വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ഓഗസ്റ്റ് 24, ചൊവ്വാഴ്ച

ഇന്ത്യക്കാരന്‍ തന്നെ, മാപ്പ്‌

പൗരത്വ വിവാദത്തില്‍ ചെസ്‌ ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനോട്‌ കേന്ദ്ര മാനവശേഷി വികസന മന്ത്രി കപില്‍ സിബല്‍ മാപ്പു പറഞ്ഞു. ആനന്ദ്‌ ഇന്ത്യന്‍ പൗരന്‍ തന്നെയാണ്‌. അദ്ദേഹത്തിന്റെ പൗരത്വത്തില്‍ തന്റെ മന്ത്രാലയം ഒരിക്കലും സംശയം പ്രകടിപ്പിച്ചിട്ടില്ലെന്നും ഡോക്‌ടറേറ്റ്‌ സ്വീകരിക്കാന്‍ ആനന്ദ്‌ സമ്മതിച്ചിട്ടുള്ളതായും ആനന്ദിനെ ടെലിഫോണ്‍ ചെയ്‌ത്‌ താന്‍ ഖേദം പ്രകടപ്പിച്ചതായും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ആനന്ദിന്‌ ഡോക്‌ടറേറ്റ്‌ നല്‍കാനുള്ള ഹൈദരാബാദ്‌ സര്‍വകലാശാലയുടെ തീരുമാനമാണ്‌ വിവാദമായത്‌. ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌ ഉണ്ടെങ്കിലും വര്‍ഷങ്ങളായി സ്‌പെയിനില്‍ സ്ഥിരതാമസക്കാരനായ ആനന്ദിന്റെ പൗരത്വത്തില്‍ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം സംശയം പ്രകടിപ്പിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ ഡോക്‌ടറേറ്റ്‌ സ്വീകരിക്കുന്നതില്‍നിന്ന്‌ പിന്‍മാറിയ ആനന്ദ്‌ താന്‍ ഇന്ത്യന്‍ പൗരനാണെന്നും ഇന്ത്യന്‍ പതാകയുടെ കീഴിലാണ്‌ താന്‍ മത്സരത്തിനിറങ്ങുന്നതെന്നും പ്രതികരിച്ചിരുന്നു. ആനന്ദിന്‌ ഉചിതമായ സമയത്ത്‌ ഡോക്‌ടറേറ്റ്‌ സ്വീകരിക്കാവുന്നതാണ്‌. വിവാദമുണ്ടായ ഉടന്‍ തന്നെ താന്‍ നേരിട്ട്‌ അതില്‍ ഇടപെടുകയും മാപ്പു ചോദിക്കുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്‌തിട്ടുണ്ട്‌- കപില്‍ സിബല്‍ പറഞ്ഞു. ആനന്ദ്‌ രാജ്യത്തിന്‌ വേണ്ടി ചെയ്‌ത സേവനങ്ങള്‍ മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ യശസ്‌ ഉയര്‍ത്തിയ താരമാണ്‌ ആനന്ദ്‌. ആഗോള അംഗീകാരം നേടിയ എല്ലാ താരങ്ങളും നമ്മുടെ അഭിമാനപാത്രങ്ങളാണ്‌- അദ്ദേഹം പറഞ്ഞു.

2 അഭിപ്രായങ്ങൾ:

  1. സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദം - പി. ചിദംബരം
    Wednesday, August 25, 2010
    ന്യൂദല്‍ഹി: രാജ്യത്ത് നടന്ന മിക്ക ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പിറകില്‍ കാവി തീവ്രവാദമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം അഭിപ്രായപ്പെട്ടു. പോലിസ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവി തീവ്രവാദം എന്ന പുതിയ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

    ആഭ്യന്തര സുരക്ഷയെ പരാമര്‍ശിക്കവെ അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി. ജമ്മു-കശ്മീര്‍ അപകടകരമായ സ്ഥിതിയിലാണ്. കല്ലേറും കണ്ണീര്‍ വാതകവും വെടിവെപ്പും വീണ്ടും കല്ലേറും എന്ന സ്ഥിതി ഇപ്പോഴും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാത എന്തിനാണാവോ വിഷയവുമായി ബന്ധമില്ലാത്ത ഈ ഒരു കമന്റ്‌ ഇവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലായില്ല

    മറുപടിഇല്ലാതാക്കൂ