വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 30, വെള്ളിയാഴ്‌ച

`പരേത' മധുവിധു ആഘോഷത്തില്‍

`മരിച്ച' വീട്ടമ്മ മധുവിധു ആഘോഷത്തില്‍. കൊലയാളിയെ പോലീസ്‌ വലയിലാക്കിയപ്പോള്‍ ആളുമാറി മറ്റൊരു യുവതിയുടെ മൃതദേഹം സംസ്‌കരിച്ച അച്ഛനമ്മമാര്‍ ദുഃഖത്തിലുമായി. കൊല്ലത്താണ്‌ സംഭവം. പുന്തലത്താഴം തെങ്ങയ്യത്ത്‌ വീട്ടില്‍ സോമന്‍-സുനീതി ദമ്പതികളുടെ മകള്‍ ഷൈനിയെ (27) കഴിഞ്ഞ ആഗസ്റ്റ്‌ മുതല്‍ കാണാതായിരുന്നു. ഷൈനി മൂന്നു മക്കളുടെ അമ്മയായിരുന്നു. മയ്യനാട്ട്‌ ഭര്‍ത്താവ്‌ സുനിലിനൊപ്പം താമസിച്ചുവരവേയാണ്‌ കാണാതായത്‌. ഇതിനിടെ ഈ മാസം 18 ന്‌ പരവൂര്‍ കായലില്‍ കണ്ട മൃതദേഹം അച്ഛനമ്മമാര്‍ ഷൈനിയുടേതാണെന്ന്‌ കരുതി സംസ്‌കരിച്ചു. വ്യാഴാഴ്‌ച 'പരേത'യെ പോലീസ്‌ കണ്ടെത്തിയതോടെ കഥ മാറി. ഷൈനി വീട്ടിനടുത്തുള്ള കലേഷു(30)മായി പ്രണയത്തിലായിരുന്നു. കഴിഞ്ഞവര്‍ഷം ഈ യുവതിയെ കാണാതായപ്പോള്‍ അച്ഛനമ്മമാരും ഭര്‍ത്താവും പോലീസില്‍ പരാതി നല്‍കി. ഇതിനിടെ പരവൂര്‍ കായലില്‍ ഷൈനിക്ക്‌ സമാനമായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇവര്‍ പരവൂര്‍ പോലീസില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍ കോളേജില്‍ അച്ഛനമ്മമാര്‍ പോയി മൃതദേഹം തിരിച്ചറിഞ്ഞു സംസ്‌കരിക്കുകയും ചെയ്‌തു.മരണത്തില്‍ ദുരൂഹതയുണ്ടെന്നും കലേഷിനെ സംശയമുണ്ടെന്നും കാട്ടി ഷൈനിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ്‌ അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഷൈനിയെ കാണാതായതു മുതല്‍ കലേഷിനെയും കാണാതായിരുന്നു. കലേഷിന്റെ മൊബൈലില്‍ പോലീസ്‌ നിരന്തരം ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്‌ കൈമാറി ബുധനാഴ്‌ച രാത്രി സൈബര്‍ സെല്‍ സന്ദേശത്തെ തുടര്‍ന്ന്‌ ഇരവിപുരം പോലീസ്‌ പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കരയ്‌ക്കടുത്തുള്ള മണ്ണാറക്കുളഞ്ഞിയിലെത്തി. ഷൈനിയുടെ കൊലപാതകിയെ പിടിക്കാന്‍ വന്ന പോലീസ്‌ ഞെട്ടിപ്പോയി. റബര്‍ തോട്ടത്തിനുള്ളിലെ ഒരു വീട്ടില്‍ കലേഷിനൊപ്പം ഷൈനിയും. കൈയോടെ രണ്ടുപേരെയും പോലീസ്‌ അറസ്റ്റുചെയ്‌ത്‌ ഇരവിപുരം പോലീസ്‌ സ്‌റ്റേഷനിലെത്തിച്ചു. കാമുകീകാമുക?ാര്‍ ഇരവിപുരം പോലീസ്‌ സ്‌റ്റേഷനിലാണ്‌. അടക്കം ചെയ്‌ത മൃതദേഹം ആരുടേത്‌. അതാണിനി പോലീസിന്റെ ഉറക്കം കെടുത്തുന്നത്‌.

2010, ജൂലൈ 28, ബുധനാഴ്‌ച

മറഡോണ ഔട്ട്‌

അവസാനം മറഡോണ ഔട്ട്‌. അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ കോച്ച്‌ ഡീഗോ മറഡോണയുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന്‌ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചു. തന്റെ സംഘത്തിലുള്ളവരെ അതേപടി നിലനിര്‍ത്തിയാല്‍ മാത്രമേ പരിശീലകസ്ഥാനത്ത്‌ തുടരൂവെന്ന്‌ മറഡോണ പറഞ്ഞിരുന്നു. മറഡോണയുടെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ജൂലിയോ ഗ്രൊന്‍ഡോന പറഞ്ഞു.. മറഡോണയുടെ സുഹൃത്തു കൂടിയായ അലക്‌സാന്‍ട്രോ മങ്കൂസോ അടക്കമുള്ളവരെ നീക്കണമെന്ന്‌ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ലോകകപ്പ്‌ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ അര്‍ജന്റീന ജര്‍മനിയോട്‌ പരാജയപ്പെട്ട്‌ പുറത്തായതിനു പിന്നാലെ മറഡോണാ സംഘത്തിലെ ചിലരെ മാറ്റണമെന്ന്‌ അസോസിയേഷന്‍ പറഞ്ഞിരുന്നു..കടുത്ത തീരുമാനമാണ്‌ ഇതെന്ന്‌ അസോസിയേഷന്‍ വക്താവ്‌ ഏണസ്‌റ്റോ ചെര്‍ക്വിസ്‌ ബിയാലോ വിയക്തമാക്കി. എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ മറ്റുപോംവഴി ഇല്ലായിരുന്നു.

2010, ജൂലൈ 27, ചൊവ്വാഴ്ച

പാസ്റ്റര്‍ എന്ന `പുണ്യാളന്‍'

ശാരീരികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്‌തുവെന്ന രണ്ട്‌ സ്‌ത്രീകളുടെ പരാതികളില്‍ പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്‌ നാട്‌ അയനാവരത്തെ ഫെയ്‌ത്ത്‌ അസംബ്ലി എന്ന മതസ്ഥാപനത്തിലെ പാസ്റ്റര്‍ ശെല്‍വരാജ്‌ (53) ആണ്‌ അറസ്റ്റിലായത്‌. സുഗന്ധി, മേഴ്‌സി മേരി എന്നിവര്‍ നല്‍കിയ പരാതികളിലാണ്‌ ശെല്‍വരാജ്‌ പിടിയിലായത്‌. ഇതേ ആരോപണം ഉന്നയിച്ച്‌ രണ്ട്‌ പേര്‍ കൂടിപരാതി നല്‍കിയിട്ടുണ്ട്‌. ഈ പരാതികള്‍ പോലീസ്‌ പരിശോധിച്ച്‌ വരികയാണ്‌. സുഗന്ധിയുടെ കൈയില്‍നിന്ന്‌ 3.5 ലക്ഷം രൂപയും 5.5 പവന്‍ സ്വര്‍ണാഭരണങ്ങളും മേഴ്‌സി മേരിയുടെ കെയില്‍നിന്ന്‌ 3.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തുവെന്നാണ്‌ കേസ്‌. സുഗന്ധിയെ ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്‌.

2010, ജൂലൈ 25, ഞായറാഴ്‌ച

ബലാല്‍സംഗമായി പരിഗണിക്കാനാവില്ല

മുംബൈ: വിവാഹ വാഗ്‌ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനെ ബലാല്‍സംഗമായി പരിഗണിക്കാനാവില്ലെന്ന്‌ ബോംബെ ഹൈക്കോടതി. വിവാഹം കഴിക്കാമെന്ന്‌ ആദ്യം വാക്ക്‌ നല്‍കുകയും ലൈംഗിക ബന്ധത്തിന്‌ ശേഷം പി�ാറുകയും ചെയ്‌ത ഒരാളെ കുറ്റവിമുക്തനാക്കിയാണ്‌ കോടതി വിധി. യവത്‌മല്‍ സെഷന്‍സ്‌ കോടതി പത്ത്‌ കൊല്ലം കഠിനതടവ്‌ ശിക്ഷ വിധിച്ച കേസിലാണ്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ശ്രദ്ധേയമായ ഈ വിധി. ജസ്റ്റിസ്‌ അംബദാസ്‌ ജോഷിയാണ്‌ സന്ദീപ്‌ രത്തോഡിനെ കുറ്റവിമുക്തനാക്കിയത്‌. ഐ.പി.സി 376 വകുപ്പ്‌ പ്രകാരം ശിക്ഷിക്കെട്ടയാളാണ്‌ സന്ദീപ്‌. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക്‌ പതിനെട്ടിനടുത്ത്‌ പ്രായമേ ഉണ്ടായിരുന്നുള്ളുവെന്നും കോടതി നിരീക്ഷിച്ചു. സംഭവ സമയത്ത്‌ സന്ദീപ്‌ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിനടുത്ത്‌ വനം വകുപ്പില്‍ ജോലി ചെയ്‌തു വരികയായിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കി ശാരീരിക ബന്ധം തുടര്‍ന്നു. ഗര്‍ഭിണിയായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട്‌ പരാതിപ്പെട്ടു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന്‌ സന്ദീപ്‌ അറസ്റ്റിലായി. നിരവിധി തവണ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട പ്രതിയെ സെഷന്‍സ്‌ കോടതി പത്ത്‌ വര്‍ഷത്തെ കഠിന തടവിന്‌ ശിക്ഷിക്കുകയായിരുന്നു. രണ്ട്‌ വര്‍ഷത്തിന്‌ ശേഷം പ്രതി ഹൈക്കോടതിയെ സമീപിച്ചതാണ്‌.

2010, ജൂലൈ 24, ശനിയാഴ്‌ച

പ്രണയ`ജ്വാല'യില്‍ അസ്‌ഹര്‍

രണ്ടാം ഭാര്യ സംഗീത ബിജ്‌ലാനിയെ അടുത്തയാഴ്‌ച മൊഴി ചൊല്ലുമെന്നും ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ടയെ വിവാഹം ചെയ്യുമെന്നുമുള്ള വാര്‍ത്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ നിഷേധിക്കുന്നു. മലയാളി താരം വി. ഡിജുവിന്റെ മിക്‌സഡ്‌ ഡബ്‌ള്‍സ്‌ കൂട്ടാളിയും ദേശീയ ചാമ്പ്യന്‍ ചേതന്‍ ആനന്ദിന്റെ ഭാര്യയുമായ ജ്വാല തന്റെ കൂട്ടുകാരി മാത്രമാണെന്ന്‌ അസ്‌ഹര്‍ വിശദീകരിക്കുന്നു. ആദ്യ ഭാര്യ നൗറീനെ വിവാഹമോചനം ചെയ്‌ത്‌ 14 വര്‍ഷം മുമ്പാണ്‌ ബോളിവുഡ്‌ നടി സംഗീതയെ അസ്‌ഹര്‍ ജീവിതസഖിയാക്കിയത്‌. നൗറീനില്‍ അസ്‌ഹറിന്‌ രണ്ടു മക്കളുണ്ട്‌. ചൈനീസ്‌ വംശജയായ ജ്വാല ഇന്ത്യന്‍ പിതാവിനും ചൈനക്കാരിയായ മാതാവിനും ഹൈദരാബാദിലാണ്‌ ജനിച്ചത്‌. മഹാത്മാ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ജ്വാലയുടെ മുത്തച്ഛന്‍. ഗാന്ധി സാഹിത്യം ചൈനീസിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌ അദ്ദേഹം. ഏഴു തവണ ദേശീയ വനിതാ ഡബ്‌ള്‍സ്‌ ചാമ്പ്യനായിട്ടുണ്ട്‌ ഇരുപത്താറുകാരിയായ ജ്വാല. മൂന്നു തവണ ദേശീയ ചാമ്പ്യനായ ചേതനുമായി 2005 ലായിരുന്നു വിവാഹം. എന്നാല്‍ അടിസ്ഥാനരഹിതവും അസംബന്ധവുമായ വാര്‍ത്തകളാണ്‌ പ്രചരിക്കുന്നതെന്ന്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ എം.പിയായ അസ്‌ഹര്‍ പറഞ്ഞു. ഈ ദുഷ്‌പ്രചാരണം എന്നെ വേദനിപ്പിക്കുന്നു. ജ്വാലയെ എനിക്കറിയാം, നല്ല സുഹൃത്താണ്‌. അവരുമായി കൂട്ടിക്കെട്ടി വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്‌ നടുക്കമുണ്ടാക്കുന്നു. ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയിലെ (ബായ്‌) ചിലരാണ്‌ വാര്‍ത്തക്ക്‌ പിന്നിലെന്ന്‌ അസ്‌ഹര്‍ ആരോപിച്ചു. കഴിഞ്ഞ മാസം ബായ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള ഇലക്‌ഷനില്‍ മത്സരിക്കാന്‍ ശ്രമിച്ചതിന്‌ പക വീട്ടുകയാണെന്നും അസ്‌ഹര്‍ കുറ്റപ്പെടുത്തി. ജ്വാല മികച്ച കളിക്കാരിയും രാജ്യത്തിന്‌ മുതല്‍ക്കൂട്ടുമാണെന്ന്‌ അസ്‌ഹര്‍ പറഞ്ഞു. ഭാവിയിലും ഒരുപാട്‌ മെഡലുകള്‍ രാജ്യത്തിന്‌ സമ്മാനിക്കാന്‍ ജ്വാലക്കു സാധിക്കും. അവരെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കരുതെന്നാണ്‌ എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളത്‌ -അസ്‌ഹര്‍ പറഞ്ഞു. ഡിജുവും ജ്വാലയും ലോക ഏഴാം നമ്പര്‍ ജോടിയാണ്‌. ജ്വാല ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ പരിശീലനത്തിന്‌ വരുമ്പോള്‍ സ്ഥിരമായി അസ്‌ഹറിനെയും ഒപ്പം കാണാറുണ്ടെന്നാണ്‌ ആന്ധ്രാപ്രദേശ്‌ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നത്‌. നാല്‍പത്തേഴുകാരനായ അസ്‌ഹര്‍ ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ജ്വാലയെ അനുഗമിച്ചിരുന്നു.

2010, ജൂലൈ 23, വെള്ളിയാഴ്‌ച

കബ്‌സയിലൂടെ ഗിന്നസിലേക്ക്‌


നാലായിരം കിലോ തൂക്കം വരുന്ന കബ്‌സയുണ്ടാക്കി ഒമാനിലെ അല്‍ശാം കമ്പനി ഗിന്നസ്‌ ബുക്കില്‍ കയറി. ഒമാന്റെ 40-ാം നവോത്ഥാന ദിനം പ്രമാണിച്ച്‌ കമ്പനി നിര്‍മിച്ച കബ്‌സയാണ്‌ ലോകത്തില്‍ ഏറ്റവും വലുതെന്ന റെക്കോര്‍ഡിട്ടത്‌. 4,000 കിലോ ബസ്‌മതി അരി, 4,000 കിലോ ചിക്കന്‍, 2,000 ലിറ്റര്‍ ഒലിവ്‌ എണ്ണ, ഉള്ളി, തക്കാളി, ഉണക്ക നാരങ്ങ, കറുവപ്പട്ട, ഏലക്ക, മസാലപ്പൊടികള്‍ തുടങ്ങിയ ചേരുവകള്‍ ഉപയോഗിച്ചാണ്‌ കൂറ്റന്‍ കബ്‌സ ഒരുക്കിയത്‌. ഒമാന്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ കബ്‌സ തയ്യാറാക്കുന്നതു കാണാനെത്തിയവര്‍ക്കൊക്കെ വിളമ്പിയിട്ടും സ്വാദിഷ്ട വിഭവം ബാക്കിയായി. മൊത്തം പതിനയ്യായിരത്തിലേറെപ്പേര്‍ക്കു കഴിക്കാനാവുന്നതാണ്‌ ഇതെന്ന്‌ അല്‍ശാം ജനറല്‍ മാനേജര്‍ പറഞ്ഞു.

പ്രിന്‍സിപ്പല്‍ പീഡകനായപ്പോള്‍

പതിനൊന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുംബൈയില്‍ അറസ്റ്റില്‍. വിദ്യാര്‍ഥിനി ഗര്‍ഭിണിയാണ്‌. ഹൈദരാബാദിലെ മന്നേഗുഡയില്‍ പാര്‍ക്‌ വുഡ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സലാഹുദ്ദീന്‍ അയ്യൂബാണ്‌ അറസ്റ്റിലായത്‌. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്‌ത്‌ സംഭവത്തിന്റെ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. പക്ഷേ സ്‌കൂള്‍ അധികൃതര്‍ സംഭവം നിഷേധിച്ചു. ഗള്‍ഫിലും ശാഖകളുള്ള സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ്‌ ഇതിന്‌ പിന്നിലെന്ന്‌ അവര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുട്ടിയെ പ്രിന്‍സിപ്പല്‍ നിരവധി തവണ പീഡിപ്പിച്ചുവെന്ന്‌ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ മുംബൈയില്‍ പറഞ്ഞു. പുറത്ത്‌ പറഞ്ഞാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാവുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ്‌ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചത്‌. മകള്‍ ഗര്‍ഭിണിയായപ്പോഴാണ്‌ തങ്ങള്‍ അറിഞ്ഞതെന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം വ്യക്തമാക്കി. പ്രിന്‍സിപ്പലിനെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട്‌ പ്രദേശവാസികളും ഏതാനും കുട്ടികളുടെ രക്ഷിതാക്കളും സ്‌കൂളിന്‌ പുറത്ത്‌ പ്രതിഷേധിച്ചു. കുറ്റവാളിയെ ശിക്ഷിക്കണമെന്ന്‌ വനിതാ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്‌.

നേഗി ഇന്ത്യന്‍ കോച്ചാവും

ചക്‌തേ ഇന്ത്യ എന്ന ബോളിവുഡ്‌ സിനിമയുടെ കഥക്ക്‌ ആധാരമായ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ മീര്‍ രഞ്‌ജന്‍ നേഗി ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ കോച്ചാവും. 1982 ലെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ 7-1 ന്‌ തകര്‍ത്തുവിട്ടപ്പോള്‍ ഗോളിയായിരുന്നു നേഗി. പിന്നീട്‌ പരിശീലകനായി വനിതാ ഹോക്കി ടീമിന്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സ്വര്‍ണം നേടിക്കൊടുത്താണ്‌ ആ നാണക്കേടില്‍നിന്ന്‌ നേഗി കരകയറിയത്‌. അതിനെ അടിസ്ഥാനമാക്കിയാണ്‌ ഷാരൂഖ്‌ ഖാന്‍ ചക്‌തേ ഇന്ത്യ എന്ന സിനിമയെടുത്തത്‌. നിലവിലെ കോച്ച്‌ എം.കെ. കൗശിക്‌ ടീമംഗം രഞ്‌ജിത ലൈംഗികാരോപണമുന്നയിച്ചതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

2010, ജൂലൈ 22, വ്യാഴാഴ്‌ച

പ്രസവം ഒന്ന്‌, കണ്‍മണികള്‍ 13


ഒറ്റ പ്രസവത്തില്‍ 13 കണ്‍മണികള്‍ക്ക്‌ കണ്‍മണി എന്ന പട്ടി ജ�മേകി `പട്ടി പെറ്റുകൂട്ടുന്നതു പോലെ' എന്ന പഴഞ്ചൊല്ല്‌ ശരിക്കും അന്വര്‍ഥമാക്കി. ഓമല്ലൂര്‍ ചന്തയിലെ സകല നാട്ടുകാരുടേയും കണ്ണിലുണ്ണിയാണ്‌ കണ്‍മണി. അവള്‍ `ചന്തക്കാരി'യായിട്ട്‌ അഞ്ചു വര്‍ഷം തികയുന്നു. അതിനു മുമ്പ്‌ ഏതോ വീട്ടില്‍ വളര്‍ന്നതാണ്‌. ഇവിടെ എത്തിയശേഷം അവള്‍ നാലുപെറ്റു. ഇത്‌ അഞ്ചാമത്തേതാണ്‌. നാലുദിവസം മുമ്പാണ്‌ പൂര്‍ണഗര്‍ഭിണിയായ കണ്‍മണി പ്രസവത്തിന്റെ സൂചനകള്‍ നല്‍കിയത്‌. റൂമുകള്‍ അടച്ചിട്ട്‌ ഗ്രില്ലുകളൊക്കെ പൂട്ടിയിട്ടിരിക്കുന്ന ബില്‍ഡിംഗ്‌സിന്റെ ഓരംതന്നെ കണ്‍മണി പ്രസവവാര്‍ഡാക്കി. പുലര്‍ച്ചെ തുടങ്ങിയ പ്രസവം ഏറെനേരം നീണ്ടു. കുട്ടികളെ കാണാന്‍ എത്തിയവരെ കണ്‍മണി തടഞ്ഞില്ല. പക്ഷേ എണ്ണി നോക്കിയവരുടെ കണ്ണു തള്ളിപ്പോയെന്നുമാത്രം. നായക്കുട്ടികള്‍ ഒന്നും രണ്ടുമല്ല പതിമൂന്നെണ്ണം!വാര്‍ത്ത പരന്നതോടെ കാഴ്‌ചക്കാരേറി. അപൂര്‍വ കാഴ്‌ച കാണാന്‍ പിന്നെ പ്രവാഹമായി. കുഞ്ഞുങ്ങളെ കാണാനെത്തിയവര്‍ അനവധി. `സോപ്പും പൗഡറു'മൊന്നും കൊണ്ടുവന്നില്ലെങ്കിലും കണ്‍മണിക്ക്‌ വയറുനിറയെ ഭക്ഷണം അവര്‍ കൊണ്ടുവന്നു. മട്ടണ്‍, ചിക്കന്‍, മീന്‍, ബോണ്ട, ഏത്തക്ക അപ്പം തുടങ്ങിയവയ..`കണ്‍മണികള്‍' ഉറക്കത്തിലായാല്‍ കണ്‍മണി പുറത്തേക്കിറങ്ങി അല്‍പം വെയിലു കായും. മനുഷ്യരെ കണ്‍മണിക്ക്‌ ഭയമില്ല. പക്ഷേ, മറ്റ്‌ നായകളെ കണ്ടാല്‍ അലമുറയിട്ട്‌ ഓടിക്കും. കുട്ടികളില്‍ മൂന്നെണ്ണം കറുപ്പും വെളുപ്പും ഇടകലര്‍ന്നത്‌. ബ്രൗണും വെളുപ്പും കലര്‍ന്നത്‌ നാലെണ്ണം. ശേഷിച്ചതൊക്കെ ഒറ്റ നിറം.കണ്‍മണിയുടെ കുട്ടികള്‍ക്ക്‌ ഇപ്പോഴേ ബുക്കിംഗായിക്കഴിഞ്ഞു. പെണ്‍കുഞ്ഞുങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്‌. ആരേയും കണ്‍മണി ബുദ്ധിമുട്ടിക്കില്ല. കണ്ണ്‌ വിരിഞ്ഞാല്‍ കുഞ്ഞുങ്ങളെ ആര്‍ക്കും കൊണ്ടുപോകാം. കൈസറെന്നോ മറ്റോ എന്തു പേരിട്ടും വിളിക്കാം. ആദ്യപ്രസവങ്ങളില്‍ കണ്‍മണിക്ക്‌ മൂന്നോ നാലോ കുട്ടികളാണ്‌ ഉണ്ടായിരുന്നത്‌. ആദ്യമായാണ്‌ `റെക്കോഡ്‌ ബ്രേക്കിംഗ്‌ പ്രസവം'

`പണപ്പുലി' ടൈഗര്‍ തന്നെ

കഴിഞ്ഞ വര്‍ഷം അവിഹിത ബന്ധങ്ങള്‍ പുറത്തായ ശേഷം ഗോള്‍ഫില്‍ ടൈഗര്‍ വുഡ്‌സ്‌ പിന്നോട്ടടിച്ചെങ്കിലും പണപ്പട്ടികയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്തുള്ള കായിക അമേരിക്കക്കാരന്‍ വുഡ്‌സ്‌ തന്നെ. കഴിഞ്ഞ വര്‍ഷത്തേതില്‍നിന്ന്‌ സമ്പത്തില്‍ 10 ശതമാനം ഇടിവുണ്ടായെങ്കിലും തുടര്‍ച്ചയായ ഏഴാം വര്‍ഷവും വുഡ്‌സ്‌ ഒന്നാം നിലനിര്‍ത്തി. 9.05 കോടി ഡോളറാണ്‌ (427 കോടി രൂപ) കഴിഞ്ഞ വര്‍ഷം വുഡ്‌സിന്റെ സമ്പാദ്യം. 2.05 കോടി ഡോളര്‍ മത്സരങ്ങളില്‍നിന്നും ഏഴു കോടി ഡോളര്‍ പരസ്യങ്ങളില്‍ നിന്നുമാണ്‌ വുഡ്‌സിന്‌ ലഭിച്ചത്‌. വുഡ്‌സിന്റെ മൊത്തം സമ്പാദ്യത്തില്‍ 40 ശതമാനം ഇടിവുണ്ടായി. സമ്പന്നരായ അത്‌ലറ്റുകളുടെ പട്ടിക സ്‌പോര്‍ട്‌സ്‌ ഇല്യുസ്‌ട്രേറ്റഡ്‌ ഡോട്‌കോമാണ്‌ പുറത്തുവിട്ടത്‌. രാജ്യാന്തര അത്‌ലറ്റുകളുടെ കുട്ടത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഫുട്‌ബോളര്‍ ഡേവിഡ്‌ ബെക്കാമിനെ ടെന്നിസ്‌ താരം റോജര്‍ ഫെദരര്‍ ഇത്തവണ പിന്തള്ളി. 6.18 കോടി ഡോളറാണ്‌ (291 കോടി രൂപ) ഫെദരറുടെ സമ്പാദ്യം. പോയ വര്‍ഷം ഫെദരറുടെ സമ്പാദ്യം ഏതാണ്ട്‌ ഇരട്ടിയായി. ലയണല്‍ മെസ്സിക്കും (4.4 കോടി ഡോളര്‍) പിന്നിലാണ്‌ ഇപ്പോള്‍ ബെക്കാം (4.05 കോടി ഡോളര്‍). ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ (നാലു കോടി ഡോളര്‍), ഫിലിപ്പൈന്‍സിന്റെ ബോക്‌സര്‍ മാനി പക്വിയാവൊ (3.8 കോടി ഡോളര്‍) എന്നിവരും മുന്‍നിരയിലുണ്ട്‌. രാജ്യാന്തര ലിസ്റ്റില്‍ ഇരുപതാം സ്ഥാനത്തുള്ള മരിയ ഷരപോവയാണ്‌ (1.99 കോടി ഡോളര്‍) ആദ്യ അമ്പതിലുള്ള ഏക വനിതാ താരം.

2010, ജൂലൈ 21, ബുധനാഴ്‌ച

ചക്‌തേ ഇന്ത്യ

ഹോക്കി ഇന്ത്യയില്‍ ലൈംഗിക വിവാദം കത്തുന്നു. വനിതാ ടീമംഗങ്ങളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുള്ള കോച്ച്‌ എം.കെ. കൗശിക്‌ പിന്‍മാറി. വേശ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തായ സാഹചര്യത്തില്‍ ടീം വീഡിയോഗ്രാഫര്‍ ബസവരാജിനെ പുറത്താക്കി. ഹോക്കി ഇന്ത്യ തെരഞ്ഞെടുപ്പിന്‌ ഒരാഴ്‌ചമാത്രം അവശേഷിക്കേയാണ്‌ ലൈംഗിക വിവാദം ഉയര്‍ന്നത്‌. ടീമില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ ലൈംഗിക വേഴ്‌ചക്ക്‌ വഴങ്ങണമെന്ന്‌ കോച്ച്‌ നിര്‍ബന്ധിച്ചതായി ഒരു വനിതാ താരം പരാതിപ്പെട്ടിരുന്നു. ഇതേക്കുറിച്ച്‌ അന്വേഷിക്കാന്‍ രാജീവ്‌ മേത്ത അധ്യക്ഷനായി നാലംഗ അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്‌. കമ്മീഷന്‍ നാളെ റിപ്പോര്‍ട്ട്‌ നല്‍കും. തുടര്‍ന്നാണ്‌ കൗശിക്‌ പിന്‍മാറിയത്‌. അന്വേഷണത്തിന്‌ ശേഷമേ ടീമുമായി സഹകരിക്കൂവെന്ന്‌ കൗശിക്‌ അറിയിച്ചതായി ഹോക്കി ഇന്ത്യ പ്രസിഡന്റ്‌ വിദ്യാ സ്റ്റോക്‌സ്‌ അറിയിച്ചു. 27ന്‌ കൊറിയയില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ട്രോഫി ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുക്കില്ലെന്ന്‌ കൗശിക്‌ പറഞ്ഞു. ദേശീയ ടീമില്‍ ഇടം നേടാന്‍ കഴിയാതെ പോയവരാണ്‌ തനിക്കെതിരെയുള്ള ഗൂഢാലോചനക്ക്‌ പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാലമായി ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനാണ്‌ ഒളിംപിക്‌സ്‌ സ്വര്‍ണ മെഡല്‍ ജേതാവ്‌ കൂടിയായ കൗശിക്‌. ടീമിലെ വീഡിയോഗ്രാഫര്‍ ബസവരാജക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷണമുണ്ട്‌. ഇയാള്‍ വിദേശത്ത്‌ ഹോക്കി ടീമിനൊപ്പം പോയ സന്ദര്‍ഭങ്ങളില്‍ അഭിസാരികകളുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ്‌ പരാതി. ബസവരാജ്‌ വേശ്യകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഹോക്കി ഇന്ത്യക്ക്‌ ഇ-മെയിലില്‍ ലഭിച്ചിട്ടുമുണ്ട്‌. മാര്‍ച്ച്‌-ഏപ്രില്‍ മാസങ്ങളില്‍ ടീം ചൈന സന്ദര്‍ശിച്ച സമയത്തുള്ള ബസവരാജിന്റെ ചിത്രങ്ങളാണ്‌ ലഭിച്ചത്‌.

സൗദിയക്ക്‌ മലയാളി എയര്‍ഹോസ്റ്റസ്‌

സൗദി എയര്‍ലൈന്‍സില്‍ ഇനി യാത്രക്കാരെ സ്വീകരിക്കാന്‍ മലയാളി പെണ്‍കൊടിയും. കോഴിക്കോട്‌ സ്വദേശിനിയായ ശില്‍പയാണ്‌ സൗദിയുടെ ദേശീയ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായത്‌. കോഴിക്കോട്‌ പേരാമ്പ്ര കുറ്റിയങ്ങാട്ട്‌ സ്വദേശി ഭരതന്‍െറ മകളാണ്‌ ശില്‍പ. ശില്‍പ ജനിച്ചതും വളര്‍ന്നതും പ്ലസ്‌ ടു പഠനം പൂര്‍ത്തിയാക്കിയതും റിയാദില്‍. ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഒരു എയര്‍ ഹോസ്റ്റസാകണമെന്നത്‌. ബാംഗ്‌ളൂരിലെ ഫ്രാങ്ക്‌ഫിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും എയര്‍ ക്രൂ കോഴ്‌സ്‌ പൂര്‍ത്തിയാക്കി. ഇന്റര്‍വ്യൂവും നിയമനവുമെല്ലാം പെട്ടെന്നായിരുന്നു. അമ്മ സജിതയുടെ ആഗ്രഹം ശില്‍പയെ ഒരു ഫാഷന്‍ ഡിസൈനറാക്കുകയായിരുന്നു. എന്നാല്‍ ശില്‍പക്കിഷ്‌ടം എയര്‍ഹോസ്റ്റസ്‌ ജോലിയും.. ജിദ്ദയില്‍ മൂന്ന്‌ മാസത്തെ പരിശീലനം പൂര്‍ത്തിയാക്കി ആദ്യ യാത്ര കൊച്ചിയിലേക്കായിരുന്നു. പിന്നീട്‌ ലണ്ടന്‍, കാസബ്‌ളാങ്ക, കെയ്‌റോ, ദമാസ്‌കസ്‌, ബെയ്‌റൂത്ത്‌ തുടങ്ങി വന്‍ നഗരങ്ങളിലെല്ലാം യാത്ര. എയര്‍ഹോസ്റ്റസിന്‍െറ ജോലി ശില്‍പ ഏരെ ആസ്വദിക്കുകയാണ്‌.

റിബെറിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം

പ്രായപൂര്‍ത്തിയാകാത്ത അഭിസാരികയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട കേസില്‍ ഫ്രഞ്ച്‌ ഫുട്‌ബോള്‍ താരം ഫ്രാങ്ക്‌ റിബെറിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം. പാരീസിലെ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഓഫീസാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ്‌ റിബെറിയെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു.തെളിയിക്കപ്പെട്ടാല്‍ മൂന്ന്‌ വര്‍ഷം വരെ തടവും 45,000 യൂറോ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്‌. അഭിസാരികയുടെ പ്രായം പ്രതിക്ക്‌ നേരത്തെ അറിയാമായിരുന്നുവെന്ന്‌ തെളിയിക്കുകയാണ്‌ കേസില്‍ നിര്‍ണായകം. എന്നാല്‍ പെണ്‍കുട്ടിക്ക്‌ 18 വയസ്സായില്ലെന്ന കാര്യം തന്റെ കക്ഷിക്ക്‌ അറിയില്ലായിരുന്നുവെന്ന്‌ റിബെറിയുടെ അഭിഭാഷക വാദിച്ചു. മറ്റൊരു ഫ്രഞ്ച്‌ താരം കരീം ബെന്‍സീമയും ഇതേ കേസില്‍ പ്രതിയാണ്‌.

2010, ജൂലൈ 20, ചൊവ്വാഴ്ച

രാജ്യാന്തര ടൂറിസമോ ഉഭയകക്ഷി ചര്‍ച്ചയോ

താന്‍ പാക്കിസ്ഥാനില്‍ പോയത്‌ പ്രകൃതി ഭംഗി കാണാനോ മറ്റ്‌ കാഴ്‌ചകള്‍ ആസ്വദിക്കാനോ ആയിരുന്നില്ലെന്ന്‌ വിദേശ കാര്യ മന്ത്രി എസ്‌.എം. കൃഷ്‌ണ. ഇന്ത്യയിലേക്ക്‌ വിനോദ യാത്രക്കില്ലെന്ന പാക്‌ വിദേശകാര്യ മന്ത്രി ഖുറേഷിയുടെ പ്രസ്‌താവനയോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഒരു ടൂറിസ്റ്റിന്റെ ലാഘവത്തോടെയല്ല പാക്കിസ്ഥാനില്‍ പോയത്‌. ഉഭയ കക്ഷി ചര്‍ച്ചക്കുവേണ്ടിയാണ്‌. ഇന്ത്യ എല്ലായ്‌പ്പോഴും ഉഭയ കക്ഷി ചര്‍ച്ചകളെ വളരെ പ്രാധാന്യത്തോടെയാണ്‌ കാണുന്നത്‌. പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതും ഇതേ മാനസികാവസ്ഥയിലാണ്‌- കൃഷ്‌ണ പറഞ്ഞു. ഇത്തരം കാര്യങ്ങളോട്‌ ഇന്ത്യയുടെ നിലപാട്‌ എന്നും ഗൗരവത്തിലുള്ളതാണ്‌. ഇന്ത്യ ചര്‍ച്ചക്ക്‌ തയ്യാറായല്ല വന്നതെന്ന ഖുറേഷിയുടെ വിമര്‍ശനത്തോട്‌ കൃഷ്‌ണ ഇങ്ങിനെ പ്രതികരിച്ചു- അവര്‍ ഒന്നില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ചാടുകയാണ്‌.

സൂചികളേ വിട

സൂചിവെക്കാന്‍ പേടിയോ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. സൂചി പ്രയോഗമില്ലാത്ത കുത്തിവെപ്പ്‌ ഉടനെത്തും. വലിയ സൂചിയിലൂടെ മരുന്ന്‌ കുത്തിക്കയറ്റുന്നതിന്‌ പകരം ഒട്ടിച്ചുവെക്കാവുന്ന വാക്‌സിന്‍ പാച്ചുകള്‍ അമേരിക്കയിലെ ഗവേഷകര്‍ വികസിപ്പിച്ചു. തുണിക്കഷ്‌ണം പോലുള്ള ഈ പാച്ചില്‍ ഒറ്റ സൂചിക്ക്‌ പകരം നൂറു കുഞ്ഞുസൂചികളുണ്ടാവും. ഓരോന്നിന്റേയും നീളം 0.65 മില്ലിമീറ്റര്‍ മാത്രം. കുഞ്ഞുസൂചികളില്‍ മരുന്നു നിറച്ചാല്‍ വാക്‌സിന്‍ പാച്ച്‌ റെഡി. ഇനിയത്‌ ശരീരത്തില്‍ ഒട്ടിക്കുക. വേദനയില്ലാതെ തൊലിയില്‍ കയറുന്ന സൂചികള്‍ ശരീരത്തില്‍ അലിയും. മരുന്ന്‌ രക്തത്തില്‍ കലരും. കുത്തിവെപ്പിന്‌ ഡോക്ടറുടെയോ നഴ്‌സിന്റെയോ സഹായവും ആവശ്യമില്ല. മുറിവില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുന്നപോലെ സ്വയം കുത്തിവെപ്പെടുക്കാം. ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെയും എമോറി സര്‍വകലാശാലയിലെയും ഗവേഷകരാണ്‌ ഇത്‌ വികസിപ്പിച്ചത്‌. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത്‌ നിലവിലുള്ള കുത്തിവെപ്പിനോളം തന്നെ ഫലപ്രദമെന്ന്‌ കണ്ടെത്തി. പുതിയ സംവിധാനം കൂടുതല്‍ ഫലപ്രദമാവുമെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു. ഇനി കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാഞ്ഞാല്‍ സൂചി വെക്കുമെന്ന്‌ പേടിപ്പിച്ച്‌ തീറ്റാനൊക്കില്ല എന്നതു മാത്രമാണിനി പ്രശ്‌നം.

ടി.ടി.ഇ ക്രൂരതക്കൊരിര

തീവണ്ടി യാത്രക്കാരോടുളള ടിക്കറ്റ്‌ പരിശോധകരുടെ ക്രൂരതക്കൊരിര കൂടി. തീവണ്ടിയില്‍നിന്ന്‌ തള്ളിയ വീട്ടമ്മയുടെ കാലൊടിഞ്ഞു. കോട്ടയം ചെങ്ങന്നൂര്‍ ആറാട്ടുപുഴ പ്‌ളാവിലകണ്ടത്തില്‍ ബേബിയുടെ ഭാര്യ മേരിയുടെ വലതുകാലാണ്‌ ഒടിഞ്ഞത്‌. ബാംഗ്ലൂര്‍ എക്‌സ്‌പ്രസിലെ എ.സി കംപാര്‍ട്ട്‌മെന്റിലാണ്‌ മേരി അറിയാതെ കയറിയത്‌. കംപാര്‍ട്ട്‌മെന്റില്‍ തെറ്റി കയറിയ മേരിയുടെ ടിക്കറ്റ്‌ പരിശോധിച്ച ശേഷം ടി.ടി.ഇ കയര്‍ത്തുവത്രെ. ഈ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യണമെങ്കില്‍ 500 രൂപ പിഴയൊടുക്കണമെന്നും അല്ലെങ്കില്‍ കംപാര്‍ട്ട്‌മെന്റ്‌ മാറി കയറണമെന്നും ആവശ്യപ്പെട്ടു. അപ്പോഴേക്കും തീവണ്ടി ചിങ്ങവനം സ്‌റ്റേഷനില്‍ എത്തിയിരുന്നു. ചിങ്ങവനത്ത്‌ മറ്റൊരു തീവണ്ടിക്കു കടന്നു പോകുന്നതിനായി ബാംഗ്‌ളൂര്‍ വണ്ടി പിടിച്ചിട്ടു. ഈ സമയത്ത്‌ വീട്ടമ്മയോട്‌ കംപാര്‍ട്ട്‌മെന്റ്‌ മാറി കയറാന്‍ പറഞ്ഞ്‌ വാതില്‍ക്കലേക്കു കൊണ്ടുവന്ന്‌ ടി.ടി ഇ തള്ളുകയായിരുന്നു. പ്‌ളാറ്റ്‌ഫോമില്ലായിരുന്നതിനാല്‍ അടുത്ത പാളത്തിലേക്കാണ്‌ മേരി വീണത്‌. വീഴ്‌ചയില്‍ കാലൊടിഞ്ഞു. ഇത്‌ കണ്ട്‌ ഓടിയെത്തിയ മറ്റു യാത്രക്കാരാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ചിങ്ങവനത്ത്‌ ഈ തീവണ്ടിക്കു സ്‌റ്റോപ്പില്ലാത്തതിനാല്‍ അടുത്ത സ്റ്റേഷനില്‍ ഇറക്കിവിടാനേ നിയമമുള്ളൂ. തീവണ്ടികളിലെ ടിക്കറ്റ്‌ പരിശോധകര്‍ കേരളത്തിലെ യാത്രക്കാരോട്‌ വളരെ മോശമായി പെരുമാറുന്ന സംഭവങ്ങള്‍ അനവധിയാണ്‌. രണ്ടു വര്‍ഷം മുമ്പ്‌ ടി.ടി ഇ പിടിച്ചു തള്ളിയതിനെ തുടര്‍ന്ന്‌ തിരുവനന്തപുരത്ത്‌ ഒരാള്‍ ആറ്റില്‍ വീണു മരിച്ചിരുന്നു.

പണത്തിനു മീതേ........

ഐക്യരാഷ്ട്ര സഭാ സമിതിയില്‍ മുകേഷ്‌ അംബാനിയും. ദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സാമൂഹിക സാമ്പത്തിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതിയിലാണ്‌ ഇന്ത്യന്‍ വ്യവസായിയായ മുകേഷ്‌ അംബാനി സ്ഥാനം പിടിച്ചത്‌. മിലെനിയം ഡെവലപ്‌മെന്റ്‌ ഗോള്‍സ്‌ എന്ന സമിതിയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാനായ മുകേഷ്‌. മൈക്രോസോഫ്‌റ്റ്‌ മേധാവി ബില്‍ ഗേറ്റ്‌സ്‌, ടെഡ്‌ ടര്‍ണര്‍, നൊബേല്‍ സമ്മാന ജേതാവ്‌ മുഹമ്മദ്‌ യൂനുസ്‌ എന്നിവരാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍. വികസനത്തിനായി ആഗോള പങ്കാളിത്തങ്ങള്‍ ഉണ്ടാക്കുകയാണത്രേ മുകേഷ്‌ അംബാനിയുടെ ചുമതല. വളര്‍ച്ച കൈവരിക്കാത്ത രാജ്യങ്ങള്‍, ചെറു ദ്വീപ്‌ രാജ്യങ്ങള്‍ എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും അദ്ദേഹം ശ്രദ്ധിക്കും -ഐക്യരാഷ്ട്ര സഭ അറിയിച്ചു.ഐക്യരാഷ്ട്ര സഭാ സമിതിയില്‍ മുകേഷ്‌ അംബാനിയും. ദാരിദ്ര്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സാമൂഹിക സാമ്പത്തിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക സമിതിയിലാണ്‌ ഇന്ത്യന്‍ വ്യവസായിയായ മുകേഷ്‌ അംബാനി സ്ഥാനം പിടിച്ചത്‌. മിലെനിയം ഡെവലപ്‌മെന്റ്‌ ഗോള്‍സ്‌ എന്ന സമിതിയില്‍ ഇടം നേടിയ ഏക ഇന്ത്യക്കാരനാണ്‌ റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ചെയര്‍മാനായ മുകേഷ്‌. മൈക്രോസോഫ്‌റ്റ്‌ മേധാവി ബില്‍ ഗേറ്റ്‌സ്‌, ടെഡ്‌ ടര്‍ണര്‍, നൊബേല്‍ സമ്മാന ജേതാവ്‌ മുഹമ്മദ്‌ യൂനുസ്‌ എന്നിവരാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍. വികസനത്തിനായി ആഗോള പങ്കാളിത്തങ്ങള്‍ ഉണ്ടാക്കുകയാണത്രേ മുകേഷ്‌ അംബാനിയുടെ ചുമതല. വളര്‍ച്ച കൈവരിക്കാത്ത രാജ്യങ്ങള്‍, ചെറു ദ്വീപ്‌ രാജ്യങ്ങള്‍ എന്നിവയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിലും അദ്ദേഹം ശ്രദ്ധിക്കും -ഐക്യരാഷ്ട്ര സഭ അറിയിച്ചു.

2010, ജൂലൈ 19, തിങ്കളാഴ്‌ച

കീബോര്‍ഡുമായി ക്രെഡിറ്റ്‌ കാര്‍ഡ്‌

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ഒഴിവാക്കാന്‍ വിസ ക്രെഡിറ്റ്‌ കാര്‍ഡ്‌ കമ്പനിയുടെ യൂറോപ്യന്‍ സ്ഥാപനം കീബോര്‍ഡും ഡിജിറ്റല്‍ ഡിസ്‌പ്ലേയുമുള്ള ക്രെഡിറ്റ്‌ കാര്‍ഡ്‌ വിപണിയിലിറക്കി. യു.എസ്‌ ഗ്ലോബല്‍ പേയ്‌മെന്റ്‌സ്‌ ടെക്‌നോളജി കമ്പനിയുടെ പുതിയ വിസ കോഡ്‌ ഷുവര്‍ കാര്‍ഡിന്‌ പരമ്പരാഗത ക്രെഡിറ്റ്‌ കാര്‍ഡിന്റെ വലിപ്പമേയുള്ളൂ. കീ ബോര്‍ഡിന്റെ ഒരു ചെറുരൂപം കൂടി ഉള്‍ക്കൊള്ളുന്നുവെന്ന്‌ മാത്രം. ഇന്റര്‍നെറ്റിലെ ഇടപാടുകള്‍ക്കായി പാസ്‌വേര്‍ഡുകള്‍ ഇതിലെ സ്‌ക്രീനില്‍ തെളിയുമെന്ന്‌ ഡെയിലി മിറര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. 12 അക്കങ്ങളുള്ള കീ ബോര്‍ഡും സ്‌ക്രീനും മൂന്നു വര്‍ഷത്തേക്ക്‌ ആവശ്യമായ ബാറ്ററിയും ഉള്‍ക്കൊള്ളുന്നതാണ്‌ പുതിയ കാര്‍ഡ്‌. ഉപയോക്താവ്‌ തന്റെ പിന്‍ കീ ബോര്‍ഡില്‍ രേഖപ്പെടുത്തുന്നതോടെ ഇന്റര്‍നെറ്റ്‌ ഇടപാടുകള്‍ക്കുള്ള പാസ്‌വേര്‍ഡ്‌ സ്‌ക്രീനില്‍ തെളിയും.

ആഫ്രിക്കന്‍ ഒച്ചുകള്‍

ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ ആത്തയും തുളസിയും നട്ടുപിടിപ്പിക്കാന്‍ വിദഗ്‌ധ നിര്‍ദേശം. കേരളത്തിലെ അധിനിവേശ സസ്യജീവജാലങ്ങളെക്കുറിച്ചു പഠിക്കുന്ന സംഘമാണ്‌ ഈ നിര്‍ദേശം വെച്ചത്‌. പീച്ചി ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്‌ത്രജ്ഞന്‍ ഡോ. ടി.വി. സജീവന്റെ നേതൃത്വത്തിലുള്ള പഠന സംഘം പത്തനം തിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ജലാംശമുള്ള ചതുപ്പുനിലങ്ങളിലാണ്‌ ഒച്ചുകള്‍ കൂടുതലായും കാണപ്പെടുന്നത്‌. ജില്ലയില്‍ കോന്നി, റാന്നി, മാത്തൂര്‍ എന്നിവിടങ്ങളിലാണ്‌ ഇപ്പോള്‍ ഒച്ചുകളെ കണ്ടെത്തിയത്‌. കൊച്ചി, കോഴിക്കോട്‌, പാലക്കാട്‌ എന്നിവിടങ്ങളിലും ഇത്തരം ഒച്ചുകള്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ കൊച്ചിയിലെയും കോഴിക്കോട്ടെയും ഉപ്പുവെള്ളവും പാലക്കാട്ടെ കഠിനചൂടും ഒച്ചുകള്‍ നശിക്കാന്‍ കാരണമായി.ഭൂമുഖത്തുള്ള 500 തരം സസ്യങ്ങള്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക്‌ ഭക്ഷണമാണ്‌. ഓമക്ക, കറിവേപ്പ്‌, ആര്യവേപ്പ്‌, പുളി എന്നിവയും ഇവക്ക്‌ വളരാന്‍ അനുയോജ്യമത്രേ. ആഫ്രിക്കന്‍ ഒച്ചുമായി അടുപ്പം കൂടുന്ന ജീവികളിലൊന്നാണ്‌ പെണ്‍ വര്‍ഗത്തില്‍പെട്ട മിന്നാമിനുങ്ങ്‌. ഒച്ചുകളുടെ പുറംതോടില്‍ മിന്നാമിനുങ്ങുകള്‍ സഞ്ചരിക്കുന്നത്‌ കാണാന്‍ കഴിയും. ഉപ്പുലായനി ഒച്ചിന്റെ തോടിന്റെ പുറത്ത്‌ തളിച്ചിട്ട്‌ കാര്യമില്ലെന്ന്‌ പഠന സംഘം പറയുന്നു. കാത്സ്യം ധാരാളം വേണ്ടതുകൊണ്ട്‌ ഒച്ചുകള്‍ കുമ്മായം തിന്നുന്നതും പതിവാണത്രേ.

ജഡ്‌ജിമാരിലും തട്ടിപ്പുവീരന്‍മാര്‍

പ്രൊവിഡന്റ്‌ ഫണ്ടില്‍നിന്ന്‌ അനധികൃതമായി പണം തട്ടിയെടുത്ത കേസില്‍ ആറ്‌ ജഡ്‌ജിമാരുടെ പേരുകളും. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ്‌ സംഭവം. പ്രത്യേക സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ആറ്‌ മുന്‍ ജില്ലാ ജഡ്‌ജിമാരുടെ പേരുകള്‍ സി.ബി.ഐ ചേര്‍ത്തിട്ടുണ്ട്‌. ഗാസിയാബാദ്‌ ജില്ലാ ട്രഷറിയില്‍നിന്ന്‌ 78 പേര്‍ ചേര്‍ന്ന്‌ അനധികൃതമായി ആറരക്കോടി രൂപ തട്ടിയെന്നാണ്‌ കേസ്‌. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ ബില്ലുകള്‍ തയാറാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ്‌ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. ക്ലാസ്‌ ഫോര്‍ ജീവനക്കാര്‍ എന്ന വ്യാജേനയാണ്‌ ഇവര്‍ പ്രൊവിഡന്റ്‌ ഫണ്ടില്‍നിന്നും പണം പിന്‍വലിച്ചത്‌.

2010, ജൂലൈ 18, ഞായറാഴ്‌ച

മധുരിക്കും പിറന്നാള്‍

നെല്‍സന്‍ മണ്ടേലക്ക്‌ 92. വര്‍ണ വിവേചനത്തിനെതിരെ ധീരോദാത്ത പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കന്‍ നേതാവ്‌ മണ്ടേലയുടെ ജന്‍മദിനം ഇതാദ്യമായി ലോകം ആചരിച്ചു.സമാധാന നോബല്‍ നേടിയ മണ്ടേലയുടെ ജന്‍മദിനം അന്താരാഷ്ട്ര മണ്ടേലാ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്‌ യു.എന്‍ തീരുമാനിച്ചത്‌. വര്‍ണ വിവേചനത്തിനെതിരെയും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്താണ്‌ ആഫ്രിക്കന്‍ നേതാവിന്റെ ജന്‍മദിനം ആഗോള ദിനമായി ആചരിച്ചത്‌. മണ്ടേലയുടെ 92-ാം പിറന്നാളില്‍ ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ പ്രദേശത്തുനിന്നുള്ള 92 കുട്ടികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്ന മണ്ടേലക്ക്‌ അവര്‍ പാടിയ ജന്‍മദിന ഗാനം മധുരിക്കുന്ന സമ്മാനമായി.ദക്ഷിണാഫ്രിക്കയില്‍ ന്യൂനപക്ഷമായിരുന്ന വെള്ളക്കാരുടെ വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പൊരുതിയ മണ്ടേല 27 വര്‍ഷമാണ്‌ ജയിലില്‍ കഴിഞ്ഞത്‌.1990-ല്‍ മോചിതനായ മണ്ടേല വെള്ളക്കാരുടെ വംശവിവേചന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ്‌ നടന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി 1994 ല്‍ മണ്ടേല സ്ഥാനമേറ്റു.

ആന ഇടഞ്ഞപ്പോള്‍


വടക്കുന്നാഥ ക്ഷേത്രത്തിലെ ആനയൂട്ടു കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന കൊമ്പന്‍ തൃശൂര്‍ നഗരത്തില്‍ ഇടഞ്ഞോടി. തോപ്പ്‌ കണ്‍സ്‌ട്രക്‌ഷന്‍ ഉടമ ഭരത്‌ മേനോന്റെ കൃഷ്‌ണന്‍ എന്ന ആനയാണ്‌ ഇടഞ്ഞത്‌. ആനയൂട്ടു കഴിഞ്ഞു പടിഞ്ഞാറേക്കോട്ട വഴി പൂങ്കുന്നത്തേക്കു പോകവേ കോട്ടപ്പുറം റെയില്‍പ്പാലത്തിനു സമീപം വെച്ച്‌ ഇടയുകയായിരുന്നു.തുടര്‍ന്നു റെയില്‍വേ ട്രാക്കിലൂടെ ഓടി തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‌ സമീപത്തെത്തി. ഇവിടെ പാര്‍ക്ക്‌ ചെയ്‌തിരുന്ന ഒരു കാറും മോട്ടോര്‍ സൈക്കിളും മറിച്ചിടുകയും ഒരു വീടിന്റെ ഗേറ്റ്‌ തകര്‍ക്കുകയും ചെയ്‌തു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച ആനയെ വെറ്ററിനറി ഡോക്‌റ്റര്‍ രാജീവ്‌, ഡോ. ഗിരിദാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ മയക്കുവെടി വെച്ചു. മൂന്നു മണിയോടെ ആനയെ തളച്ചു.

സുനന്ദക്കിപ്പോഴും ഓഹരി

കൊച്ചി ഐ.പി.എല്‍ ഫ്രാഞ്ചൈസിയില്‍ വിയര്‍പ്പ്‌ മൂല്യമായി കിട്ടിയ ഓഹരി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വേണ്ടെന്നു വെക്കുമെന്ന സുനന്ദ പുഷ്‌കറുടെ പ്രഖ്യാപനം ജലരേഖയായി. ഏപ്രിലിലെ പ്രഖ്യാപനം ഏറെ മാധ്യമശ്രദ്ധ നേടിയെങ്കിലും സുനന്ദക്ക്‌ ഫ്രാഞ്ചൈസിയില്‍ ഇപ്പോഴും 19 ശതമാനം ഓഹരിയുണ്ട്‌. പൂനെയിലെ രജിസ്‌ട്രാര്‍ ഓഫ്‌ കമ്പനീസിന്റെയും കോര്‍പറേറ്റ്‌കാര്യ മന്ത്രാലയത്തിന്റെയും പ്രാഥമിക അന്വേഷണത്തിലാണ്‌ റോണ്‍ഡെവു സ്‌പോര്‍ട്‌സ്‌ വേള്‍ഡ്‌ ലിമിറ്റഡില്‍ സുനന്ദക്ക്‌ 19 ശതമാനം ഓഹരിയുള്ളതായി കണ്ടെത്തിയത്‌. കൊച്ചി ഐ.പി.എല്‍ സ്വന്തമാക്കിയ കണ്‍സോര്‍ഷ്യത്തിലെ പ്രധാന അംഗമാണ്‌ റോണ്‍ഡെവു. ഫ്രാഞ്ചൈസിയുടെ `രേഖകളില്‍' മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന്‌ കൊച്ചിയുമായി ബന്ധപ്പെട്ട വൃത്തങ്ങളും വെളിപ്പെടുത്തി. വിദേശ മന്ത്രിയായിരുന്ന ശശി തരൂര്‍ കൊച്ചി ഫ്രാഞ്ചൈസി രൂപീകരിക്കാന്‍ നല്‍കിയ പിന്തുണക്ക്‌ പകരമായാണ്‌ അദ്ദേഹം വിവാഹം ചെയ്യാന്‍ പോകുന്ന സുനന്ദക്ക്‌ 19 ശതമാനം ഓഹരി നല്‍കിയതെന്ന്‌ ഐ.പി.എല്‍ ചെയര്‍മാനായിരുന്ന ലളിത്‌ മോഡിയാണ്‌ വെളിപ്പെടുത്തിയത്‌. ഇത്‌ കോളിളക്കം സൃഷ്‌ടിക്കുകയും തരൂരിനും മോഡിക്കും സ്ഥാനം തെറിക്കുകയും ചെയ്‌തു. അനാവശ്യ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി ഉപേക്ഷിക്കുന്നതായി സുനന്ദ പ്രഖ്യാപിക്കുകയും ചെയ്‌തു.

2010, ജൂലൈ 17, ശനിയാഴ്‌ച

കൗമാരക്കാരെ നിരീക്ഷിക്കാന്‍ ക്യാമറകള്‍

കൗമാരക്കാരായ മക്കളെ നിരീക്ഷിക്കുന്നതിന്‌ വീടുകളില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമെയാണ്‌ വീടുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്‌. വ്യാപാര സ്ഥാപനങ്ങളിലും വന്‍കിട കമ്പനികളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്‌ പതിവ്‌ സംഭവമായി മാറിയിട്ടുണ്ട്‌. എന്നാല്‍ തങ്ങളുടെ ഉപയോക്താക്കളില്‍ 85 ശതമാനവും വ്യക്തികളാണെന്ന്‌ രഹസ്യ ക്യാമറകള്‍ ഫിറ്റ്‌ ചെയ്‌ത്‌ നല്‍കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. റിയാദില്‍ നിരീക്ഷണ ക്യാമറകള്‍ വില്‍ക്കുന്ന നൂറിലേറെ സ്ഥാപനങ്ങളുണ്ട്‌. ഓരോ സ്ഥാപനവും മാസത്തില്‍ ശരാശരി ആയിരത്തിലധികം ക്യാമറകള്‍ വില്‍ക്കുന്നുണ്ട്‌. കിടപ്പറയില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ വഴി മക്കളെ നിരീക്ഷിക്കുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്‌. ഏറ്റവും അപകടം പിടിച്ച പ്രായമാണ്‌ കൗമാരക്കാലം. അതുകൊണ്ടുതന്നെ ഇക്കാലത്ത്‌ മക്കളെ രഹസ്യമായി നിരീക്ഷിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ സൗദി വനിത നജ്‌വ അല്‍ഉവൈസ്‌ പറയുന്നു. വേലക്കാരിയെ കുറിച്ച ഭയവും മക്കളുടെ കിടപ്പറയില്‍ രഹസ്യ ക്യാമറ സ്ഥാപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ഇവര്‍ പറഞ്ഞു. കിടപ്പറയില്‍ ക്യാമറ സ്ഥാപിച്ച്‌ മക്കളെ നിരീക്ഷിക്കുന്നതിനു പകരം സ്വയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുംവിധം മക്കളില്‍ മതബോധവും മൂല്യങ്ങളും വളര്‍ത്തുകയാണ്‌ വേണ്ടതെന്ന്‌ സഈദ അല്‍ഹര്‍ബി അഭിപ്രായപ്പെടുന്നു.ആരുടേയും ശ്രദ്ധയില്‍പെടാതെ സ്ഥാപിക്കാവുന്ന ക്യാമറകള്‍ സുലഭമാണ്‌. ഫര്‍ണിച്ചറിലും ഇലക്‌ട്രിക്‌ ഉപകരണങ്ങളിലും ക്ലോക്കുകളിലും ഒളിപ്പിച്ച ക്യാമറകളുണ്ട്‌. ദൂരെ നിന്ന്‌ നിയന്ത്രിക്കാവുന്ന ക്യാമറകളുമുണ്ട്‌. ഒളിപ്പിച്ചുവെക്കാന്‍ കഴിയുന്ന, ചെറിയ ഇനം ക്യാമറകള്‍ക്കാണ്‌ ആവശ്യക്കാര്‍ കൂടുതലെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.

കുടിയേറ്റക്കാരില്‍ 3% സൗദിയില്‍

ലോകത്താകമാനമുള്ള കുടിയേറ്റക്കാരില്‍ മൂന്നു ശതമാനം സൗദി അറേബ്യയിലാണെന്ന്‌ യു.എന്‍ റിപ്പോര്‍ട്ട്‌. സൗദിയിലെ നിയമം ഇവര്‍ക്ക്‌ പൗരത്വം നല്‍കാന്‍ അനുവദിക്കുന്നില്ലെങ്കിലും കുടിയേറ്റക്കാര്‍ക്ക്‌ താല്‍പര്യമുള്ള ലോകത്തെ പത്ത്‌ രാജ്യങ്ങളിലൊന്നാണ്‌ സൗദി അറേബ്യ. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്‌ അമേരിക്കയിലാണ്‌. കുടിയേറ്റക്കാരുടെ എണ്ണത്തില്‍ സൗദി അറേബ്യ നാലാം സ്ഥാനത്താണ്‌. ലോകത്താകെ 21.3 കോടി കുടിയേറ്റക്കാരുണ്ട്‌. കുടിയേറ്റത്തിന്‌ പല കാരണങ്ങളുണ്ടെങ്കിലും സാമ്പത്തികം തന്നെയാണ്‌ മുഖ്യ പ്രേരകം. ഇതാണ്‌ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന നാലാമത്തെ രാജ്യമായി സൗദി അറേബ്യയെ മാറ്റിയത്‌. മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങള്‍ പെട്രോള്‍, സേവന, നിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്നതിന്‌ കുടിയേറ്റക്കാരെ സ്വീകരിക്കുന്നു. ഏതാനും വര്‍ഷം ജോലി ചെയ്യുന്നതിനുവേണ്ടിയാണ്‌ മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളിലേക്ക്‌ വിദേശികള്‍ കാര്യമായും എത്തുന്നത്‌. ഇതിനുശേഷം അവര്‍ സ്വദേശങ്ങളിലേക്ക്‌ തിരിക്കുന്നു. എങ്കിലും ദീര്‍ഘകാലമായി സൗദിയില്‍ കഴിയുന്ന പതിനായിരക്കണക്കിന്‌ കുടിയേറ്റക്കാരുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കാലനിര്‍ണയം നടത്താതെയാണ്‌ ഭൂരിഭാഗം വിദേശികളും സൗദിയിലേക്ക്‌ വരുന്നതെന്ന്‌ നേരത്തെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തദ്ദേശീയ ജനസംഖ്യയുമായി താരതമ്യം ചെയ്‌താല്‍ ലോകത്ത്‌ കുടിയേറ്റക്കാരുടെ തോത്‌ ഏറ്റവും കൂടുതലുള്ളത്‌ ഖത്തര്‍, കുവൈത്ത്‌, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ്‌.

`ദുബായ്‌ രാജകുമാരി' അറസ്റ്റില്‍

ദുബായ്‌ രാജകുമാരി ചമഞ്ഞ്‌ തട്ടിപ്പിനിറങ്ങിയ യുവതിയും മൂന്നു കൂട്ടാളികളും പഞ്ചാബില്‍ അറസ്റ്റില്‍. ഷാര്‍ജയില്‍ മദ്യക്കച്ചവടത്തെ ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ പാക്കിസ്ഥാനി കൊല്ലപ്പെട്ട കേസില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട 17 ഇന്ത്യക്കാരിലൊരാളുടെ കുടുംബത്തെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ വ്യാജ രാജകുമാരിയും കൂട്ടാളികളും പിടിയിലായത്‌. പണം നല്‍കുകയാണെങ്കില്‍ ബന്ധുവിന്റെ മോചനത്തിന്‌ സഹായിക്കാമെന്ന്‌ അവകാശപ്പെട്ടാണ്‌ കുടുംബത്തെ ദുബായ്‌ രാജകുമാരി ചമഞ്ഞ്‌ യുവതി സമീപിച്ചതെന്ന്‌ ലുധിയാന പോലീസ്‌ ഡി.ഐ.ജി ഡോ. ജിതേന്ദ്ര ജെയ്‌ന്‍ പറഞ്ഞു. ഫിറോസ്‌പൂര്‍ ജില്ലയിലെ സിറ നഗരത്തിനടുത്ത മാഹിന്‍വാല എന്ന ഗ്രാമത്തിലെ താമസക്കാരി സറബ്‌ജിത്‌ കൗര്‍ ആണ്‌ ദുബായ്‌ രാജകുമാരി ചമഞ്ഞ്‌ തട്ടിപ്പ്‌ നടത്താന്‍ ശ്രമിച്ച്‌ പിടിയിലായത്‌. വധശിക്ഷക്ക്‌ വിധിക്കപ്പെട്ട കുല്‍ദീപ്‌ സിംഗിന്റെ സഹോദരനുമായി ബന്ധപ്പെട്ട സരബ്‌ജിത്‌ കൗറിന്റെ സഹോദരന്‍ ദുബായ്‌ രാജകുമാരി പഞ്ചാബില്‍ സന്ദര്‍ശനം നടത്തിവരുന്നുണ്ടെന്നും കുല്‍ദീപ്‌ സിംഗിന്റെ മോചനത്തിന്‌ അവര്‍ സഹായിക്കുമെന്നും അറിയിച്ചു. മോചനത്തിന്‌ പതിനാല്‌ ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌തു. ഈ വിവരങ്ങള്‍ ഇദ്ദേഹം പോലീസിന്‌ കൈമാറി. പോലീസ്‌ സഹായത്തോടെ ഫോണില്‍ സംസാരിച്ച്‌ ആറു ലക്ഷം രൂപക്ക്‌ ധാരണയിലെത്തി. പണം കൈപ്പറ്റുന്നതിനിടെയാണ്‌ കറുത്ത സ്‌കാര്‍ഫ്‌ ധരിച്ച്‌ ശിരസ്സ്‌ മറച്ചെത്തിയ യുവതിയെ പോലീസ്‌ പിടികൂടിയത്‌. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നു പേരേയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ആത്മീയ ഗുരുക്കള്‍ ചമഞ്ഞും വിവാഹത്തട്ടിപ്പുകള്‍ നടത്തിയും സംഘം നിരവധി പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന്‌ ലുധിയാന എസ്‌.പി എച്ച്‌.എസ്‌. ചഹാല്‍ പറഞ്ഞു. യു.എ.ഇയില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട മറ്റൊരു യുവാവിന്റെ കുടുംബവുമായും ബന്ധപ്പെട്ടതായി സരബ്‌ജിത്‌ കൗര്‍ അന്വേഷണോദ്യോഗസ്ഥരോട്‌ പറഞ്ഞു.

2010, ജൂലൈ 16, വെള്ളിയാഴ്‌ച

നീരാളിക്ക്‌ രാഷ്‌ട്രീയവും പത്ഥ്യം

ലോകകപ്പ്‌ പ്രവചന വീരന്‍ `പോള്‍ നീരാളി'ക്ക്‌ രാഷ്‌ട്രീയ പ്രവചനവും. റഷ്യയിലെ അടുത്ത പ്രസിഡന്റ്‌ ആരാകുമെന്നാണ്‌ ജര്‍മനിയിലെ അക്വേറിയത്തില്‍ കഴിയുന്ന നീരാളി പ്രവചിച്ചിരിക്കുന്നതെന്ന്‌ റഷ്യയിലെ പ്രമുഖ പത്രമായ പ്രവ്‌ദ റിപ്പോര്‍ട്ട്‌ ചെയ്‌തു. എന്നാല്‍ നീരാളിയുടെ ഉത്തരമെന്താണെന്ന്‌ മാത്രം പത്രം പുറത്തു പറയുന്നില്ല. 2012 ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു വരെ ആ ഉത്തരം രഹസ്യമാക്കിവെക്കുമെന്നാണ്‌ പത്രം പറയുന്നത്‌. പ്രവ്‌ദയുടെ ജര്‍മനിയിലെ റിപ്പോര്‍ട്ടര്‍ പോളിനെ സമീപിച്ചാണ്‌ പ്രവചിപ്പിച്ചത്‌. റഷ്യന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ പുട്ടിന്റെയും പ്രസിഡന്റ്‌ ദിമിത്രി മെദ്‌വദേവിന്റെയും പേരുകളാണ്‌ നീരാളിക്ക്‌ നല്‍കിയത്‌. നീരാളി ഒരാളുടെ പേര്‌ കണ്ടെത്തി. പക്ഷേ, പ്രവ്‌ദ അത്‌ പുറത്തു വിടില്ല. രണ്ടു വര്‍ഷത്തിന്‌ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മല്‍സരിക്കുമെന്ന്‌ ഇരു നേതാക്കളും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്‌. ഇവരുടെ ജനപ്രീതിയെ കുറിച്ച്‌ റഷ്യയില്‍ അഭിപ്രായ വോട്ടെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.

സംസ്‌കാരം 48 വര്‍ഷങ്ങള്‍ക്കു ശേഷം

1962 ല്‍ ചൈനയുമായുള്ള യുദ്ധത്തിനിടെ കാണാതായ ഇന്ത്യന്‍ സൈനികന്റെ മൃതദേഹം 48 വര്‍ഷത്തിനുശേഷം കണ്ടെത്തി. അരുണാചല്‍ പ്രദേശിനെ ചൊല്ലി നടന്ന ഇന്ത്യ-ചൈന യുദ്ധത്തിനിടെ കാണാതായ ഡോഗ്ര റെജിമെന്റിലെ സൈനികന്‍ കരംചന്ദിന്റെ ഭൗതികാവശിഷ്‌ടങ്ങളാണ്‌ ഇന്നലെ സ്വന്തം ഗ്രാമത്തില്‍ സംസ്‌കരിച്ചത്‌. യുദ്ധത്തിനുശേഷം കാണാതായ കരംചന്ദിനായി കുടുംബം വര്‍ഷങ്ങളായി കാത്തിരിക്കുന്നതിനിടെയാണ്‌ വാലോംഗില്‍ യുദ്ധാവശിഷ്‌ടങ്ങള്‍ക്കിടയില്‍നിന്ന്‌ ഭൗതികാവശിഷ്‌ടങ്ങള്‍ ലഭിച്ചത്‌. തിരിച്ചറിയല്‍ കാര്‍ഡും ആയുധവുമാണ്‌ കരംചന്ദിനെ തിരിച്ചറിയാന്‍ സഹായിച്ചത്‌. ബോര്‍ഡര്‍ റോഡ്‌സ്‌ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ ഭൗതികാവശിഷ്‌ടം കണ്ടെത്തി കരംചന്ദിന്റെ വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. സൈനിക കേന്ദ്രത്തിലെ ഔദ്യോഗികമായ അന്ത്യോപചാര ചടങ്ങുകള്‍ക്കുശേഷം അവശിഷ്‌ടങ്ങള്‍ വീട്ടുകാര്‍ക്ക്‌ വിട്ടുകൊടുത്തു. വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ്‌ കരംചന്ദിന്റെ ഗ്രാമത്തില്‍ സംസ്‌കാരം നടന്നത്‌.

റബര്‍ കള്ളന്‍ റബര്‍ തോട്ടം ഉടമ

റബര്‍ തോട്ടം ഉടമ റബര്‍ഷീറ്റ്‌ മോഷണത്തിന്‌ പിടിയില്‍. പത്തനംതിട്ട റാന്നി അത്തിക്കയം കണ്ണമ്പള്ളി ഇടിമണ്ണിക്കല്‍ ഷിബു (39) ആണ്‌ അറസ്റ്റിലായത്‌. കണ്ണമ്പള്ളി പുന്നമൂട്ടില്‍ പി.വി. തോമസിന്റെ റബര്‍ പുകപ്പുര കുത്തിത്തുറന്നതിനാണ്‌ പിടിയിലായത്‌. പൂട്ടുപൊളിക്കുന്ന ശബ്‌ദംകേട്ട്‌ വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്‌ടാക്കള്‍ ഓടിയെങ്കിലും അയല്‍വാസി ചീങ്കയില്‍ ജോണിന്റെ കിണറ്റില്‍നിന്നും ഒരു അലര്‍ച്ച കേട്ടു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തില്‍ ഷിബുവിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. മോഷണ വിവരം അറിയിച്ചതോടെ പെരുനാട്‌ പോലീസെത്തി. അര കിലോമീറ്ററിനപ്പുറം താമസിക്കുന്ന രണ്ടേക്കറിലധികം റബര്‍തോട്ടം ഉള്ള ഷിബുവിനെ കണ്ട്‌ നാട്ടുകാര്‍ ശരിക്കും ഞെട്ടി. കിണറ്റില്‍നിന്നും പുറത്തെടുത്ത ഷിബുവിനെ റാന്നി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. മോഷണത്തിന്‌ ഷിബുവിനൊപ്പം ഉണ്ടായിരുന്ന പുല്ലിക്കല്ല്‌ സ്വദേശി ബിജുവിനെ പോലീസ്‌ തെരയുന്നു.

ഉയരുന്ന സമുദ്രനിരപ്പ്‌

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലനിരപ്പ്‌ ക്രമാതീതമായി ഉയരുന്നു. കൊളറാഡോ സര്‍വകലാശാലയില്‍ അന്തരീക്ഷ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ്‌ സമുദ്രനിരപ്പ്‌ ഉയരുന്നത്‌ കണ്ടെത്തിയത്‌. ഇന്ത്യ, ബംഗ്ലാദേശ്‌, മാലദ്വീപ്‌, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ്‌ ഭീഷണിയെ അഭിമുഖീകരിക്കുന്നത്‌. ഇന്ത്യന്‍ മഹാസമുദ്രത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും സമുദ്രനിരപ്പ്‌ ഉയരുന്നുണ്ടെന്നാണ്‌ കണ്ടെത്തിയത്‌. ശ്രീലങ്ക, സുമാത്ര, ജാവ തുടങ്ങിയ ദ്വീപുകള്‍ക്കാണ്‌ ഇത്‌ കടുത്ത ഭീഷണിയുയര്‍ത്തുക. കാലാവസ്ഥാ വ്യതിയാനം തന്നെയാണ്‌ സമുദ്രനിരപ്പ്‌ ഉയരാനിടയാക്കുന്നതെന്നാണ്‌ കണ്ടെത്തല്‍. മണ്‍സൂണ്‍ കാലത്ത്‌ ജലനിരപ്പ്‌ കൂടുതലായി ഉയരുന്നതായും ഇത്‌ ഇന്ത്യക്കും ബംഗ്ലാദേശിനുമാണ്‌ കൂടുതല്‍ പ്രശ്‌നം സൃഷ്‌ടിക്കുകയെന്നും പഠനത്തില്‍ പറയുന്നു. ആഗോള കാലാവസ്ഥയെ ഈ പ്രതിഭാസം ബാധിക്കുകയും ചെയ്യും.

2010, ജൂലൈ 15, വ്യാഴാഴ്‌ച

മാനം കാക്കല്‍ കൊലയുടെ മറുപക്ഷം

മാനം കാക്കാന്‍ കമിതാക്കളെ കൊല്ലുന്ന വാര്‍ത്തക്കൊരു മറുവശം. 2008 ഏപ്രിലിലാണ്‌ സംഭവം നടന്നത്‌. ഇപ്പോള്‍ കോടതിയവരെ വധശിക്ഷക്ക്‌ വിധിക്കുകയും ചെയ്‌തു. സ്വന്തം കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ യുവതിയെയും കാമുകനെയുമാണ്‌ കോടതി ശിക്ഷിച്ചത്‌. ഉത്തര്‍പ്രദേശിലെ ജ്യോതി ഫൂലേ നഗര്‍ ജില്ലയിലെ ഭവന്‍കേരി ഗ്രാമവാസികളായ ശബ്‌നം, സലീം എന്നിവരാണ്‌ പ്രതികള്‍. ശബ്‌നത്തിന്റെ പിതാവ്‌ ഷൗഗാര്‍ അലി (60), മാതാവ്‌ ഹാഷ്‌മി (55), ഇവരുടെ മറ്റു രണ്ട്‌ മക്കള്‍, മരുമകള്‍, പേരമക്കള്‍ എന്നിവരെയാണ്‌ ഇരുവരും ചേര്‍ന്ന്‌ കൊലപ്പെടുത്തിയത്‌. ഒന്നര വയസ്സു പ്രായമുള്ള കുട്ടിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിരുന്നു. പ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതാണ്‌ കൊലപാതകത്തിന്‌ ഇവരെ പ്രേരിപ്പിച്ചതത്രേ. കൊല നടത്തുമ്പോള്‍ ശബ്‌നം ഗര്‍ഭിണിയായിരുന്നു. പ്രസവം ജയിലിലായിരുന്നു.

`കേരള' കേരളമാവുന്നു

സംസ്ഥാനത്തിന്റെ പേര്‌ കേരള എന്നതിനു പകരം കേരളം എന്നാക്കി മാറ്റാന്‍ ആലോചന. മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ നിയമസഭയില്‍ അറിയിച്ചതാണിത്‌. ബന്ധപ്പെട്ട വിദഗ്‌ധരുടെ അഭിപ്രായം ആരാഞ്ഞു സമവായം ഉണ്‍ണ്ടാക്കിയശേഷം അന്തിമതീരുമാനമെടുക്കുമെന്ന്‌ മുഖ്യമന്ത്രി അറിയിച്ചു. സ്ഥലനാമങ്ങളില്‍ മാറ്റംവരുത്തുന്ന കാര്യങ്ങള്‍ റവന്യൂ മന്ത്രി അധ്യക്ഷനായ കമ്മിറ്റിയാണ്‌ പരിശോധിക്കുന്നത്‌. പക്ഷേ സംസ്ഥാനത്തിന്റെ പേരില്‍ മാറ്റം വരുത്തുന്ന കാര്യമായതിനാലാണ്‌ വിദഗ്‌ധരുടെ അഭിപ്രായം തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

രൂപ ചിഹ്നത്തില്‍


രൂപക്ക്‌ ഇനി ചിഹ്നം. കേന്ദ്ര മന്ത്രിസഭാ യോഗമാണ്‌ രൂപയുടെ ചിഹ്നം അംഗീകരിച്ചത്‌. ഹിന്ദി അക്ഷരമാലയിലെ 'ര' യ്‌ക്ക്‌ കുറുകെ ഒരു വരയോടു കൂടിയതാണ്‌ ചിഹ്നം. കേന്ദ്രമന്ത്രി അംബിക സോണി വാര്‍ത്താ സമ്മേളനത്തിലാണ്‌ ചിഹ്നം പുറത്തുവിട്ടത്‌. ഡോളറിനും പൗണ്ടിനുമെന്ന പോലെ രൂപക്കും പ്രത്യേക ചിഹ്നമെന്ന ആശയം ഇതോടെ യാഥാര്‍ഥ്യമായി. രൂപയെ ഇതുവരെ ഇംഗ്ലീഷ്‌ അക്ഷരങ്ങളായ ആര്‍.എസ്‌, ആര്‍ ഇ, ഐ.എന്‍.ആര്‍ എന്നീ വിവിധ ഇംഗ്ലീഷ്‌ ചരുക്കെഴുത്തിലൂടെയാണ്‌ സുചിപ്പിച്ചിരുന്നത്‌. എന്നാല്‍, ഇനി മുതല്‍ രാജ്യാന്തര നാണ്യ വിപണികളിലടക്കം രൂപയെ സൂചിപ്പിക്കാന്‍ പുതിയ ചിഹ്നമായിരിക്കും ഉപയോഗിക്കുക. ഐ.ഐ.ടി വിദ്യാര്‍ഥിയായ ഉദയ കുമാര്‍ സമര്‍പ്പിച്ച ചിഹ്നമാണ്‌ അഞ്ച്‌ അംഗങ്ങള്‍ അടങ്ങിയ ജുറി തെരഞ്ഞെടുത്തത്‌. ഉദയ്‌കുമാറിന്റെ ചിഹ്നം തിരഞ്ഞെടുത്തതോടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.5 ലക്ഷം രൂപ അദ്ദേഹത്തിന്‌ ലഭിക്കും. രാജ്യത്ത്‌ ആറ്‌ മാസത്തിനുള്ളിലും ആഗോളതലത്തില്‍ രണ്ട്‌ വര്‍ഷത്തിനകവും ചിഹ്നം പ്രാബല്യത്തില്‍ വരും. അവസാനഘട്ട തെരഞ്ഞെടുപ്പിനെത്തിയ ചിഹ്നങ്ങളില്‍ മലയാളിയായ കെ.കെ. ഷിബിന്‍ ഡിസൈന്‍ ചെയ്‌ത ചിഹ്നവും ഉണ്ടായിരുന്നു.

ഫുട്‌ബോള്‍ ലോകകപ്പ്‌ വേദിയില്‍ ഇന്ത്യക്ക്‌ ക്രിക്കറ്റ്‌

ലോകകപ്പ്‌ ഫുട്‌ബോളിനായി ദക്ഷിണാഫ്രിക്ക കോടികള്‍ ഒഴുക്കി പണിത സ്റ്റേഡിയങ്ങളില്‍ പലതിനെയും സജീവമാക്കി നിര്‍ത്താന്‍ ഇനി ക്രിക്കറ്റ്‌ വേണ്ടിവന്നേക്കും. ദര്‍ബനിലെ മോസസ്‌ മഭീദ സ്റ്റേഡിയത്തില്‍ ആദ്യ മത്സരം നിശ്ചയിച്ചു കഴിഞ്ഞു, അടുത്ത ജനുവരിയില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 മത്സരത്തിനാണ്‌ ഈ ലോകകപ്പ്‌ വേദി അരങ്ങൊരുക്കുക. ദര്‍ബന്‍ ഏറെ ഇന്ത്യന്‍ വംശജരുള്ള പ്രദേശമാണ്‌. ഈ സ്റ്റേഡിയത്തിലെ പ്ലേയിംഗ്‌ ഏരിയ ക്രിക്കറ്റിന്‌ മതിയാവില്ല. ചുറ്റുമുള്ള അത്‌ലറ്റിക്‌ ട്രാക്ക്‌ കൂടി ചേര്‍ത്താവും ക്രിക്കറ്റിനായി ഗ്രൗണ്ട്‌ തയാറാക്കുക. വൈകാതെ ഈ ഗ്രൗണ്ടിന്‌ ടെസ്റ്റ്‌ പദവി നേടിയെടുക്കാനാണ്‌ ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നത്‌. ഇന്ത്യയുടെ കളിക്ക്‌ താല്‍ക്കാലിക പിച്ച്‌ സ്ഥാപിക്കുകയാണ്‌ ചെയ്യുക. ക്രമേണ സ്ഥിരം പിച്ച്‌ പണിയും. ദര്‍ബനില്‍ ഇപ്പോള്‍തന്നെ ഒരു ക്രിക്കറ്റ്‌ സ്റ്റേഡിയമുണ്ട്‌, കാല്‍ ലക്ഷം പേര്‍ക്കിരിക്കാവുന്ന കിംഗ്‌സ്‌മെഡ്‌. എന്നാല്‍ മോസസ്‌ മഭീദയിര്‍ 63,000 പേര്‍ക്കിരിക്കാം. റൂസ്റ്റന്‍ബര്‍ഗിലെ റോയല്‍ ബഫോകെംഗ്‌ ലോകകപ്പ്‌ സ്റ്റേഡിയവും ക്രിക്കറ്റിനായി ഉപയോഗപ്പെടുത്താന്‍ നീക്കമുണ്ട്‌.ലോകകപ്പിനായി അഞ്ച്‌ പുതിയ സ്റ്റേഡിയങ്ങള്‍ നിര്‍മിച്ച ദക്ഷിണാഫ്രിക്ക മറ്റ്‌ അഞ്ചെണ്ണം നവീകരിക്കുകയായിരുന്നു. ഇതില്‍ പലതും ഇനി വെറുതെ ഇടേണ്ടി വരുമെന്നാണ്‌ ആശങ്ക. ആഭ്യന്തര ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കായി സ്റ്റേഡിയങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്‌. ഐ.പി.എല്ലിനെ അനുകരിച്ച്‌ ട്വന്റി20 ടൂര്‍ണമെന്റ്‌ നടത്താനും ദക്ഷിണാഫ്രിക്കക്ക്‌ പദ്ധതിയുണ്ട്‌.

2010, ജൂലൈ 14, ബുധനാഴ്‌ച

വെല്‍ക്കം പോള്‍

പോള്‍ എന്ന നീരാളിക്ക്‌ സ്‌പെയിനിലേക്ക്‌ ക്ഷണം. തങ്ങളുടെ ലോകകപ്പ്‌ വിജയം പ്രവചിച്ചതിനാണിത്‌. വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗലീഷ്യയിലെ ഓ കാര്‍ബായിനോ പട്ടണത്തിലെ മേയര്‍ കാര്‍ലോസ്‌ മോണ്ടസാണ്‌, തങ്ങള്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക നീരാളി മേളയിലേക്ക്‌ ഒക്‌ടോപസിനെ അയക്കണമെന്ന്‌ ജര്‍മനിയിലെ ഓബര്‍ഹുവാസന്‍ അക്വേറിയം അധികൃതരോട്‌ അഭ്യര്‍ഥിച്ചിരിക്കുന്നത്‌. ഓഗസ്റ്റ്‌ എട്ടിനാണ്‌ മേള.ലോകകപ്പിലെ വിജയികളെ മുന്‍കൂട്ടി പ്രവചിച്ചതിലൂടെ ലോകപ്രശസ്‌തനായ പോള്‍ നീരാളിക്ക്‌ സ്‌പെയിനില്‍ ആരാധകര്‍ ഏറെയാണ്‌. ഓ കാര്‍ബായിനോ നഗരം പോളിന്‌ ബഹുമാന സൂചകമായി പൗരത്വം നല്‍കിക്കഴിഞ്ഞു. അതിനെ വിലകൊടുത്ത്‌ വാങ്ങാനാവുമോ എന്ന്‌ നോക്കുന്നവരുമുണ്ട്‌. ഇതിനായി ഗലീഷ്യയിലെ ബിസിനസുകാര്‍ 30,000 യൂറോ സമാഹരിച്ചുകഴിഞ്ഞു.ഇതൊക്കെയാണെങ്കിലും പോളിനെ ഗലീഷ്യയിലേക്ക്‌ അയക്കുന്നത്‌ സൂക്ഷിച്ചുവേണമെന്ന്‌ അഭിപ്രായപ്പെടുന്നവരുമുണ്ട്‌. ആ പ്രദേശത്ത്‌ നീരാളി ഒരു വിശിഷ്‌ട ഭോജ്യമാണ്‌. ചെറുതായി കഷ്‌ണിച്ച നീരാളിയെ ഒലീവെണ്ണയില്‍ വറുത്ത്‌, പുഴുങ്ങിയ ഉരുങ്ങക്കിഴങ്ങുമായാണ്‌ അവിടത്തുകാര്‍ അകത്താക്കുന്നത്‌.

ഇന്ത്യന്‍ കടുവക്ക്‌ ജര്‍മനിയില്‍ സുഖപ്രസവം


ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാത്രം ജീവിക്കുന്ന അപൂര്‍വ ഇനം സിംഹം ജര്‍മനിയില്‍ ഇരട്ടക്കുട്ടികള്‍ക്ക്‌ ജന്‍മം നല്‍കി. ജര്‍മനിയിലെ മാഗ്‌ഡിബര്‍ഗ്‌ മൃഗശാലയിലാണ്‌ അപൂര്‍വ പിറവി. വെറ്ററിനറി ഡോക്‌ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലാണ്‌ ഏഷ്യന്‍ ലയണ്‍ എന്ന ഇനം സിംഹം പ്രസവിച്ചത്‌. എട്ടു കിലോ വീതം തൂക്കമുള്ള കുട്ടികള്‍ക്ക്‌ മികച്ച സംരക്ഷണമാണ്‌ നല്‍കിവരുന്നത്‌. ഇന്ത്യന്‍ ചുറ്റുപാടില്‍ മാത്രം ജീവിക്കാറുള്ള ഇത്തരം സിംഹങ്ങള്‍ ജര്‍മന്‍ പ്രകൃതിയില്‍ പ്രസവിക്കുന്നത്‌ ഗവേഷണത്തിലെ നേട്ടമായാണ്‌ മൃഗശാലാ അധികൃതര്‍ കാണുന്നത്‌.

2010, ജൂലൈ 13, ചൊവ്വാഴ്ച

മാനം കാക്കല്‍ കൊല തുടരുന്നു

ഉത്തര്‍പ്രദേശിലെ ഗാസിയാ ബാദില്‍ കുടുംബത്തിന്റെ മാനം കാക്കാന്‍ വേണ്ടി കമിതാക്കളെ കൊലപ്പെടുത്തി ഗരി മഥിയ ഗ്രാമത്തിലെ ഇഷ്‌തിയാഖ്‌ അലി (21), ഷബ്‌നം (16) എന്നിവെരയാണ്‌ കൊന്നത്‌. ഇഷ്‌തിയാഖ്‌ ഷബ്‌നത്തെ കാണാനായി കഴിഞ്ഞ ദിവസം പോയിരുന്നു. പിന്നീട്‌ കണ്ടത്‌ ഇരുവരുടെയും മൃതദേഹങ്ങളാണ്‌. ഇവരുടെ പ്രണയത്തെ കുടുംബാംഗങ്ങള്‍ എതിര്‍ത്തിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ്‌ കൊല പിന്നിലെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. ഷബ്‌നത്തെ വെടിവെച്ചു കൊന്നശേഷം അലി സ്വയം മരിക്കുകയായിരുന്നെന്നാണ്‌ കുടുംബാംഗങ്ങള്‍ പറയുന്നത്‌. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ അലിയുടെ തലക്ക്‌ പിറകിലാണ്‌ വെടിയേറ്റിരിക്കുന്നത്‌. കൊലക്ക്‌ ശക്തമായ തെളിവാണ്‌ ഇതെന്ന്‌ പോലീസ്‌ പറഞ്ഞു. ഷബ്‌നത്തിന്റെ കുടുംബം നടത്തുന്ന കടയിലെ ജോലിക്കാരനാണ്‌ അലി. തന്റെ മകനെയും ഷബ്‌നത്തെയും അവളുടെ രക്ഷിതാക്കള്‍ കൊലപ്പെടുത്തിയതാണെന്ന്‌ അലിയുടെ പിതാവ്‌ മുഷ്‌തിയാഖ്‌ അലി പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ പിതാവിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമെതിരെ പോലീസ്‌ കേസെടുത്തു.

പണം കാലിയാകും, തൂക്കം കുറയില്ലെന്ന്‌

തടികുറക്കുമെന്ന അവകാശവാദവുമായി വിപണിയിലുള്ള മരുന്നുകള്‍ ശരീരത്തിന്റെ ഭാരം കുറക്കില്ലെന്ന്‌ പഠനം. വിപണിയില്‍ ലഭിക്കുന്ന ഒമ്പത്‌ ബ്രാന്റ്‌ മരുന്നുകള്‍ പലരിലായി പരീക്ഷിച്ച ശേഷമാണ്‌ മെഡിക്കല്‍ ഗവേഷകരുടെ ഈ കണ്ടെത്തല്‍. 200 പേരിലായി എട്ടു ആഴ്‌ചകളിലായാണ്‌ മരുന്നുകള്‍ പരീക്ഷിച്ചതത്രേ. ഒന്നു മുതല്‍ രണ്ടു വരെ കിലോ മാത്രമാണ്‌ തൂക്കം കുറഞ്ഞത്‌. തടികുറക്കുന്നതോടൊപ്പം ശരീരത്തിന്റെ തൂക്കം കുറയുമെന്ന മരുന്ന്‌ ഉല്‍പാദകരുടെ വാദം പൊള്ളയാണെന്ന്‌ ഈ പരീക്ഷണം തെളിയിക്കുന്നുവെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വമേകിയ ഡോ.തോമസ്‌ എല്‍റോട്ട്‌ പറഞ്ഞു. തടി കുറക്കാനുള്ള എളുപ്പ വഴിയായി ജനങ്ങള്‍ ഇതിനെ കാണുന്നുണ്ട്‌. വന്‍ തുകയാണ്‌ ഇതിനായി ചെലവിടുന്നത്‌. എന്നാല്‍ മരുന്നു കഴിച്ചശേഷം ഭൂരിപക്ഷവും നിരാശരാകുകയാണെന്ന്‌ അവര്‍ പറയുന്നു. സ്വീഡനില്‍ അമിതവണ്ണത്തെ കുറിച്ച്‌ നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനാണ്‌ ഇവര്‍ പരീക്ഷണം നടത്തിയത്‌.

ലോകകപ്പിന്റെ താരത്തിനും `ലോകകപ്പ്‌'


നീരാളിക്കും കിട്ടി ഒരു ലോകകപ്പ്‌. ലോകകപ്പ്‌ മത്സരഫലങ്ങള്‍ കൃത്യമായി പ്രവചിച്ച്‌ ലോകശ്രദ്ധ നേടിയ പോള്‍ എന്ന നീരാളിക്കാണ്‌ ട്രോഫി ലഭ്യമായത്‌. ജര്‍മനിയുടെ ഏഴ്‌ മത്സരങ്ങളും ഫൈനലും കൃത്യമായി പ്രവചിച്ചാണ്‌ പോള്‍ വിസ്‌മയമായത്‌. പോളിന്റെ കൃത്യത്‌ക്ക്‌ ബെര്‍ലിനിലെ, ഒബെര്‍ഹോസന്‍ അക്വേറിയം അധികൃതര്‍ ലോകകപ്പുതന്നെ സമ്മാനം നല്‍കി. ലോകകപ്പ്‌ മാതൃക പോളിന്റെ അക്വേറിയത്തിലേക്ക്‌ അധികൃതര്‍ ഇറക്കിവെച്ചു. പ്രവചനങ്ങളെത്തുടര്‍ന്ന്‌ ലോകപ്രശസ്‌തനായ നീരാളി, അടുത്തെങ്ങും പുതിയ പ്രവചനത്തിനില്ലത്രേ. പ്രവചിക്കല്‍ രംഗത്തുനിന്ന്‌ വിരമിക്കാനാണ്‌ പോളിന്റെ ഉദ്ദേശ്യം. അക്വേറിയത്തിലെത്തുന്ന സന്ദര്‍ശകര്‍ക്കുമുന്നില്‍, അടങ്ങിയൊതുങ്ങി ജീവിക്കാനാണ്‌ നീരാളിയുടെ തീരുമാനം.

സ്‌പെയിനിന്‌ 3 കോടി ഡോളര്‍

ലോകകപ്പ്‌ ഫുട്‌ബോള്‍ കിരീടം നേടിയ സ്‌പെയിനിന്‌ പ്രൈസ്‌ മണിയായി ലഭിച്ചത്‌ മൂന്നു കോടി ഡോളര്‍ (140 കോടിയോളം രൂപ). റണ്ണേഴ്‌സ്‌ അപ്‌ നെതര്‍ലാന്റ്‌സിന്‌ 2.4 കോടി ഡോളറും (112 കോടി രൂപ) സെമിഫൈനലിസ്റ്റുകളായ ജര്‍മനിക്കും ഉറുഗ്വായ്‌ക്കും രണ്ടു കോടി ഡോളര്‍ വീതവും (93.5 കോടി രൂപ) ലഭിച്ചു. ക്വാര്‍ട്ടറില്‍ തോറ്റ അര്‍ജന്റീന, ബ്രസീല്‍, ഘാന, പാരഗ്വായ്‌ ടീമുകള്‍ക്ക്‌ കിട്ടിയത്‌ 1.8 കോടി ഡോളറാണ്‌ (84 കോടി രൂപ). രണ്ടാം റൗണ്ടില്‍ തോറ്റ ചിലി, ഇംഗ്ലണ്ട്‌, ജപ്പാന്‍, മെക്‌സിക്കോ, പോര്‍ചുഗല്‍, സ്ലൊവാക്യ, തെക്കന്‍ കൊറിയ, അമേരിക്ക ടീമുകള്‍ക്ക്‌ 90 ലക്ഷം ഡോളര്‍ (42 കോടി രൂപ) കിട്ടി. ആദ്യ റൗണ്ട്‌ കടക്കാതിരുന്ന അള്‍ജീരിയ, ഓസ്‌ട്രേലിയ, കാമറൂണ്‍, ഡെ�ാര്‍ക്ക്‌, ഫ്രാന്‍സ്‌, ഗ്രീസ്‌, ഹോണ്ടുറാസ്‌, ഇറ്റലി, ഐവറികോസ്റ്റ്‌, ന്യൂസിലാന്റ്‌, നൈജീരിയ, വടക്കന്‍ കൊറിയ, സെര്‍ബിയ, സ്ലൊവേനിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സര്‍ലന്റ്‌ ടീമുകള്‍ക്ക്‌ 80 ലക്ഷം ഡോളര്‍ (37.4 കോടി രൂപ) ലഭിച്ചു.

തിളങ്ങുന്ന പട്ടിണി

ഇന്ത്യയിലെ എട്ട്‌ സംസ്ഥാനങ്ങളില്‍ കടുത്ത ദാരിദ്ര്യം നിലനില്‍ക്കുന്നതായി പഠനത്തില്‍ കണ്ടത്തി. ബംഗാള്‍, ഉത്തര്‍ പ്രദേശ്‌, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്‌, ഒറീസ, ഛത്തീസ്‌ഗഢ്‌, ഝാര്‍ഖണ്ഡ്‌ എന്നിവയാണ്‌ കൊടിയ ദാരിദ്ര്യം നിലനില്‍ക്കുന്ന സംസ്ഥാനങ്ങള്‍. ഈ സംസ്ഥാനങ്ങളിലെ മൊത്തം ജനസംഖ്യ ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ 26 രാജ്യങ്ങളിലെ ജനസംഖ്യയെക്കാള്‍ അധികമെന്നാണ്‌ ലണ്ടനിലെ ഓക്‌സ്‌ഫെഡ്‌ പോവര്‍ട്ട്‌ ആന്റ്‌ ഹ്യൂമന്‍ ഡെവലപ്‌മെന്റ്‌ ഇനിഷ്യേറ്റീവ്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്‌. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി കുതിക്കുകയാണെന്ന പ്രചാരണം ഒരു ഭാഗത്ത്‌ നടക്കുമ്പോഴാണ്‌ ജനങ്ങളില്‍ അധികവും പട്ടിണിപ്പാവങ്ങളാണെന്ന പരമാര്‍ഥം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്‌. ഐക്യരാഷ്‌ട്ര വികസന പദ്ധതിയുടെ പിന്തുണയോടെ നടത്തിയ പഠനത്തില്‍ വിവിധതല ദാരിദ്ര്യ സൂചിക (മള്‍ട്ടിഡൈമെന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡെക്‌സ്‌) എന്ന നൂതന രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. പഠന ഫലം യു.എന്‍.ഡി.പിയുടെ ഇരുപതാമത്‌ വാര്‍ഷിക മാനുഷിക വികസന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.ഇന്ത്യയിലെ എട്ട്‌ സംസ്ഥാനങ്ങളിലായി 42.1 കോടി ദരിദ്രരാണുള്ളത്‌. 26 ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്രരുടെ എണ്ണം 41 കോടിയാണ്‌.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ലോകകപ്പിനിടയിലൂടെ

കൂടുതല്‍ പാസ്‌ ചെയ്‌തത്‌ ഷാവി,തോല്‍ക്കാത്ത ടീം ന്യൂസിലാന്റ്‌ടൂര്‍ണമെന്റിന്റെ താരം: ഡിയേഗൊ ഫോര്‍ലാന്‍ (ഉറുഗ്വായ്‌)ഗോള്‍ഡന്‍ ബൂട്ട്‌ (ടോപ്‌സ്‌കോറര്‍): തോമസ്‌ മുള്ളര്‍ (ജര്‍മനി)മികച്ച യുവ താരം: തോമസ്‌ മുള്ളര്‍ (ജര്‍മനി)ലവ്‌ യാഷിന്‍ ബഹുമതി (മികച്ച ഗോളി): ഐകര്‍ കസിയാസ്‌ (സ്‌പെയിന്‍)ഫെയര്‍ പ്ലേ (മാന്യമായ കളി): സ്‌പെയിന്‍കൂടുതല്‍ ഗോളടിച്ച ടീം: ജര്‍മനി (16)കൂടുതല്‍ വ്യക്തിഗത ഗോള്‍: 5- മുള്ളര്‍ (ജര്‍മനി), ഡാവിഡ്‌ വിയ (സ്‌പെയിന്‍), വെസ്‌ലി സ്‌നെയ്‌ഡര്‍ (നെതര്‍ലാന്റ്‌സ്‌), ഫോര്‍ലാന്‍ (ഉറുഗ്വായ്‌)കുറവ്‌ ഗോളടിച്ച ടീം: ഹോണ്ടുറാസ്‌, അള്‍ജീരിയ (0)കൂടുതല്‍ ഗോള്‍ വഴങ്ങിയ ടീം: വടക്കന്‍ കൊറിയ (12)ഗോളിലേക്ക്‌ കൂടുതല്‍ ഷോട്ട്‌: സ്‌പെയിന്‍ (121)കൂടുതല്‍ ഷോട്ട്‌ പായിച്ച താരം: അസമോവ ജ്യാന്‍ (ഘാന, 33)ഗോളിലേക്ക്‌ കൂടുതല്‍ ഷോട്ട്‌ കണ്ട കളി: ഉറുഗ്വായ്‌ 1-ഘാന 1 (49)ഗോളിലേക്ക്‌ കുറവ്‌ ഷോട്ട്‌ പായിച്ച ടീം: ന്യൂസിലാന്റ്‌ (15)കുറവ്‌ ഷോട്ട്‌ കണ്ട കളി: ഐവറികോസ്റ്റ്‌ 0-പോര്‍ചുഗല്‍ 0 (12)കൂടുതല്‍ സെയ്‌വ്‌ നടത്തിയ ഗോളി: റിച്ചാഡ്‌ കിംഗ്‌സന്‍ (ഘാന, 24)കൂടുതല്‍ ഫൗള്‍: നെതര്‍ലാന്റ്‌സ്‌ (126)കുറവ്‌ ഫൗള്‍: വടക്കന്‍ കൊറിയ (26)കൂടുതല്‍ ഫൗള്‍ ചെയ്‌ത താരം: കെയ്‌സുകെ ഹോണ്ട (ജപ്പാന്‍, 16)കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട താരം: ആന്ദ്രെസ്‌ ഇനിയെസ്റ്റ (സ്‌പെയിന്‍, 26)കൂടുതല്‍ ഫൗള്‍ ചെയ്യപ്പെട്ട ടീം: സ്‌പെയിന്‍ (134)കൂടുതല്‍ ഫൗള്‍ കണ്ട കളി: ജപ്പാന്‍ 0-പാരഗ്വായ്‌ 0 (55)കുറവ്‌ ഫൗള്‍ കണ്ട കളി: ജര്‍മനി 4-ഇംഗ്ലണ്ട്‌ 1 (13)കൂടുതല്‍ മഞ്ഞക്കാര്‍ഡ്‌ കണ്ട ടീം: നെതര്‍ലാന്റ്‌സ്‌ (22)കുറവ്‌ കാര്‍ഡ്‌ കണ്ട ടീം: വടക്കന്‍ കൊറിയ (2)കൂടുതല്‍ മഞ്ഞക്കാര്‍ഡ്‌ കണ്ട കളി: സ്‌പെയിന്‍ 1-നെതര്‍ലാന്റ്‌സ്‌ 0 (13)കൂടുതല്‍ പാസ്‌ ചെയ്‌ത ടീം: സ്‌പെയിന്‍ (3803)കൂടുതല്‍ പാസ്‌ ചെയ്‌ത താരം: ഷാവി (669)കുറവ്‌ പാസ്‌ ചെയ്‌ത ടീം: ന്യൂസിലാന്റ്‌ (663)മൊത്തം ഗോളുകള്‍: 145മഞ്ഞക്കാര്‍ഡുകള്‍: 246ചുവപ്പ്‌ കാര്‍ഡ്‌: 17തോല്‍ക്കാത്ത ടീം: ന്യൂസിലാന്റ്‌ലോകകപ്പിന്റെ വാക്ക്‌: വൂവുസേല

യുവാക്കളെ രക്ഷിച്ച സ്‌ത്രീകള്‍

തിരുവനന്തപുരം കല്ലമ്പലത്താണ്‌ സംഭവം. മരണം മുന്നില്‍ക്കണ്ട്‌ കുളത്തില്‍ മുങ്ങിത്താണ മൂന്നു യുവാക്കളെ സ്‌ത്രീകള്‍ രക്ഷപ്പെടുത്തി. ക്ഷേത്രക്കുളത്തില്‍ മുങ്ങിത്താണ യുവാക്കളെയാണ്‌ അതുവഴി പോയ രണ്ട്‌ സ്‌ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ചെറിഞ്ഞുകൊടുത്ത്‌ രക്ഷപ്പെടുത്തിയത്‌. കഴിഞ്ഞ ദിവസം മണമ്പൂര്‍ കവലയൂര്‍ മഹാദേവര്‍ മഹാവിഷ്‌ണു ക്ഷേത്രക്കുളത്തിലാണ്‌ സംഭവം. കവലയൂര്‍ സ്വദേശികളായ വിപിന്‍രാജ്‌ (21), രഞ്‌ജിത്ത്‌ (22), അജി (30) എന്നിവരെയാണ്‌ കവലയൂര്‍ അകരത്തുംവിളാകം വീട്ടില്‍ ഗീത (40), കവലയൂര്‍ അഭിരാമിയില്‍ മിനി (37) എന്നിവര്‍ ചേര്‍ന്ന്‌ രക്ഷപ്പെടുത്തിയത്‌. വൈകിട്ട്‌ 6.30 ഓടെ ക്രിക്കറ്റ്‌ കളി കഴിഞ്ഞശേഷം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു വിപിന്‍രാജും രഞ്‌ജിത്തും. നീന്തുന്നതിനിടെ വിപിന്‍രാജ്‌ കുളത്തിലകപ്പെട്ടു. രഞ്‌ജിത്തും വിപിനുമൊപ്പം ഉണ്ടായിരുന്നെങ്കിലും രക്ഷപ്പെടുത്താനാകാതെ വന്നപ്പോള്‍ കരയിലെത്തി ഓട്ടോ ഡ്രൈവറായ അജിയെ വിളിച്ചു. തുടര്‍ന്ന്‌ അജിയും രഞ്‌ജിത്തും കൂടി വിപിന്‍രാജിനെ രക്ഷിക്കാനായി ചാടിയെങ്കിലും മൂവരും മുങ്ങിത്താഴ്‌ന്നു. ഇതിനിടെ അതുവഴി പോയ ഒരു കുട്ടി കുളത്തില്‍ യുവാക്കള്‍ കൈകാലിട്ടടിക്കുന്നത്‌ കണ്ട്‌ അവിടെ നിന്ന ഗീത, മിനി എന്നിവരോട്‌ വിവരം പറഞ്ഞു. രക്ഷപ്പെടുത്താന്‍ നാട്ടുകാരുടെ സഹായം തേടി ഇവര്‍ നിലവിളിച്ചെങ്കിലും ആരുമെത്താതായപ്പോള്‍ ഗീതയുടെ സാരിയഴിച്ച്‌ ഒരു ഭാഗം കൈയില്‍പിടിച്ച്‌ മറുവശം യുവാക്കള്‍ക്ക്‌ എറിഞ്ഞുകൊടുത്തു. ഇതില്‍ പിടിച്ചാണ്‌ ഇവര്‍ കരക്കെത്തിയത്‌.

തട്ടിപ്പുകാരെ പിടിച്ച സ്‌ത്രീ

വീട്ടമ്മയുടെ കൈക്കരുത്തില്‍ വന്‍ തട്ടിപ്പ്‌ സംഘം പിടിയിലായി. സ്റ്റേഷനറി സാധനങ്ങളുടെ ഓര്‍ഡര്‍ എടുത്തശേഷം കടലാസുകള്‍ നിറച്ച പെട്ടികള്‍ നല്‍കി വ്യാപാരികളെ കബളിപ്പിച്ച്‌ ലക്ഷങ്ങള്‍ തട്ടുന്ന സംഘമാണ്‌ പിടിയിലായത്‌. പരവൂര്‍ തെക്കുംഭാഗം സ്വദേശികളായ ഷക്കീം (52), രാജീവ്‌ (41), കോട്ടപ്പുറം സ്വദേശി ബാബു (38), കോങ്ങാല്‍ സ്വദേശി സവാദ്‌ (34) എന്നിവരെയാണ്‌ പോലീസ്‌ അറസ്റ്റു ചെയ്‌തത്‌.തിരുവനന്തപുരം വര്‍ക്കല പുത്തന്‍ചന്തയില്‍ പുതിയതായി തുടങ്ങിയ ബേക്കറിയില്‍നിന്ന്‌ സാധനങ്ങളുടെ ഓര്‍ഡര്‍ എടുക്കാന്‍ വന്ന സംഘാംഗങ്ങളെ വട്ടപ്ലാമൂട്‌ സ്വദേശിയായ ഇവരുടെ തട്ടിപ്പിനിരയായ വീട്ടമ്മ തിരിച്ചറിയുകയായിരുന്നു. വീട്ടമ്മ സാധനം വാങ്ങാന്‍ വരവെ യാദൃച്ഛികമായാണ്‌ ഇവരെ കണ്ടത്‌. ഇവര്‍ ബഹളംകൂട്ടിയപ്പോള്‍ സംഘം റോഡില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്ന കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. കാറുമായി കടക്കാന്‍ ശ്രമിച്ചെങ്കിലും സ്‌ത്രീ ഇവരുടെ കൈകളില്‍ ബലമായി പിടിച്ചു. ഇവരുടെ വിളി കേട്ട്‌ റോഡരികില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവ്‌ ബൈക്കെടുത്ത്‌ കാറിനു മാര്‍ഗതടസ്സവും സൃഷ്‌ടിച്ചു. അപ്പോഴേക്കും നാട്ടുകാരെത്തി സംഘത്തെ പിടികൂടി. അഞ്ചുപേരില്‍ ഒരാള്‍ രക്ഷപ്പെട്ടു. കാറിന്റെ നമ്പര്‍ പ്ലേറ്റ്‌ വ്യാജമായിരുന്നു.

2010, ജൂലൈ 11, ഞായറാഴ്‌ച

വിമാന ചക്രങ്ങളില്‍ മനുഷ്യാവശിഷ്‌ടങ്ങള്‍

ബൈറൂത്തില്‍നിന്ന്‌ റിയാദിലേക്ക്‌ പറന്ന നാസ്‌ എയര്‍ വിമാനത്തിന്റെ ചക്രങ്ങളില്‍ മനുഷ്യശരീരത്തിന്റെ അവശിഷ്‌ടങ്ങള്‍. ക െലബനോന്‍ എയര്‍പോര്‍ട്ട്‌ അധികൃതര്‍ അറിയിച്ചതാണിത്‌. ടേക്ക്‌ ഓഫ്‌ ചെയ്‌ത വിമാനത്തില്‍ വലിഞ്ഞുകയറാന്‍ ശ്രമിച്ചയാളാണ്‌ അപകടത്തില്‍പെട്ടതെന്ന്‌ സംശയിക്കുന്നു.വിമാനത്തിന്റെ ലാന്‍ഡിംഗ്‌ ഗിയര്‍ ഭാഗത്ത്‌ കയറിക്കൂടാന്‍ ശ്രമിച്ച ഇയാള്‍ക്ക്‌ പിടിത്തം കിട്ടിയത്‌ ചക്രത്തിലാണെന്ന്‌ കരുതുന്നു. ചക്രത്തിലുരഞ്ഞോ ചതഞ്ഞോ ആകാം ശരീരാവശിഷ്‌ടങ്ങള്‍ പറ്റിപ്പിടിച്ചത്‌. കണ്‍ട്രോള്‍ ടവറിന്റെ ശ്രദ്ധയില്‍ ഇതൊന്നും പെട്ടില്ലെന്നതാണ്‌ കൗതുകകരം. ഇയാള്‍ക്ക്‌ ജീവാപായം സംഭവിച്ചോ എന്ന കാര്യവും അവ്യക്തമാണ്‌.വെള്ളിയാഴ്‌ച രാത്രി വൈകി ബൈറൂത്തില്‍നിന്ന്‌ പറന്നുയര്‍ന്ന നാസ്‌ എയര്‍ എക്‌സ്‌ വൈ 720 നമ്പര്‍ വിമാനം ഇന്നലെ രാവിലെയാണ്‌ റിയാദില്‍ ഇറങ്ങിയത്‌. വിമാനത്തിന്റെ മെയിന്റനന്‍സ്‌ ജോലിക്കിടെയാണ്‌ ശരീരാവശിഷ്‌ടങ്ങള്‍ ചക്രത്തില്‍ കണ്ടത്‌. വിമാനം പുറപ്പെടാന്‍ ഒരുങ്ങവേ, ബാഗേജും തൂക്കി, തൊപ്പിയണിഞ്ഞ ഒരാള്‍ ഓടിവരുന്നത്‌ കണ്ടതായി യാത്രക്കാരെ ഉദ്ധരിച്ച്‌ ലബേനാനിലെ നാഷനല്‍ ന്യൂസ്‌ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. യാത്രക്കാരും ജീവനക്കാരും വിവരം പൈലറ്റിനെ അറിയിച്ചെങ്കിലും അത്‌ കണക്കിലെടുക്കാതെ പൈലറ്റ്‌ വിമാനം ടേക്ക്‌ ഓഫ്‌ ചെയ്യുകയായിരുന്നു. ബൈറൂത്ത്‌ കണ്‍ട്രോള്‍ ടവറിലും പൈലറ്റ്‌ വിവരം നല്‍കിയില്ല. ഇത്‌ ഗുരുതരമായ സുരക്ഷാ പിഴവാണ്‌.

ജേതാവിന്റെ ആരാധകര്‍ക്കും `ലോകകപ്പ്‌' റെഡി


ലോകകപ്പ്‌ കിരീടം ഹോളണ്ടിനായാലും സ്‌പെയിനിനായാലും കോഴിക്കോട്‌ നൈനാം വളപ്പുകാര്‍ക്ക്‌ പ്രശ്‌നമില്ല. ജേതാക്കള്‍ക്ക്‌ കൊടുക്കാന്‍ കപ്പ്‌ നൈനാം വളപ്പില്‍ റെഡി. ഇന്ന്‌ വിജയിയാരെന്ന്‌ അറിയുകയേ വേണ്ടൂ. ആ നിമിഷം വിജയികള്‍ക്ക്‌ ലോകകപ്പ്‌ കൈമാറും. ഒരു വ്യത്യാസം മാത്രം. ദക്ഷിണാഫ്രിക്കയില്‍ കളിച്ചവര്‍ക്ക്‌ ലോകകപ്പ്‌ നല്‍കുമ്പോള്‍ ഇവിടെ ജയിച്ച ടീമിന്റെ ആരാധകര്‍ക്കാണ്‌ കപ്പ്‌ നല്‍കുക.നൈനാംവളപ്പിനെ `മിനി ദക്ഷിണാഫ്രിക്ക'യാക്കിയ ഫുട്‌ബോള്‍ ഫാന്‍സ്‌ അസോസിയേഷനാണ്‌ ലോകകപ്പിന്റെ അതേ മാതൃകയില്‍ മരം കൊണ്ട്‌ കപ്പ്‌ തീര്‍ത്തത്‌. ദക്ഷിണാഫ്രിക്കയില്‍ കിരീടം ചൂടുന്ന രാജ്യത്തിന്‌ കപ്പ്‌ നല്‍കുന്ന അതേസമയത്ത്‌ തന്നെ നൈനാം വളപ്പില്‍ ആ രാജ്യത്തിന്റെ ആരാധകര്‍ക്ക്‌ ആഘോഷങ്ങളോടെ കപ്പ്‌ കൈമാറും.കുമയ്‌ എന്ന മരത്തിലാണ്‌ നാലേകാല്‍ കിലോയിലേറെ ഭാരം വരുന്ന ലോകകപ്പ്‌ തീര്‍ത്തിട്ടുള്ളത്‌. എന്‍.വി നൗഫല്‍, ടി.വി ഹാരിസ്‌, സി.വി ഫൈസല്‍ എന്നിവരാണ്‌ ശില്‍പികള്‍. രണ്ട്‌ മാസവും 11 ദിവസവും അധ്വാനിച്ചാണ്‌ കപ്പ്‌ പൂര്‍ത്തിയാക്കിയത്‌. ലോകകപ്പിന്റെ അതേ മാതൃകയില്‍ വളരെ സൂക്ഷ്‌മതയോടുകൂടിയാണ്‌ കപ്പിന്റെ നിര്‍മാണം നടത്തിയതെന്ന്‌ അതിന്‌ നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദിവസങ്ങളോളം പഠനം നടത്തുകയും ഇതിന്റെ ഒട്ടേറെ ചിത്രങ്ങള്‍ ശേഖരിച്ച്‌ സൂക്ഷ്‌മഭാഗങ്ങള്‍ പോലും നിരീക്ഷിക്കുകയും ചെയ്‌തു. ഇത്തരം സങ്കീര്‍ണമായ ജോലികള്‍ വളരെ ഭംഗിയോടെ നിര്‍വ്വഹിക്കാന്‍ കുമയ്‌ എന്ന മരമാണ്‌ നല്ലതെന്നും അതുകൊണ്ട്‌ തന്നെയാണ്‌ കപ്പ്‌ നിര്‍മാണത്തിനായി ഈ മരം തെരഞ്ഞെടുത്തതെന്നും അവര്‍ പറയുന്നു.ഒറ്റത്തടിയിലാണ്‌ കപ്പ്‌ നിര്‍മിച്ചിട്ടുള്ളത്‌. 21 ഇഞ്ച്‌ ഉയരം കപ്പിനുണ്ട്‌. ലോകകപ്പുമായി നൂറ്‌ ശതമാനം സാമ്യമുണ്ടെന്ന്‌ അവകാശപ്പെടുന്നില്ലെങ്കിലും വളരെ സൂക്ഷ്‌മമായ ചില വ്യത്യാസങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവത്രേ. ലോകകപ്പ്‌ കണ്ടവരാരും ഇവിടെയില്ല. ഞങ്ങളും കണ്ടിട്ടില്ല. പിന്നീട്‌ ആശ്രയിക്കാനുള്ളത്‌ ചിത്രങ്ങള്‍ മാത്രമാണ്‌. -സംഘാടകര്‍ പറയുന്നു. ജൂണ്‍ 11ന്‌ തുടങ്ങി ജൂലൈ 11നാണ്‌ ലോകകപ്പ്‌ ഫുട്‌ബോള്‍ അവസാനിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ കപ്പ്‌ നിര്‍മാണത്തിലും ഒരു 11 വേണമെന്ന്‌ നിര്‍ബന്ധം. അതുകൊണ്ടാണ്‌ രണ്ട്‌ മാസവും 11 ദിവസവും കൊണ്ട്‌ കപ്പ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. നൈനാം വളപ്പ്‌ ഫുട്‌ബോള്‍ ഫാന്‍സ്‌ അസോസിയേഷന്റെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കപ്പ്‌ കാണാന്‍ പരിസര പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെത്തുന്നു.

സ്‌പെയിനോ ഹോളണ്ടോ?

പരാജയമറിയാതെ വന്ന നെതര്‍ലാന്റ്‌സോ, അതോ അണമുറിയാത്ത പാസുകളിലൂടെ ഗ്രൗണ്ടില്‍ കവിത രചിക്കുന്ന സ്‌പെയിനോ? ഓറഞ്ചോ അതോ ചുവപ്പോ? ലോകം മിഴിയടക്കാതെ നോക്കിനില്‍ക്കവെ ഇന്ന്‌ രാത്രി 9.30 ന്‌ ജോഹന്നസ്‌ബര്‍ഗിലെ സോക്കര്‍ സ്റ്റേഡിയത്തില്‍ ലോകകപ്പ്‌ ഫുട്‌ബോളിന്റെ കലാശപ്പോരാട്ടത്തിന്‌ പന്തുരുണ്ടു തുടങ്ങും. ആരു ജയിച്ചാലും ലോകകപ്പ്‌ ട്രോഫിയില്‍ അത്‌ പുതിയ പേരാവും. 1974 ലും 1978 ലും ഫൈനല്‍ കളിച്ചെങ്കിലും ഡച്ചുകാര്‍ക്ക്‌ ഇതുവരെ കിരീടമുയര്‍ത്താനായിട്ടില്ല. സ്‌പെയിനാവട്ടെ ലോകകപ്പ്‌ ഫൈനലിലെത്തുന്നത്‌ ഇത്‌ ആദ്യം. ഓറഞ്ച്‌ പടയാണ്‌ ജയിക്കുന്നതെങ്കില്‍ എല്ലാ മത്സരവും ജയിച്ച്‌ ലോകകപ്പ്‌ നേടുന്ന രണ്ടാമത്തെ ടീമാവും അവര്‍. എക്കാലത്തെയും മികച്ച ടീമെന്നു കരുതുന്ന 1970 ലെ പെലെയുടെ ബ്രസീലിന്‌ മാത്രം സാധിച്ച നേട്ടം. സ്‌പെയിനാണ്‌ ജയിക്കുന്നതെങ്കില്‍, ആദ്യ കളി തോറ്റിട്ടും കിരീടവുമായി മടങ്ങുന്ന പ്രഥമ ടീമാവും അവര്‍. സ്വിറ്റ്‌സര്‍ലന്റിനോട്‌ തോറ്റാണ്‌ സ്‌പെയിന്‍ ഇത്തവണ പടയോട്ടം തുടങ്ങിയത്‌

2010, ജൂലൈ 10, ശനിയാഴ്‌ച

ഒരച്ഛന്‌ 622 മക്കള്‍

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ മറ്റൊരത്ഭുതം കൂടി. മഞ്ചേശ്വരം ബ്ലോക്കില്‍ പെടുന്ന പൈവളിഗ ഗ്രാമപഞ്ചായത്തിലെ 12ാം വാര്‍ഡ്‌ പെര്‍മുദെയില്‍ ഭാഗം രണ്ടിലെ വോട്ടര്‍ ലിസ്റ്റില്‍ ഒന്ന്‌ മുതല്‍ 622 ക്രമനമ്പറുകാര്‍ക്ക്‌ അച്ഛനൊന്ന്‌. പേര്‌ മുഹമ്മദ്‌. ക്രമനമ്പര്‍ ഒന്നും വീട്ടുനമ്പര്‍ 304 മുള്ള 71കാരനായ അബ്ദുള്ളയുടെ പിതാവായിട്ടാണ്‌ മുഹമ്മദ്‌ പ്രത്യക്ഷനാവുന്നത്‌. ക്രമനമ്പര്‍ 15ലുള്ള വീട്ടുനമ്പര്‍ 305ലെ താഹിറയെന്ന 21കാരിയുടെ പിതാവും മുഹമ്മദ്‌ തന്നെ. ക്രമനനമ്പര്‍ 100, 101 ഉള്ള 320 വീട്ടുനമ്പറില്‍ താമസിക്കുന്ന ബാബുവിന്റെയും ഭാര്യ ബേബിയുടെയും അച്ഛനും മുഹമ്മദ്‌. 468 വീട്ടുനമ്പറില്‍ വ്യത്യസ്‌ത ജാതിക്കാരായ ഏഴു പേരാണ്‌ ഉള്ളത്‌. ഏഴാളുടോയും അച്ഛനും മുഹമ്മദ്‌ തന്നെ. ഒരു വീട്ടില്‍ താമസിക്കുന്ന ഭാര്യയുടെയും ഭര്‍ത്താവിന്റെയും പേരുകള്‍ മാറിയിട്ടും അച്ഛന്റെ പേര്‍ മാറയില്ല. 302ാം ക്രമനമ്പറില്‍ 463 വീട്ടുനമ്പറിലുള്ള മുഹമ്മദ്‌ അബ്ദുള്ളയുടെ പ്രായം 79 ആണ്‌. അദ്ദേഹത്തിന്റെ പിതാവോ അതും മുഹമ്മദ്‌ തന്നെ.

സുനിത വീണ്ടും ബഹിരാകാശത്തേക്ക്‌

ഇന്ത്യന്‍ ബഹിരാകാശ യാത്രിക സുനിത വില്യംസ്‌ വീണ്ടും ബഹിരാകാശ യാത്രക്കൊരുങ്ങുന്നു. ബഹിരാകാശ പേടകമായ സോയൂസ്‌ 31 ല്‍ 2012 ജൂണിലായിരിക്കും സുനിതയുടെ അടുത്ത യാത്ര. റഷ്യക്കാരനായ യൂറി മലെന്‍ചെങ്കോ, ജപ്പാനില്‍ നിന്നുള്ള അകിഹികോ ഹോഷിതെ എന്നിവരാണ്‌ സുനിതയുടെ സഹയാത്രികര്‍.അന്താരാഷ്‌ട്ര ബഹിരാകാശ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങളുടെ കമാണ്ടര്‍ പദവി 2012 ഒക്‌ടോബറോടെ 44 കാരിയായ സുനിതക്ക്‌ ലഭിക്കുമെന്ന്‌ നാസ വ്യക്തമാക്കി.ഗുജറാത്ത്‌ സ്വദേശികളായ ദമ്പതികള്‍ക്ക്‌ അമേരിക്കയില്‍ ജനിച്ച സുനിതയെ 1998 ലാണ്‌ നാസ ബഹിരാകാശ യാത്രാ പദ്ധതികള്‍ക്ക്‌ തെരഞ്ഞെടുത്തത്‌. ഒറ്റയടിക്ക്‌ ഏറ്റവും കൂടുതല്‍ നാള്‍ ബഹിരാകാശത്ത്‌ കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയാണ്‌ സുനിത വില്യംസ്‌. 2006 ഡിസംബര്‍ 9 മുതല്‍ 2007 ജൂണ്‍ 22 വരെ 195 ദിവസം സുനിത ബഹിരാകാശത്ത്‌ കഴിഞ്ഞു. അവര്‍ നാലു തവണ ബഹിരാകാശത്ത്‌ നടന്നിട്ടുണ്ട്‌. ഇതിന്റെ പേരിലും സുനിതയുടെ പേരില്‍ മറ്റൊരു റെക്കോര്‍ഡു കൂടിയുണ്ട്‌. നാലുതവണയായി 29 മണിക്കൂറും 17 മിനിറ്റും അവര്‍ ബഹിരാകാശത്ത്‌ നടന്നു.

ഇനി മുഖം മാറ്റിവെക്കാം

കണ്‍പോളകളും കണ്ണീര്‍നാളങ്ങളുമുള്‍പ്പെടെ പൂര്‍ണമായും മനുഷ്യ മുഖം മാറ്റിവെക്കാം. ഫ്രാന്‍സിലെ ക്രെറ്റീലുള്ള ഹെന്റി മൊണ്ടോര്‍ ആശുപത്രിയില്‍ കഴിഞ്ഞ മാസം 27നാണ്‌ ലോകത്തെ ആദ്യ പൂര്‍ണ മുഖം മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ. വിജയകരമായി നടന്നത്‌. മുഖത്തിന്റെ പല ഭാഗങ്ങളും ശസ്‌ത്രക്രിയയിലൂടെ മുമ്പ്‌ മാറ്റിവെച്ചിട്ടുണ്ടെങ്കിലും താടിയും മൂക്കും കവിളെല്ലുകളും മാംസപേശികളുമുള്‍പ്പെടെ പൂര്‍ണമായി മാറ്റി പുതിയ മുഖം നല്‍കുന്നത്‌ ആദ്യമായാെണന്ന്‌ ശസ്‌ത്രക്രിയക്ക്‌ നേതൃത്വം നല്‍കിയ ഡോ. ലോറന്റ്‌ ലാന്റിയെരി പറഞ്ഞു.
ന്യൂറോ ഫൈബ്രോമറ്റോസിസ്‌ എന്ന ജനിതക രോഗം ബാധിച്ച 35-കാരനായ ജെറോമിനാണ്‌ 12 മണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയയിലൂടെ ലാന്റിയെരിയുടെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാര്‍ പുതിയ മുഖം നല്‍കിയത്‌. മരിച്ച ഒരാളുടെ മുഖമെടുത്താണ്‌ മാറ്റിവെക്കല്‍ ശസ്‌ത്രക്രിയ നടത്തിയത്‌. ശസ്‌ത്രക്രിയക്കു ശേഷം ജെറോം സുഖമായി ഇരിക്കുന്നതായി ഡോ. ലോറന്റ്‌ ലാന്റിയെരി പറഞ്ഞു. നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ജെറോമിന്റെ ആരോഗ്യനില പൂര്‍ണമായും സാധാരണ നിലയിലാണ്‌. പുതുതായി പിടിപ്പിച്ച മുഖത്ത്‌ താടിരോമങ്ങള്‍ കിളിര്‍ത്തു തുടങ്ങിയതായും ലാന്റിയെരി ചൂണ്ടിക്കാട്ടി.
ലോകത്തെ ആദ്യത്തെ മുഖംമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ 2005 ലായിരുന്നു. വളര്‍ത്തു നായ കടിച്ചു പറിച്ച ഇലമെബെന്‍ ഡിനോയിറെ എന്ന സ്‌ത്രീയുടെ മുഖത്തിന്റെ ഒരു ഭാഗമാണ്‌ ഫ്രഞ്ച്‌ ഡോക്‌ടര്‍മാര്‍ അന്ന്‌ ശസ്‌ത്രക്രിയയിലൂടെ മാറ്റിവെച്ചത്‌.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

അവള്‍ അവളല്ല

കാറില്‍ നിന്ന്‌ ഇറങ്ങിയോടിയ സ്‌ത്രീകളില്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി. പോലീസെത്തി പരിശോധിച്ചപ്പോള്‍ അവളല്ലെന്നും സാക്ഷാല്‍ അവനാണെന്നും മനസ്സിലായി. കുറ്റിയാടിയിലാണ്‌ സംഭവം. അപകടത്തില്‍ കുടുങ്ങിയ കാറില്‍നിന്നാണ്‌ വ്യാജന്‍മാര്‍ ഇറങ്ങിയോടിയത്‌.ഇന്നലെ സന്ധ്യയോടെ കുറ്റിയാടി ആശുപത്രിക്കടുത്തുവെച്ചാണ്‌ സംഭവം. കാര്‍ അപകടത്തിലായതുകണ്ട്‌ നാട്ടുകാര്‍ ഓടികൂടിയപ്പോള്‍ കാറില്‍നിന്ന്‌ രണ്ട്‌ സ്‌ത്രീകള്‍ ഇറങ്ങിയോടി. സംശയം തോന്നിയ നാട്ടുകാര്‍ പിന്തുടര്‍ന്ന്‌ അതിലൊരാളെ വളഞ്ഞുവെച്ചു പോലീസില്‍ അറിയിച്ചു. പോലീസെത്തിയപ്പോഴാണ്‌ സ്‌ത്രീ സ്‌ത്രീയല്ലെന്നും സാക്ഷാല്‍ പുരുഷനാണെന്നും മനസ്സിലായത്‌. പുരുഷ വസ്‌ത്രത്തിന്‌ മുകളില്‍ മാക്‌സി ധരിക്കുകയായിരുന്നു. എന്തിനാണ്‌ വേഷം മാറിയതെന്ന്‌ മനസ്സിലായിട്ടില്ലെന്നും നന്നായി മദ്യപിച്ചിരുന്നതായും പോലീസ്‌ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തിവരുന്നു. ഇവര്‍ വയനാട്‌ ഭാഗത്തുനിന്നാണ്‌ ‍ വന്നതെന്ന്‌ കുറ്റിയാടി പോലീസ്‌ പറഞ്ഞു.

നീരാളിസ്വാമി അഥവാ `പോള്‍ മാജിക്‌'


ആരാണ്‌ കേമന്‍? വെറുമൊരു നീരാളിയോ. കാര്യമെന്തായാലും പോള്‍ എന്ന നീരാളി ഈ ലോകകപ്പോടെ ലോകപ്രശസ്‌തനായിരിക്കുകയാണ്‌. ജര്‍മനിയിലെ ഒരു മ്യൂസിയത്തില്‍ കഴിയുന്ന നീരാളി വിജയികളെ കൃത്യമായി പ്രവചിച്ചുകൊണ്ട്‌രി‍ക്കുന്നു. ജര്‍മനി കളിച്ച ആറ്‌ മത്സരങ്ങളുടെയും ഫലം പോള്‍ കൃത്യമായി പ്രവചിച്ചു. അക്വേറിയത്തില്‍ സൂക്ഷിച്ചിട്ടുള്ള നീരാളിക്ക്‌ രണ്ട്‌ പെട്ടികളില്‍ ഭക്ഷണം നല്‍കിക്കൊണ്ടാണ്‌ സംഘാടകര്‍ പ്രവചനം സാധ്യമാക്കിയത്‌. പെട്ടികളില്‍ ഒന്നില്‍ ജര്‍മനിയുടെയും മറ്റേതില്‍ എതിര്‍ ടീമിന്റെയും പതാകകള്‍ പതിച്ചിട്ടുണ്ടാവും. പോള്‍ ഏത്‌ പെട്ടി തുറന്നാണോ ഭക്ഷണം അകത്താക്കുന്നത്‌, ആ ടീം ജയിക്കും. ഏറ്റവുമൊടുവില്‍ ജര്‍മനിയും സ്‌പെയിനും സെമിയിലെത്തിയപ്പോള്‍, പോള്‍ തുറന്നത്‌ സ്‌പെയിനിന്റെ പെട്ടിയായിരുന്നു. സ്‌പെയിന്‍ ജയിച്ചു. ഇതിനുമുമ്പ്‌ ഓസ്‌ട്രേലിയ, ഘാന, ഇംഗ്ലണ്ട്‌, അര്‍ജന്റീന എന്നിവരെ ജര്‍മനി നേരിട്ടപ്പോള്‍ പോള്‍ തുറന്നത്‌ ജര്‍മന്‍ പെട്ടിയായിരുന്നു. ജര്‍മനി ജയിക്കുകയും ചെയ്‌തു. സെര്‍ബിയയുടെ പെട്ടി തുറന്നപ്പോള്‍ ജര്‍മനി സെര്‍ബിയയോട്‌ തോറ്റു. പോളിന്റെ പ്രവചനം ജര്‍മന്‍ ചാനലില്‍ തല്‍സമയം ആഘോഷിച്ചിരുന്നു.ശനിയാഴ്‌ച ജര്‍മനിയും ഉറുഗ്വായ്‌യും തമ്മില്‍ നടക്കുന്ന ലൂസേഴ്‌സ്‌ ഫൈനലിന്റെ പ്രവചനവും ഞായറാഴ്‌ചത്തെ സ്‌പെയിന്‍-ഹോളണ്ട്‌ ഫൈനല്‍ പ്രവചനവും സംഘാടകര്‍ ഇന്ന്‌ സംഘടിപ്പിച്ചു. അതിന്റെ ഫലവും പുറത്തുവന്നു, ഫൈനലില്‍ സ്‌പെയിനും ലൂസേഴ്‌സ്‌ ഫൈനലില്‍ ജര്‍മനിയും വിജയിക്കുമത്രേ. കാത്തിരുന്നു കാണാം.

2010, ജൂലൈ 8, വ്യാഴാഴ്‌ച

കോടിപതിയാക്കാന്‍ വീണ്ടും ബിഗ്‌ബി

ഏറെ പ്രചാരമുള്ള റിയാലിറ്റി ഷോയായ കോന്‍ ബനേഗാ ക്രോര്‍പതിയുടെ അവതാരകനായി അമിതാഭ്‌ ബച്ചന്‍ വീണ്ടും അരങ്ങത്ത്‌. ഷോയുടെ നാലാം ഭാഗമാണ്‌ ബിഗ്‌ ബി വീണ്ടും അവതരിപ്പിക്കുന്നത്‌. മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിതാഭ്‌ ബച്ചന്‍ തന്നെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. പരിപാടിയുടെ മൂന്നാം ഭാഗം അവതരിപ്പിച്ചത്‌ ഷാരൂഖ്‌ ഖാനായിരുന്നു. ഒക്‌ടോബറോടെ ഷോ നമുക്കു മുമ്പിലെത്തും.

പുയോള്‍.....

89 തവണ സ്‌പെയിന്റെ ജഴ്‌സിയണിഞ്ഞിട്ടുണ്ട്‌ സെന്റര്‍ ബാക്ക്‌ കാര്‍ലോസ്‌ പുയോള്‍. ഇതുവരെ നേടിയത്‌ വെറും മൂന്ന്‌ ഗോളുകള്‍. പക്ഷെ, ജര്‍മനിക്കെതിരെ ലോകകപ്പ്‌ സെമിയില്‍ നേടിയ നിര്‍ണായക ഗോള്‍ ഈ 32 കാരനെ പൊടുന്നനെ രാജ്യത്തിന്റെ താരമാക്കി. ആദ്യമായി സ്‌പെയിനിനെ ലോകകപ്പ്‌ ഫൈനലിലെത്തിച്ചു ആ ഗോള്‍.കൃത്യമായ പാസുകളും ഡേവിഡ്‌ വിയയുടെ സ്‌കോറിംഗ്‌ വൈഭവവുമായിരുന്നു ലോകകപ്പ്‌ തുടങ്ങിയതുമുതല്‍ ഇതുവരെ. അതിനൊരു മാറ്റം വരുത്തിയിരിക്കുകയാണ്‌ ചുരുളന്‍ മുടിക്കാരന്‍. സാവിയുടെ കോര്‍ണര്‍ അത്ര കൃത്യതയോടെയും ശക്തിയിലുമാണ്‌ പുയോള്‍ ജര്‍മന്‍ വലയിലെത്തിച്ചത്‌.ഒരു പതിറ്റാണ്ടായി പുയോള്‍ സ്‌പാനിഷ്‌ ടീമിലുണ്ട്‌. സ്ഥിരോത്സാഹിയായ പുയോളിനെ സംബന്ധിച്ചിടത്തോളം ഈ ഗോള്‍ അര്‍ഹിക്കുന്നതാണെന്ന്‌ ടീമംഗം യോവാന്‍ കാപ്‌ഡെവില പറയുന്നു. വേണ്ടത്ര പക്വതയുണ്ട്‌ എന്നതാണ്‌ പുയോളിന്റെ ഏറ്റവും വലിയ ഗുണമെന്ന്‌ ബാഴ്‌സയുടെ മുന്‍ താരവും ടെന്നിസ്‌ താരം റഫായേല്‍ നദാലിന്റെ അമ്മാവനുമായ ടോണി നദാല്‍ അഭിപ്രായപ്പെടുന്നു. 73ാം മിനിറ്റില്‍ നേടിയ ഗോളിന്‌ സമാനമായ ശ്രമം പുയോള്‍ ആദ്യ പകുതിയിലും നടത്തിയിരുന്നു, പന്ത്‌ പക്ഷെ പുറത്തുപോയി. വിജയ ഗോള്‍ നേടി എന്നതിനുപുറമെ അപകടകാരികളായ ജര്‍മന്‍ സ്‌ട്രൈക്കര്‍മാരായ മിരോസ്ലാവ്‌ ക്ലോസെ, ലൂകാസ്‌ പൊഡോള്‍സ്‌കി എന്നിവരെ തളക്കാന്‍ നേതൃത്വം നല്‍കിയതും പുയോളായിരുന്നു.

മൊബൈല്‍ ഫോണിനുവേണ്ടി ശസ്‌ത്രക്രിയ


തടവുകാരന്‍ ശരീരത്തില്‍ ഒളിപ്പിച്ച്‌ ജയിലിലേക്ക്‌ കടത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണ്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്‌ തടവുകാരന്‍ ജയില്‍ വകുപ്പധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കിംഗ്‌ ഫഹദ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്‌ത്രക്രിയ നടത്തി മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. ജയിലിലേക്ക്‌ മൊബൈല്‍ ഫോണുകള്‍ കടത്താനുള്ള തടവുകാരുടെ നിരവധി ശ്രമങ്ങള്‍ അടുത്ത കാലത്ത്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്ന്‌ അധികൃതര്‍ പറഞ്ഞു. മാസത്തില്‍ നിശ്ചിത ദിവസം ഭാര്യമാര്‍ക്കൊപ്പം കഴിയാന്‍ തടവുകാരെ അനുവദിക്കാറുണ്ട്‌. ഇത്‌ പ്രയോജനപ്പെടുത്തി തിരിച്ചുവരുമ്പോഴാണ്‌ തടവുകാര്‍ മൊബൈല്‍ ഫോണ്‍ കടത്താന്‍ ശ്രമിക്കുന്നത്‌.

ടൈം മാഗസിന്‍ `വിഡ്‌ഢി'കളോട്‌ ക്ഷമ ചോദിച്ചു

ഇന്ത്യന്‍ വംശജരെ വംശീയമായി അധിക്ഷേപിക്കല്‍ ഇന്നൊരു ഫാഷനായി മാറിയിട്ടുണ്ട്‌. ടൈം മാഗസിനും നടത്തി ഇത്തരമൊരെണ്ണം. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ക്ഷമ ചോദിച്ചു തടിതപ്പുകയും ചെയ്‌തു. അമേരിക്കയിലെ ഇന്ത്യന്‍ വംശജരെക്കുറിച്ച്‌ ജോയല്‍ സ്റ്റെയിന്‍ എഴുതിയ ഹാസ്യ കോളത്തിലായിരുന്നു വിവാദ പരാമര്‍ശം. ടൈം മാഗസിന്‍ മാപ്പു പറയണമെന്ന്‌ ഇന്ത്യന്‍ വംശജര്‍ മുറവിളി കൂട്ടി. എന്റെ സ്വന്തം സ്വകാര്യ ഇന്ത്യ എന്ന പേരില്‍ വന്ന ലേഖനത്തില്‍ ജോയല്‍ പ്രതിപാദിക്കുന്നത്‌ തന്റെ സ്വന്തം നാടായ ന്യൂജേഴ്‌സിയിലെ എഡിസണ്‍ നഗരം ഇന്ത്യന്‍ കുടിയേറ്റക്കാരാല്‍ നിറഞ്ഞതിനെ കുറിച്ചാണ്‌. ഇവിടുത്തെ അഞ്ചില്‍ ഒരു ഭവനം ഇന്ത്യന്‍ വംശജരുടേതാണ്‌.`ഇന്ത്യക്കാര്‍ ബുദ്ധിമാന്‍മാരാണെന്നാണ്‌ കുറച്ചുകാലത്തേക്ക്‌ ഞങ്ങള്‍ വിചാരിച്ചിരുന്നത്‌. എന്നാല്‍ 1980 ഓടെ ഇന്ത്യന്‍ വംശജരായ ഡോക്‌ടര്‍മാരും എന്‍ജിനീയര്‍മാരും അവരുടെ വ്യാപാരികളായ സഹോദരന്‍മാരെ ഇവിടെ കൊണ്ടുവന്നു. 1990 ആയതോടെ അത്ര ബുദ്ധിമാന്‍മാരല്ലാത്ത വ്യാപാരികള്‍ അവരുടെ അത്രതന്നെ ബുദ്ധിതെളിയാത്ത സഹോദരന്‍മാരെ കൊണ്ടുവന്നു. അതോടെ ഞങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി, ഇന്ത്യ എങ്ങനെ ഇത്ര ദരിദ്രമായെന്ന്‌.' ഇതായിരുന്നു ജോയലിന്റെ ലേഖനത്തിലെ വിവാദ പരാമര്‍ശം.

2010, ജൂലൈ 7, ബുധനാഴ്‌ച

അത്ഭുത ഭരണിയുടെ കെണിയില്‍

ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ പൂശിയ വലിയ ഗ്ലാസ്‌ ജാറുകള്‍ അത്ഭുത ഭരണിയെന്ന്‌ വിശ്വസിപ്പിച്ച്‌ തട്ടിപ്പ്‌. വീട്ടില്‍ ഐശ്വര്യവും നിധിയും ലഭിക്കുമെന്ന്‌ പറഞ്ഞാണ്‌ ഗ്ലാസ്‌ ജാറുകള്‍ നല്‍കുന്നത്‌. തൃശൂര്‍ ചുണ്ടല്‍ സ്വദേശി റഹീമില്‍നിന്ന്‌ 10 ലക്ഷം തട്ടിയ ഗുരുവായൂര്‍ സ്വദേശി മണിയന്‍ എന്ന ജയപ്രകാശ്‌, ചൊവ്വന്നൂര്‍ സ്വദേശി മോഹനന്‍ എന്നിവരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. അത്ഭുത സിദ്ധിയുള്ള ഭരണകള്‍ വാങ്ങിവെച്ചാല്‍ വീട്ടില്‍ ഐശ്വര്യവും നിധിയും ലഭിക്കുമെന്ന്‌ പറഞ്ഞാണിവര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചിരുന്നത്‌. ലബോറട്ടറികളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്‌ ജാറുകളില്‍ വെള്ളം നിറച്ച്‌ ഇതില്‍നിന്ന്‌ കുറച്ച്‌ വെള്ളം ഊറ്റിക്കളഞ്ഞ്‌ വീണ്‍ണ്ടും വെള്ളം നിറയുന്നതും കവിഞ്ഞൊഴുകുന്നതും പരിചയക്കാരനായ ജയപ്രകാശും മോഹനനും റഹീമിന്‌ കാണിച്ചുകൊടുത്തു. ഇത്‌ പോലെ ഐശ്വര്യവും സമ്പത്തും വരുമെന്നായിരുന്നു ഇവരുടെ വാഗ്‌ദാനം. ഇത്‌ അദ്‌ഭുതമെന്ന്‌ തെറ്റിദ്ധരിച്ച്‌ റഹീം കുടുങ്ങി. റഹീമിന്റെ വിശ്വാസ്യത നേടിയെടുക്കാന്‍ ഇവര്‍ ഒരു പൈസ പോലും വാങ്ങാതെ ഭരണി റഹീമിന്റെ വീട്ടില്‍ കൊണ്‍ണ്ടുപോയി വെക്കുകയും ചെയ്‌തത്രേ. ഭരണി വീട്ടിലെത്തിയ അന്ന്‌ തന്നെ മൂന്ന്‌ ലക്ഷത്തിന്‌ അത്ഭുത ഭരണി വാങ്ങാന്‍ മറ്റൊരാളെത്തിയപ്പോള്‍ റഹീം അതും വിശ്വസിച്ചു. ഈ ആള്‍ ജയപ്രകാശും മോഹനനും പറഞ്ഞതനുസരിച്ച്‌ വന്നതാണെന്ന്‌ പിന്നീടാണ്‌ റഹീമിന്‌ മനസ്സിലായത്‌. പതിനായിരം രൂപ അഡ്വാന്‍സ്‌ നല്‍കിയാണ്‌ റഹീമിന്റെ വിശ്വാസ്യത അയാള്‍ നേടിയത്‌. ഇത്തരം ഭരണികള്‍ക്ക്‌ മാര്‍ക്കറ്റില്‍ കോടികളാണ്‌ വില മതിക്കുന്നതെന്ന്‌ ഇവര്‍ റഹീമിനെ പറഞ്ഞ്‌ വിശ്വസിപ്പിച്ചിരുന്നു. ലക്ഷങ്ങള്‍ വില കൊടുത്ത്‌ ഭരണി വാങ്ങാന്‍ തീരൂമാനിച്ച റഹീം ഉണ്‍ണ്ടായിരുന്ന സ്ഥലവും ഭാര്യയുടെ സ്വര്‍ണവും വിറ്റ്‌ പത്ത്‌ ലക്ഷം സംഘടിപ്പിച്ച്‌ ഇവര്‍ക്ക്‌ നല്‍കി. 2 ഭരണികളാണ്‌ റഹീം വാങ്ങിച്ചത്‌. നിറഞ്ഞുകവിയുന്ന വെള്ളത്തിനെയും നോക്കി സൗഭാഗ്യം സ്വപ്‌നം കണ്‍ണ്ട്‌ ഏറെ മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു ഭാഗ്യവും വന്നില്ല. തൃശൂരില്‍ ഇത്തരം ഭരണികള്‍ വില്‍ക്കുന്നയാളെ കണ്ടപ്പോള്‍ അതിന്‌ വില ആയിരമേ ഉള്ളൂവെന്നും മനസ്സിലായി. അന്വേഷണത്തില്‍ ഗുരുവായൂര്‍ സ്വദേശി മോഹനന്‍ ഇത്തരം ഭരണികള്‍ സ്ഥിരമായി വാങ്ങാറുണ്ടെണ്‍ന്ന്‌ കച്ചവടക്കാരന്‍ പറഞ്ഞു. ഇതോടെയാണ്‌ തട്ടിപ്പ്‌ റഹീമിന്‌ ബോധ്യപ്പെട്ടത്‌. നല്‍കിയ പണം റഹീം തിരികെ അവരോട്‌ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്ന്‌ പറഞ്ഞപ്പോള്‍ പോലീസിന്‌ പരാതിയും നല്‍കി. ഭരണി വാങ്ങിക്കാനെന്ന വ്യാജേന പോലീസ്‌ എത്തി ഇരുവരേയും പിടികൂടുകയും ചെയ്‌തു. ചോദ്യം ചെയ്യലില്‍ പ്രത്യേക തരം കെമിക്കല്‍ ഉപയോഗിച്ചാണ്‌ വെള്ളം ഓവര്‍ഫ്‌ളോ ചെയ്യുന്നത്‌ കാണിക്കാറുള്ളതെന്ന്‌ ഇവര്‍ സമ്മതിച്ചു. ഇവരില്‍നിന്നും ഇത്തരത്തിലുള്ള മുപ്പതോളം ഭരണികള്‍ പിടിച്ചെടുത്തു.

മഴക്ക്‌ ശക്തിപകരാന്‍ `പെണ്‍കുട്ടി' വരുന്നു

ഏഷ്യയില്‍ പെരുംമഴക്ക്‌ സാധ്യത. മണ്‍സൂണ്‍ കാലത്ത്‌ ശക്തമായ മഴക്ക്‌ വഴിയൊരുക്കുന്ന പ്രതിഭാസം കടലില്‍ രൂപം കൊള്ളുന്നു. ഏഷ്യന്‍ രാജ്യങ്ങളിലും കിഴക്കന്‍ ഓസ്‌ട്രേലിയയിലും ഇത്‌ വരുംമാസങ്ങളില്‍ ശക്തമായ മഴക്ക്‌ കാരണമാകുമെന്ന്‌ ലോക കാലാവസ്ഥാ നിരീക്ഷണ സംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. `ലാ നിന' എന്ന ഈ സമുദ്രാന്തരീക്ഷ പ്രതിഭാസഫലമായി ഇന്ത്യയില്‍ കൂടുതല്‍ മഴക്ക്‌ സാധ്യതയുണ്ടത്രേ.സ്‌പാനിഷ്‌ പദമായ `ലാ നിന'യുടെ അര്‍ഥം പെണ്‍കുട്ടിയെന്നാണ്‌. `എല്‍ നിനോ' പ്രതിഭാസത്തിന്‌ വിരുദ്ധമാണ്‌ `ലാ നിന'.`എല്‍ നിനോ' എന്നാല്‍ ആണ്‍കുട്ടി. ശക്തമായ എല്‍ നിനോയുടെ തുടര്‍ച്ചയാണ്‌ ലാ നിന.2009 അവസാനം പ്രത്യക്ഷപ്പെട്ട എല്‍നിനോ ഘട്ടംഘട്ടമായി ക്ഷയിച്ച്‌ കഴിഞ്ഞ മെയ്‌ മാസത്തോടെ അപ്രത്യക്ഷമായി. അതാണ്‌ ഇപ്പോള്‍ ശാന്തസമുദ്ര തീരത്തെ ഉഷ്‌ണമേഖലാ രാജ്യങ്ങളില്‍ ലാ നിനയുടെ വരവിന്‌ ഇടയാക്കിയത്‌. അറ്റ്‌ലാന്റിക്‌ തീരത്തെ ഉഷ്‌ണമേഖലാ രാജ്യങ്ങളില്‍ ശക്തമായ ചുഴലിക്കാറ്റിനും ലാ നിന കാരണമാകാനും സാധ്യതയുണ്ട്‌.എന്നാല്‍ ലാ നിന എപ്പോള്‍ എത്തുമെന്ന്‌ വ്യക്തമായി പറയാന്‍ കഴിയില്ലെന്ന്‌ ഡബ്ല്യു.എം.ഒ. വക്താവ്‌ രൂപകുമാര്‍ കോഹ്‌ലി പറഞ്ഞു.

സെമന്യ പെണ്ണു തന്നെ

ദക്ഷിണാഫ്രിക്കയുടെ കാസ്റ്റര്‍ സെമന്യക്ക്‌ വനിതാ വിഭാഗത്തില്‍തന്നെ മത്സരിക്കാമെന്ന്‌ മാസങ്ങള്‍ നീണ്ട ശാസ്‌ത്രീയ പരിശോധനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്‍ (ഐ.എ.എ.എഫ്‌) തീരുമാനിച്ചു. പത്തൊമ്പതുകാരി കഴിഞ്ഞ ലോക മീറ്റില്‍ 800 മീ. സ്വര്‍ണം നേടിയ ശേഷമാണ്‌ വിവാദം തുടങ്ങിയത്‌. സ്‌ത്രീ-പുരുഷ ലൈംഗിക സ്വഭാവമുള്ളതിനാല്‍ മെഡല്‍ തിരിച്ചുവാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്‌. വാര്‍ത്ത ദക്ഷിണാഫ്രിക്കയില്‍ കൊടുങ്കാറ്റ്‌ സൃഷ്‌ടിച്ചു. രണ്ടാഴ്‌ചക്കകം നടക്കുന്ന ലോക ജൂനിയര്‍ മീറ്റില്‍ സെമന്യ ട്രാക്കില്‍ തിരിച്ചെത്തും.

2010, ജൂലൈ 6, ചൊവ്വാഴ്ച

ഇറാന്‌ ഇന്ധന വിലക്കും

ആണവ പദ്ധതിയെച്ചൊല്ലിയുള്ള ഉപരോധത്തിന്റെ ഭാഗമായി ഇറാന്‍ യാത്രാവിമാനങ്ങള്‍ക്ക്‌ ചില രാജ്യങ്ങള്‍ ഇന്ധന വിലക്ക്‌ ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്‌. ബ്രിട്ടന്‍, ജര്‍മനി, യു.എ.ഇ എന്നീ രാജ്യങ്ങളാണ്‌ ഇറാന്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ വിസമ്മതിച്ചത്‌. ഇറാനെതിരായി കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിക്കുന്ന നിയമം കഴിഞ്ഞ ആഴ്‌ച യുഎന്‍ പാസാക്കിയതിനുശേഷമാണ്‌ ഈ സ്ഥിതി. എന്നാല്‍ മറ്റ്‌ രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇ ഇന്ധന വിലക്ക്‌ ഏര്‍പ്പെടുത്തിയതിനെതിരെ ഇറാന്‍ നയതന്ത്ര പ്രതിനിധികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്‌.

11 രാജ്യങ്ങള്‍ താണ്ടി ബൈക്കില്‍ ഉംറക്ക്‌

11 അംഗ സംഘം 11 രാജ്യം താണ്ടി മലേഷ്യയിലെ കുലാലംപൂരില്‍നിന്ന്‌ ഉംറ നിര്‍വഹിക്കുന്നതിന്‌ മക്കയിലെത്തി. ബൈക്കുകളില്‍ യാത്ര തിരിച്ച സംഘം 45 ദിവസം കൊണ്ട്‌ 17,800 കിലോമീറ്റര്‍ യാത്ര ചെയ്‌താണ്‌ ജിദ്ദയിലെത്തിയത്‌. നാലു പേരടങ്ങിയ മറ്റൊരു സംഘം ഇവരെ ഫോര്‍വീല്‍ കാറില്‍ അനുഗമിച്ചിരുന്നു. മലേഷ്യന്‍ പ്രധാനമന്ത്രിയാണ്‌ മെയ്‌ 15 ന്‌ യാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തത്‌. ജിദ്ദയില്‍ മലേഷ്യന്‍ കോണ്‍സുല്‍ ജനറല്‍ ഹിദായത്ത്‌ അബ്‌ദുല്‍ ഹമീദ്‌ സ്വീകരിച്ചു. ആദ്യമായാണ്‌ ഉംറ നിര്‍വഹിക്കുന്നതിന്‌ തെക്കുകിഴക്കനേഷ്യയില്‍നിന്ന്‌ ബൈക്ക്‌ മാര്‍ഗം ഒരു സംഘം സാഹസിക യാത്ര നടത്തിയെത്തുന്നതെന്ന്‌ അബ്‌ദുല്‍ ഹമീദ്‌ പറഞ്ഞു. മലേഷ്യയില്‍ ബൈക്ക്‌ യാത്രികരുടെ ക്ലബ്ബായ ഇസ്‌റാഖ്‌ അഡ്വഞ്ചറുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന പ്രൊഫഷനല്‍ ബൈക്ക്‌ യാത്രികനാണ്‌ സംഘനേതാവായ ഹാജി മുഹമ്മദ്‌ അസീര്‍. 70 ലധികം രാജ്യങ്ങളിലൂടെ ഇദ്ദേഹം ബൈക്കില്‍ സഞ്ചരിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ ആത്മീയ യാത്രയില്‍ സംഘാംഗങ്ങളായ മലേഷ്യന്‍ എം.പിയും മതനേതാവും അടക്കം അധികപേരും ആദ്യമായാണ്‌ ഇത്രയുമധികം ദൂരം ബൈക്കില്‍ സഞ്ചരിക്കുന്നത്‌. തായ്‌ലന്റ്‌, ലാവോസ്‌, ചൈന, കിര്‍ഗിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഇറാന്‍, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ്‌ സംഘം സൗദിയിലെത്തിയത്‌. സംഘത്തിലെ മറ്റു അംഗങ്ങള്‍ ഈയാഴ്‌ച മലേഷ്യയിലേക്ക്‌ തിരിച്ചുപോകുമെങ്കിലും ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും യാത്ര തുടരാനാണ്‌ മുഹമ്മദ്‌ അസീറിന്റെ പദ്ധതി.

കടംവാങ്ങിയ സൈക്കിളില്‍ 19 ദേശീയ മെഡല്‍

9 സ്വര്‍ണം, 6 വെള്ളി, 4 വെങ്കലം. ദേശീയതാരം സയോണ കടംവാങ്ങിയ സൈക്കിളില്‍ 5 വര്‍ഷംകൊണ്ട്‌ ചവിട്ടിയെടുത്തത്‌ 19 ദേശീയ മെഡല്‍. സംസ്ഥാന സൈക്ലിങ്‌ ചാമ്പ്യന്‍ഷിപ്പിലെ നേട്ടങ്ങള്‍ വേറെയും.പ്രതികൂല സാഹചര്യങ്ങളോടു പൊരുതിനേടിയ മെഡലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള നല്ല വീടുപോലുമില്ല ഈ താരത്തിന്‌. അമ്മ ഇടുക്കി ഉടുമ്പന്നൂര്‍ പരിയാരം പുത്തന്‍വീട്ടില്‍ ഓമനക്ക്‌ ആകെയുണ്ടായിരുന്ന 11 സെന്റ്‌ സ്ഥലം മകള്‍ക്ക്‌ ഒരു മത്സര സൈക്കിള്‍ വാങ്ങാന്‍ തുച്ഛമായ വിലയ്‌ക്ക്‌ ഓമന വിറ്റു. കിട്ടിയത്‌ 55,000 രൂപ. സൈക്കിള്‍ വാങ്ങാന്‍ തികഞ്ഞില്ല. ബാക്കിയുള്ളത്‌ നാലുസെന്റ്‌ സ്ഥലത്ത്‌ ഒരു കുഞ്ഞുവീട്‌. ഇതിനാകട്ടെ കതകുപോലുമില്ല. ഈ വീടും വില്‍ക്കാനിരിക്കുകയാണ്‌.ഇതും പോയാല്‍ പ്ലാസ്റ്റിക്‌ ഷീറ്റ്‌ മറച്ച, ചോര്‍ന്നൊലിക്കുന്ന, പുറമ്പോക്കിലെ കൂരയിലേക്ക്‌ അമ്മയും രണ്ടു മക്കളും മാറും. കൂലിപ്പണിക്കാരിയായ ഓമന, സൈക്ലിങ്‌ താരങ്ങളായ മകള്‍ സയോണയ്‌ക്കും മകന്‍ സയോണിനും പരിശീലനത്തിലും യാത്രയ്‌ക്കും വേണ്ടി ഇക്കാലമത്രയുമായി കടം വാങ്ങിക്കൂട്ടിയത്‌ 25,000 രൂപ.2004ല്‍ മൂന്നാറില്‍ നടന്ന മൗണ്ടന്‍ സൈക്ലിങ്ങില്‍ സബ്‌ജൂനിയര്‍ വിഭാഗത്തിലെ മൂന്നാംസ്ഥാനത്തോടെ തുടക്കം. 2005ല്‍ സബ്‌ജൂനിയര്‍ വിഭാഗത്തില്‍ ദേശീയതലത്തില്‍ മാസ്‌ സ്റ്റാര്‍ട്ടില്‍ സ്വര്‍ണവും ടൈം ട്രയലില്‍ വെള്ളിയും. 2006ല്‍ പട്യാലയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന്‌ സ്വര്‍ണം. 2007ല്‍ ഹൈദരാബാദ്‌ നാഷണല്‍സില്‍ രണ്ട്‌ വെള്ളി. 2008ല്‍ പോണ്ടിച്ചേരിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട്‌ വെള്ളിയും ഒരു വെങ്കലവും. 2009ല്‍ പട്യാലയില്‍ അന്തര്‍സര്‍വകലാശാലാ മത്സരത്തില്‍ കേരള സര്‍വകലാശാലയ്‌ക്കുവേണ്ടി രണ്ട്‌ സ്വര്‍ണവും രണ്ട്‌ വെള്ളിയും രണ്ട്‌ വെങ്കലവും. അതേവര്‍ഷംതന്നെ ദേശീയ ചാമ്പ്യന്‍ഷിപ്പല്‍ മൂന്ന്‌ സ്വര്‍ണം.തുമ്പ സെന്റ്‌ സേവ്യേഴ്‌സ്‌ കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ സയോണ, ഇപ്പോള്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുള്ള ഇന്ത്യന്‍ ക്യാമ്പിലാണ്‌. ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടാല്‍ നവംബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ്‌ സയോണയിറങ്ങും. പക്ഷേ, അമ്പത്‌ പേരുള്ള ക്യാമ്പില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെട്ടാല്‍മാത്രം പോരാ, സ്വന്തമായി ഒരു സൈക്കിളും വേണം.ഒരുതവണ ദേശീയമത്സരത്തിന്‌ പോകണമെങ്കില്‍ കുറഞ്ഞത്‌ 2000 രൂപയെങ്കിലും വേണം. ഓമനയുടെ വരുമാനം ഒന്നിനും തികയില്ല. കഴുത്തിലും കാതിലുമുണ്ടായിരുന്നതുപോലും വിറ്റുകഴിഞ്ഞു.ഒരു സൈക്കിള്‍, സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരാള്‍, ഒരു ജോലി. . . . കാത്തിരിക്കുകയാണ്‌ സയോണയും കുടുംബവും.

ഭാര്യ സംരക്ഷിക്കട്ടെ

മുതിര്‍ന്ന നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ ജോര്‍ജ്‌ ഫെര്‍ണാണ്ടസിനെ സംരക്ഷിക്കല്‍ തുടരാന്‍ ഭാര്യ ലൈല കബീറിന്‌ ദല്‍ഹി ഹൈക്കോടതി അനുമതി.
19ന്‌ കേസ്‌ വീണ്ടും പരിഗണിക്കുന്നതുവരെ ഫെര്‍ണാണ്ടസിന്റെ താമസം മാറ്റേണ്ടതില്ലെന്ന്‌ ജസ്റ്റിസ്‌ വി. കെ. ഷാലി ഉത്തരവിട്ടു. ദിവസം ഒരു മണിക്കൂര്‍ സഹോദര�ാര്‍ക്ക്‌ ഫെര്‍ണാണ്ടസിനെ കാണാം.
മറവി രോഗം ബാധിച്ച മുന്‍ കേന്ദ്ര മന്ത്രി ഫെര്‍ണാണ്ടസിനെ ഭാര്യ ശരിയായി പരിചരിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി സഹോദര�ാരായ റിച്ചാര്‍ഡും മൈക്കിളും നല്‍കിയ ഹരജിയാണ്‌ കോടതി ഇന്നലെ പരിഗണിച്ചത്‌.
ജഡ്‌ജിയുടെ ചോദ്യങ്ങള്‍ക്ക്‌ ശരിയായി മറുപടി നല്‍കാന്‍ ഫെര്‍ണാണ്ടസിനായില്ല. ചോദ്യങ്ങളോട്‌ പ്രതികരിച്ചുവെങ്കിലും വ്യക്തത ഉണ്ടായിരുന്നില്ല. 80 കാരനായ ഫെര്‍ണാണ്ടസിനോട്‌ ജഡ്‌ജി നേരിട്ട്‌ സംസാരിച്ചതിനുശേഷമാണ്‌ ഉത്തരവ്‌.
ഭാര്യയോടും സഹോദര�ാരോടും ഫെര്‍ണാണ്ടസ്‌ കോടതിയില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഫെര്‍ണാണ്ടസ്‌ തങ്ങളെ തിരിച്ചറിഞ്ഞതായി സഹോദര�ാര്‍ പറഞ്ഞു.
ഫെര്‍ണാണ്ടസിന്റെ താല്‍പര്യമെന്തെന്ന്‌ അറിയണമെന്നും അദ്ദേഹത്തിന്‌ എന്താണ്‌ പറയാനുളളതെന്ന്‌ കേള്‍ക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതനുസരിച്ചാണ്‌ അദ്ദേഹത്തെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്‌.
കഴിഞ്ഞ 25 വര്‍ഷമായി ഫെര്‍ണാണ്ടസിനെ പിരിഞ്ഞിരിക്കുന്ന ലൈല സ്വത്ത്‌ മോഹിച്ചാണ്‌ മടങ്ങി എത്തിയതെന്ന്‌ ഹരജിക്കാര്‍ ആരോപിച്ചിരുന്നു.

2010, ജൂലൈ 5, തിങ്കളാഴ്‌ച

നാറുന്ന സ്വെറ്ററും ജര്‍മന്‍ ജയവും

ജര്‍മന്‍ വിജയ രഹസ്യമെന്ത്‌, കോച്ച്‌ അണിയുന്ന നീല സ്വെറ്ററാണോ?.. ലോകകപ്പില്‍ ജര്‍മനി ജയം തുടരുമ്പോള്‍ കഷ്‌ടം കളിക്കാര്‍ക്കും കോച്ചിംഗ്‌ സ്റ്റാഫിനുമാണ്‌. ടൂര്‍ണമെന്റ്‌ തുടങ്ങിയതു മുതല്‍ ഒരേ നീല സ്വെറ്ററണിഞ്ഞാണ്‌ കോച്ച്‌ ജോക്കിം ലിയോവ്‌ മത്സരങ്ങള്‍ക്കെത്തുന്നത്‌. അത്‌ ഭാഗ്യമാണെന്നതു കണ്ടതോടെ അലക്കല്‍ പോലും നിര്‍ത്തി. താന്‍ അന്ധവിശ്വാസിയല്ലെന്നും കോച്ചിംഗ്‌ സ്റ്റാഫിന്റെ സമ്മര്‍ദം കാരണമാണ്‌ അലക്കാത്ത നീല സ്വെറ്റര്‍ അണിയുന്നതെന്നുമാണ്‌ ലിയോവിന്റെ വാദം. കോച്ച്‌ നീല സ്വെറ്റര്‍ അണിഞ്ഞ മത്സരത്തിലെല്ലാം ജര്‍മനി നാലു ഗോളടിച്ചിട്ടുണ്ട്‌. സ്‌പെയിനിനെതിരായ സെമിയിലും ലിയോവിനെ നീല സ്വെറ്ററില്‍ കാണാം.

`മാനം കാക്കല്‍' കൊല പെരുകുമ്പോള്‍

പ്രതിവര്‍ഷം ആയിരത്തിലധികം മാനം കാക്കല്‍ കൊലപാതകങ്ങള്‍ ഇന്ത്യയില്‍ അരങ്ങേറുന്നുണ്ടെന്ന്‌ നിയമവിദഗ്‌ധര്‍. ഹീനമായ ഈ കുറ്റകൃത്യത്തിനെതിരെ ശക്തമായ നിയമനിര്‍മാണം നടത്തണമെന്നും നിയമവൃത്തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. ചണ്ഡീഗഢുകാരായ അനില്‍ മല്‍ഹോത്രയും സഹോദരന്‍ രഞ്‌ജിത്‌ മല്‍ഹോത്രയുമാണ്‌ സര്‍ക്കാരിനു മാനംകാക്കല്‍ കൊലപാതകങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ്‌ നല്‍കുന്നത്‌. നാം അറിയുന്നതില്‍ കൂടുതലാണ്‌ ഇന്ത്യയില്‍ നടക്കുന്ന മാനംകാക്കല്‍ കൊലപാതകങ്ങള്‍- ഇരുവരും ചൂണ്ടിക്കാട്ടി. ലണ്ടന്‍ മെട്രോപോളിറ്റന്‍ സര്‍വകലാശാലയില്‍ `കുട്ടികളുടെ പ്രശ്‌നങ്ങളും നിര്‍ബന്ധിത വിവാഹവും' ആസ്‌പദമാക്കി നടത്തിയ യോഗത്തിലാണ്‌ മല്‍ഹോത്രമാര്‍ ഇക്കാര്യം പറഞ്ഞത്‌. കുടുംബത്തിന്റെ അഭിമാനം രക്ഷിക്കാനായി ചെയ്യുന്നുവെന്ന്‌ ന്യായീകരിക്കുന്ന ഈ കൊലപാതകങ്ങളെ ഗോത്ര സമൂഹം ന്യായീകരിക്കുകയാണ്‌. നിര്‍ബന്ധിത വിവാഹവും മാനംകാക്കല്‍ കൊലപാതകങ്ങളും ഇന്ത്യയില്‍ വര്‍ധിക്കുന്നു. ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നയാളെ വിവാഹം ചെയ്യാന്‍ വിസമ്മതിക്കുന്നവരാണ്‌ `മാനം കാക്കല്‍' കൊല ഇരകള്‍അതേസമയം, ന്യൂദല്‍ഹിയില്‍ വീണ്ടും മാനംകാക്കല്‍ കൊലപാതകം. ദക്ഷിണ ദല്‍ഹിയിലെ സരോജിനി നഗറില്‍ കഴിഞ്ഞമാസം കൊല്ലപ്പെട്ട കമിതാക്കളുടെ മരണമാണ്‌ മാനംകാക്കല്‍ കൊലപാതകമാണെന്ന്‌ പൊലീസ്‌ വെളിപ്പെടുത്തിയിരിക്കുന്നത്‌. അഞ്‌ജു എന്ന യുവതിയും കാമുകനായിരുന്ന ഉത്തംകുമാറുമായിരുന്നു കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ അഞ്‌ജുവിന്റെ ഭര്‍ത്താവ്‌ കരംബീര്‍ ഉള്‍പ്പെടെ ആറുപേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

വൃദ്ധനോട്‌ ഭാര്യ പിണങ്ങിയാല്‍

കുടുംബ കലഹത്തെ തുടര്‍ന്ന്‌ സൗദി പൗരന്‍ ഭാര്യയുടെ മാതാപിതാക്കളെ വെടിവെച്ചുകൊന്നു. അബഹക്ക്‌ കിഴക്ക്‌ 170 കിലോമീറ്റര്‍ ദൂരെ തുറൈബ്‌ മര്‍കസിലാണ്‌ സംഭവം. ഭാര്യാ വീട്ടിലെത്തിയാണ്‌ 70 കാരന്‍ കൊലപാതകം നടത്തിയത്‌. പ്രതി നടത്തിയ വെടിവെപ്പില്‍ ഭാര്യക്കും ഇവരുടെ സഹോദരനും സഹോദര പുത്രിക്കും പരിക്കേറ്റു. ഗുരുതരാവസ്ഥയിലുള്ള ഇവരെ തുറൈബ്‌ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിരസ്സിനും നെഞ്ചിനും വെടിയേറ്റ സൗദി പൗരനും ഭാര്യയും ആംബുലന്‍സില്‍ ഖമീസ്‌ മുഷൈത്ത്‌ സിവില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ മരിച്ചത്‌. വെടിവെക്കാനുപയോഗിച്ച തോക്ക്‌ പ്രതിയുടെ പക്കല്‍നിന്ന്‌ പിടിച്ചെടുത്തതായി അസീര്‍ പോലീസ്‌ വക്താവ്‌ കേണല്‍ അബ്‌ദുല്ല അല്‍ഖര്‍നി അറിയിച്ചു. കുടുംബ കലഹത്തെ തുടര്‍ന്ന്‌ പ്രതിയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക്‌ പിണങ്ങിപ്പോയിരുന്നു. ഭാര്യയെ കൂട്ടിക്കൊണ്ടുപോകാനാണ്‌ പ്രതി കഴിഞ്ഞ ദിവസം ഭാര്യാ വീട്ടിലെത്തിയത്‌. എന്നാല്‍ ഇയാള്‍ക്കൊപ്പം മകളെ പറഞ്ഞയക്കാന്‍ മാതാപിതാക്കള്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായാണ്‌ പ്രതി ഭാര്യാ വീട്ടുകാര്‍ക്കുനേരെ നിറയൊഴിച്ചത്‌.

പ്രധാനമന്ത്രിയും `മായ' വലയത്തില്‍

പ്രധാനമന്ത്രിക്ക്‌ വിളമ്പിയത്‌ മായം ചേര്‍ത്ത ഭക്ഷണം. കാണ്‍പൂര്‍ ഐ.ഐ.ടി സന്ദര്‍ശനത്തിനിടെ ശനിയാഴ്‌ച പ്രധാനമന്ത്രിക്ക്‌ വിളമ്പിയത്‌ മായം ചേര്‍ത്ത ഭക്ഷണമായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌. ആദ്യം വിളമ്പിയത്‌ ഭക്ഷ്യയോഗ്യമല്ലെന്ന്‌ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ മാറ്റിനല്‍കുകയായിരുന്നു. പ്രധാനമന്ത്രിക്കായി പ്രത്യേകം തയാറാക്കിയ തുവരപ്പരിപ്പ്‌ ഉപയോഗിച്ചുള്ള കറിയില്‍ നിറം വര്‍ധിപ്പിക്കാനുള്ള രാസവസ്‌തു ചേര്‍ത്തിരുന്നുവത്രേ. കീടബാധ ഉണ്ടായിരുന്ന മത്തങ്ങയാണ്‌ ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു. ഇക്കാര്യം എസ്‌.പി.ജിയെ അറിയിച്ചതിനെത്തുടര്‍ന്ന്‌ ഭക്ഷണം പിന്‍വലിച്ചു. ഭക്ഷ്യവസ്‌തുക്കളില്‍ മായം ചേര്‍ത്ത കുറ്റത്തിന്‌ കേസെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്‌. ഡിലിറ്റ്‌ ബിരുദം സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കാണ്‌ പ്രധാനമന്ത്രി കാണ്‍പൂരിലെത്തിയത്‌.

2010, ജൂലൈ 4, ഞായറാഴ്‌ച

മലപ്പുറത്ത്‌ വ്യാപക കൂറുമാറ്റം

ലോകകപ്പില്‍ രണ്ടു വന്‍ മരങ്ങള്‍ കടപുഴകിയതോടെ മലപ്പുറത്തിന്റെ ആവേശം തണുത്തുറഞ്ഞു. ബ്രസീല്‍ ആദ്യവും പിറകെ അര്‍ജന്റീനയും വീണതോടെ ഇരുകൂട്ടരുടെയും ആരാധകരില്‍ പലര്‍ക്കും ഇനി കളി കാണാന്‍ താല്‍പര്യമില്ലാത്ത അവസ്ഥ. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളായിരുന്നിവ. ബ്രസീലിന്റെ തോല്‍വിയില്‍ അര്‍ജന്റീന പക്ഷക്കാരും അര്‍ജന്റീനയുടെ തോല്‍വിയില്‍ ബ്രസീല്‍ പക്ഷക്കാരും ആഹ്ലാദിച്ചുവെങ്കിലും യഥാര്‍ഥത്തില്‍ ബ്രസീലും അര്‍ജന്റീനയും പെട്ടെന്നു കളിക്കളം വിട്ടത്‌ ഇരു ടീമിന്റെയും ആരാധകരെ വിഷമിപ്പിച്ചു. പരസ്‌പരം വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായെങ്കിലും എല്ലാം ഫുട്‌ബോളിനു വേണ്ടിയായിരുന്നു. പതിവിനു വിപിരീതമായി ഇത്തവണ ബിഗ്‌ സ്‌ക്രീന്‍ ഉപയോഗിച്ചാണ്‌ ഫുട്‌ബോള്‍ ആരാധകര്‍ കൂടുതലും കളികണ്ടത്‌. കാലുകുത്താന്‍ ഇടമില്ലാത്ത രീതിയിലായിരുന്നു ബിഗ്‌ സ്‌ക്രീന്‍വെച്ച ഹാളുകളില്‍ ജനം. മാസങ്ങള്‍ക്കു മുമ്പേ നിരത്തുകളില്‍ ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ സ്ഥാപിച്ചും വാഹനങ്ങളില്‍ ടീമിന്റെ നിറം തേച്ചും ജഴ്‌സികള്‍ ധരിച്ചും ഇവര്‍ ലോകകപ്പ്‌ കൊണ്ടാടി. ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷ വാനോളം ഉയര്‍ന്നു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞു. തോല്‍വിയില്‍ കൂട്ടുകാര്‍ കളിയാക്കുമെന്നു കരുതി ചിലര്‍ വീട്ടില്‍ നിന്നു മുങ്ങി. അര്‍ജന്റീനയും ബ്രസീലും തോറ്റതോടെ ഇരു ടീമിലെയും പ്രധാനതാരങ്ങളുടെ കോലം കത്തിക്കലും കുശാലായി. എന്നാല്‍ യഥാര്‍ഥത്തില്‍ അര്‍ജന്റീനക്കും ബ്രസീലിനും ഇപ്പോള്‍ ആരാധകര്‍ ഇല്ലാത്ത അവസ്ഥയാണ്‌. ജര്‍മനിയുടെയും ഹോളണ്ടിന്റെയും ആരാധകരായി കൂറുമാറിയിരിക്കുകയാണ്‌. ജില്ലയില്‍ ജര്‍മനിക്കും ഹോളണ്ടിനും ആരാധകര്‍ കുറവായിരുന്നു. വരും ദിവസങ്ങളില്‍ ഹോളണ്ടിനും ജര്‍മനിക്കുമായിരിക്കും മലപ്പുറത്തിന്റെ ജയ്‌ വിളികള്‍.

സീക്കൊക്കൊരു പിന്‍ഗാമി

സീക്കൊയെ മറന്നുവോ? വെളുത്ത പെലെയെന്ന്‌ ലോകം വിളിച്ച സീക്കോ. അദ്ദേഹത്തിന്‌ ലോകകപ്പ്‌ എന്നും നഷ്‌ടസ്വപ്‌നമായിരുന്നുവല്ലോ. കക്കയെയും കാത്തിരുന്നത്‌ ആ വിധി തന്നെ. രണ്ടു ലോകകപ്പ്‌ കളിച്ചിട്ടും ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സൗന്ദര്യത്തിന്‌ നിരാശയാണ്‌ ഫലം. തുടര്‍ച്ചയായ രണ്ടാം തവണയാണ്‌ മികച്ച ടീമുമായി വന്നിട്ടും ബ്രസീലിന്‌ ക്വാര്‍ട്ടര്‍ കടക്കാന്‍ സാധിക്കാത്തത്‌്‌. ഭാഗ്യവും കക്കയെ കൈവെടിഞ്ഞു. ഐവറി കോസ്റ്റിനെതിരെയുള്ള കളിയില്‍ അബദ്ധത്തില്‍ കക്ക ചുവപ്പ്‌ കാര്‍ഡ്‌ കണ്ടു. നെതര്‍ലാന്റ്‌സിനെതിരെ മനോഹരമായി അടിച്ച ഷോട്ട്‌ ഗോളി മാര്‍ട്ടിന്‍ സ്റ്റെകെലെന്‍ബര്‍ഗ്‌ അവിശ്വസനീയമായി രക്ഷിച്ചു. അത്‌ ഗോളായിരുന്നെങ്കില്‍ ബ്രസീല്‍ 2-0 ന്‌ മുന്നിലെത്തിയേനേ. പകരം തോല്‍ക്കാനായി വിധി. 2007 ലെ വേള്‍ഡ്‌ പ്ലയര്‍ ഓഫ്‌ ദ ഇയറിന്‌ തന്റെ ഫോം ഈ ലോകകപ്പില്‍ ആവര്‍ത്തിക്കാനായില്ല, മികവിന്റെ ഏതാനും മിന്നലാട്ടങ്ങളൊഴിച്ചാല്‍. സീക്കോയില്‍നിന്ന്‌ വ്യത്യസ്‌തമായി കക്കക്ക്‌ സൂക്ഷിക്കാന്‍ ഒരു ലോകകപ്പ്‌ മെഡല്‍ ഉണ്ട്‌. 2002 ലെ ലോകകപ്പില്‍ കോസ്റ്ററീക്കക്കെതിരായ ഗ്രൂപ്പ്‌ മത്സരത്തില്‍ പകരക്കാരനായി വെറും 20 മിനിറ്റേ കളിച്ചുള്ളൂവെങ്കിലും അത്തവണ ബ്രസീലായിരുന്നു ചാമ്പ്യ�ാര്‍. 2014 ല്‍ ബ്രസീലിയന്‍ മണ്ണില്‍ ലോകകപ്പ്‌ നടക്കുമ്പോള്‍ ടീമില്‍ കക്കയുണ്ടാവുമോ?

54 കാരിയെ 28 കാരന്‍ മൊഴി ചൊല്ലി

ഗര്‍ഭപാത്രം വാടകക്കെടുത്തുള്ള കുഞ്ഞിനെച്ചൊല്ലിയ പ്രശ്‌നത്തില്‍ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിന്റെ മകന്‍ ഉമര്‍ ബിന്‍ ലാദിന്‍ രണ്ടാം ഭാര്യയായ സൈന അല്‍സബാഹിനെ മൊഴി ചൊല്ലി. ഭാര്യയുമായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നതയുണ്ടായിരുന്നുവെന്ന്‌ ഉമര്‍ പറയുന്നു. ഗര്‍ഭപാത്രം വാടകക്കെടുത്തുള്ള കുഞ്ഞിനെ വേണമെന്നതായിരുന്നു സൈനയുടെ നിലപാട്‌. എന്നാല്‍ താന്‍ ഇതിന്‌ എതിരാണ്‌. സൈനയുമായി സൗഹൃദം തുടരുമെന്ന്‌ ഇപ്പോള്‍ ഖത്തറില്‍ കഴിയുന്ന ഉമര്‍ പറഞ്ഞു. സൈനയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന്‌ ഉറപ്പായതിനെതുടര്‍ന്ന്‌ മാതാവിന്റെ നിര്‍ദേശപ്രകാരമാണ്‌ അമ്പത്തിനാലുകാരിയെ മൊഴി ചൊല്ലിയതെന്ന്‌ 28 കാരനായ ഉമര്‍ പറഞ്ഞു. ബ്രിട്ടനിലെ ചെഷയറുകാരിയായ ജേയ്‌ന്‍ ഫെലിക്‌സ്‌ ബ്രൗണാണ്‌ പിന്നീട്‌ സൈനയായി ഉമറിന്റെ ഭാര്യയായത്‌. 2007 ഏപ്രിലിലായിരുന്നു ഇവരുടെ വിവാഹം. 2006 സെപ്‌റ്റംബറില്‍ ഈജിപ്‌തിലെ പിരമിഡ്‌ സന്ദര്‍ശന വേളയിലാണ്‌ ഇരുവരും പ്രണയബദ്ധരായത്‌. ഉമറിനെ വിവാഹം കഴിക്കുന്നതിനു മുമ്പ്‌ ഫെലിക്‌സ്‌ അഞ്ച്‌ തവണ വിവാഹിതയായിട്ടുണ്ട്‌. മാതാപിതാക്കളിലൊരാള്‍ മുസ്‌ലിമായിരുന്നതിനാല്‍ ഉമറുമായി വിവാഹത്തിനു മുമ്പേ സൈന എന്ന പേര്‌ ഇവര്‍ സ്വീകരിച്ചിരുന്നത്രേ.

2010, ജൂലൈ 3, ശനിയാഴ്‌ച

`ദൈവത്തിന്റെ കൈ'ക്കും പിഴ


ഡിയേഗൊ മറഡോണ ദൈവത്തിന്റെ കൈ കൊണ്ട്‌ ഗോളടിച്ചുവെങ്കില്‍ ഉറുഗ്വായ്‌ക്കാരന്‍ ലൂയിസ്‌ സോറസ്‌ കൈ കൊണ്ട്‌ ഗോള്‍ തടയുകയായിരുന്നു. അതിനു സ്‌ട്രൈക്കര്‍ കനത്ത വില നല്‍കേണ്ടിവരും. ടൂര്‍ണമെന്റില്‍ ഇതുവരെ മൂന്നു ഗോളടിച്ച സോറസിന്‌ ഉറുഗ്വായ്‌ ഫൈനലിലെത്തിയാലും കളിക്കാന്‍ കഴിയണമെന്നില്ല. `എനിക്കറിയാം ഇത്‌ എന്റെ ലോകകപ്പിന്റെ അന്ത്യമാണെന്ന്‌. പക്ഷെ മറ്റൊരു വഴിയില്ലായിരുന്നു. അതിന്റെ പേരില്‍ മനഃസാക്ഷിക്കുത്തുമില്ല. ഇനി എന്റേതാണ്‌ യഥാര്‍ഥ ദൈവത്തിന്റെ കൈ' -സോറസ്‌ പറഞ്ഞു. ചുവപ്പ്‌ കാര്‍ഡ്‌ കിട്ടിയാല്‍ സാധാരണഗതിയില്‍ ഒരു കളിയിലാണ്‌ സസ്‌പെന്‍ഷന്‍. എന്നാല്‍ ഫിഫ ടെക്‌നിക്കല്‍ കമ്മിറ്റിക്ക്‌ വിലക്ക്‌ നീട്ടാം. സോറസിന്‌ ഒന്നിലധികം കളികളില്‍ വിലക്കു കിട്ടുമെന്ന്‌ ഉറപ്പാണ്‌. എങ്കില്‍ സെമിക്കു പുറമെ ഫൈനലോ ലൂസേഴ്‌സ്‌ ഫൈനലോ സ്‌ട്രൈക്കര്‍ക്കു കളിക്കാനാവില്ല. ഡിയേഗൊ ഫോര്‍ലാന്‍- സോറസ്‌ കൂട്ടുകെട്ടാണ്‌ ഉറുഗ്വായ്‌ ആക്രമണത്തിന്റെ കരുത്ത്‌. സോറസിന്റെത്‌ വഞ്ചനയാണെന്ന വാദം ഉറുഗ്വായ്‌ കോച്ച്‌ ഓസ്‌കാര്‍ തബാരിസ്‌ തള്ളിക്കളഞ്ഞു. ആ സന്ദര്‍ഭത്തില്‍ ആരും ചെയ്‌തു പോവുന്ന തെറ്റാണ്‌ അത്‌. അതിന്‌ സോറസിന്‌ ശിക്ഷ കിട്ടി -കോച്ച്‌ പറഞ്ഞു.

അലീസയിനി തീവ്രവാദിയല്ല

അലീസയെ ഓര്‍മയില്ലേ? അമേരിക്ക ഭീകര പട്ടികയില്‍ പെടുത്തി `ഫ്‌ളൈ' മുടക്കിയ ആക്കിയ മലയാളി ബാലികയെ. അവളുടെ പേര്‍ വിമാനയാത്ര വിലക്കുന്നതിനുള്ള `നോ ഫ്‌ളൈ' പട്ടികയില്‍നിന്ന്‌ യു.എസ്‌ അധികൃതര്‍ നീക്കി. ഒഹായോയിലെ വെസ്‌റ്റ്‌ലേക്കില്‍ താമസിക്കുന്ന ഡോ. സന്തോഷ്‌ തോമസിന്റെ മകളാണ്‌ ആറുവയസ്സുകാരി അലീസ. ബാലികക്ക്‌ വിമാനയാത്ര നിഷേധിച്ചത്‌ വന്‍ വാര്‍ത്തയാവുകയും വിവാദങ്ങള്‍ക്കിടയാക്കുകയും ചെയ്‌തിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗമായ ഡെന്നിസ്‌ കുസിനിച്ചിന്റെ ഇടപെടലിനെത്തുടര്‍ന്നാണ്‌ അലീസയുടെ പേര്‌ പട്ടികയില്‍നിന്ന്‌ മാറ്റാന്‍ അധികൃതര്‍ തയ്യാറായത്‌. അലീസയുടെ കഥ `ഫോക്‌സ്‌' വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്‌തിരുന്നു. ചാനല്‍ അധികൃതരാണ്‌ വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്‌.ആറു വയസ്സുകാരിയുടെ പേര്‌ എങ്ങനെ `നോ ഫ്‌ളൈ' പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന്‌ വിശദീകരിക്കാന്‍ യു.എസ്‌ ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. മകള്‍ തീവ്രവാദി അല്ലാതായതില്‍ സന്തോഷിക്കുകയാണ്‌ ഡോ. സന്തോഷും കുടുംബവും.

മീശ മുളക്കും മുമ്പേ...

മീശ മുളച്ചില്ല, കയ്യിരിപ്പ്‌ അതിഭീകരം. 14 കാരിയെ ബലാത്സംഗം ചെയ്‌തതിന്‌ 12 വയസ്സുകാരനും അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതിന്‌ 14, 12 വയസ്സുകാരും പിടിയിലാവുക. ആലോചിക്കാനേ ആവുന്നില്ല, അല്ലേ?. എന്നാല്‍ ഇന്ത്യയില്‍ തന്നെയാണ്‌ രണ്ടു സംഭവങ്ങളും. 14 -കാരിയെ ബലാത്സംഗം ചെയ്‌തതിന്‌ 12 വയസ്സുകാരന്‍ ന്യൂദല്‍ഹിയിലാണ്‌ തടവിലായത്‌. തിലക്‌ മാര്‍ഗില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിലാണ്‌ സംഭവം. കുട്ടിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌ത ജുവൈനല്‍ ഹോമിലേക്കയച്ചു. കഴിഞ്ഞ 29-ന്‌ എട്ട്‌ മണി മുതല്‍ പത്തര വരെ മകളെ കാണാനില്ലായിരുന്നുവെന്നും തിരിച്ചുവന്ന മകള്‍ ഭീതിയില്‍ ആദ്യം ഒന്നും പറഞ്ഞില്ലെന്നും പിന്നീടാണ്‌ സംഭവം പറഞ്ഞതെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. രണ്ടാമത്തെ സംഭവം കൊല്‍ക്കത്തയിലാണ്‌ നടന്നത്‌്‌. ഇവിടെ അഞ്ച്‌ വയസ്സുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതിന്‌ 14, 12 വയസ്സുകാരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഹാസ്റ്റിംഗ്‌സിലെ പത്ത്‌ നില കെട്ടിടത്തിന്റെ ടെറസിലായിരുന്നു സംഭവം. മാതാപിതാക്കളുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്‌ത പോലീസിനോട്‌ കുട്ടികള്‍ കുറ്റം സമ്മതിക്കുകയും ചെയ്‌തു.കൊച്ചു കുട്ടികള്‍ വന്‍ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്‌. മാതാപിതാക്കള്‍ ഉണര്‍ന്നിരിക്കുക.

2010, ജൂലൈ 2, വെള്ളിയാഴ്‌ച

ഭാര്യയെ അനാവശ്യമായി സംശയിച്ചാല്‍

ഭാര്യക്കെതിരെ അനാവശ്യമായി വ്യഭിചാര കുറ്റാരോപണം നടത്തിയ യുവാവിന്‌ കോടതി 80 ചാട്ടയടി നല്‍കി. സൗദി അറേബ്യയിലാണ്‌ സംഭവം. ദുരാരോപണമുന്നയിച്ച ഭര്‍ത്താവിനെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഭാര്യ തന്നെയാണ്‌ കോടതിയെ സമീപിച്ചത്‌. കോടതിയിലെത്തിയ ഭര്‍ത്താവ്‌ കുറ്റസമ്മതം നടത്തി. വീട്ടില്‍വെച്ച്‌ വെറുതേയൊരു തമാശക്കുവേണ്ടിയാണ്‌ ഭാര്യക്കെതിരെ ആരോപണം ഉന്നയിച്ചതെന്ന്‌ യുവാവ്‌ കോടതിയോട്‌ പറഞ്ഞു. പക്ഷേ കോടതി ഇതംഗീകരിച്ചില്ല. വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതിക്ക്‌ 80 ചാട്ടയടി നല്‍കാന്‍ വിധിക്കുകയായിരുന്നു.

സംശയത്തിന്‌ ഭാര്യ പഴുതിട്ടാല്‍

അവിഹിതബന്ധം സംശയിച്ച്‌ സുഡാനി ഭാര്യയെ കൊലപ്പെടുത്തി. അബുദാബി മുസഫയിലെ ശബിയ ഖലീഫയിലെ അപാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞയാഴ്‌ചയാണ്‌ 35 കാരിയായ ഭാര്യയെ 50 കാരന്‍ കുത്തിക്കൊന്നത്‌. പ്രതിയെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. യുവതിയുടെ രണ്ടാം ഭര്‍ത്താവാണ്‌ സുഡാനി. യുവതിയുടെ കഴുത്തിലും നെഞ്ചിലും അടക്കം ശരീരമാസകലം കുത്തേറ്റിരുന്നെന്ന്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമിങ്ങനെ- സംഭവത്തിന്‌ രണ്ടു ദിവസം മുമ്പ്‌ ഭാര്യ ഷാര്‍ജയിലേക്ക്‌ പോയിരുന്നു. ഭാര്യയെ പിന്തുടര്‍ന്ന്‌ താനും ഷാര്‍ജയിലേക്ക്‌ പോയി. ഷാര്‍ജയില്‍വെച്ച്‌ പരസ്‌പരം കാണുന്നതിനുവേണ്ടി എവിടെയാണുള്ളതെന്ന്‌ ഭാര്യയോട്‌ ഫോണിലൂടെ ചോദിച്ചു. എന്നാല്‍ അജ്‌മാനിലാണെന്നാണ്‌ ഭാര്യ മറുപടി പറഞ്ഞത്‌. എങ്കില്‍ അജ്‌മാനില്‍വെച്ച്‌ കാണാമെന്ന്‌ താന്‍ പറഞ്ഞത്‌ നിരസിച്ച ഭാര്യ പിന്നീട്‌ തന്റെ ഫോണ്‍ കോളുകള്‍ അറ്റന്റ്‌ ചെയ്‌തില്ല. പിന്നീട്‌ അബുദാബിയിലെ താമസസ്ഥലത്ത്‌ ഭാര്യ തിരിച്ചെത്തിയപ്പോള്‍ഇവിടെ വെച്ച്‌ ഭാര്യയെ കുത്തിക്കൊല്ലുകയായിരുന്നു. പ്രതിയെ വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്ന്‌ അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.

ആനകള്‍ക്കിത്‌ സുഖകാലം

5850 കിലോ അരി, 1590 കിലോ ചെറുപയര്‍, 360 കിലോ മുതിര, 390 കിലോ ച്യവനപ്രാശം, 195 കിലോ അഷ്‌ടചൂര്‍ണ്ണം, 48 കിലോ മിനറല്‍ മിക്‌സ്‌ചര്‍, 292 കിലോ വൈറ്റമിന്‍ ടോണിക്‌.... മൊത്തവ്യാപാരി വില്‍പനക്കായി വരുത്തിയ സാധനങ്ങളുടെ ലിസ്റ്റല്ലിത്‌. ഗുരുവായൂര്‍ ദേവസ്വത്തിലെ ആനകള്‍ക്കുള്ള സുഖചികിത്സക്കായി കരുതിയ സാധനങ്ങളുടെ പട്ടികയാണ്‌. ഗുരുവായൂര്‍ പുന്നത്തൂര്‍കോട്ട ആനത്താവളത്തിലെ ആനകള്‍ക്കാണ്‌ ഇനിയുള്ള മുപ്പത്‌ ദിവസം സുഖചികിത്സ നല്‍കുക. കര്‍ക്കിടകമഴയുടെ കുളിര്‍കാലം ഗുരുവായൂര്‍ ദേവസ്വത്തിലെ കരിവീരന്‍മാര്‍ക്ക്‌ സുഖചികിത്സയുടെയും മേനിമിനുക്കലിന്റേയും നാളുകളാണ്‌. സുഖചികിത്സയ്‌ക്കായി 6,25,000 രൂപയാണ്‌ ദേവസ്വം മാറ്റിവെച്ചിരിക്കുന്നത്‌. ആയുര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയതാണ്‌ ചികിത്സാ രീതി. ദേവസ്വത്തിലെ 65 ആനകള്‍ക്ക്‌ നല്‍കുന്ന സുഖചികിത്സയില്‍നിന്നും മദപ്പാടുളളവയെ മാറ്റിനിര്‍ത്തിയിട്ടുണ്ടണ്‍്‌. ച്യവനപ്രാശം പോലുള്ള ഔഷധക്കൂട്ടുകള്‍ മദപ്പാടുളള ആനകള്‍ക്ക്‌ നല്‍കാന്‍ പാടില്ലത്രേ. ആനത്താവളത്തിലെ പത്മനാഭനും വലിയ കേശവനും ഇന്ദ്രസെന്നും ശ്രീധരനുമടക്കമുള്ള എട്ടോളം ഗജകേസരികള്‍ മദപ്പാടിലാണ്‌. മറ്റാനകള്‍ക്ക്‌ ലഭിക്കുന്ന സുഖചികിത്സ ഈ കാലയളവില്‍ ഇവര്‍ക്ക്‌ കിട്ടില്ല. ീരിറങ്ങിയതിന്‌ ശേഷമാണ്‌ ഇവര്‍ക്ക്‌ ഔഷധക്കൂട്ടിന്റെ സുഖചികിത്സ നടത്തുക. ഓരോ ആനയ്‌ക്കും മൂന്ന്‌ കിലോ ചോറ്‌, ഒരു കിലോ ചെറുപയര്‍, ഒരു കിലോ മുതിര, 200 ഗ്രാം ച്യവനപ്രാശം, നൂറ്‌ ഗ്രാം അഷ്‌ടചൂര്‍ണ്ണം, 25 ഗ്രാം മിനറല്‍മിക്‌സ്‌ചര്‍, നൂറ്റമ്പത്‌ ഗ്രാം വൈറ്റമിന്‍ ടോണിക്‌, നൂറ്‌ ഗ്രാം ഉപ്പ്‌, അമ്പത്‌ ഗ്രാം മഞ്ഞള്‍പ്പൊടി എന്നിവയടങ്ങിയ ഭക്ഷണക്രമമാണ്‌ ലഭ്യമാവുക.

വിമാനത്തില്‍ കുതിര കയറിയാല്‍

വിമാനത്തില്‍ കയറ്റിയ കുതിരകള്‍ വിരണ്ടു. കയ്‌റോ എയര്‍പോര്‍ട്ടിലാണ്‌ സംഭവം. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ആറു അറേബ്യന്‍ കുതിരകളെ വിമാനത്തില്‍ ചരക്ക്‌ സൂക്ഷിക്കുന്ന സ്ഥലത്താണ്‌ ബന്ധിച്ചിരുന്നത്‌. കുതിരകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്‌ ഈജിപ്‌ത്‌ എയറിന്റെ കയ്‌റോ-ജിദ്ദ വിമാനം ഒരു മണിക്കൂറിലേറെ വൈകി. 189 യാത്രക്കാരുമായി പറന്നുയരുന്നതിന്‌ റണ്‍വേയിലേക്ക്‌ നീങ്ങിയ വിമാനം കുതിരകള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന്‌ പൈലറ്റ്‌ ടാര്‍മാക്കിലേക്കു തന്നെ തിരിച്ചുവിടുകയായിരുന്നു. എയര്‍പോര്‍ട്ടിലെ വെറ്ററിനറി ഡോക്‌ടര്‍മാര്‍ എത്തി മരുന്ന്‌ നല്‍കി കുതിരകളെ ഉറക്കിക്കിടത്തിയതിനു ശേഷമാണ്‌ 80 മിനിറ്റ്‌ വൈകി വിമാനത്തിന്‌ ജിദ്ദയിലേക്ക്‌ വിടാനായത്‌.

2010, ജൂലൈ 1, വ്യാഴാഴ്‌ച

വാഗാ അതിര്‍ത്തിയില്‍ സൗഹൃദ യുദ്ധം

ഇന്ത്യ-പാക്‌ അതിര്‍ത്തി വ്യത്യസ്‌തമായ ഒരു പോരാട്ടത്തിന്‌ സാക്ഷിയാവാന്‍ ഒരുങ്ങുന്നു. തീവ്രവാദവും നുഴഞ്ഞുകയറ്റവും ചോരവീഴ്‌ത്തുന്ന അതിര്‍ത്തിയില്‍ ഇന്ത്യന്‍ ടെന്നിസ്‌ താരം റൊഹാന്‍ ബൊപ്പണ്ണയും പാക്‌ താരം ഐസാമുല്‍ ഹഖ്‌ ഖുറേഷിയും വാഗാ അതിര്‍ത്തി നെറ്റാക്കി ഇരുപുറത്തുനിന്നും ടെന്നിസ്‌ കളിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യ-പാക്‌ സൗഹൃദം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണീ മത്സരം. വാഗാ അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളെയും വിഭജിക്കുന്ന റാഡ്‌ക്ലിഫ്‌ ലൈനിന്‌ ഇരുപുറത്തുമായി ഇന്ത്യന്‍ സൈഡില്‍ ഖുറേഷിയും പാക്‌ പക്ഷത്ത്‌ ബൊപ്പണ്ണയും നില്‍ക്കാനാണ്‌ ഇരുവരും ചേര്‍ന്ന്‌ തീരുമാനിച്ചിരിക്കുന്നത്‌. റോഡ്‌ മാര്‍ഗം ഇരുരാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ കഴിയുന്ന ഏക അതിര്‍ത്തിയാണ്‌ വാഗ. എന്നാല്‍ തങ്ങള്‍ ഇതിന്‌ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇരു രാജ്യത്തുനിന്നും അനുമതി ലഭിക്കുമോ എന്ന്‌ ഉറപ്പില്ലെന്ന്‌ ബൊപ്പണ്ണ പറയുന്നു. ടെന്നിസ്‌ കോര്‍ട്ടിലും പുറത്തും ഏറെ കാലമായി തങ്ങള്‍ തുടരുന്ന സൗഹൃദം ഇരു രാജ്യങ്ങളും തമ്മിലെ മെച്ചപ്പെട്ട ബന്ധത്തിന്‌ പ്രോത്സാഹനമാവുമെന്നാണ്‌ അയാളുടെ പ്രതീക്ഷ. സൗഹൃദത്തെ കുറിച്ച്‌ ഏറെ വാചാലനാണ്‌ ഖുറേഷിയും. ഇന്ത്യയിലെത്തിയിട്ടുള്ളപ്പോഴെല്ലാം സ്‌നേഹവും ആദരവുമാണ്‌ തനിക്ക്‌ കിട്ടിയിട്ടുള്ളതെന്നും തങ്ങള്‍ക്ക്‌ ഒരേ ഭാഷയും സംസ്‌കാരവും അഭിരുചികളുമാണുള്ളതെന്നും ഖുറേഷി പറഞ്ഞു.

വിവാദ റഫറിമാര്‍ ഔട്ട്‌

ജര്‍മനിക്കെതിരായ പ്രി ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്‌ ഗോള്‍ നിഷേധിച്ച ഉറുഗ്വായ്‌ക്കാരനായ റഫറി ജോര്‍ജെ ലാരിയോണ്ടക്കും അര്‍ജന്റീനയുടെ കാര്‍ലോസ്‌ ടെവെസ്‌ മെക്‌സിക്കോക്കെതിരെ ഓഫ്‌സൈഡ്‌ പൊസിഷനില്‍നിന്ന്‌ നേടിയ ഗോള്‍ അനുവദിച്ച ഇറ്റലിക്കാരന്‍ റോബര്‍ട്ട്‌ റോസെറ്റിക്കും ലോകകപ്പില്‍നിന്ന്‌ മടങ്ങാം. 29 റഫറി ത്രിമൂര്‍ത്തിമാരില്‍ ഫിഫ ഒഴിവാക്കിയ പത്തു സംഘത്തില്‍ ഇവരുമുണ്ട്‌. റഫറിയും രണ്ട്‌ ലൈന്‍ റഫറിമാരുമുള്‍പ്പെട്ടതാണ്‌ ഒരു സംഘം.

വയസ്സ്‌ പത്ത്‌; നൃത്തം 14 മണിക്കൂര്‍

പത്തു വയസ്സുകാരി ഗുരുവായൂരില്‍ പതിനാല്‌ മണിക്കൂര്‍ നീളുന്ന നൃത്തം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. വലക്കാവ്‌ പറമ്പത്ത്‌പാടം ഗോപി-ജയലക്ഷ്‌മി ദമ്പതികളുടെ മകളായ അഞ്‌ജുഷ ഗോപിയാണ്‌ ജൂലൈ ആറിന്‌ നൃത്തം അവതരിപ്പിക്കുന്നത്‌. കൈലാസനാഥ കലാക്ഷേത്രത്തില്‍ കണ്ണന്‍ മാസ്റ്ററുടെ കീഴില്‍ നൃത്തം അഭ്യസിക്കുന്ന അഞ്‌ജുഷ ഗോപി ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തിലാണ്‌ 6.30 മുതല്‍ രാത്രി 8 വരെ നൃത്തമവതരിപ്പിക്കുക. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം കൂടാതെ പ്രഹ്ലാദ ചരിതം, ദക്ഷയാഗം, അയ്യപ്പ ചരിതം എന്നീ നൃത്തശില്‍പങ്ങളും അവതരിപ്പിക്കും. ആറ്‌ വര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ്‌ നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്റ്റ്യന്‍ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാര്‍ഥിനി അഞ്‌ജുഷാ ഗോപി നൃത്താര്‍പ്പണത്തിന്‌ തയാറെടുത്തത്‌. രണ്‍ണ്ടര മണിക്കൂര്‍ ഭരതനാട്യക്കച്ചേരിയും രണ്‍ണ്ടര മണിക്കൂര്‍ കുച്ചുപ്പുടി കച്ചേരിയും 2 മണിക്കൂര്‍ മോഹനിയാട്ട കച്ചേരിയും രണ്ടണ്‍ര മണിക്കൂര്‍ അന്നമാചാര്യ കൃതികളും അവതരിപ്പിക്കും. പ്രശസ്‌ത കുച്ചുപ്പുടി നര്‍ത്തകി അനുപമ മോഹന്‍, മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കവിത, സംവിധായകന്‍ മോഹന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശങ്ങളും ഈ യജ്‌ഞത്തിനുണ്ട്‌.

`സ്‌പൈഡര്‍കാമുകള്‍' വരുന്നു

ലോകകപ്പ്‌ വേദിയിലെ ആവേശ ദൃശ്യം തെല്ലും ചോരാതെ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക്‌ എത്തിച്ചുകൊടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മുതല്‍ ഒരു നവാഗതന്‍ വരുന്നു. സ്‌പൈഡര്‍കാം എന്ന അത്യാധുനിക ക്യാമറയാണ്‌ ലക്ഷക്കണക്കിന്‌ ടി.വി പ്രേക്ഷകര്‍ക്ക്‌ പ്രിയ താരങ്ങളുടെ ചലനങ്ങള്‍പോലും എത്തിക്കാന്‍ തയാറായിരിക്കുന്നത്‌. കളിക്കളത്തില്‍നിന്നും 20 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന `സ്‌പൈഡര്‍' മത്സരത്തിന്റെ വിഗഹവീക്ഷണവും ത്രിമാന ദൃശ്യവും സംപ്രേഷണം ചെയ്യാന്‍ സഹായിക്കും. ത്രീ ഡി മോഷന്‍ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ക്യാമറക്ക്‌ 22 കിലോ ഗ്രാമാണ്‌ ഭാരം.സ്‌പൈഡര്‍ കളിക്കാരുടെ തലക്കു മുകളില്‍ തന്നെയാണെന്ന്‌ ഇതിന്റെ ചുമതല വഹിക്കുന്ന ഫെലിക്‌സ്‌ റീമര്‍ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ ആംഗിളുകള്‍ ഒപ്പിയെടുക്കാന്‍ ഇതുവഴി കഴിയും.
30 ക്യാമറകളാണ്‌ ഓരോ ഗ്രൗണ്ടിലും ഇപ്പോള്‍ ഉപയോഗിക്കുന്നത്‌. സെക്കന്റില്‍ ആയിരം ഫ്രെയിമുകള്‍ ഷൂട്ട്‌ ചെയ്യാന്‍ കഴിയുന്ന രണ്ട്‌ അള്‍ട്രാ മോഷന്‍ ക്യാമറകളും ഇതില്‍പ്പെടും. ക്രെയിന്‍ ക്യാമറകള്‍ക്കു പുറമേയാണ്‌ സ്‌പൈഡര്‍ രംഗത്തെത്തിയിരിക്കുന്നത്‌. ഇതിന്‌ പുറമെ പ്രധാന മത്സരങ്ങളില്‍ ഹെലികോപ്‌റ്ററില്‍ ഘടിപ്പിച്ച്‌ മറ്റൊരു ക്യാമറയും ഉപയോഗിക്കാന്‍ തീരുമാനമുണ്ട്‌.