വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 11, വെള്ളിയാഴ്‌ച

വിമാനദുരന്തവും അടിച്ചുമാറ്റിയ സ്വര്‍ണവും

കത്തുന്ന വീട്ടില്‍നിന്ന്‌ ഊരുന്ന കമ്പ്‌ ലാഭം. കത്തുന്നത്‌ വിമാനമാണെങ്കിലോ, അതും ദുബായില്‍നിന്നുമെത്തിയ വിമാനം. അടിച്ചുമാറ്റുന്ന സ്വര്‍ണവും പണവും ലാഭം അല്ലേ?. ബജ്‌പേ കുപ്പപദവ്‌ സ്‌കൂളിന്‌ സമീപത്തെ സത്താര്‍ അറസ്റ്റിലായത്‌ അതുകൊണ്ടാണ്‌. മംഗലാപുരം വിമാന ദുരന്തമറിഞ്ഞ്‌ നാടും നഗരവും വേദനിച്ചു. സ്ഥലവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക്‌ പ്രവഹിച്ചു. ദുഃഖാര്‍ത്തരായ ബന്ധുജനങ്ങള്‍, വേദനിക്കുന്ന ഹൃദയങ്ങള്‍... കുറച്ചു ദിവസങ്ങള്‍ക്കു ശേഷം... രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ചില യുവാക്കള്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നു. സാന്‍ട്രോ കാറില്‍ ചുറ്റിക്കറങ്ങുന്നു. ഇത്‌ പതിവായതോടെയാണ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചത്‌. രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്ക്‌ സത്താറും മറ്റുള്ളവരും ദുരന്തസ്ഥലത്തുനിന്ന്‌ സ്വര്‍ണവും പണവും കൈക്കലാക്കിയെന്ന വിവരം കിട്ടി. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ വെങ്കിടേഷ്‌ പ്രസന്നയാണ്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കിയത്‌. സത്താര്‍ അറസ്റ്റിലാവുകയും ഇയാളില്‍നിന്ന്‌ 25 കിലോ സ്വര്‍ണവും 6,35,700 രൂപയും കണ്ടെടുക്കുകയും ചെയ്‌തു. പോലീസ്‌ തന്ത്രപൂര്‍വം കീഴടക്കിയ പ്രതിയെ കോടതി രണ്ടാഴ്‌ചത്തേക്ക്‌ റിമാന്റ്‌ ചെയ്‌തു. വിമാന ദുരന്തം നടന്ന്‌ ആദ്യം ഓടിയെത്തിയവരില്‍ ഒരാളായിരുന്നു സത്താര്‍. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ മറ്റാരും കാണാതെ അപകടസ്ഥലത്തുനിന്ന്‌ ഇയാള്‍ സ്വര്‍ണവും പണവും കൈക്കലാക്കുകയായിരുന്നുവത്രെ. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാനഘട്ടം വരെ ദുരന്തസ്ഥലത്തുണ്ടായിരുന്ന സത്താര്‍ മറവൂര്‍ സ്വദേശികളായ അല്‍ത്താഫ്‌, റിഷാദ്‌ എന്നിവരുടെ സഹായത്തോടെ അടിച്ചെടുത്ത സ്വര്‍ണം പല സ്ഥലങ്ങളിലായി ഒളിപ്പിച്ചുവെച്ചു. സത്താറിനെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോഴാണ്‌ സംഗതി പുറത്തായത്‌. സത്താറിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളിലായിരുന്നു പകുതി സ്വര്‍ണം സൂക്ഷിച്ചിരുന്നത്‌.

1 അഭിപ്രായം:

  1. തെമ്മാടികൾ.., അല്ലാതെന്താ ഇവരെക്കുറിച്ചൊക്കെ പറയാനാവുക.., നല്ല ഒരു കുറിപ്പ്
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ