വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 12, ശനിയാഴ്‌ച

മനുഷ്യമൃഗങ്ങളീ കാക്കിധാരികള്‍

പരാതി നല്‍കാനോ മക്കളെ പിടിച്ചത്‌ എന്തിനാണെന്നന്വേഷിക്കാനോ രക്ഷിതാക്കള്‍ പോലീസ്‌ സ്റ്റേഷന്‍ കയറരുത്‌. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍. ഇനി പോലീസുകാരെന്താ വിഴുങ്ങിക്കളയുമോ എന്ന തന്റേടത്തോടെ പോകുന്നതിനുമുമ്പ്‌ ദല്‍ഹിയിലെ മായാപുരി ക്ലസ്റ്ററിലെ ചേരിയില്‍ നിന്നുള്ള മയൂരിയുടെ അനുഭവം അറിയുക. മയൂരിയുടെ 12 വയസ്സുകാരനായ മകനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മകന്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നും 6000 രൂപ മോഷ്‌ടിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. മക്കളായ രാജു, രമേശ്‌ എന്നിവരെ മോഷണക്കുറ്റം ചുമത്തി പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ടെന്ന വിവരമറിഞ്ഞ്‌ മയൂരിയും ഭര്‍ത്താവും രജൗരി ഗാര്‍ഡന്‍ പോലീസ്‌ സ്റ്റേഷനില്‍ എത്തിയതായിരുന്നു. ഭര്‍ത്താവിനേയും ഇളയ മകനേയും പുറത്താക്കി മയൂരിയേയും മൂത്ത മകന്‍ രാജുവിനേയും സെല്ലില്‍ പൂട്ടിയിട്ട്‌ ചോദ്യം ചെയ്യാന്‍ തുടങ്ങി. തുടര്‍ന്ന്‌ മകന്റെ മുന്നില്‍ നഗ്നയാകാന്‍ യുവതിയെ പോലീസ്‌ ഓഫീസര്‍ നിര്‍ബന്ധിക്കുകയായിരുന്നു. നഗ്നയാകാന്‍ വിസമ്മതിച്ചപ്പോള്‍ പോലീസുകാര്‍ തന്നെ ബലം പ്രയോഗിച്ച്‌ അതങ്ങ്‌ നിര്‍വഹിച്ചു. പോലീസ്‌ ഓഫീസര്‍ ഒരു വനിതാ പോലീസുകാരിയുടെ സാന്നിധ്യത്തിലാണ്‌ മകന്റെ മുന്നിലിട്ട്‌ തന്നെ നഗ്നയാക്കിയതെന്ന്‌ യുവതി പറയുന്നു. തീര്‍ന്നില്ല ക്രൂരത. പിന്നീട്‌ പോലീസേമാന്‍ ആജ്ഞാപിച്ചത്‌ മനുഷ്യത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന ചെയ്‌തിക്കായിരുന്നു. ആ മനുഷ്യമൃഗങ്ങള്‍ ശാരീരികമായി മകനുമായി ബന്ധപ്പെടാന്‍ മയൂരിയെ നിര്‍ബന്ധിച്ചു. തങ്ങളെ വിട്ടയക്കണമെന്ന്‌ കാലു പിടിച്ച്‌ കേണപേക്ഷിച്ച്‌ കരഞ്ഞതിനെത്തുടര്‍ന്ന്‌ രണ്ട്‌ മണിക്കൂറിനുശേഷം തന്നേയും മകനേയും വിട്ടയക്കുകയായിരുന്നുവെന്ന്‌ മയൂരി പറയുന്നു. സംഭവത്തില്‍ യുവതി ദല്‍ഹി സിറ്റി പോലീസ്‌ കമ്മീഷണര്‍ക്ക്‌ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്‌. പരാതിയെ തുടര്‍ന്ന്‌ ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ ശരത്‌ അഗര്‍വാള്‍ സമഗ്ര അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌. പോലീസുകാര്‍ എല്ലാവരും ഇങ്ങനെയെന്ന്‌ ധരിച്ചേക്കരുതേ! അവരിലുമുണ്ട്‌ നന്മമരങ്ങളും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ