വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 15, ചൊവ്വാഴ്ച

അഫ്‌ഗാന്‍ ഇനി ഖനനത്തിലേക്ക്‌

സംഘര്‍ഷ ഭൂമിയായ അഫ്‌ഗാന്‍ ധാതുലവണങ്ങളുടെ പറുദീസയോ? അമേരിക്കയിലെ ജിയോളജിസ്റ്റുകളേയും പെന്റഗണ്‍ ഉദ്യോഗസ്ഥരേയും വിശ്വസിക്കാമെങ്കില്‍ സംഗതി കുശാല്‍. അഫ്‌ഗാന്റെ വരണ്ട മണ്ണിനടിയില്‍ ലോകത്തെ കാത്തിരിക്കുന്നത്‌ ഒരു ട്രില്യന്‍ (ഒരു ലക്ഷം കോടി) ഡോളറിനുള്ള ധാതുലവണങ്ങളാണത്രെ. ന്യൂയോര്‍ക്ക്‌ ടൈംസ്‌ ദിനപത്രമാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടത്‌.ലോകത്തെ ദരിദ്ര്യരാജ്യങ്ങളിലൊന്നാണ്‌ അഫ്‌ഗാന്‍. സദാ യുദ്ധവും. എന്നാല്‍ ലോകത്തിന്റെ ഖനന തലസ്ഥാനമായി അഫ്‌ഗാനിസ്ഥാന്‍ മാറാന്‍ അധികകാലം വേണ്ടെന്നാണ്‌ പത്രത്തിന്റെ വെളിപ്പെടുത്തല്‍. സമ്പന്നതയുടെ മടിത്തട്ടിലേക്ക്‌ അഫ്‌ഗാന്‍ കുതറിയോടുന്നത്‌ സമയത്തിന്റെ മാത്രം പ്രശ്‌നം.ഇരുമ്പ്‌, കോപ്പര്‍, കൊബാള്‍ട്ട്‌, സ്വര്‍ണം എന്നിവയുടെ വന്‍ ശേഖരമാണ്‌ അഫ്‌ഗാനില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഏറ്റവും കൗതുകകരം, ലിഥിയത്തിന്റെ വന്‍ നിക്ഷേപമുണ്ട്‌ അഫ്‌ഗാന്‍ മണ്ണില്‍. ലാപ്‌ടോപുകള്‍ക്കും സെല്‍ ഫോണുകള്‍ക്കും ഏറ്റവും അവശ്യമായ ഘടകമാണ്‌ ലിഥിയം.കഴിഞ്ഞയാഴ്‌ച പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി നടത്തിയ പ്രസ്‌താവനയുടെ പിന്നാലെയാണ്‌ അമേരിക്കന്‍ റിപ്പോര്‍ട്ട്‌ പുറത്തുവന്നത്‌. മൂന്ന്‌ ട്രില്യന്‍ ഡോളറിന്റെ ധാതുനിക്ഷേപം അഫ്‌ഗാനിസ്ഥാനിലുണ്ടെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.യുദ്ധം കലുഷമാക്കിയ രാജ്യത്ത്‌ ധാതുനിക്ഷേപത്തിന്‌ വേണ്ടിയാകുമോ അടുത്ത യുദ്ധം? രാഷ്‌ട്രീയ നിരീക്ഷകര്‍ അത്തരം സാധ്യതകളും തള്ളുന്നില്ല. വന്‍ സമ്പത്ത്‌ കൈപ്പിടിയിലൊതുക്കാന്‍ വന്‍ ശക്തികളും താലിബാന്‍ അടക്കമുള്ള ആഭ്യന്തര ശക്തികളും രംഗത്തിറങ്ങുന്നതോടെ യുദ്ധം ജോറാകാനാണ്‌ സാധ്യത.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ