വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂൺ 9, ബുധനാഴ്‌ച

പൊട്ടിച്ച മാല മോഷ്ടാവിനെ നേരിട്ട്‌ പതിമൂന്നുകാരി പിടിച്ചുവാങ്ങി

ഗുരുവായൂരിനടുത്തുളള താമരയൂരിലെ ഇ.എം.എസ്‌. റോഡിലായിരുന്നു സംഭവം.
അഭിരാമിയും സഹപാഠികളായ ആതിരയും സബിതയും സൈക്കിളില്‍ സ്‌കൂള്‍ വിട്ട്‌ നാലുമണിയോടെ വീട്ടിലേക്ക്‌ വരികയായിരുന്നു. ശ്രീകൃഷ്‌ണാ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അഭിരാമി. പെട്ടെന്നൊരു യുവാവ്‌ ബൈക്കിലെത്തി. അവര്‍ക്കരികെ നിര്‍ത്തി തൊട്ടടുത്തുള്ള ഒരു വസതിയിലേക്ക്‌ വഴി ചോദിച്ചു. സൈക്കിള്‍ നിര്‍ത്തി മറുപടി പറയുന്നതിനിടെ അഭിരാമിയുടെ ഒന്നേകാല്‍ പവന്‍ വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ യുവാവ്‌ പൊട്ടിച്ചെടുത്തു. കൂട്ടുകാരികള്‍ ഉറക്കെ നിലവിളിച്ചെങ്കിലും അഭിരാമി സമചിത്തത വിടാതെ യുവാവുമായി മല്‍പിടിത്തം നടത്തി. പിടിവലിയില്‍ യുവാവിന്റെ പോക്കറ്റ്‌ കീറി മാലയും ലോക്കറ്റും പിടിച്ചുവാങ്ങി. വിദ്യാര്‍ഥിനിയുമായുള്ള ബലാബലത്തിനൊടുവില്‍ കള്ളന്‍ കുതറി രക്ഷപ്പെട്ടു.
അങ്ങനെ പതിമൂന്നുകാരി വിദ്യാര്‍ഥിനി ധീരതയ്‌ക്ക്‌ മാതൃകയായി. കള്ളന്റെ പോക്കറ്റില്‍ കുറച്ചു പണവുമുണ്ടായിരുന്നു. ആ പണം അഭിരാമി പോലീസില്‍ ഏല്‍പിച്ചു. ഇങ്ങനെ വേണം കുട്ടികള്‍ അല്ലേ? അഭിരാമിയെ നമുക്കഭിനന്ദിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ