2010, ജൂലൈ 6, ചൊവ്വാഴ്ച
കടംവാങ്ങിയ സൈക്കിളില്‍ 19 ദേശീയ മെഡല്‍
9 സ്വര്‍ണം, 6 വെള്ളി, 4 വെങ്കലം. ദേശീയതാരം സയോണ കടംവാങ്ങിയ സൈക്കിളില്‍ 5 വര്‍ഷംകൊണ്ട് ചവിട്ടിയെടുത്തത് 19 ദേശീയ മെഡല്‍. സംസ്ഥാന സൈക്ലിങ് ചാമ്പ്യന്‍ഷിപ്പിലെ നേട്ടങ്ങള്‍ വേറെയും.പ്രതികൂല സാഹചര്യങ്ങളോടു പൊരുതിനേടിയ മെഡലുകള്‍ സൂക്ഷിക്കാന്‍ അടച്ചുറപ്പുള്ള നല്ല വീടുപോലുമില്ല ഈ താരത്തിന്. അമ്മ ഇടുക്കി ഉടുമ്പന്നൂര്‍ പരിയാരം പുത്തന്‍വീട്ടില്‍ ഓമനക്ക് ആകെയുണ്ടായിരുന്ന 11 സെന്റ് സ്ഥലം മകള്‍ക്ക് ഒരു മത്സര സൈക്കിള്‍ വാങ്ങാന്‍ തുച്ഛമായ വിലയ്‌ക്ക് ഓമന വിറ്റു. കിട്ടിയത് 55,000 രൂപ. സൈക്കിള്‍ വാങ്ങാന്‍ തികഞ്ഞില്ല. ബാക്കിയുള്ളത് നാലുസെന്റ് സ്ഥലത്ത് ഒരു കുഞ്ഞുവീട്. ഇതിനാകട്ടെ കതകുപോലുമില്ല. ഈ വീടും വില്‍ക്കാനിരിക്കുകയാണ്.ഇതും പോയാല്‍ പ്ലാസ്റ്റിക് ഷീറ്റ് മറച്ച, ചോര്‍ന്നൊലിക്കുന്ന, പുറമ്പോക്കിലെ കൂരയിലേക്ക് അമ്മയും രണ്ടു മക്കളും മാറും. കൂലിപ്പണിക്കാരിയായ ഓമന, സൈക്ലിങ് താരങ്ങളായ മകള്‍ സയോണയ്‌ക്കും മകന്‍ സയോണിനും പരിശീലനത്തിലും യാത്രയ്‌ക്കും വേണ്ടി ഇക്കാലമത്രയുമായി കടം വാങ്ങിക്കൂട്ടിയത് 25,000 രൂപ.2004ല്‍ മൂന്നാറില്‍ നടന്ന മൗണ്ടന്‍ സൈക്ലിങ്ങില്‍ സബ്‌ജൂനിയര്‍ വിഭാഗത്തിലെ മൂന്നാംസ്ഥാനത്തോടെ തുടക്കം. 2005ല്‍ സബ്‌ജൂനിയര്‍ വിഭാഗത്തില്‍ ദേശീയതലത്തില്‍ മാസ് സ്റ്റാര്‍ട്ടില്‍ സ്വര്‍ണവും ടൈം ട്രയലില്‍ വെള്ളിയും. 2006ല്‍ പട്യാലയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണം. 2007ല്‍ ഹൈദരാബാദ് നാഷണല്‍സില്‍ രണ്ട് വെള്ളി. 2008ല്‍ പോണ്ടിച്ചേരിയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും. 2009ല്‍ പട്യാലയില്‍ അന്തര്‍സര്‍വകലാശാലാ മത്സരത്തില്‍ കേരള സര്‍വകലാശാലയ്‌ക്കുവേണ്ടി രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും. അതേവര്‍ഷംതന്നെ ദേശീയ ചാമ്പ്യന്‍ഷിപ്പല്‍ മൂന്ന് സ്വര്‍ണം.തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ സയോണ, ഇപ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ക്യാമ്പിലാണ്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ നവംബറില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞ് സയോണയിറങ്ങും. പക്ഷേ, അമ്പത് പേരുള്ള ക്യാമ്പില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടാല്‍മാത്രം പോരാ, സ്വന്തമായി ഒരു സൈക്കിളും വേണം.ഒരുതവണ ദേശീയമത്സരത്തിന് പോകണമെങ്കില്‍ കുറഞ്ഞത് 2000 രൂപയെങ്കിലും വേണം. ഓമനയുടെ വരുമാനം ഒന്നിനും തികയില്ല. കഴുത്തിലും കാതിലുമുണ്ടായിരുന്നതുപോലും വിറ്റുകഴിഞ്ഞു.ഒരു സൈക്കിള്‍, സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരാള്‍, ഒരു ജോലി. . . . കാത്തിരിക്കുകയാണ് സയോണയും കുടുംബവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സയോണയുടെ സൈക്കിള്‍ മുന്നോട്ട് കുതിക്കട്ടെ!!!
മറുപടിഇല്ലാതാക്കൂ