വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

അവ്വ കാടിറങ്ങുകയാണ്‌

കാളിന്ദിയുടെ കരയില്‍ നാലു പതിറ്റാണ്ടായി തുടരുന്ന വനവാസം ലക്ഷ്‌മി അവ്വ അവസാനിപ്പിക്കുന്നു. വനം വകുപ്പ്‌ കാട്ടിക്കുളത്തിനടുത്ത്‌ പനവല്ലിയില്‍ നിര്‍മിച്ച വീട്ടിലേക്ക്‌ ലക്ഷ്‌മി അവ്വ നാളെ താമസം മാറ്റും. ആനത്താര പദ്ധതിയില്‍ വൈല്‍ഡ്‌ ലൈഫ്‌ ട്രസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ വനംവകുപ്പ്‌ ഇവരെ പുനരധിവസിപ്പിക്കുന്നത്‌. 40 വര്‍ഷം മുന്‍പ്‌ തുടങ്ങിയതാണ്‌ അവ്വയുടെ കാട്ടു ജീവിതം. വയനാട്‌ തോല്‍പ്പെട്ടി-അപ്പപ്പാറ റോഡില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ മാറി കാടിനുനടുവില്‍ ഭര്‍ത്താവ്‌ ദാസന്‍ ചെട്ടിയോടൊപ്പം. കാട്ടില്‍ വിത്തെറിഞ്ഞും വിളവെടുത്തും ജീവിച്ചു. ദാസന്‍ ചെട്ടി മരിച്ചപ്പോള്‍ സന്താനഭാഗ്യം ഇല്ലാതിരുന്ന അവ്വ ഒറ്റയ്‌ക്കുമായി. ഇതിനുശേഷം `നാട്ടിലേക്ക്‌' താമസം മാറ്റാന്‍ പലരും ഉപദേശിച്ചെങ്കിലും അവ്വ വഴങ്ങിയില്ല. ഭര്‍ത്താവ്‌ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണില്‍ ജീവിക്കാനായിരുന്നു അവരുടെ തീരുമാനം. അവ്വക്ക്‌ വന്യജീവികള്‍ കൂട്ടുകാര്‍. ആരും അവരെ ഭയപ്പെടുത്തുകപോലും ചെയ്‌തിട്ടില്ല. തൊടിയിലും വീട്ടുമുറ്റത്തുമെത്തുന്ന ആനയും മാനും ഉള്‍പ്പെടെ വന്യജീവികള്‍ ശല്യക്കാരായിരുന്നില്ല. കാട്ടാനകളെല്ലാം അവ്വയ്‌ക്ക്‌ `ഗണേശ�ാ' രായിരുന്നു. ആനകള്‍ തന്നെ ഉപദ്രവിക്കില്ലെന്നു മാത്രമല്ല, സംരക്ഷിക്കുകയും ചെയ്യുമെന്ന്‌ അവ്വ വിശ്വസിച്ചിരുന്നു. ഇതിനു ഇന്നോളം പോറല്‍ ഏറ്റിട്ടുമില്ല. കാട്ടില്‍ പുലിയും കടുവയുമൊക്കെ ഉണ്ടെങ്കിലും അവയും അവ്വയെ വിരട്ടിയ കഥകള്‍ ഇല്ല. തൊടിയിലെ സ്ഥിരം സന്ദര്‍ശകരായ എല്ലാ വന്യജീവികളെയും അവ്വ സ്വന്തം കുട്ടികളെപ്പോലെയാണ്‌ കണക്കാക്കിയിരുന്നത്‌. പ്രായത്തിന്റെ അരിഷ്‌ടതകള്‍ പിടികൂടിയ അവ്വയ്‌ക്ക്‌ പലപ്പോഴും വനംവകുപ്പു ജീവനക്കാരായിരുന്നു തുണ. അവ്വയുടെ റേഷനും അത്യാവശ്യം പലവ്യഞ്‌ജനങ്ങളും വാങ്ങി വീട്ടിലെത്തിക്കുന്നതും വനം വകുപ്പ്‌ ജീവനക്കാരാണ്‌. വനം വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും `ജപ്യൂട്ടി ശാറു'മാരാണ്‌ അവ്വക്ക്‌. അവ്വ കാടൊഴിയാന്‍ തയാറായില്ലെങ്കിലും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഏറെ പണിപ്പെട്ടാണ്‌ അവ്വയെക്കൊണ്ട്‌ സമ്മതം മൂളിച്ചത്‌. പനവല്ലിയില്‍ 25 സെന്റ്‌ സ്ഥലവും നാലുമുറി വീടുമാണ്‌ അവ്വയ്‌ക്കായി വനം വകുപ്പ്‌ ഒരുക്കിയത്‌.

2 അഭിപ്രായങ്ങൾ:

  1. കഴിഞ്ഞ ദിവസം ഇവരെ കണ്ടിരുന്നു,ഒരു അരിസഞ്ചിയുമായി കാട് കയറി പോകുന്നു..ഇവരുമായി സംസാരിക്കണമെന്നുണ്ടായിരുന്നു.പറ്റിയില്ല.

    മറുപടിഇല്ലാതാക്കൂ