വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 3, ബുധനാഴ്‌ച

സത്യമല്ല എഴുതുന്നതെങ്കില്‍

എഴുതുന്നതിനു മുമ്പ്‌ സത്യാവസ്ഥ അറിയാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ മാനഹാനിയും ധനനഷ്‌ടവും ആയിരിക്കും അനന്തര ഫലം. ഇതാ കാസര്‍കോട്‌ ജില്ലയില്‍നിന്നൊരു വാര്‍ത്ത. കാഞ്ഞങ്ങാട്ടെ സായാഹ്നപത്രമായ 'ജന്‍മദേശ'ത്തിന്റെ ഓഫീസില്‍ കയറിച്ചെന്ന്‌ യുവതി പത്രാധിപരെ അടിച്ചും കടിച്ചും പരിക്കേല്‍പിക്കുകയും കസേരയെടുത്ത്‌ ഓഫീസിലെ കമ്പ്യൂട്ടറുകളും കാബിന്റെ ഗ്ലാസും അടിച്ച്‌ തകര്‍ക്കുകയും ചെയ്‌തുവത്രേ.'ജന്‍മദേശ'ത്തിന്റെ പത്രാധിപര്‍ മാനുവല്‍ കുറിച്ചിത്താനത്തിനാണ്‌ (54) മര്‍ദനമേറ്റത്‌. സാരമായ പരിക്കുകളോടെ മാനുവലിനെ കാഞ്ഞങ്ങാട്‌ നഴ്‌സിങ്‌ ഹോമില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട്‌ നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ പുതുക്കൈയിലെ സി.പി.എമ്മുകാരി ഇ. പ്രീതയാണ്‌ തന്നെ മര്‍ദ്ദിച്ചതെന്ന്‌ മാനുവല്‍ പോലീസിന്‌ മൊഴി നല്‍കി. ചൊവ്വാഴ്‌ച പന്ത്രണ്ടരയോടെയാണ്‌ സംഭവം. ഓഫീസില്‍ കയറിവന്ന പ്രീത ഇനി 'അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുമോ' എന്ന്‌ ചോദിച്ചായിരുന്നു മര്‍ദനം. കൈകൊണ്ട്‌ തടുത്തപ്പോള്‍ കടിച്ചു. പേപ്പര്‍ വെയ്‌റ്റ്‌ കൊണ്ട്‌ തലക്കടിച്ചു. ബഹളം കേട്ട്‌ ആളുകള്‍ കൂടിയെങ്കിലും മര്‍ദിക്കുന്നത്‌ വനിതയായതിനാല്‍ ആരും തടഞ്ഞില്ല. കസേരയെടുത്ത്‌ ക്യാബിന്റെ ഗ്ലാസുകളും അവര്‍ തകര്‍ത്തതായി പരാതിയില്‍ പറയുന്നു. അതേസമയം മാനുവല്‍ മര്‍ദിച്ചുവെന്ന്‌ പരാതിപ്പെട്ട്‌ പ്രീത ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മാനുവലിന്റെ പരാതിയില്‍ പ്രീതക്കെതിരെയും പ്രീതയുടെ പരാതിയില്‍ മാനുവല്‍ കുറിച്ചിത്താനത്തിനെതിരെയും ഹൊസ്‌ദുര്‍ഗ്ഗ്‌ പോലീസ്‌ കേസെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ