വാര്‍ത്തയിലെ കൗതുകങ്ങളിലേക്ക്‌ സ്വാഗതം.

2010, ജൂലൈ 11, ഞായറാഴ്‌ച

ജേതാവിന്റെ ആരാധകര്‍ക്കും `ലോകകപ്പ്‌' റെഡി


ലോകകപ്പ്‌ കിരീടം ഹോളണ്ടിനായാലും സ്‌പെയിനിനായാലും കോഴിക്കോട്‌ നൈനാം വളപ്പുകാര്‍ക്ക്‌ പ്രശ്‌നമില്ല. ജേതാക്കള്‍ക്ക്‌ കൊടുക്കാന്‍ കപ്പ്‌ നൈനാം വളപ്പില്‍ റെഡി. ഇന്ന്‌ വിജയിയാരെന്ന്‌ അറിയുകയേ വേണ്ടൂ. ആ നിമിഷം വിജയികള്‍ക്ക്‌ ലോകകപ്പ്‌ കൈമാറും. ഒരു വ്യത്യാസം മാത്രം. ദക്ഷിണാഫ്രിക്കയില്‍ കളിച്ചവര്‍ക്ക്‌ ലോകകപ്പ്‌ നല്‍കുമ്പോള്‍ ഇവിടെ ജയിച്ച ടീമിന്റെ ആരാധകര്‍ക്കാണ്‌ കപ്പ്‌ നല്‍കുക.നൈനാംവളപ്പിനെ `മിനി ദക്ഷിണാഫ്രിക്ക'യാക്കിയ ഫുട്‌ബോള്‍ ഫാന്‍സ്‌ അസോസിയേഷനാണ്‌ ലോകകപ്പിന്റെ അതേ മാതൃകയില്‍ മരം കൊണ്ട്‌ കപ്പ്‌ തീര്‍ത്തത്‌. ദക്ഷിണാഫ്രിക്കയില്‍ കിരീടം ചൂടുന്ന രാജ്യത്തിന്‌ കപ്പ്‌ നല്‍കുന്ന അതേസമയത്ത്‌ തന്നെ നൈനാം വളപ്പില്‍ ആ രാജ്യത്തിന്റെ ആരാധകര്‍ക്ക്‌ ആഘോഷങ്ങളോടെ കപ്പ്‌ കൈമാറും.കുമയ്‌ എന്ന മരത്തിലാണ്‌ നാലേകാല്‍ കിലോയിലേറെ ഭാരം വരുന്ന ലോകകപ്പ്‌ തീര്‍ത്തിട്ടുള്ളത്‌. എന്‍.വി നൗഫല്‍, ടി.വി ഹാരിസ്‌, സി.വി ഫൈസല്‍ എന്നിവരാണ്‌ ശില്‍പികള്‍. രണ്ട്‌ മാസവും 11 ദിവസവും അധ്വാനിച്ചാണ്‌ കപ്പ്‌ പൂര്‍ത്തിയാക്കിയത്‌. ലോകകപ്പിന്റെ അതേ മാതൃകയില്‍ വളരെ സൂക്ഷ്‌മതയോടുകൂടിയാണ്‌ കപ്പിന്റെ നിര്‍മാണം നടത്തിയതെന്ന്‌ അതിന്‌ നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. ദിവസങ്ങളോളം പഠനം നടത്തുകയും ഇതിന്റെ ഒട്ടേറെ ചിത്രങ്ങള്‍ ശേഖരിച്ച്‌ സൂക്ഷ്‌മഭാഗങ്ങള്‍ പോലും നിരീക്ഷിക്കുകയും ചെയ്‌തു. ഇത്തരം സങ്കീര്‍ണമായ ജോലികള്‍ വളരെ ഭംഗിയോടെ നിര്‍വ്വഹിക്കാന്‍ കുമയ്‌ എന്ന മരമാണ്‌ നല്ലതെന്നും അതുകൊണ്ട്‌ തന്നെയാണ്‌ കപ്പ്‌ നിര്‍മാണത്തിനായി ഈ മരം തെരഞ്ഞെടുത്തതെന്നും അവര്‍ പറയുന്നു.ഒറ്റത്തടിയിലാണ്‌ കപ്പ്‌ നിര്‍മിച്ചിട്ടുള്ളത്‌. 21 ഇഞ്ച്‌ ഉയരം കപ്പിനുണ്ട്‌. ലോകകപ്പുമായി നൂറ്‌ ശതമാനം സാമ്യമുണ്ടെന്ന്‌ അവകാശപ്പെടുന്നില്ലെങ്കിലും വളരെ സൂക്ഷ്‌മമായ ചില വ്യത്യാസങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവത്രേ. ലോകകപ്പ്‌ കണ്ടവരാരും ഇവിടെയില്ല. ഞങ്ങളും കണ്ടിട്ടില്ല. പിന്നീട്‌ ആശ്രയിക്കാനുള്ളത്‌ ചിത്രങ്ങള്‍ മാത്രമാണ്‌. -സംഘാടകര്‍ പറയുന്നു. ജൂണ്‍ 11ന്‌ തുടങ്ങി ജൂലൈ 11നാണ്‌ ലോകകപ്പ്‌ ഫുട്‌ബോള്‍ അവസാനിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ കപ്പ്‌ നിര്‍മാണത്തിലും ഒരു 11 വേണമെന്ന്‌ നിര്‍ബന്ധം. അതുകൊണ്ടാണ്‌ രണ്ട്‌ മാസവും 11 ദിവസവും കൊണ്ട്‌ കപ്പ്‌ നിര്‍മാണം പൂര്‍ത്തിയാക്കിയത്‌. നൈനാം വളപ്പ്‌ ഫുട്‌ബോള്‍ ഫാന്‍സ്‌ അസോസിയേഷന്റെ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കപ്പ്‌ കാണാന്‍ പരിസര പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ