വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 17, ശനിയാഴ്‌ച

കുടിയേറ്റക്കാരില്‍ 3% സൗദിയില്‍

ലോകത്താകമാനമുള്ള കുടിയേറ്റക്കാരില്‍ മൂന്നു ശതമാനം സൗദി അറേബ്യയിലാണെന്ന്‌ യു.എന്‍ റിപ്പോര്‍ട്ട്‌. സൗദിയിലെ നിയമം ഇവര്‍ക്ക്‌ പൗരത്വം നല്‍കാന്‍ അനുവദിക്കുന്നില്ലെങ്കിലും കുടിയേറ്റക്കാര്‍ക്ക്‌ താല്‍പര്യമുള്ള ലോകത്തെ പത്ത്‌ രാജ്യങ്ങളിലൊന്നാണ്‌ സൗദി അറേബ്യ. ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരുള്ളത്‌ അമേരിക്കയിലാണ്‌. കുടിയേറ്റക്കാരുടെ എണ്ണത്തില്‍ സൗദി അറേബ്യ നാലാം സ്ഥാനത്താണ്‌. ലോകത്താകെ 21.3 കോടി കുടിയേറ്റക്കാരുണ്ട്‌. കുടിയേറ്റത്തിന്‌ പല കാരണങ്ങളുണ്ടെങ്കിലും സാമ്പത്തികം തന്നെയാണ്‌ മുഖ്യ പ്രേരകം. ഇതാണ്‌ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന നാലാമത്തെ രാജ്യമായി സൗദി അറേബ്യയെ മാറ്റിയത്‌. മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങള്‍ പെട്രോള്‍, സേവന, നിര്‍മാണ മേഖലകളില്‍ ജോലി ചെയ്യുന്നതിന്‌ കുടിയേറ്റക്കാരെ സ്വീകരിക്കുന്നു. ഏതാനും വര്‍ഷം ജോലി ചെയ്യുന്നതിനുവേണ്ടിയാണ്‌ മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളിലേക്ക്‌ വിദേശികള്‍ കാര്യമായും എത്തുന്നത്‌. ഇതിനുശേഷം അവര്‍ സ്വദേശങ്ങളിലേക്ക്‌ തിരിക്കുന്നു. എങ്കിലും ദീര്‍ഘകാലമായി സൗദിയില്‍ കഴിയുന്ന പതിനായിരക്കണക്കിന്‌ കുടിയേറ്റക്കാരുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. കാലനിര്‍ണയം നടത്താതെയാണ്‌ ഭൂരിഭാഗം വിദേശികളും സൗദിയിലേക്ക്‌ വരുന്നതെന്ന്‌ നേരത്തെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. തദ്ദേശീയ ജനസംഖ്യയുമായി താരതമ്യം ചെയ്‌താല്‍ ലോകത്ത്‌ കുടിയേറ്റക്കാരുടെ തോത്‌ ഏറ്റവും കൂടുതലുള്ളത്‌ ഖത്തര്‍, കുവൈത്ത്‌, യു.എ.ഇ എന്നീ രാജ്യങ്ങളിലാണ്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ