വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 21, ചൊവ്വാഴ്ച

സൗദിയില്‍ പൊതുമാപ്പ്‌

സെപ്‌റ്റംബര്‍ 23-ലെ ദേശീയ ദിനാഘോഷത്തിന്‌ സൗദി സമ്മാനം. സൗദി അറേബ്യ ആറ്‌ മാസത്തേക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. വിസ, ഇഖാമ നിയമങ്ങള്‍ ലംഘിച്ച്‌ അനധികൃതമായി തങ്ങുന്ന വിദേശികള്‍ക്ക്‌ തടവും പിഴയുമില്ലാതെ ഈ കാലാവധിയില്‍ നാട്ടിലേക്ക്‌ മടങ്ങാം. ഹജ്‌, ഉംറ, സന്ദര്‍ശക വിസകളില്‍ എത്തി മടങ്ങാത്തവര്‍ക്കും തൊഴില്‍ വിസ കാലാവധി കഴിഞ്ഞ ശേഷം തങ്ങുന്നവര്‍ക്കും രാജ്യം വിടുന്നതിന്‌ ആറ്‌ മാസത്തെ സമയപരിധിയാണ്‌ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ളത്‌. ഈ മാസം 25 മുതല്‍ 2011 മാര്‍ച്ച്‌ 18 വരെയാണ്‌ കാലാവധി. ആഭ്യന്തര മന്ത്രാലയത്തിന്‌ കീഴിലുള്ള വിദേശികള്‍ക്കായുള്ള വകുപ്പിന്റെ (ഇദാറത്തുല്‍ വാഫിദീന്‍) ഏറ്റവുമടുത്ത ഓഫീസില്‍ ബന്ധപ്പെട്ട്‌ രാജ്യം വിടാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ഏറ്റവുമൊടുവില്‍ 1997 ലാണ്‌ സൗദി അറേബ്യയില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ചത്‌. നിരവധി സന്ദര്‍ശക വിസയിലും ബിസിനസ്‌ വിസയിലും എത്തി നിശ്ചിത സമയപരിധിക്കകം നാട്ടിലേക്ക്‌ മടങ്ങിപ്പോകാത്തവര്‍ക്ക്‌ പതിനായിരം റിയാലാണ്‌ പിഴ ചുമത്തുന്നത്‌. സന്ദര്‍ശക വിസയില്‍ ഇവരെ കൊണ്ടുവന്നവര്‍ക്കും പതിനായിരം റിയാല്‍ പിഴ ചുമത്തിയശേഷം കയറ്റിവിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്‌. ഭാരിച്ച തുക നല്‍കാനാവാതെ മലയാളികളുള്‍പ്പെടെ നിരവധി കുടുംബിനികളും മക്കളും സൗദിയുടെ വിവിധ ഭാഗങ്ങളിലുണ്ട്‌. വിസ കാലാവധി കഴിഞ്ഞ്‌ പല പ്രശ്‌നങ്ങള്‍ കാരണം നാട്ടിലേക്ക്‌ മടങ്ങാനാവാതെ ദുരിതം നേരിടുന്നവരും കുറവല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ