വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 27, ഞായറാഴ്‌ച

കല്യാണപ്പന്തലില്‍ `സോക്കര്‍ വിരുന്ന്‌'


മുന്‍ ഇന്ത്യന്‍ പി ആന്റ്‌ടി താരം മച്ചിങ്ങല്‍ അഹമ്മദ്‌ കുട്ടിയെന്ന മലപ്പുറത്തുകാരന്‍ തന്റെ മകളുടെ വിവാഹപ്പന്തലില്‍ സോക്കര്‍ വിരുന്നൊരുക്കി വിസ്‌മയത്തിന്റെ ഗോളടിച്ചു. മകള്‍ ഡോ. മഹ്‌ജൂബിന്റേയും കൊടുങ്ങല്ലൂര്‍ സ്വദേശി മഖ്‌ബൂലിന്റേയും കല്യാണത്തോടനുബന്ധിച്ചാണ്‌ മലബാറിലെ പഴയ തലമുറയിലേയും പുതിയ തലമുറയിലേയും കളിക്കാരും സംഘാടകരുമായ നൂറോളം പേര്‍ക്കു വേണ്ടി വിവാഹ വേദിയായ മലപ്പുറം മച്ചിങ്ങല്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകമായി `പ്ലെയേഴ്‌സ്‌ കോര്‍ണര്‍' ഒരുക്കിയത്‌.കല്യാണപ്പന്തലില്‍ കാല്‍പന്ത്‌ കളി വിരുന്ന്‌ വന്നപ്പോള്‍ ചര്‍ച്ചകള്‍ക്ക്‌ ബിരിയാണിച്ചൂട്‌. വിവാഹ സല്‍ക്കാരത്തിനെത്തിയവര്‍ ലോകകപ്പ്‌ എന്ന ചൂടന്‍ വിഭവത്തിനു മുമ്പില്‍ ഒരുമിച്ചപ്പോള്‍ അതൊരു അപൂര്‍വ കളിക്കൂട്ടായ്‌മയായി. കഴിഞ്ഞ ദിവസം കല്യാണത്തിനെത്തിയവര്‍ പന്തലിലെ ബോര്‍ഡ്‌ കണ്ടപ്പോള്‍ അമ്പരന്നു- പ്ലെയേഴ്‌സ്‌ കോര്‍ണര്‍. ഉച്ചയായതോടെ കോര്‍ണര്‍ നിറഞ്ഞു. കളിക്കാര്‍ നിരന്നതോടെ അതിഥികളില്‍ ആകാംക്ഷ. ഫുട്‌ബോള്‍ ചര്‍ച്ചക്ക്‌ കിക്കോഫ്‌. കൊല്‍ക്കത്ത മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനും സര്‍വീസസിനും വേണ്ടി ജഴ്‌സിയണിഞ്ഞിട്ടുള്ള മലപ്പുറം അസീസ്‌, പക്ഷാഘാതം തളര്‍ത്തിയ ശരീരത്തെ വെല്ലുവിളിച്ച്‌ കല്യാണത്തിനെത്തിയ എം.ആര്‍.സി യുടെ പഴയ താരം മലപ്പുറം കൊറ്റന്‍, സന്തോഷ്‌ ട്രോഫി കിരീടം നേടിയ കേരളതാരം കെ.പി. സേതുമാധവന്‍, മുന്‍ സംസ്ഥാന താരം പ്രേംനാഥ്‌ ഫിലിപ്പ്‌, മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിലും ഡെംപോ ഗോവയിലും കളിച്ചിട്ടുള്ള കെ.വി. ഉസ്‌മാന്‍ കോയ, ചാലഞ്ചേഴ്‌സിന്റെ ബിച്ചാലി, സി. ഉമ്മര്‍, മുന്‍ ഇന്ത്യന്‍ താരം യു. ഷറഫലി, കെ.ടി. ചാക്കോ, കേരള സ്റ്റേറ്റ്‌ താരം ദിവാകരന്‍, മലപ്പുറത്തെ പല കളിക്കാരേയും പരിശീലിപ്പിച്ചെടുത്ത ആദ്യകാല ക്ലബ്ബായ എം.ആര്‍.ഇ നായകനായിരുന്ന സി.എച്ച്‌. അബൂബക്കര്‍, ഡി.എഫ്‌.എ സെക്രട്ടറിയായിരുന്ന അബ്‌ദുല്‍ അലി, സംസ്ഥാന താരം പെരിന്തല്‍മണ്ണ കുഞ്ഞാപ്പ, യൂനിവേഴ്‌സിറ്റി താരങ്ങളായിരുന്ന രാമചന്ദ്രന്‍, അശോകന്‍, സബ്‌ജൂനിയര്‍ താരം ഉബൈദുല്ല അരീക്കോട്‌, ഗോപാലകൃഷ്‌ണന്‍ മങ്കട, റഷീദ്‌ അരീക്കോട്‌, മുന്‍ ഏജീസ്‌ ഓഫീസ്‌ താരം മലപ്പുറം അഹമ്മദ്‌ കുട്ടി എന്നിവരൊക്കെ പ്ലെയേഴ്‌സ്‌ കോര്‍ണറില്‍ അണി നിരന്നു ലോകകപ്പ്‌ വിശേഷങ്ങള്‍ക്ക്‌ മേമ്പൊടിയായി സ്വന്തം കളികളിലെ പ്രകടനങ്ങളെക്കുറിച്ചുള്ള രോമാഞ്ചജനകമായ അനുഭവങ്ങള്‍ അയവിറക്കി. `ഫിഫ' അംഗീകാരമുള്ള റഫറി മലപ്പുറം അബ്‌ദുല്‍ ഹക്കീം ചര്‍ച്ചകള്‍ നിയന്ത്രിച്ചു. കളിയെഴുത്തിന്‌ പുതുമാനം ചമച്ച മലയാള മനോരമ കോഴിക്കോട്‌ റസിഡന്റ്‌ എഡിറ്റര്‍ അബു (കെ. അബൂബക്കര്‍) കാല്‍പന്തിന്റെ പെരുമയുമായി കല്യാണപ്പന്തലിലെ വെടിവട്ടത്തിന്‌ സ്വതഃസിദ്ധമായ നര്‍മം വിളമ്പി.

1 അഭിപ്രായം: