2010, ജൂൺ 16, ബുധനാഴ്‌ച
വുവുസേലയാണ് താരം
ലോകകപ്പ് മൈതാനങ്ങളിലെ ഹീറോയാരാണ്. ഉത്തരത്തിന് ബുദ്ധിമുട്ടില്ല. ആഫ്രിക്കന്‍ വന്യതാളം ഉതിര്‍ക്കുന്ന വുവുസേല തന്നെ. പക്ഷേ ഹീറോയിപ്പോള്‍ വിവാദത്തിലാണ്. ലോകകപ്പ് ആഘോഷങ്ങള്‍ക്കു രസം പകരാന്‍ ദക്ഷിണാഫ്രിക്കക്കാര്‍ ഉപയോഗിക്കുന്ന വുവുസേല എന്ന കുഴല്‍ വിളി കളിക്കമ്പക്കാര്‍ക്ക് ശല്യമാകുന്നതായി റിപ്പോര്‍ട്ട്. അധികം താമസിയാതെ വുവുസേലക്ക് നിരോധം വന്നേക്കുമെന്നും സൂചനയുണ്ട്. ലോകകപ്പ് സംഘാടക സമിതിയുടെ തലവന്‍ ഡാനി ജോര്‍ദന്‍ ഇതുസംബന്ധിച്ച സൂചന തള്ളിക്കളയുന്നില്ല. എന്നാല്‍ ആഫ്രിക്കന്‍ വന്യ താളത്തിന് നിരോധമേര്‍പ്പെടുത്തുന്നതിനോട് ഫിഫക്ക് യോജിപ്പില്ല. വുവുസേലയുടെ ഭ്രാന്തന്‍ ശബ്‌ദത്തിനെതിരെ കളിക്കാരില്‍നിന്നും കാണികളില്‍നിന്നും കളി പ്രക്ഷേപണം ചെയ്യുന്ന കമ്പനികളില്‍നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. കളിയുടെ കമന്ററി, ശബ്‌ദത്തില്‍ മുങ്ങിപ്പോകുന്നുവെന്നാണു സംപ്രേഷണ കമ്പനികളുടെ ആരോപണം. അറിയിപ്പുകളും റഫറിയുടെ നിര്‍ദേശങ്ങളും കേള്‍ക്കാന്‍ കഴിയുന്നില്ലെന്നു കളിക്കാരും പരാതിപ്പെടുന്നു. വുവുസേലയുടെ ശബ്‌ദം ഒഴിവാക്കി കളി പ്രക്ഷേപണം ചെയ്യാനാവുമോയെന്ന് ബി.ബി.സി ചിന്തിക്കുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്‌ദത്തെപ്പറ്റി 220 പരാതികളാണ് ഇതുവരെ ബി.ബി.സിക്കു കിട്ടിയത്. അതേസമയം, ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ അടക്കമുള്ളവരുടെ പിന്തുണ വുവുസേലക്കുണ്ട്. ആഫ്രിക്കയില്‍ ലോകകപ്പ് നടക്കുമ്പോള്‍ ആഫ്രിക്കയുടെ ശബ്‌ദം കേള്‍പ്പിക്കുന്നത് തടയാനാവില്ലെന്നാണ് ഫിഫയുടെ നിലപാട്. സ്വന്തം രാജ്യത്തെ സംഗീതപാരമ്പര്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് അനുചിതമാണെന്നാണ് ബ്ലാറ്ററുടെ അഭിപ്രായം. ആഫ്രിക്കയുടെ താളവും ശബ്‌ദവും വ്യത്യസ്‌തമാണ്. ഇക്കാര്യം ഞാന്‍ എപ്പോഴും പറയാറുള്ളതാണ് -ബ്ലാറ്റര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ആന്റി വുവുസേല ഫില്‍റ്ററുമായി ഒരു ഓണ്‍ലൈന്‍ കമ്പനി രംഗത്തുവന്നിട്ടുണ്ട്. ടി.വി പ്രേക്ഷകര്‍ക്ക് വുവുസേലയുടെ ഘോരശബ്‌ദത്തില്‍നിന്ന് മുക്തരാവാന്‍ ഇവരുടെ എംപി 3 ഫില്‍റ്റര്‍ ഉപയോഗിച്ചാല്‍ മതിയത്രെ. മൂന്ന് യൂറോ നല്‍കി ആന്റിവുവുസേലഫില്‍റ്റര്‍ഡോട്ട്‌കോമില്‍നിന്ന് ഇത് വാങ്ങാമെന്നും കമ്പനി പറയുന്നു.എന്നാലും വുവുസേലക്ക് അഹങ്കരിക്കാം. വന്യശബ്‌ദമിനി മൊബൈല്‍ തരംഗമായി മാറും. വുവുസേല നിരോധിക്കുകയാണെങ്കില്‍ സെല്‍ഫോണുകളില്‍നിന്ന് കുഴല്‍ വിളി മുഴക്കാനാണ് ശബ്‌ദപ്രേമികളുടെ പരിപാടി. ഡച്ച് ഡിസൈനര്‍മാരായ മൊബിലിയോ ആപ്പിള്‍ ഐ ട്യൂണ്‍സ് സ്റ്റോറില്‍ ഇതിനകം കുഴല്‍വിളി വില്‍പനക്ക് വെച്ചിട്ടുണ്ട്.ഏഴരലക്ഷത്തോളം പേര്‍ ഇതിനകം വുവുസേല ശബ്‌ദം ഡൗണ്‍ലോഡ് ചെയ്‌തതായും കമ്പനി പറയുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നിരോധിക്കണോ ??
മറുപടിഇല്ലാതാക്കൂ:-(