വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച

ആനദുരന്തം

പശ്ചിമ ബംഗാളില്‍ റെയില്‍പാളം മുറിച്ച്‌ കടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ ട്രെയിനിടിച്ച്‌ ഏഴ്‌ ആനകള്‍ ചരിഞ്ഞു. ട്രാക്കില്‍ കുടുങ്ങിപ്പോയ രണ്ട്‌ കുട്ടിയാനകളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയാണ്‌ മറ്റ്‌ ആനകളും ദാരുണ ദുരന്തത്തില്‍ പെട്ടത്‌.ജല്‍പായിഗുരി ജില്ലയിലെ വനമേഖലയില്‍ ബുധനാഴ്‌ച രാത്രിയായിരുന്നു ദുരന്തം. റെയില്‍ പാളം മുറിച്ചുകടക്കുന്നതിനിടെ കുട്ടിയാനകള്‍ പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇവയ്‌ക്ക്‌ സംരക്ഷണമായി വലിയ ആനകള്‍ ചുറ്റും കൂടി നില്‍ക്കുമ്പോഴായിരുന്നു അതിവേഗത്തില്‍ ട്രെയിനിന്റെ വരവ്‌. ഇടിയേറ്റ്‌ അഞ്ച്‌ ആനകള്‍ തല്‍ക്ഷണം ചരിഞ്ഞു. പരിക്കേറ്റ രണ്ടെണ്ണം ഇന്നലെ രാവിലെയും. ചരിഞ്ഞവയില്‍ രണ്ട്‌ കുട്ടിയാനകളുമുണ്ടെന്ന്‌ സംസ്ഥാന ചീഫ്‌ ഫോറസ്റ്റ്‌ കണ്‍സര്‍വേറ്റര്‍ അതനു രാഹ പറഞ്ഞു.ദുരന്തത്തെത്തുടര്‍ന്ന്‌ ഇതുവഴിയുള്ള റെയില്‍ഗതാഗതം നിര്‍ത്തിവെച്ചു. രക്ഷപ്പെട്ട ആനകള്‍ ഇന്നലെ രാവിലെയും ദുരന്തസ്ഥലത്തിന്‌ സമീപം ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. വന്യമൃഗങ്ങളുടെ സഞ്ചാരപഥമായ ഈ പ്രദേശത്ത്‌ ട്രെയിനുകള്‍ പരമാവധി മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലേ പോകാവൂവെന്ന്‌ നിര്‍ദേശമുണ്ട്‌. എന്നാല്‍ അപകടത്തില്‍പെട്ട ട്രെയിനിന്റെ വേഗം 70 കിലോമീറ്ററായിരുന്നുവെന്ന്‌ അതനു രാഹ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന്‌ റെയില്‍വേ അധികൃതര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി. സമീപ ഗ്രാമങ്ങളിലെ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഭാഗത്ത്‌ 20 ആനകളാണ്‌ ട്രെയിനിടിച്ച്‌ ചെരിഞ്ഞത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ