വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 8, ചൊവ്വാഴ്ച

ചെരിപ്പുകൊണ്ടുള്ള മുഖത്തടിക്ക്‌ രണ്ടര ലക്ഷം റിയാല്‍

ചെരിപ്പു കൊണ്ട്‌ മുഖത്തൊരു അടിയേറ്റാലെന്താ?. രൂപ 30 ലക്ഷമല്ലേ (രണ്ടര ലക്ഷം റിയാല്‍) പോക്കറ്റില്‍ തടയുന്നത്‌. അടികൊണ്ടത്‌ ആരെങ്കിലും കണ്ടെങ്കില്‍ ആ ജാള്യം കാര്യമാക്കേണ്ടതില്ലല്ലോ. സംഭവം നടന്നത്‌ സൗദി അറേബ്യയിലെ ഉനൈസയില്‍. ഉനൈസ കിംഗ്‌ സൗദ്‌ ആശുപത്രി ക്വാര്‍ട്ടേഴ്‌സിലെ വാച്ച്‌മാന്‍ ഡ്യൂട്ടിയിലായിരുന്നു. അതു വഴിവന്ന അല്‍ഖസീം പ്രവിശ്യാ ആരോഗ്യ വകുപ്പ്‌ മേധാവി ഡോ. സ്വലാഹ്‌ അല്‍ഖറാസയാണ്‌ വാച്ച്‌മാന്റെ മുഖത്തടിച്ചത്‌. കാവല്‍ക്കാരന്‍ വിടുമോ?. ആരോഗ്യ വകുപ്പ്‌ മേധാവിക്കെതിരെ കോടതിയെ സമീപിച്ചു. കേസ്‌ നടന്നുകൊണ്ടിരിക്കേ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ മധ്യസ്ഥര്‍ ഇടപെട്ടു. അവര്‍ നടത്തിയ ചര്‍ച്ചകളിലാണ്‌ കാവല്‍ക്കാരന്‌ രണ്ടര ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം നല്‍കി പ്രശ്‌നം തീര്‍ക്കാന്‍ ധാരണയായത്‌. പണം മധ്യസ്ഥര്‍ മുഖേന മേധാവി നല്‍കി, വാച്ച്‌മാന്‍ ആരോഗ്യ വകുപ്പ്‌ മേധാവിക്ക്‌ മാപ്പും നല്‍കി. പക്ഷേ കോടതി പുലിവാല്‌ കഴിഞ്ഞിട്ടില്ല. കേസ്‌ ദിവസങ്ങള്‍ക്കുള്ളില്‍ രമ്യമായി പരിഹരിക്കുമെന്ന്‌ കാവല്‍ക്കാരന്റെ അഭിഭാഷകന്‍ അബ്‌ദുല്ല അല്‍ജതീലി അറിയിച്ചിട്ടുണ്ട്‌. എന്താ ഒരടി കിട്ടിയാല്‍ കുഴപ്പമില്ലെന്നു തോന്നുന്നുണ്ടോ?.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ