വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

കോമണ്‍വെല്‍ത്ത്‌: നമുക്ക്‌ തലതാഴ്‌ത്താം

കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ തുടങ്ങാന്‍ 10 ദിവസം മാത്രം. 35,000 കോടി രൂപ ചെലവിട്ട്‌ ഇന്ത്യ ഒരുക്കിയ കായിക മാമാങ്കത്തില്‍നിന്ന്‌ താരങ്ങളും ടീമുകളും കൂട്ടത്തോടെ പിന്‍മാറിയേക്കുമെന്ന്‌ സൂചന. അഴിമതി, കെടുകാര്യസ്ഥത, പിന്നാലെ നിര്‍മാണത്തിലെ പിശകുകളും ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തി. ആശങ്ക പുറത്തുകാണിക്കാതിരിക്കാനായി നടത്തുന്ന പ്രസ്‌താവനകള്‍പോലും പരിഹാസ്യമാവുകയാണ്‌. മേല്‍പാത പൊളിഞ്ഞുവീണതില്‍ അത്‌ലറ്റുകള്‍ ഭയക്കേണ്ടതില്ലെന്നും അത്‌ സാധാരണക്കാര്‍ക്ക്‌ പോകാനുള്ളതാണെന്നും ദല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌. വെയ്‌റ്റ്‌ലിഫ്‌റ്റിംഗ്‌ വേദിയിലെ മേല്‍ക്കൂര വീണശേഷം നഗരവികസന മന്ത്രി ജയ്‌പാല്‍ റെഡ്‌ഢി പ്രസ്‌താവിച്ചത്‌ നിസ്സാര കാര്യങ്ങളെച്ചൊല്ലി ആശങ്ക വേണ്ടെന്നാണ്‌. ഗെയിംസില്‍ ആധിപത്യം പുലര്‍ത്താറുള്ള ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും കാനഡയും കനത്ത ആശങ്കയാണ്‌ ഉയര്‍ത്തിയത്‌. ഇംഗ്ലണ്ട്‌ സംഘത്തലവന്‍ ക്രയ്‌ഗ്‌ ഹണ്ടറും, ഇംഗ്ലണ്ട്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മേധാവി ആന്‍ഡ്രൂ ഫോസ്റ്ററും ഭീഷണി മുഴക്കിക്കഴിഞ്ഞു. സമയം അതിക്രമിക്കുകയാണെന്നും പങ്കെടുക്കണമോയെന്ന്‌ അത്‌ലറ്റുകള്‍ക്ക്‌ വ്യക്തിപരമായി തീരുമാനിക്കാമെന്നും ബ്രിട്ടീഷ്‌ ഉപപ്രധാനമന്ത്രി നിക്‌ ക്ലെഗ്‌ പ്രസ്‌താവിച്ചു. ഗെയിംസ്‌ ഗ്രാമം മതിയായ നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ ഗെയിംസ്‌ റദ്ദാക്കേണ്ടി വരുമെന്ന്‌ ന്യൂസിലാന്റ്‌ സംഘത്തലവന്‍ ഡേവ്‌ കറി ഓര്‍മിപ്പിച്ചു. അത്‌ലറ്റുകളുടെ ജീവന്‍ അപകടത്തിലാക്കാന്‍ താന്‍ ഒരുക്കമല്ലെന്ന്‌ ന്യൂസിലാന്റ്‌ പ്രധാനമന്ത്രി ജോണ്‍ കീ പറഞ്ഞു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറണമോയെന്ന്‌ ന്യൂസിലാന്റ്‌ ഒളിംപിക്‌ കമ്മിറ്റി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്‌കോട്‌ലന്റും ഇംഗ്ലണ്ടും വെയ്‌ല്‍സും സംഘാടക സമിതിക്ക്‌ അന്ത്യശാസനം നല്‍കി. ദല്‍ഹിയിലേക്കുള്ള യാത്ര സ്‌കോട്‌ലന്റ്‌ ടീം നീട്ടിവെച്ചു. രണ്ടു ദിവസത്തിനകം കാര്യങ്ങള്‍ മെച്ചപ്പെട്ടില്ലെങ്കില്‍ പിന്‍മാറുമെന്ന്‌ കൊച്ചു രാജ്യങ്ങളായ ഗ്വേണ്‍സിയും ജഴ്‌സിയും മുന്നറിയിപ്പ്‌ നല്‍കി. ഗ്വേണ്‍സി 43 പേരെയാണ്‌ അയക്കേണ്ടത്‌. അത്‌ലറ്റുകളുടെ ഗ്രാമം സന്ദര്‍ശിച്ച സ്‌കോട്‌ലന്റ്‌ പ്രതിനിധി ഒരു കട്ടിലില്‍ നായ മൂത്രമൊഴിക്കുന്ന ചിത്രമെടുത്തതായി റിപ്പോര്‍ട്ടുണ്ട്‌. അത്‌ലറ്റുകളുടെ ഗ്രാമം താരങ്ങള്‍ക്ക്‌ ഔദ്യോഗികമായി തുറന്നു കൊടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ മേധാവി മൈക്‌ ഫെന്നല്‍ ഇന്ന്‌ ന്യൂദല്‍ഹിയിലെത്തും. താമസയോഗ്യമല്ലാത്ത ഗ്രാമത്തെക്കുറിച്ച്‌ കഴിഞ്ഞ ദിവസം അദ്ദേഹം ഗെയിംസിന്റെ ചുമതലയുള്ള കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറിക്ക്‌ എഴുതിയ കത്ത്‌ കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ കൊടുങ്കാറ്റഴിച്ചുവിട്ടിരുന്നു. പരിശോധനക്കെത്തിയ ന്യൂസിലാന്റ്‌, കാനഡ, സ്‌കോട്‌ലന്റ്‌, അയര്‍ലന്റ്‌ പ്രതിനിധികളെ ഞെട്ടിച്ച ഗെയിംസ്‌ ഗ്രാമത്തിലെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ഇന്നു വരെയാണ്‌ ഫെന്നല്‍ സംഘാടക സമിതിക്ക്‌ സമയം നല്‍കിയിട്ടുള്ളത്‌. ഗെയിംസിനെ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന്‌ അദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ട്‌ അഭ്യര്‍ഥിച്ചേക്കും. ഇന്നലെ അഞ്ച്‌ പ്രമുഖ അത്‌ലറ്റുകള്‍ ഗെയിംസില്‍നിന്ന്‌ പി�ാറി. പൂര്‍ണ കരുത്തുള്ള ടീമിനെ അയക്കാനാവില്ലെന്ന്‌ ആഫ്രിക്കയിലെ 19 കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങള്‍ അറിയിച്ചു. കൂടുതല്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗെയിംസില്‍നിന്ന്‌ പിന്‍മാറിയേക്കുമെന്ന്‌ സ്‌പോര്‍ട്‌സ്‌ മന്ത്രി മാര്‍ക്ക്‌ അര്‍ബീബ്‌ പ്രഖ്യാപിച്ചു. വൃത്തിഹീനമായ അത്‌ലറ്റുകളുടെ ഗ്രാമത്തെക്കുറിച്ച്‌ കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 71 രാജ്യങ്ങളിലെ ഏഴായിരത്തോളം അത്‌ലറ്റുകളാണ്‌ ഗെയിംസില്‍ പങ്കെടുക്കേണ്ടത്‌.

1 അഭിപ്രായം: