വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

പുതിയ ഗിന്നസ്‌ വിശേഷങ്ങള്‍

ആടിന്റെ വലിപ്പം പോലുമില്ലാത്ത പശുവും ശരീരത്തോളം നീണ്ട നാവുള്ള നായയും ഉള്‍പ്പെടെ 3000 പുതിയ ലോക റെക്കോഡുകളെക്കുറിച്ചുള്ള വിവരവുമായി ഗിന്നസ്‌ബുക്കിന്റെ പുതിയ പതിപ്പു പുറത്തിറങ്ങി. ഏറ്റവും നീണ്ട ഇടിമിന്നലും ഭീമന്‍ പ്രഭാത ഭക്ഷണവുമെല്ലാം ലോക റെക്കോഡുകളുടെ പുസ്‌തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്‌.വ്യാഴാഴ്‌ച പുറത്തിറങ്ങിയ ഗിന്നസ്‌ബുക്കിന്റെ 2011ലെ പതിപ്പനുസരിച്ച്‌ ബ്രിട്ടനിലെ ചെഷയറിലാണ്‌ ഏറ്റവും ഉയരം കുറഞ്ഞ പശുവുള്ളത്‌. സ്വാലോ എന്നു പേരിട്ട ഈ പശുവിന്‌ വയസ്സ്‌ പതിനൊന്നായി; മക്കള്‍ ഒമ്പത്‌. പക്ഷേ ഉയരം വെറും 80 സെ.മീറ്റര്‍. സാധാരണ ആടിന്‌ ഇതിനേക്കാള്‍ പൊക്കമുണ്ട്‌. ന്യൂബറിയില്‍ 1999ല്‍ ജനിച്ച സ്വാലോയുടെ പൊക്കക്കുറവിന്‌ പിന്നില്‍ എന്തോ ജനിതക വൈകല്യമാണെന്നാണ്‌ കരുതുന്നത്‌. പുതിയ ഗിന്നസ്‌ബുക്കില്‍ തനിക്കേറ്റവും പ്രിയപ്പെട്ട അതിഥിയാണ്‌ ഈ കുഞ്ഞിപ്പശുവെന്ന്‌ മുഖ്യ പത്രാധിപര്‍ ക്രെയ്‌ഗ്‌ ഗ്ലെന്‍ഡേ പറയുന്നു.അമേരിക്കയിലെ ടെക്‌സാസിലുള്ള പഗ്ഗിക്കാണ്‌ നായ്‌ക്കളുടെ കൂട്ടത്തില്‍ ഏറ്റവും വലിയ നാവുള്ളത്‌. നാലര ഇഞ്ച്‌ നീളമുണ്ട്‌ പഗ്ഗിയുടെ നാവിന്‌. ശരീരത്തിനും ഏതാണ്ടതേ വലിപ്പമേയുള്ളൂ. ആരോ ഉപേക്ഷിച്ചുപോയ ഈ പെക്കിന്‍ഗീസ്‌ നായയെ എട്ടുവര്‍ഷം മുമ്പാണ്‌ ബെക്കി സ്റ്റാന്‍ഫഡ്‌ എന്ന യുവതി എടുത്തുവളര്‍ത്തിയത്‌.ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലുള്ള മരിയോസ്‌ കഫേയിലാണ്‌ ഏറ്റവും വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം കിട്ടുക. വിഭവങ്ങള്‍ക്കെല്ലാംകൂടി മൂന്നു കിലോയോളം ഭാരം വരും. വില 10.95 പൗണ്ട്‌ (ഏതാണ്ട്‌ 800 രൂപ). എന്നാല്‍ 20 മിനിറ്റുകൊണ്ട്‌ മുഴുവന്‍ തിന്നു തീര്‍ക്കാവുന്നവര്‍ക്ക്‌ ഭക്ഷണം സൗജന്യമാണ്‌.ഏറ്റവും ദൈര്‍ഘ്യമേറിയ ഇടിമിന്നല്‍ കണ്ടിട്ടുള്ളത്‌ ഭൂമിയിലല്ല; ശനിയിലാണ്‌. ഏട്ടുമാസമാണത്‌ നീണ്ടുനിന്നത്‌. ഏറ്റവും നീളമുള്ള മുയലുള്ളത്‌ ബ്രിട്ടനിലാണ്‌. ഡാരിയസ്‌ എന്നു പേരിട്ട ഈ ഭീമന്‌ നാലടിയും മൂന്നിഞ്ചുമാണ്‌ നീളം. വെസ്റ്റ്‌മിഡ്‌ലന്‍ഡിലെ സ്റ്റീഫന്‍ ബട്‌ലര്‍ ഗിന്നസ്‌ബുക്കിലിടം പിടിച്ചത്‌ വ്യായാമം ചെയ്‌താണ്‌. ഒരു മിനിറ്റിനുള്ളില്‍ 73 'പുഷ്‌അപ്പു'കളാണ്‌ ഈ 44കാരനെടുത്തത്‌. ഡോണ സിംസണ്‍ എന്ന അമേരിക്കക്കാരി റെക്കോഡിട്ടത്‌ പൊണ്ണത്തടിയുമായാണ്‌. കുഞ്ഞിനെ പ്രസവിച്ച ഏറ്റവും ഭാരമുള്ളയാളാണ്‌ 240 കിലോഗ്രാം തൂക്കമുള്ള ഡോണ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ