വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 28, തിങ്കളാഴ്‌ച

ലോകകപ്പിലെ താരനിഴലുകള്‍

ലോകകപ്പിലെ കൊട്ടിഘോഷിച്ച സൂപ്പര്‍ താരങ്ങളെവിടെ? പകുതിയിലേറെ മത്സരങ്ങള്‍ കഴിഞ്ഞിട്ടും കളത്തില്‍ സാന്നിധ്യം തെളിയിക്കാന്‍ പേരും പെരുമയുമായെത്തിയ വമ്പന്‍ താരങ്ങള്‍ക്ക്‌ കഴിഞ്ഞില്ല. ദശലക്ഷക്കണക്കിന്‌ ആരാധകരുടെ പ്രതീക്ഷയായി വാഴ്‌ത്തപ്പെട്ടവര്‍ കടലാസു പുലികളായി മാറി. അര്‍ജന്റീനയുടെ അത്ഭുത കുട്ടി ലയണല്‍ മെസ്സി, ഇംഗ്ലീഷ്‌ പടയുടെ കുന്തമുന വേയ്‌ന്‍ റൂണി, സ്‌പെയിന്റെ വജ്രായുധം ഫെര്‍ണാണ്ടോ ടോറസ്‌, പോര്‍ച്ചുഗീസ്‌ പടക്കുതിര ക്രിസ്‌ത്യാനോ റോണാള്‍ഡോ, ഐവറികോസ്റ്റിന്റെ തളരാത്ത പോരാളി ദ്രോഗ്‌ബ... ദക്ഷിണാഫ്രിക്കയിലെ താരങ്ങളായി പുകഴ്‌ത്തിയവരില്‍ മുന്‍നിരക്കാര്‍. പിഴക്കാത്ത സുവര്‍ണപാദങ്ങളുള്ള രാജകുമാരനെന്ന്‌ വിശേഷിപ്പിച്ച മെസ്സിക്ക്‌ ലോകകപ്പില്‍ ഒരു ഗോള്‍ ഇപ്പോഴും കിട്ടാക്കനി തന്നെ. ടീമിന്റെ പല നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചുവെന്ന്‌ മെസ്സി‌ ആശ്വസിക്കട്ടെ. എന്നാല്‍ യൂറോപ്പ്‌ ഗ്രൗണ്ടുകളില്‍ എതിരാളികളുടെ പേടിസ്വപ്‌നമായ റൂണിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാണ്‌. നല്ല നീക്കങ്ങള്‍ പോലുമില്ല. അള്‍ജീരയക്കെതിരെ പരമ ദയനീയ പ്രകടനവും. ടോറസിന്റെ ഗതിയും വ്യത്യസ്‌തമല്ല. ഇനിയും ഗോള്‍ സ്‌കോര്‍ ചെയ്യാത്ത ടോറസിന്‌ ചിലിയുടെ പ്രതിരോധക്കാരന്‍ മാക്രോ എസ്‌ട്രാഡയുടെ ഫൗളിന്‌ ഇരയായത്‌ മാത്രമാണ്‌ ഓര്‍ക്കാനുള്ളത്‌. ഫൗള്‍ വഴി എസ്‌ട്രാഡ ചുവപ്പു കാര്‍ഡു കണ്ട്‌ പുറത്തായതാണ്‌ സ്‌പെയിന്‍ കഷ്‌ടിച്ച്‌ പ്രീ ക്വാര്‍ട്ടര്‍ കടക്കാന്‍ കാരണം. കായിക ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായ ക്രിസ്‌ത്യാനോയുടെ ലോകകപ്പിലെ പ്രകടനം വീക്ഷിച്ചാല്‍ സ്വന്തം ക്ലബായ റയല്‍ താരത്തിന്റെ പ്രതിഫല തുക കുറേച്ചക്കാം. റോണാള്‍ഡോയുടെ ഏക ഗോള്‍ പിറന്നത്‌ ഏകപക്ഷീയമായ ഏഴ്‌ ഗോളിന്‌ ദുര്‍ബലരായ വടക്കന്‍ കൊറിയയെ പരാജയപ്പെടുത്തിയപ്പോഴാണ്‌. ആ ഗോള്‍ ലോകകപ്പിലെ `കോമഡി' ഗോളുകളിലൊന്നായി മാറി.ഒരു ഭൂഖണ്ഡത്തിന്റെ മുഴുവന്‍ പ്രതീക്ഷയായിരുന്ന ദ്രോഗ്‌ബ മറ്റൊരു വമ്പന്‍ പരാജയമായപ്പോള്‍ ഐവറികോസ്റ്റ്‌ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. ജപ്പാനുമായുള്ള പ്രദര്‍ശന മത്സരത്തില്‍ പരിക്കേറ്റ ദ്രോഗ്‌ബക്ക്‌ ലോകകപ്പില്‍ കളിക്കാനാവുമോ എന്നു തന്നെ സംശയമായിരുന്നു. സൂപ്പര്‍ താരങ്ങളുടെ പതനത്തിന്‌ കാരണം ജബുലാനി പന്താണെന്ന്‌ പറഞ്ഞാണ്‌ ആരാധകരില്‍ ചിലര്‍ ആശ്വാസം കൊള്ളുന്നു. തിരക്കേറിയ സീസണാണ്‌ താരങ്ങളെ കുഴച്ചതെന്നാണ്‌ മറ്റു ചിലരും പറയുന്നു. നാമെന്തു പറയണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ