2010, ജൂൺ 27, ഞായറാഴ്‌ച
സൗദി എയര്‍പോര്‍ട്ടുകളില്‍ ഇ-ഗേറ്റ് വരുന്നു
സൗദി അറേബ്യന്‍ വിമാനത്താവളങ്ങളിലെയും രാജ്യത്തേക്കുള്ള മറ്റു പ്രവേശനകവാടങ്ങളിലെയും എമിഗ്രേഷന്‍ കൗണ്ടറുകളില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടിവരുന്ന അവസ്ഥക്ക് അന്ത്യം കുറിച്ച് ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം സൗദി ജവാസാത്ത് നടപ്പിലാക്കുന്നു. എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ക്യൂവില്‍ നില്‍ക്കാതെ പ്രത്യേക കാര്‍ഡ് ഉപയോഗിച്ച് ഇലക്‌ട്രോണിക് കവാടത്തിലൂടെ എയര്‍പോര്‍ട്ടില്‍നിന്ന് വിമാനത്തില്‍ കയറുന്നതിന് അകത്തേക്കും വിമാനമിറങ്ങി പുറത്തേക്കും കുറഞ്ഞ നേരത്തിനകം കടക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും. എയര്‍പോര്‍ട്ട്, തുറമുഖം, രാജ്യാതിര്‍ത്തിയിലെ ചെക്ക്‌പോയന്റുകള്‍ തുടങ്ങിയവയിലൂടെ യാത്ര ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിന് എയര്‍പോര്‍ട്ട് അടക്കമുള്ള പ്രവേശനകവാടങ്ങളിലെ രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍നിന്ന് ഇഷ്യൂ ചെയ്യുന്ന സ്‌മാര്‍ട്ട് കാര്‍ഡാണ് ഉപയോഗിക്കേണ്ടത്. ബോര്‍ഡിംഗ് പാസെടുത്തശേഷം ഇത് ഉപയോഗിച്ച് ഇലക്‌ട്രോണിക് കവാടത്തിലൂടെ വിമാനത്തില്‍ കയറാന്‍ അകത്ത് പ്രവേശിക്കുകയും, വിമാനത്തില്‍നിന്ന് ഇറങ്ങി ഗെയ്‌റ്റിലൂടെ പുറത്തു കടക്കുകയും ചെയ്യാം. എമിഗ്രേഷന്‍ കൗണ്ടറില്‍ പാസ്‌പോര്‍ട്ട് നല്‍കുകയോ സീല്‍ പതിപ്പിക്കുകയോ ചെയ്യാതെത്തന്നെ എക്‌സിറ്റും എന്‍ട്രിയും സിസ്റ്റത്തില്‍ വരും. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും ഇലക്‌ട്രോണിക് കവാടം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളായതായി ജവാസാത്ത് അറിയിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ