വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 20, ചൊവ്വാഴ്ച

സൂചികളേ വിട

സൂചിവെക്കാന്‍ പേടിയോ? എങ്കില്‍ നിങ്ങള്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. സൂചി പ്രയോഗമില്ലാത്ത കുത്തിവെപ്പ്‌ ഉടനെത്തും. വലിയ സൂചിയിലൂടെ മരുന്ന്‌ കുത്തിക്കയറ്റുന്നതിന്‌ പകരം ഒട്ടിച്ചുവെക്കാവുന്ന വാക്‌സിന്‍ പാച്ചുകള്‍ അമേരിക്കയിലെ ഗവേഷകര്‍ വികസിപ്പിച്ചു. തുണിക്കഷ്‌ണം പോലുള്ള ഈ പാച്ചില്‍ ഒറ്റ സൂചിക്ക്‌ പകരം നൂറു കുഞ്ഞുസൂചികളുണ്ടാവും. ഓരോന്നിന്റേയും നീളം 0.65 മില്ലിമീറ്റര്‍ മാത്രം. കുഞ്ഞുസൂചികളില്‍ മരുന്നു നിറച്ചാല്‍ വാക്‌സിന്‍ പാച്ച്‌ റെഡി. ഇനിയത്‌ ശരീരത്തില്‍ ഒട്ടിക്കുക. വേദനയില്ലാതെ തൊലിയില്‍ കയറുന്ന സൂചികള്‍ ശരീരത്തില്‍ അലിയും. മരുന്ന്‌ രക്തത്തില്‍ കലരും. കുത്തിവെപ്പിന്‌ ഡോക്ടറുടെയോ നഴ്‌സിന്റെയോ സഹായവും ആവശ്യമില്ല. മുറിവില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കുന്നപോലെ സ്വയം കുത്തിവെപ്പെടുക്കാം. ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെയും എമോറി സര്‍വകലാശാലയിലെയും ഗവേഷകരാണ്‌ ഇത്‌ വികസിപ്പിച്ചത്‌. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഇത്‌ നിലവിലുള്ള കുത്തിവെപ്പിനോളം തന്നെ ഫലപ്രദമെന്ന്‌ കണ്ടെത്തി. പുതിയ സംവിധാനം കൂടുതല്‍ ഫലപ്രദമാവുമെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു. ഇനി കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാഞ്ഞാല്‍ സൂചി വെക്കുമെന്ന്‌ പേടിപ്പിച്ച്‌ തീറ്റാനൊക്കില്ല എന്നതു മാത്രമാണിനി പ്രശ്‌നം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ