വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 14, ചൊവ്വാഴ്ച

ജനസേവനത്തിന്റെ കൂലി നമ്പര്‍ 4

പിരിവിന്റെ പഴി കമ്യൂണിസ്റ്റുകാര്‍ക്കാണ്‌. മുമ്പന്തിയില്‍ കോണ്‍ഗ്രസും. രാഷ്‌ട്രീയ കക്ഷികള്‍ ഫണ്ട്‌ സ്വരൂപിക്കാന്‍ ക്ലേശിക്കുമ്പോള്‍ കോണ്‍ഗ്രസ്‌ ഇപ്രാവശ്യം സ്വീകരിച്ചത്‌ പുതിയ രൂപം. 2007-09 കാലഘട്ടത്തില്‍ കൂപ്പണ്‍ വിറ്റ്‌ കോണ്‍ഗ്രസ്‌ നേടിയത്‌ 598.4 കോടി രൂപ. സംഭാവനയായി സമാഹരിച്ച 72 കോടി വേറെയുമുണ്ട്‌. ഈ കാലയളവില്‍ പലിശയിനത്തില്‍ 38 കോടി രൂപയും കിട്ടി. കോണ്‍ഗ്രസ്‌ സമര്‍പ്പിച്ച ആദായ നികുതി റിട്ടേണുകളിലാണ്‌ ഈ വിവരം. ഇതേ കാലയളവില്‍ ബി.ജെ.പി സംഭാവനകളിലൂടെ 297.7 കോടി രൂപ സമാഹരിച്ചു. 21.29 കോടി രൂപ പലിശ ഇനത്തിലും ബി.ജെ.പിക്ക്‌ കിട്ടി. സംഭാവനകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം ബി.എസ്‌.പിക്കാണ്‌. 202.94 കോടി രൂപ. ജനാധിപത്യ പരിഷ്‌കരണ വേദി എന്ന സംഘടന വിവരാവകാശ നിയമ പ്രകാരം സമാഹരിച്ചതാണീ കണക്കുകള്‍. സമ്പാദ്യത്തിന്റെ കാര്യത്തില്‍ സി.പി.എം തീരെ മോശമായില്ല. ലെവി ഇനത്തില്‍ പാര്‍ട്ടിക്ക്‌ ലഭിച്ചത്‌ 46 കോടി രൂപയാണ്‌. എന്‍.സി.പി കൂപ്പണ്‍ വിറ്റ്‌ നേടിയത്‌ അമ്പത്‌ കോടി. 600 കോടി ലഭിച്ച കോണ്‍ഗ്രസ്‌ വന്‍ തുക തെരഞ്ഞെടുപ്പിനായി ചെലവാക്കി, 215 കോടി രൂപ. പ്രചാരണത്തിനായി 58 കോടി രൂപയും ചെലവ്‌ ചെയ്‌തു. `മറ്റിനങ്ങളില്‍' എന്നു കാണിച്ച്‌ കോണ്‍ഗ്രസ്‌ 56 കോടി രൂപ ചെലവാക്കി. ഇതെന്താണെന്ന്‌ വ്യക്തമാക്കുന്നില്ല. പ്രചാരണത്തിന്‌ 89.16 കോടി രൂപയാണ്‌ ബി.ജെ.പി ചെലവാക്കിയത്‌. ബി.എസ്‌.പി 85 കോടിയുടെ സ്വത്ത്‌ വാങ്ങിക്കൂട്ടി. വരുമാനത്തില്‍ സി.പി.ഐ പിറകോട്ട്‌ പോയി . 2007-08ല്‍ 1.24 കോടി വരുമാനമുണ്ടായിരുന്നത്‌ വരവ്‌ 2008-09ല്‍ 1.16 കോടിയായി ചുരുങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ