വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 17, ശനിയാഴ്‌ച

കൗമാരക്കാരെ നിരീക്ഷിക്കാന്‍ ക്യാമറകള്‍

കൗമാരക്കാരായ മക്കളെ നിരീക്ഷിക്കുന്നതിന്‌ വീടുകളില്‍ രഹസ്യ ക്യാമറകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. വന്‍കിട കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമെയാണ്‌ വീടുകളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്‌. വ്യാപാര സ്ഥാപനങ്ങളിലും വന്‍കിട കമ്പനികളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്‌ പതിവ്‌ സംഭവമായി മാറിയിട്ടുണ്ട്‌. എന്നാല്‍ തങ്ങളുടെ ഉപയോക്താക്കളില്‍ 85 ശതമാനവും വ്യക്തികളാണെന്ന്‌ രഹസ്യ ക്യാമറകള്‍ ഫിറ്റ്‌ ചെയ്‌ത്‌ നല്‍കുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പറയുന്നു. റിയാദില്‍ നിരീക്ഷണ ക്യാമറകള്‍ വില്‍ക്കുന്ന നൂറിലേറെ സ്ഥാപനങ്ങളുണ്ട്‌. ഓരോ സ്ഥാപനവും മാസത്തില്‍ ശരാശരി ആയിരത്തിലധികം ക്യാമറകള്‍ വില്‍ക്കുന്നുണ്ട്‌. കിടപ്പറയില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ വഴി മക്കളെ നിരീക്ഷിക്കുന്നതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമുണ്ട്‌. ഏറ്റവും അപകടം പിടിച്ച പ്രായമാണ്‌ കൗമാരക്കാലം. അതുകൊണ്ടുതന്നെ ഇക്കാലത്ത്‌ മക്കളെ രഹസ്യമായി നിരീക്ഷിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ സൗദി വനിത നജ്‌വ അല്‍ഉവൈസ്‌ പറയുന്നു. വേലക്കാരിയെ കുറിച്ച ഭയവും മക്കളുടെ കിടപ്പറയില്‍ രഹസ്യ ക്യാമറ സ്ഥാപിക്കാന്‍ തന്നെ പ്രേരിപ്പിച്ചതായി ഇവര്‍ പറഞ്ഞു. കിടപ്പറയില്‍ ക്യാമറ സ്ഥാപിച്ച്‌ മക്കളെ നിരീക്ഷിക്കുന്നതിനു പകരം സ്വയം നിരീക്ഷിക്കാനും നിയന്ത്രിക്കാനും കഴിയുംവിധം മക്കളില്‍ മതബോധവും മൂല്യങ്ങളും വളര്‍ത്തുകയാണ്‌ വേണ്ടതെന്ന്‌ സഈദ അല്‍ഹര്‍ബി അഭിപ്രായപ്പെടുന്നു.ആരുടേയും ശ്രദ്ധയില്‍പെടാതെ സ്ഥാപിക്കാവുന്ന ക്യാമറകള്‍ സുലഭമാണ്‌. ഫര്‍ണിച്ചറിലും ഇലക്‌ട്രിക്‌ ഉപകരണങ്ങളിലും ക്ലോക്കുകളിലും ഒളിപ്പിച്ച ക്യാമറകളുണ്ട്‌. ദൂരെ നിന്ന്‌ നിയന്ത്രിക്കാവുന്ന ക്യാമറകളുമുണ്ട്‌. ഒളിപ്പിച്ചുവെക്കാന്‍ കഴിയുന്ന, ചെറിയ ഇനം ക്യാമറകള്‍ക്കാണ്‌ ആവശ്യക്കാര്‍ കൂടുതലെന്ന്‌ കച്ചവടക്കാര്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ