ളിയാഴ്‌ച

റെക്കോര്‍ഡ്‌ വരുന്ന വഴികള്‍

നീണ്ട 87 മണിക്കൂര്‍ ടെലിവിഷനില്‍ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ കണ്ട്‌ ഓസ്‌ട്രേലിയയിലെ സഹോദരികള്‍ റെക്കോര്‍ഡ്‌ സ്ഥാപിച്ചു. ഫുട്‌ബോള്‍ ഭ്രാന്തികളായ ജോവാന്‍-അലാന സഹോദരികളാണ്‌ മൂന്നര ദിവസത്തോളം ടെലിവിഷനു മുന്നിലിരുന്ന്‌ ലോകകപ്പ്‌ മല്‍സരങ്ങളും അനുബന്ധ ടെലിവിഷന്‍ പ്രോഗ്രാമുകളും കണ്ടത്‌. സിഡ്‌നിയിലെ സ്റ്റാര്‍ സിറ്റി കാസിനോയില്‍ നടന്ന ലോകകപ്പ്‌ കാണല്‍ മല്‍സരത്തിലാണ്‌ ഇവര്‍ ജേത്രിക്കളായത്‌. ഗിന്നസ്‌ ബുക്കില്‍ ഈ റെക്കോര്‍ഡ്‌ രേഖപ്പെടുത്താനിരിക്കുകയാണ്‌. പ്രത്യേക ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലായിരുന്നു ഇവരുടെ ടി.വി കാണല്‍. സ്‌ക്രീനില്‍നിന്ന്‌ അഞ്ചു സെക്കന്റില്‍ കൂടുതല്‍ കണ്ണെടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഓരോ മണിക്കൂറിലും അഞ്ചു മിനിട്ട്‌ വിശ്രമം അനുവദിച്ചിരുന്നു. ഒരു ദിവസം അഞ്ചു കപ്പ്‌ കാപ്പി മാത്രം കുടിക്കാനാണ്‌ അനുമതി.. ഡച്ചുകാരനായ ഇഫ്രൈം വാന്‍ ഒവറിന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ്‌ ഇതോടെ തകര്‍ന്നത്‌. 1986 ല്‍ ഇഫ്രൈം 86 മണിക്കൂര്‍ മല്‍സരങ്ങള്‍ കണ്ട്‌ റെക്കോര്‍ഡിട്ടിരുന്നു.

ആരാധന മുതലെടുക്കാന്‍ കുടയും

മഴയും ലോകകപ്പ്‌ ഫുട്‌ബോളും തമ്മില്‍ എന്താണ്‌ ബന്ധം? കാലവര്‍ഷത്തില്‍ചൂടാന്‍ ലോകകപ്പ്‌ കുടകളാണ്‌ വിപണിയില്‍. ഫുട്‌ബോള്‍ പ്രേമം മുതലെടുക്കാന്‍ കുട വിപണിയും സജീവമായി. ലോകകപ്പിലെ ഇഷ്‌ട ടീമുകളുടെ പതാകകളുടെ നിറത്തിലുള്ള കുടകളാണ്‌ മാര്‌ക്കറ്റില്‍ സുലഭമായത്‌.. കുട വാങ്ങിയാല്‍ രണ്ടുണ്ട്‌ കാര്യം. തുള്ളി മുറിയാതെ പെയ്യുന്ന മഴയില്‍നിന്നും രക്ഷപ്പെടാം, ഇഷ്‌ട ടീമിന്റെ പ്രചാരണത്തിന്‌ ഉപയോഗിക്കുകയും ചെയ്യാം. അര്‍ജന്റീന, ബ്രസീല്‍ ടീമുകളുടെ പതാകയുള്ള കുടകളാണ്‌ വിപണിയിലെത്തിയത്‌. ഏറ്റവും കൂടുതല്‍ ആരാധകരുള്ള രണ്ട്‌ ടീമുകളുടെ കുട ഇറക്കിയാലേ വിപണി കയ്യടക്കാനാകൂ എന്ന തന്ത്രമാണ്‌ ഇതിന്‌ പിന്നില്‍. കടകളിലല്ല, തെരുവുകളിലാണ്‌ കനത്ത മഴയിലും കുട കച്ചവടം തകൃതിയായി നടക്കുന്നത്‌. ഒരു കുടയ്‌ക്ക്‌ 150 രൂപ വില. ആരാധകര്‍ എത്തി തങ്ങളുടെ ഇഷ്‌ട ടീമിന്റെ കുട വാങ്ങുന്നുമുണ്ട്‌്‌. കളി നടക്കുമ്പോള്‍ ഇരു ടീമുകളും കുട നിവര്‍ത്തിപ്പിടിച്ച്‌ തങ്ങളുടെ കരുത്ത്‌ തെളിയിക്കുകയാണ്‌. ലോകകപ്പ്‌ ലഹരി ഇപ്പോള്‍ കുടയിലും എത്തിനില്‍ക്കുകയാണ്‌.

2010, ജൂൺ 17, വ്യാഴാഴ്‌ച

പട്ടിയുടെ ജഡവുമായൊരു സമരം

പട്ടിയുടെ ചീഞ്ഞളിഞ്ഞ ജഡവുമായി യുവാവിന്റെ പ്രതിഷേധം. ചെറുകാവ്‌ പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിലാണ്‌ സംഭവം. മലപ്പുറം ജില്ലയിലെ പെരിയമ്പലം അങ്ങാടിക്ക്‌ സമീപം റോഡില്‍ ചത്തുകിടന്ന പട്ടിയെ കുഴിച്ചുമൂടിയതിന്‌ മതിയായ പ്രതിഫലം നല്‍കാത്ത പഞ്ചായത്ത്‌ അധികൃതരുടെ മുമ്പില്‍ പട്ടിയുടെ ജീര്‍ണിച്ച ജഡവുമായെത്തി പറവൂര്‍ പാലത്തോട്‌ പുറായിയിലെ യുവാവാണ്‌ പ്രതിഷേധിച്ചത്‌. റോഡില്‍ ചത്തുകിടന്ന പട്ടിയെ യുവാവ്‌ കുഴിച്ചുമൂടുകയായിരുന്നു. ഇതിന്റെ പ്രതിഫലത്തിനായി പഞ്ചായത്ത്‌ ഓഫീസിലെത്തിയ യുവാവിന്‌ അന്‍പത്‌ രൂപയാണ്‌ അധികൃതര്‍ നല്‍കിയത്‌. എന്നാല്‍ തുക കുറഞ്ഞു എന്നാരോപിച്ച്‌ യുവാവ്‌ അധികൃതരുമായി തട്ടിക്കയറി. പഞ്ചായത്തില്‍ ഒരു പട്ടിയെ പിടിച്ചാല്‍ 50 രൂപ മാത്രമേ നല്‍കാറുള്ളൂ എന്ന്‌ അധികൃതരും. ഇതില്‍ കലിപൂണ്ട യുവാവ്‌ നേരത്തെ കുഴിച്ചിട്ട പട്ടിയുടെ ചീഞ്ഞളിഞ്ഞ ജഡവുമായി പഞ്ചായത്ത്‌ ഓഫീസിന്‌ മുന്നിലെത്തുകയായിരുന്നു. ദുര്‍ഗന്ധം പരന്ന്‌ പഞ്ചായത്ത്‌ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും നില്‍ക്കക്കള്ളിയില്ലാതായി. പണം നല്‍കാതെ പി�ാറില്ലെന്ന്‌ യുവാവ്‌. സാധ്യമല്ലെന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍. ഒടുവില്‍ നാട്ടുകാര്‍ പിരിവെടുത്ത്‌ പണം നല്‍കിയതോടെ ജീര്‍ണിച്ച ജഡം യുവാവ്‌ രണ്ടാമതും കുഴിച്ച്‌ മൂടി സ്ഥലംവിട്ടു.

ഹോണ്ടുറാസ്‌ ടീമില്‍ സഹോദര സംഗമം

ലോകകപ്പില്‍ ഇതാ മറ്റൊരു ചരിത്രം. വില്‍സണ്‍ പലേഷ്യോസിനും ജോണി പലേഷ്യോസിനുമൊപ്പം ഇന്നലെ ജെറി പലേഷ്യോസും ഹോണ്ടുറാസ്‌ ടീമിനൊപ്പം ചേര്‍ന്നതോടെ ലോകകപ്പില്‍ അത്‌ പുതിയ ചരിത്രമായി. ആദ്യമായാണ്‌ മൂന്ന്‌ ചേട്ടാനുജ�ാര്‍ ഒരു ടീമില്‍ കളിക്കുന്നത്‌. ജൂലിയൊ സീസര്‍ക്ക്‌ പരിക്കേറ്റതാണ്‌ ജെറിക്ക്‌ തുണയായത്‌. ഇരുപത്തെട്ടുകാരനായ ജെറി ചൈനയിലെ ഹാംഗ്‌ഷു ഗ്രീന്‍ ടൗണിന്റെ സ്‌ട്രൈക്കറാണ്‌. ഇരുപത്തഞ്ചുകാരനായ വില്‍സണ്‍ ടോട്ടന്‍ഹാം ഹോട്‌സ്‌പുറിന്റെ മിഡ്‌ഫീല്‍ഡറും ഇരുപത്തിമൂന്നുകാരനായ ജോണി നാട്ടില്‍ ഒളിംപിയയുടെ ഡിഫന്ററുമാണ്‌.

റാംറഹീം സിംഗ്‌ജി കേരളത്തില്‍

ദേര സച്ചാ ഭക്തി പ്രസ്ഥാനത്തിന്റെ തലവന്‍ മഹാരാജ എന്നറിയപ്പെടുന്ന ഗുര്‍മീത്‌ റാംറഹീം സിംഗ്‌ജി 10 ദിവസത്തെ സന്ദര്‍ശനത്തിന്‌ കേരളത്തിലെത്തി. പഞ്ചാബിലും ഹരിയാനയിലും ഏറെ വിവാദം സൃഷ്‌ടിച്ച സിംഗ്‌ജിയുടെ ആസ്ഥാനം ഹരിയാനയിലെ സിര്‍സയിലാണ്‌. മൂന്നാര്‍, തേക്കടി എന്നിവിടങ്ങളില്‍ അഞ്ചു ദിവസം വീതം അദ്ദേഹമുണ്ടാകും.അടുത്തിടെ സിക്ക്‌ ഗുരു ഗോവിന്ദ്‌ സിംഗിന്റെ വേഷത്തില്‍ സിംഗ്‌ജി പ്രത്യക്ഷപ്പെട്ടത്‌ പഞ്ചാബിലും ഹരിയാനയിലും വര്‍ഗീയ കലാപത്തിന്‌ വഴിവെച്ചിരുന്നു.വന്‍ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ച്‌ ഗിന്നസ്‌ബുക്കില്‍ വരെ ഇടംപിടിച്ചെങ്കിലും കൊലപാതകവും പീഡനവുമടക്കമുള്ള വിവിധ കേസുകളിലും കുടുങ്ങിയ വിവാദ പുരുഷനുമാണ്‌ ഇദ്ദേഹം. സ്വാമിയുടെ ആസ്ഥാനത്ത്‌ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പുറത്തുകൊണ്ടുവന്ന ഹരിയാനയിലെ പൂരാസച്ച്‌ സായാഹ്ന പത്രത്തിന്റെ എഡിറ്റര്‍ രംചന്ദ്ര ഛത്രപതി 2002 ല്‍ വെടിയേറ്റ്‌ മരിച്ചത്‌ ഏറെ വിവാദമുയര്‍ത്തി. ആശ്രമത്തിലെ അന്തേവാസിയായിരുന്ന സ്‌ത്രീ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അയച്ച കത്തിലൂടെയാണ്‌ അവിടത്തെ അണിയറക്കഥകള്‍ പുറം ലോകമറിഞ്ഞത്‌. സിംഗ്‌ജിയുടെ അനുയായികളില്‍ പഞ്ചാബിലെയും ഹരിയാനയിലെയും മുന്‍ മുഖ്യമന്ത്രിമാരായ പ്രകാശ്‌സിംഗ്‌ ബാദലും ഓംപ്രകാശ്‌ 80 പോലീസുകാരടക്കമുള്ള ഇസഡ്‌ പ്ലസ്‌ സുരക്ഷയാണ്‌ സിംഗ്‌ജിക്ക്‌ ഒരുക്കിയിട്ടുള്ളത്‌. ഇതിനുപുറമേ സ്വകാര്യ സേനയുമുണ്ട്‌. അറുപത്‌ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ സ്വാമിയുടെ പ്രയാണം.

2010, ജൂൺ 16, ബുധനാഴ്‌ച

ടോയ്‌ലറ്റില്‍ സുഖപ്രസവം

തമിഴ്‌നാട്ടിലാണ്‌ സംഭവം. പത്താം ക്ലാസുകാരി, വയസ്സ്‌ 15, സ്‌കൂള്‍ ടോയ്‌ലറ്റില്‍ പ്രസവിച്ചു. ഈയാഴ്‌ച ആദ്യമാണ്‌ സംഭവം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം രക്ഷിതാക്കളോ അധ്യാപകരോ അറിഞ്ഞിരുന്നില്ലെന്ന്‌ ചീഫ്‌ എജുക്കേഷനല്‍ ഓഫീസര്‍ ബാല സുബ്രഹ്‌മണ്യം പറഞ്ഞു. സ്വതവേ തടിച്ച പ്രകൃതക്കാരിയാണ്‌ വിദ്യാര്‍ഥിനി. അതുകൊണ്ട്‌ ഗര്‍ഭം മൂടിവെക്കാനായി. ക്ലാസ്‌ നടക്കുന്നതിനിടെ ടോയ്‌ലറ്റില്‍ പോകാന്‍ അനുമതി വാങ്ങി ടോയ്‌ലറ്റില്‍ ചെന്ന്‌ പ്രസവിച്ച വിദ്യാര്‍ഥിനി, കുഞ്ഞിനെ അവിടെ ഉപേക്ഷിച്ച്‌ ഒന്നും സംഭവിക്കാത്തതു പോലെ ക്ലാസില്‍ വന്നിരുന്നു.പിഞ്ചുകുഞ്ഞിന്റെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ സ്‌കൂള്‍ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. കുഞ്ഞ്‌ സുഖമായിരിക്കുന്നു. പിന്നീട്‌ നടത്തിയ അന്വേഷണത്തിലാണ്‌ സത്യം കണ്ടെത്തിയത്‌.വിദ്യാര്‍ഥിനിക്ക്‌ സ്‌കൂള്‍ അധികൃതര്‍ ടി.സി നല്‍കി. കുട്ടിയുടെ അനുമതി കൂടാതെ ടി.സി നല്‍കി പറഞ്ഞയച്ച സ്‌കൂള്‍ മാനേജ്‌മെന്റ്‌ നടപടി ശരിയല്ലെന്ന്‌ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു. വിദ്യാഭ്യാസം തുടരാന്‍ അവസരം സൃഷ്‌ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വുവുസേലയാണ്‌ താരം

ലോകകപ്പ്‌ മൈതാനങ്ങളിലെ ഹീറോയാരാണ്‌. ഉത്തരത്തിന്‌ ബുദ്ധിമുട്ടില്ല. ആഫ്രിക്കന്‍ വന്യതാളം ഉതിര്‍ക്കുന്ന വുവുസേല തന്നെ. പക്ഷേ ഹീറോയിപ്പോള്‍ വിവാദത്തിലാണ്‌. ലോകകപ്പ്‌ ആഘോഷങ്ങള്‍ക്കു രസം പകരാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ ഉപയോഗിക്കുന്ന വുവുസേല എന്ന കുഴല്‍ വിളി കളിക്കമ്പക്കാര്‍ക്ക്‌ ശല്യമാകുന്നതായി റിപ്പോര്‍ട്ട്‌. അധികം താമസിയാതെ വുവുസേലക്ക്‌ നിരോധം വന്നേക്കുമെന്നും സൂചനയുണ്ട്‌. ലോകകപ്പ്‌ സംഘാടക സമിതിയുടെ തലവന്‍ ഡാനി ജോര്‍ദന്‍ ഇതുസംബന്ധിച്ച സൂചന തള്ളിക്കളയുന്നില്ല. എന്നാല്‍ ആഫ്രിക്കന്‍ വന്യ താളത്തിന്‌ നിരോധമേര്‍പ്പെടുത്തുന്നതിനോട്‌ ഫിഫക്ക്‌ യോജിപ്പില്ല. വുവുസേലയുടെ ഭ്രാന്തന്‍ ശബ്‌ദത്തിനെതിരെ കളിക്കാരില്‍നിന്നും കാണികളില്‍നിന്നും കളി പ്രക്ഷേപണം ചെയ്യുന്ന കമ്പനികളില്‍നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്‌. കളിയുടെ കമന്ററി, ശബ്‌ദത്തില്‍ മുങ്ങിപ്പോകുന്നുവെന്നാണു സംപ്രേഷണ കമ്പനികളുടെ ആരോപണം. അറിയിപ്പുകളും റഫറിയുടെ നിര്‍ദേശങ്ങളും കേള്‍ക്കാന്‍ കഴിയുന്നില്ലെന്നു കളിക്കാരും പരാതിപ്പെടുന്നു. വുവുസേലയുടെ ശബ്‌ദം ഒഴിവാക്കി കളി പ്രക്ഷേപണം ചെയ്യാനാവുമോയെന്ന്‌ ബി.ബി.സി ചിന്തിക്കുന്നുണ്ട്‌. കാതടപ്പിക്കുന്ന ശബ്‌ദത്തെപ്പറ്റി 220 പരാതികളാണ്‌ ഇതുവരെ ബി.ബി.സിക്കു കിട്ടിയത്‌. അതേസമയം, ഫിഫ പ്രസിഡന്റ്‌ സെപ്‌ ബ്ലാറ്റര്‍ അടക്കമുള്ളവരുടെ പിന്തുണ വുവുസേലക്കുണ്ട്‌. ആഫ്രിക്കയില്‍ ലോകകപ്പ്‌ നടക്കുമ്പോള്‍ ആഫ്രിക്കയുടെ ശബ്‌ദം കേള്‍പ്പിക്കുന്നത്‌ തടയാനാവില്ലെന്നാണ്‌ ഫിഫയുടെ നിലപാട്‌. സ്വന്തം രാജ്യത്തെ സംഗീതപാരമ്പര്യത്തിനെതിരെ നിലപാട്‌ സ്വീകരിക്കുന്നത്‌ അനുചിതമാണെന്നാണ്‌ ബ്ലാറ്ററുടെ അഭിപ്രായം. ആഫ്രിക്കയുടെ താളവും ശബ്‌ദവും വ്യത്യസ്‌തമാണ്‌. ഇക്കാര്യം ഞാന്‍ എപ്പോഴും പറയാറുള്ളതാണ്‌ -ബ്ലാറ്റര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ആന്റി വുവുസേല ഫില്‍റ്ററുമായി ഒരു ഓണ്‍ലൈന്‍ കമ്പനി രംഗത്തുവന്നിട്ടുണ്ട്‌. ടി.വി പ്രേക്ഷകര്‍ക്ക്‌ വുവുസേലയുടെ ഘോരശബ്‌ദത്തില്‍നിന്ന്‌ മുക്തരാവാന്‍ ഇവരുടെ എംപി 3 ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ മതിയത്രെ. മൂന്ന്‌ യൂറോ നല്‍കി ആന്റിവുവുസേലഫില്‍റ്റര്‍ഡോട്ട്‌കോമില്‍നിന്ന്‌ ഇത്‌ വാങ്ങാമെന്നും കമ്പനി പറയുന്നു.എന്നാലും വുവുസേലക്ക്‌ അഹങ്കരിക്കാം. വന്യശബ്‌ദമിനി മൊബൈല്‍ തരംഗമായി മാറും. വുവുസേല നിരോധിക്കുകയാണെങ്കില്‍ സെല്‍ഫോണുകളില്‍നിന്ന്‌ കുഴല്‍ വിളി മുഴക്കാനാണ്‌ ശബ്‌ദപ്രേമികളുടെ പരിപാടി. ഡച്ച്‌ ഡിസൈനര്‍മാരായ മൊബിലിയോ ആപ്പിള്‍ ഐ ട്യൂണ്‍സ്‌ സ്റ്റോറില്‍ ഇതിനകം കുഴല്‍വിളി വില്‍പനക്ക്‌ വെച്ചിട്ടുണ്ട്‌.ഏഴരലക്ഷത്തോളം പേര്‍ ഇതിനകം വുവുസേല ശബ്‌ദം ഡൗണ്‍ലോഡ്‌ ചെയ്‌തതായും കമ്പനി പറയുന്നു.

2010, ജൂൺ 15, ചൊവ്വാഴ്ച

അഫ്‌ഗാന്‍ ഇനി ഖനനത്തിലേക്ക്‌

സംഘര്‍ഷ ഭൂമിയായ അഫ്‌ഗാന്‍ ധാതുലവണങ്ങളുടെ പറുദീസയോ? അമേരിക്കയിലെ ജിയോളജിസ്റ്റുകളേയും പെന്റഗണ്‍ ഉദ്യോഗസ്ഥരേയും വിശ്വസിക്കാമെങ്കില്‍ സംഗതി കുശാല്‍. അഫ്‌ഗാന്റെ വരണ്ട മണ്ണിനടിയില്‍ ലോകത്തെ കാത്തിരിക്കുന്നത്‌ ഒരു ട്രില്യന്‍ (ഒരു ലക്ഷം കോടി) ഡോളറിനുള്ള ധാതുലവണങ്ങളാണത്രെ. ന്യൂയോര്‍ക്ക്‌ ടൈംസ്‌ ദിനപത്രമാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടത്‌.ലോകത്തെ ദരിദ്ര്യരാജ്യങ്ങളിലൊന്നാണ്‌ അഫ്‌ഗാന്‍. സദാ യുദ്ധവും. എന്നാല്‍ ലോകത്തിന്റെ ഖനന തലസ്ഥാനമായി അഫ്‌ഗാനിസ്ഥാന്‍ മാറാന്‍ അധികകാലം വേണ്ടെന്നാണ്‌ പത്രത്തിന്റെ വെളിപ്പെടുത്തല്‍. സമ്പന്നതയുടെ മടിത്തട്ടിലേക്ക്‌ അഫ്‌ഗാന്‍ കുതറിയോടുന്നത്‌ സമയത്തിന്റെ മാത്രം പ്രശ്‌നം.ഇരുമ്പ്‌, കോപ്പര്‍, കൊബാള്‍ട്ട്‌, സ്വര്‍ണം എന്നിവയുടെ വന്‍ ശേഖരമാണ്‌ അഫ്‌ഗാനില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഏറ്റവും കൗതുകകരം, ലിഥിയത്തിന്റെ വന്‍ നിക്ഷേപമുണ്ട്‌ അഫ്‌ഗാന്‍ മണ്ണില്‍. ലാപ്‌ടോപുകള്‍ക്കും സെല്‍ ഫോണുകള്‍ക്കും ഏറ്റവും അവശ്യമായ ഘടകമാണ്‌ ലിഥിയം.കഴിഞ്ഞയാഴ്‌ച പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി നടത്തിയ പ്രസ്‌താവനയുടെ പിന്നാലെയാണ്‌ അമേരിക്കന്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. മൂന്ന്‌ ട്രില്യന്‍ ഡോളറിന്റെ ധാതുനിക്ഷേപം അഫ്‌ഗാനിസ്ഥാനിലുണ്ടെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.യുദ്ധം കലുഷമാക്കിയ രാജ്യത്ത്‌ ധാതുനിക്ഷേപത്തിന്‌ വേണ്ടിയാകുമോ അടുത്ത യുദ്ധം? രാഷ്‌ട്രീയ നിരീക്ഷകര്‍ അത്തരം സാധ്യതകളും തള്ളുന്നില്ല. വന്‍ സമ്പത്ത്‌ കൈപ്പിടിയിലൊതുക്കാന്‍ വന്‍ ശക്തികളും താലിബാന്‍ അടക്കമുള്ള ആഭ്യന്തര ശക്തികളും രംഗത്തിറങ്ങുന്നതോടെ യുദ്ധം ജോറാകാനാണ്‌ സാധ്യത.

ഒഴിഞ്ഞ ഗാലറിയും കരിഞ്ചന്ത ടിക്കറ്റും

ലോകകപ്പില്‍ ചില കളിക്ക്‌ ഗാലറി കാലിയാവുമ്പോള്‍ മറ്റു ചിലതിന്‌ ടിക്കറ്റ്‌ കരിഞ്ചന്തയില്‍. കളി അഞ്ചു ദിവസം പിന്നിട്ടപ്പോള്‍ കരിഞ്ചന്തയില്‍ ടിക്കറ്റ്‌ വില്‍പന ഏറുന്നു. ഫൈനല്‍ മത്സരത്തിന്റെ ടിക്കറ്റിന്‌ 4000 ഡോളര്‍ വരെ ഈടാക്കുന്നുണ്ടത്രെ. നൈജീരിയ-ഉത്തരകൊറിയ സന്നാഹ മത്സരത്തിനിടെ കരിഞ്ചന്ത ടിക്കറ്റ്‌ വാങ്ങാനുണ്ടായ തിക്കിലും തിരക്കിലും പെട്ട്‌ 15 പേര്‍ക്ക്‌ പരിക്കേറ്റു. തുടര്‍ന്ന്‌ കരിഞ്ചന്ത വിപണി കര്‍ശനമായി നിയന്ത്രിക്കുമെന്ന്‌ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നതാണ്‌. എന്നാല്‍ അതൊന്നും ഫലവത്തായില്ല. ഫിഫയുടെ ടിക്കറ്റിംഗ്‌ ഓഫീസിന്‌ മുമ്പില്‍ തന്നെ കരിഞ്ചന്ത കസറുന്നത്രെ. ഇന്നലത്തെ ബ്രസീല്‍-ഉത്തരകൊറിയ മത്സരത്തിന്റെ ആറു ടിക്കറ്റുമായി റോയിട്ടേഴ്‌സ്‌ റിപ്പോര്‍ട്ടറെ സമീപിച്ച ആള്‍ ടിക്കറ്റൊന്നിന്‌ 250 ഡോളറാണ്‌ ചോദിച്ചത്‌. ഫിഫ ടിക്കറ്റിംഗ്‌ ഓഫീസിന്‌ തൊട്ടുമുമ്പിലാണ്‌ അമേരിക്കക്കാരനെന്ന്‌ പരിചയപ്പെടുത്തിയ വില്‍പനക്കാരന്‍ ടിക്കറ്റുമായി കറങ്ങുന്നത്‌. ഫൈനലിനുള്ള ടിക്കറ്റിന്‌ 4000 ഡോളര്‍ വരെ ഇവര്‍ ചോദിക്കുന്നു.

ഗാലറികള്‍ ശൂന്യമായും ലോകകപ്പ്‌

ലോകകപ്പിലെ ചില മത്സരങ്ങളില്‍ ഗാലറികള്‍ ശൂന്യമാകുന്നത്‌ എന്തുകൊണ്‍ണ്ടാണ്‌. അത്‌ കണ്‍െണ്ടത്താനാണ്‌ ഫിഫ ശ്രമം. അള്‍ജീരിയ-സ്ലൊവേനിയ മത്സരത്തില്‍ ഗാലറിയിലെ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നതായി ഫിഫ വക്താവ്‌ നിക്കോളാസ്‌ മെയിന്‍ഗോട്ട്‌ സമ്മതിച്ചു. സെര്‍ബിയ-ഘാന മത്സരം നടന്ന പ്രിട്ടോറിയയിലും തഥൈവ.
ലോകകപ്പ്‌ നടക്കുന്ന സ്റ്റേഡിയത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്‌ തീര്‍ച്ചയായും ആശാസ്യമല്ല. പ്രശ്‌നത്തെ അതിന്റെ സമഗ്രതയില്‍ വിലയിരുത്തണം- വക്താവ്‌ പറഞ്ഞു.
ഓരോ മത്സരത്തിനും ശരാശരി അര ലക്ഷം കാണികള്‍ എത്തുന്നുണ്‍െണ്ടന്നാണ്‌ കണക്ക്‌. ഇത്‌ കുറവല്ല. എട്ട്‌ കളികള്‍ മാത്രം കഴിഞ്ഞ ശേഷം അന്തിമ നിഗമനത്തിലെത്തുന്നതും ശരിയല്ല. ടിക്കറ്റുകള്‍ വില്‍ക്കാതിരുന്നതല്ല, ടിക്കറ്റ്‌ വിറ്റിട്ടുണ്ട്‌. വാങ്ങിയവര്‍ എത്താതിരുന്നതാണ്‌ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാന്‍ കാരണം- മെയിന്‍ഗോട്ട്‌ പറയുന്നു.

2010, ജൂൺ 14, തിങ്കളാഴ്‌ച

കുടുംബം ജയിലില്‍

‍മയക്കുമരുന്ന്‌ വിതരണത്തിന്‌ കുടുംബത്തിലെ 7 പേര്‍ക്ക്‌ ശിക്ഷ. സൗദി അറേബ്യയില്‍ മദീനയിലെ ജനറല്‍ കോടതി ജഡ്‌ജി ശൈഖ്‌ സ്വാലിഹ്‌ മുഹ്‌സിന്‍ അല്‍അരീനിയാണ്‌ ശിക്ഷ വിധിച്ചത്‌. മയക്കുമരുന്ന്‌ ഗുളികകള്‍ വിതരണം ചെയ്‌ത സൗദി പൗരനും അഞ്ചു മക്കള്‍ക്കും മൂത്ത മകന്റെ ഭാര്യയായ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്കുമാണ്‌ ശിക്ഷ. ഒന്നാം പ്രതിയായ സൗദി പൗരന്‌ രണ്ടു വര്‍ഷം തടവും 270 ചാട്ടയടിയുമാണ്‌ ശിക്ഷ. തടവിന്‌ ശേഷം വിദേശ യാത്ര നടത്തുന്നതില്‍നിന്ന്‌ ഇയാള്‍ക്ക്‌ രണ്ടു വര്‍ഷത്തേക്ക്‌ വിലക്കുമുണ്ട്‌. ഇയാളുടെ രണ്ടാമത്തെ മകന്‌ അഞ്ചു വര്‍ഷം തടവും 1500 ചാട്ടയടിയും അര ലക്ഷം റിയാല്‍ പിഴയുമാണ്‌ ശിക്ഷ. മൂന്നാമത്തെ മകന്‌ രണ്ടു വര്‍ഷം തടവും 400 ചാട്ടയടിയും അര ലക്ഷം റിയാല്‍ പിഴയും. വിദേശ യാത്രക്ക്‌ മൂന്നു വര്‍ഷത്തെ വിലക്കുമുണ്ട്‌. നാലാമത്തെ മകന്‌ അഞ്ചു വര്‍ഷം തടവ്‌, 1500 ചാട്ടയടി, അര ലക്ഷം റിയാല്‍ പിഴ. അഞ്ചാമത്തെ മകന്‌ രണ്ടു വര്‍ഷം തടവും 450 ചാട്ടയടിയും. ആറാമത്തെ മകന്‌ അഞ്ചു മാസം തടവും 200 ചാട്ടയടിയുമാണ്‌ കോടതി വിധിച്ചത്‌. മയക്കുമരുന്ന്‌ വിതരണത്തിന്‌ സഹായിച്ച മൂത്ത മകന്റെ ഭാര്യയായ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിക്ക്‌ മൂന്നു വര്‍ഷം തടവും 600 ചാട്ടയടിയും അര ലക്ഷം റിയാല്‍ പിഴയുമുണ്ട്‌. കൂടാതെ വിദേശ യാത്ര നടത്തുന്നതില്‍നിന്ന്‌ യുവതിക്ക്‌ മൂന്നു വര്‍ഷത്തെ വിലക്കുമുണ്ട്‌.പ്രതികള്‍ക്ക്‌ ആഴ്‌ചയില്‍ 50 ചാട്ടയടി വീതം നല്‍കണം. മുഖ്യ പ്രതിക്കു ആഴ്‌ചയില്‍ 30 ചാട്ടയടി നല്‍കിയാല്‍ മതി. പ്രായക്കൂടുതലാണ്‌ കാരണം.

ലോക രക്തദാന ദിനം

ഇന്ന്‌ ലോക രക്തദാന ദിനം. നമുക്കും വേണ്ടപ്പെട്ടവര്‍ക്കും ജീവരക്ഷക്കായി പ്രതിഫലം കൂടാതെ രക്തം ദാനം ചെയ്‌തവരെ ഓര്‍ക്കാനൊരു ദിനം.2010 ലെ രക്തദാന ദിനം ചെറുപ്പക്കാരെയാണ്‌ ലക്ഷ്യമിടുന്നത്‌. അവശ്യസമയങ്ങളില്‍ രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ യുവജനങ്ങളില്‍നിന്ന്‌ രക്തം ശേഖരിക്കുകയാണ്‌ ഉദ്ദേശ്യം. രക്തദാനം പ്രോത്സാഹിപ്പിക്കുന്നത്‌ വഴി ഒരു രാജ്യത്തിന്‌ ശുദ്ധമായ രക്തം കുറേക്കാലത്തേക്ക്‌ സംഭരിച്ചു വെക്കാന്‍ കഴിയുന്നു. ഇത്‌ യുവാക്കളെ നല്ല ജീവിതരീതി പിന്തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രക്തദാനത്തിന്‌ സന്നദ്ധരായി മുന്നോട്ടുവരുന്ന യുവജനങ്ങള്‍ക്ക്‌ ഗവണ്‍മെന്റും സാമൂഹിക പ്രവര്‍ത്തകരും നന്ദി പറയേണ്ട ദിനം കൂടിയാണ്‌ ജൂണ്‍ 14.. 18-55 നും ഇടയില്‍ പ്രായമുള്ള 46 കിലോക്ക്‌ മേല്‍ തൂക്കവും ആരോഗ്യവുമുള്ള എല്ലാവര്‍ക്കും രക്തം ദാനം ചെയ്യാവുന്നതാണ്‌. എയ്‌ഡ്‌സ്‌ തുടങ്ങി പകര്‍ച്ചവ്യാധികള്‍ ഉള്ളവര്‍ രക്തം ദാനം ചെയ്യരുത്‌. സ്‌ത്രീകള്‍ ആര്‍ത്തവ സമയത്ത്‌ രക്തം ദാനം ചെയ്യാന്‍ പാടില്ല. രക്തദാനം ശരീരത്തിലെ ഹീമോഗ്‌ളോബിന്റെ അളവ്‌ കുറക്കുമെന്നും ആരോഗ്യം ക്ഷയിപ്പിക്കുമെന്നുമുള്ള ധാരണകള്‍ സമൂഹം മാറ്റണമെന്ന്‌ ലോകാരോഗ്യസംഘടന ഈ വര്‍ഷം പുറത്തിറക്കിയ സര്‍ക്കുലര്‍ പറയുന്നു.

കളിക്കിടെ കറന്റ്‌ പോയാല്‍

കളിക്കിടെ കറണ്ട്‌ പോയാല്‍ എങ്ങനെയുണ്ടാവും. ഉദ്‌ഘാടന ദിവസം സംപ്രേഷണം ഇടക്കിടെ കട്ടായതിന്റെ പഴിയില്‍നിന്ന്‌ അല്‍ജസീറ ഇതുവരെ മോചിതരായിട്ടില്ല. പക്ഷെ അത്‌ അട്ടിമറിയാണെന്നാണ്‌ അവരുടെ വാദം. അന്വേഷണം നടക്കുന്നുണ്ട്‌. നടക്കട്ടെ. കറണ്ട്‌ പോയത്‌ ബംഗ്ലാദേശിലെ സയിദാബാദിലാണ്‌. ലോക കപ്പ്‌ ടിവിയില്‍ കാണുന്നതിനിടെ കറണ്ട്‌ പോയത്‌ ഫുട്‌ബോള്‍ പ്രേമികളെ വിറളി പിടിപ്പിച്ചു. രോഷാകുലരായ കായിക പ്രേമികള്‍ വൈദ്യുതി വിതരണ കേന്ദ്രങ്ങള്‍ ആക്രമിച്ചു. പലര്‍ക്കും പരിക്കേറ്റു. ഇരുപതോളം വാഹനങ്ങളും കേടുവരുത്തി.അര്‍ജന്റീന-നൈജീരിയ കളി നടക്കുമ്പോഴാണ്‌ വൈദ്യുതി നിലച്ചത്‌. വൈദ്യുതി വിതരണ കേന്ദ്രത്തിലേക്ക്‌ ഇരച്ചുകയറിയ ജനങ്ങള്‍ കല്ലെറിയുകയും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു. ഇടക്കിടെ കറണ്ട്‌ പോയപ്പോഴെല്ലാം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനരംഗങ്ങള്‍ ആവര്‍ത്തിച്ചു. സ്ഥിതിഗതി നിയന്ത്രിക്കാന്‍ നൂറുകണക്കിന്‌ പോലീസുകാര്‍ നിരത്തിലിറങ്ങി.

2010, ജൂൺ 13, ഞായറാഴ്‌ച

പീഡകനൊരു പിന്‍ഗാമി

മലബാറിലൊരു ചൊല്ലുണ്ട്‌, മൊല്ലാക്ക നിന്നു പാത്തിയാല്‍* കുട്ടികള്‍ നടന്നു... അതാണിപ്പോള്‍ ഹരിയാനയിലും നടന്നത്‌. പീഡന വിദഗ്‌ധന്‍ മുന്‍ ഹരിയാന ഡി.ജി.പി രാത്തോഡിനെ അറിയില്ലേ. രുചിക എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചവന്‍. കോടതിക്കത്‌ വലിയ കുറ്റമല്ലെങ്കിലും നമുക്കത്‌ പൊറുക്കാനാവാത്ത കുറ്റം തന്നെ. കാര്യമതല്ല, അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന മുന്‍ ഹരിയാന ഐ.ജി എം.എസ്‌. അഹലൗത്തിനെതിരെയും ലൈംഗിക പീഡനത്തിന്‌ കേസ്‌. ഒന്‍പതു വര്‍ഷം മുമ്പ്‌ എസ്‌.പിയായിരിക്കുമ്പോള്‍ ഒരു യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ്‌ കേസ്‌. മുന്‍ ഹരിയാന ഡി.ജി.പി രാത്തോഡ്‌ രുചിക എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രശ്‌നവും കോടതിയുടെ നിസ്സാരവല്‍ക്കരണവും രാജ്യത്തെ ഞെട്ടിച്ചതിനു പിന്നാലെയാണ്‌ മറ്റൊരു പോലീസ്‌ ഉദ്യോഗസ്ഥനെതിരെ പീഡനക്കേസ്‌ ഉയര്‍ന്നിരിക്കുന്നത്‌.രാത്തോഡ്‌ ഡി.ജി.പിയായിരിക്കെയാണ്‌, അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന അഹലൗത്ത്‌ തന്നെ പീഡിപ്പിച്ചതെന്ന്‌ അരവിന്ദര്‍ കൗര്‍ പരാതിയില്‍ പറയുന്നു. രാത്തോഡിനെപ്പോലെ ഒരാളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ടാണ്‌ അഹലൗത്തിന്‌ ഇത്തരമൊരു കൃത്യം ചെയ്യാന്‍ ധൈര്യം കിട്ടിയതെന്നും കൗര്‍ ആരോപിച്ചു. സ്‌ത്രീധന പീഡനത്തില്‍നിന്ന്‌ തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ പോലീസിനെ സമീപിച്ചപ്പോഴാണത്രെ കൗറിന്റെ മാനം തന്നെ അഹലൗത്ത്‌ കവര്‍ന്നുകളഞ്ഞത്‌.പരാതിയെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന്‌ യമുനാനഗര്‍ സ്റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ മനോഹര്‍ ലാല്‍ പറഞ്ഞു. കേസുമായി മുന്നോട്ടു പോകുമ്പോള്‍ നിരവധി ഭീഷണികള്‍ പ്രതീക്ഷിക്കുന്നതായി പറഞ്ഞ അരവിന്ദര്‍ കൗര്‍, എന്തും സഹിച്ച്‌ മുന്നോട്ടു പോകുമെന്ന്‌ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. *പാത്തുക=മൂത്രമൊഴിക്കുക

2010, ജൂൺ 12, ശനിയാഴ്‌ച

ഒരാള്‍, മൂന്നു രാജ്യം

സ്റ്റാന്‍കോവിച്ചിന്‌ ഇത്‌ മൂന്നാം ഊഴമാണ്‌. ഈ ലോകകപ്പില്‍ മൂന്നാമത്തെ രാജ്യത്തിന്റെ കുപ്പായമാവും മിഡ്‌ഫീല്‍ഡര്‍ അണിയുക. 1998 ല്‍ യൂഗോസ്ലാവ്യക്കു കളിച്ച സ്റ്റാന്‍കോവിച്‌ 2006 ല്‍ സെര്‍ബിയ മോണ്ടിനെഗ്രോയുടെ കുപ്പായമാണിട്ടത്‌. ഇത്തവണ സ്വതന്ത്ര സെര്‍ബിയയുടെ നായകനും. ആദ്യമായാണ്‌ ഒരു കളിക്കാരന്‍ മൂന്നു രാജ്യത്തിനുവേണ്ടി ലോകകപ്പ്‌ കളിക്കുന്നത്‌.

മനുഷ്യമൃഗങ്ങളീ കാക്കിധാരികള്‍

പരാതി നല്‍കാനോ മക്കളെ പിടിച്ചത്‌ എന്തിനാണെന്നന്വേഷിക്കാനോ രക്ഷിതാക്കള്‍ പോലീസ്‌ സ്റ്റേഷന്‍ കയറരുത്‌. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍. ഇനി പോലീസുകാരെന്താ വിഴുങ്ങിക്കളയുമോ എന്ന തന്റേടത്തോടെ പോകുന്നതിനുമുമ്പ്‌ ദല്‍ഹിയിലെ മായാപുരി ക്ലസ്റ്ററിലെ ചേരിയില്‍ നിന്നുള്ള മയൂരിയുടെ അനുഭവം അറിയുക. മയൂരിയുടെ 12 വയസ്സുകാരനായ മകനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മകന്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 6000 രൂപ മോഷ്‌ടിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. മക്കളായ രാജു, രമേശ്‌ എന്നിവരെ മോഷണക്കുറ്റം ചുമത്തി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്ന വിവരമറിഞ്ഞ്‌ മയൂരിയും ഭര്‍ത്താവും രജൗരി ഗാര്‍ഡന്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ഭര്‍ത്താവിനേയും ഇളയ മകനേയും പുറത്താക്കി മയൂരിയേയും മൂത്ത മകന്‍ രാജുവിനേയും സെല്ലില്‍ പൂട്ടിയിട്ട്‌ ചോദ്യം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന്‌ മകന്റെ മുന്നില്‍ നഗ്നയാകാന്‍ യുവതിയെ പോലീസ്‌ ഓഫീസര്‍ നിര്‍ബന്ധിക്കുകയായിരുന്നു. നഗ്നയാകാന്‍ വിസമ്മതിച്ചപ്പോള്‍ പോലീസുകാര്‍ തന്നെ ബലം പ്രയോഗിച്ച്‌ അതങ്ങ്‌ നിര്‍വഹിച്ചു. പോലീസ്‌ ഓഫീസര്‍ ഒരു വനിതാ പോലീസുകാരിയുടെ സാന്നിധ്യത്തിലാണ്‌ മകന്റെ മുന്നിലിട്ട്‌ തന്നെ നഗ്നയാക്കിയതെന്ന്‌ യുവതി പറയുന്നു. തീര്‍ന്നില്ല ക്രൂരത. പിന്നീട്‌ പോലീസേമാന്‍ ആജ്ഞാപിച്ചത്‌ മനുഷ്യത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ചെയ്‌തിക്കായിരുന്നു. ആ മനുഷ്യമൃഗങ്ങള്‍ ശാരീരികമായി മകനുമായി ബന്ധപ്പെടാന്‍ മയൂരിയെ നിര്‍ബന്ധിച്ചു. തങ്ങളെ വിട്ടയക്കണമെന്ന്‌ കാലു പിടിച്ച്‌ കേണപേക്ഷിച്ച്‌ കരഞ്ഞതിനെത്തുടര്‍ന്ന്‌ രണ്ട്‌ മണിക്കൂറിനുശേഷം തന്നേയും മകനേയും വിട്ടയക്കുകയായിരുന്നുവെന്ന്‌ മയൂരി പറയുന്നു. സംഭവത്തില്‍ യുവതി ദല്‍ഹി സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്‌. പരാതിയെ തുടര്‍ന്ന്‌ ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ ശരത്‌ അഗര്‍വാള്‍ സമഗ്ര അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. പോലീസുകാര്‍ എല്ലാവരും ഇങ്ങനെയെന്ന്‌ ധരിച്ചേക്കരുതേ! അവരിലുമുണ്ട്‌ നന്മമരങ്ങളും.

പിതാവ്‌ പറയുംമക്കള്‍ കളിക്കും

കളിക്കളത്തിലെ രക്തത്തെ തിരിച്ചറിയുക. രണ്ട്‌ കോച്ചുമാരുടെ മക്കളുണ്ട്‌ ഈ ലോകകപ്പില്‍ കളിക്കാന്‍. ഇതില്‍ സ്ലൊവാക്യയുടെ കാര്യമാണ്‌ ഏറെ രസകരം. വ്‌ളാദിമിര്‍ വെയ്‌സാണ്‌ കോച്ച്‌. മകന്‍ വ്‌ളാദിമിര്‍ വെയ്‌സ്‌ ടീമിലുണ്ട്‌. കോച്ച്‌ വ്‌ളാദിമിര്‍ വെയ്‌സിന്റെ അച്ഛനും വ്‌ളാദിമിര്‍ വെയ്‌സ്‌ തന്നെ. മുത്തച്ഛന്‍ വെയ്‌സ്‌ ചെക്കൊസ്ലൊവാക്യക്കുവേണ്ടി ലോകകപ്പ്‌ കളിച്ചിട്ടുണ്ട്‌. അച്ഛന്‍ വെയ്‌സ്‌ ചെക്കൊസ്ലൊവാക്യക്കുവേണ്ടി ലോകകപ്പ്‌ കളിച്ചു, സ്ലൊവാക്യക്ക്‌ ആദ്യമായി ലോകകപ്പ്‌ യോഗ്യത നേടിക്കൊടുക്കുകയും ചെയ്‌തു. ഈ ലോകകപ്പിലെ പ്രായം കുറഞ്ഞ കോച്ചുകൂടിയാണ്‌ അദ്ദേഹം. അമേരിക്കന്‍ കോച്ചിന്റെ പുത്രന്‍ ബോബ്‌ ബ്രാഡ്‌ലിയും ഇത്തവണ ലോകകപ്പിനുണ്ട്‌. 1998 ല്‍ സീസര്‍ മാല്‍ദീനിയുടെ കോച്ചിംഗില്‍ പൗളൊ മാല്‍ദീനി ഇറ്റലിയെ നയിച്ചിട്ടുണ്ട്‌.ഇനി സഹോദരന്മാരുടെ ലോകത്തേക്ക്‌... കോളൊ, യായ ടൂറെമാര്‍ സഹോദരന്മാര്‍ ഐവറികോസ്റ്റ്‌ ടീമിലുണ്ട്‌. പാരഗ്വായ്‌ ടീമില്‍ എഡ്‌ഗാര്‍, ഡിയേഗൊ ബാരറ്റൊമാരും. വില്‍സണ്‍, ജോണി പലേഷ്യോസുമാര്‍ ഹോണ്ടുറാസ്‌ ടീമിലാണ്‌. ബൊയതെംഗ്‌ സഹോദരന്മാരുടെ കാര്യമാണ്‌ പ്രശ്‌നം. ഘാനക്കാരനായ പിതാവിന്‌ രണ്ട്‌ ജര്‍മന്‍കാരികളില്‍ ജനിച്ചവരാണ്‌ കെവിന്‍ പ്രിന്‍സ്‌, ജെറോം ബൊയതെംഗുമാര്‍. ജെറോം ജര്‍മന്‍ ടീമിലും കെവിന്‍ പ്രിന്‍സ്‌ ഘാന ടീമിലും. ജര്‍മനിയും ഘാനയും ഒരേ ഗ്രൂപ്പിലും. കൂടാതെ ജര്‍മന്‍ നായകന്‍ മൈക്കിള്‍ ബാലക്‌ ലോകകപ്പില്‍നിന്ന്‌ പുറത്താകാന്‍ കാരണമായ പരിക്കിന്‌ ഇംഗ്ലീഷ്‌ എഫ്‌.എ കപ്പ്‌ ഫൈനലില്‍ കാരണക്കാരനായത്‌ കെവിന്‍ പ്രിന്‍സാണ്‌. 1954 ലെ ജര്‍മനി ലോകകപ്പ്‌ നേടിയ ലോകകപ്പില്‍ വിജയ ഗോളടിച്ച ഹെല്‍മുട്ട്‌ റാനിന്റെ അടുത്ത ബന്ധുവാണ്‌ കെവിന്‍ പ്രിന്‍സ്‌. ലോകകപ്പ്‌ കഴിയുന്നതുവരെ ഒരു ബന്ധവും വേണ്ടെന്ന്‌ തീരുമാനിച്ചിരിക്കുകയാണ്‌ ജെറോമും കെവിന്‍ പ്രിന്‍സും.

2010, ജൂൺ 11, വെള്ളിയാഴ്‌ച

ചത്ത ഒട്ടകത്തിന്റെ വില

സൗദി അറേബ്യയിലെ ഖുറൈസിന്‌ വടക്ക്‌ മരുഭൂമിയില്‍ കഴിഞ്ഞ വര്‍ഷാവസാനമാണ്‌ സൗദി പൗരന്റെ ഒട്ടകം മേഞ്ഞു നടക്കുന്നതിനിടെ എണ്ണക്കുഴിയില്‍ വീണ്‌ ചത്തത്‌. ഒട്ടകത്തെ ഓമനിച്ചു വളര്‍ത്തിയ ഉടമയായ സൗദി പൗരന്‍ വിടുമോ?. തന്റെ ഒട്ടകം ഗുണമേന്മ കൂടിയതാണെന്നും ഒട്ടക പ്രദര്‍ശനത്തില്‍ പങ്കെടുപ്പിക്കുന്നതിന്‌ വളര്‍ത്തിയ ഒട്ടകമാണ്‌ അതെന്നും സൗദി പൗരന്‍ വാദിച്ചു. അതുകൊണ്ട്‌ മതിയായ നഷ്‌ടപരിഹാരം ലഭിക്കണമെന്നു ആവശ്യപ്പെട്ട്‌ ഉടമ അബ്‌ദുല്ല അല്‍സൈഅരി കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒട്ടകത്തിന്റെ വില കണക്കാക്കുന്നതിന്‌ അബ്‌ദുല്ല ബിന്‍ സൗദ്‌ ബിന്‍ ജലവി രാജകുമാരന്‍ അധ്യക്ഷനായ ഒട്ടക പ്രദര്‍ശനത്തിന്റെ ജഡ്‌ജിംഗ്‌ കമ്മിറ്റിയുടെ സഹായം അല്‍കോബാര്‍ ജനറല്‍ കോടതി ചീഫ്‌ ജസ്റ്റിസ്‌ ഡോ. സ്വാലിഹ്‌ അല്‍യൂസുഫ്‌ തേടി. ഒട്ടകത്തിന്‌ പത്ത്‌ ലക്ഷം റിയാല്‍ വില കണക്കാക്കുന്നതായി കമ്മിറ്റി കോടതിയെ അറിയിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ ഇത്രയും തുക എണ്ണക്കമ്പനി സൗദി പൗരന്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന്‌ കോടതി വിധിച്ചത്‌. പക്ഷേ വിധി അന്തിമമല്ല. വിധിക്കെതിരെ എണ്ണക്കമ്പനി അഭിഭാഷകന്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്‌. ഇതിലും വില കൂടിയ ഇനം ഒട്ടകങ്ങളുണ്ടെന്ന്‌ ഒട്ടക വിദഗ്‌ധര്‍ പറയുന്നു.

107 വയസ്സില്‍ പുതുമണവാളന്‍

നൂറ്റിയേഴാം വയസ്സിലും ദാമ്പത്യസ്വപ്‌നങ്ങള്‍ പൂവണിയിച്ച്‌ അന്ധനായ സൗദി പൗരന്‍ ശ്രദ്ധാകേന്ദ്രമായി. വധു ചെറുപ്പക്കാരിയാണെന്ന്‌ തെറ്റിദ്ധരിക്കേണ്ട. വധുവിന്റെ പ്രായം 75 വയസ്സ്‌. തബൂക്കിന്‌ പടിഞ്ഞാറുള്ള അല്‍വജ്‌ഹ്‌ പട്ടണത്തിലാണ്‌ ഇദ്ദേഹത്തിന്റെ വിവാഹം നടന്നത്‌. വിവാഹാഘോഷം കെങ്കേമമാക്കുകയും ചെയ്‌തു.
നവവധൂവരന്മാരുടെ ബന്ധുമിത്രാദികളും അയല്‍വാസികളുമടക്കം വമ്പിച്ചൊരു ജനാവലി വിവാഹചടങ്ങില്‍ സംബന്ധിച്ചു. പുതുമണവാളന്‍ വയോവൃദ്ധനാണെന്നതും അന്ധനാണെന്നതുമൊന്നും വിവാഹ ആഘോഷത്തിന്റെ പൊലിമ കുറച്ചില്ല.

വിമാനദുരന്തവും അടിച്ചുമാറ്റിയ സ്വര്‍ണവും

കത്തുന്ന വീട്ടില്‍നിന്ന്‌ ഊരുന്ന കമ്പ്‌ ലാഭം. കത്തുന്നത്‌ വിമാനമാണെങ്കിലോ, അതും ദുബായില്‍നിന്നുമെത്തിയ വിമാനം. അടിച്ചുമാറ്റുന്ന സ്വര്‍ണവും പണവും ലാഭം അല്ലേ?. ബജ്‌പേ കുപ്പപദവ്‌ സ്‌കൂളിന്‌ സമീപത്തെ സത്താര്‍ അറസ്റ്റിലായത്‌ അതുകൊണ്ടാണ്‌. മംഗലാപുരം വിമാന ദുരന്തമറിഞ്ഞ്‌ നാടും നഗരവും വേദനിച്ചു. സ്ഥലവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക്‌ പ്രവഹിച്ചു. ദുഃഖാര്‍ത്തരായ ബന്ധുജനങ്ങള്‍, വേദനിക്കുന്ന ഹൃദയങ്ങള്‍... കുറച്ചു ദിവസങ്ങള്‍ക്കു ശേഷം... രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ചില യുവാക്കള്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നു. സാന്‍ട്രോ കാറില്‍ ചുറ്റിക്കറങ്ങുന്നു. ഇത്‌ പതിവായതോടെയാണ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചത്‌. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക്‌ സത്താറും മറ്റുള്ളവരും ദുരന്തസ്ഥലത്തുനിന്ന്‌ സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന വിവരം കിട്ടി. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ വെങ്കിടേഷ്‌ പ്രസന്നയാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌. സത്താര്‍ അറസ്റ്റിലാവുകയും ഇയാളില്‍നിന്ന്‌ 25 കിലോ സ്വര്‍ണവും 6,35,700 രൂപയും കണ്ടെടുക്കുകയും ചെയ്‌തു. പോലീസ്‌ തന്ത്രപൂര്‍വം കീഴടക്കിയ പ്രതിയെ കോടതി രണ്ടാഴ്‌ചത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. വിമാന ദുരന്തം നടന്ന്‌ ആദ്യം ഓടിയെത്തിയവരില്‍ ഒരാളായിരുന്നു സത്താര്‍. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മറ്റാരും കാണാതെ അപകടസ്ഥലത്തുനിന്ന്‌ ഇയാള്‍ സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നുവത്രെ. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടം വരെ ദുരന്തസ്ഥലത്തുണ്ടായിരുന്ന സത്താര്‍ മറവൂര്‍ സ്വദേശികളായ അല്‍ത്താഫ്‌, റിഷാദ്‌ എന്നിവരുടെ സഹായത്തോടെ അടിച്ചെടുത്ത സ്വര്‍ണം പല സ്ഥലങ്ങളിലായി ഒളിപ്പിച്ചുവെച്ചു. സത്താറിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഗതി പുറത്തായത്‌. സത്താറിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളിലായിരുന്നു പകുതി സ്വര്‍ണം സൂക്ഷിച്ചിരുന്നത്‌.

2010, ജൂൺ 10, വ്യാഴാഴ്‌ച

വെടിവെച്ചത്‌ രവിശങ്കറെയല്ല, തെരുവു നായ്‌ക്കളെയെന്ന്‌ പോലീസ്‌

ഒന്ന്‌ ഷൈന്‍ ചെയ്‌തു കളയാമെന്ന്‌ കരുതിയാല്‍ ഈ പോലീസ്‌ സമ്മതിക്കില്ലെങ്കിലോ, എന്താ ചെയ്‌ക അല്ലേ?. ഒരു പത്രസമ്മേളനം നടത്തി കൊലയാളിക്ക്‌ മാപ്പ്‌ നല്‍കാന്‍ വരെ തുനിഞ്ഞതാണ്‌. മാത്രവുമല്ല, മാനസാന്തരപ്പെട്ട്‌ തന്റെ ശിഷ്യനാവാമെന്ന ഓഫറും. അതിനിടക്കാ, പോലീസ്‌ അന്വേഷണവും പ്രഖ്യാപനവും, വെടിവെപ്പുകാരന്റെ ലക്ഷ്യം സ്വാമിയായിരുന്നില്ലെന്നും തെരുവുനായ്‌ക്കളായിരുന്നെന്നും. ദാണ്ടെ കിടക്കുന്നു... ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തിലുണ്ടായ വെടിവെപ്പ്‌ അദ്ദേഹത്തെ ലക്ഷ്യം വെച്ചായിരുന്നില്ലെന്നും മറിച്ച്‌ തെരുവുനായ്‌ക്കള്‍ക്ക്‌ നേരെയായിരുന്നെന്നുമാണ്‌ പോലീസിന്റെ കണ്ടെത്തല്‍. ആശ്രമത്തിന്‌ സമീപത്തുള്ള സ്ഥലത്തിന്റെ ഉടമയാണ്‌ വെടിെവച്ചതത്രെ. തന്റെ കൃഷിയിടത്തിലെ പശുക്കളെ ആക്രമിക്കാന്‍ വന്ന നായ്‌ക്കളെ ഓടിക്കാന്‍ വേണ്ടിയായിരുന്നു അതെന്നും പോലീസ്‌ പറഞ്ഞു. കര്‍ണാടക ഡി.ജി.പി അജയ്‌ കുമാര്‍ സിംഗ്‌ ആണ്‌ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞത്‌. വെടിവെപ്പ്‌ നടത്തിയ മഹാദേവ്‌ പ്രസാദ്‌ എന്നയാളെ പോലീസ്‌ ചോദ്യം ചെയ്‌തു. രവിശങ്കറിന്റെ ആശ്രമത്തോടു ചേര്‍ന്ന്‌ പ്രസാദിന്‌ പത്തേക്കര്‍ കൃഷിയിടമുണ്ട്‌. ഇവിടെ വളര്‍ത്തുന്ന കന്നുകാലികളെ ആക്രമിക്കാന്‍ വരുന്ന നായ്‌ക്കളെ വിരട്ടാനാണ്‌ വെടിവെച്ചത്‌. മൂന്നു തവണ വെടിവെച്ചു. ഇതില്‍ രണ്ടെണ്ണം കൃഷിയിടത്തിലും ഒരെണ്ണം സമീപത്തുള്ള ആശ്രമത്തിലുമാണ്‌ പതിച്ചത്‌ ബുള്ളറ്റ്‌ ലക്ഷ്യം തെറ്റി ആശ്രമത്തില്‍ പതിക്കുകയായിരുന്നു -ഡി.ജി.പി പറഞ്ഞു. ബുള്ളറ്റുകള്‍ പോലീസ്‌ കണ്ടെടുത്ത്‌ ഫോറന്‍സിക്‌ പരിശോധനക്ക്‌ അയച്ചു. മെയ്‌ 30 ന്‌ രാവിലെ രവിശങ്കര്‍ ആശ്രമത്തിലേക്ക്‌ വരുന്ന സമയത്താണ്‌ വെടിവെപ്പുണ്ടായത്‌. തുടര്‍ന്ന്‌ പത്ര സമ്മേളനം നടത്തി സ്വാമി വധശ്രമത്തില്‍ ഉല്‍ക്കണ്‌ഠ രേഖപ്പെടുത്തി. വധിക്കാന്‍ ശ്രമിച്ചയാള്‍ക്ക്‌ മാപ്പ്‌ കൊടുക്കുന്നെന്നും മാനസാന്തരപ്പെട്ട്‌ ശിഷ്യനാവാമെന്ന്‌ ഓഫര്‍ നല്‍കുകയും ചെയ്‌തു.

പ്രണയത്തിനു സമ്മാനം എറിഞ്ഞു കൊല്ലല്‍

പ്രണയത്തിന്‌ എന്ത്‌ ജാതിയും മതവും പ്രായവും. ജാതിക്കോമരങ്ങള്‍ക്കെന്ത്‌ പ്രണയം. സ്‌നേഹിച്ചവരെ എറിഞ്ഞുകൊലപ്പെടുത്തുക. ഇത്‌ സംഭവിച്ചത്‌ മറ്റെവിടെയുമല്ല. നമ്മുടെ സ്വന്തം രാജ്യത്തു തന്നെ, ഇന്ത്യയില്‍. അതിക്രൂരവും പൈശാചികവുമായ ഈ സംഭവം അരങ്ങേറിയത്‌ ആന്ധ്രയിലെ ഹൈദരാബാദിനടുത്ത്‌ നിസാമാബാദ്‌ ജില്ലയിലെ കൃഷ്‌ണാജി വാഡി ഗ്രാമത്തിലാണ്‌. സുംകാര ശ്രീനിവാസ്‌ താഴ്‌ന്ന ജാതിക്കാരനാണ്‌. സ്വപ്‌ന റെഡ്‌ഢി ഉയര്‍ന്ന ജാതിക്കാരിയും. കംപ്യൂട്ടര്‍ ഓപ്പറേറ്ററായ സുംകാര ശ്രീനിവാസും സ്വപ്‌ന റെഡ്‌ഢി (22)യും കടുത്ത പ്രണയത്തിലായിരുന്നു. നേരത്തെ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്‌ ശ്രീനിവാസ്‌. ഹൈദരാബാദിലേക്ക്‌ ഒളിച്ചോടിയ അവര്‍ ആറു മാസത്തോളം അവിടെ തങ്ങി. നാട്ടിലെ കലപിലയെല്ലാം കെട്ടടങ്ങിയെന്ന്‌ കരുതിയ അവര്‍ ഗ്രാമത്തില്‍ തിരിച്ചെത്തി. ജാതി അവസാനവാക്കായ ഒരു സമൂഹത്തിനുണ്ടോ കലിയടങ്ങുന്നു. അവരുടെ ദേഷ്യം മൂര്‍ധന്യത്തിലായി. വിവാഹത്തെക്കുറിച്ച്‌ സംസാരിക്കാനെന്നു പറഞ്ഞ്‌ സ്‌നേഹം നടിച്ച്‌ സ്വപ്‌നയുടെ വീട്ടുകാര്‍ ഇരുവരെയും ക്ഷണിച്ചു വരുത്തി. കാര്‍മേഘം ഒഴിഞ്ഞുവെന്ന്‌ തെറ്റിദ്ധരിച്ച ശ്രീനിവാസും സ്വപ്‌നയും അവളുടെ വീട്ടിലെത്തി. വീട്ടിലെത്തിയ അവരെ കാത്തിരുന്നത്‌ ക്രൂരമായ മര്‍ദനമായിരുന്നു. സ്വപ്‌നയുടെ ബന്ധുക്കള്‍ ചേര്‍ന്ന്‌ ശ്രീനിവാസനെ അവളുടെ മുന്നിലിട്ട്‌ മര്‍ദിച്ചു. ഇത്‌ തടയാന്‍ ശ്രമിച്ചപ്പോള്‍ സ്വപ്‌നക്കും കിട്ടി പൊതിരെ തല്ല്‌. ീര്‍ന്നില്ല, പിന്നീട്‌ ഇരുവരെയും ഒരു മരത്തില്‍ കെട്ടിയിട്ടശേഷം മുപ്പതോളം പേര്‍ ചേര്‍ന്ന്‌ കല്ലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.

2010, ജൂൺ 9, ബുധനാഴ്‌ച

പൊട്ടിച്ച മാല മോഷ്ടാവിനെ നേരിട്ട്‌ പതിമൂന്നുകാരി പിടിച്ചുവാങ്ങി

ഗുരുവായൂരിനടുത്തുളള താമരയൂരിലെ ഇ.എം.എസ്‌. റോഡിലായിരുന്നു സംഭവം.
അഭിരാമിയും സഹപാഠികളായ ആതിരയും സബിതയും സൈക്കിളില്‍ സ്‌കൂള്‍ വിട്ട്‌ നാലുമണിയോടെ വീട്ടിലേക്ക്‌ വരികയായിരുന്നു. ശ്രീകൃഷ്‌ണാ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അഭിരാമി. പെട്ടെന്നൊരു യുവാവ്‌ ബൈക്കിലെത്തി. അവര്‍ക്കരികെ നിര്‍ത്തി തൊട്ടടുത്തുള്ള ഒരു വസതിയിലേക്ക്‌ വഴി ചോദിച്ചു. സൈക്കിള്‍ നിര്‍ത്തി മറുപടി പറയുന്നതിനിടെ അഭിരാമിയുടെ ഒന്നേകാല്‍ പവന്‍ വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ്‌ പൊട്ടിച്ചെടുത്തു. കൂട്ടുകാരികള്‍ ഉറക്കെ നിലവിളിച്ചെങ്കിലും അഭിരാമി സമചിത്തത വിടാതെ യുവാവുമായി മല്‍പിടിത്തം നടത്തി. പിടിവലിയില്‍ യുവാവിന്റെ പോക്കറ്റ്‌ കീറി മാലയും ലോക്കറ്റും പിടിച്ചുവാങ്ങി. വിദ്യാര്‍ഥിനിയുമായുള്ള ബലാബലത്തിനൊടുവില്‍ കള്ളന്‍ കുതറി രക്ഷപ്പെട്ടു.
അങ്ങനെ പതിമൂന്നുകാരി വിദ്യാര്‍ഥിനി ധീരതയ്‌ക്ക്‌ മാതൃകയായി. കള്ളന്റെ പോക്കറ്റില്‍ കുറച്ചു പണവുമുണ്ടായിരുന്നു. ആ പണം അഭിരാമി പോലീസില്‍ ഏല്‍പിച്ചു. ഇങ്ങനെ വേണം കുട്ടികള്‍ അല്ലേ? അഭിരാമിയെ നമുക്കഭിനന്ദിക്കാം.

2010, ജൂൺ 8, ചൊവ്വാഴ്ച

ചെരിപ്പുകൊണ്ടുള്ള മുഖത്തടിക്ക്‌ രണ്ടര ലക്ഷം റിയാല്‍

ചെരിപ്പു കൊണ്ട്‌ മുഖത്തൊരു അടിയേറ്റാലെന്താ?. രൂപ 30 ലക്ഷമല്ലേ (രണ്ടര ലക്ഷം റിയാല്‍) പോക്കറ്റില്‍ തടയുന്നത്‌. അടികൊണ്ടത്‌ ആരെങ്കിലും കണ്ടെങ്കില്‍ ആ ജാള്യം കാര്യമാക്കേണ്ടതില്ലല്ലോ. സംഭവം നടന്നത്‌ സൗദി അറേബ്യയിലെ ഉനൈസയില്‍. ഉനൈസ കിംഗ്‌ സൗദ്‌ ആശുപത്രി ക്വാര്‍ട്ടേഴ്‌സിലെ വാച്ച്‌മാന്‍ ഡ്യൂട്ടിയിലായിരുന്നു. അതു വഴിവന്ന അല്‍ഖസീം പ്രവിശ്യാ ആരോഗ്യ വകുപ്പ്‌ മേധാവി ഡോ. സ്വലാഹ്‌ അല്‍ഖറാസയാണ്‌ വാച്ച്‌മാന്റെ മുഖത്തടിച്ചത്‌. കാവല്‍ക്കാരന്‍ വിടുമോ?. ആരോഗ്യ വകുപ്പ്‌ മേധാവിക്കെതിരെ കോടതിയെ സമീപിച്ചു. കേസ്‌ നടന്നുകൊണ്ടിരിക്കേ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മധ്യസ്ഥര്‍ ഇടപെട്ടു. അവര്‍ നടത്തിയ ചര്‍ച്ചകളിലാണ്‌ കാവല്‍ക്കാരന്‌ രണ്ടര ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കി പ്രശ്‌നം തീര്‍ക്കാന്‍ ധാരണയായത്‌. പണം മധ്യസ്ഥര്‍ മുഖേന മേധാവി നല്‍കി, വാച്ച്‌മാന്‍ ആരോഗ്യ വകുപ്പ്‌ മേധാവിക്ക്‌ മാപ്പും നല്‍കി. പക്ഷേ കോടതി പുലിവാല്‌ കഴിഞ്ഞിട്ടില്ല. കേസ്‌ ദിവസങ്ങള്‍ക്കുള്ളില്‍ രമ്യമായി പരിഹരിക്കുമെന്ന്‌ കാവല്‍ക്കാരന്റെ അഭിഭാഷകന്‍ അബ്‌ദുല്ല അല്‍ജതീലി അറിയിച്ചിട്ടുണ്ട്‌. എന്താ ഒരടി കിട്ടിയാല്‍ കുഴപ്പമില്ലെന്നു തോന്നുന്നുണ്ടോ?.

ദാരിദ്ര്യം മൂലം വിറ്റ പെണ്‍കുട്ടിയെ 17 വര്‍ഷത്തിനുശേഷം കണ്ടെത്തി

ഇത്‌ എഴുപതുകളിലെ ബോളിവുഡ്‌ സിനിമയല്ല. എന്നാലോ ഹിന്ദി സിനിമയെ വെല്ലുന്ന യാഥാര്‍ഥ്യം. ഒരു പക്ഷേ നാളെ ഇതാരെങ്കിലും അഭ്രപാളിയിലാക്കി നമുക്ക്‌ മുമ്പില്‍ അവതരിപ്പിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. സംഭവം നടന്നത്‌ മക്കയിലാണ്‌. ദാരിദ്ര്യം കാരണത്താല്‍ പതിനേഴുവര്‍ഷം മുമ്പ്‌ ബര്‍മീസ്‌ കുടുംബത്തിന്‌ വില്‍ക്കപ്പെട്ട പെണ്‍കുട്ടി പോലീസ്‌ സ്റ്റേഷനില്‍വെച്ച്‌ യഥാര്‍ഥ മാതാപിതാക്കെള കണ്ടെത്തി. സിനിമയില്‍ കാണുന്നത്‌ പോലെ കയ്യിലെ മറുകോ, കഴുത്തിലണിഞ്ഞ ഇമിറ്റേഷന്‍ മാലയോ അല്ല പുനഃസമാഗമത്തിന്‌ വഴിവെച്ചത്‌. പോലീസിന്റെ അന്വേഷണത്വരയും ഇടപെടലുമാണ്‌ യുവതിക്ക്‌ മാതാപിതാക്കളെ തിരിച്ചുകിട്ടിയത്‌. സംഭവമിങ്ങനെ...വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെ വാനിറ്റി ബാഗും വിലപിടിച്ച വസ്‌തുക്കളും മോഷ്‌ടിച്ച കേസിലാണ്‌ കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. വിശദമായ ചോദ്യം ചെയ്യലില്‍ ഏതാനും വനിതകളടങ്ങിയ മോഷണ സംഘത്തിലെ അംഗമാണ്‌ പെണ്‍കുട്ടിയെന്നും ബര്‍മീസ്‌ കുടുംബത്തിലെ അംഗമാണ്‌ ഇവളെന്നും പോലീസ്‌ കണ്ടെത്തി. പക്ഷേ രൂപഭാവത്തില്‍ ആഫ്രിക്കക്കാരിയായ പെണ്‍കുട്ടി ബര്‍മീസ്‌ ഭാഷ ഒഴുക്കോടെ സംസാരിക്കുന്നതും മാതാപിതാക്കള്‍ ബര്‍മക്കാരാണെന്ന്‌ അന്വേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞതുമാണ്‌ പോലീസുകാരില്‍ സംശയം ജനിപ്പിച്ചത്‌. അന്വേഷണോദ്യോഗസ്ഥര്‍ യുവതിയുടെ മാതാവായ ബര്‍മക്കാരിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. അപ്പോഴാണ്‌ ബര്‍മക്കാരി സത്യം വെളിപ്പെടുത്തിയത്‌. പതിനേഴ്‌ വര്‍ഷം മുമ്പ്‌ പെണ്‍കുട്ടിയെ അയല്‍വാസിയായ സ്‌ത്രീയുടെ പരിചയത്തില്‍പെട്ട ആഫ്രിക്കക്കാരന്‍ മുഖേന തങ്ങള്‍ ദത്തെടുക്കുകയായിരുന്നെന്ന്‌ ഇവര്‍ പോലീസിനോട്‌ പറഞ്ഞു. തുടര്‍ന്ന്‌ പോലീസ്‌ അന്വേഷണം ആ വഴിക്കായി. ബര്‍മീസ്‌ ദമ്പതികളുടെ അയല്‍വാസിയേയും അവരുടെ ബന്ധുവിനേയും ഇയാളുടെ പരിചയക്കാരനായ ആഫ്രിക്കക്കാരനേയും അന്വേഷണോദ്യോഗസ്ഥര്‍ പോലീസ്‌ സ്റ്റേഷനില്‍ വരുത്തി. ബര്‍മക്കാരി നല്‍കിയ മൊഴി സത്യമാണെന്ന്‌ ഇതോടെ വ്യക്തമായി. തന്റെ നാട്ടുകാരന്റെ ദാരിദ്ര്യം മൂലം അവര്‍ക്ക്‌ പണം നല്‍കിയാണ്‌ കുഞ്ഞിനെ ബര്‍മീസ്‌ കുടുംബത്തിന്‌ കൈമാറാന്‍ സമ്മതിപ്പിച്ചതെന്ന്‌ ആഫ്രിക്കക്കാരന്‍ ഏറ്റു പറഞ്ഞു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ്‌ പെണ്‍കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തി. കടുത്ത ദാരിദ്ര്യംമൂലം പിഞ്ചുകുഞ്ഞായിരിക്കെ എന്നെന്നേക്കുമായി തങ്ങള്‍ ഉപേക്ഷിച്ച മകളെ പോലീസ്‌ സ്റ്റേഷനില്‍വെച്ച്‌ കണ്ട മാതാപിതാക്കള്‍ അവളെ വാരിപ്പുണര്‍ന്നു. വിവരണാതീതമായിരുന്നു ആ പുനഃസമാഗമം. കുഞ്ഞിനെ വിറ്റതിന്‌ കേസെടുത്ത്‌ ആഫ്രിക്കന്‍ ദമ്പതികളെ പോലീസ്‌ ജാമ്യത്തില്‍വിട്ടു. വിവാഹം കഴിഞ്ഞ്‌ അഞ്ചു വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ്‌ ബര്‍മീസ്‌ ദമ്പതികള്‍ ആഫ്രിക്കന്‍ ബാലികയെ ദത്തെടുത്തത്‌. എന്നാല്‍ ഇതിനുശേഷം ദമ്പതികള്‍ക്ക്‌ ഏഴു മക്കള്‍ പിറക്കുകയും ചെയ്‌തു.

2010, ജൂൺ 6, ഞായറാഴ്‌ച

കാപ്പിറ്റല്‍ ഗെയ്‌റ്റ്‌ ടവര്‍



ലോകത്തെ ഏറ്റവും ചരിഞ്ഞ മനുഷ്യ നിര്‍മിത കെട്ടിടം എവിടെയാണ്‌? ഉത്തരത്തിന്‌ സംശയിക്കേണ്ട. ആ റെക്കോര്‍ഡ്‌ അബുദാബിയിലെ കാപ്പിറ്റല്‍ ഗെയ്‌റ്റ്‌ ടവറിനുള്ളതാണ്‌. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍ നിര്‍മിച്ച, 160 മീറ്റര്‍ ഉയരമുള്ള ടവറിന്‌ 18 ഡിഗ്രി ചരിവുണ്ട്‌.
ഇറ്റലിയിലെ ഏറെ പ്രശസ്‌തമായ പിസാ ഗോപുരത്തിന്റെ ചെരിവിനേക്കാള്‍ നാലു മടങ്ങാണിത്‌. പിസ ഗോപുരം കാലക്രമേണയാണ്‌ ചരിഞ്ഞതെങ്കില്‍ കാപ്പിറ്റല്‍ ഗെയ്‌റ്റ്‌ കെട്ടിടം ചരിവോടെയാണ്‌ രൂപകല്‍പന ചെയ്‌തെതന്നുമാത്രം. ലോകത്തെ ഏറ്റവും ചരിഞ്ഞ കെട്ടിടമായി ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ കാപ്പിറ്റല്‍ ഗെയ്‌റ്റ്‌ ടവറിനെ രജിസ്റ്റര്‍ ചെയ്‌തു കഴിഞ്ഞു.
പുറംഭാഗ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായ ജനുവരിയിലാണ്‌ കെട്ടിടത്തിന്റെ മൂല്യനിര്‍ണയം ഗിന്നസ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌ ആരംഭിച്ചത്‌. പന്ത്രണ്ടാം നില മുതലുള്ള നിലകള്‍ വശത്തേക്ക്‌ അല്‍പാല്‍പം നീക്കി നിര്‍മിച്ചാണ്‌ 35 നില കെട്ടിടത്തിന്‌ 18 ഡിഗ്രി ചരിവ്‌ വരുത്തിയത്‌. ഈ വര്‍ഷാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന കെട്ടിടത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലും ഓഫീസുകളുമുണ്ടാകും.

ഹരീദ്‌ ഫെസ്റ്റിവല്‍

ഹരീദ്‌ എന്നാല്‍ ഒരു മത്സ്യത്തിന്റെ പേരാണ്‌. പാരറ്റ്‌ മത്സ്യ ഇനത്തില്‍പെട്ടവയാണ്‌ ഇവ. എന്നാല്‍ സൗദി അറേബ്യയിലെ ജിസാനിനടുത്ത്‌ ഫുര്‍സാന്‍ ദ്വീപില്‍ ഈ മത്സ്യങ്ങളുടെ പേരില്‍ വര്‍ഷാവര്‍ഷം ഒരു ഉത്സവം തന്നെ അരങ്ങേറാറുണ്ട്‌. ഇത്തവണയും അപൂര്‍വ്വയിനം മത്സ്യങ്ങളായ ഹരീദ്‌ മത്സ്യങ്ങള്‍ കൂട്ടത്തോടെ വന്നെത്തിയതോടെ ദ്വീപ്‌ നിവാസികള്‍ ഉത്സവലഹരിയിലായി. ഫുര്‍സാന്‍ ദ്വീപിലെ ജന്നബാ ബീച്ചിലും പരിസരങ്ങളിലും മാത്രം വര്‍ഷത്തിലൊരിക്കല്‍ വന്നെത്താറുള്ള ഹരീദ്‌ മത്സ്യങ്ങളുടെ നിറസാന്നിധ്യം ദ്വീപിലെ കൗതുകരമായ കാഴ്‌ചയാണ്‌. ഹരീദ്‌ മത്സ്യങ്ങളുടെ ആഗമനത്തോടനുബന്ധിച്ച്‌ നൂറ്റാണ്ടുകളായി ദ്വീപ്‌ നിവാസികള്‍ ആഘോഷിക്കുന്ന പരമ്പരാഗത ഉത്സവം 2004 മുതല്‍ സൗദി സുപ്രീം ടൂറിസം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹരീദ്‌ ഫെസ്റ്റിവല്‍ ആയി രൂപാന്തരം പ്രാപിച്ചു. ഇപ്പോഴിത്‌ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്ന മേളയായി മാറുകയും ചെയ്‌തിട്ടുണ്ട്‌.

ഏപ്രില്‍ ആദ്യവാരം ആഘോഷിച്ച ഏഴാമത്‌ ഹരീദ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനു പുറത്തുനിന്നുമുള്ള അനേകം വിനോദ സഞ്ചാരികള്‍ എത്തിയിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ ദ്വീപുകളില്‍ രണ്ടു ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും വാണിജ്യമേളയും നടന്നു.

സ്വദേശികളും വിദേശികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുക്കുന്ന സമൂഹ മീന്‍ പിടിത്തമായിരുന്നു പരമ്പരാഗത ഉത്സവത്തിന്റെ മുഖ്യഇനം. സംഘം ചേര്‍ന്ന്‌ ജന്നബാ ബീച്ചില്‍ വലയുപയോഗിച്ച്‌ ഹരീദ്‌ മത്സ്യങ്ങളെ പിടിക്കുന്ന ചടങ്ങാണ്‌ ഇത്‌. ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങളെ തീരത്തുതന്നെ പാകം ചെയ്‌ത്‌ സമൂഹ സദ്യയൊരുക്കുന്നതാണ്‌ രീതി.


ഇന്ത്യന്‍ മഹാസമുദ്രത്തിലും അറ്റ്‌ലാന്റിക്‌ സമുദ്രത്തിലും ധാരാളമായി കണ്ടുവരുന്ന വിവിധ പുള്ളികളുള്ളവയാണ്‌ ഹരീദ്‌ മത്സ്യങ്ങള്‍. ദേശാടന പക്ഷികളെപ്പോലെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ സമുദ്രങ്ങള്‍ താണ്ടി ദേശാടനം നടത്തുന്ന ഹരീദ്‌ മത്സ്യങ്ങളുടെ ആഗമനം ദ്വീപ്‌ നിവാസികള്‍ക്ക്‌ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്‌. ചെങ്കടലിലെ നൂറോളം വരുന്ന ദ്വീപ്‌ സമൂഹങ്ങള്‍ ചേര്‍ന്ന ഫുര്‍സാന്‍ ദ്വീപിലെ നിവാസികളില്‍ അത്ഭുതം പകര്‍ന്നുകൊണ്ടാണ്‌ ഓരോ തവണയും ഹരീദ്‌ മത്സ്യങ്ങള്‍ എത്തുന്നത്‌. മത്സ്യബന്ധനം തൊഴിലാക്കിയ ദ്വീപിലെ ഭൂരിഭാഗം സ്വദേശികളും ചെങ്കടലില്‍ സാധാരണ ലഭ്യമല്ലാത്ത ഈ മത്സ്യങ്ങളുടെ അപൂര്‍വ്വ സാന്നിധ്യം ദ്വീപിന്റെ സൗഭാഗ്യമായി കരുതുന്നു. വിദൂര ദേശങ്ങളിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ദ്വീപ്‌ സന്ദര്‍ശിക്കുന്നതും ദ്വീപിലെ കുടുംബങ്ങളിലെ പ്രധാന ചടങ്ങുകള്‍ വ്യാപകമായി നടത്തുന്നതും ഈ സമയത്താണ്‌.

ഹരീദ്‌ മത്സ്യങ്ങളുടെ ആഗമനത്തെപ്പറ്റി പല ഐതിഹ്യങ്ങളും ദ്വീപില്‍ നിലവിലുണ്ട്‌. പണ്ടെന്നോ ഫുര്‍സാന്‍ തീരത്തുവെച്ച്‌ പായ്‌ക്കപ്പല്‍ തകര്‍ന്ന്‌ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഹജ്‌ തീര്‍ത്ഥാടക സംഘം ഭക്ഷണമില്ലാതെ വലഞ്ഞപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാ ഫലമായി ദൈവം ഹരീദ്‌ മത്സ്യങ്ങളെ അവിടെ എത്തിച്ചു കൊടുത്തുവെന്നതാണ്‌ പഴമക്കാരുടെ ഒരു വിശ്വാസം. ഐതിഹ്യവും വിശ്വാസവും എന്തായാലും രാജ്യത്തെ ചെങ്കടല്‍ തീരങ്ങളില്‍ ഫുര്‍സാനിലല്ലാതെ മറ്റെവിടെയും ഹരീദ്‌ മത്സ്യങ്ങളുടെ സാന്നിധ്യമില്ലെന്നത്‌ വിസ്‌മയം തന്നെയാണ്‌.