വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 31, ചൊവ്വാഴ്ച

ആന ദേശീയ പൈതൃക മൃഗം

ആനയെ ദേശീയ പൈതൃക മൃഗമായി പ്രഖ്യാപിക്കും. 1992 ല്‍ രൂപീകരിച്ച പ്രോജക്‌ട്‌ എലിഫന്റ്‌ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ്‌ ഈ തീരുമാനമെടുത്തത്‌. ആനകളെ സംരക്ഷിക്കുന്നതിനുള്ള വിശാല പദ്ധതിയുടെ ഭാഗമായാണിത്‌. പ്രോജക്‌ട്‌ റിപ്പോര്‍ട്ട്‌ 12 അംഗ സമിതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശിന്‌ കൈമാറി. വിനോദത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ആനയെ ഉപയോഗിക്കുന്നത്‌ ഘട്ടം ഘട്ടമായി നിരോധിക്കും- മന്ത്രി വ്യക്തമാക്കി. സര്‍ക്കസിലെ നിരോധം ഉടനെ നടപ്പിലാക്കുമെന്നും ദേശീയ ആന സംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബ്രഹ്മഗിരി-നീലഗിരി-പശ്ചിമഘട്ട ആനത്താരകള്‍ ആന സംരക്ഷണ കേന്ദ്രമായും പരിസ്ഥിതി ദുര്‍ബല പ്രദേശമായും പ്രഖ്യാപിക്കാന്‍ ശുപാര്‍ശയുണ്ട്‌. 3,500 നാട്ടാനകളടക്കം രാജ്യത്ത്‌ 25,000 ആനകളുണ്ടെണ്‍ന്നാണ്‌ കണക്ക്‌. ഏഷ്യയിലെ ആനകളില്‍ 60 ശതമാനവും ഇന്ത്യയിലാണ്‌

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

അവസാനം പൊട്ടി

ഇന്തോനേഷ്യയിലെ സുമാത്രയില്‍ നാല്‌ നൂറ്റാണ്ടുകാലം ഉറങ്ങിക്കിടന്ന സിനാബുംഗ്‌ അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചു. അപകടമുന്നറിയിപ്പ്‌ നല്‍കിയ ഭരണകൂടം 12,000 പേരെ ആശ്വാസ കേന്ദ്രത്തിലേക്ക്‌ മാറ്റി. കൂടുതല്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.ഉത്തര സുമാത്ര പ്രവിശ്യയില്‍ കാരോ ജില്ലയിലെ സിനാബുംഗ്‌ ഇതിനുമുമ്പ്‌ പൊട്ടിത്തെറിച്ചത്‌ 1600ലാണ്‌. ഏതാനും ദിവസം മുമ്പാണ്‌ ഇത്‌ വീണ്ടും പുക തുപ്പാന്‍ തുടങ്ങിയത്‌. ശനിയാഴ്‌ച രാത്രി ചെറിയൊരു ഭൂമികുലുക്കത്തിന്റെ ശക്തിയില്‍ അത്‌ പൊട്ടിത്തെറിച്ചു. ലാവയും ചാരവും പാറത്തരികളും പ്രവഹിക്കാന്‍ തുടങ്ങി. 2,451 മീറ്റര്‍ ഉയരമുള്ള അഗ്‌നിപര്‍വതത്തില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ ഉയരത്തില്‍ ചാരപ്പുക ഉയര്‍ന്നെങ്കിലും മേഖലയില്‍ വ്യോമഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ചാരപ്പുക ശ്വാസകോശത്തില്‍ കയറുന്നത്‌ തടയാന്‍ മുഖാവരണങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌.

2010, ഓഗസ്റ്റ് 29, ഞായറാഴ്‌ച

ഡോക്‌ടറുടെ അനാസ്ഥയും അമ്മയുടെ ചൂടും

മരിച്ചതായി വിധിയെഴുതിയ കുഞ്ഞ്‌ അമ്മയുടെ ചൂടേറ്റ്‌ ജീവിതത്തിലേക്ക്‌ തിരിച്ചുവന്നു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ്‌ 'ദിവ്യാത്ഭുതം' നടന്നത്‌.കുഞ്ഞ്‌ പ്രസവ സമയം തന്നെ മരിച്ചെന്ന്‌ വിധിയെഴുതിയാണ്‌ 27 ആഴ്‌ച മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിനെ അമ്മക്ക്‌ കെയ്‌റ്റ്‌ ഡോക്ടര്‍ കൈമാറിയത്‌. പൊന്നോമനയ്‌ക്ക്‌ യാത്രാമൊഴിയെന്നോണം മാറോട്‌ ചേര്‍ത്തു തലോടിയും കൈകളില്‍ താലോലിച്ചും അമ്മ ചൂട്‌ പകര്‍ന്നപ്പോള്‍ രണ്ടു മണിക്കൂറിനു ശേഷം കുഞ്ഞ്‌ പതുക്കെ കണ്ണു തുറന്നു. ചുണ്ടില്‍ മുലപ്പാല്‍ തൊട്ടുനല്‌കിയപ്പോള്‍ കുഞ്ഞിന്റെ ശ്വാസോച്ഛ്വസവും സാധാരണനിലയിലായി.എന്നാല്‍ കുഞ്ഞ്‌ ജീവിച്ചിരിക്കുന്നതായി അറിയിച്ചിട്ടും ഡോക്ടര്‍ വിശ്വസിച്ചില്ല. കുഞ്ഞിന്റെ അനക്കം വീഡിയോയില്‍ പകര്‍ത്തിക്കാണിച്ചപ്പോള്‍ ഡോക്ടര്‍ മടങ്ങിയെത്തി ശുശ്രൂഷ നല്‌കാന്‍ തയ്യാറാവുകയും ചെയ്‌തു.അഞ്ചു മാസം മുമ്പ്‌ നടന്ന സംഭവം ശനിയാഴ്‌ചയാണ്‌ കെയ്‌റ്റും ഭര്‍ത്താവ്‌ ഡേവിഡ്‌ ഓഗും ഒരു ടി.വി. പരിപാടിയില്‍ വെളിപ്പെടുത്തിയത്‌. ജാമി ഓഗ്‌ എന്ന്‌ പേരിട്ടിരിക്കുന്ന 'അത്ഭുതശിശു'വും ഇരട്ട സഹോദരിയായ എമിലിയും അച്ഛനമ്മമാര്‍ക്കൊപ്പം പരിപാടിക്കെത്തിയിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്‌ കെയ്‌റ്റും ഭര്‍ത്താവും.

2010, ഓഗസ്റ്റ് 26, വ്യാഴാഴ്‌ച

ഓപ്പറേഷന്‍ സമൂസ

സമൂസ എന്നു കേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൂറുന്നോ. എന്നാല്‍ കൊതിയൂറാന്‍ വരട്ടെ. ഇതത്ര പന്തിയുള്ള കാര്യമല്ല. ഓപ്പറേഷന്‍ സമൂസ എന്നാല്‍ സമൂസ കീറി മുറിച്ച്‌ തിന്നുക എന്നര്‍ഥമാക്കല്ലേ, എന്താണന്നല്ലേ?. കാനഡയില്‍ ഭീകരാക്രമണം നടത്താനുള്ള അല്‍ ഖാഇദ പദ്ധതിയുടെ പേരാണ്‌ ഓപ്പറേഷന്‍ സമൂസ. പദ്ധതി കാനഡയിലെ സുരക്ഷാ ഏജന്‍സികള്‍ തകര്‍ത്തു. രണ്ട്‌ പേരെ കസ്റ്റഡിയിലെടുത്തു. ഒരാള്‍ ഇന്ത്യക്കാരനാണ്‌. മിസ്‌ബാഹുദ്ദീന്‍ അഹമദ്‌ എന്നയാളാണ്‌ പിടിയിലായ ഇന്ത്യക്കാരന്‍. അഹമദ്‌ ഇഹ്‌സാന്‍ എന്നതാണ്‌ രണ്ടാമന്റെ പേര്‌. മിസ്‌ബാഹുദ്ദീന്‍ ജനിച്ചത്‌ ഇന്ത്യയിലാണെങ്കിലും ഏറെക്കാലം സൗദി അറേബ്യയിലായിരുന്നുവെന്ന്‌ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌.

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

അഴിയാക്കുരുക്ക്‌


ചൈനയിലെ ഗതാഗതക്കുരുക്കിനു മുമ്പില്‍ നമിക്കാം. ഇതിനു മുമ്പില്‍ മറ്റു സ്ഥലങ്ങളിലെ ഗതാഗതക്കുരുകള്‍ ശിരസ്സു താഴ്‌ത്തട്ടെ. ചൈനീസ്‌ തലസ്ഥാനമായ ബീജിംഗില്‍നിന്ന്‌ ഴാങ്‌ജിക്കോവിലേക്കുള്ള ഹൈവേയിലാണ്‌ ഗതാഗതക്കുരുക്ക്‌ ചരിത്രം സൃഷ്‌ടിച്ചത്‌. കുരുക്ക്‌ ഇന്നലെ പത്ത്‌ ദിവസം പിന്നിട്ടു. ഹൈവേയുടെ ചില ഭാഗത്ത്‌ കല്‍ക്കരിപ്പാടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ റോഡ്‌ നിര്‍മാണം മുടങ്ങിയതാണ്‌ ഗതാഗത സ്‌തംഭനത്തിനു ഇടയാക്കിയത്‌. ട്രാഫിക്‌ ജാം ഇപ്പോള്‍ 60 മൈല്‍ നീണ്ടു. റോഡില്‍ കുടുങ്ങിയ ഡ്രൈവര്‍മാര്‍ ഉറങ്ങിയും ചുറ്റിക്കറങ്ങിയും കാര്‍ഡ്‌സും ചെസ്സും കളിച്ചുമാണ്‌ സമയം നീക്കുന്നത്‌.

ഇന്ത്യക്കാരന്‍ തന്നെ, മാപ്പ്‌

പൗരത്വ വിവാദത്തില്‍ ചെസ്‌ ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനോട്‌ കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ മാപ്പു പറഞ്ഞു. ആനന്ദ്‌ ഇന്ത്യന്‍ പൗരന്‍ തന്നെയാണ്‌. അദ്ദേഹത്തിന്റെ പൗരത്വത്തില്‍ തന്റെ മന്ത്രാലയം ഒരിക്കലും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും ഡോക്‌ടറേറ്റ്‌ സ്വീകരിക്കാന്‍ ആനന്ദ്‌ സമ്മതിച്ചിട്ടുള്ളതായും ആനന്ദിനെ ടെലിഫോണ്‍ ചെയ്‌ത്‌ താന്‍ ഖേദം പ്രകടപ്പിച്ചതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ആനന്ദിന്‌ ഡോക്‌ടറേറ്റ്‌ നല്‍കാനുള്ള ഹൈദരാബാദ്‌ സര്‍വകലാശാലയുടെ തീരുമാനമാണ്‌ വിവാദമായത്‌. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉണ്ടെങ്കിലും വര്‍ഷങ്ങളായി സ്‌പെയിനില്‍ സ്ഥിരതാമസക്കാരനായ ആനന്ദിന്റെ പൗരത്വത്തില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം സംശയം പ്രകടിപ്പിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ ഡോക്‌ടറേറ്റ്‌ സ്വീകരിക്കുന്നതില്‍നിന്ന്‌ പിന്‍മാറിയ ആനന്ദ്‌ താന്‍ ഇന്ത്യന്‍ പൗരനാണെന്നും ഇന്ത്യന്‍ പതാകയുടെ കീഴിലാണ്‌ താന്‍ മത്സരത്തിനിറങ്ങുന്നതെന്നും പ്രതികരിച്ചിരുന്നു. ആനന്ദിന്‌ ഉചിതമായ സമയത്ത്‌ ഡോക്‌ടറേറ്റ്‌ സ്വീകരിക്കാവുന്നതാണ്‌. വിവാദമുണ്ടായ ഉടന്‍ തന്നെ താന്‍ നേരിട്ട്‌ അതില്‍ ഇടപെടുകയും മാപ്പു ചോദിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തിട്ടുണ്ട്‌- കപില്‍ സിബല്‍ പറഞ്ഞു. ആനന്ദ്‌ രാജ്യത്തിന്‌ വേണ്ടി ചെയ്‌ത സേവനങ്ങള്‍ മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ യശസ്‌ ഉയര്‍ത്തിയ താരമാണ്‌ ആനന്ദ്‌. ആഗോള അംഗീകാരം നേടിയ എല്ലാ താരങ്ങളും നമ്മുടെ അഭിമാനപാത്രങ്ങളാണ്‌- അദ്ദേഹം പറഞ്ഞു.

2010, ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

കുടിയന്‍മാര്‍ ഗിന്നസിലേക്ക്‌

ഇങ്ങനെ പോയാല്‍ കേരളാ കുടിയന്‍മാര്‍ ഗിന്നസിന്റെ തലപ്പത്തിരിക്കും. ഓണം നാളുകളില്‍(6 ദിവസം കൊണ്ട്‌) സംസ്ഥാനത്തെ മദ്യപര്‍ കുടിച്ചു വറ്റിച്ചത്‌ 155.69 കോടി രൂപയുടെ മദ്യം. ഓണത്തിന്‌ 200 കോടി രൂപയുടെ മദ്യമാണ്‌ വിപണിയിലെത്തിയത്‌. കഴിഞ്ഞ ഓണക്കാലത്ത്‌ ബിവറേജസ്‌ കോര്‍പറേഷന്റെ ആറ്‌ ദിവസത്തെ വിറ്റുവരവ്‌ 132 കോടി രൂപയായിരുന്നു.തിരുവോണ ദിനത്തില്‍ മാത്രം വിറ്റത്‌ 30 കോടി രൂപയുടെ മദ്യം. കഴിഞ്ഞ ഓണക്കാലത്തേക്കാള്‍ 18 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടന്നത്‌ തൃശൂര്‍ ജില്ലയിലെ ചാലക്കുടി ഔട്ട്‌ലെറ്റിലാണ്‌. ഉത്രാടത്തലേന്നു മാത്രം 29.44 ലക്ഷം രൂപയുടെ വില്‍പന ഇവിടെ നടന്നു. രണ്ട്‌ ദിവസത്തെ വില്‍പന 40 ലക്ഷം രൂപ. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്‌ റമ്മിനാണ്‌. തൊട്ടു പിന്നിലുള്ളത്‌ ബ്രാന്‍ഡി. തിരുവനന്തപുരം ബാലരാമപുരത്തെ ബിവറേജസ്‌ കോര്‍പറേഷന്റെ ഔട്ട്‌ലെറ്റാണ്‌ വില്‍പനയില്‍ രണ്ടാം സ്ഥാനത്ത്‌. 22 ലക്ഷം രൂപയുടെ വില്‍പന ഇവിടെ നടന്നു. മൂന്നാം സ്ഥാനത്ത്‌ കരുനാഗപ്പള്ളി, 21 ലക്ഷം രൂപ. 2009-10 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പനയിലൂടെ സംസ്ഥാന ഖജനാവിലെത്തിയത്‌ 4259.80 കോടി രൂപ. ഈ വര്‍ഷം ഇതില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നു.

ജനസേവനത്തിന്റെ കൂലി നമ്പര്‍ 3

എം.പി മാരുടെ ആനുകൂല്യങ്ങളിലും വര്‍ധന. കേന്ദ്ര മന്ത്രിസഭായോഗമാണ്‌ തീരുമാനമെടുത്തത്‌. മണ്ഡല അലവന്‍സ്‌, ഓഫീസ്‌ അലവന്‍സ്‌ എന്നിവ 5,000 രൂപ വീതം വര്‍ധിക്കും. പ്രതിമാസ ശമ്പളം നേരത്തെതന്നെ 50,000 രൂപ ആയി വര്‍ധിപ്പിച്ചിരുന്നു. എം.പിമാരുടെ ശമ്പളം മൂന്നിരട്ടി വര്‍ധിപ്പിക്കാനാണ്‌ നേരത്തെ മന്ത്രിസഭ തീരുമാനമെടുത്തത്‌. പ്രതിമാസ ശമ്പളം ഇതോടെ 16,000 രൂപല്‍നിന്ന്‌ 50,000 രൂപ ആയി. എന്നാല്‍ ഇതില്‍ തൃപ്‌തരാകാതെ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റ്‌ സ്‌തംഭിപ്പിച്ചു. ഇതാണ്‌ ആനുകൂല്യങ്ങളില്‍ള്‍ 10,000 രൂപ കൂടി വര്‍ധനക്ക്‌ കാരണം.പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്‌ത 80,001 രൂപ ശമ്പളമാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മുലായം സിങ്‌ യാദവ്‌, ലാലു പ്രസാദ്‌ യാദവ്‌ തുടങ്ങിയ എം.പിമാര്‍ സഭയില്‍ ബഹളമുണ്ടാക്കിയത്‌. തുടര്‍ന്ന്‌ ഇവര്‍ അടക്കമുള്ള നേതാക്കളുമായി ധനമന്ത്രി പ്രണബ്‌ മുഖര്‍ജി ചര്‍ച്ച നടത്തി. 16,000 രൂപ ശമ്പളവും പാര്‍ലമെന്റ്‌ ചേരുന്ന ഓരോ ദിവസത്തിനും 1,000 രൂപഅലവന്‍സുമാണ്‌ നിലവില്‍ എം.പിമാര്‍ക്ക്‌ ലഭിക്കുന്നത്‌. പ്രതിമാസം 20,000 രൂപ മണ്ഡല അലവന്‍സ്‌, 20,000 രൂപ ഓഫീസ്‌ അലവന്‍സ്‌ എന്നിവക്ക്‌ പുറമെയാണിത്‌.

2010, ഓഗസ്റ്റ് 22, ഞായറാഴ്‌ച

55 കാരിക്ക്‌ സ്വയംവരം

അഹമ്മദാബാദിലെ ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സ ഗ്രാമത്തില്‍ നിന്നൊരു സ്വയംവര വാര്‍ത്ത. സ്വയംവരത്തെക്കുറിച്ച്‌ പുരാണകഥകളില്‍ വായിച്ചറിഞ്ഞവര്‍ക്ക്‌ ഒരു നേര്‍ക്കാഴ്‌ച. ഭാനുമതി റാവല്‍ എന്ന 55-കാരി വിധവയാണ്‌ തന്റെ ഗ്രാമത്തിലെ സമപ്രായക്കാരായ 36 പേരില്‍നിന്ന്‌ തന്റെ ഇണയെ കണ്ടെത്തിയത്‌. രാജേന്ദ്ര റാവല്‍ ആണ്‌ ഭാനുമതിയുടെ വരന്‍. വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ്‌ ഇങ്ങനെയൊരു രീതി സ്വീകരിച്ചതെന്നും പങ്കാളിയെ തിരഞ്ഞെടുത്ത രീതിയില്‍ സന്തോഷമുണ്ടെന്നും ഭാനുമതി റാവല്‍ പറയുന്നു. രാജേന്ദ്ര റാവലിനും ഏതാണ്ട്‌ ഇതേ അഭിപ്രായം. ജീവിതാന്ത്യം വരെ സന്തോഷം പകരാന്‍ ഭാനുമതിക്ക്‌ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി രാജേന്ദ്ര റാവല്‍ പറഞ്ഞു. ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതൃത്വത്തിലാണ്‌ സ്വയംവരം നടന്നത്‌. 36 പേര്‍ പങ്കെടുത്ത ആദ്യ റൗണ്ടില്‍നിന്ന്‌ 10 പേര്‍ ഫൈനലിലെത്തി. പിന്നീട്‌ എലിമിനേഷന്‍ പ്രകാരം മൂന്ന്‌ പേര്‍ മാത്രമായി. ഇതില്‍നിന്നാണ്‌ രാജേന്ദ്രയെ തെരഞ്ഞെടുത്തത്‌.

അംബാനി ഔട്ട്‌?

അടുത്തു തന്നെ ഇന്ത്യയിലെ ഏറ്റവും ധനികനെന്ന പദവിയില്‍നിന്ന്‌ മുകേഷ്‌ അംബാനി പുറത്താവുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ആ സ്ഥാനത്തേക്ക്‌ പ്രവാസി ഇന്ത്യക്കാരനായ അനില്‍ അഗര്‍വാളിനാണ്‌ സാധ്യത.കെയറിന്‍ എനര്‍ജിയുടെ ഇന്ത്യയിലെ ബിസിനസ്‌ ഏറ്റെടുക്കുന്നതിലൂടെയാണ്‌ ഈ പ്രവാസി ഇന്ത്യയില്‍ ഒന്നാമതെത്താന്‍ പോകുന്നത്‌. മുകേഷ്‌ അംബാനിയാണ്‌ കാലങ്ങളായി ഈ പദവിയിലുള്ളത്‌. കെയറിന്‍ ഇന്ത്യക്കൊപ്പം സ്റ്റെര്‍ലൈറ്റ്‌ എനര്‍ജിയുടെ ഐ.പി.ഒ പുറത്തിറക്കുന്നതിലൂടെ അനില്‍ അഗര്‍വാളിന്റെ മൊത്തം ആസ്‌തി 1,67,000 കോടി രൂപയാകും. മുകേഷ്‌ അംബാനിയുടെ നിലവിലെ ആസ്‌തി 1,45,275 കോടി. മുകേഷിന്റെ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ (ആര്‍.ഐ.എല്‍) തന്നെയാണ്‌ അനില്‍ അഗര്‍വാളിന്റെ വേദാന്തയേക്കാള്‍ സമ്പന്ന ഗ്രൂപ്പ്‌. അഗര്‍വാള്‍ മെറ്റല്‍, മൈനിംഗ്‌ രംഗത്തും മുകേഷ്‌ പെട്രോകെമിക്കല്‍സ്‌ രംഗത്തുമാണ്‌ തിളങ്ങുന്നത്‌. കെയറിന്‍ ഇന്ത്യ വാങ്ങുന്നതിലൂടെ അഗര്‍വാള്‍ എണ്ണ വ്യാപാരത്തിലേക്കും കടക്കുകയാണ്‌.

2010, ഓഗസ്റ്റ് 21, ശനിയാഴ്‌ച

ക്രൂരതക്കൊരു പുതു രൂപം

രണ്ടു വയസ്സുകാരിയെ നാലംഗ സംഘം ഓടുന്ന ട്രെയിനില്‍നിന്ന്‌ പുറത്തേക്കെറിഞ്ഞു കൊന്നു. ഉത്തര്‍പ്രദേശിലെ ലളിത്‌പൂര്‍ ജില്ലയിലാണ്‌ സംഭവം. ഝാന്‍സി-ബിന ട്രെയിനില്‍നിന്നാണ്‌ രാം കിഷോര്‍-ഫൂല്‍ കുമാരി ദമ്പതികളുടെ മകള്‍ നിഷയെ പുറത്തേക്കെറിഞ്ഞത്‌. പ്രശ്‌നം സീറ്റുതര്‍ക്കം.ദമ്പതികള്‍ ഇരുന്ന സീറ്റിലായിരുന്നു നാലു പേര്‍ അടങ്ങുന്ന സംഘം ആദ്യം ഇരുന്നത്‌. ഇവര്‍ കറങ്ങിയടിച്ചപ്പോള്‍ കാലിയായിക്കിടന്ന സീറ്റില്‍ ദമ്പതികളിരുന്നു. പിന്നീട്‌ തിരിച്ചെത്തിയ ഇവര്‍ ദമ്പതികളോട്‌ സീറ്റ്‌ മാറാന്‍ ആവശ്യപ്പെട്ടു. തയ്യാറല്ലെന്ന്‌ ദമ്പതികള്‍ അറിയിച്ചതോടെ വാക്‌തര്‍ക്കമായി. ദമ്പതികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അതിനിടെ കുട്ടിയെ പുറത്തേക്ക്‌ വലിച്ചെറിഞ്ഞു. കുട്ടി തല്‍ക്ഷണം മരിച്ചു. ഇതോടെ നാലംഗ സംഘം രക്ഷപ്പെടുകയും ചെയ്‌തു. ലളിത്‌പൂരില്‍നിന്ന്‌ ബിനായിലേക്ക്‌ പോകുയായിരുന്നു ദമ്പതികള്‍. പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

ഷരപോവയുടെ വില

ഏറ്റവുമധികം വേതനം ലഭിക്കുന്ന വനിതാ കായിക താരം മരിയ ഷരപോവ. കഴിഞ്ഞ വര്‍ഷം ഷരപോവ നേടിയത്‌ 2.45 കോടി ഡോളറായിരുന്നു (115 കോടിയോളം രൂപ). ഇതില്‍ 10 ലക്ഷം ഡോളര്‍ മാത്രമാണ്‌ പ്രൈസ്‌ മണിയായി കിട്ടിയത്‌. ബാക്കി പരസ്യങ്ങളില്‍നിന്നും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന്‌ കിട്ടിയ തുകയില്‍ നിന്നുമാണ്‌. 2004 ല്‍ പതിനേഴാം വയസ്സില്‍ വിംബിള്‍ഡണ്‍ നേടിയാണ്‌ റഷ്യന്‍ സുന്ദരി ലോക ശ്രദ്ധയിലേക്കു വന്നത്‌. വൈകാതെ ലോകോത്തര ബ്രാന്‍ഡുകള്‍ ഷരപോവയുടെ സൗന്ദര്യം മുതലാക്കാന്‍ രംഗത്തെത്തി. ഷരപോവയുടെ ഏറ്റവും വലിയ കരാര്‍ നൈക്കിയുമായാണ്‌. എട്ടു വര്‍ഷത്തേക്ക്‌ അവര്‍ നല്‍കുന്നത്‌ ഏഴു കോടി ഡോളറാണ്‌ (325 കോടിയിലേറെ രൂപ).വരുമാനപ്പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വില്യംസ്‌ സഹോദരിമാരായ സെറീനയും വീനസുമാണ്‌. സെറീനയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 2.02 കോടി ഡോളറാണ്‌ (94 കോടി രൂപ). വീനസിന്റേത്‌ 1.54 കോടി ഡോളറും (72 കോടി രൂപ). ഫോബ്‌സ്‌ മാഗസിന്റേതാണ്‌ കണ്ടെത്തല്‍.

ജനസേവനത്തിന്റെ കൂലി നമ്പര്‍ 2

പാര്‍ലമെന്റ്‌ അംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ വര്‍ധിപ്പിച്ചു. എം.പിമാരുടെ ശമ്പളം 16000 രൂപയില്‍ നിന്ന്‌ 50000 രൂപയാക്കിയാണ്‌ ഉയര്‍ത്തിയത്‌. മുന്നൂറ്‌ ശതമാനത്തിലധികം ശമ്പള വര്‍ധനവ്‌. കൂടാതെ 20,000 രൂപ മണ്ഡല അലവന്‍സും കൂടുതല്‍ വിമാന ടിക്കറ്റുകളും അടക്കം മറ്റ്‌ നിരവധി ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്‌. എന്നാലോ, അത്‌ പേരെന്ന്‌ പറഞ്ഞ്‌ ആര്‍.ജെ.ഡി, സമാജ് വാദി എം.പിമാര്‍ ബഹളം വെച്ചു. ലോക്‌സഭ തടസ്സപ്പെടുകയും ചെയ്‌തു. കേന്ദ്രമന്ത്രി സഭാ സമിതി അംഗീകരിച്ച പ്രഖ്യാപിത വര്‍ധന നാമമാത്രമാണെന്നാണ്‌ എം.പിമാരുടെ നിലപാട്‌. ഇനിയും വര്‍ധിപ്പിക്കട്ടെ, അവര്‍ക്ക്‌ ജനസേവനം ചെയ്യാനുള്ളതല്ലേ?.

2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

ജനസേവനത്തിന്റെ കൂലി

വരുമാനത്തില്‍ ഒന്നാമന്‍ കോണ്‍ഗ്രസ്‌. ആസ്‌തിയുടെ വളര്‍ച്ചാ നിരക്കില്‍ ഒന്നാമന്‍ ബി.എസ്‌.പിയും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെക്കുറിച്ച്‌ വിവരാവകാശനിയമ പ്രകാരം ലഭിച്ച കണക്കാണിത്‌. 2009 മാര്‍ച്ച്‌ 31 വരെയുള്ള കണക്കനുസരിച്ച്‌ 497 കോടി രൂപയാണ്‌ കോണ്‍ഗ്രസിന്റെ വരുമാനം. തൊട്ടു പിന്നിലുള്ള മൂന്നു പാര്‍ട്ടികളുടെ ആകെ വരുമാനത്തേക്കാള്‍ കൂടുതലാണിത്‌. രണ്ടാമന്‍ ബി.ജെ.പിക്ക്‌ 220 കോടി രൂപയും ബി.എസ്‌.പിക്ക്‌ 182 കോടി രൂപയുമാണ്‌ വരുമാനം. നാലാം സ്ഥാനത്തുള്ള സി.പി.എമ്മിന്‌ 63 കോടി രൂപ. എന്‍.സി.പി 40 കോടി, സമാജ്‌വാദി പാര്‍ട്ടി 39 കോടി, ആര്‍.ജെ.ഡി നാലു കോടി, സി.പി.ഐ ഒരു കോടി രൂപ എന്നിങ്ങനെ പോകുന്നു മറ്റു പാര്‍ട്ടികളുടെ കണക്കുകള്‍. 2002-03 മുതല്‍ 2009-10 വരെ ആസ്‌തിയില്‍ ഏറ്റവും കൂടിയ വളര്‍ച്ചനിരക്ക്‌ ബി.എസ്‌.പിക്കാണ്‌ 59 ശതമാനം. എന്‍.സി.പിക്ക്‌ 51ഉം സമാജ്‌വാദി പാര്‍ട്ടിക്ക്‌ 44 ശതമാനവുമാണ്‌ വളര്‍ച്ച. മൂലധനത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസാണ്‌ മുന്നില്‍. കോണ്‍ഗ്രസിന്റെ മൂലധനം 549 കോടി രൂപയാണ്‌. രണ്ടാം സ്ഥാനത്തുള്ള ബി.എസ്‌.പിക്ക്‌ 286 കോടിയും ബി.ജെ.പിക്ക്‌ 246 കോടിയും സി.പി.എമ്മിന്‌ 185 കോടിയുമാണ്‌ മൂലധനം. ഏറ്റവുമധികം തുക ബാങ്ക്‌ വായ്‌പയെടുത്തത്‌ കോണ്‍ഗ്രസാണ്‌ 49 കോടി രൂപ. ബി.ജെ.പി. 13 കോടി രൂപ വായ്‌പയെടുത്തു.

2010, ഓഗസ്റ്റ് 18, ബുധനാഴ്‌ച

നാരീ പാന ദുരന്തം

നാരികള്‍ മദ്യമടിക്കാറുണ്ട്‌. മദ്യമടിച്ച്‌ കാറോട്ട മത്സരം നടത്തിയാലോ. ഇതാ ഒരു ചണ്ഡീഗഢ്‌ വിശേഷം. നഗരത്തിലെ അതീവ സുരക്ഷാ മേഖലയില്‍ മദ്യ ലഹരയില്‍ വാഹനമോടിച്ച കുമാരിമാരുടെ ക്രൂര വിനോദം എടുത്തത്‌ രണ്ട്‌ ജീവനുകള്‍. മദ്യപിച്ച്‌ പൂക്കുറ്റിയായപ്പോള്‍ ഇനി കാറോട്ട മത്സരം നടത്തിയാലോ എന്ന ചിന്തയില്‍ രണ്ട്‌ സംഘം പെണ്‍കുട്ടികള്‍ ചൊവ്വാഴ്‌ച രാത്രി നഗരത്തിലിറങ്ങി. പഞ്ചാബ്‌-ഹരിയാന മുഖ്യമന്ത്രിമാര്‍ താമസിക്കുന്ന സെക്‌ടര്‍ ത്രീ എന്ന അതീവ സുരക്ഷാ മേഖലയാണെന്നതൊന്നും അവര്‍ക്ക്‌ തടസ്സമായില്ല. ഒരു സംഘം ഹോണ്ട അക്കോര്‍ഡിലും മറ്റൊരു ബാച്ച്‌ മാരുതി സ്വിഫ്‌റ്റിലുമാണ്‌ നഗരവീഥികളെ കൈയിലെടുത്ത്‌ അമ്മാനമാടിയത്‌. ചീറിപ്പാഞ്ഞ ഇവരുടെ വാഹനങ്ങളിലൊന്ന്‌ റോഡിലൂടെ പോവുകയായിരുന്ന മോട്ടോര്‍ ബൈക്കിനെ ഇടിച്ച്‌ തെറിപ്പിച്ചു. അപകടത്തില്‍്‌ ഒരു കുട്ടിയുള്‍പ്പെടെ രണ്ട്‌ പേര്‍ മരിച്ചു. ഒരു കാര്‍ പറക്കലാണ്‌ നടത്തിയതെന്ന്‌ കണ്ടുനിന്നവര്‍ പറയുന്നു. സുഖ്‌നാ തടാകം മുതല്‍ സെക്‌ടര്‍ ത്രീ റോഡ്‌ വരെ ഇവര്‍ പറന്നു. ഇരുപത്തിയൊന്ന്‌ വയസ്സുള്ള യുവാവും അഞ്ച്‌ വയസ്സുള്ള ബാലനുമാണ്‌ മരിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ കുട്ടിയുടെ ശരീര ഭാഗങ്ങള്‍ നിരവധി മീറ്ററുകള്‍ ഉയരത്തില്‍ പറന്നുയരുകയും ചെയ്‌തു. സുഖ്‌വീന്ദറാണ്‌ മരിച്ച യുവാവ്‌. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടി സംഭവ സ്ഥലത്തു വെച്ചും യുവാവ്‌ ആശുപത്രിയില്‍ വെച്ചുമാണ്‌ മരിച്ചത്‌. സംഭവത്തിനു ശേഷം കുമാരിമാരെല്ലാം സ്വിഫ്‌റ്റ്‌ കാറില്‍ രക്ഷപ്പെട്ടു. അപകടത്തില്‍ തകര്‍ന്ന ഹോണ്ട അക്കോര്‍ഡ്‌ സംഭവ സ്ഥലത്ത്‌ ഉപേക്ഷിച്ചാണ്‌ കുമാരിമാര്‍ രംഗം വിട്ടത്‌. ഈ കാറിന്‌ വി.ഐ.പി രജിസ്‌ട്രേഷന്‍ നമ്പറാണ്‌. പട്ടാളത്തില്‍നിന്ന്‌ വിരമിച്ച ലെഫ്‌. കേണലിന്റെ പേരിലാണ്‌ രജിസ്‌ട്രേഷന്‍. സംഭവത്തില്‍ പോലീസ്‌ കേസെടുത്തുവെങ്കിലും ഇതേവരെ അറസ്റ്റൊന്നും ഇല്ല.

2010, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

വിമാനം അടിച്ചുമാറ്റി

എന്തും മോഷ്ടിക്കപ്പെടാം, വിമാനവും. വെനസ്വേല തലസ്ഥാനത്തെ മെക്വെറ്റിയ വിമാനത്താവളത്തില്‍നിന്ന്‌ ചെറുവിമാനം മോഷണം പോയി. വെള്ളി രാത്രിയോ ശനി പുലര്‍ച്ചയോയാണ്‌ മോഷണം. വിവരം ലോകരറിയുന്നത്‌ തിങ്കളാഴ്‌ച.കാര്‍ഷിക വ്യവസായ സ്ഥാപനമായ യുരുഗ്വാനയുടെതാണ്‌ വിമാനം. വിമാനത്താവളത്തിന്റെ ഹാംഗറില്‍ നിര്‍ത്തിയതായിരുന്നു. വെള്ളിയാഴ്‌ച വിമാനം അവിടെ കണ്ടവരുണ്ട്‌. പിന്നീട്‌ കണ്ടവരില്ല. പറന്നുയര്‍ന്ന വിവരങ്ങള്‍ രേഖയിലില്ല.മയക്കുമരുന്നു കടത്തുകാര്‍ വിമാനം കടത്തിയിരിക്കാം എന്നാണ്‌ പോലീസ്‌ ഭാഷ്യം. പറന്നുയരാന്‍ 100 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേ മതി എന്നതുകൊണ്ട്‌ ഈ ചെറുവിമാനം ഹാംഗറില്‍നിന്നുതന്നെ പറന്നിട്ടുണ്ടാകുമെന്നാണ്‌ കരുതുന്നത്‌.

2010, ഓഗസ്റ്റ് 16, തിങ്കളാഴ്‌ച

മന്ത്രി വാഴാത്തിടം സുരേന്ദ്രന്‍ പിള്ള

തുറമുഖ, യുവജനകാര്യ മന്ത്രി വി. സുരേന്ദ്രന്‍ പിള്ള മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിക്കും. മന്ത്രിമാര്‍ വാഴാത്തിടമെന്ന കുപ്രസിദ്ധിയുള്ള മന്‍മോഹനിലേക്കാണ്‌ ധൈര്യപൂര്‍വം പിള്ള കുടുംബസമേതം പാര്‍ക്കാന്‍ വരുന്നത്‌. ക്ഷേത്രദര്‍ശനത്തിന്‌ ശേഷമാകും ഉത്രാടനാളിലെ ഗൃഹപ്രവേശം. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണ്‌ മന്ത്രി വീട്‌ മാറുന്നത്‌. സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ക്ക്‌ വിശ്രമിക്കാനുള്ള സ്ഥലം പോലും ഈ വീട്ടിലില്ലത്രേ. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ വീട്ടില്‍ നിന്നുതിരിയാന്‍ ഇടമില്ലാത്ത അവസ്ഥയാണ്‌. വി.എസ്‌ മന്ത്രിസഭയിലെ നാല്‌ മന്ത്രിമാര്‍ താമസിച്ച വീടാണ്‌ മന്‍മോഹന്‍ ബംഗ്ലാവ്‌. നാല്‌ പേരും വൈകാതെ കുടിയൊഴിഞ്ഞു. ആദ്യം പടിയിറങ്ങിയത്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. വീട്‌ മോടിപിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നായിരുന്നു ഇത്‌. പി.ജെ. ജോസഫിനും ടി.യു. കുരുവിളക്കും മോന്‍സ്‌ ജോസഫിനും മന്ത്രിസ്ഥാനം നഷ്‌ടമാവുകയും ചെയ്‌തു. എന്നാലോ ഇത്തരം കാര്യങ്ങളിലൊന്നും വിശ്വാസമില്ലാതെ സുഖമായി ബംഗ്ലാവില്‍ താമസിച്ചവരുമുണ്ട്‌. എം.വി. രാഘവന്‍ മന്ത്രിയായി മന്‍മോഹനില്‍ അഞ്ചു വര്‍ഷമാണ്‌ താമസിച്ചത്‌.

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

സൗഹൃദപൂര്‍വം കാട്ടുകോഴികള്‍

മനുഷ്യരെ കാണുമ്പോള്‍ ഭയന്നോടുകയും ഒരിക്കലും മുന്നില്‍ പരമാവധി പ്രത്യക്ഷപ്പെടാതിരിക്കുകയും ചെയ്യുന്ന പക്ഷിയാണ്‌ കാട്ടുകോഴികള്‍. എന്നാല്‍ ധാരണ തിരുത്തുകയാണ്‌ ഒരുപറ്റം കാട്ടുകോഴികള്‍. വീട്ടുമുറ്റത്ത്‌ മുറ തെറ്റാതെ എത്തുന്ന കാട്ടുകോഴികള്‍ പ്രദേശവാസികള്‍ക്ക്‌ കൗതുകമാവുന്നു. കാഞ്ഞങ്ങാട്‌ എരുമക്കളത്തെ ഗംഗാധരന്റെ വീട്ടിലാണ്‌ കാട്ടുകോഴികള്‍ സ്ഥിരമായെത്തുന്നത്‌. കൊടുക്കുന്ന തീറ്റകള്‍ തിന്ന്‌ കാട്ടിലേക്കുതന്നെ തിരിച്ചുപോകുകയും ചെയ്യും.ആദ്യമാദ്യം മടിച്ചു മടിച്ചായിരുന്നു ഇവരുടെ വരവ്‌. ദിവസേന ധാന്യങ്ങള്‍ കൊടുത്തു തുടങ്ങിയതോടെ വരവ്‌ പതിവാക്കി. ഒരു ജോടിയായിരുന്നു ആദ്യം എത്തിയത്‌. ഇപ്പോള്‍ പത്തോളം ജോടികള്‍ ഗംഗാധരന്റെ വീട്ടുമുറ്റത്ത്‌ എത്തുന്നു.ചെറിയ കോഴിക്കുഞ്ഞുങ്ങളെ പോലെ കരയുന്ന കാട്ടുകോഴികളില്‍ പൂവനെയും പിടയെയും തിരിച്ചറിയുക പ്രയാസമാണ്‌. സൂക്ഷിച്ചു നോക്കിയാല്‍ കാലിന്റെ അല്‍പം മുകളിലായി മുള്ള്‌ പോലെയുള്ള വിരലുള്ളതാണ്‌ പിട. കാട്ടുകോഴി നാടന്‍ കോഴിയെ പോലെ മനുഷ്യനുമായി ഇണങ്ങുന്നത്‌ അപൂര്‍വം.