2010, ജൂൺ 29, ചൊവ്വാഴ്ച
`മാതൃകാ ലോകകപ്പ്' മോഷണം പോയി
ലോകകപ്പ് വേദിയിലെ ഫിഫ ഓഫീസില്‍ കവര്‍ച്ച. കനത്ത സുരക്ഷാ സന്നാഹങ്ങളെ മറികടന്ന് ലോകകപ്പിന്റെ ഏഴ് മാതൃകകളും ഏതാനും യൂനിഫോമുകളും മോഷ്‌ടിക്കപ്പെട്ടു. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പിനിടയില്‍ മാഫിയ സംഘങ്ങളും മോഷ്‌ടാക്കളും വിലസുമെന്ന് ആശങ്കയുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു. മാതൃകകള്‍ മോഷണം പോയത് ഗൗരവമായി കാണുമെന്നും കവര്‍ച്ചക്കാരെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് മേധാവി ബെക്കി സെലെ പറഞ്ഞു. മോഷ്‌ടാക്കള്‍ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും താമസസ്ഥലങ്ങള്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും കര്‍ശന സുരക്ഷാ കാരണത്താല്‍ ഉപേക്ഷിച്ചു -പോലീസ് അറിയിച്ചു. ടൂര്‍ണമെന്റിന്റെ സുരക്ഷാ സന്നാഹങ്ങളില്‍ പൂര്‍ണ തൃപ്‌തിയുണ്ടെന്ന് ലോകകപ്പിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ വിചാരണക്കായി 56 പ്രത്യേക കോടതികളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇംഗ്ലീഷ് ടീമംഗങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍നിന്ന് സ്വര്‍ണ മെഡലും പണവും കളിക്കാരുടെ വസ്‌ത്രങ്ങളും മോഷ്‌ടിച്ച അഞ്ച് ഹോട്ടല്‍ ജീവനക്കാരെ തിങ്കളാഴ്‌ച അതിവേഗ കോടതി ശിക്ഷിച്ചിരുന്നു.