വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 23, ബുധനാഴ്‌ച

25 വര്‍ഷങ്ങള്‍ക്കുശേഷം മാപ്പ്‌

25 വര്‍ഷങ്ങള്‍ക്കുശേഷം മാപ്പു പറഞ്ഞു, അതും മാപ്പു പറയാന്‍ ഇതുവരെ കാനഡ സര്‍ക്കാര്‍ തയാറായിട്ടില്ലെന്ന്‌ അന്വേഷണ കമ്മീഷന്‍ കുറ്റപ്പെടുത്തിയപ്പോള്‍. ലോകമനസ്സാക്ഷിയെ നടുക്കിയ ഭീകരസംഭവമാണ്‌ കനിഷ്‌ക ദുരന്തം. കനിഷ്‌ക വിമാന ദുരന്തത്തിനു കാല്‍ നൂറ്റാണ്ടു തികഞ്ഞ ഇന്നലെയാണ്‌ കാനഡ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ ദുരന്തത്തിന്‌ ഇരയായവരുടെ കുടുംബാംഗങ്ങളോടു മാപ്പു പറഞ്ഞത്‌. ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ സ്‌മരണാര്‍ഥം കാനഡയിലെ ഹംബര്‍ ബേ പാര്‍ക്കില്‍ നിര്‍മിച്ച എയര്‍ ഇന്ത്യ സ്‌മാരകത്തില്‍ ആദരാഞ്‌ജലി അര്‍പ്പിക്കുന്ന ചടങ്ങിലാണ്‌ കാനഡ പ്രധാനമന്ത്രി മാപ്പ്‌ പറഞ്ഞത്‌. കനിഷ്‌ക ദുരന്തത്തില്‍ കാനഡ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവന്നതിനു പിന്നാലെയാണ്‌ ഇത്‌. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളോടു മാപ്പു പറയാന്‍ ഇതുവരെ കാനഡ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. കാനഡയിലെ മോണ്‍ട്രിയോളില്‍നിന്നു 329 പേരുമായി ലണ്ടന്‍ വഴി ന്യൂദല്‍ഹിക്കു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ കനിഷ്‌ക ജംബോ ജെറ്റ്‌ വിമാനം ബോംബ്‌ സ്‌ഫോടനത്തെത്തുടര്‍ന്ന്‌ 1985 ജൂണ്‍ 23നാണ്‌ അയര്‍ലണ്ട്‌ തീരത്തിനടുത്ത്‌ അറ്റ്‌ലാന്റിക്കില്‍ തകര്‍ന്നുവീണത്‌. ആരും രക്ഷപ്പെട്ടില്ല. കനേഡിയന്‍ സിക്കുകാരായ ഇന്ദര്‍ജിത്‌ സിംഗ്‌ റയാത്ത്‌, അജയ്‌ബ്‌ സിംഗ്‌ ബഗ്രി, രിപുദമന്‍ സിംഗ്‌ മാലിക്‌ എന്നിവരായിരുന്നു മുഖ്യപ്രതികള്‍. എന്നാല്‍, പിന്നീട്‌ 2005 ല്‍ ഇവരില്‍ ഇന്ദര്‍ജിത്‌ സിംഗ്‌ റയാത്ത്‌ ഒഴികെയുള്ളവരെ കോടതി കുറ്റവിമുക്‌തരാക്കി. കേസില്‍ ശിക്ഷിക്കപ്പെട്ട ഏക വ്യക്തി റയാത്ത്‌ ആണ്‌. ഗൂഢാലോചനക്കു നേതൃത്വം നല്‍കിയയാള്‍ എന്നു പോലീസ്‌ പറയുന്ന തല്‍വീന്ദര്‍ സിംഗ്‌ പാര്‍മര്‍ 1992 ല്‍ ദല്‍ഹിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചു. ഇന്ത്യന്‍ വംശജരായ കാനഡ പൗരന്‍മാരായിരുന്നു മരിച്ച 270 പേര്‍. മലയാളികള്‍ 30 പേര്‍. കടലില്‍നിന്ന്‌ വീണ്ടെടുക്കാന്‍ കഴിഞ്ഞതു 131 ജഡങ്ങള്‍ മാത്രം. കാര്‍ഗോ ഹോള്‍ഡിലുണ്ടായിരുന്ന പെട്ടിയിലെ ബോംബാണ്‌ അപകടകാരണമെന്നു കാനഡ സര്‍ക്കാര്‍ ഔദ്യോഗികമായി വിശദീകരിക്കുന്നത്‌ 1986 ല്‍ ആണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ