വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, നവംബർ 5, വെള്ളിയാഴ്‌ച

ഒബാമയുടെ സുരക്ഷ

34 യു.എസ്‌ പടക്കപ്പലുകളാണ്‌ ഒബാമയുടെ സുരക്ഷക്കായി എത്തിയിരിക്കുന്നത്‌. ഇതില്‍ ഒരു വിമാനവാഹിനിയുമുണ്ട്‌. പ്രസിഡന്റ്‌ മുംബൈയില്‍ കഴിയുന്ന രണ്ട്‌ ദിവസം തീരക്കടലില്‍ യു.എസ്‌ പടക്കപ്പലുകള്‍ പട്രോളിംഗ്‌ നടത്തും. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്ര കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ഒബാമയുടെ വിമാനത്തിന്‌ സുരക്ഷയൊരുക്കുന്ന രണ്ട്‌ യു.എസ്‌ ബോംബര്‍ ജംബോ വിമാനങ്ങളും നാല്‌ ഹെലിക്കോപ്‌റ്ററും നേരത്തെതന്നെ മുംബൈയിലെത്തിക്കഴിഞ്ഞു. ബോംബിംഗ്‌ നടത്താന്‍ വേണ്ട സജ്ജീകരണങ്ങളോടെയാണ്‌ ഇവ എത്തിയിരിക്കുന്നത്‌വിമാനത്താവളത്തില്‍നിന്ന്‌ മറീന്‍ വണ്‍ ഹെലിക്കോപ്‌റ്ററില്‍ കയറുന്ന ഒബാമ നേരെ ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ.എന്‍.എസ്‌ ശിക്രയിലേക്കാവും പോവുക. അവിടെനിന്ന്‌ പ്രസിഡന്റിന്റെ ഔദ്യോഗിക കാറായ ലിങ്കണ്‍ കോണ്ടിനെന്റല്‍ ലെമൂസിനില്‍ താജ്‌ ഹോട്ടലിലേക്ക്‌. കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും പുറമെ 40 കാറുകളും ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്‌ അമേരിക്കയില്‍നിന്ന്‌ എത്തിയിട്ടുണ്ട്‌. ഒബാമയുടെ വാഹനവ്യൂഹം മുഴുവന്‍ അമേരിക്കന്‍ കാറുകളാവും. ഒബാമയുടെ വിമാനം ഇറങ്ങുന്നതിന്‌ ആറ്‌ മിനിറ്റ്‌ മുമ്പു മുതല്‍ ആറ്‌ മിനിറ്റ്‌ ശേഷം വരെ വിമാനത്താവളത്തില്‍ മറ്റ്‌ വിമാനങ്ങള്‍ക്ക്‌ ഇറങ്ങാനോ പറന്നുയരാനോ അനുവാദമുണ്ടാവില്ല. പ്രസിഡന്റിന്റെ വിമാനത്തിനുള്ളില്‍നിന്ന്‌ എല്ലാവരും പുറത്തുപോകുംവരെ മറ്റ്‌ വിമാനങ്ങളുടെ ടാക്‌സിയിംഗ്‌ പോലും നിര്‍ത്തിവെക്കും.ഒബാമക്കും പരിവാരത്തിനുമായി 800 ഹോട്ടല്‍ മുറികളാണ്‌ മുംബൈയില്‍ ബുക്ക്‌ ചെയ്‌തിരിക്കുന്നത്‌. താജിനുപുറമെ, ഹോട്ടല്‍ ഹയാത്തിലും മുറികള്‍ ബുക്ക്‌ ചെയ്‌തിട്ടുണ്ട്‌. ഒബാമ മുംബൈയില്‍ താമസിക്കുന്ന താജ്‌ ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്‌. ഹോട്ടലിനകത്തും പുറത്തും യു.എസ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്‌. പുറമെ നൂറുകണക്കിന്‌ ഇന്ത്യന്‍ പോലീസുകാരെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്‌.
അതേ സമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളൂവെന്ന്‌ പെന്റഗണ്‍ വക്താവ്‌ ജിയോഫ്‌ മോറല്‍ പറഞ്ഞു. യുഎസ്‌ നേവിയുടെ പത്ത്‌ ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി പശ്ചാത്തല സൗകര്യം ഒരുക്കുകമാത്രമാണ്‌ പെന്റഗണ്‍ ചെയ്‌തത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ