വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 18, ഞായറാഴ്‌ച

മധുരിക്കും പിറന്നാള്‍

നെല്‍സന്‍ മണ്ടേലക്ക്‌ 92. വര്‍ണ വിവേചനത്തിനെതിരെ ധീരോദാത്ത പോരാട്ടം നടത്തിയ ദക്ഷിണാഫ്രിക്കന്‍ നേതാവ്‌ മണ്ടേലയുടെ ജന്‍മദിനം ഇതാദ്യമായി ലോകം ആചരിച്ചു.സമാധാന നോബല്‍ നേടിയ മണ്ടേലയുടെ ജന്‍മദിനം അന്താരാഷ്ട്ര മണ്ടേലാ ദിനമായി ആചരിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്‌ യു.എന്‍ തീരുമാനിച്ചത്‌. വര്‍ണ വിവേചനത്തിനെതിരെയും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ കണക്കിലെടുത്താണ്‌ ആഫ്രിക്കന്‍ നേതാവിന്റെ ജന്‍മദിനം ആഗോള ദിനമായി ആചരിച്ചത്‌. മണ്ടേലയുടെ 92-ാം പിറന്നാളില്‍ ദക്ഷിണാഫ്രിക്കയുടെ തെക്കന്‍ പ്രദേശത്തുനിന്നുള്ള 92 കുട്ടികള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. കുട്ടികളെ വളരെയധികം ഇഷ്ടപ്പെടുന്ന മണ്ടേലക്ക്‌ അവര്‍ പാടിയ ജന്‍മദിന ഗാനം മധുരിക്കുന്ന സമ്മാനമായി.ദക്ഷിണാഫ്രിക്കയില്‍ ന്യൂനപക്ഷമായിരുന്ന വെള്ളക്കാരുടെ വിവേചനത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പൊരുതിയ മണ്ടേല 27 വര്‍ഷമാണ്‌ ജയിലില്‍ കഴിഞ്ഞത്‌.1990-ല്‍ മോചിതനായ മണ്ടേല വെള്ളക്കാരുടെ വംശവിവേചന സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയില്‍ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പ്‌ നടന്നു. ദക്ഷിണാഫ്രിക്കയുടെ ആദ്യ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റായി 1994 ല്‍ മണ്ടേല സ്ഥാനമേറ്റു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ