വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 17, ബുധനാഴ്‌ച

സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ്‌ തയാറാക്കി ഒരാള്‍

മൈസൂരിലെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌ത എ.എസ്‌.ഐ പനയാല്‍ സ്വദേശി തമ്പാന്‍ (48) വിഷം കഴിക്കുന്നതിന്‌ മുമ്പ്‌ സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ എഴുതി തയാറാക്കി. ഏഴ്‌ പേജ്‌ വരുന്ന ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥന്റെ പീഡനം അടക്കമുള്ള നിരവധി കാര്യങ്ങള്‍ തമ്പാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സാധാരണ ഗതിയില്‍ മരിച്ചവരുടെ ജഡം പരിശോധിച്ച്‌ എസ്‌.ഐമാര്‍ ഇന്‍ക്വസ്റ്റ്‌ തയാറാക്കുന്നത്‌ പോലെയാണ്‌ സ്വന്തം മൃതദേഹത്തിന്റെ വിവരണവും എ.എസ്‌.ഐ തമ്പാന്‍ നടത്തിയിട്ടുള്ളത്‌. ആത്മഹത്യ ചെയ്‌ത മുറിയുടെ നീളവും വീതിയും മുറിയില്‍ കാണപ്പെടുന്ന ഫാന്‍, മേശ, കസേര, കുടിവെള്ളം സൂക്ഷിച്ച കൂജ, ജഡം കിടന്ന കട്ടിലിലെ തുണിവിരി, ജഡത്തിന്റെ കാല്‍ കിഴക്കോട്ടും തല പടിഞ്ഞാറ്‌ ഭാഗത്തും തുടങ്ങി പോലീസ്‌ രീതിയിലുള്ള ഇന്‍ക്വസ്റ്റ്‌ റിപ്പോര്‍ട്ട്‌ വള്ളി പുള്ളി വിടാതെ എഴുതിവെച്ച ശേഷമാണ്‌ തമ്പാന്‍ വിഷം കഴിച്ചത്‌. പോലീസില്‍ ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക്‌ ഒരു വിലയും ഇല്ലെന്നും മേലുദ്യോഗസ്ഥരെ പല കാര്യങ്ങളിലും പ്രീതിപ്പെടുത്തുന്നവര്‍ക്ക്‌ അവാര്‍ഡും ഗുഡ്‌ സര്‍വീസ്‌ എന്‍ട്രിയും അടക്കം കിട്ടുമെന്നും തമ്പാന്‍ കുറിപ്പില്‍ പറയുന്നു. കാസര്‍കോട്‌ ഡിവൈ.എസ്‌.പി ഓഫീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത ഒരു പോലീസ്‌ ഉദ്യോഗസ്ഥന്‌ മുഖ്യമന്ത്രിയുടെ അവാര്‍ഡ്‌ കിട്ടിയ കാര്യവും ഇത്തരക്കാര്‍ക്ക്‌ മെഡല്‍ നല്‍കുമ്പോള്‍ മുഖ്യമന്ത്രി പുനരാലോചന നടത്തണമെന്നും തമ്പാന്റെ കുറിപ്പിലുണ്ട്‌. തന്റെ പേരിലുള്ള സ്വത്തുക്കള്‍ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. മൂത്ത മകന്‌ സ്വത്തില്‍ നല്ലൊരു ഭാഗം നല്‍കണമെന്നും കുറിപ്പിലുണ്ട്‌. കുറിപ്പ്‌ ഇപ്പോള്‍ മൈസൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ