വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 6, ഞായറാഴ്‌ച

ഹരീദ്‌ ഫെസ്റ്റിവല്‍

ഹരീദ്‌ എന്നാല്‍ ഒരു മത്സ്യത്തിന്റെ പേരാണ്‌. പാരറ്റ്‌ മത്സ്യ ഇനത്തില്‍പെട്ടവയാണ്‌ ഇവ. എന്നാല്‍ സൗദി അറേബ്യയിലെ ജിസാനിനടുത്ത്‌ ഫുര്‍സാന്‍ ദ്വീപില്‍ ഈ മത്സ്യങ്ങളുടെ പേരില്‍ വര്‍ഷാവര്‍ഷം ഒരു ഉത്സവം തന്നെ അരങ്ങേറാറുണ്ട്‌. ഇത്തവണയും അപൂര്‍വ്വയിനം മത്സ്യങ്ങളായ ഹരീദ്‌ മത്സ്യങ്ങള്‍ കൂട്ടത്തോടെ വന്നെത്തിയതോടെ ദ്വീപ്‌ നിവാസികള്‍ ഉത്സവലഹരിയിലായി. ഫുര്‍സാന്‍ ദ്വീപിലെ ജന്നബാ ബീച്ചിലും പരിസരങ്ങളിലും മാത്രം വര്‍ഷത്തിലൊരിക്കല്‍ വന്നെത്താറുള്ള ഹരീദ്‌ മത്സ്യങ്ങളുടെ നിറസാന്നിധ്യം ദ്വീപിലെ കൗതുകരമായ കാഴ്‌ചയാണ്‌. ഹരീദ്‌ മത്സ്യങ്ങളുടെ ആഗമനത്തോടനുബന്ധിച്ച്‌ നൂറ്റാണ്ടുകളായി ദ്വീപ്‌ നിവാസികള്‍ ആഘോഷിക്കുന്ന പരമ്പരാഗത ഉത്സവം 2004 മുതല്‍ സൗദി സുപ്രീം ടൂറിസം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹരീദ്‌ ഫെസ്റ്റിവല്‍ ആയി രൂപാന്തരം പ്രാപിച്ചു. ഇപ്പോഴിത്‌ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിക്കുന്ന മേളയായി മാറുകയും ചെയ്‌തിട്ടുണ്ട്‌.

ഏപ്രില്‍ ആദ്യവാരം ആഘോഷിച്ച ഏഴാമത്‌ ഹരീദ്‌ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തിനു പുറത്തുനിന്നുമുള്ള അനേകം വിനോദ സഞ്ചാരികള്‍ എത്തിയിരുന്നു. ഫെസ്റ്റിവലിന്റെ ഭാഗമായി വിവിധ ദ്വീപുകളില്‍ രണ്ടു ദിവസങ്ങളിലായി വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും വാണിജ്യമേളയും നടന്നു.

സ്വദേശികളും വിദേശികളുമടക്കം ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുക്കുന്ന സമൂഹ മീന്‍ പിടിത്തമായിരുന്നു പരമ്പരാഗത ഉത്സവത്തിന്റെ മുഖ്യഇനം. സംഘം ചേര്‍ന്ന്‌ ജന്നബാ ബീച്ചില്‍ വലയുപയോഗിച്ച്‌ ഹരീദ്‌ മത്സ്യങ്ങളെ പിടിക്കുന്ന ചടങ്ങാണ്‌ ഇത്‌. ഇങ്ങനെ പിടിക്കുന്ന മത്സ്യങ്ങളെ തീരത്തുതന്നെ പാകം ചെയ്‌ത്‌ സമൂഹ സദ്യയൊരുക്കുന്നതാണ്‌ രീതി.


ഇന്ത്യന്‍ മഹാസമുദ്രത്തിലും അറ്റ്‌ലാന്റിക്‌ സമുദ്രത്തിലും ധാരാളമായി കണ്ടുവരുന്ന വിവിധ പുള്ളികളുള്ളവയാണ്‌ ഹരീദ്‌ മത്സ്യങ്ങള്‍. ദേശാടന പക്ഷികളെപ്പോലെ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ സമുദ്രങ്ങള്‍ താണ്ടി ദേശാടനം നടത്തുന്ന ഹരീദ്‌ മത്സ്യങ്ങളുടെ ആഗമനം ദ്വീപ്‌ നിവാസികള്‍ക്ക്‌ ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാണ്‌. ചെങ്കടലിലെ നൂറോളം വരുന്ന ദ്വീപ്‌ സമൂഹങ്ങള്‍ ചേര്‍ന്ന ഫുര്‍സാന്‍ ദ്വീപിലെ നിവാസികളില്‍ അത്ഭുതം പകര്‍ന്നുകൊണ്ടാണ്‌ ഓരോ തവണയും ഹരീദ്‌ മത്സ്യങ്ങള്‍ എത്തുന്നത്‌. മത്സ്യബന്ധനം തൊഴിലാക്കിയ ദ്വീപിലെ ഭൂരിഭാഗം സ്വദേശികളും ചെങ്കടലില്‍ സാധാരണ ലഭ്യമല്ലാത്ത ഈ മത്സ്യങ്ങളുടെ അപൂര്‍വ്വ സാന്നിധ്യം ദ്വീപിന്റെ സൗഭാഗ്യമായി കരുതുന്നു. വിദൂര ദേശങ്ങളിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും ദ്വീപ്‌ സന്ദര്‍ശിക്കുന്നതും ദ്വീപിലെ കുടുംബങ്ങളിലെ പ്രധാന ചടങ്ങുകള്‍ വ്യാപകമായി നടത്തുന്നതും ഈ സമയത്താണ്‌.

ഹരീദ്‌ മത്സ്യങ്ങളുടെ ആഗമനത്തെപ്പറ്റി പല ഐതിഹ്യങ്ങളും ദ്വീപില്‍ നിലവിലുണ്ട്‌. പണ്ടെന്നോ ഫുര്‍സാന്‍ തീരത്തുവെച്ച്‌ പായ്‌ക്കപ്പല്‍ തകര്‍ന്ന്‌ ദ്വീപില്‍ ഒറ്റപ്പെട്ടുപോയ ഹജ്‌ തീര്‍ത്ഥാടക സംഘം ഭക്ഷണമില്ലാതെ വലഞ്ഞപ്പോള്‍ അവരുടെ പ്രാര്‍ത്ഥനാ ഫലമായി ദൈവം ഹരീദ്‌ മത്സ്യങ്ങളെ അവിടെ എത്തിച്ചു കൊടുത്തുവെന്നതാണ്‌ പഴമക്കാരുടെ ഒരു വിശ്വാസം. ഐതിഹ്യവും വിശ്വാസവും എന്തായാലും രാജ്യത്തെ ചെങ്കടല്‍ തീരങ്ങളില്‍ ഫുര്‍സാനിലല്ലാതെ മറ്റെവിടെയും ഹരീദ്‌ മത്സ്യങ്ങളുടെ സാന്നിധ്യമില്ലെന്നത്‌ വിസ്‌മയം തന്നെയാണ്‌.

2 അഭിപ്രായങ്ങൾ: