2010, ജൂൺ 8, ചൊവ്വാഴ്ച
ദാരിദ്ര്യം മൂലം വിറ്റ പെണ്‍കുട്ടിയെ 17 വര്‍ഷത്തിനുശേഷം കണ്ടെത്തി
ഇത് എഴുപതുകളിലെ ബോളിവുഡ് സിനിമയല്ല. എന്നാലോ ഹിന്ദി സിനിമയെ വെല്ലുന്ന യാഥാര്‍ഥ്യം. ഒരു പക്ഷേ നാളെ ഇതാരെങ്കിലും അഭ്രപാളിയിലാക്കി നമുക്ക് മുമ്പില്‍ അവതരിപ്പിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. സംഭവം നടന്നത് മക്കയിലാണ്. ദാരിദ്ര്യം കാരണത്താല്‍ പതിനേഴുവര്‍ഷം മുമ്പ് ബര്‍മീസ് കുടുംബത്തിന് വില്‍ക്കപ്പെട്ട പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍വെച്ച് യഥാര്‍ഥ മാതാപിതാക്കെള കണ്ടെത്തി. സിനിമയില്‍ കാണുന്നത് പോലെ കയ്യിലെ മറുകോ, കഴുത്തിലണിഞ്ഞ ഇമിറ്റേഷന്‍ മാലയോ അല്ല പുനഃസമാഗമത്തിന് വഴിവെച്ചത്. പോലീസിന്റെ അന്വേഷണത്വരയും ഇടപെടലുമാണ് യുവതിക്ക് മാതാപിതാക്കളെ തിരിച്ചുകിട്ടിയത്. സംഭവമിങ്ങനെ...വിശുദ്ധ ഹറമില്‍ തീര്‍ഥാടകരുടെ വാനിറ്റി ബാഗും വിലപിടിച്ച വസ്‌തുക്കളും മോഷ്‌ടിച്ച കേസിലാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്‌തത്. വിശദമായ ചോദ്യം ചെയ്യലില്‍ ഏതാനും വനിതകളടങ്ങിയ മോഷണ സംഘത്തിലെ അംഗമാണ് പെണ്‍കുട്ടിയെന്നും ബര്‍മീസ് കുടുംബത്തിലെ അംഗമാണ് ഇവളെന്നും പോലീസ് കണ്ടെത്തി. പക്ഷേ രൂപഭാവത്തില്‍ ആഫ്രിക്കക്കാരിയായ പെണ്‍കുട്ടി ബര്‍മീസ് ഭാഷ ഒഴുക്കോടെ സംസാരിക്കുന്നതും മാതാപിതാക്കള്‍ ബര്‍മക്കാരാണെന്ന് അന്വേഷണോദ്യോഗസ്ഥരോട് പറഞ്ഞതുമാണ് പോലീസുകാരില്‍ സംശയം ജനിപ്പിച്ചത്. അന്വേഷണോദ്യോഗസ്ഥര്‍ യുവതിയുടെ മാതാവായ ബര്‍മക്കാരിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. അപ്പോഴാണ് ബര്‍മക്കാരി സത്യം വെളിപ്പെടുത്തിയത്. പതിനേഴ് വര്‍ഷം മുമ്പ് പെണ്‍കുട്ടിയെ അയല്‍വാസിയായ സ്‌ത്രീയുടെ പരിചയത്തില്‍പെട്ട ആഫ്രിക്കക്കാരന്‍ മുഖേന തങ്ങള്‍ ദത്തെടുക്കുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് അന്വേഷണം ആ വഴിക്കായി. ബര്‍മീസ് ദമ്പതികളുടെ അയല്‍വാസിയേയും അവരുടെ ബന്ധുവിനേയും ഇയാളുടെ പരിചയക്കാരനായ ആഫ്രിക്കക്കാരനേയും അന്വേഷണോദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനില്‍ വരുത്തി. ബര്‍മക്കാരി നല്‍കിയ മൊഴി സത്യമാണെന്ന് ഇതോടെ വ്യക്തമായി. തന്റെ നാട്ടുകാരന്റെ ദാരിദ്ര്യം മൂലം അവര്‍ക്ക് പണം നല്‍കിയാണ് കുഞ്ഞിനെ ബര്‍മീസ് കുടുംബത്തിന് കൈമാറാന്‍ സമ്മതിപ്പിച്ചതെന്ന് ആഫ്രിക്കക്കാരന്‍ ഏറ്റു പറഞ്ഞു. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പെണ്‍കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തി. കടുത്ത ദാരിദ്ര്യംമൂലം പിഞ്ചുകുഞ്ഞായിരിക്കെ എന്നെന്നേക്കുമായി തങ്ങള്‍ ഉപേക്ഷിച്ച മകളെ പോലീസ് സ്റ്റേഷനില്‍വെച്ച് കണ്ട മാതാപിതാക്കള്‍ അവളെ വാരിപ്പുണര്‍ന്നു. വിവരണാതീതമായിരുന്നു ആ പുനഃസമാഗമം. കുഞ്ഞിനെ വിറ്റതിന് കേസെടുത്ത് ആഫ്രിക്കന്‍ ദമ്പതികളെ പോലീസ് ജാമ്യത്തില്‍വിട്ടു. വിവാഹം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുശേഷവും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ബര്‍മീസ് ദമ്പതികള്‍ ആഫ്രിക്കന്‍ ബാലികയെ ദത്തെടുത്തത്. എന്നാല്‍ ഇതിനുശേഷം ദമ്പതികള്‍ക്ക് ഏഴു മക്കള്‍ പിറക്കുകയും ചെയ്‌തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ