വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 24, ശനിയാഴ്‌ച

പ്രണയ`ജ്വാല'യില്‍ അസ്‌ഹര്‍

രണ്ടാം ഭാര്യ സംഗീത ബിജ്‌ലാനിയെ അടുത്തയാഴ്‌ച മൊഴി ചൊല്ലുമെന്നും ബാഡ്‌മിന്റണ്‍ താരം ജ്വാല ഗുട്ടയെ വിവാഹം ചെയ്യുമെന്നുമുള്ള വാര്‍ത്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ നിഷേധിക്കുന്നു. മലയാളി താരം വി. ഡിജുവിന്റെ മിക്‌സഡ്‌ ഡബ്‌ള്‍സ്‌ കൂട്ടാളിയും ദേശീയ ചാമ്പ്യന്‍ ചേതന്‍ ആനന്ദിന്റെ ഭാര്യയുമായ ജ്വാല തന്റെ കൂട്ടുകാരി മാത്രമാണെന്ന്‌ അസ്‌ഹര്‍ വിശദീകരിക്കുന്നു. ആദ്യ ഭാര്യ നൗറീനെ വിവാഹമോചനം ചെയ്‌ത്‌ 14 വര്‍ഷം മുമ്പാണ്‌ ബോളിവുഡ്‌ നടി സംഗീതയെ അസ്‌ഹര്‍ ജീവിതസഖിയാക്കിയത്‌. നൗറീനില്‍ അസ്‌ഹറിന്‌ രണ്ടു മക്കളുണ്ട്‌. ചൈനീസ്‌ വംശജയായ ജ്വാല ഇന്ത്യന്‍ പിതാവിനും ചൈനക്കാരിയായ മാതാവിനും ഹൈദരാബാദിലാണ്‌ ജനിച്ചത്‌. മഹാത്മാ ഗാന്ധിയുടെ അടുത്ത അനുയായിയായിരുന്നു ജ്വാലയുടെ മുത്തച്ഛന്‍. ഗാന്ധി സാഹിത്യം ചൈനീസിലേക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌ അദ്ദേഹം. ഏഴു തവണ ദേശീയ വനിതാ ഡബ്‌ള്‍സ്‌ ചാമ്പ്യനായിട്ടുണ്ട്‌ ഇരുപത്താറുകാരിയായ ജ്വാല. മൂന്നു തവണ ദേശീയ ചാമ്പ്യനായ ചേതനുമായി 2005 ലായിരുന്നു വിവാഹം. എന്നാല്‍ അടിസ്ഥാനരഹിതവും അസംബന്ധവുമായ വാര്‍ത്തകളാണ്‌ പ്രചരിക്കുന്നതെന്ന്‌ ഇപ്പോള്‍ കോണ്‍ഗ്രസ്‌ എം.പിയായ അസ്‌ഹര്‍ പറഞ്ഞു. ഈ ദുഷ്‌പ്രചാരണം എന്നെ വേദനിപ്പിക്കുന്നു. ജ്വാലയെ എനിക്കറിയാം, നല്ല സുഹൃത്താണ്‌. അവരുമായി കൂട്ടിക്കെട്ടി വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നത്‌ നടുക്കമുണ്ടാക്കുന്നു. ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യയിലെ (ബായ്‌) ചിലരാണ്‌ വാര്‍ത്തക്ക്‌ പിന്നിലെന്ന്‌ അസ്‌ഹര്‍ ആരോപിച്ചു. കഴിഞ്ഞ മാസം ബായ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള ഇലക്‌ഷനില്‍ മത്സരിക്കാന്‍ ശ്രമിച്ചതിന്‌ പക വീട്ടുകയാണെന്നും അസ്‌ഹര്‍ കുറ്റപ്പെടുത്തി. ജ്വാല മികച്ച കളിക്കാരിയും രാജ്യത്തിന്‌ മുതല്‍ക്കൂട്ടുമാണെന്ന്‌ അസ്‌ഹര്‍ പറഞ്ഞു. ഭാവിയിലും ഒരുപാട്‌ മെഡലുകള്‍ രാജ്യത്തിന്‌ സമ്മാനിക്കാന്‍ ജ്വാലക്കു സാധിക്കും. അവരെ വിവാദത്തിലേക്ക്‌ വലിച്ചിഴക്കരുതെന്നാണ്‌ എല്ലാവരോടും അഭ്യര്‍ഥിക്കാനുള്ളത്‌ -അസ്‌ഹര്‍ പറഞ്ഞു. ഡിജുവും ജ്വാലയും ലോക ഏഴാം നമ്പര്‍ ജോടിയാണ്‌. ജ്വാല ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ പരിശീലനത്തിന്‌ വരുമ്പോള്‍ സ്ഥിരമായി അസ്‌ഹറിനെയും ഒപ്പം കാണാറുണ്ടെന്നാണ്‌ ആന്ധ്രാപ്രദേശ്‌ ബാഡ്‌മിന്റണ്‍ അസോസിയേഷന്‍ വൃത്തങ്ങള്‍ പറയുന്നത്‌. നാല്‍പത്തേഴുകാരനായ അസ്‌ഹര്‍ ദല്‍ഹിയില്‍ നടന്ന ഏഷ്യന്‍ ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലും ജ്വാലയെ അനുഗമിച്ചിരുന്നു.

1 അഭിപ്രായം:

  1. ഭാവിയിലും ഒരുപാട്‌ മെഡലുകള്‍ രാജ്യത്തിന്‌ സമ്മാനിക്കാന്‍ ജ്വാലക്കു സാധിക്കും..!!
    അതില്‍ ഒരു 'ഇത്' ഇല്ലേ ??

    മറുപടിഇല്ലാതാക്കൂ