വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഡിസംബർ 20, തിങ്കളാഴ്‌ച

ദളിത്‌ സഹോദരിമാരെ ചുട്ടുകൊന്നു

ഉത്തര്‍ പ്രദേശിലെ മൊറാദാബാദില്‍ രണ്ട്‌ ദളിത്‌ സഹോദരിമാരെ ജനക്കൂട്ടം ജീവനോടെ ചുട്ടുകൊന്നു. കൊതിവാള്‍ നഗറിലാണ്‌ സംഭവം. ഒളിവില്‍ കഴിയുന്ന ഇയാളെ അന്വേഷിച്ചുചെന്നവര്‍ വീടിന്‌ തീക്കൊളുത്തുകയായിരുന്നു. മാതാവ്‌ രജോ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ മക്കളായ ഗീതയും മോനുവും വെന്ത്‌ മരിച്ചു. സ്വീപ്പറായി ജോലി ചെയ്യുന്ന യുവതികളുടെ സഹോദരന്‍ രാകേഷ്‌, കവര്‍ച്ചക്കിടെ സ്‌ത്രീയെയും പത്ത്‌ വയസ്സുള്ള മകളെയും കൊല ചെയ്‌ത കേസിലെ പ്രതിയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ ജനക്കൂട്ടം എത്തി വീടിന്‌ തീവെക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ പോലീസ്‌ സംരക്ഷണം തേടിയെങ്കിലും ലഭിച്ചില്ലെന്ന്‌ രജോ പറഞ്ഞു.

2010, ഡിസംബർ 19, ഞായറാഴ്‌ച

കുട്ടികള്‍ മാറിപ്പോയതിന്‌ 17 ലക്ഷം റിയാല്‍ നഷ്‌ടപരിഹാരം

35 വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ ആശുപത്രിയില്‍വെച്ച്‌ നഴ്‌സിന്‌ പറ്റിയ അമളിക്ക്‌ ആരോഗ്യ മന്ത്രാലയം നഷ്‌ടപരിഹാരം നല്‍കേണ്ടത്‌ 17 ലക്ഷം റിയാല്‍. ഒഹൂദിന്റെ പരാതിയിലാണ്‌ ജിദ്ദ പബ്ലിക്‌ കോടതിയുടെ വിധി. യുവതിക്ക്‌ കൗണ്‍സലിംഗ്‌ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. അപ്പീല്‍ നല്‍കുന്നതിന്‌ മന്ത്രാലയത്തിന്‌ 30 ദിവസം അനുവദിച്ചിട്ടുണ്ട്‌. മക്ക ജര്‍വലിലെ പ്രസവാശുപത്രിയില്‍ 1975 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജനിച്ച ഒഹൂദിനെയും സയ്‌നിനെയുമാണ്‌ പരസ്‌പരം മാറി നല്‍കിയത്‌. ഇരുവരും പിറന്നുവീണയുടന്‍ നഴ്‌സ്‌ കുഞ്ഞുങ്ങളുടെ കണങ്കൈയില്‍ ബാന്‍ഡ്‌ ബന്ധിച്ചത്‌ പരസ്‌പരം മാറിയതാണ്‌ പൊല്ലാപ്പായത്‌. തങ്ങള്‍ താമസിക്കുന്നത്‌ യഥാര്‍ഥ മാതാപിതാക്കളുടെ കൂടെയല്ലെന്ന്‌ തിരിച്ചറിഞ്ഞ യുവതികള്‍ മന്ത്രാലയത്തിനെതിരെ നിയമയുദ്ധത്തിന്‌ ഇറങ്ങുകയായിരുന്നു. ഡി.എന്‍.എ പരിശോധനയില്‍ അബദ്ധം സംഭവിച്ചെന്ന്‌ സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തു. ഇത്‌്‌ തനിക്ക്‌ പല രീതിയിലുള്ള കഷ്‌ടനഷ്‌ടങ്ങളുമുണ്ടാക്കിയതായി ഒഹൂദ്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ മരിച്ചുപോയ തന്റെ പിതാവ്‌ മുഹമ്മദ്‌ അല്‍ഹര്‍ബിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും സൗദി യുവതി പറഞ്ഞു. യഥാര്‍ഥ മാതാപിതാക്കളെ തിരിച്ചറിഞ്ഞശേഷം സ്വന്തം കുടുംബാംഗങ്ങളോടൊത്ത്‌ ജീവിതം നയിക്കാന്‍ തുടങ്ങിയത്‌ തനിക്ക്‌ പ്രയാസകരമായിത്തീര്‍ന്നതായും ഒഹൂദ്‌ ചൂണ്ടിക്കാട്ടി. സമാന പ്രശ്‌നം തന്നെ സയ്‌നും നേരിട്ടു. മസ്‌ലഹ്‌ അല്‍ജാബിരി എന്ന സ്വദേശിയുടെ കുടുംബവുമായി സയ്‌ന്‍ പരിചയപ്പെടുന്നത്‌ തീര്‍ത്തും ആകസ്‌മികമായിരുന്നു. നിറത്തിലും ശരീരപ്രകൃതിയിലും മസ്‌ലഹിന്റെ കുടുംബവുമായി സയ്‌ന്‌ ഏറെ സാദൃശ്യം കാണപ്പെട്ടു. അതേസമയം, തങ്ങളുമായി രൂപസാദൃശ്യമില്ലാത്ത ഒരാള്‍ തങ്ങളുടെ കുടുംബത്തിലുമുണ്ടെന്ന്‌ മസ്‌ലഹിന്റെ കുടുംബവും വ്യക്തമാക്കി. ഇതേതുടര്‍ന്ന്‌ സയ്‌ന്‍ മക്ക കോടതിയെ സമീപിച്ചു. കോടതി മസ്‌ലഹിനെ വിളിപ്പിച്ച്‌ വിസ്‌തരിച്ചപ്പോള്‍ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന്‌ 75 ഒക്‌ടോബര്‍ പതിനഞ്ചിന്‌ ജര്‍വല്‍ ആശുപത്രിയില്‍ പ്രസവിച്ച സഈദ എന്ന സ്‌ത്രീയെ കോടതി വിസ്‌തരിച്ചു. താന്‍ പ്രസവിച്ച സമയം മറ്റൊരു സ്‌ത്രീ കൂടി പെണ്‍കുട്ടിക്ക്‌ ജ�ം നല്‍കിയിരുന്നുവെന്ന്‌ അവര്‍ കോടതിയെ അറിയിച്ചു. ഒരേ കട്ടിലില്‍തന്നെ ഒന്നിലധികം കുട്ടികളെ കിടത്തിയിരുന്നു. ആശുപത്രി വിടുമ്പോള്‍ നഴ്‌സ്‌ ഇതാണ്‌ എന്റെ കുട്ടിയെന്ന്‌ പറഞ്ഞ്‌ കുഞ്ഞിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന്‌ സഈദ പറഞ്ഞു. വീട്ടിലേക്ക്‌ കൊണ്ടുപോയി കുഞ്ഞ്‌ വളരാന്‍ തുടങ്ങിയപ്പോള്‍തന്നെ നിറത്തിലും ശരീരപ്രകൃതിയിലും മറ്റ്‌ മക്കളില്‍നിന്നും വ്യത്യസ്‌തമായിരുന്നുവെന്ന്‌ സഈദ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന്‌ നടത്തിയ ഡി.എന്‍.എ പരിശോധനയില്‍ സയ്‌നിന്റെ പിതാവ്‌ മസ്‌ലഹും മാതാവ്‌ ഫാത്തിമയുമാണെന്ന്‌ സ്ഥിരീകരിക്കുകയായിരുന്നു. മുഹമ്മദ്‌ അല്‍ഹര്‍ബി എന്നൊരാളും സഈദയുമാണ്‌ ഒഹൂദിന്റെ യഥാര്‍ഥ മാതാപിതാക്കളെന്നും സ്ഥിരീകരിക്കപ്പെട്ടു. സയ്‌ന്‍ ഫയല്‍ ചെയ്‌ത ഹരജിയില്‍ മക്ക കോടതിയാണ്‌ ഡി.എന്‍.എ ടെസ്റ്റിന്‌ ഉത്തരവിട്ടത്‌.

2010, ഡിസംബർ 18, ശനിയാഴ്‌ച

ധീര

ബൈക്കിലെത്തി മാല മോഷ്‌ടിക്കാന്‍ ശ്രമിച്ചവരെ വിദ്യാര്‍ഥിനി അടിച്ചോടിച്ചു. തൃശൂര്‍ അന്തിക്കാട്‌ മാങ്ങാട്ടുകര റോഡിലാണ്‌ അസാമാന്യ ധൈര്യത്തോടെ ചുള്ളിപ്പറമ്പില്‍ രമാനന്ദന്റെ മകള്‍ അപര്‍ണ മോഷ്‌ടാക്കളെ എതിരിട്ടത്‌. മാല മോഷ്‌ടിക്കാന്‍ ബൈക്കിലെത്തിയവരെ തന്റെ കുട കൊണ്ടാണ്‌ അടിച്ചൊതുക്കിയത്‌. മോഷണശ്രമം പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തില്‍ മോഷ്‌ടാക്കളിലൊരാള്‍ അപര്‍ണയുടെ മുഖത്തടിച്ച്‌ പരിക്കേല്‍പ്പിച്ചു കടന്നുകളഞ്ഞു. നാട്ടിക എസ്‌.എന്‍.കോളേജിലെ ഫൈനല്‍ ഇയര്‍ ബി.എ വിദ്യാര്‍ഥിനിയാണ്‌ അപര്‍ണ. പരിക്കേറ്റ അപര്‍ണയെ അന്തിക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാഴ്‌ച മുമ്പ്‌ അന്തിക്കാട്‌ റിട്ടയേര്‍ഡ്‌ അധ്യാപികയുടെ മാല മോഷ്‌ടിക്കാനുളള ശ്രമം ടീച്ചര്‍ പ്രതിരോധിച്ചതിനാല്‍ പരാജയപ്പെട്ടിരുന്നു.

2010, ഡിസംബർ 17, വെള്ളിയാഴ്‌ച

ഭര്‍ത്താവ്‌ സ്‌ത്രീയെന്നറിഞ്ഞത്‌ ആറു മാസത്തിനു ശേഷം

ഭര്‍ത്താവ്‌ പുരുഷനല്ല, സ്‌ത്രീയാണെന്ന്‌ തിരിച്ചറിയാന്‍ ഭാര്യ എടുത്തത്‌ ആറ്‌ മാസം. അപ്പോഴേക്കും ഒപ്പിക്കാവുന്നത്ര സമ്പാദ്യവുമായി `ഭര്‍ത്താവ്‌' മുങ്ങി. ഒറീസയിലെ റൂര്‍ക്കലയിലാണ്‌ സംഭവം.27 കാരിയായ മിനാതി ഖട്ടുവയാണ്‌ ചതിക്കപ്പെട്ടത്‌. തന്റെ സഹോദരിയുടെ വീട്ടില്‍ ഇടക്കിടെ സന്ദര്‍ശകനായെത്തിയ സീതാകാന്ത്‌ റൗട്രേയുമായി പരിചയത്തിലായ മിനാതി ഒടുവില്‍ അയാളെ വിവാഹം കഴിക്കുകയായിരുന്നു. അമ്പലത്തില്‍ വെച്ച്‌ മാലയിട്ട ദമ്പതികള്‍ നോട്ടറി മുമ്പാകെ വിവാഹം രജിസ്റ്ററും ചെയ്‌തു.ഇരുവരും ഒന്നിച്ചാണ്‌ താമസമെങ്കിലും, ആറു മാസത്തേക്ക്‌ താന്‍ പ്രത്യേക വ്രതം അനുഷ്‌ഠിക്കുകയാണെന്നു പറഞ്ഞ്‌ ശാരീരിക ബന്ധത്തില്‍നിന്ന്‌ ഭര്‍ത്താവ്‌ വിദഗ്‌ധമായി ഒഴിഞ്ഞുമാറി. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നടത്തുന്ന പൂജയോടെ മാത്രമേ വ്രതത്തില്‍നിന്ന്‌ ഒഴിവാകൂ എന്നും ഇയാള്‍ ഭാര്യയെ അറിയിച്ചു.ഈയിടെ കട്ടക്കിലെ ബന്ധുവീട്ടിലെത്തിയ `ഭര്‍ത്താവി'ന്റെ പെരുമാറ്റത്തില്‍ ബന്ധുക്കള്‍ക്ക്‌ സംശയം തോന്നിയതോടെയാണ്‌ കള്ളി പുറത്തായത്‌. മിനാതിയുടെ പേരില്‍ ബാങ്കില്‍നിന്നെടുത്ത വായ്‌പ ഉപയോഗിച്ച്‌ വാങ്ങിയ കാറും ജീപ്പുമായാണ്‌ ഭര്‍ത്താവ്‌ കടന്നത്‌.