2010, നവംബർ 20, ശനിയാഴ്‌ച
വേലക്കാരിയെ കൊന്ന ദമ്പതികള്‍ അറസ്റ്റില്‍
ഇന്തോനേഷ്യന്‍ വേലക്കാരിയെ കൊലപ്പെടുത്തിയ സ്‌പോണ്‍സറേയും ഭാര്യയേയും സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‌തു. 2009 ജൂണ്‍ മുതല്‍ അബഹയില്‍ ജോലി ചെയ്‌തുവന്ന കികിം കൊമലാസരി(36)യാണ് കൊല്ലപ്പെട്ടത്. യുവതിയെ സ്‌പോണ്‍സര്‍ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചുകൊല്ലുകയായിരുന്നെന്നാണ് വിവരം. യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡ് സൈഡിലെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് റിയാദിലെ ഇന്തോനേഷ്യന്‍ അംബാസഡര്‍ അബ്‌ദുല്ല മന്‍സൂര്‍ പറഞ്ഞു. നവംബര്‍ 11 നാണ് മൃതദേഹം കുപ്പത്തൊട്ടിയില്‍ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
2010, നവംബർ 19, വെള്ളിയാഴ്‌ച
കള്ളന് പറ്റിയ അക്കിടി
സൗദി പൗരന്റെ വീട്ടില്‍നിന്ന് പണവും ആഭരണങ്ങളും കവര്‍ച്ച നടത്തിയ പാക് യുവാവ് പോലീസ് പിടിയില്‍. എയര്‍ കണ്ടീഷനര്‍ മെയിന്റനന്‍സ് കടയിലെ ജീവനക്കാരനാണ് പിടിയിലായത്. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. കേടുവന്ന എയര്‍ കണ്ടീഷനര്‍ നന്നാക്കുന്നതിന് സൗദി പൗരന്‍ പാക്കിസ്ഥാനിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. എയര്‍ കണ്ടീഷനര്‍ അഴിച്ച് കടയിലേക്ക് കൊണ്ടുപോകുന്നതിനിടെ മേശപ്പുറത്ത് അശ്രദ്ധമായി വെച്ച പണവും ആഭരണങ്ങളും പ്രതി കൈക്കലാക്കി. ഇയാള്‍ സ്ഥലം വിട്ടശേഷമാണ് പണവും ആഭരണങ്ങളും നഷ്‌ടപ്പെട്ടത് വീട്ടുടമ അറിഞ്ഞത്. ഉടന്‍തന്നെ ഇവര്‍ അല്‍സലാമ പോലീസില്‍ പരാതിപ്പെട്ടു.പാക്കിസ്ഥാനിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിച്ചില്ല. എയര്‍ കണ്ടീഷനര്‍ നന്നാക്കിയതിന്റെ കൂലി നല്‍കാതിരിക്കുന്നതിന് സൗദി പൗരന്‍ തനിക്കെതിരെ കള്ള പരാതി ഉന്നയിക്കുകയാണെന്നും ഇയാള്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞ് വളരെ വിലപിടിച്ച ആഭരണങ്ങളാണ് നഷ്‌ടപ്പെട്ടതെന്ന് സൗദി പൗരന്‍ അന്വേഷണോദ്യോഗസ്ഥനോട് പറഞ്ഞതു കേട്ടപ്പോള്‍ അതത്ര വിലപിടിച്ച ആഭരണമൊന്നുമല്ലെന്ന് പാക്കിസ്ഥാനി അറിയാതെ പറഞ്ഞുപോയതാണ് കുറ്റം തെളിയാന്‍ സഹായകമായത്. കുറ്റം സമ്മതിക്കേണ്ടി വന്ന പ്രതി പിന്നീട് മോഷണ മുതലുകള്‍ അന്വേഷണോദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.
വേലക്കാരിയെ പീഡിപ്പിച്ച വീട്ടമ്മ കസ്റ്റഡിയില്‍
ഇന്തോനേഷ്യന്‍ വേലക്കാരി സുമൈത്തി മുസ്‌തഫ(23)യെ മൃഗീയമായി പീഡിപ്പിച്ച കേസില്‍ വീട്ടമ്മയായ സൗദി വനിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരീരമാസകലം മാരകമായി പരിക്കേറ്റ യുവതി മദീന കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. കേസില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മദീനയിലായിരുന്നു സംഭവം.ഇന്തോനേഷ്യന്‍ വിദേശ മന്ത്രാലയത്തിലെ ഒരു പ്രതിനിധിക്കും യുവതിയുടെ ബന്ധുക്കളിലൊരാള്‍ക്കും സൗദി സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. സുമൈത്തി മുസ്‌തഫ പീഡനത്തിനിരയായ വാര്‍ത്ത ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് സൗദി അറേബ്യ സന്ദര്‍ശിച്ച് ബന്ധപ്പെട്ടവരുമായി ഇന്തോനേഷ്യന്‍ വേലക്കാരുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വനിതാ ക്ഷേമകാര്യ മന്ത്രിയും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സൗദി എംബസിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. സ്‌പോണ്‍സറുടെ ഭാര്യയും മകനും ചേര്‍ന്നാണ് വേലക്കാരിയെ പീഡിപ്പിച്ചത്. വേലക്കാരിയെ പീഡിപ്പിച്ചതില്‍ സൗദി കുടുംബത്തിലെ മൂന്നു പേര്‍ക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മദീന പോലീസ് മേധാവി മേജര്‍ ജനറല്‍ അവദ് അല്‍സര്‍ഹാനി പറഞ്ഞു. പരാതി ലഭിച്ചയുടന്‍ തന്നെ മുഖ്യ പ്രതിയായ 54 കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ മകനേയും ചോദ്യം ചെയ്യുന്നുണ്ട്. സംഭവത്തെ കുറിച്ച് കിംഗ് ഫഹദ് ആശുപത്രിയധികൃതരാണ് പോലീസില്‍ അറിയിച്ചത്- അല്‍സര്‍ഹാനി പറഞ്ഞു. വേലക്കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് ജക്കാര്‍ത്തയിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. മദീനയിലെ സൗദി കുടുംബം മൂന്നുമാസം മുമ്പാണ് 800 റിയാല്‍ ശമ്പളത്തിന് സുമൈത്തി മുസ്‌തഫ(23)യെ റിക്രൂട്ട് ചെയ്‌തത്. യുവതിയുടെ ശരീരമാസകലം പൊള്ളലേല്‍പ്പിച്ചതിന്റേയും പരിക്കേറ്റതിന്റേയും പാടുകളുണ്ടണ്‍്. ഈ മാസം എട്ടിനാണ് സുമൈത്തിയെ കിംഗ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേലക്കാരിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദിക്കുകയും ചൂടാക്കിയ ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിക്കുകയും കത്രിക ഉപയോഗിച്ച് മുറിവേല്‍പിക്കുകയുമായിരുന്നു. സുമൈത്തി മുസ്‌തഫയുടെ സൗന്ദര്യത്തില്‍ അസൂയ മൂത്താണ് വീട്ടമ്മ യുവതിയെ പീഡിപ്പിച്ചതെന്നാണ് കരുതുന്നതെന്ന് ജിദ്ദയിലെ ഇന്തോനേഷ്യന്‍ കോണ്‍സല്‍ ദീദി വഹ്‌യുദി പറഞ്ഞു. ക്രൂരമായ പീഡനത്തില്‍ അവശയായ വേലക്കാരിയെ വീട്ടുകാര്‍ മദീനയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്കുകള്‍ മാരകമായതിനാല്‍ യുവതിയെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് കൊണ്ടണ്‍ുപോകാന്‍ സ്വകാര്യ ആശുപത്രിയധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.
2010, നവംബർ 18, വ്യാഴാഴ്‌ച
പണത്തിനായി മകളെ `കൊന്ന' അമ്മ
മകളുടെ വ്യാജ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ച് പണം തട്ടാന്‍ മുതിര്‍ന്ന് ഒരമ്മ മാതൃത്വത്തിന് അപമാനമായി മാറി. ഇന്ത്യാനയില്‍ റിച്ച്‌മണ്ട് സ്വദേശിനിയായ അഞ്ചല ബോയ്‌ഡ് എന്ന 38കാരിയാണ് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം തട്ടാന്‍ പുതിയ തന്ത്രം മെനഞ്ഞത്. 15 വയസ്സുകാരിയായ തന്റെ മകളെ സ്വന്തം പിതാവ് ബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയതായാണ് അഞ്ചല കഥ മെനഞ്ഞത്. റിച്ച്‌മണ്ടിലെ ഒരു ചര്‍ച്ചില്‍ പാതിരിയെ തെറ്റിദ്ധരിപ്പിച്ച് സംസ്‌കാര ചടങ്ങും ഇവര്‍ ഒരുക്കി. ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തിയ യുവതി മകളെ കുറിച്ച് വികാരാധീനയായി ഒരു പ്രഭാഷണവും കാച്ചി. മകള്‍ മറ്റൊരിടത്ത് ജീവനോടെയിരിക്കുന്നതറിയാതെ ചടങ്ങിനെത്തിയ ബന്ധുക്കള്‍ അഞ്ചലയുടെ ദുഃഖത്തില്‍ പങ്കാളിയായി. ചടങ്ങിനെത്തിയവരില്‍നിന്നും പണം പിരിക്കുന്നതിനായി ഒരു സംഘടനയുടെ പേരില്‍ പള്ളിയില്‍ പ്രത്യേക പെട്ടിയും സ്ഥാപിച്ചിരുന്നു. ചടങ്ങിനിടെ അപ്രതീക്ഷിതമായി കടന്നുവന്ന യുവതിയുടെ സഹോദരനാണ് കപടനാടകം പൊളിച്ചത്. സഹോദരീ പുത്രി ജീവനോടെയിരിക്കുന്ന കാര്യം ഇയാള്‍ ചടങ്ങിനെത്തിയവരോട് വിളിച്ചു പറഞ്ഞതോടെ പണപ്പെട്ടി പോലും എടുക്കാതെ യുവതി ഓടി രക്ഷപ്പെട്ടു. റിച്ച്‌മണ്ട് പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
മനുഷ്യന്റെ വില
പഴയ കാറിന് പകരമായി മാതാപിതാക്കള്‍ വിറ്റ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ 14 പേരെ ലണ്ടന്‍ പോലീസ് പിടികൂടി. യുവതിയെ ശാരീരിക-മാനസിക പീഡനങ്ങള്‍ക്കു പുറമെ `ലൈംഗിക അടിമ'യായും മറ്റുള്ളവര്‍ക്ക് `വാടക'ക്ക് നല്‍കിയിരുന്നതായും പോലീസ് കണ്ടെത്തി. ഫ്രഞ്ച് ദമ്പതികളാണ് പഴയ കാറിന് പകരമായി ഏഴു വര്‍ഷം മുമ്പ് മകള്‍ സബ്രീനയെ പാരീസിന് സമീപം താമസിച്ചിരുന്ന ദമ്പതികള്‍ക്ക് കൈമാറിയത്. പെണ്‍കുട്ടിയെ വാങ്ങിയ ഫ്രാങ്ക് ഫനോക്‌സ് (58), പങ്കാളി ഫ്‌ളോറന്‍സ് എന്നിവര്‍ 600 പൗണ്ടാണ് അന്ന് 16 വയസ്സുണ്ടായിരുന്ന സബ്രീനക്ക് വിലയിട്ടത്. തുടര്‍ന്ന് വിവരണാതീതമായ പീഡനങ്ങള്‍ക്ക് സബ്രീന ഇരയായതായി ഡെയ്‌ലി മെയില്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്‌തു. ലൈംഗിക പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ മറ്റുള്ളവര്‍ക്ക് പണത്തിന് പകരമായി ഫ്രാങ്ക് കാഴ്‌ചവെക്കുകയും ചെയ്‌തിരുന്നത്രെ. വൃത്തികെട്ട ഒരു ഷെഡില്‍ മൃഗങ്ങളെക്കാള്‍ മോശപ്പെട്ട അവസ്ഥയില്‍ ചങ്ങലക്കിട്ടാണ് സെബ്രീനയെ പാര്‍പ്പിച്ചിരുന്നത്. നാമമാത്രമായ ഭക്ഷണമേ നല്‍കിയിരുന്നുള്ളൂ. അതുതന്നെ നിലത്തേക്ക് വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു പതിവ്. ഇരുമ്പ് പഴുപ്പിച്ച് വെച്ചും സിഗററ്റ് കൊണ്ട് പൊള്ളലേല്‍പിച്ചും പീഡിപ്പിച്ചിരുന്നു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് അടിക്കലും പതിവായിരുന്നു. ദമ്പതികളുടെ ഏഴ് മക്കളെയും പരിപാലിക്കാനുള്ള ചുമതലയും സബ്രീനക്കായിരുന്നു. ഒടുവില്‍ എഴുന്നേറ്റു നില്‍ക്കാനാവാത്തവിധം അവശയും രോഗബാധിതയുമായ പെണ്‍കുട്ടിയെ ഉടമസ്ഥര്‍ പാരീസിലെ ഒരു ആശുപത്രിക്കു മുന്നില്‍ ഉപേക്ഷിച്ചു കടന്നതോടെയാണ് കൊടിയ പീഡനത്തിന്റെ കഥ പുറത്തുവന്നത്. അധികൃതര്‍ കണ്ടെത്തുമ്പോള്‍ യുവതിയുടെ വായില്‍ ഒരു പല്ലുപോലും അവശേഷിച്ചിരുന്നില്ല. 40 കിലോ മാത്രമായിരുന്നു തൂക്കം. പീഡനങ്ങളിലാണ് പല്ലുകള്‍ നഷ്‌ടമായത്. ആരോഗ്യം വീണ്ടെടുക്കാന്‍ ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന് ഡോക്‌ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പീഡനങ്ങളേല്‍പിച്ച മാനസികാഘാതത്തില്‍നിന്ന് ജീവിതത്തിലൊരിക്കലും മുക്തയാവാന്‍ സബ്രീനക്ക് സാധിച്ചേക്കില്ലെന്നും ഡോക്‌ടര്‍മാര്‍ കരുതുന്നു. സബ്രീനയുടെ മാതാപിതാക്കളും വിലയ്‌ക്കു വാങ്ങിയ ദമ്പതികളുമടക്കം ആറു സ്‌ത്രീകളെയും എട്ടു പുരുഷന്‍മാരെയുമാണ് പോലീസ് അറസ്റ്റു ചെയ്‌തിരിക്കുന്നത്. ലൈംഗികാവശ്യത്തിന് സെബ്രീനയെ വാടക്കെടുത്തവരാണ് പിടിയിലായ മറ്റുള്ളവര്‍. ഇവരെ മിലന്‍ കോടതിയില്‍ ഹാജരാക്കി. മനുഷ്യ കച്ചവടം, ബലാല്‍സംഗം, മൃഗീയമായ ക്രൂരത, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇവര്‍ക്കെതിരെ കേസെടുത്തു.
2010, നവംബർ 17, ബുധനാഴ്‌ച
സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ് തയാറാക്കി ഒരാള്‍
മൈസൂരിലെ ലോഡ്‌ജില്‍ ആത്മഹത്യ ചെയ്‌ത എ.എസ്.ഐ പനയാല്‍ സ്വദേശി തമ്പാന്‍ (48) വിഷം കഴിക്കുന്നതിന് മുമ്പ് സ്വന്തം ആത്മഹത്യാ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് എഴുതി തയാറാക്കി. ഏഴ് പേജ് വരുന്ന ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ മേലുദ്യോഗസ്ഥന്റെ പീഡനം അടക്കമുള്ള നിരവധി കാര്യങ്ങള്‍ തമ്പാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ ഗതിയില്‍ മരിച്ചവരുടെ ജഡം പരിശോധിച്ച് എസ്.ഐമാര്‍ ഇന്‍ക്വസ്റ്റ് തയാറാക്കുന്നത് പോലെയാണ് സ്വന്തം മൃതദേഹത്തിന്റെ വിവരണവും എ.എസ്.ഐ തമ്പാന്‍ നടത്തിയിട്ടുള്ളത്. ആത്മഹത്യ ചെയ്‌ത മുറിയുടെ നീളവും വീതിയും മുറിയില്‍ കാണപ്പെടുന്ന ഫാന്‍, മേശ, കസേര, കുടിവെള്ളം സൂക്ഷിച്ച കൂജ, ജഡം കിടന്ന കട്ടിലിലെ തുണിവിരി, ജഡത്തിന്റെ കാല്‍ കിഴക്കോട്ടും തല പടിഞ്ഞാറ് ഭാഗത്തും തുടങ്ങി പോലീസ് രീതിയിലുള്ള ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വള്ളി പുള്ളി വിടാതെ എഴുതിവെച്ച ശേഷമാണ് തമ്പാന്‍ വിഷം കഴിച്ചത്. പോലീസില്‍ ആത്മാര്‍ഥമായി പണിയെടുക്കുന്നവര്‍ക്ക് ഒരു വിലയും ഇല്ലെന്നും മേലുദ്യോഗസ്ഥരെ പല കാര്യങ്ങളിലും പ്രീതിപ്പെടുത്തുന്നവര്‍ക്ക് അവാര്‍ഡും ഗുഡ് സര്‍വീസ് എന്‍ട്രിയും അടക്കം കിട്ടുമെന്നും തമ്പാന്‍ കുറിപ്പില്‍ പറയുന്നു. കാസര്‍കോട് ഡിവൈ.എസ്.പി ഓഫീസില്‍ വര്‍ഷങ്ങളായി ജോലി ചെയ്‌ത ഒരു പോലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ അവാര്‍ഡ് കിട്ടിയ കാര്യവും ഇത്തരക്കാര്‍ക്ക് മെഡല്‍ നല്‍കുമ്പോള്‍ മുഖ്യമന്ത്രി പുനരാലോചന നടത്തണമെന്നും തമ്പാന്റെ കുറിപ്പിലുണ്ട്. തന്റെ പേരിലുള്ള സ്വത്തുക്കള്‍ ഭാര്യക്കും മക്കള്‍ക്കും നല്‍കണം. മൂത്ത മകന് സ്വത്തില്‍ നല്ലൊരു ഭാഗം നല്‍കണമെന്നും കുറിപ്പിലുണ്ട്. കുറിപ്പ് ഇപ്പോള്‍ മൈസൂര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
2010, നവംബർ 15, തിങ്കളാഴ്‌ച
പൂര്‍ണ ഗര്‍ഭിണിക്ക് ഇരട്ട സ്വര്‍ണം
ഏഷ്യന്‍ ഗെയിംസില്‍ എട്ടു മാസം ഗര്‍ഭിണിയായ ഗിം യുന്‍ മി തെക്കന്‍ കൊറിയക്ക് നേടിക്കൊടുത്തത് ഇരട്ട സ്വര്‍ണം. 10 മീ. എയര്‍ പിസ്റ്റളില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഗിം ഒന്നാമതെത്തി. യോഗ്യതാ റൗണ്ടില്‍ രണ്ടു പോയന്റിന് പിന്നിലായിട്ടും ഒരു പിരിമുറുക്കവുമില്ലാതെ ഇരുപത്തെട്ടുകാരി ഷൂട്ട് ചെയ്‌ത് മുന്നേറി. ഗര്‍ഭസ്ഥ ശിശുവാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് ഗിം പറഞ്ഞു. ഇന്നലെ ഷൂട്ടിംഗിലെ നാലു സ്വര്‍ണവും കൊറിയയാണ് പിടിച്ചെടുത്തത്. ഷൂട്ടിംഗില്‍ പത്തിനങ്ങള്‍ കഴിഞ്ഞപ്പോള്‍ ചൈനക്കും കൊറിയക്കും അഞ്ചു വീതം സ്വര്‍ണമായി. കൊറിയയുടെ ഇരുപത്തിരണ്ടുകാരി ലീ ദേം യംഗിന് മൂന്നു സ്വര്‍ണം ലഭിച്ചു. ഷൂട്ടിംഗില്‍ 34 സ്വര്‍ണം കൂടി നിശ്ചയിക്കാനുണ്ട്. കഴിഞ്ഞ തവണ ചൈന ഷൂട്ടിംഗില്‍ 27 സ്വര്‍ണം നേടിയിരുന്നു. ഇന്ത്യക്ക് മൂന്നു സ്വര്‍ണമാണ് ലഭിച്ചത്.
2010, നവംബർ 14, ഞായറാഴ്‌ച
കുഞ്ഞ് വേണ്ട, കാര്‍ മതി
കാറിനായി കുഞ്ഞിനെ വില്‍ക്കാനും തയാര്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് മാതൃത്വത്തിന്റെ പുതിയ മുഖം. സ്‌ത്രീയെ പോലീസ് അറസ്റ്റ് ചെയ്‌തു. ഫ്‌േളാറിഡ സംസ്ഥാനത്തെ ബ്രാഡന്‍ടണ്‍ സ്വദേശിനി സ്‌റ്റെഫാനി ബിഗ്‌ബി ഫെ്‌ളമിങ് (22) ആണ് പ്രതി. എട്ടാഴ്‌ചയായിരുന്നു ആണ്‍കുഞ്ഞിന്റെ പ്രായം. വില്‌പനയിലെ ഇടനിലക്കാരി സ്‌റ്റെഫാനിയുടെ അമ്മ പാറ്റി ബിഗ്‌ബി (45) തന്നെ. പാറ്റിയുടെ കാമുകന്‍ ലോറന്‍സ് വര്‍ക്‌സ് (42) സഹായിയായി. ഇവരെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്.പുതിയ കാര്‍ വാങ്ങാനും നിയമലംഘനവുമായി ബന്ധപ്പെട്ട ഒരു കേസില്‍ കോടതിച്ചെലവ് നടത്താനുമുള്ള പണം കണ്ടെത്തുന്നതിനാണ് സ്‌റ്റെഫാനിയും സംഘവും കുഞ്ഞിനെ വില്‍ക്കാന്‍ തയ്യാറായത്. 75,000 ഡോളറാണ് കുഞ്ഞിന്റെ വിലയായി ആവശ്യപ്പെട്ടിരുന്നതെങ്കിലും വാങ്ങാനെത്തിയയാള്‍ക്ക് ബാങ്ക് വായ്‌പ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് തുക 30,000 ഡോളറാക്കി കുറച്ചു. ഇതില്‍ 9000 ഡോളര്‍ സ്‌റ്റെഫാനിക്കും ബാക്കി പാറ്റിക്കും ലോറന്‍സിനുമെന്നായിരുന്നത്രെ ധാരണ.കുഞ്ഞിനെ നല്‍കാമെന്ന് ബന്ധുവായ മറ്റൊരു സ്‌ത്രീക്ക് ബിഗ്‌ബി വാക്കുനല്‍കിയിരുന്നതായി അറസ്റ്റ് രേഖയില്‍ പറയുന്നു. ഈ സ്‌ത്രീ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. ഏജന്‍റില്‍നിന്ന് 30,000 ഡോളറിന്റെ ചെക്ക് വാങ്ങി കുഞ്ഞിനെ കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. കുഞ്ഞ് പോലീസിന്റെ സംരക്ഷണത്തിലാണ്.
2010, നവംബർ 11, വ്യാഴാഴ്‌ച
അര്‍ധ സൈന്യത്തിലെ ആത്മഹത്യ
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സി.ആര്‍.പി.എഫ്, ബി.എസ്.എഫ് വിഭാഗങ്ങളില്‍ പെട്ട് ഇരുനൂറിലേറെ ജവാന്‍മാര്‍ ആത്മഹത്യ ചെയ്‌തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. വിഷാദം, കുടുംബ പ്രശ്‌നങ്ങള്‍, സാമ്പത്തിക വിഷമതകള്‍ എന്നീ കാരണങ്ങളാണ് ഇത്രയേറെ പേര്‍ ആത്മഹത്യ ചെയ്‌തത്. ഇന്ത്യയുടെ ഏറ്റവും വലിയ രണ്ട് അര്‍ധ സൈനിക വിഭാഗങ്ങളാണ് സി.ആര്‍.പി.എഫും ബി.എസ്.എഫും. ആത്മഹത്യ നിരക്കില്‍ മുമ്പില്‍ സി.ആര്‍.പി.എഫാണ്. ഇവരില്‍ 143 പേര്‍ ആത്മഹത്യ ചെയ്‌തപ്പോള്‍ ബി.എസ്.എഫിലേത് 75 ആണ്. മാവോവാദി വേട്ട, അതിര്‍ത്തി സംരക്ഷണം, ക്രമസമാധാന പാലനം എന്നിവയിലും മറ്റു ജോലികളിലുമാണ് ഇരു സേനയേയും ഉപയോഗിക്കുന്നത്. ചില ജവാന്‍മാര്‍ സ്വന്തം ആയുധമുപയോഗിച്ചാണ് ജീവനൊടുക്കിയത്. വ്യക്തിപരമായ പ്രശ്‌നങ്ങളാണ് മിക്ക ആത്മഹത്യകള്‍ക്കും കാരണമെന്നും രാജ്യസഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹ മന്ത്രി അജയ് മാക്കന്‍ വ്യക്തമാക്കി. ആവശ്യത്തിന് അവധി അനുവദിക്കുക, ജവാന്‍മാരുടെ കുടുംബത്തിന് ബറ്റാലിയനടുത്ത് താമസ സൗകര്യമൊരുക്കല്‍, ജീവിത സൗകര്യം മെച്ചപ്പെടുത്താനുള്ള സംവിധാനമുണ്ടാക്കല്‍, അതിര്‍ത്തിയില്‍ കഴിയുന്നവര്‍ക്ക് കുടുംബവുമായി ആശയവിനിമയത്തിന് സൗകര്യമുണ്ടാക്കല്‍ എന്നിവയാണ് ആത്മഹത്യാ നിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍. ഇതിന് പുറമേ മുതിര്‍ന്ന ഉദ്യോഗസ്ഥാരുമായി അനൗപചാരിക കൂടിക്കാഴ്‌ചക്ക് സംവിധാനമുണ്ടാക്കും. സി.ആര്‍.പി.എഫ്, ബി.എസ്.എഫ് ജവാന്‍മാര്‍ക്ക് എയര്‍ കുറിയര്‍ സര്‍വീസുമേര്‍പ്പെടുത്തും. സി.ആര്‍.പി.എഫില്‍ മൂന്ന് ലക്ഷത്തിലേറെ ജവാന്‍മാരാണുള്ളത്. ബി.എസ്.എഫില്‍ 2.3 ലക്ഷം പേരും.
2010, നവംബർ 10, ബുധനാഴ്‌ച
`ലാളിത്യമില്ലാത്ത കൂട്ടം'
വിജയം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ യുവ ക്രിക്കറ്റര്‍മാര്‍ക്ക് ലാളിത്യവും വിനയവുമില്ലെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ കോച്ച് മിക്കി ആര്‍തര്‍. ടേക്കിംഗ് ദ മിക്കി എന്ന തന്റെ പുസ്‌തകത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.2008ലെ പരമ്പര സമനിലയിലാക്കി കാണ്‍പൂരില്‍ ഇന്ത്യ വിജയിച്ചപ്പോഴുള്ള യുവ കളിക്കാരുടെ ആഹ്ലാദ പ്രകടനമാണ് മിക്കി പരാമര്‍ശിക്കുന്നത്. അവരുടെ വിജയാഹ്ലാദം തീര്‍ത്തും വ്യത്യസ്‌തമായിരുന്നു. നിലവിളിക്കുകയും അട്ടഹസിക്കുകയും ചെയ്‌തുകൊണ്ട് ഓടുകയായിരുന്നു അവര്‍. അവരുടെ ആഹ്ലാദ പ്രകടനം കണ്ടാല്‍ തോന്നുക ലോകകപ്പ് ജയിച്ചെന്നാണ് ?-ആര്‍തര്‍ എഴുതുന്നു.
2010, നവംബർ 8, തിങ്കളാഴ്‌ച
കുടിവെള്ളത്തില്‍ വീണ ആനക്കുട്ടി
കുടിവെള്ള ടാങ്കില്‍ വീണ ആനക്കുട്ടിയെ ് രക്ഷപ്പെടുത്തി. റാക്ക്‌വുഡ് എസ്റ്റേറ്റിലെ തൊഴിലാളികള്‍ താമസിക്കുന്ന പാടിയോട് ചേര്‍ന്ന സിമന്റ് ടാങ്കിലാണ് ആനക്കുട്ടി വീണത്. പുലര്‍ച്ചെയാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളുടെ കുടിവെള്ളാവശ്യത്തിനായി നിര്‍മിച്ച പത്ത് അടിയോളം താഴ്‌ചയുള്ള ടാങ്കിലാണ് ആനക്കുട്ടി വീണത്. ഇതില്‍ മൂന്ന് അടി വെള്ളമേ ഉണ്ടായിരുന്നുള്ളൂ. വിവരമറിഞ്ഞ് ബിദര്‍ക്കാട് റേഞ്ച് ഫോറസ്റ്റര്‍മാരായ ശെല്‍വരാജ്, പത്മനാഭന്‍, ഗാര്‍ഡുമാരായ പരമേശ്വരന്‍, ശശി എന്നിവര്‍ സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം ശ്രമിച്ച് കയറിട്ട് കുട്ടിയാനയെ കരകയറ്റി. രക്ഷപ്പെടുത്തിയ ആനക്കുട്ടി കുറച്ചകലെ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിലേക്ക് ഓടിപ്പോയി.
2010, നവംബർ 7, ഞായറാഴ്‌ച
കൊമ്പനാനക്കു സൗന്ദര്യ ചികിത്സ
ഇന്ത്യയിലാദ്യമായി, കൊമ്പനാനക്കു സൗന്ദര്യ ദന്തചികിത്സ നടത്തി ഡോ. പ്രദീപ് ശ്രദ്ധേയനായി. തൃശൂര്‍ ജില്ലയിലെ 27 വയസ്സുള്ള ആനക്കാണ് ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്. കൊമ്പനാനയുടെ ഒരു കൊമ്പ് അഞ്ചു വര്‍ഷമായി വിണ്ടുകീറിയ നിലയിലായിരുന്നു. ഈ വിള്ളലില്‍ ചെളിയും വെള്ളവും കയറി കൊമ്പിന്റെ സൗന്ദര്യം നഷ്‌ടപ്പെടുകയും രോഗബാധയുണ്ടാകാനുള്ള സാഹചര്യം വര്‍ധിക്കുകയും ചെയ്‌തു. മനുഷ്യ ദന്ത ചികിത്സയില്‍ രണ്ടു പതിറ്റാണ്ടു കാലത്തെ വൈദഗ്‌ധ്യമുള്ള ഡോക്‌ടര്‍ പ്രദീപ് ഈ ദൗത്യം ഏറ്റെടുത്തു. മനുഷ്യരുടെയും ആനയുടെയും പല്ലുകളിലെ രാസ-ജൈവ വ്യത്യാസത്തെക്കുറിച്ച് കൂടുതല്‍ മനസിലാക്കി. ലോകത്തൊരിടത്തും ഇത്തരത്തിലൊരു ചികിത്സ ആരും നടത്തിയിട്ടില്ലെന്നു കൂടി അന്വേഷണത്തില്‍ തെളിഞ്ഞതോടെ ഡോക്‌ടര്‍ക്ക് ആവേശമായി. ആനയുടെ കൊമ്പില്‍ മനുഷ്യന്റെ പല്ലിനേക്കാള്‍ പള്‍പ്പിന്റെ ശതമാനവും രക്തയോട്ടവും കൂടുതലാണെന്നും കണ്ടെത്തി. കൊമ്പിലെ മുറിവിനു 50 സെമി നീളവും നാലു സെ.മി ആഴവുമുണ്ടായിരുന്നു. നാനോ ടെക്‌നോളജി ഉപയോഗിച്ചുള്ള `മൈക്രോ ആന്റ് മാക്രോ ബോണ്ടിംഗ്' രീതിയാണ് ചികിത്സയില്‍ അവലംബിച്ചത്. `ലൈറ്റ് ക്യൂര്‍ കോംപോസിറ്റ് റസിന്‍ ' എന്ന പദാര്‍ഥം ഉപയോഗിച്ചാണ് വിള്ളല്‍ അടച്ചത്. രണ്ടര മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ. മയക്കാതെയുള്ള ചികിത്സക്കിടയില്‍ ഒരു തവണ ആന എഴുന്നേറ്റെങ്കിലും, പിന്നീട് അനുസരണയോടെ ചികിത്സയുമായി സഹകരിച്ചു.ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ഡോ. പ്രദീപ് തന്നെയാണ് രൂപകല്‌പന ചെയ്‌തത്. മനുഷ്യരുടെ പല്ലിന്റെ വിള്ളല്‍ ചികിത്സിക്കാനുപയോഗിക്കുന്ന അതേ രാസപദാര്‍ഥം തന്നെയാണ് ആനക്കും ഉപയോഗിച്ചത്. ആന കൊമ്പിന്റെ വിള്ളലിന്റെ കാരണം വ്യക്തമല്ല. കാത്സ്യ കുറവോ, മറ്റു വൈകല്യം മൂലമോ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. ഈ കൊമ്പനു രണ്ടു ചെറിയ സൂപ്പര്‍ ന്യൂമറി ഉളിപ്പല്ലുകള്‍ കൂടിയുണ്ട്. ആനകളില്‍ ഇതും അപൂര്‍വമാണ്. സാധാരണ നിലയില്‍ ഉളിപ്പല്ലുകളാണ് കൊമ്പുകളായി രൂപാന്തരം പ്രാപിക്കുന്നത്. ആനയുടെ ദന്ത ചികിത്സക്കുള്ള രാസപദാര്‍ഥങ്ങള്‍ക്കു മാത്രം 50000 ലധികം രൂപയായി. ഡോ. ജയപ്രസാദ് കോടോത്ത് (കാഞ്ഞങ്ങാട്), ഡോ. ജോര്‍ജ് ജേക്കബ് (എറണാകുളം) എന്നിവരും ചികിത്സയില്‍ പ്രദീപിനെ സഹായിക്കാനുണ്ടായിരുന്നു.
2010, നവംബർ 6, ശനിയാഴ്‌ച
ലോക മുത്തശ്ശിക്ക് വിട
ഗിന്നസ് ബുക്കില്‍ ഇടംപിടിച്ച ഫ്രഞ്ച് കന്യാസ്‌ത്രീ അന്തരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിലാണ് ഇവര്‍ പ്രസിദ്ധയായത്. 114ാം വയസ്സിലായിരുന്നു യൂജീന്‍ ബ്ലാന്‍കാര്‍ഡിന്റെ അന്ത്യം. കരീബിയന്‍ ദ്വീപായ സെയിന്‍റ് ബാര്‍തെലെമിയില്‍ 1896 ഫെബ്രുവരി 16നാണ് യൂജീന്റെ ജനനം. അടുത്തുള്ള ആന്‍റിലസ് ദ്വീപായിരുന്നു അവരുടെ വാസ കേന്ദ്രം. സെയിന്‍റ് ബാര്‍തെലെമി ആശുപത്രിയിലായിരുന്നു കഴിഞ്ഞ മുപ്പതു വര്‍ഷം, ഇവര്‍. ജപ്പാനിലെ കാമാ ചിനന്റെ മരണത്തെത്തുടര്‍ന്ന് ഈ വര്‍ഷം മെയ് രണ്ടിനാണ് യൂജീന്‍ ഗിന്നസ് ബുക്കില്‍ കയറിയത്. 114 വയസ്സായ ശേഷമാണ് കാമായും മരിച്ചത്. അമേരിക്കയിലെ യൂനിസ് സാന്‍ബോണാണ് ഇനി ലോക മുത്തശ്ശി. 1896 ജൂലൈ 20ന് ആയിരുന്നു അവരുടെ ജനനം.
2010, നവംബർ 5, വെള്ളിയാഴ്‌ച
ഒബാമയുടെ സുരക്ഷ
34 യു.എസ് പടക്കപ്പലുകളാണ് ഒബാമയുടെ സുരക്ഷക്കായി എത്തിയിരിക്കുന്നത്. ഇതില്‍ ഒരു വിമാനവാഹിനിയുമുണ്ട്. പ്രസിഡന്റ് മുംബൈയില്‍ കഴിയുന്ന രണ്ട് ദിവസം തീരക്കടലില്‍ യു.എസ് പടക്കപ്പലുകള്‍ പട്രോളിംഗ് നടത്തും. 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്ര കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍. ഒബാമയുടെ വിമാനത്തിന് സുരക്ഷയൊരുക്കുന്ന രണ്ട് യു.എസ് ബോംബര്‍ ജംബോ വിമാനങ്ങളും നാല് ഹെലിക്കോപ്‌റ്ററും നേരത്തെതന്നെ മുംബൈയിലെത്തിക്കഴിഞ്ഞു. ബോംബിംഗ് നടത്താന്‍ വേണ്ട സജ്ജീകരണങ്ങളോടെയാണ് ഇവ എത്തിയിരിക്കുന്നത്‌വിമാനത്താവളത്തില്‍നിന്ന് മറീന്‍ വണ്‍ ഹെലിക്കോപ്‌റ്ററില്‍ കയറുന്ന ഒബാമ നേരെ ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐ.എന്‍.എസ് ശിക്രയിലേക്കാവും പോവുക. അവിടെനിന്ന് പ്രസിഡന്റിന്റെ ഔദ്യോഗിക കാറായ ലിങ്കണ്‍ കോണ്ടിനെന്റല്‍ ലെമൂസിനില്‍ താജ് ഹോട്ടലിലേക്ക്. കപ്പലുകള്‍ക്കും പോര്‍വിമാനങ്ങള്‍ക്കും പുറമെ 40 കാറുകളും ഒബാമയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍നിന്ന് എത്തിയിട്ടുണ്ട്. ഒബാമയുടെ വാഹനവ്യൂഹം മുഴുവന്‍ അമേരിക്കന്‍ കാറുകളാവും. ഒബാമയുടെ വിമാനം ഇറങ്ങുന്നതിന് ആറ് മിനിറ്റ് മുമ്പു മുതല്‍ ആറ് മിനിറ്റ് ശേഷം വരെ വിമാനത്താവളത്തില്‍ മറ്റ് വിമാനങ്ങള്‍ക്ക് ഇറങ്ങാനോ പറന്നുയരാനോ അനുവാദമുണ്ടാവില്ല. പ്രസിഡന്റിന്റെ വിമാനത്തിനുള്ളില്‍നിന്ന് എല്ലാവരും പുറത്തുപോകുംവരെ മറ്റ് വിമാനങ്ങളുടെ ടാക്‌സിയിംഗ് പോലും നിര്‍ത്തിവെക്കും.ഒബാമക്കും പരിവാരത്തിനുമായി 800 ഹോട്ടല്‍ മുറികളാണ് മുംബൈയില്‍ ബുക്ക് ചെയ്‌തിരിക്കുന്നത്. താജിനുപുറമെ, ഹോട്ടല്‍ ഹയാത്തിലും മുറികള്‍ ബുക്ക് ചെയ്‌തിട്ടുണ്ട്. ഒബാമ മുംബൈയില്‍ താമസിക്കുന്ന താജ് ഹോട്ടലും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. ഹോട്ടലിനകത്തും പുറത്തും യു.എസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. പുറമെ നൂറുകണക്കിന് ഇന്ത്യന്‍ പോലീസുകാരെയും സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.
അതേ സമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളൂവെന്ന് പെന്റഗണ്‍ വക്താവ് ജിയോഫ് മോറല്‍ പറഞ്ഞു. യുഎസ് നേവിയുടെ പത്ത് ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി പശ്ചാത്തല സൗകര്യം ഒരുക്കുകമാത്രമാണ് പെന്റഗണ്‍ ചെയ്‌തത്.
അതേ സമയം ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് 34 യുദ്ധക്കപ്പലുകള്‍ അറബിക്കടലില്‍ വിന്യസിച്ചെന്ന വാര്‍ത്ത പെന്റഗണ്‍ നിഷേധിച്ചു. വാര്‍ത്തയെ തമാശയായി മാത്രമേ എടുക്കുന്നുള്ളൂവെന്ന് പെന്റഗണ്‍ വക്താവ് ജിയോഫ് മോറല്‍ പറഞ്ഞു. യുഎസ് നേവിയുടെ പത്ത് ശതമാനം വരുന്ന കപ്പലുകള്‍ വിന്യസിച്ചുവെന്ന വാര്‍ത്ത ശരിയല്ല. ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിനായി പശ്ചാത്തല സൗകര്യം ഒരുക്കുകമാത്രമാണ് പെന്റഗണ്‍ ചെയ്‌തത്.
2010, നവംബർ 4, വ്യാഴാഴ്‌ച
ഒബാമയും തേങ്ങാക്കുലയും
ഒബാമയുടെ തലയില്‍ തേങ്ങാ വീണാലോ. കാര്യം അബദ്ധമായതു തന്നെ. അതല്ല, കേരളത്തില്‍ തീവ്രവാദം വളരുന്നുണ്ടെന്നും അത് കേരളീയ കാര്‍ഷികോല്‍പന്നങ്ങളിലേക്കും പടരുമെന്ന ഭയമോ?. ഏതായാലും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സന്ദര്‍ശനത്തിന് മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്ന അധികൃതര്‍ മുംബൈ മണിഭവനിലെ തെങ്ങുകളില്‍നിന്ന് തേങ്ങകള്‍ പറിച്ചുമാറ്റി. തെങ്ങോലകളും മുറിച്ചുമാറ്റിയിട്ടുണ്ട്. ഉണങ്ങിയതും വിളഞ്ഞതുമായ തേങ്ങകള്‍ എല്ലാം ഇവിടെനിന്നു മാറ്റിയിട്ടുണ്ട്. തേങ്ങകളും ഓലകളും വെട്ടിമാറ്റണമെന്ന് ബി.എം.സിയുടെ വാര്‍ഡ് ഓഫീസില്‍ മണിഭവന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.
ഒരു തട്ടിക്കൊണ്ടുപോകലിന്റെ അന്ത്യം
സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി 98.73 ലക്ഷം രൂപ മോചനദ്രവ്യം ഈടാക്കിയ ശേഷം വിട്ടയച്ച സംഘത്തിലെ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ചെന്നൈ അണ്ണാ നഗറിലെ 13 വയസ്സുകാരനായ ആര്‍. കീര്‍ത്തി വാസനെയാണ് സ്‌കൂളില്‍നിന്ന് വരുമ്പോള്‍ തിങ്കളാഴ്‌ച തട്ടിക്കൊണ്ടുപോയത്. പണം തട്ടുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് തുക നല്‍കി മോചിപ്പിക്കുന്നതിന് പോലീസ് അനുവദിക്കുകയായിരുന്നുവത്രേ. അവരെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുന്ന ഉറച്ച വിശ്വാസത്തില്‍ തന്നെയാണ് രക്ഷപ്പെടാന്‍ അനുവദിച്ചതെന്ന് പോലീസ് കമ്മീഷണര്‍ ടി. രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശ സര്‍വകലാശാലയില്‍നിന്ന് എം.ബി.എ ബിരുദമെടുത്ത എന്‍ജിനീയറിംഗ് ബിരുദധാരിയായ ആര്‍. വിജയ് കുമാര്‍ (26), മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയുള്ള കെ.പ്രഭു (29) എന്നിവരാണ് പിടിയിലായത്. ഇവരെ നിരീക്ഷിക്കുന്നതിനു നിയോഗിക്കപ്പെട്ട പോലീസ് സംഘം അണ്ണാ നഗറിലെ വീട്ടില്‍ വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. പ്രഭു ഏതാനും മാസം സിംഗപ്പൂരില്‍ ജോലി ചെയ്‌തയാളുമാണ്. അപഹര്‍ത്താക്കള്‍ ആവശ്യപ്പെട്ട തുകയുടെ ഒരു ഭാഗം നല്‍കാനായിരുന്നു പോലീസ് ആദ്യം കുട്ടിയുടെ കുടുംബത്തോട് പറഞ്ഞതെന്ന് പോലീസ് കമ്മീഷണര്‍ വെളിപ്പെടുത്തി. 20 ലക്ഷം കൊടുത്താല്‍ മതിയെന്ന് പറഞ്ഞെങ്കിലും കുടുംബം ഒരു കോടിയോളം കൊടുത്തു. പണം നല്‍കി കുട്ടിയെ സ്വീകരിക്കുമ്പോള്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാമായിരുന്നുവെങ്കിലും പോലീസ് ഒഴിവാക്കുകയായിരുന്നു. പണം നല്‍കിയത് തന്ത്രത്തിന്റെ ഭാഗമായിരുന്നു. പ്രദേശം മുഴുവന്‍ പോലീസ് വളഞ്ഞിട്ടുണ്ടായിരുന്നു. എങ്കിലും പ്രതികള്‍ പണം സ്വീകരിക്കാനെത്തിയ മോട്ടോര്‍ സൈക്കിളിന്റെ നമ്പറാണ് പ്രധാനമായും സഹായകമായത്. കുട്ടിയുടെ പിതാവ് കീര്‍ത്തിവാസന്‍ പങ്കാളിയായ ബിസിനസിലെ മാനേജരുടെ ബന്ധുക്കളാണ് അറസ്റ്റിലായ പ്രതികള്‍. ഏതാനും മാസം മുമ്പ് വ്യാജ സിം കാര്‍ഡില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. കീര്‍ത്തിവാസനെ റാഞ്ചാന്‍ മാസങ്ങള്‍ക്കു മുമ്പ് തന്നെ പ്രഭുവും വിജയ് കുമാറും പദ്ധതിയിട്ടിരുന്നുവത്രേ. ഇതിനായി ഒരു കാര്‍ മോഷ്‌ടിച്ചു. എന്നാല്‍ നമ്പര്‍ പ്ലേറ്റ് മാറ്റിയിരുന്നില്ല. തട്ടിക്കൊണ്ടുപോയ കുട്ടിയെ കാറിന്റെ സീറ്റിനു താഴെ കിടത്തി. കുട്ടിയുടെ വീട്ടില്‍നിന്ന് അല്‍പം അകലെ നിര്‍ത്തിയിട്ട കാറില്‍ വായു സഞ്ചാരം ഉറപ്പാക്കാന്‍ സ്‌പീക്കറുകള്‍ ഊരി മാറ്റി. പണം നല്‍കാമെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പു നല്‍കിയപ്പോള്‍ ഈ കാറിനു സമീപം എത്താനായിരുന്നു ആവശ്യപ്പെട്ടത്. ഹെല്‍മറ്റ് ധരിച്ച് മോട്ടോര്‍ ബൈക്കിലെത്തിയ പ്രതികള്‍ പണമടങ്ങിയ ബാഗ് വാങ്ങിയശേഷം കാറിന്റെ താക്കോല്‍ നല്‍കി രക്ഷപ്പെട്ടു. മോട്ടോര്‍ സൈക്കിള്‍ ഉടമയായ വിജയിനെ ഉടന്‍ തന്നെ അണ്ണാ നഗറിലെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്‌തു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് പിടിയിലായ പ്രഭു കുറ്റം സമ്മതിക്കുകയും പോലീസ് പണം കണ്ടെത്തുകയും ചെയ്‌തു.
2010, നവംബർ 3, ബുധനാഴ്‌ച
സത്യമല്ല എഴുതുന്നതെങ്കില്‍
എഴുതുന്നതിനു മുമ്പ് സത്യാവസ്ഥ അറിയാന്‍ ശ്രമിക്കണം. ഇല്ലെങ്കില്‍ മാനഹാനിയും ധനനഷ്‌ടവും ആയിരിക്കും അനന്തര ഫലം. ഇതാ കാസര്‍കോട് ജില്ലയില്‍നിന്നൊരു വാര്‍ത്ത. കാഞ്ഞങ്ങാട്ടെ സായാഹ്നപത്രമായ 'ജന്‍മദേശ'ത്തിന്റെ ഓഫീസില്‍ കയറിച്ചെന്ന് യുവതി പത്രാധിപരെ അടിച്ചും കടിച്ചും പരിക്കേല്‍പിക്കുകയും കസേരയെടുത്ത് ഓഫീസിലെ കമ്പ്യൂട്ടറുകളും കാബിന്റെ ഗ്ലാസും അടിച്ച് തകര്‍ക്കുകയും ചെയ്‌തുവത്രേ.'ജന്‍മദേശ'ത്തിന്റെ പത്രാധിപര്‍ മാനുവല്‍ കുറിച്ചിത്താനത്തിനാണ് (54) മര്‍ദനമേറ്റത്. സാരമായ പരിക്കുകളോടെ മാനുവലിനെ കാഞ്ഞങ്ങാട് നഴ്‌സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ പുതുക്കൈയിലെ സി.പി.എമ്മുകാരി ഇ. പ്രീതയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് മാനുവല്‍ പോലീസിന് മൊഴി നല്‍കി. ചൊവ്വാഴ്‌ച പന്ത്രണ്ടരയോടെയാണ് സംഭവം. ഓഫീസില്‍ കയറിവന്ന പ്രീത ഇനി 'അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കുമോ' എന്ന് ചോദിച്ചായിരുന്നു മര്‍ദനം. കൈകൊണ്ട് തടുത്തപ്പോള്‍ കടിച്ചു. പേപ്പര്‍ വെയ്‌റ്റ് കൊണ്ട് തലക്കടിച്ചു. ബഹളം കേട്ട് ആളുകള്‍ കൂടിയെങ്കിലും മര്‍ദിക്കുന്നത് വനിതയായതിനാല്‍ ആരും തടഞ്ഞില്ല. കസേരയെടുത്ത് ക്യാബിന്റെ ഗ്ലാസുകളും അവര്‍ തകര്‍ത്തതായി പരാതിയില്‍ പറയുന്നു. അതേസമയം മാനുവല്‍ മര്‍ദിച്ചുവെന്ന് പരാതിപ്പെട്ട് പ്രീത ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. മാനുവലിന്റെ പരാതിയില്‍ പ്രീതക്കെതിരെയും പ്രീതയുടെ പരാതിയില്‍ മാനുവല്‍ കുറിച്ചിത്താനത്തിനെതിരെയും ഹൊസ്‌ദുര്‍ഗ്ഗ് പോലീസ് കേസെടുത്തു.
കൂടിയിരുന്നു സൊറ പറയാന്‍ 20 കോടി ?
ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗമെന്ന നിലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തന്റെ സേവനത്തിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍ 20 കോടി രൂപ പ്രതിഫലം ചോദിച്ചെന്ന് ബി.സി.സി.ഐ. പ്രതിഫലം സംബന്ധിച്ച് ഗവാസ്‌കര്‍ ഇ-മെയിലുകള്‍ അയച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ കരാര്‍ നിലവിലില്ലെന്നും ബി.സി.സി.ഐ സെക്രട്ടറി എന്‍. ശ്രീനിവാസന്‍. ധാരണ പ്രകാരം മൂന്ന് വര്‍ഷത്തേക്ക് ഒരു കോടി രൂപ മാത്രമേ ഗവാസ്‌കര്‍ക്ക് കൊടുക്കാനുള്ളൂ. ഇതല്ലാതെ അധിക തുകയൊന്നും അദ്ദേഹത്തിന് നല്‍കില്ല- ശ്രീനിവാസന്‍ വ്യക്തമാക്കി.തനിക്ക് ഒരു പൈസപോലും ബി.സി.സി.ഐയില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് ഗവാസ്‌കര്‍ ആരോപിച്ചിരുന്നു. സെപ്‌റ്റംബറില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക പൊതുയോഗത്തില്‍ ഗവാസ്‌കറെ ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലില്‍നിന്ന് പുറത്താക്കി. നടപടിക്ക് ബി.സി.സി.ഐ കാരണമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പ്രതിഫല തര്‍ക്കം തന്നെയാണെന്നായിരുന്നു റിപ്പോര്‍ട്ട്.തനിക്ക് മൂന്ന് വര്‍ഷമായി പ്രതിഫലം കിട്ടിയിട്ടില്ലെന്ന് മാന്യമായി ഓര്‍മപ്പെടുത്തുകയേ ചെയ്‌തിട്ടുള്ളൂവെന്ന് ഗവാസ്‌കര്‍ പറയുന്നു. ഐ.സി.സി പ്രസിഡന്റ് ശരത് പവാര്‍ മുന്‍കയ്യെടുത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും താനുമായി ചര്‍ച്ച നടത്താമെന്നാണ് എന്നെ അറിയിച്ചിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അത് മതിയായിരുന്നു -ഗവാസ്‌കര്‍ വ്യക്തമാക്കി.എന്നാല്‍ തന്റെ പ്രതിഫല തുക എന്താണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പെണ്ണിനോട് പ്രായവും ആണിനോട് വരുമാനവും ഒരിക്കലും ചോദിക്കരുതത്രേ.
2010, നവംബർ 2, ചൊവ്വാഴ്ച
സിംഹ ഭോജനം
മദ്യപിച്ചപ്പോള്‍ ബാര്‍ മാനേജര്‍ക്കൊരു പൂതി. സിംഹത്തോടൊപ്പം ഒന്നു കളിക്കണം. ഒപ്പം കളിക്കാന്‍ ചെന്ന ബാര്‍ മാനേജറെ സിംഹം അകത്താക്കുകയും ചെയ്‌തു. പുലരുവോളം നീണ്ട പാര്‍ട്ടിക്കു ശേഷമാണ് പൂസായ ബാര്‍ മാനേജര്‍ സിംഹത്തിനൊപ്പം കളിക്കാനായി ചെന്നത്. സിംഹം മദ്യപിച്ചിട്ടില്ലെന്നും കളിക്കാനുള്ള മൂഢിലല്ലെന്നും അയാളറിഞ്ഞിട്ടുണ്ടാവില്ല. വെറിപൂണ്ട സിംഹം അയാളെ ശാപ്പിട്ടു.യുവാവായ ജാന്‍ഫ്രഡറിക് ബ്രഡന്‍ഹാന്റ് കമ്പിവേലി വഴിയാണ് സിംഹ കൂട്ടിലേക്ക് കയറാന്‍ ശ്രമിച്ചത്. സിംഹം കാലില്‍ പിടിച്ച് കൂട്ടിലേക്ക് ഒറ്റ വലി. ആളുകള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മാനേജറെ സിംഹം തിന്നുന്ന കാഴ്‌ചയാണ് കണേണ്ടിവന്നത്. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തിനു സമീപമാണ് സംഭവം.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)